നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം ഒന്ന്
|
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി | |
---|---|
ഗ്രന്ഥകർത്താവ് | സിവിക് ചന്ദ്രൻ |
മൂലകൃതി | നിങ്ങളാരെ കമ്യൂണിസ്റ്റാക്കി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നാടകം |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 80 |
രംഗം : ഒന്ന്
വെളിച്ചം വീണ്ടും കണ്‍മിഴിക്കുമ്പോല്‍ അടുപ്പും പാത്രവും രംഗത്തില്ല. വാച്ച് ടവറിലിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയ വാച്ച്മാന്‍ എന്തോ സ്വപ്നം കണ്ടെന്നപോലെ ഞെട്ടിയുണരുന്നു. സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ അയാള്‍ക്കല്പം സമയം വേണ്ടിവന്നു. താന്‍ അരങ്ങിലാണെന്നും മുന്നില്‍ സദസ്സാണെന്നും മനസ്സിലായതോടെ അയാള്‍ സദസ്സിനെ അഭിമുഖീകരിച്ചിരിക്കുന്നു.
- വാച്ച് മാൻ
- ഈ ചുടുകാട്ടിലെ, വലിയ ചുടുകാട്ടിലെ വാച്ച്മാനാണ് ഞാന്‍. ചുടുകാടല്ല, നരകമായാലെന്ത്? സര്‍ക്കാരുദ്യോഗസ്ഥരുടെ വേദപുസ്തകത്തിലെ ആദ്യവാചകം തന്നെ ഇങ്ങനെ, നിങ്ങള്‍ക്കറിയാമല്ലോ: ഓഫീസില്‍ വരുന്നതിനാണ് ശമ്പളം. പണിയെടുക്കണമെങ്കില്‍ കിമ്പളം കിടയ്ക്കണം. സർക്കാരുദ്യോഗസ്ഥന് ശമ്പളം കൃത്യമായി കിട്ടണം. വൈകീട്ടൊന്നു മദ്യപിക്കാന്‍, ആഴ്ചയിലൊരിക്കല്‍ വ്യഭിചരിക്കാന്‍ കിമ്പളവും വേണം (പോസ്) പട്ടാളത്തിലായിരുന്നു. പിരിഞ്ഞുപോന്ന് ഇങ്ങനെ ഒരെംപ്ലോയിയായി — ങ്ഹാ, ശംബ്ലോയിതന്നെ.
- [വാച്ച്ടവറില്‍ കയറി വാര്‍ത്തകള്‍ കേള്‍ക്കാനായി റേഡിയോ തുറക്കുന്നു]
- ആകാശവാണി — തിരുവന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കൊച്ചി, ദേവികുളം, കോഴിക്കോട്, കണ്ണൂര്‍. പ്രാദേശിക വാര്‍ത്തകള്‍. വായിക്കുന്നത് :
- സംസ്ഥാന മുഖ്യമന്ത്രിയായി ശ്രീ. ഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഭരണമുന്നണിയുടെ പാര്‍ലിമെന്ററി പാര്‍ട്ടിയാണ് ഏകകണ്ഠമായി ഈ തെരഞ്ഞെടുപ്പ് നടത്തിയത്. നാളെ രാവിലെ മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞ രാജ്ഭവനില്‍ വെച്ചു നടക്കുന്നത്. സത്യപ്രതിജ്ഞാചടങ്ങിനുമുമ്പ് നിയുക്ത മുഖ്യമന്ത്രി വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തും.
- [വലിയ ചുടുകാടിനെക്കുറിച്ചുളള പരാമര്‍ശനം കേട്ടപാടെ വാച്ച്മാന്‍ ജാഗരൂകനാകുന്നു. തുടര്‍ന്ന് ഒരു സൈനിക പരേഡിന്റെ ഡ്രസ്സ് റിഹേഴ്സല്‍. റേഡിയോ ഓഫ് ചെയ്തതിനുശേഷം - ]
- വാച്ച് മാൻ
- പക്ഷേ, ഏതു ശവകുടീരത്തിലാണാവോ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തുന്നത്? നേതാക്കളുടെ ശവകൂടീരത്തിലോ? ഓരോ നേതാവിനുമുണ്ട് ഓരോരോ ശവകുടീരം. അജ്ഞാത രക്തസാക്ഷികളുടെ ശവകുടീരത്തിലോ? ഏഴുനൂറോ ഏഴായിരമോ വരുമത്രേ രക്തസാക്ഷികള്‍, അജ്ഞാതര്‍! മൂന്നു കൂനകളിലായി അട്ടിയിട്ട് പെട്രോളൊഴിച്ച് തീ കൊടുക്കുകയായിരുന്നു…
[ഒരു സ്വപ്നത്തില്‍നിന്നെന്നപോലെ എന്തൊക്കെയോ ഓര്‍മ്മിച്ചെടുക്കുന്നതിനിടെ കോറസ് വാച്ച്ടവറിനടിയില്‍ നിന്നും രംഗത്ത് വരുന്നു]
എനിക്കോര്‍മ്മിക്കാന്‍
അല്‍ത്തൂസറും റീഹും
ഗ്രാംചിയും ഫ്രോമും മാത്രമല്ല
അജ്ഞാത ശവകൂടീരങ്ങളില്‍പ്പോലും
സ്വസ്ഥത നിഷേധിക്കപ്പെട്ട
ചിലര്‍ കൂടിയുണ്ട്.
