close
Sayahna Sayahna
Search

അമൂല്യനിധിയ്ക്കുവേണ്ടി


അമൂല്യനിധിയ്ക്കുവേണ്ടി
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്

രാജുവിന്റെ ശബ്ദം വളരെ പരിഭ്രമിച്ചതായിരുന്നു. അങ്ങിനെ പതിവില്ല. സ്വതവേ പ്രസന്ന വദനനായ അയാളെ മറ്റൊരു വിധത്തിൽ സങ്കല്പിക്കാൻകൂടി വയ്യ. ‘താൻ ഒന്ന് അർജന്റായി വരണം… അതെ, വീട്ടിലേയ്ക്കുതന്നെ… എല്ലാം വന്നിട്ടു പറയാം.’

അയാൾ ഫോൺ വച്ചു. ഞാൻ ഭാര്യയോട് അത്യാവശ്യമായി ഒരിടത്തു പോകാനുണ്ടെന്നു പറഞ്ഞ് പുറത്തിറങ്ങി. തിരിച്ചു വന്നാൽ എല്ലാം വിശദമായി പറഞ്ഞു കൊടുക്കേണ്ടിവരുമെന്നത് വേറെ കാര്യം. അതിനുവേണ്ടിയുള്ള നുണകൾ ആലോചിച്ചുണ്ടാക്കണം. ചോദ്യം വരിക ഇങ്ങിനെയാണ്. ‘ഇവിടന്നങ്ങട്ട് പുറത്തിറങ്ങി… എന്നിട്ട്?’ ഓരോ നിസാര കാര്യങ്ങൾകൂടി പറഞ്ഞു കൊടുക്കേണ്ടിവരും. ഞാൻ ഒരു ഓട്ടോ പിടിച്ച് കടവന്ത്രയ്ക്കു വിട്ടു.

ബെല്ലടിക്കുന്നതിനു മുമ്പുതന്നെ രാജു വാതിൽ തുറന്നു. അത് പതിവില്ലാത്തതാണ്. അതിനർത്ഥം അയാൾ എന്നെയും നോക്കി ജനലിനടുത്തു നിൽക്കുകയായിരുന്നുവെന്നാണ്. വാതിൽ തുറന്ന ഉടനെ അയാൾ സ്വകാര്യമായി പറഞ്ഞു. ‘ജയമോൾ അറിഞ്ഞിട്ടില്ല. രജനി പോയി.’

എനിക്കൊരാന്തലുണ്ടായി. ഒരാൾ പോയി എന്നു പറഞ്ഞാൽ അതിനു പല അർത്ഥവുമുണ്ട്. മരിച്ചാലും അങ്ങിനെ പറയാറുണ്ട്. ഞാൻ വിശദീകരണത്തിന്നായി ചോദിച്ചു. ‘എന്താ പറഞ്ഞത്?’

അയാൾ ചൂണ്ടുവിരൽ ചുണ്ടിലമർത്തി ജയമോളുടെ മുറിയിലേയ്ക്ക് നോക്കി. ആ നിമിഷത്തിൽ ത്തന്നെ ജയമോൾ മുറിയിൽ നിന്ന് പുറത്തു കടന്നു. അഞ്ചു വയസ്സു പ്രായമായ കൊച്ചു സുന്ദരി. കൈയ്യിൽ വായിച്ചു കൊണ്ടിരുന്ന പുസ്തകവുമുണ്ട്.

‘ഗുഡ് മോണിങ് അങ്ക്ൾ.’ അവൾ എന്നെ നോക്കി പറഞ്ഞു. പിന്നെ തിരിഞ്ഞ് അച്ഛനോട് പറഞ്ഞു. ‘അച്ഛാ അമ്മ എവിടെ പോയി, എനിക്കു വെശക്കുണു.’

അടുത്തുവന്ന മകളെ താലോലിച്ചുകൊണ്ട് രാജു പറഞ്ഞു. ‘മോള് പോയി പഠിക്ക്. അച്ഛൻ പുറത്തു നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാം. മോക്ക് എന്താണ് വേണ്ടത്?’

