close
Sayahna Sayahna
Search

Difference between revisions of "അയല്‍ക്കൂട്ടത്തിന്റെ പശ്ചാത്തലം"


(Created page with "രാജു: പ്രാദേശികസമൂഹം എന്ന ഈ സങ്കല്പം ചരിത്രാരംഭം മുതലേയുള്ളതാണ്...")
(No difference)

Revision as of 11:07, 22 May 2014

രാജു: പ്രാദേശികസമൂഹം എന്ന ഈ സങ്കല്പം ചരിത്രാരംഭം മുതലേയുള്ളതാണ്. പ്ലേറ്റോയുടെ ‘റിപ്പബ്ലിക്കി ’ല്‍ ഈ സങ്കല്പം തെളിഞ്ഞുകാണാം.

കേശു: സി. അച്യുതമേനോന്റെ ‘സോവിയറ്റുകളുടെ നാട് ’ എന്നൊരു പുസ്തകമുണ്ട്. പ്രാദേശികസമൂഹങ്ങളുടെ അടിസ്ഥാനത്തിലേ പുതിയ ലോകത്തിനു നിലനില്ക്കാന്‍ കഴിയൂ എന്നാണ് അതു വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.

നവ: ഇത്തരം ചെറുസമൂഹങ്ങളെ ഉദ്ദേശിച്ചാണ് മാര്‍ക്‌സ് കമ്യൂണ്‍ എന്നു പറഞ്ഞത്. കമ്യൂണുകളുടെ ലോകമാണ് കമ്യൂണിസം എന്നു പറയാം. ഗ്രാമസ്വരാജ്‌പോലെ തന്നെ അടിസ്ഥാന കമ്യൂണുകളും ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല.

ഞാന്‍: കോടിക്കണക്കിനു ജീവന്‍ ബലി നല്‍കിയിട്ടും, നിരവധി മഹാപുരുഷന്മാര്‍ ശ്രമിച്ചിട്ടും എന്തുകൊണ്ടിതു സംഭവിക്കുന്നില്ല? നാമിനിയെന്തു ചെയ്യണം? മനുഷ്യവര്‍ഗത്തിന്റെ ആധുനിക അന്വേഷണവിഷയം പ്രാദേശിക സമൂഹജീവിതമാതൃകകളുടെ സൃഷ്ടി എങ്ങനെ സാധിക്കാം എന്നതായിരിക്കണം. അത്തരം ചില അന്വേഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മുളയിട്ടു തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് നമ്മുടെ അയല്‍ക്കൂട്ട പരീക്ഷണവും.

രാജു: ആനിബസന്റ് ചെറുസമൂഹത്തെക്കുറിച്ചാഴത്തില്‍ ചിന്തിച്ചിട്ടുണ്ട്. അതിലാണ് ബസന്റ് വിശ്വാസം അര്‍പ്പിച്ചിരുന്നത്.

കേശു: ടോള്‍സ്റ്റോയിയുടെ ‘ഇവാന്‍ ദ ഫൂള്‍ ’ എന്നൊരു ചെറുകഥയുണ്ട്. പുതിയ സമൂഹജീവിതത്തിന്റെ സുന്ദരമായൊരു ചിത്രം അദ്ദേഹം അതില്‍ കൊടുത്തിട്ടുണ്ട്. നോട്ടും, വോട്ടും വേണ്ടാത്ത ലോകത്തെപ്പറ്റി ദര്‍ശനത്തില്‍ വായിക്കുമ്പോള്‍ ഇവാന്റെ കഥയാണ് എന്റെ ഓര്‍മയില്‍ വരാറുള്ളത്. ലിയോ ടോള്‍സ്റ്റോയിയുടെ സങ്കല്പത്തോട് ഇക്കാലത്ത് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് അയല്‍ക്കൂട്ടസങ്കല്പമാണെന്ന് എനിക്കു തോന്നുന്നു.

നവ: ബൈബിളിനോടും, ഖുറാനോടും അതിന്റെയൊന്നും പേരില്‍ അല്ലാതെതന്നെ അയല്‍ക്കൂട്ടം ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളില്‍ “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പറഞ്ഞു”. ഖുറാനില്‍ പലേ ഭാഗത്തും അയല്‍ക്കാരെക്കൂടി പരിഗണിച്ചു ജീവിക്കണമെന്നു പറയുന്നുണ്ട്.

രാജു: ഷുമാക്കറുടെ ‘സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍ ’ എന്നൊരു പുസ്തകമുണ്ട്. ‘ചെറുതാണ് സുന്ദരം ’ എന്ന ഷുമാക്കറുടെ വീക്ഷണം, വലുപ്പത്തെപ്പറ്റിയുള്ള ഇന്നത്തെ ധാരണയ്ക്ക് നല്ലൊരു പാഠഭേദമാണ്.

കേശു: ലണ്ടന്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നൈബര്‍ഹുഡ് സൊസൈറ്റികള്‍ രൂപപ്പെട്ടുവരുന്നുണ്ട്. അതിന്റെ ശരിക്കുള്ള മലയാളം പേരാണ്, “അയല്‍ക്കൂട്ടം” എന്നു പറയാം. ബ്രസീലിലുമുണ്ട് മാനുഷികാടിസ്ഥാനത്തിലുള്ള പ്രാദേശിക സമൂഹങ്ങള്‍. അമേരിക്കയിലെ ചില നഗരപ്രാന്തങ്ങളില്‍ അയല്‍ക്കാര്‍ കൂടാന്‍ തുടങ്ങിയിരിക്കുന്നു. തോറോ എന്ന ചിന്തകന്‍ അമേരിക്കയില്‍ വോള്‍ഡന്‍ പോണ്ടില്‍ ഇതുപോലൊരു ചിന്തനമാണ് നടത്തിയത്. അടുത്തകാലത്ത് കേരളത്തിലെ ഇടവകകളില്‍ ഈ സംരംഭം മതാടിസ്ഥാനത്തിലാണെങ്കിലും മൊട്ടിട്ടുവരുന്നുണ്ട്. ഫ്രാന്‍സില്‍ ഡോ. പിയരെ പരോഡി ‘ആര്‍ക്ക് ’ എന്ന പേരില്‍ ചെറുസമൂഹങ്ങള്‍ നിര്‍മിച്ച് പുതിയ ജീവിതം നയിക്കുന്നു. ഇസ്രായേലിന്റെ ബലം അവിടുത്തെ കിബ്യൂട്‌സുകളാണ്. പല കുടുംബങ്ങള്‍ക്ക് ഒരടുക്കള. താമസംവിനാ ഈ ചെറുഗോളത്തില്‍ മനുഷ്യന്‍ ഒത്തുകൂടും എന്നെനിക്കു തോന്നുന്നു. അതിനുള്ള തെളിവുകളാണിതെല്ലാം.