ചാണകം മെഴുകാത്ത അടുക്കളയില്‍
ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ക്കുമുമ്പില്‍
അവര്‍ക്കുവേണ്ടി അമ്മമാര്‍ വിളമ്പുന്നു
കരിയിലകള്‍ ചവുട്ടി
പാതിരാമഞ്ഞില്‍ നനഞ്ഞ്
ഞാന്‍ തിരിച്ചെത്തുമ്പോഴും
പ്രാര്‍ത്ഥനാഗീതംപോലെ
ചാരനിറമുള്ള കൈകള്‍ കൂപ്പി
നേര്‍ച്ചത്തുമ്പികളായി
അവര്‍ എന്റെ വാടകമുറിയുടെ ചുമരില്‍ കാത്തിരിക്കുന്നു
എന്നത്തേയും പോലെ കണ്ണുനിറച്ച്
മുഖം നിറയെ വിയര്‍പ്പും വ്യഥയുമായി –
ഇന്നത്തെ എന്തു വിശേഷം പറഞ്ഞ്
ഞാനവരെ പറഞ്ഞുവിടും?
നിങ്ങളോരോരുത്തരേയും കുറിച്ച്
പ്രത്യേകമായന്വേഷിക്കും –
എന്തു പറയണം?
[സ. ഗോപാലനേയും ആനയിച്ചുകൊണ്ടൊരു സംഘം അരങ്ങിന്റെ ഉയര്‍ന്ന തലത്തിലെത്തുന്നു]
സ. ഗോപാലന്‍ കീ ജയ്!
കുടിലുകളില്‍ കൂരകളില്‍
കണ്മണിയായ് സൂക്ഷിച്ച
ജനമുന്നണി നേതാവ്
സ. ഗോപാലന്‍ കീ ജയ്!
ജനകോടികളുടെ നേതാവ്
ധീരാ, ശൂരാ, നേതാവേ
ധീരതയോടെ നയിച്ചോളു
ശൂരതയോടെ ഭരിച്ചോളു
[മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ഫ്ലാഷ്‌ലൈറ്റുകള്‍ തെളിയുന്നുണ്ട്. കോറസ് ഊ ഉത്സാഹം കണ്ട് സന്തോഷിക്കുന്നു]
[രംഗവേദിയുടെ താണതലത്തില്‍ മറ്റൊരു മൂലയില്‍ മാല. വൃദ്ധനും ഭാരതിയും മാലയെ താങ്ങിയിട്ടുണ്ട്. മാലയുടെ അന്ത്യ രംഗം]
മാല : [ഭാരതിയുടെ മടിയില്‍ കിടന്ന്] എന്റെ കഥ, പഴയ ഈ കഥ, തീരാറായി മോളെ…
[ഉയര്‍ന്ന തലത്തിലിപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയാണ്. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുകയും സ. ഗോപാലന്‍ അതേററപറയുകയും ചെയ്യുന്നു.]
ഞാന്‍…
ഞാന്‍, ഗോപാലന്‍…
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്
സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍…
…
ഇതിനാല്‍ സത്യപ്രതിജ്ഞ ചെയ്തുകൊളളുന്നു
[കോറസ് സത്യപ്രതിജ്ഞാചടങ്ങും മാലയുടെ അന്ത്യ രംഗവും മാറിമാറി ശ്രദ്ധിക്കുന്നു]
മാല : [വൃദ്ധന്റെ കൈ മുറുകെ പിടിക്കുന്നു] തകാവെ, വലിയ ചൂടുകാടിന്റെ ഒരു മൂലയിലേക്ക് ഏനെ കൊണ്ടുപോണം
നമ്മുടെ ആ പഴയ ചെങ്കൊടി അവസാനമായേനെ പുതപ്പിക്കണം.
