close
Sayahna Sayahna
Search

ഭാഷാസാഹിത്യം






Contents

ഭാഷാസാഹിത്യം

ക്രി: പി: പതിനഞ്ചാം ശതകം


കൃഷ്ണഗാഥ, ഉപക്രമം

മലയാളഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളില്‍ അഗ്രിമസ്ഥാനത്തെ അര്‍ഹിക്കുന്നതു് ഏതാണെന്നുള്ള ചോദ്യത്തിനു സഹൃദയന്മാര്‍ ഏകകണ്ഠമായി നല്കുന്ന ഉത്തരം ʻകൃഷ്ണഗാഥʼയെന്നായിരിക്കും. അതിന്റെ സമാനകക്ഷ്യയെ അധിരോഹണം ചെയ്യുവാന്‍ അന്യകാവ്യങ്ങള്‍ക്കൊന്നിനും അധികാരിഭാവമില്ല. നമ്മുടെ സാഹിത്യ നഭോവീഥിയില്‍ നമുക്കു് ഭാസുരങ്ങളായ പല ജ്യോതിര്‍ഗ്ഗോളങ്ങളേയും സമീക്ഷിക്കാവുന്നതാണു്; എന്നാല്‍ പരിപൂര്‍ണ്ണമായ ശരച്ചന്ദ്രബിംബം ʻഏകമേവാദ്വിതീയʼമായി മാത്രമേ അവിടെ പ്രകാശിക്കുന്നുള്ളു. അതു കൃഷ്ണഗാഥയല്ലാതെ മറ്റൊന്നുമല്ല എന്നു് ഏതു സഹൃദയനും സധൈര്യം സമര്‍ത്ഥിക്കുവാന്‍ സാധിക്കുന്നതാണു്.

കൃഷ്ണഗാഥയുടെ നാമാന്തരങ്ങള്‍

കൃഷ്ണഗാഥയ്ക്കു കൃഷ്ണപ്പാട്ടെന്നും ചെറുശ്ശേരിയെന്നും നാമാന്തരങ്ങള്‍ കാണുന്നു. ʻഗൈഗാനേʼ എന്നു സംസ്കൃതത്തില്‍ ഒരു ധാതുവുണ്ടു്. അതില്‍നിന്നു നിഷ്പന്നമായ ഒരു പദമാണു് ʻഗാഥാʼ. പ്രാകൃതഭാഷയിലെ കാവ്യങ്ങള്‍ക്കു ഗാഥകള്‍ എന്നു പേരുണ്ടു്. ചെന്തമിഴില്‍ അതു് ʻകാതൈʼ എന്ന രൂപം കൈക്കൊണ്ടു ʻപാട്ടു്ʼ എന്ന അര്‍ത്ഥത്തില്‍ പ്രയുക്തമായിത്തീര്‍ന്നു. ചിലപ്പതികാരത്തിലും മണിമേഖലയിലും ദ്രാവിഡമഹാകാവ്യത്തിന്റെ സര്‍ഗ്ഗവി ഭാഗം എന്ന അര്‍ത്ഥത്തില്‍ ആ പദം ഉപയോഗിച്ചിട്ടുണ്ടെന്നു് നാം കണ്ടുവല്ലൊ.

ʻʻബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ്ച്ചൊല്ലുന്നു ഭാഷയായിˮ
ʻʻഗാഥയെക്കൊണ്ടിവന്‍ പാതകം പൂണ്ടോരെ-
പൂതന്മാരാക്കിനാന്‍ നീതിയാലേˮ

എന്നും മറ്റും കൃഷ്ണഗാഥയില്‍ അവിടവിടെയായിക്കാണുന്ന ഗാഥാശബ്ദത്തിനു ദ്രാവിഡഭാഷാഗാനം (പാട്ടു്) എന്നേ അര്‍ത്ഥമുള്ളൂ. തന്നിമിത്തം കൃഷ്ണഗാഥയും കൃഷ്ണപ്പാട്ടും പര്യായപദങ്ങള്‍തന്നെയാണു്. എന്നാല്‍ കൃഷ്ണപ്പാട്ടില്‍ കവി സ്വീകരിച്ച വൃത്തത്തില്‍ വിരചിതങ്ങളായ പാട്ടുകള്‍ക്കു മാത്രമേ ʻഗാഥʼ എന്ന സംജ്ഞ അനന്തരകാലികന്മാര്‍ നല്കിക്കാണുന്നുള്ളൂ എന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ടു്.

കവിയുടെ ദേശം

ʻʻപാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവര്‍മ്മന്‍,
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍ʼ

എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും,

ʻʻആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവര്‍മ്മണഃ
കൃതായാം കൃഷ്ണഗാഥായാം കൃഷ്ണസ്വര്‍ഗ്ഗതിരീരിതാˮ

എന്നു് അവസാനത്തിലും അതേമാതിരിയില്‍ പല കഥകളുടേയും അവസാനത്തില്‍ ഇടയ്ക്കിടയ്ക്കും കാണുന്ന വ്യക്തങ്ങളായ പ്രസ്താവനകളില്‍നിന്നു കൃഷ്ണഗാഥാകാരന്‍ കോലത്തുനാട്ടു് ഉദയ വര്‍മ്മരാജാവിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും വെളിവാകുന്നു. കവിയും കോലത്തുനാട്ടുകാരനായിരിക്കുവാന്‍ ഇടയുണ്ടു്; ഈ മതത്തെപ്പറ്റി ആര്‍ക്കും വിപ്രതിപത്തിയുമില്ല.

പേരും കാലവും, ചില പഴയ അഭിപ്രായങ്ങള്‍

ചെറുശ്ശേരി എന്നുകൂടി കൃഷ്ണഗാഥയ്ക്കു പേരുണ്ടെന്നു മുന്‍പു പ്രസ്താവിച്ചുവല്ലോ. വടക്കര്‍ പ്രായേണ കൃഷ്ണഗാഥയെന്നും കൃഷ്ണപ്പാട്ടെന്നും പറയുന്ന ഈ കാവ്യത്തെ തെക്കര്‍ ʻചെറുശ്ശേരിʼ എന്ന പേരിലാണു് വ്യവഹരിച്ചുവരുന്നതെന്നും അതു കവിയുടെ ഇല്ലപ്പേരാണെന്നും അദ്ദേഹം കൊല്ലം 650-നും 750-നും ഇടയ്ക്കു ജീവിച്ചിരുന്നിരിക്കണമെന്നും അദ്ദേഹത്തിന്റെ വംശജനായ ഒരു നമ്പൂരിവടക്കു ചെറുകുന്നത്തു ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരിക്കുന്നുണ്ടെന്നും ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ അദ്ദേഹത്തിന്റെ ഭാഷാചരിത്രത്തില്‍ ഇദംപ്രഥമമായി ഉപന്യസിച്ചു. ആ മതം ശരിയല്ലെന്നും ചെറുകുന്നത്തു ക്ഷേത്രം സ്ഥിതിചെയ്യുന്ന കുറുമ്പ്രനാട്ടുതാലൂക്കില്‍ വടകര എന്ന സ്ഥലത്തു ചെറുശ്ശേരി എന്ന പേരില്‍ ഒരില്ലമില്ലെന്നും അതിനാല്‍ ആ കുടുംബത്തില്‍ ജനിച്ച ഒരു നമ്പൂരി പ്രസ്തുതക്ഷേത്രത്തില്‍ ശാന്തിക്കാരനാണെന്നു പറയുന്നതു് നിരാസ്പദമാണെന്നും കൃഷ്ണഗാഥയുടെ കര്‍ത്താവു പുനംനമ്പൂരിയാണെന്നത്രേ വടക്കേ മലയാളത്തില്‍ പ്രചരിക്കുന്ന ഐതിഹ്യമെന്നും കടത്തനാട്ടു് ഉദയവര്‍മ്മ തമ്പുരാന്‍ വിമര്‍ശിച്ചു. കൃഷ്ണഗാഥാകാരന്‍ പുനംനമ്പൂരിയാണെന്നുള്ളതു് ഉത്തരകേരളത്തിലെ ഒരു പഴയ ഐതിഹ്യമാണെന്നു് ഇരുവനാട്ടു കെ. സി. നാരായണന്‍നമ്പിയാരുടെ മുഖത്തുനിന്നു് എനിക്കും കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ടു്. കടത്തനാട്ടു തമ്പുരാന്റെ ആ പ്രസ്താവനയ്ക്കുശേഷം ഗവേഷകന്മാര്‍ ചെറുശ്ശേരിയോ പുനമോ കൃഷ്ണഗാഥയുടെ കര്‍ത്താവു് എന്ന വിഷയത്തെപ്പറ്റി പല വാദപ്രതിവാദങ്ങളും നടത്തീട്ടുണ്ടു്. അവയുടെ ചരിത്രം ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മംഗളമാലയില്‍ അപ്പന്‍തമ്പൂരാന്‍ തിരുമനസ്സുകൊണ്ടു് ʻʻഉത്തരകേരളത്തില്‍ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ടു തറവാടുകള്‍ ഉണ്ടായിരുന്നതില്‍ ഒന്നു മറ്റൊന്നിലേക്കു് ഒതുങ്ങിയെന്നു കേട്ടിട്ടുണ്ടു്.ˮ എന്നു വളരെക്കാലം മുന്‍പു രേഖപ്പെടുത്തീട്ടുള്ള വസ്തുത പ്രകൃതത്തില്‍ സ്മരണീയമാണു്.

പുതിയ ഗവേഷണഫലങ്ങള്‍

ഉദയവര്‍മ്മ കോലത്തിരിയേയും അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായ കൃഷ്ണഗാഥാകാരനേയും പറ്റി സൂക്ഷ്മമായി എന്തെങ്കിലും വിവരങ്ങള്‍ അറിയണമെങ്കില്‍ അതിനുള്ള പ്രധാനമാര്‍ഗ്ഗം ചിറയ്ക്കല്‍കോവിലകത്തെ ഗ്രന്ഥങ്ങളുടെ പരിശോധനയാണല്ലോ. 1087-ല്‍ ഭാരതഗാഥ പ്രസിദ്ധീകരിച്ചപ്പോള്‍ ഇപ്പോഴത്തെ ചിറയ്ക്കല്‍ വലിയതമ്പുരാന്‍ 250 സംവത്സരങ്ങള്‍ക്കു മുന്‍പു് ആ കോവിലകത്തു് ഉദയവര്‍മ്മന്‍ എന്ന പേരോടുകൂടി ഒരു രാജാവുണ്ടായിരുന്നുവെന്നും അവിടുത്തെ പ്രധാനസേവകന്‍ വിദ്വാനായ ഒരു നമ്പൂരി കവിയായിരുന്നുവെന്നും കൃഷ്ണഗാഥ, ഭാരതഗാഥ എന്നീ രണ്ടു കൃതികളുടേയും കര്‍ത്താവു് അദ്ദേഹമാണെന്നും പ്രസ്താവിക്കുകയുണ്ടായി. കൃഷ്ണഗാഥാകാരന്‍ ജീവിച്ചിരുന്നതു കൊല്ലം ഒന്‍പതാം ശതകത്തിനു വളരെ മുന്‍പായിരിക്കണം എന്നു ഭാഷയുടെ പഴക്കംകൊണ്ടു വ്യക്തമാകയാല്‍ ആ പ്രസ്താവനയെ അന്യഗവേഷകന്മാര്‍ ആരുംതന്നെ അംഗീകരിച്ചില്ല. അതില്‍പ്പിന്നീടു് ഏഴെട്ടു കൊല്ലങ്ങള്‍ക്കു മുന്‍പു് അദ്ദേഹത്തിന്റെ പുത്രന്‍ ടി. ബാലകൃഷ്ണന്‍നായര്‍ ചിറയ്ക്കല്‍കോവിലകത്തെ ഗ്രന്ഥപ്പുര നിപുണമായി പരിശോധിക്കുകയും പ്രകൃതോപയോഗികളായ പല വിവരങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അവയെ താഴെക്കാണുന്ന വിധത്തില്‍ സംഗ്രഹിക്കാം: ഉത്തരകേരളത്തില്‍പ്പെട്ട കോട്ടയം താലൂക്കില്‍ ʻകാവില്‍പുനംʼ എന്നൊരു നമ്പൂരിയില്ലം ഇന്നും നിലനിന്നു പോരുന്നു. നൂറ്റാന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു് ആ ഗൃഹം ചിറയ്ക്കല്‍ താലൂക്കില്‍ പള്ളിക്കുന്നു് (ശങ്കരകവിയുടെ ʻവിഹാരാചലംʼ) എന്ന ദേശത്തില്‍ പെട്ടതായിരുന്നു. പ്രസ്തുത ഗൃഹമുള്‍പ്പെട്ട ഗ്രാമത്തിനു കാനത്തൂര്‍ ഗ്രാമമെന്നാണു പേര്‍. അക്കാലത്തു കോലത്തുനാട്ടിന്റെ തലസ്ഥാനം വള(വളര്‍)പട്ടണം കോട്ടയായിരുന്നു. അതിനുപുറമെ കോലത്തിരിക്കു വേറേയും പതിനൊന്നു കോട്ടകള്‍കൂടി ഉണ്ടായിരുന്നതായും അവ പന്ത്രണ്ടും പന്ത്രണ്ടു ചേരിക്കലുകളുടെ (ചേരിക്കല്ലുകളുടെ) തലസ്ഥാനങ്ങളായിരുന്നതായും കാണുന്നു. ആ ചേരിക്കല്ലുകളില്‍ ഒന്നാണു് ചെറുശ്ശേരി; ചെറുശ്ശേരിയിലെ ഏകഗ്രാമമാണു് കാനത്തൂര്‍. കൊല്ലം 547-ല്‍ മേല്പടി ഗ്രാമത്തില്‍ ചെറുശ്ശേരിയെന്നും പൊനമെന്നും രണ്ടില്ലമുണ്ടായിരുന്നതായി രേഖയുണ്ടു്. അന്നു നിലവിലിരുന്ന പതിനൊന്നില്ലങ്ങളില്‍ ചെറുശ്ശേരിയുള്‍പ്പെടെ രണ്ടില്ലങ്ങള്‍ 790-നു മുന്‍പു് അന്യംനിന്നുപോയി എന്നുള്ളതിനും രേഖ കാണുന്നു. ചെറുശ്ശേരി ഇല്ലത്തിനു ചെറുശ്ശേരിച്ചേരിക്കലിന്റെ പേര്‍ സിദ്ധിച്ചതു് അതു കാനത്തൂര്‍ ഗ്രാമത്തിലെ ഒരു പ്രധാനഗൃഹമാകയാലായിരിക്കാം. കോലസ്വരൂപത്തിലെ കുലദേവതയായ തിരുവര്‍കാട്ടുകാവില്‍ ഭഗവതിയുടെ തേവാരിസ്ഥാനവും മറ്റും പൊനത്തില്ലത്തേക്കായിരുന്നതിനാല്‍ ആ ഇല്ലത്തിനും പ്രാധാന്യമുണ്ടായിരുന്നു. ഇത്രയും ഗ്രന്ഥവരിയെ ആസ്പദീകരിച്ചുള്ള വിവരങ്ങളാകയാല്‍ അപ്രതിഷേധ്യങ്ങളാണു്. ഇവയോടു് അനുബന്ധിച്ചു ചെറുശ്ശേരിഇല്ലത്തു് ഒരിക്കല്‍ ഒരു ഉണ്ണിനമ്പൂരിമാത്രം അവശേഷിക്കുകയും അദ്ദേഹത്തെ പൊനത്തില്ലത്തേക്കു ദത്തെടുക്കുകയും ചെയ്തു എന്നു് ഒരൈതിഹ്യശകലവും ഉണ്ടു്.

ഉദയവര്‍മ്മ കോലത്തിരി

ശങ്കരകവിയുടെ പരിപോഷകനായ കോലത്തുനാട്ടു കേരളവര്‍മ്മരാജാവു് കൊല്ലം 621-ല്‍ തീപ്പെടുകയും അദ്ദേഹത്തിന്റെ ഭാഗിനേയനും യുവരാജാവുമായ രാമവര്‍മ്മാ 618-ല്‍ത്തന്നെ അന്തരിക്കുകയും കേരളവര്‍മ്മാവിനെ തുടര്‍ന്നു 621 മുതല്‍ 650 വരെ ഉദയവര്‍മ്മരാജാവു് നാടു വാഴുകയും ചെയ്തതായി മുന്‍പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ തമ്പുരാന്റെ കാലത്തു്, 625-ല്‍, നാട്ടില്‍ പുഷ്ടിയുണ്ടായിരുന്നതായി ചിറയ്ക്കല്‍ ഗ്രന്ഥവരിയില്‍നിന്നു് ഒരു രേഖ ബാലകൃഷ്ണന്‍ നായര്‍ ഉദ്ധരിക്കുന്നുണ്ടു്. 627-ല്‍ അദ്ദേഹം ധര്‍മ്മടത്തുവച്ചു സാമൂതിരിപ്പാടുമായി സഖ്യം ചെയ്യുകയും 629 മകരം 16-ആംനു ʻപൊനത്തില്‍ ചങ്കരന്‍നമ്പിടിക്കുʼ ചില സ്ഥാനമാനങ്ങളും വീരചങ്ങലയും സമ്മാനിക്കുകയും പിറ്റെന്നാള്‍ പൊനത്തില്‍ കുഞ്ഞുനമ്പിടിയെ സാമൂതിരിക്കോവിലകത്തേക്കു് അയയ്ക്കുകയും ചെയ്തു എന്നുള്ളതിനും അദ്ദേഹം രേഖകള്‍ കാണിക്കുന്നു. നമ്പൂരിമാരെ ഉത്തരകേരളത്തില്‍ നമ്പിടിമാരെന്നു പറയുന്നതു സാധാരണമാണു്.

ചിറയ്ക്കല്‍ കോവിലകത്തെ ചില താളിയോലഗ്രന്ഥങ്ങള്‍

ചിറയ്ക്കല്‍ കോവിലകത്തെ ഒരു ഗ്രന്ഥത്തില്‍ ʻകൊല്ലം 702-ല്‍ തലൂല് മാധവവാരര് എഴുതിത്തീര്‍ത്ത കൃഷ്ണപ്പാട്ടിനെ വാലുശ്ശേരിക്കോട്ടയില്‍ രാഘവന്‍ കരലിഖിതം....പൊനത്തില്‍ ശങ്കരന്‍നമ്പിടി രചിച്ച കൃഷ്ണപ്പാട്ടു സമാപ്തംˮ എന്നൊരു കുറിപ്പു കാണുന്നു. അതു പകര്‍ത്തിയെഴുതിയതു 995-ല്‍ ആണു്. 780-ലെ മറ്റൊരു ഗ്രന്ഥത്തില്‍ ʻപൊനം നമ്പിടിയുടെ കൃഷ്ണപ്പാട്ടു്ʼ എന്നും എഴുതീട്ടുണ്ടു്. ഈ കുറിപ്പുകള്‍ പകര്‍ത്തിയെഴുതിയ ആളിന്റെ കൈപ്പടയാണെന്നു പരിശോധനയില്‍ എനിക്കു തോന്നീട്ടില്ല. എങ്കിലും ഇവ സമീപകാലത്തു് എഴുതിച്ചേര്‍ത്തിട്ടുള്ളവയല്ലെന്നും സമ്മതിയ്ക്കാവുന്നതാണു്.

എന്റെ അഭിപ്രായം

ഈ വിഷയത്തില്‍ ലഭിച്ചിടത്തോളമുള്ള രേഖകളെപ്പറ്റി കൂലങ്കഷമായി വിവേചനം ചെയ്തതില്‍ എനിക്കു താഴെ സംക്ഷേപിക്കുന്ന അഭിപ്രായമാണു് തോന്നുന്നതു്. കൃഷ്ണഗാഥാകാരന്‍ ആ ഗ്രന്ഥം രചിച്ചതു് 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്ത ഉദയവര്‍മ്മ കോലത്തിരിയുടെ കാലത്തുതന്നെയാണു്. അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേര്‍ ചെറുശ്ശേരി എന്നായിരുന്നു. ദത്തുണ്ടായി എന്ന ഐതിഹ്യവും ചിറയ്ക്കല്‍ കോവിലകത്തെ ആദര്‍ശഗ്രന്ഥങ്ങളില്‍ കാണുന്ന പുറത്തോലകളിലെ കുറിപ്പുകളും ശരിയാണോ എന്നു തീര്‍ച്ചപറയാന്‍ നിവൃത്തിയില്ല. അവ വസ്തുസ്ഥിതിയെയാണു് നിര്‍ദ്ദേശിക്കുന്നതെങ്കില്‍ കവിയുടെ നാമധേയം ശങ്കരനാണെന്നു് അനുമാനിക്കാം. ഉദയവര്‍മ്മകോലത്തിരിയുടെ വാഴ്ചക്കാലത്തിന്റെ പ്രാരംഭത്തില്‍ അദ്ദേഹം കൃഷ്ണഗാഥ രചിച്ചിരിക്കാം. പിന്നീടാണു് ചെറുശ്ശേരിയില്ലം പൊനത്തില്‍ ലയിച്ചതു്. അതു് 629-ആമാണ്ടിനു മുന്‍പായിരിക്കാം. ആ ലയനത്തിനു പറയുന്ന കാരണം യുക്തിസഹമായിരിക്കുന്നില്ല. ചെറുശ്ശേരി ഇല്ലത്തില്‍ ഒരു ഉണ്ണിനമ്പൂരിമാത്രം ശേഷിച്ചാല്‍ പൊനത്തില്‍നിന്നു് ആ ഇല്ലത്തേക്കല്ലേ ദത്തുകൊള്ളേണ്ടതു്? എന്നുതന്നെയുമല്ല ദത്തു് ഉദയവര്‍മ്മാവിന്റെ കാലത്താണെങ്കില്‍ ചെറുശ്ശേരി ഒരു ഉണ്ണിനമ്പൂരിയായിരിക്കുവാന്‍ തരവുമില്ല. 628-ല്‍ അദ്ദേഹത്തെ വലിയ നമ്പിടി എന്നാണല്ലോ രേഖപ്പെടുത്തിക്കാണുന്നതു്. അതുകൊണ്ടു രണ്ടില്ലങ്ങളും ഏകീഭവിച്ചതിനു വേറേ എന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കണം. ചെറുശ്ശേരിയില്ലം ഒരു കാലത്തു കാനത്തൂര്‍ ഗ്രാമത്തില്‍ പ്രധാനമായിരുന്നു എങ്കിലും പ്രസ്തുത ഘട്ടത്തില്‍ അതു ക്ഷീണദശയെ പ്രാപിച്ചിരുന്നു എന്നും ഉദയവര്‍മ്മകോലത്തിരിക്കു് അതിന്റെ നില ഉയര്‍ത്തണമെന്നു് ആഗ്രഹം ജനിച്ചുവെന്നും പൊനത്തില്ലത്തില്‍ ആളില്ലാതെ വരികയാല്‍ ചെറുശ്ശേരി ഇല്ലത്തെ അംഗങ്ങളെ അതിനു് അവകാശികളാക്കിയെന്നും അതിനുവേണ്ട ചാര്‍ച്ച ആ രണ്ടില്ലങ്ങള്‍ക്കും തമ്മില്‍ മുന്‍പിനാലേ ഉണ്ടായിരുന്നു എന്നും സങ്കല്പിക്കുന്നതില്‍ വലിയ അപാകമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചെറുശ്ശേരി ശങ്കരന്‍ എന്ന വലിയ നമ്പിടിയും ആ ഇല്ലത്തെ കുഞ്ഞുനമ്പിടിയും യഥാക്രമം പൊനത്തിലെ വലിയ നമ്പിടിയും കുഞ്ഞുനമ്പിടിയുമായി. ആ കുടുംബരഹസ്യങ്ങള്‍ അറിവുള്ള ഉത്തരകേരളീയര്‍ക്കു പിന്‍കാലങ്ങളില്‍ കൃഷ്ണഗാഥ പൊനം നമ്പൂതിരിയുടെ കൃഷ്ണപ്പാട്ടായി; അവ അറിയാത്ത ഇതരദേശീയര്‍ക്കു് അതു ചെറുശ്ശേരിയുടെ കൃഷ്ണഗാഥയായിത്തന്നെ നിലനിന്നുപോരികയും ചെയ്തു; ഭാരതഗാഥയുടെ പ്രണേതാവു കൃഷ്ണഗാഥാകാരനല്ലെന്നു മേല്‍ ഉപപാദിക്കും.

മറ്റു ചില മതങ്ങളുടെ അസാധുത്വം

ʻകൃതായാം കൃഷ്ണഗാഥായാംʼ എന്ന ഗ്രന്ഥാവസാനപദ്യത്തിന്റെ തൃതീയപാദത്തില്‍ കലിദിനത്തിന്റെ സൂചനയുണ്ടെന്നു കരുതുന്നതു നിര്‍മ്മൂലമാകുന്നു. അതു ഗ്രന്ഥകാരന്റെ പദ്യംതന്നെയാണെന്നുള്ളതിനു സംശയമില്ല. അതില്‍ കലിദിനസൂചനയുണ്ടെന്നു വാദിച്ചാല്‍ കൃഷ്ണഗാഥയുടെ നിര്‍മ്മിതി കൊല്ലം 825-ആമാണ്ടിടയ്ക്കാണെന്നു സമ്മതിക്കേണ്ടിവരും. അതു തീരെ അനുപപന്നമാണെന്നു പറയേണ്ടതില്ലല്ലോ. ʻതായാം കൃഷ്ണഗാഥായാംʼ എന്ന മാതിരിയില്‍ ഒരു പദ്യത്തെ അവമൂര്‍ദ്ധകളേബരമാക്കി അത്യന്തം നിരര്‍ത്ഥകമായ ഒരു കലിവാക്യം ആരും സൃഷ്ടിച്ചു കണ്ടിട്ടുമില്ല. ചെറുശ്ശേരി എന്ന പദം ʻചെറുച്ചേരിʼ എന്നതിന്റെ രൂപാന്തരമാണെന്നും, ഓണക്കാലത്തു കയ്യാങ്കളിക്കു് രണ്ടു ഭാഗമായി ആളുകള്‍ നില്ക്കുന്നതിനു രണ്ടു ചേരി എന്നു പറയാറുണ്ടെന്നും അതുകൊണ്ടു വടക്കന്‍പാട്ടിനു് ചേരിപ്പാട്ടെന്ന പേര്‍ യോജിക്കുമെന്നും കൃഷ്ണഗാഥയുടെ രീതി വടക്കന്‍ പാട്ടിനോടു വളരെ അടുപ്പമുള്ളതാണെന്നും,

ʻʻതച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി
തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണിˮ

എന്ന വടക്കന്‍പാട്ടിന്റെ ആദ്യത്തെ ഭാഗത്തിന്റെ ഒടുവിലുള്ള നാലക്ഷരം വെട്ടിച്ചെറുതാക്കി ബാക്കിയുള്ള അംശം രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു പിന്നീടു് ദ്വിതീയഭാഗം യാതൊരു ഭേദഗതിയും കൂടാതെ ചൊല്ലുമ്പോള്‍ അതു

ʻʻതച്ചോളിപ്പാലാട്ടേ-തച്ചോളിപ്പാലാട്ടേ-
തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണിˮ

എന്നു രൂപം കൈക്കൊണ്ടു ചെറുച്ചേരിപ്പാട്ടായി പരിണമിക്കും എന്നും കുണ്ടൂര്‍ നാരായണമേനോന്‍ 1092 കര്‍ക്കടകത്തിലെ കൈരളിയില്‍ ഉപന്യസിക്കുകയുണ്ടായി. ചെറിയ രണ്ടു ചേരിയായി സൈന്യം നിരത്തി പടവെട്ടുന്ന ജാതിയിലുള്ള ചതുരംഗായോധനത്തിനും പ്രസ്തുതകൃതിക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഐതിഹ്യം സൂചിപ്പിക്കുന്നതിനാല്‍ ആ വഴിക്കും ചെറുച്ചേരി എന്ന പദം ഉത്ഭവിച്ചിരിക്കാമെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ നാം വടക്കന്‍പാട്ടുകള്‍ക്കു ചേരിപ്പാട്ടുകള്‍ എന്നൊരു പേരേ ഇല്ലെന്നു് ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു കുണ്ടൂരിന്റെ ഏതദ്വിഷയകമായ അഭിപ്രായം അംഗീകാര്യമല്ല. ആ അഭിപ്രായത്തിന്റെ ഒരു രൂപാന്തരമാണു് ʻചെറുശ്ശേരിʼ എന്നതു ʻചെറുചീര്ʼ എന്നതില്‍നിന്നു നിഷ്പന്നമായ ഒരു പദമാണെന്നുള്ള ചിലരുടെ വാദം. ചീര് എന്ന പദത്തിനു ഗണമെന്നല്ലാതെ ശീലെന്നു് അര്‍ത്ഥമില്ല എന്നുള്ള വസ്തുത ഇവിടെ സ്മരണീയമാണു്. പോരാത്തതിനു വടക്കന്‍പാട്ടിലെ ആദ്യത്തെ ഭാഗം (നാലക്ഷരം കുറച്ചിട്ടാണെങ്കിലും) ഇരട്ടിക്കുമ്പോള്‍ അതു് എങ്ങനെ ചെറുചീരാകുമെന്നുള്ള ചോദ്യവും പ്രകൃതത്തില്‍ ന്യായമായി ഉത്ഭവിക്കുന്നു. അതുപോലെ കൃഷ്ണഗാഥയുടെ പ്രണേതാവു മേല്‍പ്പുത്തൂര്‍ ഭട്ടതിരിയുടെ സമകാലികനായ പൂന്താനം നമ്പൂരിയാണെന്നു വാദിക്കുന്നതും ക്ഷോദക്ഷമമല്ല. ഭാഷാരീതികൊണ്ടു കൃഷ്ണഗാഥ കൊല്ലം 7-ആം ശതകത്തിലെ കൃതിയാണെന്നു നിസ്സംശയമായി സ്ഥാപിക്കാവുന്നതാണു്. ഈ അഭിപ്രായങ്ങള്‍ക്കൊന്നിനുംതന്നെ ബാലകൃഷ്ണന്‍നായരുടെ ഗവേഷണഫലങ്ങളെ പശ്ചാല്‍കരിക്കുന്നതിനു തക്ക പ്രാമാണികതയില്ലെന്നു പറയേണ്ടതില്ലല്ലോ.

