സാഞ്ചി
ആകാശത്തിന്
ഭൂമിയുടെ സന്ദേശം.
ബുദ്ധന്റെ ധ്യാനവും
മൗനവും
വിദിശയില്‍നിന്ന്
കവിതയുടെ
ചെറുകാറ്റ്.
ഭോപ്പാലില്‍നിന്ന്
ദുഃഖത്തിന്റെ
നിശ്വാസഗതികള്‍.
ഇപ്പോള്‍ ബുദ്ധന്‍
ഭിക്ഷുക്കളുടെ
മണ്ണടിഞ്ഞ വാസഗേഹങ്ങളുടെ
അടിത്തറകളിലൂടെ
ഏതു പുതുബോധമോ,
തേടി നടക്കുന്നു.
പുല്‍ത്തകിടിയില്‍
തന്നിലേക്ക്
കുനിഞ്ഞിരുന്ന്
പുല്ലരിയുന്ന വൃദ്ധനോട്
കുശലങ്ങള്‍ ചോദിക്കുന്നു.
സ്തൂപകവാടങ്ങളിലെ
ജാതകകഥകള്‍
വായിച്ചുനില്‍ക്കുന്നു.
സ്തൂപപാര്‍ശ്വത്തില്‍
പറന്നുനില്ക്കുന്ന
ശിലാകന്യകയെ നോക്കി
മന്ദഹസിക്കുന്നു.
ശിലാപഥങ്ങളില്‍
ബുദ്ധന്റെ പാദങ്ങള്‍
അറിയുന്ന
പ്രാചീനമായ തണുപ്പ്.
പുരാതനമായ
ഒരു വൃക്ഷച്ചുവട്ടിലിരുന്ന്
അര്‍ദ്ധഗോളസ്തൂപത്തിന്റെ
അപരഭാഗങ്ങള്‍
ദര്‍ശിക്കുന്നു.
ഇപ്പോള്‍ ബുദ്ധന്‍
പടിയിറങ്ങി
പടിയിറങ്ങി,
സാഞ്ചിയിലെ അങ്ങാടിയില്‍,
അവ്വിധമൊരു സ്തൂപം
അവിടെയില്ലെന്നതുപോലെ
നിലകൊളളുന്ന
അങ്ങാടിയില്‍
മലിനവസ്ത്രധാരികളായ
ഗ്രാമീണരോടൊപ്പം
വഴിയരികില്‍
കുത്തിയിരിക്കുന്നു.
ഗ്രാമീണരുടെ
ഭാഷണങ്ങളില്‍നിന്ന്
ഒരു പച്ചജീവിതം
കഠിനമായ വേദനയോടെ
ഉലഞ്ഞ് വീശുന്നു.
അഷ്ടമാര്‍ഗ്ഗങ്ങളുടെ
അര്‍ത്ഥസമ്പന്നതയെക്കുറിച്ച്
സംസാരിച്ചുകൊണ്ട്
മനോഹരവസ്ത്രധാരികളായ
ഒരുകൂട്ടം സഞ്ചാരികള്‍
സ്തൂപസന്നിധിയിലേക്ക്
പോകുന്നതും
ഇപ്പോള്‍
ബുദ്ധന്‍ കാണുന്നു.
നിരത്തുവക്കിലെ
ഒരു കീറ് തണലില്‍
ബുദ്ധന്‍
മലര്‍ന്നുകിടന്നു.
സാഞ്ചി.
ആകാശത്തിന്
ഭൂമിയുടെ
സന്ദേശം.