(മകളുടെ നേരെ തിരിഞ്ഞ്, അവളെ ഇറുകെ പുണരുന്നു)
മാല : ജീവിതത്തില്‍ എന്റെ ഗതി മറ്റൊരു പെണ്ണിനും ഉണ്ടാകാതിരിക്കട്ടെ. [കുഴഞ്ഞു വീഴുന്നു]
ഭാരതി : അമ്മേ
[ഗോപാലനും സംഘവും സത്യപ്രതിജ്ഞാച്ചടങ്ങിനു ശേഷം ആഹ്ലാദപ്രകടനങ്ങളോടെ നടന്നു മറയുന്നു. പോകുമ്പോള്‍ സംഘത്തിന്റെ ചുമലിലാണ് ഗോപാലന്‍]
വൃദ്ധന്‍ : മാലയുടെ അന്ത്യാഭിലാഷമെങ്കിലും നിഷേധിക്കപ്പെട്ടുകൂടാ, ഒരു ശവക്കോടി വേണമല്ലോ. ഒരു ചെമ്പതാക… [കോറസ് ഒരു വെളളക്കോടി എറിഞ്ഞു കൊടുക്കുന്നു] ഇതാ, തല്ക്കാലം ഇതെങ്കിലുമാകട്ടെ [എല്ലാവരും ചേര്‍ന്ന് ദലിത് ആചാരനുഷ്ഠാനങ്ങളോടെ ശവഘോഷയാത്രയായി മാലയെ രംഗമധ്യത്തിലെത്തിക്കുന്നു. കേറസ് ഉയര്‍ന്ന തലത്തില്‍ ചെന്നു നില്‍ക്കുന്നു. ഭാരതി, മാലയുടെ മുഖം തലോടാന്‍ തുടങ്ങുമ്പോള്‍ വാച്ച്മാന്‍ ഇടപെടുന്നു]
വാച്ച് : ഈശോയേ, ആരിത്? അരുടെ ശവമാണിത്? ഊ വലിയ ചുടുകാട്ടില്‍? അതുമിപ്പോള്‍! സ. ഗോപാലന്‍ മുഖ്യമന്ത്രിയായി പുഷ്പാര്‍ച്ചന നടത്താനെത്തുമ്പോള്‍. (പോസ്) ഇങ്ങനെ പരീക്ഷിക്കല്ലേ, കര്‍ത്താവേ… (കുരിശു വരയ്ക്കുന്നു)
ഭാരതി : [വാച്ച് ടവറില്‍ കയറിച്ചെന്ന്, നാടക പുസ്തകമുയര്‍ത്തിപ്പിടിച്ച്] അതെ, മാല!
[വൃദ്ധന്‍ മാലയുടെ പുതുപ്പുമാററുന്നു. വാച്ചമാന്‍ പുസ്തകവും ശവവും മാറിമാറി നോക്കുന്നു]
ഭാരതി : തോപ്പില്‍ ഭാസിയുടെ മാല! ഗ്രാമ — ഗ്രാമാന്തരങ്ങളെ വൈദ്യുതീകരിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ നായിക!
വാച്ച് : അല്പം നില്ക്കണേ, നിങ്ങളാരാണ്? എനിക്ക് അത്ര പിടികിട്ടിയില്ല. മാല, മാലയെ മനസ്സിലായി. കറമ്പന്‍ മരിച്ചുപോകുകയും ചേയ്തല്ലോ.
കോറസ് : ഇത് ഭാരതി. തോപ്പില്‍ ഭാസി തന്നെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്ക് ഒരു രണ്ടാം ഭാഗമെഴുതിയിട്ടുണ്ട്. ഇന്നലെ, ഇന്ന്, നാളെ. ആ നാടകത്തില്‍ മാലക്ക് കനിഞ്ഞു നല്കിയിരിക്കുന്ന കാരുണ്യമാണ് ഈ ദത്തു പുത്രി.
വൃദ്ധന്‍ : ഗോപാലന് മാലയിലുണ്ടായ മകളെന്നും അപവാദമുണ്ട്
അതിവള്‍ക്കുമറിയാം, അല്ലേ മോളേ… (ചിരിക്കുന്നു).
വാച്ച് : (കൈകൂപ്പി) ഇദ്ദേഹമോ? ഇദ്ദേഹവും കഥാപാത്രം തന്നെ?
കോറസ് : സഖാവിനെ അറിയത്തില്ലേ? ഇദ്ദേഹമാണ് സഖാവ് ഏലിയാസ് കോരന്‍, ഏലിയാസ് പത്രോസ്, ഏലിയാസ് വാസു, ഏലിയാസ്… ‘രണ്ടിടങ്ങഴി’യിലെ കോരനായ ആദ്യമായി രംഗത്ത് വരുന്നത് (വൃദ്ധനെ ചൂണ്ടി) രണ്ടിടങ്ങഴിയിലെ കോരന്‍ -
വൃദ്ധന്‍ : [കോരനായി മാറിക്കൊണ്ട്] ഏനെ കൊന്നാലും ചരി, ഏന്‍ മരിച്ചാലും ചരി, അവസാന ശ്വാസം വരെ ഏന്‍ ഇതാ കരുതിയിരിക്കുന്നേ — ഇനി പറപ്പിള്ളേരു സഹിക്കരുത്!