ഗ്രന്ഥോല്‍പത്തിയെപ്പറ്റിയുള്ള ഐതിഹ്യം

അത്യന്തം പരിണതപ്രജ്ഞാനായ ഒരു പണ്ഡിതപ്രവേകനും മഹാകവിയുമായിരുന്നു ചെറുശ്ശേരി നമ്പൂരി. കൃഷ്ണഗാഥയുടെ ഉല്‍പത്തിക്കുള്ള കാരണത്തെ സംബന്ധിച്ചു നിലവിലിരിക്കുന്ന ഒരൈതിഹ്യമുള്ളതു് ഇവിടെ സംക്ഷേപിക്കാം. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തു തൊട്ടിലില്‍ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാല്‍ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു്. ʻʻഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തൂന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂˮ എന്നു കുട്ടിയെ ഉറക്കുന്നഭാവത്തില്‍ പാടി ഭര്‍ത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയില്‍ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടില്‍ ദശമം പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിര്‍മ്മിക്കുകയും ചെയ്തു. ഈ ഐതിഹ്യത്തില്‍ അസ്വാഭാവികമാണെന്നു പറയത്തക്ക വൈകല്യമൊന്നും കാണുന്നില്ല. മഞ്ജരീവൃത്തത്തില്‍ ചില പാട്ടുകള്‍ കീര്‍ത്തനരൂപത്തിലും മറ്റും അതിനു മുന്‍പും ഉണ്ടായിരുന്നിരിക്കാം. അതു് ഒരു ഭാഷാകാവ്യനിര്‍മ്മിതിക്കു് ഉപയോഗിക്കുവാന്‍ ധൈര്യപ്പെട്ടതു നമ്പൂരി ഒരു വശ്യവചസ്സായിരുന്നതുകൊണ്ടാണു്. കൃഷ്ണഗാഥയില്‍ ഐദമ്പര്യേണ നമ്മുടെ ആശ്ചര്യത്തെ ആര്‍ജ്ജിക്കുന്നതു് അതിലെ പദലാളിത്യമാണല്ലോ. ഒരു സ്ത്രീ നിമിത്തമായി തനിക്കു ഗ്രന്ഥനിര്‍മ്മാണത്തിനു് അവസരം നേരിട്ടപ്പോള്‍ ആ ഗ്രന്ഥം പൊതുവേ സ്ത്രീകള്‍ക്കു് അര്‍ത്ഥഗ്രഹണം ചെയ്തു പാടി ആനന്ദിക്കത്തക്ക നിലയില്‍ രചിക്കുന്നതു് അഭിലഷണീയമാണെന്നു കവിക്കു തോന്നിയിരിക്കാം. കൃഷ്ണഗാഥയിലെ സംസ്കൃതപദവൈരള്യവും ബന്ധപാരുഷ്യരാഹിത്യവും തന്നെയായിരിക്കണം ഏതോ ഒരു പല്ലവഗ്രാഹിയായ പണ്ഡിതനെക്കൊണ്ടു് ʻʻഎരിശ്ശേരിക്കു കഷണമില്ലˮ എന്നു പറയിക്കുകയും ചിന്താശീലനായ മറ്റൊരു പണ്ഡിതനെക്കൊണ്ടു് ʻʻഇളക്കിനോക്കിയാല്‍ കാണാംˮ എന്നു് അതിനു പ്രത്യുത്തരം നല്കിക്കുകയും ചെയ്തതു്.

കവിയുടെ പാണ്ഡിത്യം

കൃഷ്ണഗാഥയുടെ ഓരോ ശീലിലും കവി തന്റെ ആലങ്കാരികമൂര്‍ദ്ധന്യതയെ അതിസ്പഷ്ടമായി പ്രകടീകരിക്കുന്നു. പല പ്രാവശ്യം ഭാഗവതം ദശമസ്കന്ധം വായിച്ചു് ആ പുരാണതല്ലജവുമായി സാത്മ്യം പ്രാപിച്ച ഒരു ഭക്തശിരോമണിയായും നാം അദ്ദേഹത്തെ പ്രസ്തുതകൃതിയില്‍ സന്ദര്‍ശിക്കുന്നു. കൃഷ്ണഗാഥയിലെ വൃത്തം പ്രായേണ ആദ്യന്തം മഞ്ജരിയാകയാല്‍ അതില്‍ സംസ്കൃതപദപ്രയോഗത്തിനു് അവസരമില്ല. എന്നാല്‍ സ്വര്‍ഗ്ഗാരോഹണകഥയില്‍ അദ്ദേഹം വേറെ ഏഴു വൃത്തങ്ങളെക്കൊണ്ടുകൂടി അല്പാല്പമായി കൈകാര്യം ചെയ്തിട്ടുണ്ടു്.

ʻʻഉരുവായ മൊഴികൊണ്ടു ഗുരുവായ പരന്‍തന്നെ-
പ്പരിചോടു പുകണ്ണവന്‍ തളര്‍ന്നനേരം,
പെരിയോരു പുരുഹൂതനരികേ ചെന്നുണര്‍ത്തിനാ-
നരിയോരു ഹരിയോടു വിരവോടപ്പോള്‍.ˮ (1)

ʻʻപുതിയ ചൊല്ക്കൊണ്ട പുരുഷന്‍തന്നെയ-
പ്പുരുഹൂതന്‍ നിന്നുപുകണ്ണപ്പോള്‍
മുദിതരായുള്ള മുനികളെല്ലാമ-
മ്മുകില്‍വര്‍ണ്ണന്‍തന്നെപ്പുകണ്ണാരേ.ˮ (2)

ʻʻരുദ്രരും വരനാഗഭൂഷണമുദ്രിതാംഗകരായുടന്‍
ഭസ്മധൂളിധരിച്ചുവന്നങ്ങു പത്മനേത്രനെ വാഴ്ത്തിനാര്‍ˮ (3)

ʻʻഉത്തമകാന്തിമെത്തിയിരുന്ന നിത്യനെ നീതിയോടേ
ഭക്തിപൊഴിഞ്ഞുചിത്തമഴിഞ്ഞു രുദ്രര്‍ പുകണ്ണനേരം;ˮ (4)
ʻʻഉത്തമരായുള്ളശ്വികളേറ്റം
ഭക്തി പൊഴിഞ്ഞു പുകണ്ണു തെളിഞ്ഞു
അച്യുതപാദസരോരുഹയുഗ്മം
നിശ്ചലരായി വണങ്ങിന നേരം.ˮ (5)

ʻʻനിമേഷം വെടിഞ്ഞോര്‍ നിരന്നീടിനോര-
ന്നിജേ മന്ദിരേ നിര്‍മ്മലേ സംവസന്തം
ഗുണാതീതരൂപം രമാധീശമേവം
ദിനാധീശ്വരന്മാര്‍ പുകണ്ണോരുനേരം.ˮ (6)

ʻʻകമലാകരപരിലാളിതകഴല്‍തന്നിണ കനിവോ-
ടമരാവലി വിരവോടഥ തൊഴുതീടിന സമയേ
വിവിധാഗമവചസാമപി പൊരുളാകിന ഭഗവാന്‍
വിധുശേഖരനുപഗമ്യ ച മധുസൂദനസവിധേ.ˮ (7)

എന്നീ മട്ടുകളിലുള്ളവയാണു് ആ വൃത്തങ്ങള്‍. അവയ്ക്കു മഹാകാവ്യങ്ങളിലെ സര്‍ഗ്ഗാന്തശ്ലോകങ്ങളുടെ സാദൃശ്യമുണ്ടു്. നാലാമത്തെ വൃത്തംതന്നെയാണു് ഗ്രന്ഥത്തിന്റെ അവസാനത്തിലുള്ള

ʻʻമറപൊരുളായി മറഞ്ഞവനേ ഹരി;
മലര്‍മകള്‍കൊങ്ക പുണര്‍ന്നവനേ ഹരി;
മതുമതവെണ്ണ നുകര്‍ന്നവനേ ഹരി;
മരുതുമരങ്ങള്‍ ഞെരിച്ചവനേ ഹരി.ˮ

ഇത്യാദി ഹരിസ്തുതിയിലും കാണുന്നതു്. ആ രീതികളില്‍ കവനം ചെയ്യുമ്പോള്‍ മഹാകവിയുടെ സംസ്കൃതപ്രേമം അണപൊട്ടിയ പുഴപോലെ അസങ്കോചമായി പ്രവഹിക്കുന്നു.

ʻʻചലല്‍കുന്തളം ചഞ്ചലാപാംഗരമ്യം
മിളല്‍കുണ്ഡലോല്ലാസിഗണ്ഡാഭിരാമം
മൃദുസ്മേരമേവം മുഖാംഭോരുഹം തേ
സ്മരിക്കായ‌്‌വരേണം മരിക്കുന്നനേരം.ˮ

ʻʻമുരശാസന, നരകാന്തക, മുഖരീകൃതമുരളീ-
വിവശീകൃതജനമാനസസരസീരുഹവിതതേ,
ചരിതാമൃതവിവശീകൃതഭുവനാഖിലവസതേ,
നിരുപാധിക, നിയതംതവ തിരുമെയ് പരികലയേˮ

തുടങ്ങിയ വരികള്‍ ആ ഘട്ടത്തിലുള്ളവയാണു്. അദ്ദേഹം ഒരു ശാസ്ത്രജ്ഞനല്ലെങ്കിലും അനവധി സംസ്കൃതകാവ്യനാടകങ്ങള്‍ വായിച്ചു് അനന്യസാധാരണമായ സംസ്കാരം സിദ്ധിച്ച ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതു്. പള്ളിക്കുന്നത്തു ക്ഷേത്രത്തിലെ കദളിപ്പഴം ശങ്കരകവിയേയും അതിന്റെ തൊലി ശാന്തിക്കാരനായ കൃഷ്ണഗാഥാകാരനേയും തീറ്റിക്കുന്നതായി ഒരൈതിഹ്യമുള്ളതു തീരെ അസംബന്ധവും അതു് അതിന്റെ ഉപജ്ഞാതാക്കന്മാര്‍ക്കു ലളിതകോമളമായ ഭാഷാ കവിതയുടെ നേര്‍ക്കുള്ള അവജ്ഞയുടെ പ്രത്യക്ഷലക്ഷ്യവുമാണെന്നേ ഇക്കാലത്തെ സഹൃദയന്മാര്‍ കരുതേണ്ടതുള്ളൂ.

കവിതയുടെ മെച്ചം

കൃഷ്ണഗാഥയില്‍ ഏതു ഭാഗം വായിച്ചാലും അതിന്റെ പ്രണേതാവു സരസ്വതീദേവിയുടെ സവിശേഷമായ അനുഗ്രഹത്തിനു പാത്രീഭവിച്ച ഒരു പുണ്യപുരുഷനാണെന്നു ഭാവുകന്മാര്‍ക്കു നിരീക്ഷിക്കാവുന്നതാകുന്നു. ഏതു വിഷയത്തെപ്പറ്റിയുള്ള പ്രതിപാദനത്തിനും അദ്ദേഹത്തിനു് അന്യാദൃശമായ നൈപുണ്യമുണ്ടു്. അര്‍ത്ഥാലങ്കാരപ്രയോഗത്തില്‍ അദ്ദേഹത്തെ ജയിക്കുവാന്‍ കേരളീയകവികളില്‍ ആര്‍ക്കുംതന്നെ സാധിച്ചിട്ടില്ല. പ്രത്യേകിച്ചു് ഉല്‍പ്രേക്ഷാകല്പനയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അദ്വിതീയമാകുന്നു. അതുകൊണ്ടു് തന്നെയാണു് ʻഉപമാ കാളിദാസസ്യʼഎന്ന പോലെ ʻഉല്‍പ്രേക്ഷാ കൃഷ്ണഗാഥായാംʼ എന്നൊരു ആഭാണകമുള്ളതും. പ്രകൃതിവര്‍ണ്ണനമായാലും, ലോകസ്വഭാവനിരൂപണമായാലും അദ്ദേഹത്തിനു് ഏതു സന്ദര്‍ഭവും ഒന്നുപോലെ ഉദാത്തമായ കവികര്‍മ്മത്തിനു പ്രയോജകീഭവിക്കുന്നു. ശൃംഗാരവും ഹാസ്യവുമാണു് അദ്ദേഹത്തിനു് ഏറ്റവും അഭിമതങ്ങളായ രസങ്ങള്‍. എങ്കിലും രൌദ്രം, ഭയാനകം മുതലായ മറ്റുചില രസങ്ങളുടെ പ്രതിപാദനത്തിലും അദ്ദേഹം അഭൌമമായ പ്രാഗല്ഭ്യം പ്രദര്‍ശിപ്പിക്കുന്നുണ്ടു്. ധ്വനിയുടെ കാര്യത്തിലും നമ്മുടെ മഹാകവി ഒട്ടും പിന്നോക്കമല്ല. കൃഷ്ണഗാഥയില്‍ കൃഷ്ണോല്പത്തി മുതല്‍ സ്വര്‍ഗ്ഗാരോഹണംവരെ നാല്പത്തേഴു കഥകള്‍ അടങ്ങിയിരിക്കുന്നു. അവയില്‍ കംസസല്‍ഗതിവരെയുള്ള ഭാഗങ്ങള്‍ക്കു് അല്പം മാറ്റു കൂടുമെങ്കിലും അതിനപ്പുറമുള്ള രുക്‍മിണീസ്വയംവരം, സൌഭദ്രികകഥ മുതലായ പല ഭാഗങ്ങള്‍ക്കും അവയെപ്പോലെതന്നെ ആസ്വാദ്യതയുണ്ടു്. ഭാഗവതകാരനെപ്പോലെ ചെറുശ്ശേരിയും തന്റെ ഗ്രന്ഥത്തിന്റെ പൂര്‍വ്വാര്‍ദ്ധം മുഴുവന്‍ വിനിയോഗിക്കുന്നതു ശ്രീകൃഷ്ണന്റെ ബാല്യക്രീഡാവര്‍ണ്ണനത്തിനാകുന്നു.

ചില ചിത്രങ്ങള്‍

കൃഷ്ണഗാഥാകാരന്റെ വാക്‍ചിത്ര ചാതുരിയാണു് എന്നെ അത്യന്തം ആശ്ചര്യവിവശനും ആനന്ദതുന്ദിലനുമാക്കീട്ടുള്ളതു്. ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ ഒരുകാലത്തും ഹൃദയഭിത്തിയില്‍നിന്നു മങ്ങിയോ മാഞ്ഞോ പോകാതെ പരിലസിക്കത്തക്കവണ്ണം അത്ര സജീവങ്ങളും സര്‍വ്വാംഗസുന്ദരങ്ങളുമാണു് ആ ചിത്രങ്ങള്‍. ഏതാനും ചില ഉദാഹരണങ്ങള്‍കൊണ്ടു് ഈ അഭിപ്രായത്തിന്റെ സാധുത്വം സ്ഥാപിക്കുവാന്‍ ശ്രമിക്കാം.

(1) കൃഷ്ണന്റെ ബാലസ്വഭാവവര്‍ണ്ണനം:-
ʻʻഅച്ഛനെപ്പോലെയുടുക്കുന്നേനെന്നിട്ടു
നല്‍ച്ചേലകൊണ്ടങ്ങുടുക്കും നന്നായ്;
മാനിച്ചുനിന്നച്ഛന്‍ കുമ്പിടും നേരത്ത-
ങ്ങാനകളിക്കും മുതുകിലേറി;

തേവാരിക്കേണമിന്നച്ഛായെനിക്കു നീ
പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും;
അച്ഛനും താനുമായിച്ഛയിലങ്ങ ന
നിച്ചലും നിന്നു പടകളിക്കും;

ʻഎന്‍ കണി കാണണം നിങ്ങളിന്നെല്ലരുംʼ
എന്നങ്ങു ചൊല്ലീട്ടു വീടുതോറും
കോഴികള്‍ കൂകുമ്പോള്‍ കോഴകള്‍ കൂടാതെ
ഗോവിന്ദന്‍ പാടിക്കൊണ്ടങ്ങു ചെല്ലും.

മാരി ചൊരിയുന്ന നേരത്തു കോടിയില്‍
നേരെ പോയ് നീരെല്ലാമേല്ക്കും മെയ്യില്‍;
കയ്യേപ്പിടിപ്പാനായാരേലും ചെല്ലുമ്പോള്‍
ʻഅയ്യോ!ʼ എന്നിങ്ങനെ കൂട്ടും തിണ്ണം.

അത്ഭുതമായുള്ള പാവകളുണ്ടോരോ
ശില്പികള്‍ കൊണ്ടെക്കൊടുത്തെപ്പോഴും;
വാഴപ്പഴങ്ങള്‍ താന്‍ തിന്നുന്ന നേരത്തു
വായില്‍ക്കൊടുക്കുമപ്പാവകള്‍ക്കും.

ʻഅമ്മിഞ്ഞ നല്കമ്മേʼയെന്നങ്ങു ചൊല്ലിക്കൊ-
ണ്ടമ്മേടെ കയ്യില്‍ക്കൊടുക്കും പിന്നെ;
ചാലക്കിടന്നങ്ങുറങ്ങുന്ന നേരത്തു
ചാരത്തുതന്നെ കിടത്തിക്കൊള്ളും,

നന്മണികൊണ്ടു പടുത്ത നിലംതന്നില്‍
ബിംബിതനായിട്ടു തന്നെക്കണ്ടാല്‍
അഞ്ചിതമാകിയ പുഞ്ചിരി തൂകീട്ടു
ചെഞ്ചമ്മേ പായും പിടിച്ചുകൊള്‍വാന്‍.ˮ

എന്നും മറ്റും അമ്പാടിയിലെ കൃഷ്ണലീല കവിക്കു് എങ്ങനെയെല്ലാം വിസ്തരിച്ചാലും അലംഭാവമുണ്ടാകുന്നില്ല. ആ പ്രമേയത്തെത്തന്നെ പുരസ്കരിച്ചു കംസവധാനന്തരം ശ്രീകൃഷ്ണനെക്കൊണ്ടു നന്ദനോടു് ആ വശ്യവചസ്സു് ഇങ്ങിനെ പറയിക്കുന്നു:

ʻʻഅച്ഛനായുള്ളതു നീയൊഴിച്ചില്ലെനി-
ക്കച്യുതന്‍ തന്നുടെ പാദത്താണേ;
പെറ്റുവളര്‍ത്തൊരു തായയായ് നിന്നതും
മുറ്റുമെനിക്കു മറ്റാരുമല്ലേ;
ആറ്റിലും തീയിലും വീഴാതെകണ്ടെന്നെ-
പ്പോറ്റിവളര്‍ത്തതു നിങ്ങളല്ലോ.
ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളെയേതും മറക്കയില്ല.

* * * *


എന്നമ്മതന്നോടു ചൊല്ലേണം പിന്നെ നീ
യെന്നെ മറക്കൊല്ലായെന്നിങ്ങനെ;
പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍-
പ്പാരമെനിക്കെന്നു ചൊല്ക പിന്നെ;
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലേ വരുത്തേണമേ,
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ;
കേഴുവനല്ലായ്കിലെന്നു ചൊല്ലു.

* * * *


പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ;
കേണുകൊണ്ടന്നു വഴക്കായിപ്പോയിക്കൊ-
ണ്ടൂണിന്നു വാരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നല്കീടിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ;
പൊങ്ങിനോരാശ പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ;
പാവകളെന്നുമേ പാഴായിപ്പോകാതെ
പാലിച്ചുകൊള്ളേണം പാരാതെ നീ.
ചേണുറ്റുനിന്നുള്ളോരോണവില്ലൊന്നുമേ
ഞാണറ്റുപോകൊല്ല ഞാന്‍ വരുമ്പോള്‍.ˮ

വളരെക്കാലം കഴിഞ്ഞു് ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ആസന്നവാര്‍ദ്ധകനായതിനുശേഷം യശോദയും നന്ദനും ഭാര്‍ഗ്ഗവതീര്‍ത്ഥത്തില്‍ സൂര്യഗ്രഹണമുഹൂര്‍ത്തത്തില്‍ സ്നാനത്തിന്നായി പോകുകയും അവിടെവച്ചു് അവിടുത്തെ കാണുകയും ചെയ്യുന്നു. ആ അവസരത്തില്‍ അവര്‍ എന്താണു് ചെയ്തതെന്നു കവിതന്നെ പറയട്ടെ;

ʻʻപാരിച്ചുനിന്നുള്ള പാഴായ്മ ചെയ്കയാല്‍
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
തിണ്ണം വലിച്ചുമുറുക്കി ഞാന്‍ നില്ക്കയാ-
ലുണ്ണിപ്പൂമേനിയില്‍പ്പുണ്ണില്ലല്ലീ?
എന്നങ്ങു ചൊല്ലിത്തലോടിത്തുടങ്ങിനാള്‍
നന്ദജന്‍തന്നുടെ മേനിതന്നെ.ˮ

ഇങ്ങനെ ബാല്യത്തിലെ പല പല ലീലകള്‍ ആ ഭാഗ്യവതി വര്‍ണ്ണിച്ചു ഭഗവാനെ ചുംബിക്കുന്ന അവസരത്തില്‍ നന്ദന്‍

ʻʻനിത്യവും കണ്ട കിനാവുകളെല്ലാമേ
സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോള്‍;
മുന്നമേപ്പോലെ വന്നിന്നു ഞാനെന്നുടെ
പൊന്നാരപ്പൈതലെപ്പൂണ്ടേനല്ലോ.
എന്മുതുകേറിനിന്നാനകളിപ്പതി-
ന്നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ!
തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി-
ന്നെന്‍കഴുത്തേറുക വേണ്ടയോ ചൊല്‍?
ഓടിവന്നെന്നുടെ നന്മടിതന്നിലായ്-
ത്തായി പിടിച്ചു വലിക്കേണ്ടായോ?ˮ

എന്നിങ്ങനെ വാത്സല്യനിഘ്നനായി ഓരോന്നു പറഞ്ഞു് ആനന്ദിക്കുന്നു. പിതാക്കന്മാര്‍ക്കേറ്റ പുത്രന്‍; പുത്രനു യോജിച്ച പിതാക്കന്മാര്‍. അര്‍ത്ഥത്തിനൊത്ത ശബ്ദം; ശബ്ദത്തിനൊത്ത അര്‍ത്ഥം. എല്ലാം നിസര്‍ഗ്ഗകോമളം; നിരാഭരണസുന്ദരം, നിരതിശയരമണീയം; ഗോവര്‍ദ്ധനോദ്ധാരകനായ ശ്രീകൃഷ്ണനെ നാരദാദിമഹര്‍ഷിമാര്‍ സ്തുതിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്; അതു് അലങ്കാരത്തിന്റെ സമഞ്ജസമായ സമ്മേളനംകൊണ്ടുകൂടി ശോഭിക്കുന്നു:

ʻʻമാരി വരുന്നേരം നല്ക്കുട ചൂടുവാ-
നാരുമൊരുത്തരും താരാഞ്ഞാരോ?
കന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളോ-
രുണ്ണിക്കൈ നോകുന്നുതില്ലയോ ചൊല്‍?
കന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ?
വെണ്ണയെന്നോര്‍ത്തിട്ടു കുന്നിനെത്തന്നെയും
മെല്ലവേ വായിലങ്ങാക്കൊല്ലാതെ.ˮ

(2) വേണുഗാനം: ഭഗവാന്റെ വേണുഗാനത്തിന്റെ മാധുര്യം കവിയുടെ മുഖത്തുനിന്നുതന്നെ കേള്‍ക്കേണ്ടതാണു്:

ʻʻഷള്‍പദമാലകളത്ഭുതമായോരു
പുഷ്പരസത്തെ വെടിഞ്ഞുടനേ
ഗാനമായ് മേവിന തേനേക്കുടിപ്പാനാ-
യാനനം തന്നിലേ ചെന്നുപുക്കു.
കോകിലജാലങ്ങള്‍ കോലക്കുഴല്‍ കേട്ടു
മൂകങ്ങളായങ്ങു നിന്നുപോയി,
ചേണുറ്റ വേണുതന്‍ തേനുറ്റ ഗാനത്തെ-
ത്താനുറ്റ നാദത്തിന്‍ മീതേ കേട്ടു്
വേലപ്പെടാതെതാന്‍ മാനിച്ചുനിന്നിട്ടു
ചാലപ്പഠിപ്പാനായെന്നപോലെ.

