close
Sayahna Sayahna
Search

മധുവിധു


മധുവിധു
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

അവർ വേനലിൽ മരത്തിനു ചുവട്ടിൽ മണ്ണിൽ നീണ്ട ചാലുകൾ കീറി താമസമാക്കിയപ്പോൾ മരത്തിന്നു യുവത്വത്തിന്റെ അഴകുണ്ടായിരുന്നു. ധാരാളം ഇലകളും തണലുമുണ്ടായിരുന്നു. നമുക്കിവിടെ ജീവാവസാനംവരെ താമസിക്കാം. അവൾ പറഞ്ഞു. അയാൾ ഒന്നും പറയാതെ അവളെ ആലിംഗനം ചെയ്തു കിടന്നു.

അതു വേനലായിരുന്നു. മരത്തിൽ യുവത്വത്തിന്റെ ഇലകളും തണലുമുണ്ടായിരുന്നു. ‘ജീവാവസാനംവരെ,’ അവൾ പറഞ്ഞു. അതയാളെ വീണ്ടും വീണ്ടും പുളകം കൊള്ളിച്ചു. അവളുടെ കൺപീലികൾ ഇടതൂർന്നതും കറുത്തതുമായിരുന്നു. നേർത്ത് ഓമനത്തം തോന്നിക്കുന്ന ചുണ്ടുകൾ തന്റെ എത്ര സമീപത്താണ്. നിശ്വാസം ഊഷ്മളവും സുഗന്ധമുള്ളതുമായിരുന്നു.

നിന്റെ നിശ്വാസത്തിന്നു വാകപ്പൂക്കളുടെ മണമാണ്. അയാൾ പറഞ്ഞു. അവൾ ചിരിച്ചു. കുട്ടിക്കാലം. രാവിലെ എഴുന്നേറ്റാൽ മുറ്റത്തു കാണുന്ന നേരിയ വാകപ്പൂക്കൾ. പൂക്കളുടെ സൗരഭ്യം വളരെ നേർത്തതായിരുന്നു. അവ നനഞ്ഞ മണ്ണിൽ ചിതറിക്കിടന്നു. പൂക്കൾക്കിടയിൽ മണ്ണിൽഞാഞ്ഞൂലുകൾ പുറ്റുണ്ടാക്കി. അവ ഉതിർക്കുമ്പോൾ തണുത്ത കാറ്റു വീശും.

അതു വേനലായിരുന്നു. ഹിമവർഷം കഴിഞ്ഞപ്പോൾത്തന്നെ മരം വീണ്ടും തളിർത്തു. പൂവിട്ടു. ഇളംകാറ്റിൽ പൂക്കൾ വിറകൊണ്ടു. ഇപ്പോഴാകട്ടെ അവ അവരുടെമേൽ പൊഴിഞ്ഞുകൊണ്ടിരുന്നു. അവർ ആലിംഗനബദ്ധരായിരുന്നു. അവളുടെ നിശ്വാസത്തിൽ വാകപ്പൂക്കൾ ഉതിർന്നു. നനഞ്ഞ മണ്ണിൽ അവ ചിതറിക്കിടന്നു.

മഴക്കാലത്തെക്കുറിച്ച് അപ്പോൾ ചിന്തിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും ഓർത്തുപോയി. മഴക്കാലം കഷ്ടപ്പാടുണ്ടാക്കുന്നതായിരുന്നു. അയാൾ പറഞ്ഞു. എന്റെ കുടിൽ ചോർന്നിരുന്നു. ശക്തിയുള്ള കാറ്റടിക്കുമ്പോൾ ചുമർ വെച്ച ഓലമറകളിൽക്കൂടി കാറ്റ് അകത്തു നുഴഞ്ഞുകയറും. തണുപ്പ് എല്ലുകൾവരെ കടന്നു വന്ന് ഒരു പുഴുവിനെപ്പോലെ കരളും. അതു കഷ്ടപ്പാടുള്ള കാലമായിരുന്നു. മഴക്കാലം.

അവൾ ഒന്നും പറഞ്ഞില്ല.

അതു നാം കണ്ടുമുട്ടുന്നതിനു വളരെ മുമ്പായിരുന്നു. നിന്നെ തേടി നിത്യതയുടെ കവലകളിൽ നടന്നപ്പോൾ. എത്രയോ മുമ്പ്. അതിന്നുശേഷം നാം ഈ ഭൂമിയിൽ എത്രദൂരം അലഞ്ഞു!