കോറസ് : രണ്ടിടങ്ങഴിയിലെ കോരന്‍!
[കോറസ് രംഗത്തൊരു മൂലയില്‍ തേക്കുകൊട്ട കൊണ്ട് വെളളം തേവുന്നു]
എടി പെണ്ണേ, കാളിപെണ്ണേ നീ
എന്താണിന്നു പണിക്കു വരാഞ്ഞേ?
എന്റെ നീലി ഒന്നും പറയേണ്ട
കാലത്തു വന്നപ്പോ —
മുള്ളു കൊണ്ടു കാലില്‍…
വൃദ്ധന്‍ : [വെളളം തേവി വററിക്കുന്നവരുടെ അരികെച്ചെന്ന്] ഈ പറേരും പെലേരുമില്ലെങ്കില്, എങ്ങന്യാ പുഞ്ചക്കണ്ടം കൃഷി നടക്കുന്നേ? നമ്മ വേല എടുത്തില്ലെങ്കില് എന്നാ ചെയ്യും? ഈ തമ്പ്രാക്കന്മാരു താമസിക്കണ കാണായ പറമ്പെല്ലാം പറേനാ വെളളത്തീന്ന് കുത്തിപ്പൊക്കിയേ, ആരാ, ഈ കാണുന്ന മനുഷ്യനെല്ലാം ചൊറുണ്ടാക്കി കൊടുക്കുന്നേ? പറേനും പെലേനുമാ —
[കോരന്‍ തേക്കു പാട്ടു പാടി വെളളം തിരിച്ചുവിടുന്നു. എതിര്‍മുലയില്‍ തോള്‍കൊണ്ട് വിയര്‍പ്പുതുടച്ചും വിശറിയെടുത്തു വീശിയും ഏമ്പക്കമിട്ടും കണക്കുകള്‍ കൂട്ടിക്കൊണ്ടിരിക്കുന്നു വല്യ വീട്ടിലദ്ദ്യം. കോരന്‍ അയാള്‍ക്കരികിലെത്തുന്നു]
വൃദ്ധന്‍ : ഫൂ! കനിഞ്ഞിരുന്നു കണക്കുനോക്കുന്ന പിശാചേ, നിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു തിരിച്ച് — അല്ലെങ്കിലൊരു കുററിച്ചൂട്ടാല്‍ നിന്റെ മാളിക…
കോറസ് : വിശാലമായ ജലപ്പരപ്പിലേയ്ക്കെടുത്തുചാടി അപ്രത്യക്ഷനാകുന്ന കോരന്‍!
ഒന്നാമന്‍ : പിന്നീട് പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര-വയലാറിലാ. കുന്തക്കാരന്‍ പത്രോസായി.
രണ്ടാമന്‍ : സഖാവ് കൃഷ്ണപിളളയുടെ വലംകയ്യായി.
മൂന്നാമന്‍ : സഖാവല്ലേ, ഇനിയൊരൊററ തൊഴിലാളിയെത്തൊട്ടാല്‍ ആലപ്പുഴ ഒരററം മുതല്‍ മറ്റേ അററം വരെ കത്തിക്കുമെന്ന് സര്‍. സി. പി. യെ താക്കീത് ചെയ്തത്! സര്‍ സി. പി. യുടെ ഭക്തിവിലാസത്തിനു മുകളില്‍ പാറിയിരുന്ന മഹാരാജാവിന്‍റെ ശംഖടയാളമുള്ള കൊടിയഴിച്ച് ചെമ്പതാക ഉയര്‍ത്തിയ കൈകളല്ലേ ഇത്…!
നാലാമന്‍ : പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകെ കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്ക് കാണാനെത്തിക്കണം എന്നാ സി. പി. ഉത്തരവിട്ടത്…
എല്ലാവരും
കൂടി : പുന്നപ്ര – വയലാറിന്‍റെ കുന്തക്കാരന്‍ പത്രോസ്!
