close
Sayahna Sayahna
Search

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം മൂന്ന്


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80


രംഗം മൂന്ന്

വാച്ച് ടവറില്‍ അലസമായി ചരിഞ്ഞുകിടന്ന് നാടകം വായിക്കുകയാണ് വാച്ച്മാന്‍.

വാച്ച് : കറമ്പന്റെ മാടം (വൃദ്ധനും ഭാരതിയും ചേര്‍ന്ന് കറമ്പന്റെ മാടത്തിന്റെ തിരശ്ശീല വലിച്ചിടുന്നു. സുമം മ്ലാനമായ മുഖത്താടെ അരങ്ങത്തേക്ക് പ്രവേശിക്കുന്നു)

സുമം : കറമ്പാ…കറമ്പാ

കറ : എന്തോ, എന്തോ… (ആരാണെന്നു നോക്കി) ഇറങ്ങിവരുന്നു. സുമത്തിനെക്കണ്ട് അതിശയത്തോടെ) അല്ലേ, ഇതാരാ കൊച്ചമ്പിരാട്ടിയോ? (മുഖത്ത് മ്ലാനത) ദേണ്ടേ, വല്യമ്പിരാന്‍ അറിഞ്ഞാല്‍ ഞാടെ തല കൊയ്യാന്‍ വരുവേ…

സുമം : തമ്പുരാന്‍ കൊയ്യാനൊന്നും ശീലിച്ചിട്ടില്ല. ആട്ടെ, അദ്ദേഹം ഇന്നിവിടെ വന്നില്ലയോ?

കറമ്പന്‍ : ആരാന്നാ, കോവാലന്‍ തകാവാന്നോ? ഇല്ലേ. ഇപ്പ വരുവേ, വന്നേന്നറിഞ്ഞാലക്കൊണ്ട്, ഇങ്ങോടിയെത്തിയേനേം.

സുമം : മാലയുടെ കയ്യില്‍ ഞാനൊരു എഴുത്തു കൊടുത്തയച്ചിരുന്നു. മാല ഇവിടില്ലയോ കറമ്പാ - ?

കറമ്പന്‍ :ഇല്ലേ.

സുമം : മാലയിനി ആ എഴുത്ത് കൊടുത്തില്ലെന്നു വരുമോ? അല്ലെങ്കില്‍ ഇന്നു കാണാനൊക്കുകയില്ലെന്നെങ്കിലും അറിയിക്കാമായിരുന്നല്ലോ.

കറമ്പന്‍ : അയ്യോ, മാല എയിത്തു കൊടുക്കാതെ വരത്തില്ലേ! അതേയ്, അങ്ങനേ കളയാനുള്ള എയിത്താണോ? തകാക്കക്കൊളള എയിത്തല്ലിയോ?

സുമം : മാല ചെലപ്പോള്‍ മറന്നുപോയെന്നും വരാം.

കറമ്പന്‍ : മാല അങ്ങനെ മറക്കത്തില്ലേ. (അകത്തുനിന്നും ഒരു കീറിയ പുട്ടിലെടുത്തു കൊണ്ടുവന്ന് സുമത്തിന്റെ മുന്നിലിട്ടു) ഇരുന്നാട്ടെ, കൊച്ചമ്പിരാട്ടി.

സുമം : ഇരുന്നോളം കറമ്പാ. (ഇരുന്നിട്ട്) എനിക്ക് അത്യാവശ്യമായിട്ടൊന്നു കാണണമെന്നുണ്ടായിരുന്നു.

കറമ്പന്‍ : ഇന്നു കമ്മററിയോ, മീററിങ്ങവോ, ഏതാണ്ടൊക്കെയെന്നു പറേന്ന കേട്ടു.

സുമം : മാലയും കമ്മിററിക്കു പോയിരിക്കുകയാണോ കറമ്പാ?

കറമ്പന്‍ : ആന്നേ. ഇന്നലെ വല്യമ്പിരാന്‍ കൊച്ചമ്പിരാട്ടിയെ അടിച്ചെന്നും പറഞ്ഞ് അവളിവിടെ നെഞ്ചത്തടിച്ച് കരച്ചിലാരുന്നേ.

സുമം : (നിറഞ്ഞ ഹൃദയത്തോടെ) ആങ്ഹാ!

കറമ്പന്‍ : കോവാലന്‍ തകാവിനോടും മാത്യു തകാവിനോടും അവളീ കാര്യം പറഞ്ഞേ. (സങ്കടത്തോടെ) എന്നാലും ഈ ചരീരത്ത് അടിച്ചുകളഞ്ഞല്ലോ.

