close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 04


അറിയാത്തലങ്ങളിലേയ്ക്ക് 04
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

രണ്ടായിരത്തിആറിൽ ജീവിക്കുന്ന ഒരു പതിനാലു വയസ്സുകാരിയ്ക്ക് തൊള്ളായിരത്തിഎഴുപതുകളിലെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് ഒരു മെഗാസിറ്റിയിൽനിന്ന് അവളെ നേരെ കാട്ടിന്റെ ഉള്ളിലെവിടെയെങ്കിലും വിടുന്നതു പോലെയാണ്. ഒരു കാട് അവൾക്ക് പിന്നേയും മനസ്സിലായെന്നു വരും. കാലം അത്രയധികം മാറിയിരിക്കുന്നു. ഞങ്ങൾ മാസത്തിലൊരിക്കലെങ്കിലും നാട്ടിൽ പോയി താമസിക്കുന്നതുകൊണ്ട് സ്ഥലങ്ങളെപ്പറ്റി അവൾക്ക് ഏകദേശം രൂപമുണ്ട്. അതുകൊണ്ട് ഒന്നും ആയില്ല. ഞാൻ പറഞ്ഞു.

‘അച്ഛൻ കുറച്ചുനേരം കിടക്കട്ടെ, അതു കഴിഞ്ഞ് എഴുന്നേറ്റശേഷം പറയാം. മോള് ഇപ്പോ പൊയ്‌ക്കൊ.’

‘ശരി.’ അവൾ എഴുന്നേറ്റു.

ഞാൻ കമ്പ്യൂട്ടർ ഓഫാക്കി, കട്ടിലിന്മേൽ വന്നു കിടന്നു. ഉറങ്ങണം. പക്ഷെ എന്റെ ഉറക്കം നാട്ടിൻപുറത്തെ നാലുകെട്ടിലെവിടെയോ നഷ്ടപ്പെട്ടിരിക്കയാണ്. ഇന്ദിര ആ ചതുരംഗപ്പലക ഒളിപ്പിച്ചുവെച്ചതിന്റെ കാരണം എനിയ്ക്കിപ്പോൾ മനസ്സിലായി. പക്ഷെ അതെപ്പോഴാണ് അവളുടെ കൈവശം എത്തിപ്പെട്ടതെന്നു മനസ്സിലായില്ല. അമ്മാവന്റെ മരണത്തിനു ശേഷമായിരിക്കണം.