[വൃദ്ധനും കോറസും ഒരാക്രമണത്തിനു തയ്യാറെടുത്ത് പുറത്തേക്ക് കുതിക്കുന്നു. ഉയര്‍ന്ന തലത്തില്‍ ഒരു സംഘം പോലീസുകാര്‍ മാര്‍ച്ച് ചെയ്തതെത്തുന്നു. പറുത്തുനിന്ന് അററം കൂര്‍പ്പിച്ച വാരിക്കുന്തങ്ങളുമായി തിരിച്ചെത്തുന്ന സംഘം. തോക്കുകള്‍ ശബ്ദക്കാന്‍ തുടങ്ങുന്നതോടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങുന്ന കോറസ്. അവര്‍ വീണും ഞരങ്ങിയും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചും വിളിച്ചു പറയുന്നു]
കോറസ് :സഖാക്കളെ, ഞങ്ങള്‍ ജീവിക്കാന്‍വേണ്ടയാണ് മരിക്കാന്‍ തയ്യാറായിരിക്കുന്നത്. നിങ്ങള്‍ക്കു വേണ്ടി കൂടിയാണിത്. ഞങ്ങളെ കൊന്നേ, നിങ്ങള്‍ക്ക് ജീവിക്കാനാവു എങ്കില്‍ കൊന്നുകൊളളുക.
[നെററിയില്‍നിന്ന് ചീററുന്ന ചോര കൈകൊണ്ട് തുടച്ച്, വാരിക്കുന്തങ്ങളൊരു നിമിഷം താഴ്ത്തി, രക്തത്തിലൂടെ ഇഴഞ്ഞ് പോലീസിന്നടുത്തെത്തി കുപ്പായങ്ങള്‍ വലിച്ചുകീറി നെഞ്ചു കാണിച്ച് അവര്‍ വിളിച്ചു പറയുന്നു]
ഇതാ വെടിവെച്ചോളൂ!
[പോലീസുകാലുടെ തോക്കുകള്‍ ഒരു നിമിഷം ആകാശത്തേക്കുയര്‍ന്നു പോയി. പെട്ടെന്ന് എവിടെനിന്നോ ഒരാജ്ഞ]
ബ്ലഡി ഫൂള്‍സ്! ഫയര്‍…
[ഇപ്പോള്‍ കോറസ് വെടിയുണ്ടകളേററുവാങ്ങി നിലംപതിയ്ക്കുന്നു. വീണുപോയ വിപ്ലവകാരികള്‍ ഒരു ഗാനത്തിന്റെ താളത്തിന്നൊപ്പിച്ച് എഴുന്നേല്‍ക്കുന്നു.
സുബ്ബറാവു പാണിഗ്രാഹിയുടേതാണ് ഈ ഗാനം ]
ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍
ഞങ്ങള്‍ കണ്യൂണിസ്റ്റുകാര്‍
കൂലിവേല ചെയ്യും ഞങ്ങ–
ളെന്നും കമ്യൂണിസ്റ്റുകാര്‍…
അനീതി തന്‍ കഴുത്തില്‍ ഞങ്ങളാഞ്ഞുവെട്ടിടും
ഞങ്ങള്‍ നീതി തന്‍ പതാകയേന്തി നീങ്ങിടും
ചോര ചിന്തിച്ചോന്നോരി പതാകയേന്തി നീങ്ങിടും
ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ —
ചോരചിന്തി വീണവര്‍ തന്‍ പാതിയിലൂടെ
കണ്ണില്‍ കനവില്‍ തീയ്യുമേന്തി ഞങ്ങള്‍ നീങ്ങിടും…
ആവുകില്ല നിങ്ങള്‍ തന്‍ കിരാത നീതികള്‍ക്ക്
ഞങ്ങളെത്തളര്‍ത്തുവാന്‍, തടുക്കുവാനൊരിക്കലും
ആവുകില്ല നിങ്ങളുടെ കൈകളാല്‍ മറയ്ക്കുവാന്‍
ആര്‍ത്തിരമ്പിയെത്തും സൂര്യദീപ്തിയെ തടുക്കുവാന്‍
ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ –
ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍…
കൂലിവേല ചെയ്യും ഞങ്ങ –
ളെന്നും കമ്യൂണിസ്റ്റുകാര്‍…
അഖിലലോക വര്‍ഗ്ഗമാണ് ഞങ്ങള്‍ വേലചെയ്യുവോര്‍
അതിര്‍വരമ്പുകള്‍ തകര്‍ത്ത് ഞങ്ങളൊന്നായ് നേരിടും.
ലക്ഷ്യമെത്തുവോളമി പതാക ഞങ്ങളേന്തിടും
ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍, ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍!
[എഴുന്നേല്ക്കുന്ന സംഘം വൃദ്ധനെ ചുണ്ടുന്നു]
കോറസ് : പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശിലേരി — തിരുനെല്ലിയിലെ വാസുവായി — സഖാവ് വര്‍ഗ്ഗീസിന്റെ ചൂഴ്ന്നെടുക്കപ്പെടുന്നതിനു മുമ്പുള്ള കണ്ണായി.