* * * *


മാണ്‍പെഴുന്നോ ചില മാന്‍പേടകളെല്ലാം
ചാമ്പിമയങ്ങിന കണ്‍മിഴിയും,
ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലന്‍പോടു
വട്ടത്തില്‍ മേവീതേ പെട്ടെന്നപ്പോള്‍.
മന്ഥരമായോരു കന്ധരംതന്നെയും
മന്ദം നുറുങ്ങു തിരിച്ചുയര്‍ത്തി,
ചില്ലികളാലൊന്നു മെല്ലെന്നുയര്‍ത്തീട്ടു
വല്ലവീവല്ലഭന്‍ തന്നെ നോക്കി
കര്‍ണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
കണ്ണന്‍കഴല്ക്കു കൊടുത്തു ചെമ്മേ,
വായ്ക്കൊണ്ട പുല്ലെല്ലാം പാതി ചവച്ചങ്ങു
വായ്ക്കുന്ന മെയ്യിലൊഴുക്കിനിന്നു.ˮ

മറ്റൊരവസരത്തില്‍ ആ ഗാനത്തെത്തന്നെ പ്രശംസിച്ചു യശോദ കൃഷ്ണനോടു പറയുകയാണു്:

ʻʻകന്നുകിടാക്കള്‍ കുടിപ്പതിനായിക്കൊ-
ണ്ടൊന്നുമേ ചെല്ലുന്നതില്ല കണ്ണാ!
ചെന്നവയൊന്നും കുടിയ്ക്കുന്നൂതില്ല, കാണ്‍;
മന്ദമായ് നോക്കുന്നൂതിങ്ങുതന്നെ,
നല്ക്കുഴല്‍ കേട്ടു തന്മക്കളെയൊന്നുമേ
നക്കുന്നൂതില്ല കാണ്‍ ധേനുക്കളും.
രാവായിപ്പോയാലിക്കാലി കറപ്പതി-
ന്നാവതല്ലെന്നതു തേറണം നീ;
കാലി കറന്നങ്ങു പോയിട്ടു വേണം നിന്‍
കോലക്കുഴല്‍വിളിയെന്മകനേ!ˮ

ശൃംഗാരരസവര്‍ണ്ണനം

ഇനി ചില രസങ്ങളെ കവി ഏതുതരത്തില്‍ വികസിപ്പിക്കുന്നു എന്നു പരിശോധിക്കാം. സംഭോഗശൃംഗാരത്തെക്കാള്‍ വിപ്രലംഭശൃംഗാരമാണു് കവിക്കു വര്‍ണ്ണിക്കുവാന്‍ ഒന്നുകൂടി പ്രചോദനം നല്കുന്നതു്. അസ്തമയ വര്‍ണ്ണനഘട്ടത്തില്‍ ചക്രവാകങ്ങളുടെ അവസ്ഥ അദ്ദേഹം പ്രപഞ്ചനം ചെയ്യുന്ന പരിപാടി നോക്കുക:

ʻʻകോകങ്ങളെല്ലാമേ ഗോപതിമണ്ഡലം
കോപിച്ചു നോക്കിയിരുന്നുടനെ
തൂമ തിരണ്ടോരു പേടമുഖംതന്നെ
പ്രേമമിയന്നങ്ങു നോക്കും ചെമ്മേ.
താമരനൂലങ്ങു കൊത്തിവലിച്ചു തന്‍
കാമിനിക്കായിക്കൊടുക്കും മെല്ലേ.
നീലിമ കോലിന വേലയെക്കണ്ടിട്ടു
നീളെ നെടുതായി വീര്‍ക്കും പിന്നെ,
വാപികതന്‍ മറുതീരത്തെ നോക്കീട്ടു
മാഴ്കിത്തളര്‍ന്നൊന്നു കൂകും മെല്ലെ.
പക്ഷതികൊണ്ടു തന്‍പക്ഷിണിതന്നെയു-
മക്ഷമനായിത്തഴുകിനിന്നു്
നെഞ്ചകംതന്നിലേ പഞ്ചശരം നട്ടു
ചഞ്ചുപുടംതന്നെ വായ്ക്കൊണ്ടുടന്‍
പോകുന്നേനെങ്കില്‍ ഞാനെന്നങ്ങു ചൊല്ലീട്ടു
തൂകിത്തുടങ്ങീതു കണ്ണുനീരും.ˮ

തിര്യക്കുകളുടെ ശൃംഗാരം ശൃംഗാരാഭാസമാണെന്നു ശപഥം ചെയ്യുന്ന സാഹിത്യാചാര്യന്മാര്‍ ഈ വര്‍ണ്ണനം ഒന്നു വായിക്കേണ്ടതാണു്. കോകവിരഹത്തെപ്പറ്റിയുള്ള വിവരണം ഇത്ര ഹൃദയംഗമമാകാമെങ്കില്‍ കോകസ്തനികളായ വ്രജസുന്ദരിമാരുടെ വിരഹത്തെപ്പറ്റിയുള്ള ചിത്രണം എത്ര നിര്‍വൃതിപ്രദമായിരിക്കേണ്ട! താഴെ ഉദ്ധരിക്കുന്നതു് ചന്ദ്രോപാലംഭത്തിലെ ഒരു ഭാഗമാണു്:

ʻʻമാപാപിയാകിന തിങ്കളിന്നെങ്ങളെ-
ക്കോപിച്ചു കൊല്ലുന്നോനെന്നു വന്നു.
നേരിട്ടു നിന്നവന്‍ വന്മദം പോക്കുവാന്‍
പാരിടംതന്നിലിന്നാരുമില്ലേ.
രാഹുവിന്‍ കണ്ഠമോ നാരായണന്‍ പണ്ടേ
നേരെ തറിച്ചുകളഞ്ഞാനല്ലോ.
വാരിധി പണ്ടു കടഞ്ഞോരു നേരത്തു
ബാഡവപാവകന്‍തങ്കല്‍നിന്നു്
സാരമായുള്ളോരു പിണ്ഡമെഴുന്നിവന്‍
വാരുറ്റ മണ്ഡലമായിപ്പിന്നെ,
മറ്റെങ്ങുമാര്‍ക്കും പൊറുക്കരുതാഞ്ഞിട്ടു
കറ്റച്ചടയന്‍താനന്നുടനേ
മേളമെഴുന്ന കഴുത്തിലും ഗംഗത-
ന്നോളംതാന്‍ താവിന മൌലിയിലും
ചേണുറ്റെഴുന്നോരു ഭൂഷണമായിട്ടു
ചെപ്പോടു നിന്നു ധരിച്ചുകൊണ്ടു.
ദീധിതിമാലയാം ജ്വാലകളേറ്റേറ്റു
ലോകങ്ങളെല്ലാമേ വെന്തനേരം
ശ്വേതിമ പൂണ്ടോരു ഭൂതിപോയെങ്ങുമേ
മീതെ പരന്നുചമഞ്ഞതല്ലോ
വെണ്‍മ തിരണ്ട നിലാവായി വന്നിട്ടു
ചെമ്മേ നിറഞ്ഞെങ്ങും കണ്ടതിപ്പോള്‍.
നീലമായ് നിന്നവന്മേനിയില്‍ക്കണ്ടതോ
ചാലക്കളങ്കമല്ലെന്നുചൊല്ലാം.
ക്ഷ്വേളമിയന്നൊരു കാളഭുജംഗത്തെ
ലാളിച്ചുവച്ചതിക്കാണായിതേ;
തന്‍കരംകൊണ്ടുടനെന്നതുകൊണ്ടല്ലോ
എങ്കല്‍ വിഷംതന്നെ തൂകുന്നിപ്പോള്‍.
തീപ്പൊരിതന്നെ വിഴുങ്ങിച്ചകോരങ്ങള്‍
സാധിച്ചു നിന്നുതേ പണ്ടുപണ്ടേ;
തീക്ഷ്ണത പൂണ്ട നിലാവിനെയല്ലായ്കില്‍
വായ്ക്കൊണ്ടു നില്ക്കുമാറെങ്ങനെതാന്‍?
മാപാപിത്തിങ്കള്‍ മറയുന്നോനല്ലെന്നു,-
മീ പാപമെന്തിനിച്ചെയ്‌വതയ്യോ?ˮ

എന്നിങ്ങിനെ പരിദേവനം ചെയ്തിട്ടു ഗോപിമാര്‍ ʻʻഅല്ലയോ തിങ്കളേ! നിന്നെ രാഹു വിഴുങ്ങുവാന്‍വന്നു കഴിഞ്ഞു; ഓടിക്കോ. ശിവന്റെ ശിരസ്സിലിരിക്കുന്ന നിന്റെ ഉണ്ണിയെ ഒരു പാമ്പു വിഴുങ്ങിയെന്നു കേട്ടു, ശൃംഗാരലീലാലോലനായ ശിവന്‍ അക്കഥ അറിഞ്ഞിട്ടില്ല. കഴിയുമെങ്കില്‍ വേഗം പോയി പാമ്പിന്റെ വായില്‍നിന്നു ഉണ്ണിയെ രക്ഷിക്കൂˮ എന്നും മറ്റും ഓരോ ഭോഷ്ക പറയുന്നു;കാളിന്ദിയില്‍ പ്രതിഫലിക്കുന്ന ചന്ദ്രബിംബത്തില്‍ പാറകൊണ്ടെറിയുന്നു; കണ്ണാടിയില്‍ കാണുന്ന ചന്ദ്രബിംബം കുത്തിപ്പൊടിക്കുന്നു. ഹാ ഹാ! എന്തൊരു വാചാമഗോചരമായ ഉല്ലേഖവൈഭവം!

രാസക്രീഡ നടക്കുന്ന രാത്രി പ്രഭാതപ്രായമായതു കണ്ടപ്പോള്‍ ഗോപസ്ത്രീകള്‍ക്കുള്ള കോപതാപങ്ങള്‍ കവി ചുവടെ ഉദ്ധരിക്കുന്ന പ്രകാരത്തില്‍ ചിത്രീകരിക്കുന്നു:

ʻʻകോഴികളെന്തയ്യോ കാലം വരും മുന്‍പേ
കൂകിത്തുടങ്ങീതെന്‍ തോഴിമാരേ?
കാട്ടിലേക്കോഴിക്കു ഞായമില്ലേതുമേ;
വീട്ടിലെക്കോഴിക്കേ ഞായമുള്ളൂ.
എന്തൊരു ഞായമിപ്പാതിരനേരത്തു
സന്തതമിങ്ങനെ കൂകി നില്പാന്‍?
തീക്കനല്‍ കൊണ്ടന്നു ചഞ്ചൂപുടംതന്നി-
ലാക്കുന്നോരാരുമങ്ങില്ലയോതാന്‍?

* * * *


വണ്ടുകളേ! എന്തു താമരപ്പൊയ്കയില്‍
മണ്ടിത്തുടങ്ങുന്നതിപ്പൊഴേ ചൊല്‍?
താമരപ്പൂവു വിരിഞ്ഞുതുടങ്ങുന്ന
കാലമിങ്ങേതുമണഞ്ഞൂതില്ലേ.
ആദിത്യദേവാ! നിനക്കു തൊഴുന്നെങ്ങള്‍
വാദിച്ച ദേശമേ പോയ്ക്കൊള്ളണം.
വൃന്ദാവനംതന്നിലിന്നെഴുന്നള്ളായ്കില്‍
നന്നായിരുന്നതുമെങ്ങള്‍ക്കിപ്പോള്‍.
ആനായര്‍കോന്‍തന്റെ പൂമേനി ദൂരെവ-
ച്ചാകുന്നൂതില്ലേതും പോവാനയ്യോ!
സൂര്യനു സൂതനാം വീരനേ! നിന്നോടു
വേറെയുണ്ടൊന്നെങ്ങള്‍ ചൊല്ലുന്നിപ്പോള്‍,
മാര്‍ത്താണ്ഡദേവനെ വൃന്ദാവനംതന്നി-
ലോര്‍ത്തിട്ടു വേണമെഴുന്നള്ളിപ്പാന്‍.
ഗോകുലനാഥനു ലീല കഴിഞ്ഞീല;
കോപമുണ്ടാകിലാമെന്തറിവൂ?
ഞങ്ങളറിഞ്ഞതു ചൊല്ലേണമല്ലോതാ-
നെന്നിട്ടു നിന്നോടു ചൊല്ലീതിപ്പോള്‍.ˮ

നോക്കുക. കവിയുടെ സര്‍വ്വങ്കഷമായ ഭാവനാപ്രാഭവം! നോക്കി നോക്കി കോള്‍മയിര്‍ക്കൊള്ളുക.

രൌദ്രരസവര്‍ണ്ണനം

പൌണ്ഡ്രകപുത്രനായ സുദക്ഷിണന്‍ യാദവനിഗ്രഹത്തിന്നായി ഉല്പാദിപ്പിക്കുന്ന മാരണദേവതയെ കവി താഴെക്കാണുന്ന രീതിയില്‍ വര്‍ണ്ണിക്കുന്നു:

ʻʻകുണ്ഡത്തില്‍നിന്നങ്ങെഴുന്നതു കാണായി
ചണ്ഡിയെക്കാളതിഭീഷണനായ്
മാരണദേവതയായിച്ചമഞ്ഞിട്ടു
ഘോരനായുള്ളൊരു വഹ്നിതന്നെ.
ചെമ്പിച്ചുനിന്നോരു കേശവും മീശയും
വന്‍പിച്ചുനിന്നു വളഞ്ഞെകിറും
തീപ്പൊരി തൂകി മിഴിച്ചു ചുവന്നിട്ടു
കോട്ടിയായുള്ളോരു വന്‍മുഖവും
ആണ്ടുനിന്നീടിനാനാരണന്‍തന്മുമ്പി-
ലാനയും കാതിലണിഞ്ഞു നേരേ.
കണ്ടുള്ളോരെല്ലാരും കാതരന്മാരായി
മിണ്ടാതെ നോക്കി നടുങ്ങുന്നേരം
പൂവെടിപോലെയെഴുന്നതു കാണായി
ഭൂതങ്ങളോരോന്നു പിന്നെപ്പിന്നേ.
പാരം പൊരിഞ്ഞുള്ള കൊള്ളിയുമായിട്ടു
ഘോരമായുള്ളോരു നോക്കുമായി
ദ്വാരക നോക്കി നടന്നതു കാണായി
മാരണദേവതയോടുംകൂടി.
ദ്വാരകതന്നുടെ ചാരത്തു ചെന്നോരു
മാരണദേവത പാരമപ്പോള്‍
എട്ടു ദിക്കെങ്ങുമേ ഞെട്ടിനടുങ്ങുമാ-
റട്ടഹാസങ്ങളെയാചരിച്ചു.

* * * *


ചാല വളര്‍ന്നോരു മേനിയില്‍ നിന്നെഴും
ജ്വാലകള്‍ മേന്മലങ്ങേല്ക്കയാലേ
കൃത്യതന്‍ ചാരത്തേദ്ദാരുക്കളെല്ലാമേ
കത്തിയെഴുന്നതു കാണായപ്പോള്‍.
പാരിച്ചുനിന്നുള്ള പാദങ്ങളേല്ക്കയാല്‍
പാടിച്ചൂതായിതബ്ഭുതലവും.
രമ്യമായ് നിന്നുള്ളോരംബരംതന്നിലു-
ള്ളംബുദജാലകമാല ചാലേ
തങ്ങിവലിച്ചു വരുന്നതു കാണായി
പൊങ്ങിയെഴുന്നുള്ള കേശങ്ങളില്‍
മാനുഷന്മാരെ കടിച്ചങ്ങു തിന്‍കയാല്‍
മാറിലേ ചാടുന്ന ചോര തന്നില്‍
നീന്തിയെഴുന്നു വരുന്നതു കാണായി
നീണ്ടുവളര്‍ന്നുള്ള മുണ്ഡമാല,
വ്യോമത്തിന്മേലുള്ള യാനങ്ങളെല്ലാമേ
ശൂലത്തിന്മേലായിക്കാണായപ്പോള്‍.

* * * *


അന്തകന്നുള്ളവും കാണുന്നതാകിലോ
വെന്തുനീറീടുമപ്പേടിതന്നാല്‍.ˮ

ഭയാനകരസവര്‍ണ്ണനം

കംസന്‍ വാളുമോങ്ങിക്കൊണ്ടു സംഹരിക്കുവാന്‍ പാഞ്ഞടുക്കുന്ന ദേവകിയുടെ ഭയമാണു് താഴെക്കാണുന്ന വരികളില്‍ കവി വര്‍ണ്ണിച്ചിരിക്കുന്നതു്.

ʻʻകേസരിവീരന്‍തന്നാനനംതന്നിലായ്-
ക്കേവലം കേഴുന്നോരേണംപോലെ
മേവിനിന്നീടുന്ന ദേവകീദേവിതാന്‍
ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
ഘോരനായുള്ളോരു കംസനെ നോക്കീട്ടു
പാരം വിറച്ചുനടുങ്ങുമപ്പോള്‍;
ചൂഴും നിന്നീടുന്ന ലോകരെ നോക്കീട്ടു
കോഴപൂണ്ടേറ്റവും കേഴും പിന്നെ;
ചങ്ങാതിമാരുടെ നന്മുഖം നോക്കി നി-
ന്നിങ്ങിനെയെന്‍കര്‍മ്മമെന്നും പിന്നെ:
അച്ഛനെത്തന്നെയും മെച്ചമേ നോക്കിനി-
ന്നുച്ചത്തിലേറെ വിളിച്ചുകേഴും;

* * * *


ആങ്ങളേത്തന്നെ വിളിച്ചുനിന്നീടുവാ-
നോങ്ങിനിന്നങ്ങു നടുങ്ങും പിന്നെ;
ആനകദുന്ദുഭിതന്നുടെയാനനം
ദീനയായ് മെല്ലവേ നോക്കി വീര്‍ക്കും.ˮ

താന്‍ ആരുടെ ശിരസ്സു തൊടുന്നുവോ ആയാള്‍ തല്‍ക്ഷണം മരിക്കണം എന്നൊരു വരം വൃകാസുരന്‍ ശ്രീപരമേശ്വരനോടു വാങ്ങകയും, അതിന്റെ കാര്യസാധകത്വം പരിശോധിക്കുന്നതിനുവേണ്ടി ഉടന്‍തന്നെ വരദാതാവിനെ പിടികൂടുവാന്‍ മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. ആ അവസരത്തില്‍ ഭക്തവത്സലനായ ഭഗവാന്റെ പലായനം കവി ഇങ്ങനെ വിസ്തരിക്കുന്നു:

ʻʻചാര്‍ത്തിനിന്നീടുന്ന ശാര്‍ദൂലചര്‍മ്മവും
ദോസ്ഥലംകൊണ്ടങ്ങു താങ്ങിത്താങ്ങി,
വേഗത്തെപ്പൂണ്ടു വിറച്ചുനിന്നീടുന്ന
നാഗങ്ങളോരോന്നേ വീഴെവീഴേ,
മുത്താരമായിട്ടു ബദ്ധങ്ങളായുള്ളോ-
രത്തികള്‍ തന്മാറില്‍ച്ചാടെച്ചാടേ,
ഉന്മിഷല്‍കാന്തിയാം വെണ്മഴുതന്നുടെ
വെണ്മതാനെങ്ങുമേ പൊങ്ങെപ്പൊങ്ങെ,
ചേണുറ്റുമേവുപ്പാണിയില്‍ച്ചേര്‍ന്നുള്ളോ-
രേണത്തിന്‍പോതവും തുള്ളെത്തുള്ളേ,
കുണ്ഡലനാഗങ്ങള്‍ ശൂല്‍കൃതിയേല്ക്കയാല്‍-
ക്കണ്ണിലെച്ചെങ്കനല്‍ കത്തെക്കത്തേ,
സ്വര്‍ല്ലോകസിന്ധുതന്‍ കല്ലോലം പൊങ്ങീട്ടു
വെള്ളങ്ങളെങ്ങുമേ തൂകെത്തൂകേ,
ഭൂതലത്തിങ്കല്‍ പതിച്ചുനിന്നീടുമാ-
ന്നൂതനത്തിങ്കളേ വാരിവാരി,
പേടിച്ചു കേഴുന്ന വാമത്തോടന്‍പോടു
പേടിക്ക വേണ്ടയെന്നോതിയോതി,
വാനിലുമെങ്ങുമേ പാഞ്ഞുനിന്നീടിനാന്‍
ദാനവന്‍ പിന്നാലെ ചെല്കയാലേ.ˮ

ഹാസ്യരസവര്‍ണ്ണനം

ഹാസ്യരസപ്രകടനത്തില്‍ കേരളീയര്‍ക്കു പൊതുവേയും അവരില്‍ നമ്പൂരിമാര്‍ക്കു പ്രത്യേകമായും നൈസര്‍ഗ്ഗികമെന്നുതന്നെ പറയേണ്ട ഒരു വാസനാതിശയമുണ്ടെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതു കൃഷ്ണഗാഥയില്‍ അതിന്റെ അത്യുച്ചമായ കോടിയെ പ്രാപിച്ചിരിക്കുന്നു. ഉപക്രമത്തില്‍ത്തന്നെ

സംസാരമോക്ഷത്തിന്‍ കാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേള്‍പ്പൂ;
എന്നതുതന്നെ വരുത്തിനിന്നീടുവാ-
നിന്നിതുതന്നെ ഞാന്‍ നിര്‍മ്മിക്കുന്നു.ˮ

എന്നു് ഉപന്യസിച്ചിട്ടു തൃപ്തനാകാതെ

ʻʻനിര്‍ഗ്ഗുണനായുള്ളോരീശനെക്കൊണ്ടല്ലോ;
നിര്‍ഗ്ഗുണമായതു ചേരുമിപ്പോള്‍.ˮ

എന്നുകൂടിപ്പറഞ്ഞു തന്റെ ശാലീനതയെ ഫലിതമസൃണമായ രീതിയില്‍ കവി ആവിഷ്കരിക്കുന്നു. സ്വശിശുവിനെ നന്ദഗൃഹത്തില്‍ കിടത്തി അവിടെനിന്നും നന്ദനന്ദിനിയെ മഥുരയിലേയ്ക്കു കൊണ്ടുപോരുന്ന സംഭവത്തെ ʻʻബാലകന്മാരെക്കൊണ്ടാനകദുന്ദുഭി വാണിഭം ചെയ്യുന്നോനെന്നപോലെˮ എന്നു വര്‍ണ്ണിക്കുന്നു. തൃണാവര്‍ത്തന്‍ ചുഴലിക്കാറ്റായി ചെന്നു ശ്രീകൃഷ്ണനെ ആകാശത്തിലേയ്ക്കു കൊണ്ടുപോകുന്നതു് ʻʻഅംബരം പൂണാത ബാലനെക്കൊണ്ടുപോയംബരം പൂകിച്ചാന്‍ ദാനവന്‍താന്‍ˮ എന്ന കല്പനയ്ക്കു പഴുതു നല്കുന്നു. ʻʻതള്ളിച്ചുഴന്നോരു കാറ്റുമടങ്ങീതായുള്ളിലേക്കാറ്റുമങ്ങവ്വണ്ണമേˮ എന്നാണു് ആ അസുരന്റെ മരണത്തെപ്പറ്റിയുള്ള ചിത്രീകരണം. പ്രസ്തുത സംഭവം കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ഗോപസ്ത്രീകളുടെ വട്ടത്തിലുള്ള പാച്ചില്‍ ʻʻഏറ്റം ചുഴന്നുള്ള കാറ്റായി വന്നോരു മാറ്റാനോടേറ്റം പഠിച്ചˮതിന്റെ ഫലമാണെന്നു് ഉല്ലേഖനം ചെയ്യുന്നു.

ʻʻഒറ്റക്കൈതന്നില്‍ നീ വെണ്ണ വച്ചീടിനാല്‍
മറ്റേക്കൈ കണ്ടിട്ടു കേഴുമല്ലോ;
മൂത്തവന്‍കയ്യില്‍ നീ വെണ്ണ വച്ചീടുമ്പോ-
ളാര്‍ത്തനായ്‌നിന്നു ഞാന്‍ കേഴുമ്പോലേˮ

എന്ന യുക്തികൊണ്ടാണ് ബാലകൃഷ്ണന്‍ യശോദയോടു രണ്ടു കൈയ്ക്കും വെണ്ണ വാങ്ങുന്നത്. ഹേമന്തവര്‍ണ്ണനത്തില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന ചില വരികള്‍ ഈ ഘട്ടത്തില്‍ വിശിഷ്യ അനുസന്ധേയങ്ങളാകുന്നു:

ʻʻശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിന്‍ കോമരമെന്നപോലെ
ഭൂലോകംതന്നിലേ മാലോകരെല്ലാരും
ചാലേ വിറച്ചുതുടങ്ങീതപ്പോള്‍
ദന്തങ്ങളെക്കൊണ്ടു താളംപിടിച്ചിട്ടു
സന്ധ്യയെ വന്ദിച്ചാരന്തണരും.

* * * *


തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ
തീക്കായവേണമെനിക്കുമെന്നു്.ˮ

ശ്രീകൃഷ്ണന്‍ അക്രൂരനോടുകൂടി മഥുരയിലേയ്ക്കു പുറപ്പെട്ടപ്പോള്‍ ഗോപികള്‍ ʻʻഭാവനതന്നാലേ കാര്‍വര്‍ണ്ണന്‍ മെയ്ചേര്‍ത്തിട്ടാവോളം പുല്കിനാരായവണ്ണംˮ എന്നു കവിവര്‍ണ്ണിച്ചു സ്വയം സമാശ്വസിക്കുന്നു. കംസന്റെ രജകന്‍ രാജാക്കന്മാര്‍ക്കുള്ള പട്ടാംബരങ്ങള്‍ ധരിക്കുവാന്‍ ഇടയര്‍ക്കു യോഗ്യതയില്ലെന്നു പറയുമ്പോള്‍ ശ്രീകൃഷ്ണന്‍ ʻʻനിങ്ങള്‍ക്കു രാജാവു കഞ്ചനെന്നാകിലോ ഞങ്ങള്‍ക്കു രാജാവു ഞങ്ങള്‍ തങ്ങള്‍.ˮ എന്നു് അയാളെ പരിഹസിക്കുന്നു. ഭഗവാന്റെ കരസ്പര്‍ശത്താല്‍ അംഗവൈരൂപ്യം നീങ്ങിയ കബ്ജയുടെ കാമപാരവശ്യം ʻʻമാനിനി തന്നുടെ മേനി നിവര്‍ന്നപ്പോള്‍ മാരന്നു വില്ലു വളഞ്ഞു ചെമ്മേˮ എന്ന അര്‍ത്ഥഗര്‍ഭമായ വാക്യത്തില്‍ കവി പ്രദര്‍ശിപ്പിക്കുന്നു. ഇങ്ങനെ എവിടെ നോക്കിയാലും നിരര്‍ഗ്ഗളവും നിരങ്കുശവും അന്യകവികള്‍ക്കു് അലഭ്യവുമായ വിനോദധോരണി!