സുമം : അതൊന്നം സാരമില്ല കറമ്പാ.

കറമ്പന്‍ : (പൂര്‍വ്വകാല സ്മരണയോടെ) ഒന്നോര്‍ത്താലിതിലിത്ര കാര്യമില്ലേ. അടിയന്റെ കറമ്പീനെ, ഒററ അടിക്കായിരുന്നേ ആ തമ്പിരാന്‍ — തന്ത്യക്ക് ചെടിക്ക് വെളളം കോരാന്‍ ചെല്ലണമെന്നവളോട് പറഞ്ഞ്. മഴ പെയ്തതുകൊണ്ടു് അവളു പോയില്ല (മൂകന്‍)

സുമം : (അമ്പരപ്പോടും ഉല്‍കണ്ഠയോടും) ങ്ഹാ, എന്നിട്ട്? (എഴുന്നേല്ക്കുന്നു)

കറമ്പന്‍ : (കൂടുതല്‍ വികാരാധീനനായി) പിറ്റേന്നു നേരം വെളുത്ത് ഭദ്രകാളീനെപ്പോലിങ്ങു വന്നല്ലോ! എന്നിട്ട് തെക്കേന്നൊരു വിളി — കറമ്പീ, കറമ്പീന്ന്. അടിയാനൊന്നേ ഇറങ്ങിച്ചെന്നത്. അടിയനെ ആ നില്ക്കണ മാവിന്റേറാടെ കേററി കെട്ടിയേ ആ വേലുച്ചാര്. (കണ്ണില്‍ രണ്ടു കണ്ണീര്‍ കണങ്ങള്‍) എന്നിട്ട് അടിയന്റെ മുമ്പിലിട്ടാരുന്നു കൊച്ചമ്പിരാട്ടി, കറമ്പീ ഇടിച്ചത്. അതിന്റെ ആറാം പക്കം കറമ്പി ചോര തുപ്പിയായരുന്നു കൊച്ചമ്പിരാട്ടീ, ചത്തത്. (നിറഞ്ഞ കണ്ണുകള്‍ ജ്വലിക്കുന്നു)

സുമം : അയ്യോ. ഇങ്ങനെ സങ്കടപ്പെടാതെ കറമ്പാ. ഇങ്ങനെ സങ്കടപ്പെടാതെ കറമ്പാ. ഇനി മേലിലിതൊന്നും നടക്കില്ല കറമ്പാ.

കറമ്പന്‍ : ഇല്ല കൊച്ചമ്പിരാട്ടി. ഇല്ലേ. ഇനി ഞാളും ഒന്നു നിശ്ചയിച്ചിട്ടൊണ്ടേ. (ഗോപാലന്‍ പ്രവേശിക്കുന്നു)

ഗോപാലന്‍ : (ചിരിച്ചുകൊണ്ട്) നിങ്ങളു മാത്രം അങ്ങു നിശ്ചയിച്ചാല്‍ മതിയോ കറമ്പാ? (സുമത്തിനോട്) സുമം വന്നിട്ട് കുറേ നേരമായോ?

കറമ്പന്‍ : (കണ്ണുനീര്‍ തൂത്തുകളഞ്ഞു ചിരിച്ച്) തകാവ് വരത്തില്ലെന്നും പറഞ്ഞ് കൊച്ചമ്പിരാട്ടിയങ്ങു പോകാന്‍ പാവിച്ചേത്. (പുട്ടിലു കുടഞ്ഞ് രണ്ടു പേരുടെയും നടക്കിട്ടു കൊടുക്കുന്നു) രണ്ടുപേരും കൂടിയിരുന്നാട്ടേ. (സുമം നാണിച്ചുപോയി. ഗോപാലന്‍ കറമ്പന്റെ പുറത്തു തലോടുന്നു)

കറമ്പന്‍ : തകാവേ, കറമ്പന്‍ മാടത്തിനകത്തൊന്നു പോകുവേ. രണ്ടു കഷണം ചീനി അടുപ്പേലോട്ടൊന്നിടണം.

ഗോപാലന്‍ : (ചിരിച്ചുകൊണ്ട്) എനിക്കിന്ന് ചീനിയുമൊന്നും വേണ്ട. ഞാന്‍ സ്വല്പം ശാപ്പാടു കഴിച്ചു.

കറമ്പന്‍ : എന്നാലും കറമ്പന്റെ മാടത്തുന്നൊരു കഷണം…

ഗോപാലന്‍ : ഓഹോ, ആയിക്കളയാം.

