close
Sayahna Sayahna
Search

Difference between revisions of "അച്ഛൻ ഓർമ്മയിൽ വരുമ്പോൾ"


(Created page with " അച്ഛനെക്കുറിച്ച് നിറമുള്ള ഓർമ്മകൾ പലതുണ്ട്. അവയിൽ ഒന്നാണ് ഞങ്ങ...")
(No difference)

Revision as of 09:19, 28 May 2014


അച്ഛനെക്കുറിച്ച് നിറമുള്ള ഓർമ്മകൾ പലതുണ്ട്. അവയിൽ ഒന്നാണ് ഞങ്ങൾ മക്കൾ രാത്രികാലങ്ങളിൽ ഊണുകഴിഞ്ഞശേഷം അച്ഛനുമായി സംസാരിക്കാൻ ഉമ്മറത്ത് ചുറ്റിപ്പറ്റി നിന്നിരുന്നത്. അച്ഛനുമായി സംസാരിക്കുക, അല്ലെങ്കിൽ അച്ഛന്റെ സംസാരം കേട്ടുകൊണ്ടിരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു അപൂർവ്വതയാണ്. അച്ഛൻ പൊതു പ്രവർത്തനവും, പ്രത്യേകിച്ച് കൃഷ്ണപ്പണിക്കർ വായനശാലയിലെ സഹൃദയരുടെ ഒത്തുകൂടലും, നാടക റിഹേഴ്‌സലും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്ക് വൈകീട്ടുണ്ടാവും. അങ്ങിനെയല്ലാത്ത ദിവസങ്ങളിൽ നേരത്തെ വരികയാണെങ്കിൽ ഞങ്ങളെല്ലാം അച്ഛന്റെ ചുറ്റും കൂടും, ഒന്നുകിൽ ഉമ്മറത്തോ, അല്ലെങ്കിൽ മുറ്റത്തോ. മേഘരഹിതമായ രാത്രികളിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് പ്രപഞ്ചത്തെപ്പറ്റി ഒരു പാടു കാര്യം പറഞ്ഞു തരും. പ്രപഞ്ചത്തിന്റെ വ്യാപ്തിയെക്കുറിച്ചും ബിഗ് ബാങ് പൊട്ടിത്തെറി വഴിയുണ്ടായ പ്രപഞ്ചോല്പത്തിയെപ്പറ്റിയും അച്ഛൻ പറയും. അതിനു പിന്നാലെ ഞങ്ങളുടെ നിരവധി സംശയങ്ങളുണ്ടാവും, പലതിനും മറുപടി അന്നു ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അങ്ങിനെയാകുമ്പോൾ ശാസ്ത്രം ഭാവനയിലേയ്ക്ക് വഴുതിവീഴും. പിന്നെ രസകരമായ സംസാരമാണ്. പിന്നീട് വലുതായപ്പോൾ ശാസ്ത്രത്തിൽ പ്രത്യേകിച്ചും ഭൗതിക ശാസ്ത്രത്തിൽ താല്പര്യമുണ്ടാക്കിയത് അച്ഛന്റെ ഒപ്പമുണ്ടാവാറുള്ള ഈ സംസാരങ്ങളാണ്.

ശാസ്ത്രത്തെപ്പറ്റി മാത്രമല്ല അച്ഛൻ സംസാരിക്കാറ്. മോസസിന്റെ കഥ പറഞ്ഞുതന്നത് ഇതുപോലൊരു രാത്രിയിലാണ്. മോസസ് ഇസ്രേലികളെ ഈജിപ്തിലെ ഫറോവോയുടെ അടിമത്വത്തിൽനിന്ന് മോചിപ്പിച്ച് വാഗ്ദത്തഭൂമിയിലെത്തിച്ചതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. നമ്മുടെ ഗാന്ധിജിയും ചെയ്തത് ഏകദേശം ഇതുപോലൊരു മോചിപ്പിയ്ക്കലാണ്, പക്ഷെ മോസസ് ചെയ്തതുപോലെ ഭാരതീയരെ 40 കൊല്ലം മരുഭൂമിയിൽ നടത്തലുണ്ടായില്ല, അല്ലെങ്കിൽ അതിനുള്ള അവസരം കിട്ടിയില്ല. അതാണ് നാമിന്ന് കാണുന്ന മിക്ക പ്രശ്‌നങ്ങൾക്കും കാരണം എന്നുകൂടി അച്ഛൻ പറയുകയുണ്ടായി. നാല്പത് കൊല്ലത്തെ മരുഭൂമിയാത്രയിലൂടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മോസസ് ചെയ്തത്. സുഖലോലുപതയുടെ ദൂഷിതവലയത്തിലകപ്പെട്ട ഒരു ജനതയെ എന്താണ് ശരിക്കുള്ള ജീവിതം എന്ന് അദ്ദേഹം മനസ്സിലാക്കിക്കൊടുത്തു. അച്ഛനുമായുണ്ടായ ഈ സംസാരമാണ് പിൽക്കാലത്ത് ബൈബിൾ പലവുരു വായിക്കാൻ എനിക്ക് പ്രേരണയുണ്ടാക്കിയത്.