ചെറുശ്ശേരിയുടെ ഫലിതപ്രയോഗത്തിനു മൂര്‍ദ്ധാഭിഷിക്തോദാഹരണമായി രുക്‍മിണീസ്വയംവരത്തില്‍ ഒരു ഘട്ടമുണ്ടു്. തോഴിമാര്‍ രുക്‍മിണിയോടു ദേവിയില്‍ തങ്ങള്‍ മാരാമയത്തിന്റെ ചിഹ്നങ്ങള്‍ കാണുന്നു എന്നും ആരിലാണു് ദേവിക്കു് അഭിനിവേശമുണ്ടായിരിക്കുന്നതു് എന്നും ചോദിക്കുന്നു. അതിന്നു രുക്‍മിണി ധൈര്യം നടിച്ചു്

ʻʻഈശ്വരന്‍തന്നെയൊഴിഞ്ഞു മറ്റാരെയു-
മാശ്രയിച്ചില്ല മന്മാനസംതാന്‍;
രാപ്പകലുള്ളോരു പാഴ്‌പനികൊണ്ടു ഞാന്‍
വായ്പു കുറഞ്ഞു മെലിഞ്ഞൂതിപ്പോള്‍,
എന്നതുകൊണ്ടല്ലീ മന്മഥമാലെന്നു
നിങ്ങള്‍ നിനയ്ക്കുന്നു തോഴിമാരേ?ˮ

എന്നു തന്റെ അന്തര്‍ഗ്ഗതം സത്യത്തില്‍നിന്നു വ്യതിചലിക്കാതെ ഗുഹനം ചെയ്യുവാന്‍ ശ്രമിക്കുന്നു. അപ്പോള്‍ സമീപത്തു കൂട്ടിലിരുന്ന ശാരിക

ʻʻദൈവമേ! നിന്‍കഴല്‍ കൈതൊഴുതീടുന്നേന്‍
കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും;
ദേവകീനന്ദനന്‍തന്നുടെ മെയ്യോടു
കേവലം ചേര്‍ക്കേണമെന്നെയും നീ.ˮ

എന്നു തന്റെ സ്വാമിനി പലപ്പോഴും എകാന്തമായി പാടാറുള്ള പാട്ടു് ആവര്‍ത്തിക്കുന്നു. അപ്പോള്‍ തോഴിമാര്‍ ചിരിച്ചുകൊണ്ടു്

ʻʻകേളാതതെല്ലാമേ ചൊല്ലത്തുടങ്ങീതേ
മേളത്തില്‍ നമ്മുടെ ശാരികതാന്‍;
ശാരികപ്പൈതല്ക്കു കാര്‍വര്‍ണ്ണന്‍തന്നിലേ
മാരമാലുണ്ടായിതെന്നേ വേണ്ടൂ.ˮ

എന്നു പറയുകയും രുക്‍മിണി കിളിയെ കോപത്തോടു കൂടി നോക്കുകയും ചെയ്യുന്നു. അതുകൊണ്ടൊന്നും കിളി കുലുങ്ങാതെ പിന്നേയും ദേവിയുടെ ഏകാന്തഗാനം തുടരുകയാണു്:

ʻʻകാണുന്നോര്‍കണ്ണിന്നു പീയൂഷമായുള്ള
കാര്‍വണ്ണന്‍തന്നുടെ മേനിതന്നെ
കണ്‍കൊണ്ടു കണ്ടു ഞാനെന്നുപോലെന്നുടെ
സങ്കടം പോക്കുന്നു തമ്പുരാനേ?ˮ

അപ്പോള്‍ തോഴികള്‍ ശാരികയോടു്

ʻʻഎങ്ങാനും പോകുന്ന കാര്‍വര്‍ണ്ണന്‍തന്നെക്കൊ-
ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം?
ഇല്ലാതതിങ്ങനെ ചൊല്ലിത്തുടങ്ങിനാ-
ലുള്ളതെന്നിങ്ങനെ തോന്നുമല്ലോ.ˮ

എന്നു ഫലിതം പൊട്ടിച്ചു് അതിന്റെ മുഖം മുദ്രണം ചെയ്യുന്നു. എന്നാല്‍ അതുകൊണ്ടു ദേവിക്കു് അഭിമതപ്രാപ്തി സിദ്ധിക്കുന്നില്ല:

ʻʻകാര്‍വര്‍ണ്ണന്‍തന്നുടെ നാമത്തെക്കേട്ടപ്പോള്‍
വേറൊന്നായ്ക്കാണായി ഭാവമെല്ലാം.
കാമിനിതന്നുടെ കോമളമേനിയില്‍-
ക്കോള്‍മയിര്‍ക്കൊണ്ടുതുടങ്ങി ചെമ്മേ.ˮ

അപ്പോള്‍ തോഴിമാര്‍ വീണ്ടും രുക്‍മിണിയെ ഇങ്ങനെ കളിയാക്കുന്നു:

ʻʻപാഴ്‌പനികൊണ്ടല്ലീ കോള്‍മയിര്‍ക്കൊള്ളുന്നു
വായ്പെഴുന്നീടുമീ മെയ്യിലിപ്പോള്‍
രോമങ്ങള്‍ തന്നോടു കോപിക്കവേണ്ടാതോ
ശാരികപ്പൈതലോടെന്നപോലേ?ˮ

അതു കേട്ടു ദേവി പുഞ്ചിരി തുകുന്നു! അവര്‍ക്കു സകല രഹസ്യവും മനസ്സിലാകുകയും ചെയ്യുന്നു. എന്തൊരു മൃദുലവും, എന്നാല്‍ അതേസമയത്തില്‍ത്തന്നെ നിശിതവുമായ ഫലിതമാണു് ഈ ഘട്ടത്തില്‍ നാം നിരീക്ഷിക്കുന്നതു്. ഇതുപോലെ ഒരു സൂക്തിസുധ സഹൃദയന്മാര്‍ക്കു് ഏതു ദേവലോകത്തില്‍ ചെന്നാല്‍ ആസ്വദിക്കാം!

ഇനി മറ്റൊരു രംഗത്തിലേയ്ക്കു പ്രവേശിക്കാം. സുഭദ്രയും കപടസന്യാസിയായ അര്‍ജ്ജുനനും അത്യുല്‍ക്കടമായ അന്യോന്യപ്രേമത്താല്‍ മതിമറന്നിരിക്കുന്നു. സുഭദ്ര സന്യാസിക്കു ഭിക്ഷ വിളമ്പിക്കൊടുക്കുന്നു. കവി ആ ചിത്രം നമുക്കു് എങ്ങനെ കാണിച്ചുതരുന്നു എന്നു നോക്കുക:

ʻʻഓദനംതന്നെ വിളമ്പിനിന്നീടിനാള്‍
വേദന പൂണ്ടുള്ളോരുള്ളവുമായ്.
മുന്നിലിരുന്നോരു ഭിക്ഷുകന്‍താനുമ-
ക്കന്യകതന്മുഖം കാണ്‍കയാലേ
ഓദനംതന്നെ വിലക്കുവാന്‍ വല്ലാതെ-
യോര്‍ച്ചയും പൂണ്ടങ്ങു മേവുകയാല്‍,
പാത്രത്തില്‍നിന്നുള്ളോരോദനമെല്ലാമേ
പത്രത്തിലാമ്മാറു വീണുകൂടി.
അക്ഷണം പിന്നെയക്കന്യകമുന്നിലേ
ഭിക്ഷുകന്‍തന്മുഖം നോക്കിനോക്കി
ഉത്തമമായോരു നല്‍ഘൃതം ചെഞ്ചെമ്മേ
പത്രത്തിലാമ്മാറു വീഴ്ത്തിനിന്നാള്‍.
ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും
ചാടിക്കളഞ്ഞിതു ചാപല്യത്താല്‍.
അത്തൊലിതന്നെ വിളമ്പിനിന്നീടിനാള്‍
ചിത്തം മയങ്ങിനാലെന്നു ഞായം.
പത്രത്തിലായുള്ളോരത്തൊലിതന്നെത്തന്‍
ചിത്തമഴിഞ്ഞവനാസ്വദിച്ചാന്‍.
കുമ്പവുംപൂണ്ടു കരുത്തുമകന്നങ്ങു
സംഭ്രമിച്ചീടുന്ന കന്യകതാന്‍
മുമ്പിലേ വേണ്ടതു പിന്നേ വിളമ്പിനാള്‍
പിമ്പിലേ വേണ്ടതു മുന്നില്‍ത്തന്നെ.
ഇങ്ങനെ വന്നവയൊന്നുമറിഞ്ഞില്ല
കന്യകമുന്നിലിരുന്നവന്‍താന്‍.ˮ

പഴമാണെന്നു കരുതി സുഭദ്ര തൊലി വിളമ്പുന്നു; പഴമാണെന്നു കരുതിത്തന്നെ അര്‍ജ്ജുനന്‍ ആ തൊലി തിന്നുകയും ചെയ്യുന്നു. എന്തൊരു ഹൃദ്യതമമായ ഹൃദയവിനിമയം!

അലങ്കാരപ്രയോഗം

ചെറുശ്ശേരിയുടെ ഉല്‍പ്രേക്ഷ, ഉപമ, രൂപകം, ദൃഷ്ടാന്തം, അര്‍ത്ഥാന്തരന്യാസം മുതലായ അര്‍ത്ഥാലങ്കാരങ്ങളുടെ പ്രയോഗവൈചിത്ര്യത്തെപ്പറ്റി അധികമൊന്നും പറവാന്‍ സ്ഥലമനുവദിക്കുന്നില്ല. പൂതന കൃഷ്ണനെ സ്തന്യപാനം ചെയ്യിക്കുന്ന ഘട്ടത്തില്‍നിന്നു താഴെ ഉദ്ധരിക്കുന്ന ചില വരികള്‍ അദ്ദേഹത്തിനു് ഈ വിഷയത്തിലുള്ള പ്രാഗല്ഭ്യത്തെ പടഹമടിച്ചു പരസ്യപ്പെടുത്തുന്നു:

ദൂരത്തുനിന്നങ്ങു കണ്ടോരു നേരത്തു
ചാരത്തു ചെന്നു ചതിച്ചുപുക്കാള്‍,
അണ്ഡജനായകന്‍തന്നുടെ ചാരത്തു
കുണ്ഡലിതാന്‍ ചെന്നു പൃകുംപോലെ.

ഓമനത്തൂമുഖംതന്നിലേ നോക്കിക്കൊ-
ണ്ടോര്‍ത്തുനിന്നീടിനാളൊട്ടു നേരം,
ചീര്‍ത്തോരു കോപംപൂണ്ടന്തകന്‍ വാരാഞ്ഞു,
പാര്‍ത്തുനിന്നീടുന്നോളെന്നപോലെ.

മെല്ലവേ ചെന്നങ്ങു തൊട്ടുനിന്നീടിനാള്‍
പല്ലവം വെല്ലുമപ്പൂവല്‍മേനി,
രത്നമെന്നിങ്ങിനേ തന്നിലേ നണ്ണിനി-
ന്നഗ്നിയെച്ചെന്നുതൊടുന്നപോലെ.

പാരാതെ പിന്നെയെടുത്തുനിന്നീടിനാ-
ളാരോമല്‍പ്പൂങ്കനിപ്പൈതല്‍തന്നെ,
പാശമെന്നിങ്ങനെ നിര്‍ണ്ണയം പൂണ്ടിട്ടു
പാമ്പിനെച്ചെന്നങ്ങെടുക്കുംപോലെ.

ഓമനപ്പൂവല്‍മെയ് മേനിയില്‍ക്കൊണ്ടപ്പോള്‍
കോള്‍മയിര്‍ തിണ്ണമെഴുന്നു മെയ്യില്‍
ഉമ്പര്‍കോന്‍നാട്ടിലപ്പൂതനതന്നെക്കാള്‍
മുന്‍പിലേ പോവാനായെന്നപോലേˮ ഇത്യാദി.

കാത്യായനീവര്‍ണ്ണനം, രുക്‍മിണീവര്‍ണ്ണനം, ഋതുവര്‍ണ്ണനം മുതലായ ഘട്ടങ്ങളില്‍ കവി വാരിക്കോരിവിളമ്പീട്ടുള്ള അലങ്കാരങ്ങള്‍ക്കു കയ്യുംകണക്കുമില്ല.

ʻʻആനനംതന്നോടു നേരൊത്തുപോരുവാന്‍
മാനിച്ചു തിങ്കളും പങ്കജവും
ഒക്കവേ ചെന്നു പിണങ്ങിനനേരം ക-
ണ്ടക്ഷണമാനനലക്ഷ്മി നേരേ
തിങ്കളേ! നീയിതിന്‍ മീതലേ നിന്നുകൊള്‍
പങ്കജമേ, യിതിന്‍ താഴെ നീയും!
എന്നങ്ങു ചൊന്നൊരു സീമയിട്ടീടിനാ-
ളിന്നതു ചില്ലിയായ്ക്കണ്ടതിപ്പോള്‍.ˮ

എന്നും മറ്റുമുള്ള വര്‍ണ്ണനങ്ങളില്‍ കവി പ്രദര്‍ശിപ്പിക്കുന്ന അചുംബിതമായ ചമല്‍ക്കാരചാതുരി ആരെയാണു് ആനന്ദസാഗരത്തില്‍ ആറാടിക്കാത്തതു്!

രചനാമാധുര്യം

ഈ അത്ഭുതവിദ്യ മുഴുവന്‍ കവി കാണിച്ചിരിക്കുന്നതു വെറും നാടോടിബ്‌ഭാഷാപദങ്ങള്‍ പ്രയോഗിച്ചാണെന്നുള്ള വസ്തുതയാണു് അദ്ദേഹത്തിന്റെ നേര്‍ക്കു നമുക്കുള്ള ബഹുമാനത്തെ ദ്വിഗുണീഭവിപ്പിക്കുന്നതു്. ആ മഹാകവി മൂര്‍ദ്ധന്യന്റെ അക്ലിഷ്ടമധുരമായ രചനാവൈഭവത്തിനു പ്രത്യേകമായി ഉദാഹരണങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല. ഇതുവരെ എടുത്തുചേര്‍ത്ത മഞ്ജരിയിലുള്ള ഈരടികള്‍ എല്ലാം തന്നെ അതിനു നിദര്‍ശനങ്ങളാണു്.

ʻʻകാര്‍മുകില്‍മാലകള്‍ കാല്‍ പിടിച്ചീടുന്ന കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.ˮ ʻʻപാലാഴിമാതുതന്‍ വാര്‍മുലതന്നിലേ മാലേയച്ചാറൂറും മാറുള്ളോനേˮ ʻʻഅല്ലിനെ വെല്ലുവാന്‍ വല്ലുന്ന പൂങ്കുഴല്‍, വില്ലിനെ വെല്ലുവാന്‍ വല്ലും ചില്ലിˮ മുതലായ ലാളിത്യം വഴിഞ്ഞൊഴുകുന്ന ഈരടികള്‍ കൃഷ്ണഗാഥയിലല്ലാതെ ഭാഷാസാഹിത്യത്തില്‍ മറ്റൊരിടത്തും കാണുന്നതല്ല. അതിനു മുന്‍പെന്നപോലെ ആക്കൃതിയിലും പ്രയുക്തങ്ങളായ പഴയ ഭാഷാപദങ്ങളില്‍ പലതും രണ്ടു ശതകംകൂടിക്കഴിഞ്ഞപ്പോള്‍ സംസ്കൃതത്തിന്റെ അനുസ്യൂതമായ മര്‍ദ്ദനത്തിന്റെ ശക്തിയാല്‍ മിക്കവാറും പുറംതള്ളപ്പെട്ടുപോയി. (1) അങ്കി (അഗ്നി); (2) അലയ്ക്കുക (അടിയ്ക്കുക); (3) അല്ലിടം (ജഘനം); (4) ഇടങ്ങേറു് (തടസ്സം); (5) ഉവക്കുക (സ്നേഹിക്കുക); (6) ഓലക്കം (പ്രകാശം); (7) കണ്‍പൊലിയുക (ഉറങ്ങുക); (8) കമ്മന്‍ (ദുഷ്ടന്‍); (9) കുഴ (കാതു്); (10) കൂത്തി (തേവിടിശ്ശി); (11) കലമ്പിക്കുക (കൂര്‍പ്പിക്കുക); (12) തണ്‍പെടുക (താഴുക); (13) തളര്‍ത്തുക (കുറയ്ക്കുക); (14) താവടം (കഴുത്തിലണിയുന്ന മാല); (15) തികക്കുക (വേവുക); (16) തേമ്പാതെ (കുറയാതെ); (17) തോയുക (വര്‍ദ്ധിക്കുക); (18) നാണുക (നാണിക്കുക); (19) നെയ്തല്‍ (ആമ്പല്‍); (20) പച്ചപെടുക (വര്‍ദ്ധിക്കുക); (21) പരുകുക (ആസ്വദിക്കുക); (22) പാടകം (കാല്‍ച്ചിലമ്പു്); (23) പെണ്ണുക (ചെയ്യുക); (24) മരിക്കം (ഇണക്കം); (25) മല്ലം (മനോഹരം); (26) മാച്ചു (അഴുക്കു്); (27) മേത് (ഭൂമി); (28) വല്ലുക (കഴിയുക); (29) വിച്ച (വിദ്യ, ആശ്ചര്യം); (30) വേലപ്പെണ്‍ (ലക്ഷ്മീദേവി); (31) വിണ്ടലര്‍ (ദേവര്‍) എന്നീ പദങ്ങള്‍ ആക്കൂട്ടത്തില്‍പ്പെട്ടവയാണു്. അവയെക്കൊണ്ടു പിന്നെയും കുറെക്കാലത്തേക്കു കൈകാര്യം ചെയ്തുവന്നതു ഭാഷാശത്രുക്കളും സംസ്കൃതപക്ഷപാതികളുമാണെന്നു് അന്യഥാ ഗണിക്കാവുന്ന ചമ്പൂകാരന്മാരാകുന്നു. ʻപാട്ടുകാര്‍ക്കു് അവപഥ്യമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല.

രാമചരിതം, കണ്ണശ്ശരാമായണം മുതലായ പാട്ടുകളും കൃഷ്ണഗാഥയും തമ്മില്‍ തട്ടിച്ചുനോക്കുന്നവര്‍ക്കു ഭാഷാസംബന്ധമായുള്ള ചില വസ്തുതകള്‍ ബോധ്യമാകാതെയിരിക്കുകയില്ല. പഴയ പാട്ടുകളില്‍ ഓരോന്നിനും നാലു വരികളും ഓരോ വരിക്കും ഈരണ്ടു വിഭാഗങ്ങളും വേണ്ടിയിരുന്നതായി നാം ധരിച്ചിട്ടുണ്ടല്ലോ. കൃഷ്ണഗാഥയിലെ ഓരോ ഈരടിയും രചനാവിഷയത്തില്‍ അതോടുകൂടിത്തന്നെ പരിപൂര്‍ണ്ണമാകുന്നുണ്ടെന്നു പറയാം. ഈരടികളില്‍ മോനയ്ക്കു് ഉണ്ടായിരുന്ന പ്രാധാന്യം എതുക കവര്‍ന്നിരിക്കുന്നു.

ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യില്‍പ്പരക്കയാലേ,
പാലാഴിവെള്ളത്തില്‍പ്പൊങ്ങിനിന്നീടുന്ന
നീലാഭമായുള്ള ശൈലംപോലെ,
മേവിനിന്നീടുന്ന ദൈവതംതന്നെ ഞാന്‍
കൈവണങ്ങീടുന്നേന്‍ കാത്തുകൊള്‍വാന്‍,ˮ

എന്നീ മൂന്നു ഈരടികളില്‍ എതുകമാത്രമേ കവി ദീക്ഷിച്ചിട്ടുള്ളൂ എന്നുള്ളതു സ്പഷ്ടമാണല്ലോ. പ്രായേണ നമ്മുടെ മഹാകവി ദ്വിതീയാക്ഷരപ്രാസത്തില്‍ ദത്തദൃഷ്ടിയാണെങ്കിലും അദ്ദേഹത്തിനു് അക്കാര്യത്തില്‍ നിര്‍ബ്ബന്ധബുദ്ധിയില്ല. ʻʻപാപനായുള്ളോരു കംസന്റെ മാനസം പാറയെപ്പോലെയങ്ങാകയാലേ,ˮ ʻʻപാദങ്ങള്‍ നാലും നനഞ്ഞുനിന്നീടാതെ പാഴ്‌പറമ്പേറി നടക്കുംപോലെˮ മുതലായ ഈരടികളില്‍ അദ്ദേഹം എതുകയ്ക്കുപകരം മോനയെക്കൊണ്ടു തൃപ്തിപ്പെടുന്നു. ʻʻബാലകന്‍ വേണമീ മാറോടു ചേരുവാന്‍, ഞാനിനി നീങ്ങണമെന്ന പോലെ,ˮ ʻʻയാചിപ്പാന്‍ പോവാനോ ചേലയും ചെമ്മല്ല. ഗേഹത്തില്‍ മേവുവാന്‍ പയ്യുമുണ്ടേˮ തുടങ്ങിയ ഈരടികളില്‍ എതുകയും മോനയും ഉപേക്ഷിക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല. ശബ്ദഗുംഫനത്തെ സംബന്ധിച്ചിടത്തോളം അന്യഥാ അനവദ്യമായ പ്രസ്തുതകൃതിയില്‍ ഒരു അനവധാനത കടന്നുകൂടിയിട്ടുള്ളതു പ്രസ്താവയോഗ്യമാകുന്നു. അതു ʻനിന്നീടുക, ʻഊറ്റീടുക,ʼ ʻതാന്‍,ʼ ʻചെഞ്ചെമ്മേ,ʼ ʻമെല്ലെ മെല്ലെ.ʼ മുതലായ പദങ്ങളെ പലപ്പോഴും നിരര്‍ത്ഥകമായി പാദപൂരണത്തിനു വേണ്ടിമാത്രം കവി പ്രയോഗിക്കുന്നു എന്നുള്ളതാണു്. ʻʻകഞ്ചന്‍തന്‍ നെഞ്ചിനോടൊത്ത കരിങ്കല്ലുമഞ്ചിതമായോരുപാട്ടുകേട്ടു്ʼ; തുടങ്ങിയ ഈരടികള്‍ സംവൃതോകാരത്തില്‍ അവസാനിപ്പിച്ചിട്ടുള്ളതും ശ്രവണോദ്വേഗജനകമാണു്. പക്ഷെ തങ്ങളെത്തന്നെ മറന്നുകൊണ്ടു് ആ പാലാഴിയില്‍ വിഹരിക്കുന്ന അനുവാചകന്മാര്‍ക്കു് അത്തരത്തിലുള്ള ദോഷപരമാണുക്കള്‍ അശേഷം അനുഭവഗോചരങ്ങളാകുന്നില്ലതന്നെ.

ഗ്രന്ഥോദ്ദേശ്യം

ചെറുശ്ശേരിക്കു പ്രസ്തുത കൃതികൊണ്ടു സാമാന്യജനങ്ങളില്‍ അവതാരപുരുഷന്മാരില്‍വെച്ചു് അഗ്രഗണ്യനായ ശ്രീകൃഷ്ണഭഗവാനെപ്പറ്റിയുള്ള ഭക്തി പ്രവൃദ്ധമാക്കുകയും ആനുഷംഗികമായി തന്റെ യശസ്സു ലോകത്തില്‍ നിലനിറുത്തുകയും ചെയ്യണമെന്നായിരുന്നു അഭിസന്ധി. ആ ഉദ്ദേശം രണ്ടും അദ്ദേഹം സമഗ്രമായി സാധിച്ചിട്ടുമുണ്ടു്. സംസ്കൃതപണ്ഡിതന്മാരായിരുന്നു അക്കാലത്തെ സഹൃദയശിരോമണികള്‍. അവരുടെ മുമ്പില്‍ സംസ്കൃതത്തിന്റെ ആധിപത്യത്തിനു ലേശംപോലും കീഴടങ്ങാതെ ആബാലഗോപാലം ആര്‍ക്കും ആസ്വദിക്കത്തക്ക ലളിതകോമളകാന്തപദാവലികൊണ്ടു താന്‍ നിര്‍മ്മിച്ച ഗാഥ സമര്‍പ്പിക്കുന്നതിനു് ആ കവിപ്രവേകനുപോലും അല്പം അധൈര്യമില്ലായിരുന്നു എന്നു നമുക്കു ശപഥം ചെയ്യാവുന്നതല്ല. സജ്ജനങ്ങള്‍ പ്രശംസിക്കുമെന്നു കരുതിയല്ലതാന്‍ അതു നിര്‍മ്മിച്ചതെന്നും വന്ദ്യന്മാരായുള്ളവര്‍ നിന്ദ്യത്തെയല്ലാതെ നിന്ദിക്കുകയില്ലെന്നു തനിക്കു നിര്‍ണ്ണയമുണ്ടെന്നു ദുര്‍ജ്ജനങ്ങള്‍ നിന്ദിച്ചാല്‍ സജ്ജനങ്ങള്‍ അവരെ തടത്തുകൊള്ളുമെന്നും അദ്ദേഹം സമാധാനപ്പെടുന്നു. തന്റെ കൃതിയെപ്പറ്റി

ʻʻകാര്‍വര്‍ണ്ണന്‍തന്നുടെ കാരുണ്യംകൊണ്ടിതി-
പ്പാരിടമെങ്ങും നടക്കണമേˮ

എന്നും താന്‍ യഥാകാലം ദേവലോകത്തില്‍ ചെല്ലുമ്പോള്‍

ʻʻമാനിച്ചുവന്നുള്ള മാനിനിമാരെല്ലാം
ഗാനത്തെച്ചെയ്തിട്ടും കേള്‍ക്കാകേണംˮ

എന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ഒടുവില്‍ വൈഷ്ണവദൂതന്മാര്‍ തന്നെ വൈകുണ്ഠത്തിലേക്കു നയിക്കുമെന്നും. അവിടെച്ചെന്നു ഭഗവാനോട്

ʻʻഗാഥയെക്കൊണ്ടിവന്‍ പാതകം പൂണ്ടോരെ-
പ്പൂതന്മാരാക്കിനാന്‍ നീതിയാലേ;
നിര്‍ഗ്ഗതിപൂണ്ടുള്ള വൃക്ഷങ്ങള്‍ക്കെല്ലാമേ
സല്‍ഗതി നല്കിനാന്‍ ധാരകൊണ്ടേ;
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ
ചിത്തവും ചാലക്കുളിര്‍പ്പിച്ചുടന്‍
മുക്തിയെത്തന്നെയും നല്കിനിന്നീടിനാ-
നുത്തമമായുള്ള ഗാഥകൊണ്ടേ.ˮ

എന്നു് അവര്‍ തിരുമനസ്സറിയിക്കുമെന്നും ആ പരമഭാഗവതന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു. പിന്നീടു സംഭവിക്കുവാന്‍പോകുന്നതെന്തെന്നു് അദ്ദേഹത്തിന്റെ രസനാഗ്രത്തില്‍നിന്നുതന്നെ നമുക്കു കേള്‍ക്കാം.

ʻʻദാസനെന്നുള്ളതോ വന്നൂതായല്ലോ നിന്‍
ഗാഥയെ നിര്‍മ്മിക്കകൊണ്ടുതന്നെ;
ഏതൊരു വേലയിലാക്കിനിന്നീടുന്നു
നീതിയാലിന്നിവന്‍തന്നെയിപ്പോള്‍?
ദൂതര്‍ന്മാരിങ്ങനെ ചോദിച്ചനേരത്ത-
പ്പാതകവൈരിയായുള്ളവന്‍താന്‍
മെല്ലവേയെന്‍മുഖം നോക്കിനിന്നന്നേരം
ചില്ലിതന്‍ തെല്ലാലേ ചൊല്ലുകയാല്‍
പ്രാജ്ഞലിയായ ഞാന്‍ പാഞ്ഞുചെന്നന്നേരം
തോഞ്ഞു നിന്നീടുന്ന മോദത്താലേ
പാതകം വേരറ്റ പാണിയെക്കൊണ്ടവന്‍-
പാദങ്ങള്‍ മെല്ലെന്നെടുത്തു പിന്നെ
നോറ്റുനിന്നീടുമെന്‍ മാറത്തു ചേര്‍ത്തു നി-
ന്നേറ്റം തെളിഞ്ഞു പുണര്‍ന്നു മേന്മേല്‍
വാരിജസംഭവന്‍ വാമന്‍പാദത്തെ
വാരിയെക്കൊണ്ടു പണ്ടെന്നപോലെ
ആനന്ദലോചനവാരിതന്‍പൂരംകൊ-
ണ്ടാദരവോടു കുളിര്‍പ്പിച്ചപ്പോള്‍
ദുസ്സംഗം വേറിട്ടു സത്സംഗിയാകുമെ-
ന്നുത്സംഗം തന്നിലേ ചേര്‍ത്തു പിന്നെ
എന്‍മനംതന്നില്‍പ്പണ്ടുന്മേഷിച്ചുള്ളവ-
യുണ്‍മയോയെന്നതു നിര്‍ണ്ണയിപ്പാന്‍
ഗാഥയില്‍ച്ചൊന്നുള്ള രേഖകളോരോരോ
ബാധയെക്കൈവിട്ടു നോക്കിനോക്കി
മെല്ലെമെല്ലെന്നു തലോടി നിന്നന്നേരം
പല്ലവംവെല്ലുമപ്പാദങ്ങളെ
പാണികള്‍ക്കീടുന്നോരാനന്ദം പൂരിച്ചു
വാണീടവേണമേ ദൈവമേ! ഞാന്‍.ˮ

ഉപസംഹാരം

കൃഷ്ണഗാഥയെപ്പറ്റി കവിക്കു വലിയ മതിപ്പാണു് ഉണ്ടായിരുന്നതെന്നു് ഒടുവില്‍ ഉദ്ധരിച്ച ഭാഗങ്ങളില്‍നിന്നു വിശദമാകുന്നു. അതു് അയുക്തമാണെന്നു് ആരും പറയുമെന്നു തോന്നുന്നില്ല. ഈ ഒരു കൃതികൊണ്ടു മാത്രം കൈരളിക്കു് ഏതു് ഇതര ഭാഷയുടെ മുന്നിലും നിസ്സങ്കോചം തലയുയര്‍ത്തി നില്ക്കാം; ആത്മവീര്യത്തെ സധൈര്യം പ്രദര്‍ശിപ്പിക്കാം. അത്തരത്തിലുള്ള ഒരു അനുഗൃഹീതനായ മഹാപുരുഷനാണു് ചെറുശ്ശേരി. കാളിദാസന്‍ തുടങ്ങിയ ഭാരതത്തിലേ പ്രഥമഗണനീയന്മാരായ കവിസാര്‍വഭൌമന്മാരുടെ പംക്തിയില്‍ അദ്ദേഹത്തിനും ആദരണീയമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടെന്നാണു് എന്റെ അടിയുറച്ച അഭിപ്രായം.