കറമ്പന്‍ : ഇരുന്നാട്ടെ കൊച്ചമ്പിരാട്ടി. (അകത്തേക്കു കയറിപ്പോകുന്നു)

ഗോപാലന്‍ :പിന്നെന്തൊക്കെയാണ് അത്യാവശ്യമായിട്ടേതാണ്ടൊക്കെ പറയാനുണ്ടെന്ന് എഴുതിയിരുന്നത്?

സുമം : (മിണ്ടാതെ വിഷമിച്ച്, ലജ്ജിച്ചു നിന്നതിനുശേഷം) എന്റെ മനസ്സിനൊരു സ്വൈരവുമില്ല. എന്റെ വീട്ടില്‍ ഞാന്‍ തീ തിന്നുകയാണ്.

ഗോപാലന്‍ : പക്ഷെ, നാട്ടുകാര്‍ സുമത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയാണ്.

സുമം : അതെങ്ങനെയാണ്? എന്റെ അച്ഛന്‍ ഈ നാടിന്റെ ശത്രുവല്ലേ? പിന്നങ്ങനെ എന്നെ ഇഷ്ടപ്പെടും?

ഗോപാലന്‍ : അച്ഛന്‍ ചെയ്യുന്ന കുററത്തിനെല്ലാം മകള്‍ ഉത്തരവാദിയാണെന്നു പറയാനുള്ള വിഡ്ഢിത്തമൊന്നും നാട്ടുകാര്‍ക്കില്ല.

സുമം : എന്നാലും, ഒഴിപ്പിക്കല്‍ നടത്തിയും കളളപ്രമാണമെഴുതിയും നാട്ടുകാരെയൊക്കെ വെറുപ്പിച്ചിരിക്കയാണ്. അവരതു മറക്കുമോ? മാലയുടെത്തന്നെ അമ്മയെ, എന്റെ അച്ഛന്‍…

ഗോപാലന്‍ : നീയെന്തിനു സങ്കടപ്പെടുന്നു? അതിനൊന്നും നീ കൂട്ടുനില്ക്കുന്നില്ല. നേരെമറിച്ച് അതിനെ എതിര്‍ക്കുന്ന മനുഷ്യസ്നേഹികളുടെ കൂടെയാണ് നീ. സുമം, നീ വന്നെത്തിയിരിക്കുന്നത് മനുഷ്യരുടെ പാളയത്തിലാണ്. നിന്റെ മുഴുവന്‍ കഴിവുകളും അവര്‍ക്കുവേണ്ടി വിനിയോഗിക്ക്.

സുമം : എന്റെ കഴിവുകള്‍ എത്രയോ നിസ്സാരമാണ്!

ഗോപാലന്‍ : അതെത്രയോ വലുതാണ്! സുമത്തിന് നല്ലവണ്ണം പ്രസംഗിക്കുവാനും സുന്ദരമായിട്ടു പാടാനുമറിയാം. അങ്ങനെയൊന്നു പാടാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍!

സുമം : അതെ, അതെ. മീനു പറഞ്ഞിട്ടുണ്ട്, വലിയ പാട്ടുകാരനാണെന്ന്.

ഗോപാലന്‍ : ഇപ്പോള്‍ എനിക്കെന്റെ പാട്ടുകളൊക്കെ പാടാന്‍ ഒരു പാട്ടുകാരിയെ കിട്ടി.

സുമം : എനിക്കൊരു പാട്ടുകാരനേം. (ചിരിച്ചുകൊണ്ട് നില്ക്കുന്നു)

(ഈ സമയം കറമ്പന്‍ മാടത്തില്‍ നിന്നിറങ്ങിവരുന്നു)

(ഭാരതി കെ. പി. എ. സി. അരങ്ങിന്റെ തിരശ്ശീല വലിച്ചു മാററുന്നു. വൃദ്ധന്‍ കറമ്പനുനേരെ ചെല്ലുന്നു.)

ഭാരതി : ഉണ്ണിത്തമ്പുരാന്റെയും തമ്പുരാട്ടിയുടേയും പ്രണയകേളികളും, നോക്കൂ, കറമ്പന്റെ മാടത്തിലായിരുന്നു. അവരുടെ പ്രണയലേഖനങ്ങള്‍പോലും ഒരു പാര്‍ട്ടി രഹസ്യമായാണവര്‍ കൈമാറിയിരുന്നത്. നിങ്ങള്‍ ഈ രംഗങ്ങള്‍ ശ്രദ്ധിച്ചു കാണുന്നുണ്ടല്ലോ. (ഗോപാലനേയും സുമത്തിനേയും സമീപിച്ച്) ങ്‌ങാ പോയാട്ടെ, പോയാട്ടെ ചോക്ലേററ് പ്രണയവും കൊണ്ട്…