അച്ഛൻ പക്ഷെ അദ്ദേഹത്തിന്റെ സാഹിത്യത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കാറില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ സാഹിത്യം ഞങ്ങളുടെ ധാരണാശക്തിയ്ക്കതീതമാണെന്ന ബോധമുണ്ടായിരിക്കണം അച്ഛന്. കാര്യം ശരിയായിരുന്നു താനും. കുട്ടികൃഷ്ണമാരാരും ഉറൂബും മഹാകവി അക്കിത്തവും, കടവനാടനും, ഇ. നാരായണനും ഒക്കെയിരുന്നു സാഹിത്യചർച്ച ചെയ്തിരുന്ന പുത്തില്ലത്ത് ഉമ്മറത്തുവച്ച് സാഹിത്യത്തെക്കുറിച്ച്, പ്രത്യേകിച്ച് സ്വന്തം സാഹിത്യത്തെക്കുറിച്ച് ഒരു പിടിപാടുമില്ലാത്ത കുട്ടികളോട് സംസാരിക്കാൻ അച്ഛന് വിഷമം തോന്നിയിട്ടുണ്ടാവും. അച്ഛൻ കല്യാണം കഴിച്ചതുതന്നെ അവരുടെ ഗഹനമായ സാഹിത്യചർച്ചകളിൽ പിൻബെഞ്ചിലിരുന്ന് പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയെയായിരുന്നു. എന്റെ അമ്മ ഒരു വിദുഷിയായിരുന്നു. അമ്മയോട് സാഹിത്യത്തെപ്പറ്റി സംസാരിക്കുമ്പോൾ എനിയ്ക്ക് അപകർഷതാബോധമുണ്ടാവാറുണ്ട്. അതിനെ മറികടക്കാൻ സംസ്‌കൃതം പഠിക്കാൻ തീരുമാനിച്ചു. ആദ്യം സിദ്ധരൂപം മനപ്പാഠമാക്കണമെന്ന് അമ്മ പറഞ്ഞു. പുസ്തകം വീട്ടിലുണ്ടായിരുന്നു, പക്ഷെ ഏതാനും വാക്കുകൾ കഴിഞ്ഞതോടെ ഇത് എനിക്കുള്ളതല്ല എന്ന ബോധമുണ്ടായി ഞാനതു നിർത്തുകയും ചെയ്തു. ഇപ്പോൾ ഞാനതിൽ ഖേദിക്കുന്നുണ്ട്.

അച്ഛന്റെ പല കവിതകളും ഞങ്ങൾ വളരെ ചെറുപ്പത്തിലേ പാടി നടക്കാറുണ്ട്. അതൊന്നും പക്ഷെ അർത്ഥം മനസ്സിലായിട്ടൊന്നുമല്ല. ‘ആരേ പോയ പുകിൽക്കിപ്പാടത്തരിമയോടാരിയൻ വിത്തിട്ടു?’ എന്നതിന്റെ അർത്ഥം ഒരഞ്ചു വയസ്സുകാരനെങ്ങിനെ അറിയാം?

അച്ഛനുമായി ഇടപഴകാൻ കിട്ടിയ മറ്റൊരവസരം തോട്ടപ്പണിയിലായിരുന്നു. അച്ഛന് ഒഴിവുള്ള ദിവസങ്ങളിലേ അതു കഴിയു. ഞങ്ങൾ കുട്ടികളെല്ലാവരും അച്ഛനു ചുറ്റുമിരുന്ന് ഓരോ പണികൾ ചെയ്യും. ഏറ്റവും ചെറിയ കുട്ടികൾ ദിവാകരനും അശോകനും ഉഷയും മറ്റുള്ളവർക്ക് പണിയുണ്ടാക്കിക്കൊടുക്കുകയും ചെയ്യും.