ഭാരതി : വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജയില്‍വാസത്തിനുശേഷം തിരിച്ചുവന്നു, പഴയ ആലപ്പുഴയിലേക്ക്. പിന്നെ എന്തെല്ലാം ജോലികള്‍! ചായക്കട, പഴയ പുസ്തകങ്ങള്‍ ശേഖരിച്ചു വിൽക്കല്‍, അച്ചാര്‍ കച്ചവടം… ഒടുവില്‍ ഉത്സവപ്പറമ്പു തോറും കയര്‍ ചവുട്ടികള്‍ കൊണ്ടു നടന്നുവിററ് -
വാച്ച് : പിന്നെങ്ങനെയാ ഏലിയാസ് എന്ന പേര്? ഏലിയാസ് എന്ന് സ്വയം വിളിക്കാനാണ് സഖാവ് ഇഷ്ടപ്പെടുന്നതെന്നാണല്ലോ.
വൃദ്ധന്‍ : (ചിരിക്കുന്നു) കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ ഒരു ജയിലറാ ആ പേരിട്ടത്. പോലീസ് റെക്കാഡില്‍ എന്‍റെ പേര് കോരന്‍ ഏലിയാസ് പത്രോസ് ഏലിയാസ് വാസു ഏലിയാസ്, പിന്നെ ഒളിവിലും തെളിവിലേം ഏറെയേറെ പേരുകള്‍, ഏലിയാസ്, ഏലിയാസ്… എന്നാപ്പിന്നെ ഏലിയാസ് എന്ന് വിളിക്കുന്നതല്ലേ സൗകര്യമെന്നായി ജയിലര്‍. ഏലിയാസ് എന്നുതന്നെ സ്വയം വിളിക്കാന്‍ ഞാനും തീരുമാനിച്ചു…
വാച്ച് : ഏലിയാസ്, സഖാവ് ഏലിയാസ്!
കോറസ് : കോണ്‍ഗ്രസ്സായി
കോണ്‍ഗ്രസ് സോഷ്യലിസ്റ്റായി
കമ്യൂണിസ്റ്റായി
മാര്‍ക്സിസ്റ്റായി
നക്സലൈററായി…
ഭാരതി : ഇനിയുമൊരു തിര വരാനുണ്ടെങ്കില്‍ അതുമാകും ഏലിയാസ്…
വൃദ്ധന്‍ : ഭാരതി, നമുക്കിവിടെ നില്ക്കണം. ഇവിടെത്തന്നെ. എല്ലാവരും ഭൂതകാലത്തെ കയ്യൊഴിയുമ്പോള്‍, നമുക്കീ ഭൂതകാലത്തില്‍ നില്ക്കണം. ഈ രക്തസാക്ഷിമണ്ഡപത്തില്‍… (പോസ്) രാത്രി, അവരിപ്പോഴും, ചരിത്രത്തിന് അജ്ഞാതരായ രക്തസാക്ഷികള്‍ ഉണരാറുണ്ട്. വിപ്ലവം വന്നോ വന്നോ എന്നന്വേഷിക്കാന്‍. തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചോ എന്നാരായാന്‍. തങ്ങള്‍ക്ക് ഉദകക്രിയ എന്ന് എന്ന ഉത്കണ്ഠയുമായ്…
ഭാരതി : നേര്‍ച്ചത്തുമ്പികളായ്, പ്രാര്‍ത്ഥനാനിരതരായ് അവര്‍ വന്നിരിക്കുന്നു. നേര്‍ച്ചകള്‍, കടങ്ങള്‍ വീട്ടാത്തതെന്ത് മക്കളെ… എന്ന് ദീനരായ് അന്വേഷിച്ചുകൊണ്ട്.
കോറസ് : (പിന്നരങ്ങില്‍ നിന്ന്)
എന്നത്തേയും പോലെ കണ്ണുനിറച്ച്
മുഖം നിറയെ വിയര്‍പ്പും വൃഥയുമായ്…
ഇന്നത്തെ എന്തു വിശേഷം പറഞ്ഞ്
ഞാനവരെ പറഞ്ഞുവിടും?
നിങ്ങളൊരോരുത്തരേയും കുറിച്ച്
പ്രത്യേകമായന്വേഷിക്കും
എന്തു പറയണം?
വൃദ്ധന്‍ : (മാലയുടെ അടുത്തുചെന്ന്) മാലേ, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ നായികേ, എഴുന്നേല്ക്കൂ…
വാച്ച് : (മുന്നോട്ടുവന്ന് പക്ഷെ, സുമാവലിയമ്മയല്ലേ നായിക? മുഖ്യമന്ത്രിയുടെ മിസ്സിസ് — ദി ഫസ്ററ് ലേഡി…?