ഭാരതഗാഥ

ഗ്രന്ഥകാരന്റെ കാലം

ഭാരതഗാഥയ്ക്കു് ഭാരതംപാട്ടെന്നും ചെറുശ്ശേരിഭാരതം പാട്ടെന്നും കൂടി പേരുകളുണ്ടു്. ചിറയ്ക്കല്‍ കോവിലകത്തേ ഒരു ആദര്‍ശഗ്രന്ഥത്തില്‍ അതു് 704 തുലാം 5-ആംനു തലൂല് മാധവവാരിയര്‍ എഴുതിയ ഗ്രന്ഥത്തിന്റെ പകര്‍പ്പാണെന്നു പറഞ്ഞിരിക്കുന്നു. എന്നാല്‍ ആ കുറിപ്പും ʻʻആജ്ഞയാ കോലഭൂപസ്യˮ ഇത്യാദി ഗ്രന്ഥാന്തശ്ലോകവും വേറെ കൈപ്പടയിലാണു് കാണുന്നതു്. മറ്റൊരു മാതൃകയില്‍ ʻʻപൊനത്തില്‍ വലിയ നമ്പിടി ഉണ്ടാക്കിയ ഭാരതംപാട്ടു്ˮ എന്നും മൂന്നാമതൊന്നില്‍ ʻʻപൊനത്തില്‍ ശങ്കരസൂരിണാ വിരചിതാ ശ്രീഭാരതഗാഥാˮ എന്നും രേഖപ്പെടുത്തീട്ടുണ്ടു്. എങ്കിലും ആ രേഖകളും പുറത്തെഴുത്തുകള്‍മാത്രമാണു്. അതുകൊണ്ടു് അവയെമാത്രം ആസ്പദമാക്കി യാതൊന്നും നിര്‍ണ്ണയിക്കുവാന്‍ നിവൃത്തി കാണുന്നില്ല. പക്ഷേ ഒരു കാര്യം നിശ്ചയമാണു്. ഭാരതഗാഥാകാരനും കൃഷ്ണഗാഥാകാരനും ഒരേ കാലത്തു് ഉദയവര്‍മ്മ രാജാവിന്റെ പോഷണത്തില്‍ അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു എന്നുള്ളതിനു ഭാരതഗാഥയിലെ ഭാഷസാക്ഷ്യം വഹിക്കുന്നുണ്ടു്. കൃഷ്ണഗാഥയില്‍ കാണുന്ന പല പഴയ പദങ്ങളും ശൈലികളും വ്യാകരണപ്രയോഗങ്ങളും (ʻപാതകമാര്‍ജ്ജിച്ചു കൊള്ളൊല്ലാതെʼ ʻഎന്നുടെ ജീവനം നിന്നുടെ കയ്യിലൂʼ മുതലായവ) ഭാരതഗാഥയിലുമുണ്ടു്. ഉദയവര്‍മ്മാവിന്റെ പേര്‍ ഗ്രന്ഥാന്തശ്ലോകത്തിലേ കാണുന്നുള്ളൂ എങ്കിലും പ്രാജ്ഞനായ ഒരു കോലത്തിരിയുടെ ആജ്ഞ അനുസരിച്ചാണു് അതു വിരചിതമായതു് എന്നു തെളിയത്തക്കവണ്ണം,ലാതെʼ ʻഎന്നുടെ ജീവനം നിന്നുടെ കയ്യിലൂʼ മുതലായവ) ഭാരതഗാഥയിലുമുണ്ടു്. ഉദയവര്‍മ്മാവിന്റെ പേര്‍ ഗ്രന്ഥാന്തശ്ലോകത്തിലേ കാണുന്നുള്ളൂ എങ്കിലും പ്രാജ്ഞനായ ഒരു കോലത്തിരിയുടെ ആജ്ഞ അനുസരിച്ചാണു് അതു വിരചിതമായതു് എന്നു തെളിയത്തക്കവണ്ണം,

ʻʻപ്രാജ്ഞനായുള്ളോരു കോലാധിനാഥന്‍ത-
ന്നാജ്ഞയെക്കൊണ്ടല്ലോയിന്നീവണ്ണം
സംഭവമാദിയായ് സംഹാരത്തോളവും
സംക്ഷേപമായിട്ടു ചൊല്ലുന്നെന്നാല്‍
പാതകം പോക്കുന്ന ഭാരതഗാഥതാന്‍
ചേതയിലന്‍പോടറിഞ്ഞവണ്ണം
തീര്‍ത്തുനിന്നീടുവാനോര്‍ത്തുനിന്നീടുമെ-
ന്നാര്‍ത്തി തീര്‍ത്തീടേണം തമ്പുരാനേ.ˮ

എന്നു ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്താവനയുണ്ടല്ലോ. ഒടുവിലത്തേ ശ്ലോകം പ്രക്ഷിപ്തമാണെന്നു വന്നാല്‍പ്പോലും 7-ആം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ വിരചിതമായ ഒരു കൃതിയായിട്ടാണു് പ്രസ്തുത ഗാഥയെ പരിഗണിക്കേണ്ടിയിരിക്കുന്നതു്.

രണ്ടു കൃതികളുടേയും പ്രണേതാവു് ഒരു കവിയല്ല: ഏകദേശം ഇതുപോലെതന്നെ തീര്‍ച്ചപ്പെടുത്തി പറയാവുന്ന ഒരു വസ്തുതയാണു് രണ്ടു ഗാഥകളുടേയും നിര്‍മ്മാതാവു് ഒരാളല്ലെന്നുള്ളതും. ദിവാകരബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഈ രണ്ടു കൃതികള്‍ക്കു തമ്മിലുണ്ട്. ഈ അഭിപ്രായത്തിനു് ഉപോല്‍ബലകമായി ചില വിഷയങ്ങള്‍ ഉപപാദിക്കാം.

ഭാരതഗാഥാകാരന്റെ അപാണ്ഡിത്യം

ഭാരതഗാഥാകാരന്റെ സംസ്കൃതജ്ഞാനം ഏറ്റവും പരിമിതമാകുന്നു. പുംസന്‍ (പുമാന്‍), തൃഷ്ണന്‍ (സതൃഷ്ണന്‍), അപ്സരി (അപ്സരസ്ത്രീ), കൊങ്കയുഗളങ്ങള്‍ (യുഗം) സംസാരിയായൊരു നാരി (സംസാരിണി) മര്‍ഷം (അമര്‍ഷം) ആപാദമസ്തകത്തോളം (ആപാദമസ്തകം) മുതലായി അസമാധേയങ്ങളായ പല സ്ഖലിതങ്ങളും ദെയ്ത (ദയിത), അര്‍വതു (അറുപതു), സൌവ (സൌബല), സ്നാനിക്കുക (സ്നാനം ചെയ്യുക) മുതലായി വിലക്ഷണങ്ങളായ അനേകം പദസങ്കോചങ്ങളും ഈ ഗ്രന്ഥത്തില്‍ ഉണ്ടു്. ഭടര്‍ എന്നതിനു പകരം ലോകരെന്നും, ഫലിക്കുന്നതു് എന്നതിനു പകരം ദൃഷ്ടമെന്നും, ദുര്‍വ്വാസസ്സിനു പകരം ʻമത്തനായുള്ളോരു മാമുനി, എന്നും കോവിലകത്തിനു പകരം നിയമേന ʻകോട്ടʼ എന്നും വ്യവഹരിച്ചു ഗ്രന്ഥകാരന്‍ സംതൃപ്തനാകുന്നു. ഉപ്പുവെള്ളത്തിന്നു പര്യായമായി ʻപാനീയʼ പദം പ്രയോഗിക്കുന്നു. ʻപാരിടപാലനംʼതുടങ്ങിയ ഉദ്വേഗജനകങ്ങളായ സമസ്തപദങ്ങളും കാണ്‍മാനുണ്ടു്. ഭാഷാ പദങ്ങളെ അപേക്ഷിച്ചു് സംസ്കൃതപദങ്ങളുടെ പ്രയോഗവും ഭാരതഗാഥയില്‍ താരതമ്യേന വളരെ അധികമാണു്.

കൃഷ്ണഗാഥാകാരന്റെ ഭാഷാശബ്ദകോശം അദ്ദേഹം കണികണ്ടിട്ടില്ലെന്നപോലും പറയേണ്ടിയിരിക്കുന്നു.

രചനാവൈകല്യം

പാടി ഒപ്പിച്ചു മുന്നോട്ടു നീങ്ങുവാന്‍ പഴുതു കാണാത്തവിധത്തില്‍ പല വരികളും കണ്ടകങ്ങള്‍പോലെ ഭാരതഗാഥയില്‍ കവി വാരിവിതറിയിരിക്കുന്നു. ʻരക്തബീജനെന്ന രാക്ഷസന്‍തന്‍ʼ ʻഉത്തരായനം വന്നെത്തുവാനായ്ʼ, ʻധൃഷ്ടകേതുവും യുധാമന്യുവുംʼ, ʻഅര്‍ദ്ധരഥസൂതജന്‍ തനിക്കു്ʼ ʻസൂച്യാകാരമായിട്ടെത്രയുമെത്രയുംʼ തുടങ്ങിയ വരികള്‍ നോക്കുക. ʻവാരിജനേത്രന്റെ സോദരനാംʼ ʻഭൂപതിതന്നുടെയഗ്രജന്‍തന്‍ʼ ʻസങ്‌ക്രമിച്ചങ്ങവന്‍ തങ്കലുള്ളʼ എന്നിങ്ങനെയും മറ്റും ഈരടികള്‍ അവസാനിപ്പിക്കുന്നതു് ഒരഭംഗിയായിട്ടു ഗ്രന്ഥകാരന്നു തോന്നീട്ടില്ല. ഈ അഭംഗിക്കു മഷിയിട്ടു നോക്കിയാല്‍ ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ കൃഷ്ണഗാഥയിലും കണ്ടേക്കുമായിരിക്കും; പക്ഷേ ആ കാവ്യത്തില്‍ പ്രസ്തുതരചനാഗഡു തുലോം നിസ്സാരമാണു്. ʻʻയോഗിയായുള്ളോരു ശ്രീശുകന്‍തന്നോടുˮ ʻʻശക്തരായുള്ള ത്രിഗര്‍ത്തന്മാര്‍ വന്നിട്ടുˮ എന്നീ വരികളില്‍ യഥാക്രമം, ശ്രീ, ത്രി, ഈ അക്ഷരങ്ങളെ സംയുക്തങ്ങളാക്കാതെ ഉച്ചരിക്കേണ്ടിയിരിക്കുന്നു. ഈ ദോഷത്തിനു വേറേയും അനവധി ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാവുന്നതാണു്. ഒരിക്കല്‍ കുറിച്ച വരികള്‍ ഉടനടി ആവര്‍ത്തിക്കുന്നതിനും കവിക്കു കൂസലില്ല. ʻകല്യാണകാരുണ്യകല്ലോലമേʼ എന്നും ʻകല്യാണകാരുണ്യകൈവല്യമേʼ എന്നും ഉള്ള വരികളും ʻഭൂമിക്കു നല്ലോരു ഭൂഷണമായുള്ളʼ എന്നും ʻഭൂമിക്കു നല്ലോരു ഭൂഷണമായിട്ടുʼ എന്നും ഉള്ള വരികളും നോക്കുക. ʻരുഷ്ടരായനിന്നങ്ങു ബാലിസുഗ്രീവന്മാര്‍ വട്ടത്തില്‍നിന്നു പൊരുന്നപോലെʼ എന്ന ഈരടിയും ഒന്നിലധികം തവണ പ്രയോഗിച്ചു കാണുന്നു.

ഔചിത്യഹീനത: കവിക്കു പലപ്പോഴും പദപ്രയോഗത്തിലും അലങ്കാരപ്രയോഗത്തിലും അനൌചിത്യദോഷം പറ്റിപ്പോയിട്ടുണ്ടു്. ʻʻപാല്‍ക്കടല്‍വര്‍ണ്ണന്‍ˮ എന്ന പദം പല അവസരങ്ങളിലും അദ്ദേഹം ശ്രീകൃഷ്ണനു വിശേഷമായി ഘടിപ്പിക്കുന്നു. പാല്‍ക്കടലിന്റെ നിറം കറുപ്പല്ലെന്നു് അദ്ദേഹം ധരിച്ചിട്ടില്ലാത്തതുപോലെ തോന്നിപ്പോകും. ഗ്രന്ഥാരംഭത്തില്‍ത്തന്നെ ലക്ഷ്മീഭഗവതിയുടെ പുഞ്ചിരിയെ പാലാഴിവെള്ളത്തോടും മഹാവിഷ്ണുവിനെ നീലാഭമായ ശൈലത്തോടും ഉപമിക്കുന്ന കൃഷ്ണഗാഥാകാരന് അത്തരത്തില്‍ ഒരു പ്രമാദം ഒരിക്കലും പറ്റീട്ടില്ല,

പറ്റുവാന്‍ ഇടയുമില്ല. സുഭദ്രയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍ ʻഅംഗങ്ങള്‍തന്നുടെ ഭംഗികള്‍ കാണുമ്പോള്‍ ഗംഗയെന്നിങ്ങിനെ ചൊല്ലാമല്ലോʼ എന്നും ʻഏണാക്ഷി തന്നുടെ നന്മിഴി കാണുമ്പോള്‍ ഏണംതന്‍ നേത്രങ്ങളെന്നു ചൊല്ലാംʼ എന്നും പറഞ്ഞു താവതാ കൃതകൃത്യമ്മന്യനാകുന്ന ഒരാളെ കവിയെന്നു് എങ്ങിനെ പറയാം? ʻʻഎണ്ണം കലര്‍ന്നുള്ള ബാണങ്ങളേല്ക്കയാലെണ്ണമില്ലാതോളം ദീനനായാന്‍ˮ എന്നു വര്‍ണ്ണിക്കുന്നതും ഒരലങ്കാരമാണെന്നായിരിക്കാം അദ്ദേഹത്തിന്റെ സങ്കല്പം. ʻʻഹുങ്കാരം ചെയ‌്‌വതു കേട്ടോരു നേരത്തു കങ്കനായ്പ്പണ്ടു ചമഞ്ഞവന്‍താന്‍ˮ എന്ന വരികളില്‍ യുധിഷ്ഠിരനെന്നു പറയുന്നതിനു പകരം ഒരു ʻങ്കʼയ്ക്കു വേണ്ടി മാത്രം ഇതരപ്രയോജനംകൂടാതെ കങ്കനെ വലിച്ചിഴച്ചു കൊണ്ടുവന്നിരിക്കുന്നു. ആനയും സിംഹവും, സിംഹവും മാനും, രാമായണത്തിലെ കഥകളും നീക്കിവെച്ചാല്‍ അദ്ദേഹത്തിനു് ഉപമാനദ്രവ്യങ്ങള്‍ അത്യന്തം വിരളങ്ങളാകുന്നു. ഇങ്ങനെ പലതും ഈ വിഷയത്തില്‍ ഇനിയും പ്രസ്താവിക്കേണ്ടതായിട്ടുണ്ടു്.

കൃഷ്ണഗാഥയോടുള്ള കടപ്പാട്

കൃഷ്ണഗാഥ പലകുറി പാരായണം ചെയ്തു് അതില്‍നിന്നു സിദ്ധിച്ച സംസ്കാരമല്ലാതെ ഭാരതഗാഥാകാരനു് അതിനപ്പുറം അധികമൊന്നും കൈമുതലുള്ളതായി തോന്നുന്നില്ല. ʻʻഇന്ദിരാവല്ലഭന്‍തന്നുടെ ചാരത്തങ്ങിന്ദ്രാദിദേവകള്‍ ചെന്നുനിന്നാര്‍ˮ എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ ഒരീരടി അദ്ദേഹം രചിച്ചു ചേര്‍ത്തിരിക്കുന്നുതു് ʻഇന്ദിരാʼ എന്ന പദംകൊണ്ടു താനും തന്റെ കാവ്യം ആരംഭിച്ചു എന്നു വരുത്താനല്ലാതെ മറ്റൊന്നിന്നും ഉതകുന്നില്ല. രാജസൂയം, സുഭദ്രാഹരണം, ഖാണ്ഡവദാഹം, ശ്രീകൃഷ്ണസ്വര്‍ഗ്ഗാരോഹണം ഇങ്ങിനെ ചില കഥകള്‍ രണ്ടു ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. അവ തമ്മില്‍ തട്ടിച്ചു നോക്കിയാല്‍ കൃഷ്ണഗാഥയോടു ഭാരതഗാഥയ്ക്കുള്ള അതിരുകടന്ന ആധമര്‍ണ്ണ്യവും അതിനെ അപേക്ഷിച്ചുള്ള ആത്യന്തികമായ അവരതയും പ്രത്യക്ഷീഭവിക്കുന്നതാണു്. കൃഷ്ണഗാഥയിലുള്ള പല വരികളും അതുപോലെ തന്നെ ഭാരതഗാഥയില്‍ കവി പകര്‍ത്തീട്ടുണ്ടു്; അലങ്കാരങ്ങള്‍ അപഹരിച്ചിട്ടുണ്ടു്; ആ അപഹാരങ്ങളില്‍ അപ്രഗത്ഭത പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടു്.

ʻʻകാര്‍ത്തികമാതുതന്‍ ഗാത്രവികാരമാം
ദീപ്തികള്‍ മെയ്യില്‍പ്പരക്കയാലേ
കാളിന്ദീവെള്ളത്തില്‍ മുങ്ങിനിന്നീടുന്ന
കൈലാസശൈലംതാനെന്നപോലെˮ

എന്നു ശിവവര്‍ണ്ണനത്തില്‍ ഒരു ഭാഗമുണ്ടു്. ശരിയായ പാഠം നേത്രവികാരമെന്നായിരിക്കാം. പക്ഷേ അതിനു കടാക്ഷമെന്നു് അര്‍ത്ഥം കല്പിക്കുകയും വേണം; കാര്‍ത്തിക എന്നു പാര്‍വ്വതിക്കു പേരുണ്ടോ എന്നുള്ളതും മൃഗ്യമാണു്. ഏതായാലും ഇവിടെ നാം കേള്‍ക്കുന്നതു കൃഷ്ണഗാഥയിലേ ʻʻഇന്ദിരതന്നുടെ പുഞ്ചിരിയായോരു......നീലാഭമായോരു ശൈലംപോലേˮ എന്ന വരികളുടെ അനുനാദമാകുന്നു.

ʻʻആനകദുന്ദുഭി മാനിക്കുംകൊങ്കകള്‍-
ക്കാനനം മെല്ലെക്കറുത്തിതപ്പോള്‍,
നന്ദനനുണ്ടായാലെങ്ങളെ സ്നേഹമി-
ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെˮ

എന്ന കൃഷ്ണഗാഥയിലെ സാരസ്യം തുളുമ്പുന്ന വരികള്‍ ഭാരതഗാഥയില്‍

സൂര്യനുദിക്കുമ്പോള്‍ വേറിട്ടൂതെന്നിട്ടു
പാരം വഴക്കുപൂണ്ടെന്നപോലെ
ബാലിക തന്നുടെ കൊങ്കകള്‍ തന്മുഖം
ചാലെ കറുത്തുചമഞ്ഞുതപ്പോള്‍ˮ

എന്നു വികൃതമായ രീതിയില്‍ രൂപാന്തരപ്പെടുന്നു.

ദര്‍പ്പംകലര്‍ന്നുള്ള സര്‍പ്പങ്ങളെല്ലാമേ
മസ്തകം ചാലെപ്പരത്തി നിന്നു,
വേവുറ്റുമേവുമക്കാനനം കൈകൊണ്ടു
പാവകന്‍തന്നെ വിലക്കുംപോലേ.ˮ

എന്നു കൃഷ്ണഗാഥാകാരനും,

ʻʻസന്താപംപൂണ്ടുള്ള പാവകദേവന്നു
ചന്തത്തില്‍ ഛത്രം പിടിച്ചപോലേ
ദീനതപൂണ്ടുള്ള നാഗങ്ങളെല്ലാമേ
ആനനം ചാലപ്പരത്തിനിന്നു.ˮ

എന്നു ഭാരതഗാഥാകാരനും ഖാണ്ഡവവനത്തിലെ സര്‍പ്പങ്ങളുടെ അവസ്ഥ വര്‍ണ്ണിക്കുന്നു. രണ്ടു വര്‍ണ്ണനകള്‍ക്കും തമ്മിലുള്ള അന്തരം സഹൃദയന്മാര്‍ക്കു് കരതലാമലകംപോലെ ദൃശ്യമാകുന്നതാണു്. തന്റെ അന്തകനായ അഗ്നിയെ വിലങ്ങനെ പടമെടുത്താടുന്ന സര്‍പ്പകദംബമാകുന്ന കൈകൊണ്ടു ഖാണ്ഡവവനം വിലക്കുകയോ സര്‍പ്പങ്ങള്‍ ആ ശത്രുവിനു കുടകള്‍ പിടിക്കുകയോ ഏതാണു് സംഭവ്യമായിട്ടുള്ളതു്? സ്വയം സന്തപ്തനായ അഗ്നിക്കു ഛത്രംകൊണ്ടു വല്ല പ്രയോജനവുമുണ്ടോ? ഇത്തരത്തില്‍ വേറേയും പല ഉദാഹരണങ്ങള്‍ വായനക്കാര്‍ക്കുതന്നെ കണ്ടുപിടിക്കാവുന്നതാകുന്നു.

ചില നല്ല ഭാഗങ്ങള്‍

ഇത്രയും പ്രസ്താവിച്ചതില്‍നിന്നു ഭാരതഗാഥ ആദ്യന്തം ദോഷോത്തരമാണെന്നു് എനിക്കു അഭിപ്രായമുള്ളതായി അനുവാചകന്മാര്‍ തെറ്റിദ്ധരിക്കരുതു്. അപൂര്‍വം ചില ഭാഗങ്ങള്‍ ചമല്‍കാരജനകങ്ങളായും ഇല്ലെന്നില്ല. രണ്ടുമൂന്നു് ഉദാഹരണങ്ങള്‍കൊണ്ടു് ഈ വസ്തുത തെളിയിക്കാം. പത്തൊന്‍പതാം അദ്ധ്യായത്തില്‍ കവി പാഞ്ചാലിയുടെ സൌന്ദര്യം ഒരു വിധത്തിലെല്ലാം വര്‍ണ്ണിച്ചു് ഒപ്പിച്ചു മാറുവാന്‍ ശ്രമിച്ചിട്ടുണ്ടു്.

ʻʻവാരുറ്റ പൂമലര്‍ പൂണ്ടുനിന്നീടുമ-
ക്കാര്‍കുഴല്‍ തന്നുടെ കാന്തികണ്ടാല്‍,
താരങ്ങള്‍തന്നുടെയങ്കുരം പൂണ്ടുള്ള
കാര്‍മേഘജാലങ്ങളെന്നു തോന്നും.
കാര്‍കുഴല്‍തന്നിലലങ്കരിച്ചീടിന
താര്‍മധുവുണ്ടു മദിച്ചുമേന്മേല്‍
സന്തതം മേവുന്ന വണ്ടിണ്ടയെന്നത്രേ
കുന്തളകാന്തിയെ ചൊല്ലിക്കൂടൂ.
ആനനംതന്നോടു നേരായിപ്പോരുവാന്‍
ഞാനിന്നുപോരായെന്നുള്ളില്‍ നണ്ണി
ശങ്കിച്ചു പാതി മറഞ്ഞുനിന്നീടിന
തിങ്കള്‍താനത്രേയത്തൂനിടിലം.ˮ ഇത്യാദി.

പക്ഷേ ഈ ആശയങ്ങളെല്ലാം കൃഷ്ണഗാഥയില്‍നിന്നു് ഏറക്കുറെ പകര്‍ത്തീട്ടുള്ളതാണു്.

ചായലായുള്ളോരു നായികതാന്‍ പെറ്റ
ചാപലംപൂണ്ടുള്ള ബാലകന്മാര്‍
നെറ്റിയായുള്ളോരു മുറ്റത്തിലാമ്മാറു
മുറ്റത്തമിണ്ണുള്ള ലീലയല്ലോ
ചിന്തിന കാന്തി കലര്‍ന്നു നിന്നീടുമ-
ക്കുന്തളമായിട്ടു കണ്ടതിപ്പോള്‍ˮ

എന്നു വര്‍ണ്ണിക്കുന്ന കൃഷ്ണഗാഥാകാരന്റെ കുന്തളമെവിടെ? ഈ കുന്തളമെവിടെ?

കീചകന്റെ കാമഭ്രാന്തു കവി സമഞ്ജസമായി വര്‍ണ്ണിച്ചു ഫലിപ്പിച്ചിട്ടുണ്ടു്;

ʻʻചാലേ മുതിര്‍ന്നങ്ങു നോക്കുന്ന നേരത്തു
കാലം പകല്ക്കൊരു പാതിയായി
കണ്ടൊരു നേരത്തു മന്നവനെത്രയു-
മിണ്ടലും പൂണ്ടു തളര്‍ന്നു ചൊന്നാന്‍.
മുപ്പതു നാഴിക നല്പകലായതി-
ലിപ്പോളിരട്ടിയായ് വന്നിതോതാന്‍?
ഖിന്നതപൂണ്ടുള്ള ക്രൌഞ്ചങ്ങള്‍ക്കെല്ലാമേ
നന്നായി വന്നിതിക്കാലമോര്‍ത്താല്‍;
അംഗജന്‍തന്നുടെ പാങ്ങായിനിന്നതീ
നിങ്ങള്‍ക്കു നന്നല്ലോയെന്നും ചൊല്ലി,
മൊട്ടുകള്‍ പൂണ്ടുള്ള മാലതീജാലത്തെ-
പ്പെട്ടെന്നു ചെന്നു പൊരിച്ചെറിഞ്ഞാന്‍.
സന്ധ്യയെ വന്ദിപ്പാന്‍ വന്നുതില്ലെന്നിട്ട-
ങ്ങന്തണരോടു വഴക്കു പൂണ്ടാന്‍.
വായസംതന്നുടെ നാദത്തെക്കേട്ടപ്പോള്‍
പായിച്ചുകൂട്ടിനാന്‍ പാറയുമായ്.
കൂമ്പിനിന്നീടായ്‌വിന്‍ നിങ്ങളെന്നിങ്ങനെ-
യാമ്പല്‍തന്‍ ചാരത്തു ചെന്നു ചൊന്നാന്‍.
ചാല വിരിഞ്ഞുള്ള പങ്കജജാലത്തെ
മൂലമേക്കൂടപ്പൊരിച്ചെറിഞ്ഞാന്‍.ˮ

ʻപൊരിച്ചെറിഞ്ഞാന്‍ʼ എന്നതിനു് ഒരു പര്യായം കിട്ടാതെ വിഷമിക്കുന്ന കവിയുടെ ശബ്ദദാരിദ്യം അനുകമ്പനീയമാണെന്നുകൂടി പറഞ്ഞുകൊണ്ടു പുരോഗമനം ചെയ്യേണ്ടിയിരിക്കുന്നു.