ഇതു വേനലാണ്. അവൾ പറഞ്ഞു. അയാൾ ചിരിച്ചു. ആകാശത്തിലുള്ള ചാരനിറം അയാൾ ശ്രദ്ധിച്ചിരുന്നു. അതു ചക്രവാളക്കോണിൽ ഒരു സ്വപ്നം പോലെ അയഥാർത്ഥമായി പ്രതൃക്ഷപ്പെട്ടു. സൂര്യൻ തന്റെ പ്രതാപം കാണിക്കുമ്പോൾ ആ ചാരനിറം, അവസരം പ്രതീക്ഷിക്കുന്ന ഒരു രാക്ഷസനെപ്പോലെ, ഒരു മുക്കിൽ പതിയിരുന്നു. പക്ഷേ, അയാൾ അതു കണ്ടു. അയാൾ ചിരിച്ചു. അവൾ പറഞ്ഞു, ഇതു വേനലാണ്.

സൂര്യൻ ദിനംപ്രതി ക്ഷയിക്കുന്നത് അയാൾ മനസ്സിലാക്കി. ചാരനിറം പ്രബലമായിത്തുടങ്ങി. അതു ക്രൂരമായി ചിരിച്ചു. മരം കരുതലോടെ സൂക്ഷിച്ച പൂക്കളുടെ ഭണ്ഡാഗാരം ക്ഷയിച്ചു. മുമ്പു് ഒരു കാറ്റു വീശിയാൽ പൂമഴയായിരുന്നു. ഇപ്പോൾ ശേഷിച്ച തന്റെ പൂക്കളെ കാറ്റിന്റെ ധൂർത്തടിയിൽനിന്നു രക്ഷിക്കാൻ മരം വിഫലമായി ശ്രമിച്ചു. അവസാനത്തെ പൂ, അവളുടെ വിയർപ്പു പൊടിഞ്ഞ കവിളിൽ പതിയാൻവേണ്ടി കൊഴിഞ്ഞുവീണപ്പോൾ അവൾ പറഞ്ഞു. എനിക്കു മനസ്സിലായി. നേരിയ കാറ്റിൽ വാടിയ പൂ പറന്നുപോയി. അതു വിസ്മയത്തോടെ പറന്നകന്നു.

അയാൾ കാറ്റിന്നു വന്ന മാറ്റം ശ്രദ്ധിച്ചു. എത്ര പെട്ടെന്നാണ്. അതുവരെ ജാഗ്രതയോടെ ഓടിനടന്ന കാറ്റ് പെട്ടെന്ന് അശ്രദ്ധനായി. കാറ്റു പ്രേമത്തിൽ അകപ്പെട്ടിരിക്കയാണ്. ആരുമായി?

ആലോചിച്ചിരിക്കെ ഒരില താഴോട്ടു വീണു. മുകളിലേക്കു നേക്കിയപ്പോൾ ഒരില കൂടി. വീണ്ടും ഒരില. അയാൾ പറഞ്ഞു. മരം രാജി വെക്കുകയാണ്. വേനലിന്റെ അവസാനമാണ്. നീ ആകാശത്തു നോക്കൂ. അവൾ നോക്കി. വിസ്മയം അവളുടെ കണ്ണുകൾ വിടർത്തി. ഞാനിതു ശ്രദ്ധിച്ചതേയില്ല. ആകാശത്തെ നീലിമ കടുത്തു ചാരനിറമായിരുന്നു. ഒരു കാറ്റടിച്ചു. അതോടെ കുറെ ഇലകളും പാറിപ്പറന്നുപോയി.

അയാൾ അകലെ മലകളിലേയ്ക്കു നോക്കി. അവ രഹസ്യങ്ങളെ ഗർഭം ധരിച്ചു മൗനമായി നിന്നു. അവ ലോകാരംഭം മുതൽ അവിടെ നില്ക്കുകയാണെന്നും, പ്രകൃതിയുടെ മാറ്റം അവയിൽ അത്ഭുതം സൃഷ്ടിക്കുന്നില്ലെന്നും അയാൾ ഓർത്തു.