എന്റെ കുട്ടിക്കാലത്തെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളിൽ ഒന്ന് അച്ഛന്റെ നാടകങ്ങളിൽ അഭിനയിച്ചതായിരുന്നു. നാടകത്തിൽ അഭിനയിക്കുക എന്നത് രണ്ടാമത്തെ കാര്യമാണ്. രസകരമായിട്ടുള്ളത് റിഹേഴ്‌സൽ വേളകളാണ്. അച്ഛനും സ്‌നേഹിതൻ ശ്രീ. ഗോപാലക്കുറുപ്പുമാണ് ഡയറക്ടർമാർ. രണ്ടുപേരും വളരെ കണിശക്കാരാണുതാനും, പ്രത്യേകിച്ച് കുറുപ്പേട്ടൻ. ഒരു ഡയലോഗ് നടൻ ശരിയ്ക്കു പറയുംവരെ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കും. സ്‌കൂൾ വിട്ട് വീട്ടിൽ പോയി കാപ്പിയും എന്തെങ്കിലും ലഘുഭക്ഷണവും കഴിച്ച് ഞാൻ കൃഷ്ണപ്പണിക്കർ വായനശാലയിലേയ്ക്ക് ഓടും. അവിടെ എല്ലാവരും എത്തിയിട്ടുണ്ടാവും. അവിടെനിന്ന് പോകുന്നത് ഒന്നുകിൽ എ.വി. ഹൈസ്‌കൂളിലേയ്‌ക്കോ അല്ലെങ്കിൽ മിഷ്യൻ സ്‌കൂളിലേയ്‌ക്കോ ആയിരിയ്ക്കും. മിഷ്യൻ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ. വർഗ്ഗീസ് മാസ്റ്റർ അച്ഛന്റെ ഉറ്റ സ്‌നേഹിതനും കലാസാംസ്‌കാരിക ശ്രമങ്ങളിൽ മുമ്പിൽത്തന്നെ നടക്കുന്ന സഹൃദയനുമായിരുന്നു. അദ്ദേഹത്തിന്റെ മക്കളും കൃഷ്ണപ്പണിക്കർ വായനശാലയുടെ സജീവപ്രവർത്തകരായിരുന്നു. അച്ഛന്റെ നാടകങ്ങളിൽ പ്രത്യേകിച്ച് കൂട്ടുകൃഷിയിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഡേവിഡ്, ജോൺ, ജോർജ്ജ്, ഫ്രാൻസിസ് എന്നിവരായിരുന്നു അഭിനേതാക്കൾ. അതിൽ കൃട്ടുകൃഷിയിൽ സുകുമാരനായി അഭിനയിച്ച ഡേവിഡ് വൈകായ് ഡാമിൽ ഒരപകടത്തിൽ പെട്ടു മരിച്ചത് ഞങ്ങളെയെല്ലാം വളരെ ദുഃഖിതരാക്കി. വർഗ്ഗീസ് മാസ്റ്ററുടെ ഒരു മകൻ പോൾ മാസ്റ്റർ രംഗസംവിധാനത്തിലും മേക്കപ്പിലും വിദഗ്ദനായിരുന്നു.

അച്ഛന്റെ ‘കൂട്ടുകൃഷി’യ്ക്കു പുറമെ ‘തിരിച്ചെത്തൽ’, ‘നൂലാമാല’, ‘രണ്ടും ഒന്നുതന്നെ’, ‘എണ്ണിച്ചുട്ട അപ്പം’, തുടങ്ങിയ നിരവധി നാടകങ്ങൾ ഈ കൂട്ടായ്മ അരങ്ങേറി. അച്ഛന്റെ നാടകങ്ങൾ മാത്രമല്ല അന്ന് അരങ്ങേറിയിരുന്നത്. എം. ഗോവിന്ദന്റെ ‘നീ മനുഷ്യനെ കൊല്ലരുത്’, ഉറൂബിന്റെ ‘തീ കൊണ്ടു കളിക്കരുത്’, തുടങ്ങിയ നാടകങ്ങൾ അന്ന് അവതരിപ്പിച്ചിരുന്നു. ഈ കൂട്ടായ്മയുടെയെല്ലാം പിന്നിൽ അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അത് നേർത്ത് നേർത്ത് ഇല്ലാതാവുകയാണ് ചെയ്തത്.


20.9.2011