‘എനിക്ക് നൂഡ്ൽസ് മതി.’

‘ഇത്ര രാവിലെ നൂഡ്ൽസ് കിട്ടുമോ? നോക്കട്ടെ. നൂഡ്ൽസ് കിട്ടിയില്ലെങ്കിൽ ഇടിയപ്പം വാങ്ങട്ടെ?’

അവൾ മൂളി. ഞങ്ങൾ പുറത്തു കടന്നു. രാജു കാർ പുറത്തേയ്‌ക്കെടുത്തു.

‘ഇന്നലെ രാത്രിയും ബഹളമുണ്ടായി.’ രാജു പറഞ്ഞു. ‘ഞാനെന്താണ് ചെയ്യേണ്ടത്? നിസാര കാര്യ ങ്ങൾക്കാണ് വാശി. പിന്നെ ബഹളമാണ്.’

രാജുവിന്റെ ദാമ്പത്യജീവിതത്തിലെ അപസ്വരങ്ങളെപ്പറ്റി എനിക്കറിയാമായിരുന്നു. രാജു അപ്പപ്പോഴായി എന്നോടെല്ലാം പറയാറുണ്ട്. ഞാനതെല്ലാം ഭാര്യയോടുകൂടി പറയാതെ എന്റെ മനസ്സിൽ വയ്ക്കുക മാത്രം ചെയ്തു. രണ്ടു കാരണങ്ങൾ, ഒന്ന് ഉറ്റ സ്‌നേഹിതന്റെ കിടപ്പറ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാവരുത്, രണ്ട് അതിൽനിന്ന് എന്റെ ഭാര്യ അനാശാസ്യമായ ‘ഗുണപാഠങ്ങൾ’ പഠിക്കരുത്. എന്റെ ദാമ്പത്യജീവിതം വലിയ കുഴപ്പമില്ലാതെ പോകുകയാണ്.

ഞാൻ ചോദിച്ചു. ‘രജനിക്ക് വല്ല അഫയറുമുണ്ടെന്ന് കണ്ടുപിടിക്കാൻ പറ്റിയോ?’

‘എനിക്ക് തോന്ന്ണില്ല.’ രാജു പറഞ്ഞു. ‘അവളുടെ പ്രശ്‌നമെന്തണെന്ന് എനിക്കിനിയും മനസ്സിലായി ട്ടില്ല എന്നതാണ് സത്യം. ആൾ കുറച്ച് ഡൊമിനേറ്റിങ്ങാണ്. പക്ഷേ ഞാൻ മിക്ക കാര്യങ്ങളും സമ്മതിച്ചു കൊടുക്കുകയാണ്. എന്നിട്ടും… ’

രാജു ഒരു ചെറിയ കടലാസുതുണ്ട് പോക്കറ്റിൽ നിന്ന് എടുത്ത് എനിക്കു തന്നു. അതിൽ ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ‘ഇനി ശരിയാവുമെന്നു തോന്നുന്നില്ല. ഞാൻ പോകുന്നു. എനിക്ക് എന്റെ വഴി, നിങ്ങൾക്ക് നിങ്ങളുടെയും. ദയവു ചെയ്ത് അന്വേഷിച്ചു വരാനൊന്നും നിൽക്കരുത്. അതൊക്കെ ബോറാണ്… രജനി.’

‘ഈ കത്ത് കട്ടിലിൽ ഞാനുറങ്ങുന്നതിന്നടുത്ത് വച്ചാണ് ആള് സ്ഥലം വിട്ടത്. ഒരു 6 മണിക്ക് പോയിട്ടുണ്ടാവുമെന്നാണ് ഞാൻ ഊഹിക്കണത്.’

റസ്റ്റോറണ്ടിൽ നിന്ന് ഇടിയപ്പവും വെള്ളപ്പവും മുട്ടക്കറിയും പാർസലായി വാങ്ങി ഞങ്ങൾ തിരിച്ചു വന്നു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിക്കുകയുണ്ടായില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല.