കീചകവധവും ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു:

ʻʻആരുമേ കാണാതെ ദീപവും കൂടാതെ
മാരനും കാലനും ചങ്ങാതമായ്
വാരുറ്റുമേവുന്ന നാടകശാലയില്‍-
പ്പാരാതെ പൂകിനാന്‍ കീചകനും.
കോമളയായോരു സൈരന്ധ്രിയെന്നിട്ടു
ഭീമനെച്ചെന്നങ്ങണഞ്ഞു നേരേ
എന്നുടെ ജീവനം നിന്നുടെ കയ്യിലൂ-
വെന്നങ്ങു ചൊല്ലിപ്പുണര്‍ന്നു നേരേ.
കൊങ്കകള്‍ കാണാഞ്ഞിട്ടേതിനെന്നിങ്ങനെ
ശങ്കിച്ചുനിന്നുതാനോങ്ങും നേരം
ചീര്‍ത്തു നിന്നീടുന്ന ദോസ്ഥലം കൊണ്ടങ്ങു
ചേര്‍ത്തു ഞെരിച്ചൊരു പിണ്ഡമാക്കി
വാദ്യവും താളവും കൂടാതെ നല്ലോരു
കൂത്തു കഴിച്ചൂതപ്പാചകന്‍താന്‍.ˮ

അങ്ങുമിങ്ങും ചില അലങ്കാരപ്രയോഗങ്ങളും ആസ്വാദ്യങ്ങളായിക്കാണുന്നുണ്ടു്:

ʻʻതാനേയെഴുന്നൊരു സൂകരവീരന്നു
ചേന്നുറ്റു തീര്‍ത്ത വിലംകണക്കേ
മാരുതപുത്രന്റെ പക്ഷത്തിലന്‍പോടു
വാരിജലോചനന്‍ താനുണ്ടല്ലോ,ˮ (1)

ʻʻചെഞ്ചോര കാമിച്ചുവന്നോരു ഞാനിപ്പോള്‍
പഞ്ചശരാര്‍ത്തി മുഴുക്കയാലേ
ചേണുറ്റു മിന്നുന്ന നിന്നുടെ വാമലര്‍-
ത്തേനുമുണ്ടീടുവാനിച്ഛിക്കുന്നേന്‍.ˮ (2)

ʻʻവന്‍പനായുള്ളോരു ഗന്ധര്‍വന്‍ ബന്ധിച്ചും
പിന്‍പുറത്താക്കിന കൈകള്‍ കണ്ടാല്‍,
ക്ഷീണരായല്ലോ നാമിന്നിവരോടെന്നു
നാണത്തെപ്പൂണ്ടു നടുങ്ങിയത്രേ
അംഭോജകാന്തജസൂനുവെ വന്ദിപ്പാന്‍
മുന്‍പില്‍ വന്നീടാഞ്ഞൂതെന്നു തോന്നുംˮ (3)

ʻʻഅംഗജന്‍ തന്നുടെ ബാണങ്ങളേല്ക്കയാ-
ലെങ്ങുമേനിന്നു പൊറ്റായ്കയാലേ
നിന്‍ചരണങ്ങളിലോടിവന്നന്‍പോടു
തഞ്ചിനിന്നീടുന്നോരെന്നെയിപ്പോള്‍
കൊല്ലുന്നതാകിലും നീതന്നെതാകട്ടേ;
വെല്ലുവാന്‍ വന്നോരു മാരന്‍ വേണ്ട.ˮ (4)

എന്നീ വരികള്‍ പരിശോധിക്കുക. ഇത്രമാത്രമുള്ള കവിത്വ പ്രകടനത്തിനു കൃഷ്ണഗാഥയുടെ പാരായണത്തിനുമീതെ അധികമൊന്നും ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

ചില പുതിയ കഥകള്‍

മൂലത്തില്‍ കാണാത്ത പല കഥകളും കവി ഭാരതഗാഥയില്‍ ഘടിപ്പിച്ചിരിക്കുന്നു. അവയ്ക്കു അദ്ദേഹത്തിനുള്ള ആസ്പദമെന്തെന്നു് അറിയുന്നില്ല. ചിലതെല്ലാം അദ്ദേഹത്തിന്റെ ഉച്ഛൃംഖലമായ മനോധര്‍മ്മത്തിന്റെ വിജൃംഭണഫലമാണെന്നു തോന്നിപ്പോകും. (1) ശകുന്തളോപാഖ്യാനത്തില്‍ കവി പിന്‍തുടര്‍ന്നിരിക്കുന്നതു് അഭിജ്ഞാനശാകുന്തളത്തിലേ ഇതിവൃത്തമാണു്. അംഗുലീയദാനവും ദുര്‍വാസശ്ശാപവും അദ്ദേഹം സ്മരിക്കുന്നുണ്ടു്. എന്നാല്‍ ശാര്‍ങ്ഗരവാദിമഹര്‍ഷിമാരുടെ തുണകൂടാതെയാണു് ആ നായിക ദുഷ്ഷന്തനെ രാജധാനിയില്‍ ചെന്നു കാണുന്നതു്. ʻʻഅംഗജതാപം മുഴുത്തവള്‍താന്‍, ക്ഷോണിപന്‍ തന്നുടെ ചാരത്തുചെന്നിട്ടു്ˮ എന്നുള്ള പ്രസ്താവന വൈരസ്യജനകമായി പരിണമിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ, (2) ഗംഗാദേവി ശന്തനുവിനെ വിട്ടുപിരിയുമ്പോള്‍ ശിശുവായ ദേവവ്രതനെക്കൂടി കൊണ്ടുപോകുന്നതായി വ്യാസഭഗവാന്‍ പറയുന്നു. ആ കുഞ്ഞിനെ ശന്തനു വളര്‍ത്തുന്നതായാണു് ഗാഥയില്‍ കാണുന്നതു്. ദിവ്യാസ്ത്രപ്രയോഗസാമര്‍ത്ഥ്യം ശന്തനു വളര്‍ത്തിയ ബാലനു് സിദ്ധിക്കുവാന്‍ പ്രയാസമുണ്ടു്. (3) ശന്തനു ഒരിക്കല്‍ വനത്തില്‍ ചെന്നപ്പോള്‍ സത്യവതിയുടെ യോജനഗന്ധത്താല്‍ ആകൃഷ്ടനായതായി മഹാഭാരതത്തിലും അദ്ദേഹത്തെ പുണ്ഡരീകാര്‍ബുദം എന്നൊരു വ്യാധി ബാധിച്ചു എന്നും അതിന്റെ ശാന്തിക്കു വൈദ്യന്മാര്‍ കസ്തൂരി ആവശ്യപ്പെട്ടു എന്നും ʻʻമുഗ്ദ്ധികതന്നുടെ മെയ്യിലെങ്ങും, നിത്യമായ് നിന്നു വിളഞ്ഞു നിന്നീടുന്ന കസ്തൂരി കൊണ്ടുചെന്നാണ് അവര്‍ ആ രോഗം ഭേദമാക്കിയതെന്നും ആ വഴിയ്ക്കു് ശന്തനുവിനു യോജനഗന്ധിയില്‍ പ്രേമമുണ്ടായെന്നും ഗാഥയിലും കാണുന്നു. ഭാരതചക്രവര്‍ത്തിക്കു വേറിട്ടൊരിടത്തുനിന്നും കസ്തൂരി ലഭിച്ചില്ല എന്നു സൂചിപ്പിക്കുന്നതു് അസംബന്ധമായിരിക്കുന്നു. (4) കുന്തിയും പുത്രന്മാരും പാണ്ഡുവിന്റെ മരണാനന്തരം ഹസ്തിനപുരത്തില്‍ ചെന്നുചേര്‍ന്ന അവസരത്തില്‍ അവിടെ ശ്രീകൃഷ്ണന്‍ അക്രൂരനെ അയയ്ക്കുന്നതായി ഗാഥാകാരന്‍ പ്രസ്താവിക്കുന്നു; അങ്ങനെ ഒരു സംഭവം ആ ഘട്ടത്തില്‍ മൂലത്തിലില്ല. അതുമാത്രമല്ല, മുതലയെക്കൊന്നു് ആനയെ രക്ഷിച്ച ലക്ഷ്മീകാന്തന്‍ തന്നേയും രക്ഷിക്കുമെന്നു കരുതുന്നു എന്നു കുന്തി അക്രൂരനോടു പറയുകയും അതു കേട്ടു് അക്രൂരന്‍ ʻʻനല്‍ക്കരിതന്നുടെ ദുഃഖത്തെപ്പോക്കിയ സല്‍ക്കഥ ചൊല്ലുകയെന്നിങ്ങനെ ˮ കുന്തിയോടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഗാഥയില്‍ വര്‍ണ്ണിക്കുന്നതു് അത്യന്തം അസ്വാഭാവികമായിരിക്കുന്നു. ഗജേന്ദ്രമോക്ഷോപാഖ്യാനം അതുവരെ കേട്ടിട്ടില്ലാത്ത ഒരു പാമരനാണോ ശ്രീകൃഷ്ണഭക്തന്മാരില്‍ അഗ്രേസരനായ ഗാന്ദിനേയന്‍? (5) കൌരവന്മാര്‍ വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയ ഭീമസേനന്‍ പാതാളത്തില്‍ ചെന്നപ്പോള്‍ അവിടെ ഒന്‍പതു രസകുണ്ഡങ്ങളില്‍നിന്നു് അത്യന്തം ബലവര്‍ദ്ധകമായ രസം പാനം ചെയ്യുന്നതായി മാത്രമേ ഭാരതത്തില്‍ പ്രസ്താവിക്കുന്നുള്ളു. ഗാഥാകാരനാകട്ടെ വാസുകി

ʻʻചാരുവായുള്ളോരു കന്യകാരത്നത്തെ
വീരനായുള്ളോരു മാരുതിതന്‍
പത്നിക്കായന്‍പോടു നല്കി നിന്നീടിനാന്‍
രത്നങ്ങളും പിന്നെയവ്വണ്ണമേ.
വേട്ടുനിന്നീടിന മാരുതനന്ദനന്‍
വാട്ടമകന്നു വിളങ്ങും കാലം
സുഭ്രു വായുള്ളോരു പന്നഗനാരിയില്‍
ബഭ്രു ബാഹുവെന്ന പുത്രനുണ്ടായ്.ˮ

എന്നൊരു വിചിത്രമായ കഥ നിര്‍മ്മിക്കുന്നു. ഈ ബഭ്രു ബാഹുവിനെപ്പറ്റി നാംഅന്യത്ര കേട്ടിട്ടേയില്ല. അര്‍ജ്ജുനനു തീര്‍ത്ഥയാത്രയില്‍ പാണ്ഡ്യരാജകുമാരിയായ ചിത്രാംഗദയില്‍ ബഭ്രുവാഹനന്‍ എന്നൊരു പുത്രന്‍ ജനിച്ചതായി കേട്ടിട്ടുമുണ്ടു്. കവിക്കു് ഇവിടെ എന്തോ ഒരു പ്രമാദം പറ്റിയതുപോലെ തോന്നുന്നു. അതിബാല്യത്തില്‍ത്തന്നെ ഭീമസേനന്‍ ഗൃഹസ്ഥാശ്രമിയായി എന്നു പറയുന്നതു യുക്തിയുക്തവുമല്ല.

(6) മൂകാസുരന്‍,

ʻʻപൂച്ചയായ്ച്ചെന്നുടനാശ്രമംതോറും നല്‍-
ക്കാച്ച പാല്‍വെണ്ണ കവര്‍ന്നമൂലം
നന്മുനിമാരുടെ ശാപത്തിന്‍കാരണം
വന്മദംപൂണ്ടുള്ള പന്നിയായി.ˮ

എന്നുള്ള ഗാഥയിലെ പ്രസ്താവന മൂലത്തിലുള്ളതല്ല. (7) അര്‍ജ്ജുനനും സുയോധനനുംകൂടി ദ്വാരകയില്‍ ചെന്നു ശ്രീകൃഷ്ണന്റെ സാഹായ്യത്തിന്നായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഗാഥാകാരന്‍ മൂലത്തിലേ കഥയ്ക്കു വിപരീതമായി ശ്രീകൃഷ്ണനെക്കൊണ്ടു ʻʻവൃദ്ധത കൊണ്ടെനിക്കേതുമേ സാധിയാ, യുദ്ധമെന്നുള്ളതു തേറിനാലുംˮ എന്നു പറയിക്കുന്നതു് അനുചിതമാണു്. (8) ബലരാമന്റെ തീര്‍ത്ഥയാത്രയ്ക്കും പുതിയ ഒരു കഥ ഗാഥാകാരന്‍ കെട്ടിച്ചമച്ചിരിക്കുന്നു. ശ്രീകൃഷ്ണന്‍ ഒരു പശുവിന്റെ വേഷത്തില്‍ ബലരാമന്റെ മുന്‍പില്‍ പ്രത്യക്ഷീഭവിക്കുകയും അതിനെ ബലരാമന്‍ പാണികൊണ്ടു സ്പര്‍ശിച്ചപ്പോള്‍ അതു മരിച്ചതുപോലെ കിടക്കുകയാല്‍ താന്‍ ഗോവധം ചെയ്തു എന്നു നിര്‍ണ്ണയിച്ചു് ആ പാപത്തിന്റെ ശാന്തിക്കായി തീര്‍ത്ഥയാത്ര പുറപ്പെടുകയും ചെയ്തു എന്ന ആഖ്യാനം ഭാരതത്തിലോ ശ്രീമല്‍ഭാഗവതത്തിലോ ഉള്ളതല്ല. (9) ഉദ്യോഗപര്‍വത്തില്‍ കുന്തീദേവി കര്‍ണ്ണനെക്കാണുകയും പാണ്ഡവന്മാര്‍ക്കു ചില ആനുകൂല്യങ്ങള്‍ ആ മഹാത്യാഗിയില്‍നിന്നു സമ്പാദിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടു്, ഗാഥാകാരന്‍ അവിടെ

ʻʻപാരാതെ പോയൊരു പാണ്ഡവമാതാവു
സൂര്യതനൂജനെക്കണ്ടനേരം
നന്മുല രണ്ടും ചുരന്നതുകാരണ-
മെന്മകന്‍താനിവനെന്നറിഞ്ഞാള്‍
നിര്‍മ്മലയാമവള്‍ തന്‍മുല നല്കുവാന്‍
ചെമ്മേ മുതിര്‍ന്നങ്ങു ചെല്ലുന്നേരം
കുന്തിതന്‍ നന്‍മുലയുണ്ടവര്‍ക്കാര്‍ക്കുമേ-
യന്തകഭീതിയില്ലൂഴിയിങ്കല്‍
എന്നതു കാരണമംബുജലോചനന്‍
മന്നവന്മാര്‍ക്കു ജയിപ്പതിന്നായ്
പുള്ളായിച്ചെന്നവള്‍ കൊങ്കയിലുള്ള പാ-
ലെല്ലാമേ പിന്നെ വറട്ടിനിന്നാന്‍.ˮ

എന്നൊരു സംഭവം തട്ടിവിട്ടിരിക്കുന്നു. മക്കളെക്കാണുമ്പോള്‍ അമ്മമാരുടെ മുല ചുരക്കുമെന്നു കവികള്‍ വര്‍ണ്ണിക്കാറുണ്ടു്. എന്നാല്‍ വൃദ്ധപ്രായന്മാരായ മക്കളെ അവര്‍ സ്തന്യപാനം ചെയ്യിക്കുമെന്നു പറയുന്നതു് അത്യുക്തസീമയെ അതിലംഘിക്കുന്നു. കുന്തിയുടെ മുലപ്പാല്‍ നുകന്നവര്‍ക്കു് മരണമില്ലെങ്കില്‍ ഭീമസേനനും അര്‍ജ്ജുനനും എങ്ങനെയാണു് മഹാപ്രസ്ഥാനത്തില്‍ മരിക്കുന്നതു്? ഇങ്ങനെ ഈ പ്രകരണത്തില്‍ ഇനിയും അനേകം അബദ്ധപ്രസ്താവനകള്‍ എടുത്തുകാണിക്കാവുന്നതാണു്. അവയില്‍ ഒരെണ്ണംകൂടി ആവിഷ്കരിക്കാതെ നിര്‍വ്വാഹമില്ല.

ഭാരതഗാഥയും കേരളവും

യുധിഷ്ഠിരന്റെ രാജസൂയത്തിനു മുന്‍പു ദക്ഷിണദിക്കു ജയിക്കുവാന്‍ സഹദേവനാണല്ലോ പുറപ്പെട്ടതു്. അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ അവിടെ ത്രിഗര്‍ത്തനായിരുന്നുവത്രേ രാജാവു്. സുയോധനന്റെ ഉറ്റ ചങ്ങാതിയായ ത്രിഗര്‍ത്തന്റെ ദേശം പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട ʻജലന്ധര്‍ʼ ആണു്. അതു പോകട്ടേ, ത്രിഗര്‍ത്തനെ അഗ്നി സഹായിക്കുകയാല്‍ സഹദേവനു കേരളരാജാവിനെ ജയിക്കുവാന്‍ സാധിക്കുന്നില്ല; ഒടുവില്‍ അര്‍ജ്ജുനന്റെ നേര്‍ക്കു ഖാണ്ഡവദാഹദ്വാരാ കൃതജ്ഞനായ ആ ദേവനെ സഹദേവന്‍ വന്ദിക്കുകയും അഗ്നിയുടെ മാധ്യസ്ഥ്യം അംഗീകരിച്ചു ത്രിഗര്‍ത്തന്‍ ആ വിജിഗീഷുവിനു വേണ്ട യാഗദ്രവ്യം സംഭാവന ചെയ്യുകയും ചെയ്യുന്നു. അഗ്നി ത്രിഗര്‍ത്തനു ബന്ധുവായതെങ്ങനെയെന്നു സഹദേവന്‍ ചോദിച്ചതിനു് ഉത്തരമായി ത്രിഗര്‍ത്തന്റെ പുത്രിയില്‍ അഗ്നി ജാരധര്‍മ്മം അനുഷ്ഠിച്ചു എന്നും തന്നിമിത്തം ത്രിഗര്‍ത്തനും അഗ്നിയും തമ്മില്‍ ശണ്ഠയുണ്ടായി എന്നും അതില്‍ അശരണനായിത്തീര്‍ന്ന ത്രിഗര്‍ത്തന്‍ അഗ്നിയോടു് അഭയം പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുന്നു കേരളത്തില്‍ ʻʻആരണനാരിമാരെന്നിയേയാരുമേ ചാരിത്രം ചിന്തിച്ചുനില്ക്കേണ്ടˮ എന്നും ʻʻകേരളഭൂമിയില്‍ ക്ഷത്രിയനാരികള്‍ക്കാരണരാകട്ടേ കാന്തര്‍ˮ എന്നും അരുളിച്ചെയ്തു എന്നും നിസ്സങ്കോചം ഒരു കള്ളക്കഥ ഉല്‍പാദിപ്പിക്കുന്നു. മഹാഭാരതത്തില്‍ ആ ഘട്ടത്തില്‍ ഇങ്ങനെ ഒരൈതിഹ്യത്തെപ്പറ്റി പ്രസ്താവനയുണ്ടു്. പക്ഷേ അതു മാഹിഷ്മതീനഗരം പരിപാലിച്ചിരുന്ന നീലന്‍ എന്ന രാജാവിന്റെ പുത്രിയായ സുദര്‍ശനയെ അഗ്നിഭഗവാന്‍ കാമിക്കുകയും പാണിഗ്രഹണം ചെയ്യുകയും ചെയ്യുന്നതായാകുന്നു.

ഭാരതഗാഥയും ജ്യോതിഷവും

ഭാരതഗാഥ നിര്‍മ്മിച്ച കവി ഒരു നമ്പൂരിയും പെരുഞ്ചെല്ലൂര്‍ ശ്രീപരമേശ്വരനെ ʻʻചൊല്ലാര്‍ന്ന ചെല്ലൂര്‍ വിളങ്ങിനിന്നീടുന്ന കല്യാണകാരുണ്യ കൈവല്യമേˮ എന്നു വന്ദിച്ചിരിക്കുന്നതിനാല്‍ ആ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളുമാണെന്നു് അനുമാനിക്കാം. പെരുഞ്ചെല്ലൂര്‍ കോലത്തുനാട്ടിലേ പ്രഥമഗണനീയമായ ക്ഷേത്രമാകയാല്‍ അതിന്റെ സ്മരണത്തില്‍നിന്നുമാത്രം കവിയുടെ ഇല്ലം പൊനമല്ലെന്നു് അനുമാനിക്കാവുന്നതല്ല. എന്നാല്‍ കൃഷ്ണഗാഥാകാരനെപ്പോലെയുള്ള ഒരു മഹാകവി എത്ര ബാല്യത്തില്‍പ്പോലും ഭാരതഗാഥപോലെ ക്ഷുദ്രമായ ഒരു കൃതി രചിക്കുകയില്ലെന്നും ഭാരതഗാഥയെഴുതിയ ഒരു കവിക്കു് അതേ ജന്മത്തില്‍ ഏതെല്ലാം സിദ്ധികള്‍ കൈവന്നാലും കൃഷ്ണഗാഥപോലെ ഒരു മഹാകാവ്യമെഴുതുവാന്‍ സാധിയ്ക്കുന്നതല്ലെന്നും സഹൃദയന്മാര്‍ക്കു തീര്‍ച്ചയായി പറയാം. ഭാരതഗാഥാകാരനു ജ്യോതിശ്ശാസ്ത്രത്തില്‍ പ്രതിപത്തിയുണ്ടായിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. ദ്രോണര്‍ പാഞ്ചാലദേശത്തേക്കു പോകണമെന്നുദ്ദേശിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു വലിയ ദ്വാദശവര്‍ഷക്ഷാമമുണ്ടായി എന്നും, ജ്യോതിഷത്തില്‍ വിദഗ്ദ്ധനായ ഒരു കാശ്മീരബ്രാഹ്മണന്‍മാത്രം

ʻʻവാരങ്ങള്‍തന്നുടെ നാഥന്മാര്‍ മേവുന്ന
താരവും രാശിയുമംശകവും
ശീഘ്രവും മന്ദവുമുച്ചവും നീചവും
വക്രവും പാടും പിറപ്പുമെല്ലാം.ˮ

മനസ്സിലാക്കി മുന്‍കൂട്ടി ധാരാളം വരകരി ശേഖരിച്ചു വേണ്ടവിധത്തില്‍ പരോപകാരം ചെയ്തു സുഖമായിരുന്നു എന്നും, അദ്ദേഹം തങ്ങളെ എങ്ങനെ തോല്പിച്ചു എന്നറിയുവാന്‍ നവഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ ഗൃഹത്തില്‍ പോയി അത്താഴമുണ്ടു കാര്യം ഗ്രഹിച്ചു് അവിടെ രാത്രിയില്‍ ഉറങ്ങുമ്പോള്‍ ആ ബ്രാഹ്മണന്‍ വട്ടത്തില്‍ കിടന്ന അവരെ നേരെയെടുത്തു കിടത്തിയെന്നും ഉടനെ മഴപെയ്തു ഭൂമി വീണ്ടും സുഭിക്ഷമായെന്നും അതു കണ്ടു രാശീശന്മാര്‍ കോപിച്ചു്

ʻʻമാനുഷനായ നീയിങ്ങനെയെങ്ങളെ
നാണംകെടുത്തതുകാരണത്താല്‍
ഉത്തമരായുള്ള ജ്യോതിഷകാരികള്‍
നിര്‍ദ്ധനരാകട്ടെയെന്നിങ്ങനേˮ

ശപിച്ചു എന്നും ഒരു കഥ കൂട്ടിച്ചേര്‍ക്കുന്നു. ഇതു വ്യാസഭാരതത്തിലുള്ളതല്ല. ഇതുപോലെ വാരണാവതത്തില്‍ താമസിച്ചുകൊണ്ടു പാണ്ഡവന്മാര്‍ അര്‍ദ്ധരാജ്യപരിപാലനം ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍ വിദുരര്‍ ഒരിക്കല്‍ ധൃതരാഷ്ട്രരെക്കണ്ടു്

ʻʻനന്ദനന്മാര്‍ക്കു വിരുദ്ധമായ്ച്ചെഞ്ചെമ്മേ
നിന്നുടെയഞ്ചാമടത്തുണ്ടല്ലോ
നില്ക്കുന്നു ഭൌമനും രാഹുവുമാകയാല്‍
മക്കള്‍ക്കു ദൂഷണമുണ്ടു മേലില്‍.
ഈശനുപോലും പിഴയ്ക്കയില്ലേതുമേ
രാശീശന്മാരുടെ കല്പിതങ്ങള്‍.
അര്‍ക്കന്‍ തുടങ്ങിന ജ്യോതിര്‍ഗ്ഗണങ്ങളാല്‍
മുക്കണ്ണര്‍ക്കുണ്ടായ ദീനം ചൊല്ലാം.ˮ

എന്ന ഉപക്രമത്തോടുകൂടി ശിവനു ബ്രഹ്മാവിന്റെ ശിരഃഛേദം നിമിത്തം സംഭവിച്ച ഭിക്ഷാടനദുഃഖം വര്‍ണ്ണിയ്ക്കുന്നു.ഇതില്‍ കൂടുതലായി ഒന്നും ഗ്രന്ഥകാരനെപ്പറ്റി അറിവാന്‍ മാര്‍ഗ്ഗമില്ല. കൃഷ്ണഗാഥ ആവിര്‍ഭവിച്ചു സ്വല്പകാലം കഴിഞ്ഞപ്പോള്‍ ഉദയവര്‍മ്മകോലത്തിരി തന്റെ സേവകനായ മറ്റൊരു നമ്പൂരിയോടു വാത്സല്ല്യപാരവശ്യം നിമിത്തം അതുപോലെ മറ്റൊരു കാവ്യം മഹാഭാരതത്തെ ആസ്പദമാക്കി രചിയ്ക്കുവാന്‍ ആജ്ഞാപിക്കുകയും ആ നമ്പൂരി തന്റെ വാസനയുടേയും വൈദുഷ്യത്തിന്റേയും പരിമിതമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ടു് അത്തരത്തില്‍ ഒരു കൃതി നിര്‍മ്മിച്ചു് അടിയറ വയ്ക്കുകയും ചെയ്തു എന്നു് ഊഹിക്കുന്നതായിരിക്കും യുക്തി യുക്തമായിട്ടുള്ളതു്. ʻശങ്കരസൂരിണാʼ എന്നും മറ്റുമുള്ള പുറത്തെഴുത്തുകള്‍ പിന്‍കാലത്തുണ്ടായവയാണെന്നു ഞാന്‍ മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ഭാഗവതം പാട്ടു്

കണ്ണശ്ശഭാഗവതത്തേയും മറ്റും പോലെ എതുകമോനകളും അന്താദിപ്രാസവും നിരന്തരമായി പരിപാലിച്ചുകൊണ്ടു് ഏതോ ഒരു കവി രചിച്ചിട്ടുള്ള ഒരു പഴയ പാട്ടാണു് ഭാഗവതം. കംസവധംവരെയുള്ള ഭാഗങ്ങളേ കണ്ടുകിട്ടീട്ടുള്ളു. രാമചരിതത്തില്‍ കാണുന്ന ചില വൃത്തങ്ങള്‍ക്കു പ്രസ്തുതകൃതിയില്‍ പ്രവേശമനുവദിച്ചിട്ടുണ്ടെങ്കിലും തത്സമങ്ങളായ സംസ്കൃതപദങ്ങള്‍ ധാരാളം പ്രയോഗിക്കുന്നതില്‍ കവിക്കു വൈമുഖ്യമില്ല. വേറെ ദ്രാവിഡവൃത്തങ്ങളും എടുത്തു പെരുമാറീട്ടുണ്ടു്. ഭാഷ നിരണം കവികളുടേതിനെ അപേക്ഷിച്ചു് അര്‍വാചീനമാണു്. താഴെക്കാണുന്ന പാട്ടുകള്‍ ഈ കാവ്യത്തില്‍ ഉള്‍പ്പെടുന്നു:

ʻʻശ്രീമധുരാപുരിതന്നിലുണ്ടേറിയ
ശ്രീകരമായൊരു രാജധാനി പരം;
കോമളമാര്‍ന്നെഴുമപ്പുരംതന്നിലേ-
ക്കോലാഹലം പറയാവല്ലനന്തനും;
ഭൂമിയില്‍ മറ്റൊരിടത്തുമില്ലിങ്ങനെ
ഭൂപാലമന്ദിരവും സജ്ജനങ്ങളും;
നാമമേറും യദുക്കള്‍ക്കു പണ്ടേയുള്ള
നാടതിന്നൊപ്പമൊവ്വാ ദേവലോകവും.ˮ (1)

ʻʻവാണിതു മംഗലം പൊങ്ങീടുമമ്പാടിതന്നില്‍
വാരിജനേത്രനേയും രാമനേയും സുഖത്താല്‍
പേണിവളര്‍ത്തീടുന്ന മാതാപിതാക്കന്മാരും
പിന്നെ മെല്ലേ വളര്‍ന്നാരോമനവാലകന്മാര്‍;
കാണുന്ന പേര്‍കള്‍ക്കെല്ലാം കണ്ണിനാനന്ദമുണ്ടാം
കണ്ണനെന്നല്ലാതില്ലിമ്മന്നിലുള്ളോര്‍ക്കു തെല്ലും;
ചേണാര്‍ന്ന പല്ലു മെല്ലെ മെല്ലവേയങ്കരിച്ചു
ചിത്രമായുള്ള വല്ലിമുല്ലമൊട്ടതുപോലെ.ˮ (2)

