പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 14
പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 14 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 35 |
‘ഇവൾക്കെന്തു പറ്റീ?’ ലക്ഷ്മി ഭർത്താവിനോടു ചോദിച്ചു. ‘കുറേക്കാലത്തിന് ശേഷാണ് അവൾ ഇങ്ങിനെ നന്നായി സംസാരിക്കണത്.’
‘നീയിപ്പൊ അവള്‌ടെ മൂഡ് കേടുവരുത്ത്ണില്ല. അത് തന്നെ. അവൾക്ക് കല്യാണം വേണംന്ന് തോന്നുമ്പോ നമുക്ക് അന്വേഷിക്കാം.’
‘അല്ല ഇതിപ്പൊ രണ്ടാമത്തെ ദിവസല്ലെ അവള് വിളിക്കുണു. മറ്റത് ഫോൺ ഓഫാക്കിയിട്വല്ലെ ചെയ്യാറ്.’
‘എന്തായാലും ഇനി അതുമിതും പറഞ്ഞിട്ട് അവള്‌ടെ മൂഡ് കേടുവരുത്തണ്ട.’
‘അപ്പൊ ജാതകം ചേർന്ന മൂന്ന് പ്രൊപോസലുകള് എന്താ ചെയ്യാ?’
‘അത് വെറുതെ അവൾക്ക് ഇ–മെയ്‌ലായി അയച്ചുകൊടുത്തേയ്ക്ക്. നിന്റെ കമന്റ്‌സൊന്നുംല്ല്യാതെ. ജാതകം ഒത്തിട്ട്ണ്ട്ന്ന് മാത്രം പറഞ്ഞാൽ മതി. ഇനി മുന്നോട്ട് പോണോന്നും ചോദിക്ക്യ.’
നാളെയാണ് ഡി–ഡേ. അച്ഛനമ്മമാരുടെ അഭിപ്രായപ്രകടനങ്ങളിൽ നിന്നകന്ന് ബാംഗളൂരിൽ ഫ്‌ളാറ്റിന്റെ ഏകാന്തതയിൽ ഇരുന്ന് അഞ്ജലി ആലോചിച്ചു. ഏത് ഡ്രസ്സാണ് ഉടുക്കേണ്ടത്? ചൂരിദാർ വേണ്ടെന്ന് തീർച്ചയാക്കി. ജീൻസും ടോപ്പുമായാലോ? ആരോടും ചോദിക്കാനില്ല. അതുകൊണ്ട് ചോദ്യവും മറുപടിയും തന്നോടുതന്നെ വേണം. അവൾ ജീൻസും അവൾക്കിഷ്ടപ്പെട്ട ടോപ്പും മാറ്റിവച്ചു.
കിടക്കുന്നതിനുമുമ്പ് അവൾ ഇ–മെയ്ൽ എടുത്തുനോക്കി. അതിൽ അമ്മയുടെ കത്തും ഒപ്പം നിറയെ അറ്റാച്ച്‌മെന്റ്‌സുമാണ്. ഒന്നും വായിച്ചുനോക്കുകകൂടി ചെയ്യാതെ അവൾ ട്രാഷ് ബിന്നിലേയ്ക്ക് ഡിലീറ്റുചെയ്തു.
ജിവിതത്തിലാദ്യമായി ഒരു പയ്യന്റെ ഒപ്പം ലഞ്ചിനു പോകുന്നു. അഞ്ജലി ഓർത്തു. അതിന്റെ മാധുര്യത്തിൽ അവൾ ഉറക്കമായി.
ശനിയാഴ്ചയാണ് അവൾ അടുക്കളയിലേയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങുക. മാർക്കറ്റിൽ പോയി പച്ചക്കറികൾ വാങ്ങും. കമല ആവശ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റുനോക്കി വേണ്ട പലചരക്കുകൾ ഓർഡർ ചെയ്യും. ഭാഗ്യത്തിന് പലചരക്കുകൾ കടയിൽ പോയി ഓർഡർ ചെയ്താൽ വീട്ടിലെത്തിച്ചുതരും. ഇസ്തിരിക്കാരിയുടെ വരവും അന്നുതന്നെ. അതിനിടയ്ക്ക് കമലയുണ്ടാക്കിയ പ്രാതൽ കഴിച്ചെന്നു വരുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിഭക്ഷണത്തിനു പുറമെ ഉച്ചഭക്ഷണവും ഉണ്ടാക്കാറുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം വേണ്ടെന്ന് കമലയോടു പറഞ്ഞു. അവൾക്കതിന്റെ കാരണം അറിയണം. പൊട്ട സ്വഭാവാണ്. എവിടെയാണ് കുത്തിയിട്ടത്, എവിടെയാണ് മുളച്ചത് എന്നൊക്കെ അറിയണം. അവൾ പറഞ്ഞു.
‘എനിക്കിന്ന് ഓഫീസിൽ ജോലിണ്ട്.’
എല്ലാം കഴിഞ്ഞ് കമലയെ ആട്ടിപ്പുറത്താക്കി കുളികഴിഞ്ഞു നോക്കിയപ്പോൾ സമയം പതിനൊന്നേമുക്കാല്. ദൈവമേ, ആ മനുഷ്യൻ പന്ത്രണ്ടരയ്ക്കു എത്താമെന്നാണ് പറഞ്ഞിരിക്കണത്. അവൾ ധൃതിയിൽ പുറപ്പെട്ടു.
പുറപ്പെട്ട് താഴത്തെത്തിയപ്പോൾ സമയം പന്ത്രണ്ടേകാൽ. ഭാഗ്യത്തിന് ഗെയ്റ്റിനു പുറത്തുതന്നെ ഓട്ടോ ഉണ്ടായിരുന്നു. റെസ്റ്റോറണ്ടിനു മുമ്പിൽത്തന്നെ സുഭാഷ് കാത്തുനിന്നിരുന്നു. അവൾ വാച്ചുനോക്കി. പന്ത്രണ്ട് മുപ്പത്തഞ്ച്.