തങ്ങൾ കിടക്കുന്ന മണ്ണു ക്രമേണ വലിയുകയും ശുഷ്‌കമാവുകയും ചെയ്തു. അയാൾ അസ്വസ്ഥനായി ചിന്തിച്ചു. ഇനി വരുന്നതു ശീതകാലമാണ്. വരണ്ട ശീതകാലം. അതെങ്ങനെ നേരിടും?

മരത്തിൽനിന്നു പൂക്കൾക്കു പകരം ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കാറ്റു വീണ്ടും സ്വഭാവം മാറ്റി. മനോജ്ഞമായിരുന്ന അശ്രദ്ധ, ഭീകരമായ രൗദ്രതയായി മാറി. അകലെ മലകൾ മൗനമായി നിന്നു. അവയുടെ ശിരസ്സിൽ നര കയറി. കാലപ്രവാഹത്തിന്റെ ശക്തിയിൽ അവയുടെ മുഖത്തു ചാലുകൾ വീണു. കാറ്റ് അനുസ്യൂതം അടിച്ചു കൊണ്ടിരുന്നു. ഈ കാറ്റില്ലായിരുന്നുവെങ്കിൽ നാം ഇലകളുടെ അടിയിൽ കിടന്നു ശ്വാസം മുട്ടിയിരുന്നു, അവൾ പറഞ്ഞു. അയാൾ മൂളി. അവൾ വളരെ അടുത്തായിരുന്നു. അവളുടെ ശരീരം അയാളുടെ ശരീരത്തോടൊന്നിച്ചായിരുന്നു. കറുത്ത് ഇടതൂർന്ന കൺപീലികൾ. നേർത്തു തുടുത്ത ചുണ്ടുകൾ. നിശ്വാസത്തിന്റെ സുഗന്ധം. അയാൾ അസ്വസ്ഥനായി.

സപ്താശ്വങ്ങളെ തെളിച്ചു സൂര്യൻ തന്റെ വഴി മാറിയത് അയാൾ കണ്ടിരുന്നു. അതൊരു പിന്മാറ്റമാണ്. ദക്ഷിണ ചക്രവാളത്തിലൂടെ ഉരുണ്ടിറങ്ങി സൂര്യന്റെ രഥം മകരരാശിയിലൂടെ ചരിച്ചപ്പോൾ കാറ്റിനു ശക്തി കൂടി. മലയുടെ ശിരസ്സിൽ നര വർദ്ധിച്ചു. പ്രകൃതി ഹേമന്തത്തിൽ നിന്നു ശിശിരത്തിലേക്കു വഴുതി വീണു..

കാറ്റിൽ അല്പാല്പം കണ്ട ഹിമകണങ്ങൾ അയാൾ ശ്രദ്ധിച്ചു. ക്രമേണ അവയ്ക്കു ശക്തി കൂടുന്നതും, കാറ്റിന്റെ ഇരമ്പം മലകൾ കടന്നു വരുന്നതും കേട്ടപ്പോൾ അയാൾ പറഞ്ഞു: കണ്ണടച്ചു കിടന്നോളു, കാലം നമുക്കെതിരാണ്. അവളുടെ മാർദ്ദവമുള്ള ശരീരം തന്റെ ദേഹത്തിൽ പൂർണ്ണമായും ലയിക്കുന്നത് അയാൾക്കനുഭവപ്പെട്ടു. കാറ്റ് ഉഗ്രമായി, മലകളിൽനിന്നു ഹിമക്കഷണങ്ങൾ വാരി സമതലങ്ങളിലേക്കെറിഞ്ഞു. ചരൽക്കല്ലുകൾ പോലെ അവ ചിതറിക്കിടന്നു. അയാൾ കണ്ണടച്ചു.

ഭീകരമായ കാറ്റ് അനർഗ്ഗളം വീശിക്കൊണ്ടിരുന്നു. അവർ അനങ്ങാതെ കിടന്നു. മണിക്കൂറുകൾ; ദിനരാത്രങ്ങൾ. അവർ അന്യോന്യം ദേഹത്തിന്റെ ഊഷ്മളതയറിഞ്ഞു. ഭൂമിയിൽ ഏകരാണെന്ന ധാരണയോടെ, നിർവൃതിയോടെ കിടന്നു. ഉറങ്ങിക്കിടന്ന ശരൽക്കാലത്തിന്റെ ഓർമ്മകളെ സ്വപ്നം കണ്ടു. അവസാനം ഉറക്കത്തിൽ നിന്ന്, അയാൾ ഉണർന്നപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല.