(അവര്‍ ചിരിച്ചാഹ്ളാദിച്ചുകൊണ്ടു പോകുന്നതും നോക്കി കറമ്പന്‍ നില്‍ക്കുന്നു)

വൃദ്ധന്‍ : (കറമ്പനെ പിടിച്ചുകുലുക്കിക്കൊണ്ട്) കറമ്പന്‍, ഇങ്ങനെ മതിമറന്നു ചിരിക്കരുത്. ഉണ്ണിത്തമ്പുരാക്കന്മാര്‍ സഖാവേ എന്നു പുറത്തു തട്ടിയപ്പോള്‍ കോരിത്തരിച്ച് നുരഞ്ഞു പതഞ്ഞു ചിരിച്ചതായിരുന്നു നമുക്കു പററിയ തെററുകളിലൊന്ന്)

ഭാരതി : ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എഴുതുമ്പോള്‍ സഖാവ് ഭാസി ഒളിവിലായിരുന്നു. ഒരു പുലയക്കുടില്‍. സഖാവിന് ഒരു രാവും പകലും തങ്ങണം.

(കറമ്പന്‍ അവതരണ രംഗത്തില്‍ ചെയ്തതുപോലെ ഭാസിക്കുള്ള പുട്ടില്‍ വിരിക്കാന്‍ തുടങ്ങുന്നു)

അയ്യോ, അതിനെന്തോന്നാ? ഒരൊററമുറി മാടം. അല്പസമയത്തിനുശേഷം മുറിയൊരുങ്ങി.

(കറമ്പന്‍ യുവാവായ തോപ്പില്‍ഭാസിയെ കൊണ്ടുവന്നിരുത്തുന്നു)

വിരിച്ച ചിക്കുപായ. ഇരുന്നപ്പോള്‍ ചന്തി ചുടുന്നു. നോക്കിയപ്പോള്‍ അടുപ്പിന്റെ ചൂടാണ്. അടുപ്പിന്‍കല്ലു പിഴുത് വെളളമൊഴിച്ച് തണുപ്പിച്ച് പുട്ടിലും പായയുമിട്ട് സജ്ജീകരിച്ച കിടക്കയിലാണ് സഖാവിരിക്കുന്നത്. ആ അടുപ്പിന്റെ ചൂടില്‍, തനിക്കൊരു ശയ്യയൊരുക്കാന്‍ ആ പുലയ കുടുംബം അനുഷ്ടിച്ച ത്യാഗത്തിനുളള നന്ദിയില്‍, ആ പായയിലിരുന്ന് സഖാവെഴുതിയതാണ് ‘നിങ്ങളെന്നെ കണ്യുണിസ്റ്റാക്കി’ ആ അര്‍ദ്ധരാത്രിയില്‍.

ഭാരതി : എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?

കോറസ് : (പ്രവേശിച്ച് ഭാസിക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)

വൃദ്ധന്‍ : പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.

ഭാസി : (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു)

ഭാരതി : (ഭാസി പോയ വഴിയേ അല്പനേരം നേക്കിനിന്നതിനു ശേഷം) അരക്കില്ലങ്ങളില്‍ എല്ലായ്പോഴും ചുട്ടുകൊല്ലപ്പെടുന്നത് ദലിത് സ്ത്രീയും കുട്ടികളും!)

വൃദ്ധന്‍ : (കഥ പറയുന്ന രസത്തില്‍) കൌരവര്‍ പാണ്ഡവരോടു പറഞ്ഞു — ശിവമഹോത്സവം നടക്കുന്നു. ഉത്സവം കണ്ടിവിടെ കൂടുക, അരക്കില്ലത്തില്‍. അങ്ങനെ അരക്കില്ലത്തിലെത്തിയ പാണ്ഡവര്‍ ഒരു നിഷാദ സ്ത്രീയേയും അഞ്ചു മക്കളെയും അത്താഴത്തിനു ക്ഷണിച്ചു.

(തുടര്‍ന്ന് പാണ്ഡവ പ്രതിനിധിയായി — ഭീമനായി മാറിയ വൃദ്ധന്‍ നിഷാദയേയും മക്കളേയും വിളിച്ചിരുത്തി സല്ക്കരിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നിഷാദര്‍ തീയുടെ ചൂടേല്‍ക്കുമ്പോള്‍ അമ്പരക്കുന്നു. പുറം തിരിഞ്ഞുനോക്കുമ്പോള്‍ ഭീമന്‍ ഉയര്‍ന്ന തലത്തില്‍ തീപ്പന്തവുമായി നില്ക്കുകയാണ്. മററു വഴികളിലേക്കോട് രക്ഷപ്പെടാനവര്‍ ശ്രമിക്കുമ്പോള്‍ അവിടെനിന്നെല്ലാം തീപ്പന്തങ്ങള്‍ വരുന്നു. അവസാനം അവരവിടെ വെന്തെരിയുന്നു.)