(നാടകപുസ്തകം തുറന്ന് ആമുഖത്തില്‍നിന്ന് വായിക്കുന്നു)
സുമത്തിനെ, കഥാനായികയെ രംഗത്തുകൊണ്ടുവരാതെ ഞാന്‍ വിജിയിച്ചിരുന്നു പക്ഷേ, ഇനിയുടെ സുമത്തിനെ അണിയറയില്‍ നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. എനിക്കിഷ്ടമില്ലെങ്കിലും, സാമര്‍ത്ഥ്യത്തോടെ അവളെ രംഗത്തുകൊണ്ടുവന്നുകഴിഞ്ഞു — അറുനൂറില്‍പ്പരം രാത്രികളില്‍ നിങ്ങളവളെ സ്റ്റേജില്‍ കാണുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ വഴങ്ങണം.
തോപ്പില്‍ ഭാസി — ജൂലൈ, 1956
ഭാരതി : കൊളളരുതാത്തവന്‍, കണ്ണില്‍ ചോരയില്ലാത്തവന്‍, നീചന്‍, വിടന്‍, വിഷയലമ്പടന്‍, മഹാപാപി, കാലന്‍ എന്നെല്ലാം നാടകത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും അധിക്ഷേപിക്കുന്ന നാട്ടുപ്രമാണിയുടെ, വല്യ വീട്ടിലെദ്ദേഹത്തിന്റെ മകളെത്തന്നെ നായികയാക്കുക വഴി നാടകം ഒരു ചോദ്യത്തിനുത്തരം നിര്‍ദ്ദേശിക്കുകയായിരുന്നോ — വിപ്ലവത്തിന്റെ നായിക കേശവന്‍ നായരുടെ ബംഗ്ലാവില്‍നിന്നോ, കറമ്പന്റെ നാടത്തില്‍ നിന്നോ?
വൃദ്ധന്‍ : അതേ നാടകത്തിലെ മാത്രമല്ല, നാടകം ഉത്തേജിപ്പിച്ച പ്രസ്ഥാനത്തിന്റേയും നായിക ആരാണ് എന്നു തീരുമാനിക്കുന്ന മുഹൂര്‍ത്തമാണിത്.
വാച്ച് : കലാസൃഷ്ടി ചരിത്രം പ്രവചിച്ചതാവാം. അല്ലെങ്കില്‍ ചരിത്രം കലാസൃഷ്ടിയെ മറികടന്നതാവാം. ഒരു കലാസൃഷ്ടി എഴുതിക്കഴിഞ്ഞാല്‍ എഴുതിയയാളുടേതല്ലാതാവുന്നു. അത് പിന്നീട് ആരെല്ലാം, ഏതെല്ലാം രീതികളില്‍ വായിക്കാം! (ചിരിച്ച്) ദാ, ഇതുപോലെ, നാം ചെയ്യുന്നതുപോലെ…
വൃദ്ധന്‍ : മാലേ, നിനക്ക് തോപ്പില്‍ ഭാസി സമ്മാനിച്ച ദത്തുപുത്രി നിന്നെ വിളിച്ചുണര്‍ത്തുന്നു. ചരിത്രം മറികടന്നുപോയ സഖാവ് ഏലിയാസ് വിളിച്ചുണര്‍ത്തുന്നു…
ഭാരതി : (മാലയ്ക്കരികെച്ചെന്ന്) അമ്മേ, അയ്യായിരത്തിലധികം അരങ്ങുകളില്‍ നാടകം കണ്ട ഈ പ്രേക്ഷകരോട് പറയൂ. എന്താണ് സംഭവിച്ചതെന്ന്. എന്താണ് തോപ്പില്‍ഭാസിയും
കെ. പി. എ. സി.യും കമ്യൂണിസ്ററ് പ്രസ്ഥാനവും കൂടി ഒളിപ്പിച്ചുവെച്ചതെന്ന്…
കോറസ് : മാലേ, എഴുന്നേല്ക്കൂ…
ഒന്നാമന്‍ : എങ്ങനെ മാലയുടെ ചെങ്കൊടി ഗോപാലനും മാത്യുവുംകൂടി പരമുപിളളയ്ക്കും കേശവന്‍ നായര്‍ക്കും പിടിച്ചെടുത്തേല്പിച്ചു കൊടുത്തതെന്നു പറയൂ
രണ്ടാമന്‍ : പറയൂ, അവരതെങ്ങനെ പൊക്കിപ്പൊക്കി പിടിച്ചെന്ന്.