ഹായ്, എന്തൊരു അലൗകികസൗന്ദര്യം!

അവൾ കണ്ണുമിഴിക്കാതെ ആലസ്യത്തോടെ ചോദിച്ചു. എന്താണു പറഞ്ഞത്?

അലൗകികസൗന്ദര്യം.

എന്താണത്?

കൺതുറന്നു നോക്കൂ.

അവൾ കണ്ണു മിഴിച്ച് ചുറ്റും നോക്കി. ആദ്യം കണ്ടതു മുകളിൽ ഇല കൊഴിഞ്ഞ മരത്തിന്റെ ചില്ലകൾ. നഗ്നനായ, തോർത്തിച്ചു കൊടുക്കുകയും ഉടുപ്പിച്ചു കൊടുക്കുകയും ചെയ്യാൻ നിസ്സഹായനായി കാത്തു നില്ക്കുന്ന, മരം. അവർ ചുറ്റും കണ്ണോടിച്ചു. നാലു വശവും മഞ്ഞാൽ മൂടപ്പെട്ടിരുന്നു. തിളങ്ങുന്ന ശു്രഭമായ ഹിമം കണ്ണെത്താവുന്ന ദൂരം മുഴുവൻ. കണ്ണുകൾ പരിധിയെ തേടിപ്പോകുമ്പോൾ എത്തുന്നത് അകലെ ഉയർന്നുനില്ക്കുന്ന മലകളിലാണ്. മഞ്ഞണിഞ്ഞ മലകൾ. താഴ്‌വാരങ്ങളിൽ വേനലിന്റെ ലാളനയിൽ ഉർവ്വരയിൽ തുടിച്ചു നിന്ന ഹരിതവീചികൾ എവിടെപ്പോയി മറഞ്ഞു? പിന്നീടാണവർ കണ്ടത്. ആകാശത്തിൽ അനന്തതയുടെ ദിവാസ്വപ്നം പോലെ പൗർണ്ണമിച്ചന്ദ്രൻ. അതിന്റെ കിരണങ്ങൾ ഭൂമിയെ ആവരണം ചെയ്ത ഹിമത്തിൽ തട്ടിത്തിളങ്ങി. എവിടെയും ശു്രഭ നിറം.

പൗർണ്ണമി. അയാൾ മന്ത്രിച്ചു. അവൾ കേട്ടില്ല. നിലാവ് മഞ്ഞണിഞ്ഞ ഭൂവിൽ സൃഷ്ടിച്ച മായാലോകത്തിൽ അവൾ മോഹിതയായിരിക്കയാണ്. വലിയ കണ്ണുകൾ വിടർന്നിരുന്നു. നേരിയ ചുണ്ടുകൾ മന്ത്രിച്ചു. നിശ്വാസത്തിൽ വാകപ്പൂക്കളുടെ സുഗന്ധം മുറ്റിനിന്നു. മൃദുശരീരത്തിന്റെ സാമീപ്യം ലഹരി പിടിപ്പിക്കുന്നു.

ഞാൻ നിന്നിൽ ലയിക്കട്ടെ!

അവളുടെ ചുണ്ടിൽ തേനുണ്ടെന്ന് അയാൾ മനസ്സിലാക്കി. അവൾ കണ്ണടച്ചു, സായുജ്യത്തോടെ.

തളർന്ന കണ്ണുകളോടെ അയാൾ ചുറ്റും നോക്കി. മഞ്ഞണിഞ്ഞ മലകൾ വളരെ അകലെയാണ്. അവയുടെ ശൃംഗങ്ങൾ ആകാശത്തെ തുളയ്ക്കുന്നു.