ഭാരതി :കുന്തിയും പാണ്ഡവരും രക്ഷപ്പെട്ടു. ആ നിഷാദ സ്ത്രീയും മക്കളും…

വൃദ്ധന്‍ : (ഭീമന്റെ വേഷം വലിച്ചെറിഞ്ഞു കളഞ്ഞ്) പക്ഷെ, ഭാരതി, പെരുവിരല്‍ ദക്ഷിണയായി കൊടുക്കേണ്ടിവന്ന ഏകലവ്യന്‍ ഒടുവില്‍ പക വീട്ടിയില്ലേ? ശ്രീകൃഷ്ണന്റെ ഉപ്പൂററിയില്‍ കീറുകൃത്യമായി ഒരു വിഷ അമ്പ് എയ്തു തറപ്പിച്ചുകൊണ്ട്…

ഭാരതി : അങ്ങനെയാണു യദുകുലമൊടുങ്ങിയത്.

വൃദ്ധന്‍ : എല്ലാ യദുകുലങ്ങളും ഇങ്ങനെത്തന്നെയാണൊടുങ്ങുന്നത്… (പോസ്) മോളേ, നമുക്കൊരു ഭൂതകാലമുണ്ടായിരുന്നു. (വൃദ്ധന്‍ കഥ പറയാനും ഭാരതി കഥ കേള്‍ക്കാനുമൊരുങ്ങുന്നു) മോളെ ഒരിക്കല്‍ ഒരു ചായക്കടക്കാരനുണ്ടായിരുന്നു — തണ്ടാന്‍…

(പണിവേഷത്തിനൊരു പുലയന്‍. പെട്ടെന്നാരെയോ കണ്ട് തിരിഞ്ഞ് നടക്കുന്നു. ഈ സമയം മറുവശത്തുനിന്നും കയറിവരുന്നു തണ്ടാന്‍)

തണ്ടാന്‍ : ട..ട..ടാ.., നിക്കടവിടെ, നീ നാള് കൊറ ആയല്ലൊ ഒളിച്ചു നടക്കണ്…

പുലയന്‍ : തമ്പിരാ…

തണ്ടാന്‍ : കാര്യം നെനക്ക് പെട്ടെന്ന് പിടികിട്ടീ, ല്ല്യേ.. (രംഗ മദ്ധ്യത്തില്‍ ഒരു വര വരയ്ക്കുന്നു) ദാ നോക്ക്. ഇതെന്താ?

പുലയന്‍ : എന്താ? ഒരു വര..

തണ്ടാന്‍ : അതെ, വര, ഈ വര ഇങ്ങോട്ടു നീ കടക്കണമെങ്കില്‍ എന്റെ കാശ് തന്നിട്ടുപോണം.

പുലയന്‍ : (ഒന്നുമറിയാത്തപോലെ) തമ്പിരാ, കാശ്…

തണ്ടാന്‍ : ങ്ഹാ, കാശ് തന്നെ. കുറേനാള്‍ രാവിലെ കാല്‌മ്മെ കാലും കയററിവെച്ച് വന്നിരുന്ന് വിഴുങ്ങിയില്ലേ? അതന്റെ പററുവകേയ്… അത് തന്നിട്ടിവിടുന്നു നിങ്ങ്യാ മതി.

പുലയന്‍ : ഓ, അത്, അടുത്താഴ്ച

തണ്ടാന്‍ : അടുത്താഴ്ച്യേ…? ദേ, വേഷംകെട്ട് എന്റെടുത്ത് വേണ്ട. ഒന്നിനും മടിയ്ക്കാത്തോനാ ഞാന്‍, നിനക്കറിയാലോ കാശ്ങ്ങട്ട് എടുക്കടാ.

പുലയന്‍ : തണ്ടാനേ, അതു ഏന്‍…നാളെ…

തണ്ടാന്‍ : ഓഹോ! നാളെയോ? നാളെനാളെ നീളെനീളെ! നാളെ ഞാനെത്ര കണ്ടതാടാ…

(പുലയന്‍ വര കടക്കാന്‍ നോക്കുന്നു)

തണ്ടാന്‍ : (തടഞ്ഞ്) നോക്ക് — ദേ, ദേ, ദേ…വര, വര!