അമ്മാവന്റെ വീട്ടിൽ പതിമൂന്നാം വയസ്സിൽ താമസിക്കാനെത്തിയതിന്റെ വളരെ നേരിയ ഓർമ്മകളെ എനിയ്ക്കുള്ളൂ. ഞാൻ അമ്മയുടെ പിന്നാലെ ആ വലിയ പടിപ്പുര കടന്നു ചെന്നത് ഒരു പുതിയ ജീവിതത്തിലേയ്ക്കായിരുന്നു. പഞ്ഞത്തിന്റെയും പട്ടിണിയുടെയും നാളുകൾ സമൃദ്ധിയുടെയും സംതൃപ്തിയുടെയും നാളുകളായി മാറി. അമ്മയും ഏട്ടത്തിയും ഒപ്പം വന്നിരുന്നു. അവർ പിറ്റേന്നുതന്നെ തിരിച്ചുപോയി. അവർ തിരിച്ചുപോയത് ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേയ്ക്കുമാണെന്നത് എന്നെ അത്രതന്നെ വിഷമിപ്പിച്ചില്ല. ആ പ്രായത്തിൽ അവനവന്റെ വയർ മാത്രമേ ഒരു കുട്ടി ശ്രദ്ധിക്കു, പ്രത്യേകിച്ചും വിശന്നിരുന്ന ഒരു കുട്ടി. ആ നാലുകെട്ട് ഒരു വലിയ യന്ത്രം പോലെ എനിയ്ക്കു തോന്നിയിരുന്നു. അതിവേഗത്തിൽ കറങ്ങുന്ന ചക്രങ്ങളുള്ള ഒരു യന്ത്രം. തിരക്കു മാത്രം. രാവിലെ എട്ടുമണിയായാൽ യന്ത്രം പ്രവർത്തിയ്ക്കാൻ തുടങ്ങുന്നു. പറമ്പിൽ കണ്ടം കളയ്ക്കുകയോ വല്ലതും നടുകയോ ഇലക്ട്രിക് പമ്പുപയോഗിച്ച് തെങ്ങിനും വാഴയ്ക്കും പച്ചക്കറികൾക്കും നനയ്ക്കുകയോ ചെയ്യുന്ന ജോലിക്കാർ, ചാണകം മെഴുകിയ മുറ്റത്ത് നെല്ലുകറ്റ അടിച്ച് നെന്മണികൾ വേർതിരിക്കുകയും ഉതിർന്ന മണികൾ കാറ്റത്തിട്ട് പതിരും വൈക്കോൽത്തരികളും കളഞ്ഞ് വൃത്തിയാക്കുകയും ചെയ്യുന്ന സ്ത്രീകൾ, ഉരൽപ്പുരയിൽ ഉരലിന്റെ താളത്തിനൊപ്പം ഉയർന്നു കേൾക്കുന്ന ശ്, ശ് ശബ്ദവും കുപ്പിവളകളുടെ കിലുക്കവും. എന്റെ വീട്ടിലെ പ്രശാന്തതയിൽ നിന്ന് ഈ ബഹളത്തിലേയ്ക്കു പെട്ടെന്നു വന്നത് എന്നെ അന്ധാളിപ്പിച്ചു. മുമ്പ് വല്ലപ്പോഴും ആ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ട്. അന്നെല്ലാം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ തിരിച്ചു പോകുമെന്ന ആശ്വാസമുണ്ട്. ഇനി അതില്ല. ഇതാണെന്റെ സ്ഥിരവാസം. എന്റെ ഭാവി ഇവിടെയാണ്, ഒരുപക്ഷെ മരണം വരെ.

അമ്മയും രാധേട്ത്തിയും പിറ്റേന്നു രാവിലെ തിരിച്ചു പോയതിനു ശേഷം ഞാൻ ശരിയ്ക്കും ഒറ്റപ്പെട്ടു. എന്നേക്കാൾ രണ്ടു വയസ്സു കൂടുതലുള്ള കുട്ടേട്ടൻ ഇട്‌യ്ക്കു ഞാനിരിക്കുന്നിടത്തു വന്നു നോക്കും. ഒന്നും പറയാതെ തിരിച്ചു പോകും. എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല. ആ പടുകൂറ്റൻ വീട്ടിൽ ഒരായിരം പേർക്ക് ഒളിച്ചിരിക്കാൻ ഇടമുണ്ടെന്നു തോന്നിയിരുന്നു. എട്ടു വയസ്സുള്ള ഇന്ദിര ഇടയ്ക്കു വന്ന് ഞാനിരിക്കുന്ന ഇരുത്തിയുടെ അടുത്തുകൂടെ പോകും. അതിനിടയിൽ നല്ലൊരു നുള്ളും സമ്മാനിയ്ക്കും. നല്ല വേദനയുണ്ടാകും. ഞാനവളെ തുറിച്ചു നോക്കുമ്പോൾ അവൾ കൊഞ്ഞനം കുത്തിക്കൊണ്ട് ഓടിപ്പോകും. ഓടേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. അവളുടെ പിന്നാലെ ഓടിച്ചെന്ന് ശിക്ഷിക്കാനെന്നു മാത്രമല്ല, നാവെടുത്തു ‘വേദനിയ്ക്കുന്നുണ്ട്’ എന്നു പറയാൻ പോലും അശക്തനാകും വിധം ഞാൻ മോശം നിലയിലായിരുന്നു.

അമ്മാവന്റെ മക്കൾ രണ്ടുപേർക്കും ഞാനവിടെ താമസിക്കാൻ വന്നത് ഇഷ്ടമായില്ല എന്നർത്ഥം. അതെന്നെ വേദനിപ്പിച്ചു. എനിയ്ക്കു സ്വയം ഒരു ഭിക്ഷക്കാരനായി തോന്നി. പക്ഷെ രാത്രിയായതോടെ കാര്യങ്ങൾ കുറേശ്ശെ അനുകൂലമായി വന്നു. തളത്തിൽ നിലത്തിരുന്ന് ഞങ്ങൾ മൂന്നു കുട്ടികളും ഊണു കഴിച്ചു. കൈ കഴുകി ഷർട്ടിന്റെ കയ്യിൽ മുഖം തുടച്ച് തിരിഞ്ഞു നോക്കിയത് കുട്ടേട്ടന്റെ മുഖത്താണ്. മുപ്പർ ഗൗരവമായി പറഞ്ഞു. ‘എന്റെ പിന്നാലെ വാ.’