മലകളുടെ വിള്ളലിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒരു കറുത്ത ബിന്ദു അയാൾ ശ്രദ്ധിച്ചു. അസാധാരണവും നിഗൂഢവുമായ ഒരു ബിന്ദു. ശു്രഭമായ മലകൾക്കെതിരെ, ഭൂതലത്തിന്നെതിരെ, സാവധാനത്തിൽ വളർന്നു വരുന്ന ഒരു ബിന്ദു. അയാൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു. നിമിഷങ്ങൾ ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു. കറുത്ത ബിന്ദു വളർന്നുവന്നു. ഒരു രൂപം പ്രാപിച്ചു. അതൊരശ്വാരൂഢനാണെന്നയാൾക്കു മനസ്സിലായി. കുതിരയുടെ ചലനത്തിന്നനുസരിച്ച് അയാളുടെ ആകാരം ഉയരുകയും താഴുകയും ചെയ്തു. ഒരു മരീചിക പോലെ, നെടുവീർപ്പിടുന്ന തിര പോലെ.

അയാൾ ചുറ്റും നോക്കി. നിലാവു മങ്ങിയിരുന്നു. മലകളുടെ താഴ്‌വാരങ്ങളിലെവിടെ നിന്നോ ജനിച്ച കാറ്റ് കൊടുങ്കാറ്റായി മാറിയിരുന്നു. മഞ്ഞ് ധൂളിയായി ഉയർന്നു. മുകളിൽ ഇലകളില്ലാതെ നഗ്നമായി നില്ക്കുന്ന മരം ഉലഞ്ഞു. അശ്വാരൂഢൻ മാത്രം അചഞ്ചലനായി യാത്ര തുടരുന്നത് അയാൾ കണ്ടു. കൊടുങ്കാറ്റിന്റെ ഉഗ്രതയ്ക്കിടയിലും അയാൾ കുളമ്പടി കേട്ടു. അടുത്തടുത്തു വരുന്ന കുളമ്പടി ശബ്ദം. മങ്ങിയ നിലാവിൽ, നരച്ച താടിയും ദേഹമാസകലം മൂടുന്ന ശു്രഭവസ്ത്രവുമുള്ള അശ്വാരൂഢനെ അയാൾ തിരിച്ചറിഞ്ഞു.

അവിടുത്തെ ദൂതൻ.

അയാൾ തല കുനിച്ചു. കൊടുങ്കാറ്റിന്റെ ആരവം. പൊടിമഞ്ഞിളകിയുയർന്നു നിലാവിനെ നിഷ്പ്രഭമാക്കി. ഇടിവെട്ടു പോലെയുള്ള കുളമ്പടി അടുത്തടുത്തു വന്നു. അവർ കണ്ണുകളടച്ച് ആലിംഗനബദ്ധരായി കിടന്നു.

കൊടുങ്കാറ്റിന്റെ താണ്ഡവം അവസാനിച്ചത് എപ്പോഴാണെന്നറിഞ്ഞില്ല. യുഗങ്ങൾ നീണ്ടു നിന്ന നിദ്രയ്ക്കു ശേഷം കൺതുറന്നപ്പോൾ കൊടുങ്കാറ്റില്ല. ചന്ദ്രനില്ല. ഭൂമിയെ മായാലോകമാക്കിയിരുന്ന നിലാവില്ല. പകരം നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാൻ യുദ്ധം ചെയ്യുന്ന സൂര്യൻ. അകലെ മലകളുടെ ശിരസ്സിൽനിന്നു നീർച്ചാലുകൾ ഉറവിട്ടു താഴോട്ടൊഴുകുന്നു. തങ്ങൾ കിടക്കുന്നതിന്റെ അടുത്തു വരെ മണ്ണിൽ കുളമ്പടി കൊണ്ടുണ്ടായ ആഴമുള്ള കുഴികൾ. ഒരേ അകലത്തിൽ ഇടവിട്ടുള്ള കുഴികൾ. അവയിൽ നിറഞ്ഞിരുന്ന തെളിനീരിൽ പ്രതിഫലിച്ച സൂര്യരശ്മികൾ അയാളുടെ കണ്ണഞ്ചിച്ചു.

വാകപ്പൂമണം അയാൾ വീണ്ടും ശ്വസിച്ചു. അവളുടെ വിളർത്ത കവിളിലെ മാദകമായ ഗന്ധം അലൗകികമായ എന്തോ ഒന്നിനെ ഓർമ്മിപ്പിച്ചു. അപ്പോൾ അയാൾക്കു മനസ്സിലായി, തങ്ങളുടെ വേരുകൾ ഭൂമിയിൽ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു.

മുകളിൽ മരം തളിർത്തു വരുന്നത് അയാൾ കണ്ടു.