പുലയന്‍ : തണ്ടാനേ, എന്റെ കയ്യില് കാശൊന്നൂല്യ…

പുലയന്‍ : നിന്റെ കയ്യില്‍ എന്നാടാ പെലേനേ, കാശ്ണ്ടാവാ?

പുലയന്‍ : അത്… ഏനെങ്ങനേങ്കിലും നാളെ ഒണ്ടാക്കിത്തരാം, ഇന്ന് വിട്.

തണ്ടാന്‍ : വേണ്ട, വേണ്ട. ഈ വര ഇങ്ങോട്ടു കടക്കാന്‍ നോക്കണ്ട.

പുലയന്‍ : തമ്പിരാ… (നിസ്സഹായനായി നില്‍ക്കുന്നു)

തണ്ടാന്‍ : അതെ, തണ്ടാന്‍ തന്നെ, തമ്പിരാന്‍ തന്നെ! (കൈയും കെട്ടി പുലയന്റെ നേരെ നിലയുറപ്പിക്കുന്നു)

പുലയന്‍ : (ഗത്യന്തരമില്ലായതുകൊണ്ട് തണ്ടാന്റെ വരയ്ക്ക് സമാന്തരമായി മറ്റൊരു വര വരയ്ക്കുന്നു)

തണ്ടാന്‍ : (അമ്പരന്നു നില്ക്കുന്നു)

പുലയന്‍ : ദാ, കണ്ടോ, കണ്ടോ ഈ വര?

തണ്ടാന്‍ :കണ്ടു, ങ്, ഒരു വര. നീയും ഒരു വര വരച്ചു. ങ്ഹാ.

പുലയന്‍ : തണ്ടാനിനി ഈ വര ഇങ്ങോട്ടു കടക്കണംങ്കി എന്റെ കയ്യീന്ന് കാശ് വാങ്ങണ​. വാങ്ങ് (കൈയും കെട്ടി നില്ക്കുന്നു)

തണ്ടാന്‍ : അല്ലാ, നീയെന്താ പെലേനേ, കണ്ടിരിക്ക്ണ്? നീ എന്റെ കാശ് താ.

പുലയന്‍ : അതാ പറഞ്ഞേ. കാശ് വാങ്ങ്. ഏനൊന്നു കാണട്ടെ.

തണ്ടാന്‍ : (അല്പം താണ്) അല്ലേ, നിന്റെ കയ്യിലിപ്പം ഒന്നുല്യേ? നിന്നെപ്പോലെല്ലാരും തുടങ്ങ്യാ ഞാനെന്താ ചെയ്യാ.

പുലയന്‍ : വര്‍ത്തമാനം കൊണ്ട് പന്തിലിടണ്ട. എന്റെ കയ്യീന്ന് കാശ് വാങ്ങ്.

തണ്ടാന്‍ : (നിന്ന് വിയര്‍ക്കുന്നു)

പുലയന്‍ : ഇന്നു റൊക്കം നാളെ കടം, രാഷ്ട്രീയം പറയരുത്! (പതുക്കെ) ഏനും അച്ചരം പടിക്ക്ണ്‌ണ്ട് തമ്പ്ര.

തണ്ടാന്‍ : (രഞ്ജിപ്പിനു ശ്രമിച്ചുകൊണ്ട്) ഹല്ല, നമ്മള് രണ്ടാളും ഇവിടിങ്ങനെ നിന്ന് തര്‍ക്കിച്ചിട്ട് കാര്യല്ല്യ. ഇല്ലാത്ത കാശ് എവ്ട്ന്ന് ണ്ടാക്കാനാ, ല്ല്യേ? (വളിച്ച ചിരി. എന്നിട്ട് അയാള്‍ വരച്ച വര മെല്ലെ മായ്ക്കുന്നു) ഏതായാലും നീ കുറേ നേരായില്ലേ. ഇവിടെ ഇങ്ങനെ നിക്ക്ണ്? ഒരു ചായ കൂടി കുടിച്ചിട്ട് പെയ്ക്കൊ. നോക്ക് , കാശ് നിന്റെ കയ്യിലുണ്ടാവ്മ്പൊ തരണേ.

പുലയന്‍ : തമ്പിരാ, ഇന്ന് റൊക്കം നാളെ കടം, രാഷ്ട്രീയം പറയരുത്!