മൂന്നാമന്‍ : പറയൂ, അവരതെങ്ങനെ മാലയേയും കറമ്പനേയും മറികടന്ന് നേതൃത്വം പിടിടിച്ചെടുത്തെന്ന്
നാലാമന്‍ : പറയൂ, മാലയും കറമ്പനും എങ്ങനെ വീണ്ടും അറുപത്തിനാലടി ദൂരത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടെന്ന്.
കോറസ് : മാലേ, എഴുന്നേല്ക്കൂ…
ഭാരതിയും വൃദ്ധനും : മാലേ, എഴുന്നേല്ക്കൂ. ഒരു നിമിഷം, ഈ സദസ്സിനു വേണ്ടി എഴുന്നേല്‍ക്കൂ…
[ഒരു സ്വപ്നത്തിലെന്നോണം മാല എഴുന്നേല്ക്കുന്നു. പിന്നണിയില്‍നിന്നും സാര്‍വ്വദേശീയ ഗാനം — സച്ചിദാനന്ദന്റെ വിവര്‍ത്തനം]
ഉണരുവില്‍, ഉയരുവിന്‍, പട്ടിണിയുടെ തടവുകാരേ,
നിങ്ങളുണരുവിന്‍, നിങ്ങളുയരുവിന്‍!
ഭൂമിയലെ പീഡിതരേ, നിങ്ങളുയരുവിന്‍
പട്ടിണിയുടെ തടവുകാരേ, നിങ്ങളുയരുവിന്‍
ഇടിമുഴക്കിയലറിനില്‍പ്പു നീതിയന്ത്യശാസനം
പട്ടിണിയുടെ തടവുകാരേ, നിങ്ങളുണരുവിന്‍
പറവികൊള്‍കയായ്, പിറവികൊള്‍കയായ്
പുതിയ ലോകമൊന്നിതാ പിറന്നുവീഴുകയായ്
പഴമതന്‍ വിലങ്ങിനോ വഴങ്ങുകില്ല നാമിനി
അടിമകള്‍ നുകം വലിച്ചെറിഞ്ഞുയിര്‍ത്തെണീക്കുവിന്‍
ഇന്നലെവരെയൊന്നുമല്ല നമ്മളെങ്കിലും
നാളെ നമ്മള്‍ നാളെ നമ്മള്‍ നമ്മളാം സമസ്തവും
ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തുനില്‍ക്കുവിന്‍
അഖിലലോക ഗാനമിത്
മനുഷ്യ വംശമാകും…
വേണ്ട വേണ്ട മുകളില്‍ നിന്നിറങ്ങി വന്ന രക്ഷകന്‍
വേണ്ട രാജസഭയില്‍നിന്നു നമ്മളെ ഭരിക്കുവോര്‍
തൊഴിലെടുക്കുവോര്‍ക്കു വേണ്ട അവരെറിഞ്ഞ തുട്ടുകള്‍
കളളനെപ്പിടിച്ചു കളവുമുതല്‍ തിരിച്ചുവാങ്ങുവാന്‍
തടവില്‍നിന്നു മനുജ ചേതനയ്ക്കു മുക്തിനല്‍കുവാന്‍
സകലവര്‍ക്കുമായ് നമുക്കു വഴി തിരക്കിടാം
നമ്മളെന്തു ചെയ്യണം? നമ്മള്‍ നിശ്ചയിക്കണം
നമ്മള്‍ നിശ്ചയിച്ചുറച്ചു വേണ്ടപോലെ ചെയ്യണം
ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തുനില്‍ക്കുവിന്‍
അഖിലലോക ഗാനമിത്
മനുഷ്യവംശമാകും…
വാച്ച് : (തലയില്‍ കൈവെച്ചുപോകുന്നു) പട്ടാളമായിരുന്നു ഭേദം. ശ്മശാനങ്ങളൊരുക്കുന്നതില്‍നിന്നും രക്ഷപ്പെടാന്‍വേണ്ടി പട്ടാളത്തില്‍ നിന്നൊളിച്ചോടി. എത്തിയതോ, ശ്മശാനത്തിന്റെ കാവല്‍ക്കാരനായി… ഈശോയേ! (അല്പം ചിരിയോടെ) എങ്കിലും അരങ്ങാണല്ലോ, നാടകമാണല്ലോ. ഈ നാടകത്തിലെ അഭിനയത്തിന്ന് മികച്ച സഹനടനുള്ള സമ്മാനമെങ്കിലും എനിക്കു കിട്ടില്ലെന്നാരറിഞ്ഞു!
[സാര്‍വദേശീയ ഗാനത്തിന്റെ ഹമ്മിങ്ങിന്നനുസരിച്ച് കോറസ് രംഗമൊഴിഞ്ഞു]
|