ʻʻകഞ്ചിനിങ്ങനെ കേട്ടുടനേറിയ ചഞ്ചലമാര്‍ന്ന മനസ്സിനോടും
കടിയ ലക്ഷണക്കേടും മരണലാഞ്ഛനം തന്റെ
നിഴലിലൊക്കയും തുള തുളച്ചവണ്ണം;
വഞ്ചകനാകിയ കഞ്ചനുടേ തുട തുള്ളുകയും തോളാടുകയും
വലിയൊരു നദികള്‍ വന്‍കടലുകള്‍ വറണ്ടുകൊ
ണ്ടവിടെ നിന്നിളകിന പൊടികൊണ്ടെല്ലാം
തഞ്ചിന ദര്‍പ്പണമങ്ങു തുറന്നതിലഞ്ചിതമാകവെ
നോക്കുന്നപ്പോള്‍
തലയൊടങ്ങുടലു വേര്‍പെടുന്നതു പിന്നച്ചെവി-
യടയ്ക്കുകയും കടലിരയ്ക്കും വണ്ണം
കാഞ്ചനമെന്നതു തോന്നുമശേഷധരിത്രിയില്‍
വല്ലികലം പിന്നതും
കണിയിലങ്ങനെ പിന്നെ നിശയതിലുറങ്ങുമ്പോള്‍
പല വികൃതികള്‍ സ്വപ്നമതിലും കണ്ടു.ˮ (3)

ʻʻകണ്ടുടനേറിയ ഭീതി വളര്‍ന്നുടനെന്നുടെ മൃത്യുവടുക്കയിതോ?
കഞ്ചനുമിതു മനതളിരതില്‍ നിരുപിച്ചു
നിശയതിലൊരു പൊഴുതുറങ്ങിയില്ല.
കൊണ്ടല്‍ കഴിഞ്ഞു പുലര്‍ന്നുടനേ ചില മഞ്ചമതും
കുറതീര്‍ത്തവിടെ
കൊടിയവന്ന മുരശുതിടുമനടികുമറ
ഉലകിടമിളകിന പൊടികളെല്ലാം
എണ്ടിശയൊക്ക നടുങ്ങുവതിന്നിഹ എന്തൊരു
ശബ്ദമിതെന്നറിവാന്‍
എദുകുലപതി നിജസഖികളുമൊരുമിച്ചു
വിരവൊടങ്ങവര്‍ ചെന്നു നടയരികേ;
കണ്ടവിടത്തിലൊരാന ചെറുത്തുനിറുത്തിയതപ്പൊഴുതേ
കനിവൊടമ്മതകരി മുതുകിലങ്ങിരുന്നവ-
നൊടു പറഞ്ഞിതു മധുരിപു വിരവാല്‍. (4)

ദാരുകവധം പാട്ടു്: ദാരുകവധം പാട്ടിന്റെ കര്‍ത്തൃത്വത്തെപ്പറ്റിയും യാതൊരറിവുമില്ല. ഇതും ഏഴാം ശതകത്തില്‍ പ്രണീതമായ ഒരു കൃതിയെന്നാണു് തോന്നുന്നതു്. ചില വരികള്‍ ചുവടെ ചേര്‍ക്കുന്നു:

ʻʻഅമ്പിളിയും പുതുമലരും കുളുര്‍കൊന്നയണിന്തവര്‍തന്റെ
അങ്കിയില്‍നിന്റെരികനല്‍ ചിന്തിന കണ്ണതില്‍ വന്തു പുറന്തോള്‍
വമ്പമരും തപവെലപും മികവുള്ള സുരാധിപനോടേ
മനസിയുറച്ചരിശമൊടാര്‍ത്തു മദിച്ചു കടുത്തു പറഞ്ഞാള്‍.
പിമ്പസുരപ്പടയും സേനാപതിയും നാടും നിലയും
പേര്‍ത്തു മുടിപ്പന്‍ ഞാനെന്നവിടെച്ചെറുഞാണൊലികൊണ്ടാള്‍.
കുമ്പിയെ മുന്‍പിലുരിച്ചാടയുടുത്തഖിലജഗല്‍പതിയെ-
ക്കൂറു പെറാത്തതിനാലേ നിന്നെക്കുലചെയ്തു മുടിപ്പന്‍. (1)

കൊണ്ടലൊലിക്കെതിര്‍ഞാണൊലിയും ഭൂതാദികളൊലിയും
കൊണ്ടു നടുങ്ങുന്നളവെന്തൊരു കാരണമെന്നു നിനച്ചാല്‍
അണ്ടര്‍പതിക്കെതിരാം ദാരുകനും തന്‍ദൂതന്മാരോ-
ടരുളിച്ചെയ്താന്‍ പൊരുവാന്‍ വന്നവരാരെന്നറിവിന്‍ പോയ്.
കണ്ടറിവിപ്പാനവര്‍ ഗോപുരവാതലകം പുക്കപ്പോള്‍
കണ്ടാര്‍ ഘോരവിശാല വിഭൂഷണഭൂഷിതമാം ദേഹം;
പണ്ടൊരുവര്‍ക്കു ജയംകൊള്ളരുതാതാസുരകര്‍ത്താവേ
പാടുപെടുത്തുന്നൊരു പെണ്‍പാലെന്നു മനസ്സു മദിച്ചു. (2)

ആര്‍ത്തു മദിച്ചു വിളിക്കുന്ന ജഗത്ത്രയമാതാവിനുടേ
ആശ്ചരിയം കണ്ടു ഭയംകൊണ്ടഖിലപ്രാണികളഞ്ചി
ചീര്‍ത്തിടമിന്നുന്നികറും വളര്‍ദന്തവുമുന്നതമുഖവും
തീക്കനല്‍ ചിന്തിന കണ്ണും മണിമുടിയും ചന്ദ്രക്കലയും
പേര്‍ത്തിളകീടിന നാഗങ്ങളുമന്നവരത്നപ്രഭയും
പിന്‍പിലുലഞ്ഞു കവിഞ്ഞീടിന വാര്‍കുഴലും തിരുജടയും
കോര്‍ത്തണിമാര്‍വിലിടും പൂമണിമാലകളും താവടയും
കുങ്കുമവന്നിനിറം തങ്കിന കൊങ്കകളും പൊന്‍പണിയുംˮ (3)

ഈ കവിതയിലും എതുകമോനകളില്‍ ശ്രദ്ധ പതിഞ്ഞു കാണുന്നു. എന്നാല്‍ അന്താദിപ്രാസമില്ല.

ഭാഗവതവും ദാരുകവധവും രാമചരിതപ്രസ്ഥാനത്തിന്റെ സായംസന്ധ്യയേയും ഗുരുദക്ഷിണപ്പാട്ടും സേതുബന്ധനം പാട്ടും ശുകഗാനപ്രസ്ഥാനത്തിന്റെ അരുണോദയത്തേയുമാകുന്നു അനുസ്മരിപ്പിക്കുന്നതു്. ആ പുതിയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും അതിനു സ്ഥിരപ്രതിഷ്ഠ നല്കിയ മഹാത്മാവാണു് തുഞ്ചത്തെഴുത്തച്ഛന്‍.

ഗുരുദക്ഷിണപ്പാട്ടു്

തിരുവിതാംകൂര്‍ ശ്രീമൂലം മലയാളഭാഷാ ഗ്രന്ഥാവലിയില്‍ പ്രഥമാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഗുരുദക്ഷിണപ്പാട്ടിന്റെ പ്രണേതാവു് ആരെന്നറിയുന്നില്ല. ശ്രീകൃഷ്ണനും ബലഭദ്രനും സാന്ദിപനിമഹര്‍ഷിയോടു വിദ്യാഭ്യാസം ചെയ്യുന്നതും ഗുരുവിന്റെ അഭീഷ്ടമറിഞ്ഞ ശ്രീകൃഷ്ണന്‍ യമലോകത്തു പോയി മൃതനായ ഗുരുപുത്രനെ കൊണ്ടുവന്നു് അദ്ദേഹത്തിനു ദക്ഷിണീകരിക്കുന്നതുമാണു് ഇതിവൃത്തം. കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

കാലം

കവി മംഗലാചരണഘട്ടത്തില്‍ ഗണപതി, സരസ്വതി, ശ്രീകൃഷ്ണന്‍, ബ്രഹ്മാവു, ശിവന്‍ ഇവര്‍ക്കു പുറമേ ഇന്ദ്രനെയും

ʻʻകാലകാലന്‍മകനാറുമുഖനെയും
കാളിമാതോടു മലമകള്‍ ദേവകള്‍
സൂരിയനങ്കിയും സോമന്‍ ധനേശനും
ചൂതത്താരമ്പനും വായു വരുണനും
വീരയമുള്ള മുനികള്‍ പാദത്തെയും
വിശ്വത്തിലുള്ള ഗുരുഭൂതന്മാരെയുംˮ

വന്ദിക്കുന്നു. ഗ്രന്ഥാരംഭത്തില്‍ ദിക്‍പാലസ്തോത്രം പ്രാചീന ഭാഷാകവികളുടെ പരിപാടികളില്‍ ഒന്നാണു്: അതു രാമചരിതകാരനും മറ്റും അംഗീകരിച്ചിട്ടുമുണ്ടു്. ഒന്നും മൂന്നും പാദങ്ങളില്‍ കാകളിയും രണ്ടും നാലും പാദങ്ങളില്‍ കേകയുമാണു് വൃത്തങ്ങളെങ്കിലും അവയ്ക്കു ഭാഷയില്‍ നില ഉറച്ചുകിട്ടുന്നതിനു മുന്‍പു നിര്‍മ്മിച്ച ഒരു കൃതിയാണു് ഗുരുദക്ഷിണപ്പാട്ടു് എന്നുള്ളതിനു സംശയമില്ല. പ്രഥമപാദം ആരംഭിക്കുന്ന

ʻʻവാനവര്‍തൊഴും പരമന്‍ വാരണവടിവിനാലെ
മാമലമകളോടും പോയ്ക്കാനനേ കളിച്ച കാലംˮ

എന്ന വരികള്‍ രാമചരിതത്തിലെ ʻʻവേന്റര്‍ കൊന്റയനാകി വിണ്ണവര്‍ക്കമുതായുള്ളില്‍ˮ ഇത്യാദി പാട്ടുകളില്‍ക്കാണുന്ന കഴില്‍നെടിലടി ആചിരിയവിരുത്തത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. ʻപരമന്‍ʼ എന്ന പദത്തില്‍ രേഫത്തെ രാʼ എന്നു നീട്ടി ഉച്ചരിക്കേണ്ടതുണ്ടു്. ആ പാദത്തിന്റെ അവസാനത്തിലുള്ള ʻʻഅന്തണന്‍തന്നോടനുജ്ഞ ചെയ്തങ്ങനേ ആരണരാശി ചൊല്ലിയാശ്രമം പുകുന്താരന്നേˮ എന്ന ഈരടിയില്‍ പൂര്‍വഖണ്ഡം കാകളിയിലും ഉത്തരഖണ്ഡം ആചിരിയവിരുത്തത്തിലും നിബന്ധിച്ചിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്ന ʻʻകൃഷ്ണനാം മധുവൈരി കെല്പോടു യമപുരത്തില്‍പ്പുക്കതുനേരമവിടെപ്പുണ്യപാപങ്ങള്‍ കണ്ടാന്‍ˮ എന്ന ഈരടിയിലും ആ വൃത്തംതന്നെയാണു് കാണുന്നതു്. ʻമധുʼ എന്നതു ʻമാധുʼ എന്നും ʻപുക്കതുനേരമവിടെʼ എന്നതു് ʻപുക്കതു നേര്‍മ്മവീടേʼ എന്നും പാടിയൊപ്പിച്ചാലേ വൃത്തഭംഗത്തില്‍നിന്നൊഴിയുവാന്‍ കഴികയുള്ളൂ. ʻഗോപുരം നാലില്‍ കിഴക്കും വടക്കേതും ഗുണമുടയ ജന്തുക്കള്‍ പൂവാന്‍ ചമച്ചതുംʼ എന്ന അടുത്ത ഈരടിയില്‍ ഒന്നാമത്തെ അടി കാകളിയിലും രണ്ടാമത്തേതു മണികാഞ്ചിയിലും രചിച്ചിരിക്കുന്നു. പിന്നെയും ആ പാദത്തിലെ ʻകണ്ടാലഴകേറും കാറൊളിമേനിയന്‍ കരുണയോടു കരതളിരില്‍ വിലസിന ശരങ്ങളുംʼ എന്ന ഈരടിയില്‍ രണ്ടാമത്തെ അടി കളകാഞ്ചിയായി കാണുന്നു. സാധാരണമായി കവി ഈരടികളില്‍ എതുകയുടേയോ മോനയുടേയോ മാത്രം ആവര്‍ത്തനംകൊണ്ടു ചരിതാര്‍ത്ഥനാകുന്നതിനു പുറമേ ʻʻദാനവും ദക്ഷിണതല്‍പ്രധാനങ്ങളില്‍ സാരമായുള്ളതു ചൊല്ലുകടിയനു്ˮ തുടങ്ങിയ ചില വരികളില്‍ പ്രാസദീക്ഷ കൂടാതെതന്നെ കവനം ചെയ്യുവാന്‍ ഒരുമ്പെടുന്നുമുണ്ടു്. നിരണത്തു പണിക്കന്മാരുടെ കാലത്തു നടപ്പുണ്ടായിരുന്ന ʻവെന്റിʼ, ʻഉരത്തുʼ, ʻഒണ്‍മറയോന്‍ʼ, ʻപുകുന്തു,ʼ ʻവല്ല്, (ബലം) ʻഒന്നിʼ (യോജിച്ചു്ʼ) ʻമാല്‍ʼ (വിഷ്ണു) ʻവേലʼ (സമുദ്രം) ʻആവിʼ (ഹൃദയം) ʻഉറയുകʼ (താമസിക്കുക) മുതലായ പദങ്ങളും, ʻനീലനിറമുട മൂര്‍ത്തി,ʼ ʻഏറുണ്ടു്ʼ (ഏറെയുണ്ടു്) ʻമേഘനിറത്തവന്‍,ʼ ʻഒക്കളന്നിടുംʼ (ഒക്കെയളന്നിടും) ʻകൂര്‍മ്മമാനവʼ (കൂര്‍മ്മമായവനേ) തുടങ്ങിയ പ്രയോഗവിശേഷങ്ങളും ഈ പാട്ടില്‍ കാണാം. ഇതില്‍നിന്നെല്ലാം പ്രസ്തുതകൃതി എഴുത്തച്ഛന്റെ കാലത്തിനു മുന്‍പു കൊല്ലം ഏഴാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ആവിര്‍ഭവിച്ചതാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.

കവിതാരീതി

കവിതയ്ക്കു വലിയ ആസ്വാദ്യതയോ കവിക്കു പറയത്തക്ക പാണ്ഡിത്യമോ ഉണ്ടെന്നു പറവാന്‍ പാടില്ലെങ്കിലും കിളിപ്പാട്ടുരീതിയിലുള്ള ഗാനങ്ങളില്‍ കാലപ്പഴക്കംകൊണ്ടു പ്രഥമഗണനീയമാണെന്നുള്ള ഒരു മെച്ചം ഗുരുദക്ഷിണപ്പാട്ടിനുണ്ടു്. കഥാഗുംഫനം രസകരമാണു്. മക്കള്‍ക്കുവേണ്ടി ഗുരുദക്ഷിണ നല്കുവാന്‍ ചെന്ന വസുദേവനോടു തന്റെ മൃതനായ പുത്രനെ വരുത്തിക്കൊടുപ്പിക്കണമെന്നു സാന്ദീപനി അപേക്ഷിക്കുകയും അതു സാധ്യമല്ലെന്നു് അദ്ദേഹം പറഞ്ഞപ്പോള്‍ ʻʻപാപി! നീ തരുന്നൊരു ദക്ഷിണ വേണ്ടുന്നില്ല. വേഗത്തില്‍പ്പോവന്‍ ഞാനുമെന്നുടെ ഭവനത്തില്‍, വ്യഗ്രവുമിളച്ചിരി നീയും നിന്‍പുത്രരുമായ്ˮ എന്നു മഹര്‍ഷി കൊള്ളിവാക്കു പറയുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്‍ യമനെ സമീപിച്ചു ഗുരുപുത്രനെ തരണമെന്നു് അപേക്ഷിച്ചപ്പോള്‍ ആ ദേവന്‍ തനിക്കു മൃത്യു, അപമൃത്യു, കാലന്‍, ഉദും ബരന്‍ എന്നിങ്ങനെ നാലു് അമാത്യന്മാരുണ്ടെന്നും അവരെച്ചെന്നു കണ്ടാല്‍ പരേതനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാമെന്നും പറയുന്നു. അവരെ യഥാക്രമം ഭഗവാന്‍ സന്ദര്‍ശിച്ചപ്പോള്‍ തന്റെ കൃത്യം മൃതന്മാരെ കൊണ്ടുവരുന്നതിനു ദൂതന്മാരെ അയയ്ക്കുക എന്നുള്ളതാണെന്നു മൃത്യുവും, പാശബന്ധനമാണെന്നു് അപമൃത്യുവും ദണ്ഡുകൊണ്ടുള്ള താഡനമാണെന്നു കാലനും നരകത്തില്‍ വരുന്നവര്‍ക്കു വേണ്ട ശിക്ഷകള്‍ നല്കുന്നതാണെന്നു് ഉദുംബരനും, അങ്ങനെ ʻആചാരം നാലര്‍ക്കും നാലു പ്രവൃത്തികള്‍ʼ എന്നും പറഞ്ഞു നാലു മന്ത്രിമാരും ഒഴിയുന്നു. അപ്പോള്‍ ശ്രീകൃഷ്ണന്‍ ʻʻനിങ്ങളുടെ കര്‍ത്താവാം യമരാജന്‍തന്നെയും കൊല്ലുന്നുണ്ടു്.ˮ എന്നു ക്രുദ്ധനായി അരുളിച്ചെയ്യുകയും അവിടുത്തെ നെറ്റിയില്‍നിന്നു് ഒരു തേജസ്സു് ഉത്ഭവിച്ചു് ആദിത്യമണ്ഡലത്തോളം ഉയരുകയും ചെയ്യുന്നു. തല്‍ക്ഷണം യമനും ചിത്രഗുപ്തനും മന്ത്രിമാരും മറ്റും പേടിച്ചരണ്ടു് അവിടുത്തെ സ്തുതിച്ചുതുടങ്ങി:

ʻʻവേദന പെരുകീടും മേദിനീഭാരം തീര്‍പ്പാന്‍
വേധാവിന്നരുളാലേയിപ്പൊഴുതവനിയില്‍
രോഹിണീസുതനായും ദേവകീസുതനായും
രണ്ടായിപ്പിറന്നീടുമീശനേ, ജയ! ജയ!
ആരണവടിയായോരാദിയേ ജയ! ജയ!
ആരുമേയറിയാത ലോകനാഥനേ ജയ!
ഭക്തപാലനേ ജയ; മുക്തിഭാവനേ ജയ,
പക്ഷിവാഹനാ ജയ, പാപനാശനാ ജയ!ˮ

ഇത്യാദി പ്രണാമവാക്യങ്ങള്‍ ഉച്ചരിച്ചു ഗുരുപുത്രനെ അവര്‍ ഭഗവാനു നല്കുകയും ഭഗവാന്‍ ആ പുത്രനെ സാന്ദീപനിക്കു സമര്‍പ്പിക്കുകയും ചെയ്യുന്നു. ഗുരുദക്ഷിണപ്പാട്ടു പഠിച്ചു കേള്‍പ്പിക്കുന്നവരും കേള്‍ക്കുന്നവരും

ʻʻസപ്തജന്മാന്തരത്തിച്ചെയ്ത പാപവും കെട്ടു
ചില്‍പുരുഷനാം വിഷ്ണുപാദങ്ങള്‍ ചേരുവോരേˮ

എന്ന ഫലശ്രുതിയോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു.

സേതുബന്ധനം പാട്ടു്

ʻസേതുബന്ധനംʼ എന്ന പാട്ടു് കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ വിരചിതമായ ഒരു കൃതിയാണെന്നു തോന്നുന്നു. പാദവിഭാഗമില്ല. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടാ. ʻപകഴിʼ, ʻപരവʼ, ʻപകയര്‍ʼ, ʻചെങ്ങിനʼ, ʻകുറുകിʼ (വിനീതനായ) ഇത്യാദി പഴയ പദങ്ങളും ʻമിന്നല്‍ചേരിടിʼ മുതലായ പ്രയോഗങ്ങളും കാണ്മാനുണ്ടു്. ഓരോ ഈരടിയുടേയും അവസാനത്തില്‍ വിരാമം വേണമെന്നു നിര്‍ബ്ബന്ധമില്ല. പ്രാസം സംബന്ധിച്ചു കവിയുടെ നില ഗുരുദക്ഷിണാകാരന്റേതുതന്നെ. കവിതയുടെ മാതിരി കാണിക്കുവാന്‍ ചില വരികള്‍ താഴെ ഉദ്ധരിക്കുന്നു:

ʻʻകഴിഞ്ഞു മൂന്നു ദിനം താമരനയനനും
താര്‍ചരവൈരിതന്റെ ചെങ്കനല്‍മിഴിപോലെ
ചെങ്ങിന മിഴികളോടെഴുന്നേറ്റരുള്‍ചെയ്തു
മംഗലജയമലര്‍മാനിനീമണിരംഗം.
മന്മഥാരാതി പണ്ടു മുപ്പുരമെരിചെയ്‌വാ-
നെന്നപോലൊരു കോപം പൂണ്ടു തന്നനുജനോ-
ടെങ്ങുവെന്‍ വില്ലുമമ്പും കൊണ്ടുവാ വിരവിനോ-
ടെന്നുടനര തിരുമുടിയും മുറുക്കീട്ടു,
മന്നിടമുലയുംമാറിട്ട ഞാണൊലിയൊടും
മിന്നല്‍ചേരിടിക്കിടര്‍ ചേരിന മിഴികൊണ്ടും
പൊങ്ങിന തിരമാല ചേരും വാരിധീനാഥ-
നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു
പൊഴിഞ്ഞു ചെങ്കണകള്‍ കുറുക്കീടുവന്‍ വെള്ളം,
പൊലിമ ചേരും ചളിയാക്കുവനിന്നുതന്നെ;
പൊരിഞ്ഞു ചത്തു നീളെക്കിടക്കും ജലജന്തു
പറവജാതികളെക്കൊണ്ടുടന്‍ പെറുക്കിപ്പന്‍,
പൊല്ലാത മരുഭൂമിയാക്കുവനിന്നുതന്നെ;
പൊടി പൊങ്ങിന പെരുമുറ്റമാക്കുവന്‍ പിന്നെ;
പൊങ്ങിന കപികളെക്കാല്‍നട നടത്തിപ്പന്‍:
പൊങ്ങിപ്പന്‍ പൊടിയാകാശത്തോളമതില്‍നിന്നു്.
പുത്തനായ്ച്ചമച്ചുള്ളൂ എന്നുടെ മുത്തച്ഛന്മാര്‍;
പുത്തിയില്ലാതവനെയിന്നു ഞാനൊടുക്കുവന്‍.
പറഞ്ഞീവണ്ണം മന്നന്‍ പകഴിരത്നമെടു-
ത്തഭിമന്ത്രിച്ചു മെല്ലെയെടുത്തു വലിച്ചപ്പോള്‍
അനലജ്വാലാജാലം ചൊരിഞ്ഞു കടലില-
ങ്ങഴിച്ചൂ തിരമാല; കുറുകീ ജലമേറ്റം.ˮ

പലവക സ്തോത്രങ്ങള്‍

ചേതോഭവസ്തോത്രം

അനേകം ഭാഷാസ്തോത്രങ്ങളും ഈ ശതകത്തില്‍ ഉത്ഭവിച്ചിട്ടുണ്ടു്. അവയില്‍ ഒന്നാണു് ചേതോഭവസ്തോത്രം. പേരുകൊണ്ടുതന്നെ മന്മഥനെപ്പറ്റിയുള്ള ഒരു സ്തുതിയാണു് ഇതെന്നു വായനക്കാര്‍ക്കു മനസ്സിലാക്കാവുന്നതാണല്ലോ. കവിതയ്ക്കു നല്ല പഴക്കം കാണുന്നു. പെട്ടെന (പെട്ടെന്നു്) കണ്ടര്‍ (നീലകണ്ഠന്‍) ചെയ്യു മകരധ്വജം (ചെയ്യും മകരധ്വജം) ഇടം പേശ (സ്ഥലം നല്കത്തക്കവണ്ണം) മുതലായ പഴയ പ്രയോഗങ്ങള്‍ ഇതില്‍ സ്ഥലം പിടിച്ചിട്ടുണ്ടു്. കാമദേവസ്തോത്രങ്ങള്‍ ഭാഷയില്‍ വളരെ വിരളങ്ങളാണു്.

ʻʻപത്മവിദ്വിണ്‍മുഖം പത്മചെന്താര്‍ശരം
പത്മസംസ്ഥം മഹാപത്മരാഗപ്രഭം
പത്മതിരുമകളിലൊരു പിറവികലരും കൃപാ-
സത്മമജരാമരം നൌമി ചേതോഭവം.

പാശബാണേക്ഷുചാപാങ്കശാനാമിടം
പേശ മേവീടുവാനുള്ള തൃക്കൈകളും
പേശലത കലരുമണിതിരുവുരുമെങ്കലന്‍-
പേശുക സദാ സ്മരം നൌമി …

പിച്ച കൈക്കൊണ്ട കണ്ടര്‍ക്കു പുത്രം ജനി-
പ്പിച്ചുകൊള്‍വാനുമാദേവിയില്‍ക്കേവലം
വിജ്രധരമൊഴി കരുതി വിരുതു പറയും ജഗ-
ദ്വശ്യമയദൈവതം നൌമി …

പീതവാസോപമാനം പുതുപ്പൂവല്‍മെയ്
ഭാതി ചേതോഹരം സുപ്രസന്നാനനം.
ഭൂതി മികുമണിമുകുടമുടുപുടവയും ചുവ-
ന്നീദൃശമനന്യജം നൌമി …ˮ

വൃത്തംകൊണ്ടുമാത്രമേ ഇതിനെ ഭാഷയെന്നു പറയുവാന്‍ തരമുള്ളു; പദഘടന നോക്കിയാല്‍ മണിപ്രവാളംതന്നെ.

അരിയില്‍പ്പറമ്പു ശിവസ്തോത്രം

ചേതോഭവസ്തോത്രത്തോടു വൃത്തത്തിലും ഭാഷയിലും ഏകദേശം സാദൃശ്യമുള്ളവയാണു് താഴെക്കാണുന്ന മൂന്നു സ്തോത്രങ്ങള്‍.

ʻʻഐന്താര്‍ചരക്കളികളുള്‍ച്ചേര്‍ന്ന മങ്കയരി-
ലും ദിവ്യവായ്പുതകുമദ്രീന്ദ്രപുത്രിവര-
പന്തിടയുമണികുചയുഗന്തടവുമരിയ തിരു-
നെഞ്ചിടയുമിഹ തൊഴുവനരശങ്കരായ നമഃˮ

ʻʻഅരിയില്‍പ്പറമ്പമരുമര നിന്‍പദാംബുരുഹമഴകില്‍ത്തൊഴാം വരദംˮ എന്നു കവി വന്ദിക്കുന്നു. ഈ സ്ഥലം ഏതെന്നു് അറിയുന്നില്ല.

മറ്റൊന്നു്

അരിയില്‍പ്പറമ്പു ശിവന്‍തന്നെയാണു് ഈ സ്തോത്രത്തിന്നും വിഷയീഭവിക്കുന്നതു്. രണ്ടും ഒരു കവിയുടെ കൃതികളാണെന്നു തോന്നുന്നു.