തണ്ടാന്‍ : പോടാ, നിന്റെ ഒരു തമാശ! (പുലയനേയും കൂട്ടി പോകുന്നു)

വൃദ്ധന്‍ : ഒരു വര. രണ്ട് വര. ആ രണ്ട് വരകളും കുറേക്കാലം അവിടെ കിടന്നു. പിന്നീട്…

ഭാരതി : സഖാവേ, സഖാവിന്റെ വര മാഞ്ഞുമാഞ്ഞു പോയി. തണ്ടാന്റെ വര, തമ്പ്രാന്റെ വര തെളിഞ്ഞുതെളിഞ്ഞു വരുന്നു.

വൃദ്ധന്‍ : ആരാണാ പഴയ വര വീണ്ടും വരയ്ക്കാന്‍? ദലിതന്റെ ആ പഴയ വര വീണ്ടും വരയ്ക്കാന്‍?

ഭാരതി : എവിയെടാണ് സഖാവേ, നമ്മുടെ ജാഗ്രത ഇടറിപ്പോയത്?

വൃദ്ധന്‍ : ദലിതര്‍ക്ക് ആത്മബോധം നിലനിര്‍ത്താനായില്ല. നേതൃത്വത്തില്‍ ഉണ്ണിത്തമ്പുരാക്കന്മാര്‍ വന്നു. പുതുതായി സാമൂഹ്യ മാന്യത കിട്ടിയ ഇടത്തരക്കാര്‍ പ്രസ്ഥാനം ‌പിടിച്ചെടുത്തു. പിന്നീട് കേരളീയ സമൂഹത്തിന്റെ വേലിയിറക്കമായി. വേലിയേററങ്ങള്‍ കൊണ്ടുവന്നതെല്ലാം വേലിയറക്കങ്ങള്‍ നിഷ്ക്കരുണം തിരിച്ചു കൊണ്ടുപോയി.

ഭാരതി : എത്രയോ പോരാട്ടങ്ങള്‍, മുന്നേററങ്ങള്‍… ഒഞ്ചിയം…കയ്യൂര്‍…മൊറാഴ…ഇടപ്പളളി…ശുരനാട്…തൃശ്ശീലേരി…തിരുനെല്ലി… (പോസ്) ഇപ്പോള്‍ നമ്മടേത് ഒരു ഉപഭോക്തൃ

കോളനി. നെടുനീളത്തിലൊരു സൂപ്പര്‍മാര്‍ക്കററ്!… പാട്ടുകാരന്‍ നാളെയും ഗാട്ടുകാരനല്ലോ എന്ന് നിങ്ങളന്നു പാടി. ഇന്ന് ഗാട്ടുകാരന്‍ നാളെയുടെ പാട്ടു പാടുന്നു. ദുഃഖം തോന്നുന്നുണ്ടോ, പശ്ചാത്താപം?

വൃദ്ധന്‍ : ദുഃഖമുണ്ട്. പക്ഷേ പശ്ചാത്താപമൊട്ടുമില്ല. എന്തിന് പശ്ചാത്താപം? ഇനിയുമൊരു ജന്മം കിട്ടിയാല്‍, ഞാന്‍ ഇതുപോലെതന്നെ ജീവിക്കും. ഒരൊററ തെററു മാത്രം തിരുത്തും. ചെങ്കൊടി മറ്റാരും പിടിച്ചു വാങ്ങാന്‍ അനുവദിക്കില്ല. നാം തന്നെ ചെങ്കൊടി ഉയര്‍ത്തിയുയര്‍ത്തിപ്പിടിക്കും. മുന്നില്‍ നിന്നുതന്നെ.

(കോറസ് പഴയ സാര്‍വ്വദേശീയ ഗാനത്തിന്റെ തുടര്‍ച്ചയുമായി പ്രത്യക്ഷപ്പെടുന്നു.)

കോറസ് :

നിയമമിന്നു ചതികള്‍ കൊണ്ടടിച്ചമര്‍ത്തിടുന്നു നമ്മെ
രുധിരമൂററിടുന്നു കൂലിയടിമ സമ്പ്രദായവും
ധനികനില്ല കടമകള്‍, നിയമമവശനൊരു കെണി
അലസരായ് മയങ്ങി നമ്മളടിമയായിയേറെ നാള്‍
സ്ഥിതി സമത്വ നിയമമൊന്നു വേറെ, സമതയിങ്ങനെ
പറയും: ഇല്ല കടമയെങ്കിലില്ല ഇല്ലായൊരവകാശവും
ഇല്ല കടമയെങ്കിലില്ല ഇല്ലയൊരവകാശവും
സ്വന്തമാക്കുവാനൊരാള്‍ക്കുമാവുകില്ല തുല്യരെ

ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്ക്കുവിന്‍
അഖിലലോക ഗാനമിത്
മനുഷ്യ വംശമാകും

വൃദ്ധന്‍ : ചെങ്കൊടി കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ നമുക്ക് എന്താണുളളത്?