തിരിച്ചു വീട്ടിലെത്തിയപ്പോൾ മോൾക്ക് പാലിൽ ബോൺവിറ്റയിട്ട് പ്രാതൽ വിളമ്പിയശേഷം രാജു എന്നെ കിടപ്പറയിലേയ്ക്കു വിളിച്ചു കൊണ്ടുപോയി. അയാൾ പാറയാൻ തുടങ്ങി.

‘ഒരു കാര്യം എനിക്ക് ഉറപ്പായി പറയാൻ കഴിയും.’ അയാൾ കിടപ്പറയിലെ മരത്തിന്റെ അലമാറകൾ ഓരോന്നോരോന്നായി തുറന്ന് എന്നെ കാണിച്ചു. നിറയെ വിലപിടിച്ച സാരികൾ തൂക്കിയിട്ടിരിക്കയാണ്. എന്റെ കണക്കു കൂട്ടലിൽ ഒരു രണ്ടു ലക്ഷത്തിന്റെ സാരികളെങ്കിലുമുണ്ടാവും അതിൽ. രാജു മറ്റൊരലമാറി തുറന്ന് കുറെ ആഭരണപ്പെട്ടികളെടുത്തു ഓരോന്നോരോന്നായി കാണിച്ചു. നിറയെ ആഭരണങ്ങൾ. ‘ഇനി കുറേ ബാങ്കിൽ ലോക്കറിലാണ്.’ രാജു തുടർന്നു. ‘ഈ ആഭരണങ്ങൾ അവൾ ഉപേക്ഷിച്ചേക്കും. പക്ഷേ ഈ സാരികളുണ്ടല്ലോ, അതില്ലാതെ അവൾക്ക് ജീവിക്കാൻ പറ്റില്ല. ഇതെല്ലാം അവൾ ബോംബെ, കൽക്കത്ത, ബാംഗളൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയി വാങ്ങിക്കൂട്ടിയതാണ്. മോളെ ഉപേക്ഷിച്ചാലും ഈ സാരികൾക്കു വേണ്ടി അവൾ തിരിച്ചു വരും. എനിക്കുറപ്പുണ്ട്.’

അദ്ഭുതമെന്നു പറയട്ടെ, പെട്ടെന്ന് ടെലിഫോൺ ശബ്ദിച്ചു. രാജു കിടപ്പറയിലെ എക്‌സ്റ്റൻഷനിൽ നിന്ന് ഫോൺ എടുത്തു.

‘അതെ… നീ തിരിച്ചു വരൂ… നമുക്ക് ഒന്നുകൂടി സംസാരിക്കാം… നമ്മുടെ മോളുടെ കാര്യമെങ്കിലും ഒന്ന് ഓർക്കു… തീർച്ചയാക്കിയോ… പറയൂ. എവിടെ? സ്റ്റേഷനിലോ? … ഹല്ലോ… ഹല്ലോ.’

രാജു ഫോൺ വച്ചു. ‘ഞാൻ പറഞ്ഞതെത്ര ശരിയായി. അവൾക്ക് തിരിച്ചു വരാനുദ്ദേശമില്ലെന്നും ബുദ്ധിമുട്ടിക്കരുതെന്നും. എന്തിനാണ് ഫോൺ ചെയ്തതെന്നോ? അവളുടെ സാരികളെല്ലാം രണ്ടു സൂട്ട് കേസിൽ നിറച്ച് സ്റ്റേഷനിൽ എത്തിക്കാൻ… ’

കിടപ്പറയുടെ വാതിലിൽക്കൂടി എനിക്ക് ജയമോളെ കാണാനുണ്ട്. ചുറ്റും നടക്കുന്ന ഭൂകമ്പമൊന്നു മറിയാതെ ആ പിഞ്ചുപൈതൽ ഭക്ഷണം കഴിക്കുന്നു. അവളുടെ ഇരുണ്ട ഭാവിയെപ്പറ്റി ഓർക്കുമ്പോഴുള്ള വിഷമത്തിനിടയിൽപ്പോലും ഒരു ചിരി എന്റെ മുഖത്ത് പ്രത്യക്ഷപ്പെടുകയാണ്.