close
Sayahna Sayahna
Search

തെരച്ചില്‍ തുടരുന്നു


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

തെരച്ചില്‍ തുടരുന്നു

രാത്രി മുഴുവനും ആ ഗ്രാമത്തിലെ എല്ലാ വീടുകളിലും ആളുകള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. എല്ലാവരും രാജന്റെ സംഭവത്തെപ്പറ്റി മനോധര്‍മ്മമനുസരിച്ച് ഓരോ കഥകള്‍ ഉണ്ടാക്കിപ്പറഞ്ഞു. എവിടെയെങ്കിലും ഒരു പട്ടിയോ പൂച്ചയോ എലിയോ അനങ്ങുന്ന ശബ്ദം കേട്ടാല്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടുതിരിയും. അലഞ്ഞുതിരിഞ്ഞു വഴിതെറ്റിയ രാജന്‍ അതുവഴി വരികയായിരിക്കുമെന്നാണവര്‍ ആദ്യം ധരിക്കുന്നത്. രാജന്‍ തങ്ങളുടെ വീട്ടില്‍ ആദ്യം വന്നുകയറണമെന്നാണവരുടെ ഓരോരുത്തരുടേയും ആഗ്രഹം. അവന്‍ ആ നാട്ടുകാര്‍ക്ക് അത്രമാത്രം വേണ്ടപ്പെട്ടവനായിരുന്നു. അവര്‍ക്കെല്ലാം അവനോട് അത്രത്തോളം സ്നേഹവുമായിരുന്നു.

രാജന്‍ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ നാട്ടുകാരില്‍ നിന്നു വിട്ടുപോയിരുന്നില്ല. അവന്‍ എവിടെയെങ്കിലും ബോധംകെട്ടു വീണുപോയിരിക്കാമെന്നാണവരുടെ വിശ്വാസം. അപകടംപറ്റി മരിച്ചിരിക്കുമെന്നു വിശ്വസിക്കുന്നവരും ഉണ്ടായിരുന്നു.

നേരം പ്രഭാതമായപ്പോഴേക്കും നാട്ടുകാര്‍ അമ്പലത്തിലെ ആല്‍ത്തറയിലും പൊതുസ്ഥലങ്ങളിലും വീണ്ടും കൂടിത്തുടങ്ങി. പ്രശ്നം വയ്പിച്ച് രാജന്റെ സ്ഥിതി ആരായുകയായിരുന്നു ആദ്യത്തെ പരിപാടി. ജോത്സ്യന്മാരേയും പ്രശ്നപണ്ഡിതന്മാരേയും മന്ത്രവാദികളേയും തെരക്കിപ്പിടിച്ച് അവരുടെ ചുറ്റും ആളുകള്‍ തടിച്ചുകൂടി. കവടിവാരിവച്ച് രാശിനോക്കിയും, സംസ്കൃത ശ്ളോകങ്ങള്‍ ഉദ്ധരിച്ചും ലക്ഷണങ്ങള്‍ നോക്കിയും ഓരോരുത്തരും ഓരോവിധം വ്യാഖ്യാനിച്ചു. രാജന്‍ മരിച്ചിരിക്കുമെന്നും അത് ഭൂതത്തിന്റെ കയ്യിലകപ്പെട്ടതുതന്നെ ആയിരിക്കുമെന്നും ഒരാള്‍ തറപ്പിച്ചുപറയുമ്പോള്‍ മറ്റൊരിടത്ത് രാജന്‍ ഭൂതമലയിലുണ്ടെന്നും വഴിതെറ്റി അലഞ്ഞുനടക്കുകയാണെന്നും മറ്റൊരാള്‍ പറയും. ഏതായാലും ഭൂതത്തിനേയും ഭൂതമലയേയും ചുറ്റിയുള്ള കാര്യങ്ങളേ ജോത്സ്യന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.

വെളിച്ചം നല്ലവണ്ണം പരന്നു. സൂര്യന്‍ ഉയര്‍ന്നു ചൂടുപകര്‍ന്നു. മഴ ഒട്ടും തന്നെയില്ല. രാജനെ തേടി ഭൂതമലയിലേക്കു പുറപ്പെടുന്നതിന് ഒരു സംഘം ധൈര്യശാലികള്‍ തയ്യാറായി. പകല്‍ ആണെങ്കിലും പന്തവും മന്ത്രവാദികളും പൂജാദ്രവ്യങ്ങളും മറ്റ് ഒരുക്കങ്ങളും ഉണ്ടായിരിക്കണമെന്നായിരുന്നു നാട്ടുകാരുടെ നിര്‍ബന്ധം. അങ്ങനെ കുറെ അധികംപേര്‍ ഭൂതമലയിലേക്കുള്ള വഴിയിലൂടെ കാട്ടിനുള്ളിലേക്കു നീങ്ങി. ‘പോയിന്‍ പോയിന്‍’ വിളികളും അട്ടഹാസങ്ങളുംകൊണ്ട് ആകാശം പൊട്ടുമാറുള്ള ശബ്ദമുയര്‍ന്നിരുന്നു. ശബ്ദം ക്രമേണ കുറഞ്ഞുവന്നത് അവര്‍ ബഹുദൂരം ഉള്ളിലേക്കു നീങ്ങിയതായി സൂചിപ്പിച്ചു.