(കോറസ് തുടരുന്നു)

കോറസ് :

നമ്മളെന്ത് ചെയ്യണം?
നമ്മള്‍ നിശ്ചയിക്കണം
നമ്മള്‍ നിശ്ചയിച്ചുറച്ചു
വേണ്ടപോലെ ചെയ്യണം
ഒടിവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്ക്കുവിന്‍
അഖിലലോക ഗാനമിതു
മനുഷ്യ വംശമാകും…
ഉണരുവിന്‍, ഉയരുവിന്‍, പട്ടിണിയുടെ തടവുകാരേ,
നിങ്ങളുണരുവിന്‍, നിങ്ങളുയരുവിന്‍…

ഭാരതി : നമുക്ക് തമ്പുരാന്‍സഖാക്കള്‍ പോരാ, നമുക്കിടയില്‍ നിന്നുതന്നെ സഖാക്കളുണ്ടാകണം. കടുന്തുടിയുണ്ടാക്കിയ കുലത്തില്‍ ഔവ്വയാര്‍ അന്യം നിന്നുകൂടാ. നമുക്ക് നമ്മുടെ കവിതകള്‍ വേണം. നമ്മുടെ നേതാക്കള്‍, ചിത്രകാരന്മാര്‍, ഗായകര്‍, ചിന്തകര്‍. പറയിപെററ പന്തിരു കുലമിത്.

കോറസ് : (ആവര്‍ത്തിച്ചുകൊണ്ട് രംഗം വിടുന്നു)

(വാച്ച്മാന്‍ ഒരു കുപ്പിയില്‍നിന്ന് മോന്തി, മറ്റേ കുപ്പി കക്ഷത്തുവെച്ച് ആടിയാടി വരുന്നു. ഭാരതിയും വൃദ്ധനും നേക്കിനിന്നുപോകുന്നു)

ഭാരതി : സഖാവ് കേട്ടിട്ടില്ലേ? ഇയ്യാള്‍ പണീഷ്മെന്റ് ട്രാന്‍സ്ഫറായി വന്നതാണത്രേ. വടക്കെങ്ങോ ഒരോഫീസിലായിരുന്നു. സാറിന് കണ്ണൊന്നു തുറക്കണമെങ്കില്‍ കൂപ്പി വേണം. ഒരു ദിവസം കുപ്പികളുമായി നാട്ടുകാര്‍ സാറിനെ മുഖം കാണിക്കാനെത്തി. അന്ന് ലീവ് പോലും എഴുതിവെയ്ക്കാതെ ഓടിപ്പോന്നതാത്രേ. പിന്നീടാ ഇങ്ങോട്ട് ട്രാന്‍സ്ഫറായത്.

വാച്ച് : (കൈകൂപ്പി) അല്ല, പോയില്ല, അല്ലേ? ശകുനം മഹാമോശം. നൂറടിക്കാനുമൊത്തില്ല. അതെങ്ങിന്യാ. ചാരായഷാപ്പിനുമുമ്പി ചൂലും ചാണക വെളളാമായി പെണ്ണുങ്ങളുംമ കുട്ട്യോളും, കാവല്‍! പിന്‍വാതിലിലൂടെ സേല്‍സ്‌മാന്‍ സഖാവ് പൊക്കിത്തന്നതാ. (പോസ്) ഒന്നുപോ, പോകൂ സഖാക്കളേ. ചുടുകാട്ടിലും രാഷ്ട്രീയമോ? പട പേടിച്ച് പന്തളത്തു ചെന്നപ്പോ, പന്തം കൊളുത്തിപ്പട! ഒന്നു വെറുതെയിരിക്കട്ടെ സഖാവേ. അല്പനേരം വെറുതെയിരിക്കട്ടെ (ഒന്നുകൂടി മോന്തുന്നു) ഈ നാടകമൊന്നു വായിച്ചു തീര്‍ക്കാനുമായില്ല. അപ്പോഴേക്കും വരും ഉത്തരവുകള്‍! സര്‍, സര്‍, സര്‍ന്ന് പറഞ്ഞ് കുനിഞ്ഞുനില്ക്കണ്ടേ? നീര്‍ക്കോലി കടിക്കരുതല്ലോ. അത്താഴം മുടങ്ങരുതല്ലോ. (വാച്ച്ടവറില്‍ കയറി പുസ്തകം നിവര്‍ത്തുന്നു. വായിക്കുന്നു)