close
Sayahna Sayahna
Search

Difference between revisions of "അത്യുക്തി അരുത്"


(Created page with " {{infobox book| <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books --> | title_orig = മോഹഭംഗങ്ങള്‍ | image = File:Moh...")
(No difference)

Revision as of 07:02, 9 March 2014

അത്യുക്തി അരുത്
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

മനുഷ്യന്‍ അന്തര്‍മുഖനായിരിക്കും. മറ്റൊരാള്‍ ബഹിര്‍മുഖനായിരിക്കും. അന്തര്‍മുഖനായ വ്യക്തി ഏകാന്തത ഇഷ്ടപ്പെട്ടു വീട്ടിലൊരിടത്തു സ്വസ്ഥതയോടെയിരിക്കും. ഗ്രന്ഥപാരായണത്തില്‍, കവിതാനിര്‍മ്മിതിയില്‍, പ്രബന്ധരചയില്‍ ഒക്കെ അയാള്‍ തല്‍പരന്‍. ബഹിര്‍മുഖന്‍ അങ്ങനെയല്ല. അയാള്‍ രാഷ്ടവ്യവഹാരത്തില്‍, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ചാടിയിറങ്ങും. അന്തര്‍മുഖന്‍ മറ്റുള്ളവരുടെ മുന്‍പില്‍ പ്രത്യക്ഷനാകാതെ വര്‍ത്തിക്കുമ്പോള്‍ ബഹിര്‍മുഖന്‍ തന്നെ ബഹുജനത്തിന് അടിച്ചേല്പിക്കുന്നു. രണ്ടും തെറ്റാണ്. അന്തര്‍മുഖത്വത്തിനും ബഹിര്‍മുഖത്വത്തിനും സമതുലിതാവസ്ഥ കൈവരുത്തിയവനാണ് സമ്പൂര്‍ണ്ണമനുഷ്യന്‍. അതുപോലെ അത്യുക്തികളില്‍ മുഴുകുന്നവരും ഏറെയുണ്ട്. ഇവിടെയും സമനില പരിപാലിക്കേണ്ടതാണ്. ആ സമതുലിതാവസ്ഥയാണ് വ്യക്തിയെ സമ്പൂര്‍ണ്ണ വ്യക്തിയാക്കുന്നത്.

അത്യുക്തിയില്‍ അഭിരമിക്കുന്നവന്‍ അസുഖകരമായ വികാരത്തെ അബോധമനസ്സിലേയ്ക്കു തള്ളിനീക്കിയവനാണ്. ആ വികാരത്തിന് ആ രീതിയില്‍ അബോധ മനസ്സില്‍ വര്‍ത്തിക്കാന്‍ വയ്യ. അതു തലവേദനയായി അന്യരുടെ നേര്‍ക്കുള്ള ഭര്‍ത്സനമായി, സ്വന്തം തലയിലേക്കുള്ള ഇടിയായി, മേശപ്പുറത്തുള്ള ഇടിയായി, സ്ഫടികപാത്രം പൊട്ടിക്കലായി ബഹിഃപ്രകാശനം നടത്തും. മറ്റുചിലരുടെ ബഹിഃപ്രകാശനം അത്യുക്തിയിലൂടെയാകും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മഹാനാണ്. രാജവാഴ്ചയോടു ചേര്‍ന്ന സ്വേച്ഛാധിപത്യത്തെ എതിര്‍ത്ത പ്രജാധിപത്യവാദിയാണ്. പക്ഷേ പ്രതിഭാശാലിയായ സി.വി. രാമന്‍പിള്ളയുടെ നോവലുകളെ അത്യുക്തി കലര്‍ത്തി വിമര്‍ശിച്ച് തന്റെ അബോധമനസ്സിലെ വ്യക്തിശത്രുതയെ അദ്ദേഹം പ്രകടിപ്പിച്ചു. വാക്യങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുന്നില്ല. കര്‍ത്താവും കര്‍മ്മവുമില്ലാത്ത വാക്യരീതി കണ്ടപ്പോള്‍ സി.വി. രാമന്‍പിള്ള എഴുതിയതാണെന്നു മനസ്സിലായി എന്നുവരെ അദ്ദേഹം പറഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. രാജപക്ഷത്തായിരുന്ന സി.വിയോടു രാമകൃഷ്ണ പിള്ളയ്ക്കു വിരോധം വന്നതു സ്വാഭാവികം. പക്ഷേ സി.വി.യുടെ ആഖ്യായികയെ വിമര്‍ശിക്കുമ്പോള്‍ അത് അദ്ദേഹം അടക്കിവച്ച് നിഷ്പക്ഷത കാണിക്കേണ്ടിയിരുന്നു.

എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാരിയര്‍ ഇവരെക്കുറിച്ച് എഴുതുമ്പോള്‍ പ്രതിഭാശാലിയായി പ്രത്യക്ഷനാകുന്ന സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ള, മഹാകവി കുമാരനാശാന്‍, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ഇവരെ സംബന്ധിച്ച് മതങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ ന്യൂനോക്തിയിലാണ് വ്യാപരിക്കുന്നത്. മിസ്റ്റര്‍ കുമാരനാശാന്‍, മിസ്റ്റര്‍ വള്ളത്തോള്‍ എന്നൊക്കെ മാത്രമേ സാഹിത്യപഞ്ചാനനന്‍ എഴുതിയിരുന്നുള്ളൂ. അവരെക്കുറിച്ച് നല്ലവാക്കുകള്‍ പറയാനില്ലായിരുന്നു അദ്ദേഹത്തിന്. തന്റെ ന്യൂനോക്തി പ്രവണത കാണിച്ച് പി.കെ. നാരായണപിള്ള സ്വന്തം അബോധമനസ്സിനെ അന്യര്‍ക്കു കാണിച്ചു കൊടുത്തു. നായര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു നിരൂപകന് ഈഴവ വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിക്കേണ്ടി വന്നു. അന്നു മുതല്‍ അദ്ദേഹം കുമാരനാശാന്‍ കവിയല്ലെന്നു പറഞ്ഞു തുടങ്ങി. ബുദ്ധിശാലിയും ഏറെക്കഴിവുകളുള്ളവനുമായിരുന്നു ആ നിരൂപകന്‍. പക്ഷേ ʻനിന്നെ ഞാന്‍ വിവാഹം കഴിച്ചെങ്കിലും നിന്റെ നേതാവിനെ ഞാന്‍ അംഗീകരിക്കുന്നില്ലʼ എന്നു പരോക്ഷപ്രസ്താവം നടത്തിക്കൊണ്ടായിരുന്നു അദ്ദേഹം മഹാകവിയെ നിന്ദിച്ചത്.