ʻʻപയ്യ വന്നയ്യിരണ്ടാനനന്‍ കൈലാസം
കൈബലംകൊണ്ടെടുത്തങ്ങുലയ്ക്കുംവിധൌ
കയ്യഖിലമൊടിയയൊരു വിരല്‍മുനയതൂന്നിയ-
പ്പൊയ്കെടയമര്‍ത്തതും നൌമി കാമാന്തകം.ˮ

കാമാരിജാസ്തോത്രം

വടക്കന്‍കോട്ടയത്തു പോര്‍ക്കലിഭദ്രകാളിയെപ്പറ്റിയുള്ളതാണു് ഈ സ്തോത്രം.

ʻʻപോരിലോരോ ജഗദ്ദ്വേഷിണാമോഘമെ-
പ്പേരുമേ കൊന്നുകൊന്നന്വയം വേരറ-
ച്ചോരിവരസമരഭുവി നദിയൊടെതിരൊഴുകുമള-
വാരതിവളര്‍ത്തെഴും നൌമി കാമാരിജാം.

ഇപ്രകാരം നലംചേരുദന്തം ചുരു-
ക്കിപ്രമോദേന വാഴ്ത്തുന്നവന്നാദരാല്‍
അപ്പരമസുഖമനയഹരമഴകൊടരുളുമവി-
കല്പമതിശോഭിനീം നൌമി കാമാരിജാം.

പോര്‍ക്കലിച്ചേരുമമ്മേ, മഹാദേവി, നി-
ന്നീക്ഷണക്കോണു മേന്മേലുഴിഞ്ഞീടു നീ;
മോക്ഷമിനി വിരവിനൊടു വരുമതിനു സുരനമിത-
കാല്ക്കലിഹ വീണഹം നൌമി കാമാരിജാം.ˮ

ശങ്കരനാരായണസ്തോത്രം

ഹൃദയദ്രവീകരണചണമായ ഒരു സ്തോത്രമാണു് ഇതു്.

ʻʻആഡംബരമെഴുമലര്‍ചരസമരം തേടും മടവരെ നിനയാതേ
നീടമ്പിന വനമാലിമഹേശൌ ബാഢം വടിവൊടുനിന മനമേ!....
എടയും തടമുല തൊറ്റുമുവന്നും മടുമൊഴികളിലഴിവിയലാതേ
പൊടിപെടുവാനത്തനയുമശേഷം മൃഡശകടഹരൌ നിന മനമേ.ˮ

ചോറ്റാനിക്കര ദേവീസ്തോത്രം

ചോറ്റാനിക്കര മരുവും ത്രിഭുവനനാഥʼയെപ്പറ്റിയാണു് ഈ സ്തോത്രം.

ʻʻമാന്താര്‍ബാണമണിച്ചിലതന്മേലേന്തും ഞാണിന്‍ തരികുരുള്‍നിരയും
കാന്തിപെറും പിരികങ്ങളുമളികതടാന്തവുമധുനാ തൊഴുതേന്‍ ജയ ജയ!
മിഴി തവ രണ്ടും മഴറിയൊരിളമാന്‍മിഴിയെ വെടിഞ്ഞിടനീണ്ടിരുപാടും
കുഴകാതോടണയുന്നതു മണികവിളഴകുമതീവ ച തൊഴുതേന്‍ ജയ ജയ!ˮ

ഏറ്റുമാനൂര്‍ ശിവസ്തോത്രം

ʻമൃഗഗ്രാമനാഥʼനായ ഭര്‍ഗ്ഗനെ ഇതില്‍ സ്തുതിക്കുന്നു.

ʻʻഅര്‍ണ്ണോജതാര്‍വിശിഖജന്യായ കാമിനിക-
ളൊന്നോമലിച്ചു പുണരുന്നേരമുള്ള സുഖ-
മെണ്ണി മുതല്‍ കളയുമടവിന്നരുതു ഗിരിജ പുണ-
രുന്ന പരപുരുഷമൊരു കുന്നി നിന മനമേ.ˮ

ʻʻഊണും മറന്നു ഗണികാനാമൊരോ തെരുവില്‍
നാണം വെടിഞ്ഞു നട പേണുന്നതാകിലിനി
വീണരിയ നരകദിശി വാണു മുറയിടുമരുത-
താനയുരിവസനമുടയോനെ നിന മനമേ.ˮ

വയ്ക്കം ശിവസ്തോത്രം

വയ്ക്കമമ്പും വിഭുʼവിനെ ഈ സ്തോത്രത്തില്‍ വാഴ്ത്തുന്നു.

ʻʻഅന്നദാനപ്രവീണാ ഭവല്‍പാതിയും,
പിന്നെ മിത്രം ധനസ്വാമി, ഹേമാചലം
ജന്യചില, സിതശിഖരി ഭവനമഴകിതു പെരികെ
നിന്നരിയ പൌരുഷം; പാര്‍വതീശം ഭജേ.

ആദിതേയാദിനാനാവിമാനാഗത-
ന്മാര്‍ തൊഴും ചാരു നിന്‍ പാദപാഥോരുഹം
ഖേദമകല്‍വതിനു പകലിരവരുള്‍ക ഹൃദി മയി; പു-
രാതനശരീരിണം പാര്‍വതീശം ഭജേ.ˮ

സുബ്രഹ്മണ്യസ്തോത്രം

ʻʻഅനുചിതകര്‍മ്മണി മോഹം കൈക്കൊണ്ടനുദിനമവനിയിലുഴലാതേ
ജനിമരണവ്യഥകളെ ബത കളവാനണിശരഭവമിനി നിന മനമേ.ˮ
ʻʻഉതകാതോ ചില മതുമൊഴിമാര്‍തന്‍ നിധുവനരസമോര്‍ത്തുഴലാതേ
നിതരാമുര തകുമുഡുപതിശേഖരപദകമലം നീ നിനമനമേ.ˮ

ധന്വന്തരിസ്തോത്രം

ʻʻഅത്യുദാരേ സുരേശേ മുനിപ്രൌഢശാ-
പത്തിനാലെത്തുമാപത്തറുത്തീടുവാന്‍
ദുഗ്ദ്ധജലനിധിമഥനവിധിയിലുടനന്‍പൊടുല്‍-
പത്തിചേരുംപരം നൌമി ധന്വന്തരിം.ˮ

സരസ്വതീസ്തോത്രം

ʻʻമഞ്ജുളശ്രീ തിമര്‍ക്കും നറുംപല്ലവ-
ത്തിന്‍ചുവപ്പിന്നു ചിന്തം കുറച്ചീടെഴും
നിന്‍ചരണതലവുമണിവിരല്‍നിരയുമരുള്‍ക മയി;
ചഞ്ചലവിലോചനാം നൌമി ധാതുഃ പ്രിയാം.

മാനഹീനം മഹേന്ദ്രാദിചൂഡാമണി-
ശ്രേണി മുന്‍പിട്ട തൃക്കാല്‍നഖപ്രൗഢിയും
ചേന്നൊടണിപുറവടിയുമരുള്‍ക മയി മഹിതനരി-
യാണിയുഗവും തഥാ; നൗമി ധാതുഃ പ്രിയാം.ˮ

മറ്റൊരു സരസ്വതീസ്തോത്രം

ʻʻപങ്കജേഷോരെടുക്കും തഴയ്ക്കെത്രയും
ഭംഗമായും നിറം തോയുമച്ചായലും
ഭൃംഗജാലേന തോലാത ബാലക്കരുള്‍-
ഭംഗിയും ചിന്തയേ ഭാരതീ പാഹി മാം.ˮ

തളിയില്‍ ഗണപതിസ്ത്രോത്രം

ʻʻവെണ്‍പലാധീ ശരാജ്യˮത്തിലെ ʻʻസര്‍പ്പധരനന്ദനˮനെപ്പറ്റിയുള്ളതാണു് ഈ സ്തോത്രം.

ʻʻപണ്ടു കാലാരി ദന്താവളാധീശനായ്-
ക്കൊണ്ടനാളദ്രികന്യാ പിടിക്കോലമായ്-
കൊണ്ടു കളി തടവുകയിലുടനടവിഭുവി പിറവി
തണ്ടിന വിനായകം നൌമി ലംബോദരം.ˮ

ʻʻപിന്‍തുടര്‍ന്നന്തകാരേരുടന്‍ ചെന്ന നേ-
രം തരും നല്‍വിരുന്നുണ്ടലം ഭാവഹീ-
നം ധനദനൊരു കുറവു ചെറുതരുളുമരിയ വര-
ദം ത്രിഭുവനാധിപം നൌമി ലംബോദരം.ˮ

ഗംഗാധരസ്തോത്രം

ʻʻപന്നഗവ്രാതവും വാസവാദ്യുമ്പര്‍ പെ-
യ്യുന്ന പൂമാലയും ബാലശീതാംശുവും
സ്വര്‍ന്നദിയുമുരപെരിയ ജടയിലണിയും ഗിരീ-
ശം നഗസുതാവരം നൌമി ഗംഗാധരം.ˮ

ʻʻപൊട്ടിവീഴും പൊരിപ്പെട്ട ചെന്തീക്കനല്‍-
ക്കട്ട ചിന്തും നിടിലേക്ഷണേ കാല്‍ക്ഷണം
ദുഷ്ടമദരഹിതമൊരു മകളെയുളവാക്കുവോ-
രിഷ്ടജനലാളകം നൌമി ഗംഗാധരം.ˮ

തിരുനാവാ മുകുന്ദസ്തോത്രം

ʻʻനല്ക്കാളമേഘരുചി കൈക്കൊണ്ടിരുണ്ടു മണ-
മിക്ഷോണിമേലിയലുമക്കൈശികാവലിയു-
മര്‍ക്കായുധപ്രഭയൊടൊക്കും കിരീടവുമു-
ദിക്കെന്നില്‍ മേലിലിനി നാവാമുകുന്ദ! ജയ.ˮ

നല്ലോരു മഞ്ഞള്‍നിറമുള്ളോരു പൂന്തുകിലു-
മുല്ലോലചാരുതരകല്യാണകാഞ്ചികളു-
മെല്ലാമണിഞ്ഞുനെറിവെല്ലുന്ന നിന്‍ജഘന-
മുള്ളൊന്നു ചേര്‍ന്നരുള്‍ക നാവാമുകുന്ദ ജയ.ˮ

തിരുവങ്ങാട്ടു ശ്രീരാമസ്തോത്രം

ʻʻഭംഗ്യാ നിറന്‍റ തിരുവങ്ങാടുലാവിനൊരു
തുംഗാനുഭാവ ജയ ശ്രീരാമ രാമ ജയ.
അക്ഷീരവാരിധിയിലക്കാന്ത പൂമകളൊ-
ടക്ഷീണമാര്‍ന്നു കുടികൊണ്ടോരു രാമ ജയ.

ആടോപശാലിദശകണ്ഠം വധിപ്പതിനു
ചൂടാര്‍ന്ന ദേവകൃതസന്നാഹ രാമ ജയ...
ഐക്യം കലര്‍ന്നനുജനോടും മുനീന്ദ്രനൊടു-
മാക്കം തിരണ്ടു നടകൊണ്ടോരു രാമ ജയ.ˮ

ചെങ്ങന്നൂര്‍ ശിവസ്തോത്രം

ʻʻആലമമൃതമിവ പരുകീടിന കാലമദനപുരസൂദന! ഭവ! തവ
ഫാലാനലനയനവുമണിചിലപോലേ വിലസിന കുനുചില്ലിയു-
മാലോലവിലോചനയുഗളവുമാലസതു മദീയേ ഹൃദി ശശി-
മൌലേ! ശിവ! ചെങ്ങന്നൂര്‍ മികുമഗതനയാരമണ തൊഴുന്നേന്‍.ˮ

ʻʻഈശാന! നിശാകരകമലനികാശാനനമനുദിനമശുഭവി-
നാശായ വിളങ്ങുക മമ ഹൃദി കിംശുകമലരടി തൊഴുമധരവു-
മാശാംബര! ഗിരിതനയാസരസാചുംബനകൊതി പെടുമാറതി-
പേശലമതു ചെങ്ങന്നൂര്‍ മികുമഗതനയാരമണ തൊഴുന്നേന്‍.ˮ

തൃപ്പൂണിത്തുറ വിഷ്ണുസ്തോത്രം

ʻʻപത്മാസനപുരഹരസുരവരപൊല്‍പ്പൂമടിമണിഗണ സുഷമക-
ളെപ്പേരുമണിഞ്ഞവ നതജനകല്പദ്രുമമാം തവ പദയുഗ-
മുള്‍പ്പൂവില്‍ വിളങ്ങീടുക ദുരിതപ്രൌഢികളമയ്‌വതിനനവധി
പത്മാധവ തൃപ്പൂണിത്തുറ മലര്‍വനിതാരമണ തൊഴുന്നേന്‍.ˮ

തിരുവനന്തപുരം വിഷ്ണുസ്തോത്രം

ʻʻപേടിപെടുത്തുലകിടമൊക്കെപ്പൊടിപെടുമാറലറിനടക്കി-
ക്കാടു തകര്‍ത്തലറിയടുക്കും താടകയെത്താഡിപ്പതിനും
ചാടു തകര്‍പ്പതിനും പുരഹരചാപമൊടിച്ചിടുവതിനും ഞാന്‍
വേണമനന്താഖ്യപുരാധിപ! ഭൂജഗാധിപശയന! തൊഴുന്നേന്‍.

പൈന്തേന്‍മൊഴി മായ ചമഞ്ഞപ്പുഞ്ചിരിയും തൂകിക്കൊഞ്ചി-
പ്പന്തിയലും കൊങ്ക കുലുങ്ങപ്പൂന്തുകിലും ചായലുമഴിയ-
പ്പന്തമടിച്ചങ്ങനെ ഞാന്‍ ചെന്നംഗജരിപുചിത്തം വഞ്ചി-
ച്ചരുളേണമനന്തപുരാധിപ! ഭുജഗാധിപശയന! തൊഴുന്നേന്‍.ˮ

തിരുമണിവെങ്കടപുരം വിഷ്ണുസ്തോത്രം

ʻʻഅടിമൂവടി മഹി മാബലിയൊടു നീരഴകൊടു കൊ-
ണ്ടടവേ പുനരുലകീരടിയരയായളവുതകും
വടിവാര്‍ന്നന വടുവാകിയ വരദം തനുനെറിയെ-
ന്നുളി[1]ലമ്പനുദിനമമ്പുക മണിവെങ്കടവരനേ.ˮ

ʻʻഅരചന്‍ ജനകതനൂജയെ വിപിനാലതിവിരയും
വിരഹേ ഖഗവചസാ പുനരറിയുന്നളവലയില്‍
ചിറ നേര്‍കടന്നസുരം പൊരുതൊരു രാഘവവടിവെ-
ര്‍ന്നുളിലമ്പനുദിനമമ്പുക മണിവെങ്കടവരനേ.ˮ

മാധവസ്തുതി

ഇതില്‍നിന്നു് ഒരു പാട്ടു പകര്‍ത്തിക്കാണിക്കാം:

ʻʻവത്സരൂപം കറ്റു മെല്ലേ വന്ന ദൈത്യം കൊന്റു നീയെന്‍
ചിത്തമോദം നല്‌കുകെന്റെ മാതവാ!
സകലലോകധ്വംസശീലം പിന്നെ വന്നോരാദികായം
ബകനെ മെല്ലെക്കൊന്റ വീരാ മാതവാ!ˮ

ഏറ്റവും വിസ്തൃതമായ ഈ സാഹിത്യവിഭാഗത്തിന്റെ സ്വരൂപമെന്തെന്നു് ഇത്രയുംകൊണ്ടു ഗ്രഹിക്കാവുന്നതാണല്ലോ. അകാരാദിക്രമത്തിലാണു് ഈ സ്തോത്രങ്ങള്‍ പ്രായേണ രചിച്ചിരിക്കുന്നതു്. അതു ഭക്തന്മാരുടെ സ്മൃതിസൌകര്യത്തെ ലക്ഷീകരിച്ചുമാണു്. അതുകൊണ്ടു് ഓരോ സ്തോത്രത്തിലും പതിന്നാലു ഘടകങ്ങള്‍ (ഋ-ഋ, നു, നൂ ഇവ വീട്ടു്) അടങ്ങിയിരിക്കും ʻഅ-ആʼ ʻക-കാʼ ʻത-താʼ ʻന-നാʼ ʻപ-പാʼ ʻമ-മാʼ എന്നീ ആറു വര്‍ണ്ണസംഘങ്ങളേയുമാണു് സ്തോത്രകാരന്മാര്‍ ആശ്രയിക്കുന്നതു്. മുന്‍പു മാത്രക പ്രദര്‍ശിപ്പിച്ച പാട്ടുകളില്‍ ചിലതു് എട്ടാംശതകത്തിലും മറ്റു ചിലതു്

ഒന്‍പതാം ശതകത്തിലും വിരചിതങ്ങളാണെന്നു വരാവുന്നതാണു്; അതിനിപ്പുറമല്ലെന്നു തീര്‍ച്ചയായി പറയാം. ഭാഷാ സാഹിത്യത്തിന്റെ വികാസത്തിനു് ഈ എളിയ പ്രസ്ഥാനവും ഏറെക്കുറെ പ്രയോജകീഭവിച്ചിട്ടുണ്ടു്. സംസ്കൃതത്തില്‍ ഇക്കാലത്തു നിര്‍മ്മിച്ചിട്ടുള്ള കീര്‍ത്തനങ്ങളിലും അകാരാദിക്രമം അനുസരിച്ചു കാണുന്നു. പഴയ ചമ്പുക്കളിലേ ഗദ്യങ്ങളുടെ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ചില സ്തോത്രങ്ങള്‍കൂടി പ്രദര്‍ശിപ്പിക്കാം. അധോലിഖിതങ്ങളായ മൂന്നു സ്തുതികളും ഒരേ കവിയുടെ കൃതികളാണു്.

നാരായണസ്തോത്രം

തൃപ്പൂണിത്തുറയപ്പനെപ്പറ്റിയുള്ള ഈ സ്തോത്രം ഏറ്റവും ഹൃദയഹാരിയാണു്. ചില വരികള്‍ ഉദ്ധരിക്കാം:

ʻʻഅമൃതോത്ഭവമുടനണയും നേരം ഗജതുരഗാദികളോരോ രത്ന-
ശ്രേണികളുടനുടനുണ്ടാംനേരം ചാരുപയോധൗ പോന്നുപിറന്ന-
മ്മലര്‍മാനിനിതാനത്ഭുതവേഷവിലാസം കൈക്കൊണ്ടുണ്ടായ്‌വന്നിതു
സ്തനഭാരംകൊണ്ടാനതമധ്യാ മന്ദസ്മിതരുചിരാനനശോഭാ
ഭാസിതകുണ്ഡലലളിതാഭോഗാ മലര്‍നിര താവി മനോഹരവേഷാ
ലീലാപാംഗവിനര്‍ത്തിതമദനാ നാനാരത്നവിഭൂഷണയുക്താ
മന്ദംമന്ദമപാംഗവിലാസൈരാരാധിച്ചാളനുപമമാരാല്‍.

* * * *


അംഗവുമിന്നീയംഗിയുമിന്നീ ദൃശ്യവുമിന്നിയദൃശ്യവുമിന്നീ;
വേത്താവും നീ വേദ്യവുമിന്നീ വേദവുമിന്നീ ശാസ്ത്രവുമിന്നീ;
ഗാതാവും നീ ഗാനവുമിന്നീ ഹോതാവും നീ ഹവ്യവുമിന്നീ;
മന്ത്രവുമിന്നീ തന്ത്രവുമിന്നീ ഭോക്താവും നീ ഭോജ്യവുമിന്നീ.

* * * *


തിറമൊടു തൃപ്പൂണിത്തുറയന്‍പാര്‍ന്നമരുമശേഷജഗന്മംഗല ജയ
ലക്ഷ്മീവല്ലഭ പുഷ്കരലോചന വരദ തൊഴുന്നേന്‍ വരദ തൊഴുന്നേന്‍.ˮ

ശിവസ്തോത്രം

നാരായണസ്തോത്രത്തെക്കാള്‍ വിശിഷ്ടമാണു് ശിവസ്തോത്രം. ചില പങ്‌ക്തികള്‍ നോക്കുക:

ʻʻചന്തം ചിന്തും നന്ദി വിതന്ദ്രം തുംഗമൃദംഗം താക്കുന്നേരം
മനസി തെളിഞ്ഞമ്മലമകളയ്യാ മധുരത പൊഴിയെപ്പാടുന്നേരം
കാളും നയനശിഖിജ്വാലാമുടനേറ്റേറ്റിളമതി വാടുന്നേരം
ഭൂഷാമണികള്‍ പിണഞ്ഞു പിണഞ്ഞിട്ടങ്ങോടിങ്ങോടാടുന്നേരം
ജലനിധിനിവഹം ചെറുതു കലങ്ങെക്കുലഗിരിവൃന്ദം ഝടുതികുലുങ്ങെ
ത്രിദശഗണങ്ങള്‍ തെളിഞ്ഞുതുടങ്ങെക്കിന്നരകിംപുരുഷോരഗചാരണ-
ഭൂതപ്രേതപിശാചനിശാചരസിദ്ധമുനീശ്വരവിദ്യാധരകുല-
മംഗലനുതികളണഞ്ഞുവണങ്ങെപ്പുളകശ്രേണികള്‍ മെയ്യിലിണങ്ങെ-
പ്പതിയ ചിലമ്പുകളാശു കിലുങ്ങെക്കരതലചഞ്ചല ഹരിണീലോചന-
വിഭ്രമസരണികള്‍ ചെറുതു പതുങ്ങെത്തിരുവദനേ നവസുഷമാസദനേ
ഘര്‍മ്മകണങ്ങളണിഞ്ഞുവിളങ്ങെഗ്ഗംഗാതരളതരംഗാവലികള്‍ പു-
ളയ്ക്കുന്നളവിലിളക്കം കരുതി മികയ്ക്കും ഘുമഘുമനിനദഗഭീരിമ
പെരികെ മുഴങ്ങെപ്പവനികളില്‍ച്ചേര്‍ന്നംബരസീമ്നി വിതാനംപോലേ
വലിയ ജടാളി പരന്നിടതിങ്ങെ ബ്രഹ്മകപാലശ്രേണികളും ചില
രുദ്രാക്ഷങ്ങളുമൊക്കെപ്പൊട്ടിച്ചിതറിച്ചിതറിച്ചാരുകടുന്തുടി-
തന്മേല്‍ മെത്തിന ഡുമുഡുമുനിനദം പെരികെമുഴങ്ങെസ്സന്ധ്യാകാലേ
സന്തോഷംപൂണ്ടഴകിനൊടിന്നീ കരുതും നിരുപമതാണ്ഡവ
കോലാഹലമിഹ കണ്‍കൊണ്ടനിശംകണ്ടാവൂ ഞാന്‍.ˮ [ലീലാ-

ʻഭോക്താവും നീ ഭോജ്യവുമിന്നീʼ മുതലായ വരികള്‍ ഇതിലും കാണുന്നു.

കാളീസ്തോത്രം

ഇതുപോലെതന്നെ ഹൃദയമോഹനമായ ഒരു കൃതിയാണു് കാളീസ്തോത്രവും. ചില വരികള്‍ അടിയില്‍ ചേര്‍ക്കുന്നു:

ʻʻജയ ജയ നാഥേ ജലധരനാദേ ഭഗവതിതുംഗേ ഭവഭയഭംഗേ!
ജനനി ശരണ്യേ ജഗദുരുപുണ്യേ സനകസനന്ദാദിഭിരഭിവന്ദ്യേ!

* * * *


പാരില്‍ നിറഞ്ഞസുരപ്പട ചൂഴ നിറത്തൊടെതിര്‍ത്തു തിമിര്‍ത്തു തിമിര്‍ത്തു
കളിച്ചുകളിച്ചു ചിരിച്ചുചിരിച്ചു ദുഷിച്ചുദുഷിച്ചു പറഞ്ഞണയത്തമര്‍
കിട്ടിന ദാരുകനെപ്പിടിപെട്ടു ചവിട്ടിയടിച്ചു മലര്‍ത്തി മുതിര്‍ത്തണി-
മാര്‍വിടയില്‍ ത്രിശിഖാഗ്രമിറക്കി വലിച്ചു വളര്‍ന്ന വ്രണങ്ങളില്‍നിന്നരു-
വിപ്പുനലൊത്തു പുറപ്പെടുമക്കുരുതിക്കളി വട്ടക മുട്ട നിറച്ചു പ-
കര്‍ന്നു കുടിച്ചുകുടിച്ചു പുളച്ചുപുളച്ചു രസിച്ചുരസിച്ചുദരം പരി-
പൂര്‍ത്തിവരുത്തിവരുത്തിയെടുത്തു തൊടുത്തപടര്‍ക്കടല്‍മാലകള്‍ കൊണ്ടുമു–
ടിക്കു യഥേഷ്ടമണിഞ്ഞു കളഞ്ഞു കളഞ്ഞവശേഷമറഞ്ഞു തനിക്കു ചു-
ഴന്നു വണങ്ങിന ഭൂതപിശാചഗണത്തിനു ഭോഗമെറിഞ്ഞു നിറഞ്ഞരു-
ഷാ തലവെട്ടി നിവര്‍ന്നെഴ നിന്ന നിലത്തിലുറച്ച പദാംബുരുഹങ്ങ-
ളടക്കിന നൃത്തപടുപ്രിയˮ

* * * *


ʻʻമിഹിരനു ദീധിതിയായതു നീയേ പവനനു വേഗവുമായതുനീയേ
മലമകള്‍ നീയേ മലര്‍മകള്‍ നീയേ കവിമകള്‍ നീയേ വസുമതി നീയേˮ

ഇനിയും ഇത്തരത്തില്‍ വേറേയും ചില സ്തോത്രങ്ങളുണ്ടെങ്കിലും വിസ്തരഭയംനിമിത്തം അവയെപ്പറ്റിയുള്ള പരാമര്‍ശനത്തില്‍നിന്നു വിരമിക്കേണ്ടിയിരിക്കുന്നു.

ദണ്ഡകസ്തോത്രങ്ങള്‍

ഭാഷാദണ്ഡകങ്ങളുടെ രീതിയില്‍ ശൃംഖലകള്‍ ചേര്‍ത്തു രചിച്ചിട്ടുള്ള അനേകം സ്തോത്രങ്ങള്‍ അക്കാലത്തും അതില്‍ പിന്നീടും ഓരോ കവികളുടെ വാങ്മയങ്ങളായുണ്ട്. രണ്ടു ദണ്ഡകങ്ങളില്‍നിന്നു ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം:

ശിവസ്തോത്രം

ʻʻകണ്ടോരു പാമ്പു മെയി(യ്യി)ലുണ്ടായവാറു ചിലര്‍
കണ്ടാലിതെന്തു ചിരിയാരോ?
കലപിലനെയലറുമൊരു പുലിയുരിയുമരയിലിതു
ചിലചില ചിലമ്പു ചെലനെന്നും. (1)

തീയുണ്ടു ചെഞ്ചിടയില്‍ നീറുന്നതെന്തിനിതു
കാര്‍കൊണ്ടിരുണ്ട മഴപോലേ
തിടുതിടിനെയൊഴുകുമതു ചിറയിടുമതറിയരുതു
മുറുമുറ മുറിഞ്ഞുവരുമോതാന്‍?ˮ

ശ്രീകൃഷ്ണസ്തോത്രം

ഉല്ലോലപീലിമലരെല്ലാമണിഞ്ഞിരുളെ
വെല്ലുന്ന പൂങ്കുഴലൊതുങ്ങീ;
ഉലയുമൊരു കര്‍ണ്ണാ–ഭരണനിഴല്‍ മിന്നും
കവിളിണയുമുരുകരുണ പൊഴിയുമൊരു മിഴിമുനയു-
മതിമൃദുലമുറുവലുമിയങ്ങീ. (1)

കല്യാണകാന്തിഭരകല്യേന്ദുസുന്ദരമി-
തെല്ലായിലും നിജജനാനാം,
കലയ നയനാനാം–ഫലമിതമിതാനാം,
തിരുമുഖവുമതിലളിതഗളലുളിതതുളസികുല-
കലിതമപി കവളമലര്‍ദാമം. (2)


<references>





  1. ഉളില്‍=ഉള്ളില്‍