അതേസമയം മറ്റൊരുസംഘം ആളുകള്‍ വള്ളങ്ങളുമായി ആറ്റിലും തോട്ടിലും തെരച്ചില്‍ ആരംഭിച്ചു. എവിടെ നോക്കിയാലും രാജനെപ്പറ്റി അന്വേഷിച്ചുനടക്കുന്ന ആള്‍ക്കൂട്ടത്തെ കാണാം. കാട്ടിലും മലയിലും കരയ്ക്കും വെള്ളത്തിലും. എന്താണുചെയ്യേണ്ടതെന്നറിയാതെ ദുഃഖംകൊണ്ടു വിവശരായി കുട്ടപ്പനും നാണിക്കുട്ടിയും അവരുടെ കുടിലില്‍ തന്നെയിരുന്ന് ഭക്തിപൂര്‍വ്വം ദൈവത്തെ വിളിച്ചുകരഞ്ഞു.

അവരെ സാന്ത്വനപ്പെടുത്താന്‍ കുറേപ്പേര്‍ അവിടെയും കൂടിയിരുന്നു.

വീടുകളില്‍ വീട്ടമ്മമാര്‍ അത്യാവശ്യമുള്ള ആഹാരസാധനങ്ങള്‍ ഉണ്ടാക്കിവച്ചു. കിട്ടുന്നസമയം പാഴാക്കാതെ അവരും അങ്ങുമിങ്ങും കൂട്ടം കൂടിനിന്നു രാജന്റെ സംഭവത്തെപ്പറ്റി അഭിപ്രായ പ്രകടനം നടത്തി. നാട്ടിലെ സ്ത്രീകള്‍ ദുഃസ്വഭാവം തുടങ്ങിയതോടെയാണ് ഈ ദുരന്തം ഉണ്ടായതെന്നു ചിലര്‍ പറഞ്ഞു. സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടി കഴിഞ്ഞിരുന്ന ഗ്രാമീണരുടെയിടയില്‍ പരസ്പരവൈരാഗ്യവും അസൂയയും വളര്‍ന്ന് ജീവിതസുഖം കുറഞ്ഞുവരുന്നതിന് താക്കീതായിട്ടാണ് രാജനെപ്പോലെ മിടുക്കനായ ഒരു കുട്ടിക്ക് അപകടമുണ്ടായതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കെങ്കിലും ഇനിയും ഇത്തരം ആപത്തു സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് എല്ലാവീട്ടിലേയും ഐശ്വര്യം നിലനിര്‍ത്താന്‍ ഒരു സംഘടനതന്നെയുണ്ടാക്കണമെന്നവര്‍ ഉറച്ചു. രാജന്റെ തിരോധാനം അങ്ങനെയൊരു നല്ലകാര്യത്തിലേക്ക് നാട്ടുകാരുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചു.

ഉച്ചകഴിഞ്ഞു മൂന്നുമണിയടിച്ചു. കാട്ടിലും മലയിലും ആറ്റിലും തോട്ടിലും തെരഞ്ഞുനടന്നവര്‍ നിരാശരായി മടങ്ങിവന്നുതുടങ്ങി. രാജനെപ്പറ്റി യാതൊരു വിവരവും ശേഖരിക്കാനവര്‍ക്കു കഴിഞ്ഞില്ല.

കാട്ടിനുള്ളില്‍നിന്നു മടങ്ങിയവര്‍ക്കു നിരവധി മറ്റു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. വന്‍മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന കൊടുംകാട്ടിലും പാറക്കെട്ടുകളും ഗുഹകളുമുള്ള പ്രദേശങ്ങളിലും മുള്‍ച്ചെടി മൂടിനിന്ന ഉള്‍വനങ്ങളിലും അവര്‍ കയറിയിറങ്ങിയിട്ടും ഭൂതം അവിടെയെങ്ങും വസിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. എന്നാല്‍ ഒറ്റയടിപ്പാതകളും ആട്ടിന്‍രോമങ്ങളും മൃഗങ്ങള്‍ ഒളിക്കുന്ന കുറ്റിക്കാടുകളും അവര്‍ കണ്ടെത്തി. ആവുന്നത്ര എല്ലാ പാറയിടുക്കുകളിലും ഗുഹകളിലും അവര്‍ ധൈര്യത്തോടെ പ്രവേശിച്ചു. എങ്ങും രാജന്റെ അവശിഷ്ടംപോലും കണ്ടില്ല.

രാജന്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് അവസാനം അവര്‍ തീരുമാനിച്ചു. യോഗങ്ങള്‍ ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തുന്നതിനും പണപ്പിരിവെടുത്ത് രാജനു സ്മാരകമുണ്ടാക്കുന്നതിനും സാമൂഹ്യപ്രവര്‍ത്തകരായ നേതാക്കന്മാര്‍ തീരുമാനിച്ചു. രാജന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് സമുദായപ്രമാണികള്‍ നിര്‍ദ്ദേശിച്ചു. കുട്ടപ്പനും നാണിക്കുട്ടിക്കും ഒന്നുംതന്നെ ചെയ്യാന്‍ തോന്നിയില്ല. അവരുടെ ഓമനക്കുഞ്ഞിനെ അങ്ങനെ നിഷ്കരുണം ദൈവം തിരിച്ചെടുക്കുമോ? എങ്കില്‍ ദൈവം എത്ര കഠിനഹൃദയനാണ്? എന്തിനീ പ്രാര്‍ത്ഥനകളെല്ലാം? അവര്‍ നാസ്തികത്വത്തിലേക്കു നോക്കിത്തുടങ്ങി.