രാഷ്ടവ്യവഹാരമണ്ഡലത്തിലെ നേതാക്കന്മാര്‍ പ്രതിയോഗികളെ വിമര്‍ശിക്കുമ്പോള്‍ ഒന്നുകില്‍ അത്യുക്തിയില്‍ വിലയം കൊള്ളും. അല്ലെങ്കില്‍ ന്യൂനോക്തിയില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ പ്രഭാഷണം കേട്ടു എറണാകുളത്തു വച്ച്. കോണ്‍ഗ്രസ് വിരോധിയായിരുന്നു ആ നേതാവ്. അദ്ദേഹത്തിന്റെ പ്രഭാഷണാരംഭം ഏതാണ്ടിങ്ങനെ: ʻʻഇന്നലെ ഈ മൈതാനത്ത് ജവഹര്‍ലാല്‍ നെഹ്റു പ്രസംഗിച്ചെന്നും അതു കേള്‍ക്കാന്‍ രണ്ടു ലക്ഷം ആളുകള്‍ വന്നിരുന്നെന്നും ഇവിടെ ചിലര്‍ പറയുന്നതു ഞാന്‍ കേട്ടു. പക്ഷേ ആ രണ്ടു ലക്ഷം പേരില്‍ ഒരു ലക്ഷം പേര്‍ നെഹറുവിന്റെ പാര്‍ട്ടിയില്‍പ്പെട്ട കോണ്‍ഗ്രസ്സുകാരായിരുന്നു. പിന്നീടുള്ള ഒരു ലക്ഷം പേരില്‍ അമ്പതിനായിരം പേര്‍ നെഹ്റുവിന്റെ സൗന്ദര്യം കാണാനെത്തിയ വിവരമില്ലാത്ത പെണ്ണുങ്ങളായിരുന്നു. ശേഷമുള്ള അമ്പതിനായിരം പേരില്‍ ഇരുപത്തിയയ്യാരിരം പേര്‍ മഫ്‌തിയില്‍ എത്തിയ പോലീസുകാരായിരുന്നു. ബാക്കിയുള്ള ഇരുപത്തിയയ്യായിരം പേര്‍ ഇവിടെ എന്തു നടക്കുന്നു എന്നു നോക്കിയറിയാന്‍ മാത്രം എത്തിയ വായ്‌നോക്കികളായിരുന്നു. പക്ഷേ ഞാന്‍ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്ന ഈ മനുഷ്യ മഹാസമുദ്രം...ˮ ഞാനതു കേട്ടു ആ മനുഷ്യമഹാസമുദ്രത്തെ ഒന്നു നോക്കി. കൂടിയാല്‍ അഞ്ഞൂറു പേര്‍ വരും. സോഷ്യലിസ്റ്റ് നേതാവിന്റെ ഈ ഉക്തിവൈകല്യം കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള ഉത്കടമായ വെറുപ്പിന്റെ ബഹിഃപ്രകാശനമായിരുന്നു എന്നതില്‍ എന്തുണ്ട് സംശയം? സോഷ്യലിസ്റ്റ് നേതാവ് അങ്ങനെ പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് ഉറക്കം വരികയില്ലായിരുന്നു. ശത്രുത തുടങ്ങിയ വികാരങ്ങള്‍ക്കു മറ്റൊരു രീതിയില്‍ ബഹിര്‍ഗമനം സംഭവിച്ചില്ലെ

ങ്കില്‍ നിദ്രാരാഹിത്യമായിരിക്കും ഫലം. അല്ലെങ്കിൽ അദ്ദേഹം മേശപ്പുറത്തിരിക്കുന്ന പേപ്പർവെയ്റ്റ് എടുത്ത് ഹോട്ടൽ ബോയിയെ എറിയും. പ്രത്യക്ഷത്തിൽ മാന്യരായ സാഹിത്യ നിരൂപകർ ഇങ്ങനെ അബോധമനസ്സിലെ ഇഷ്ടാനിഷ്ടങ്ങളെ അത്യുക്തിയായോ ന്യൂനോക്തിയായോ പ്രകാശിപ്പിക്കുനു. പക്ഷെ ഈ ഉക്തികൾക്കു താത്കാലിക മൂല്യമേയുള്ളുവെന്നു അതു നിർവ്വഹിക്കുന്നവർക്കുമറിയാം. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ വല്ലാത്ത വിശപ്പ്. അപ്പോഴാണ് പ്ലാളാറ്റ് ഫോമിൽ ʻവടൈ കോഫിʼ എന്ന് ഒരുത്തൻ വിളിക്കുന്നതു യാത്രക്കാരൻ കേൾക്കുക. ഈച്ചയരിക്കുന്ന വടയ്ക്കും കുഷ്ഠരോഗി കാപ്പി കുടിച്ച ഗ്ലാസിനും അപ്പോൾ ഉന്നത മൂല്യമാണ്. യാത്രക്കാരൻ വടവാങ്ങി തിന്നുന്നു. കാപ്പി കുടിക്കുന്നു. വിശപ്പടങ്ങി. അടങ്ങിക്കഴിഞ്ഞാൽ പിന്നീട് ʻവടൈ കോഫിʼ എന്ന വിളി കേൾക്കുമ്പോൾ വൃത്തികെട്ട വട, വൃത്തി കെട്ട കാപ്പി എന്നു യാത്രക്കാരൻ വിചാരിക്കും. നേതാവിന്റെ അനുയായികൾ അയാളുടെ പ്രസ്താവത്തിൽ ആദ്യം ആഹ്‌ളാദിക്കും. പിന്നീട് വീട്ടിൽച്ചെന്ന് ആലോചിക്കുമ്പോൽ ʻകള്ളമാണല്ലോ അയാൾ പറഞ്ഞത്! അഞ്ഞൂറുപേർ മനുഷ്യമഹാസമുദ്രമാകുമോ?ʼ എന്ന സംശയമുണ്ടാകും. സംശയം മാറി ʻനിശ്ചയംʼ വരികയും ചെയ്യും.

അത്യുക്തി ചിലപ്പോൽ ആപത്തിനു കാരണമാകുമെന്നു കാണിച്ച് പ്രഞ്ചെഴുത്തുകാരനായ വീയാ ദ ലീൽ ആദാങ് (Villion de Lʼ Isle Adam) ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. ʻഎʼ എന്നും ʻബിʼ എന്നും രണ്ടു ഗ്രാമങ്ങളെ കൂട്ടിയിണക്കുന്നു ഒരു പാത. ʻഎʼ ഗ്രാമത്തിലെ ഫിഡിൽ വായനക്കാരന് അന്നത്തെ ദിവസം പണമില്ല. അതുകൊണ്ട് രാത്രിയിൽ അയാൾ ʻബിʼ യിൽ നിന്നു വന്ന കപ്യാരെ പിടിച്ചുനിർത്തി പണം അപഹരിച്ചു. ഫിഡിൽ വായനക്കാരനാണ് തന്റെ പണം പിടിച്ചുപറിച്ചതെന്നു മനസ്സിലാക്കാത്ത കപ്യാർ സ്വന്തം ഗ്രാമത്തിൽ എത്തി കൊള്ളക്കാർ പാതയിൽ വിഹരിക്കുന്നുവെന്ന് അത്യുക്തി നടത്തി. വീട്ടുവാടക പിരിക്കുന്നതിന് ʻഎʼ യിലെ ഉടമസ്ഥർ ഇറങ്ങിയപ്പോൽ അവരുടെ ഭാര്യമാർ കൊള്ളക്കാരെ പേടിച്ചു പോകരുതെന്ന് വിലക്കി. അവർ കേട്ടില്ല. അതേ സമയം ʻബിʼ യിലെ ഉടമസ്ഥരും വാടക പിരിക്കാനായി വീടുകൾ വിട്ടിറങ്ങി. രണ്ടുകൂട്ടരും റോഡിൽവച്ച് അന്യോന്യം കണ്ടു. ʻഎʼയിലെ ഗ്രാമവാസികൾ ʻബിʼയിലുള്ളവരെ കൊള്ളക്കാരെന്നു വിചാരിച്ചു. ʻബിʼയിലെ ആളുകൾ ʻഎʼയിലുള്ളവരെ കൊള്ളക്കാരെന്നു കരുതി. രണ്ടുപേരും യുദ്ധം ചെയ്തു. എല്ലാവരും മരിച്ചു. യുദ്ധം ചെയ്യുന്നതിനു മുമ്പ് രണ്ടു കൂട്ടരും പിരിച്ചെടുത്ത വാടകപ്പണം യഥാർത്ഥത്തിലുള്ള കൊള്ളക്കാർ വന്നു എടുത്തുകൊണ്ടുപോയി; അത്യുക്തി വരുത്തിയ വിന!

അത്യുക്തിയും ന്യൂനോക്തിയും ഏതു മണ്ഡലത്തിലായാലും നിന്ദ്യങ്ങളാണ്.