ഞാൻ അയാളുടെ പിന്നാലെ നടന്നു. കോണി കയറി മുകളിൽ സ്വന്തം മുറിയിലെത്തിയപ്പോൾ വാതിലടച്ചുകൊണ്ട് കുട്ടേട്ടൻ പറഞ്ഞു. ‘ഇരി യ്ക്ക്.’

ഞാൻ മേശയ്ക്കു മുമ്പിലിട്ട രണ്ടു കസേലകളിലൊന്നിൽ ഇരുന്നു.

‘അമ്മ നെന്നെ എന്റെ ഒപ്പം കെടത്താൻ പറഞ്ഞിട്ട്ണ്ട്. നീ ചില നിബന്ധനകൾ സമ്മതിച്ചാൽ മാത്രെ ഞാ നതു സമ്മതിയ്ക്കൂ. മനസ്സിലായോ?’

ഞാൻ തലയാട്ടി, എന്താണ് ആ നിബന്ധനകൾ എന്നുകൂടി ചോദിച്ചില്ല. ആ ചോദ്യത്തിലും ഞങ്ങളെ ചൂഴ്ന്നു നിൽക്കുന്ന സന്ദർഭത്തിലും ഒരു നാടകീയതയുണ്ടായിരുന്നു. നാലു പേർക്കു കിടക്കാൻ മാത്രം വലുപ്പമുള്ള ആ കിടയ്ക്കയിൽ കിടക്കാൻ സമ്മതിച്ചാൽ ഞാൻ എന്തു നിബന്ധനയ്ക്കും വഴങ്ങുമായിരുന്നു.

‘ഒന്ന് ഞാൻ അമ്മയോട് നുണ പറയുമ്പോൾ നീ എടങ്കോലിടരുത്. അതായത് അതിനെതിരെ ഒന്നും പറയരുത്. അമ്മയുടെ ഒപ്പം ജീവിച്ചു പോകാൻ അല്പസ്വല്പം നുണ പറയേണ്ടിവരും. നിനക്കത് വഴിയെ മനസ്സിലാവും.’

‘രണ്ടാമത്, ഞാൻ നിന്നോടു പറയുന്നതൊന്നും ഇന്ദിര്യോട് പറയരുത്. അവളൊരപകടകാരിയാണ്.’ എന്റെ മുഖത്തു കണ്ട സംശയഭാവം ശ്രദ്ധിച്ചുവെന്നു തോന്നുന്നു. കുട്ടേട്ടൻ തുടർന്നു. ‘അവൾ നമ്മെ ഒറ്റിക്കൊടുക്കും. അവൾ കാരണം എനിയ്ക്ക് അച്ഛന്റെ കയ്യിൽനിന്ന് ധാരാളം സമ്മാനം കിട്ടീട്ട്ണ്ട്. എല്ലാ പെൺകുട്ടികളും അങ്ങിനെത്തന്നെയാണ്. ഒരൊറ്റ ഒന്നിനേം വിശ്വസിക്കരുത്. നിനക്ക് അച്ഛന്റെ കയ്യീന്ന് അടി കിട്ടീട്ട്‌ണ്ടോ?’

ഞാൻ ഇല്ലെന്നു തലയാട്ടി. എന്റെ അച്ഛൻ എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോഴെ മരിച്ചുപോയിരുന്നു.

‘നിന്റെ അച്ഛന്റെ കാര്യല്ല പറയണത്? എന്റെ അച്ഛന്റെ, നിന്റെ അമ്മാവന്റെ. കിട്ടാൻ വഴീല്ല്യ. ഇനി കിട്ടാനുള്ള എട കൊടുക്കണ്ട. നല്ല ചൂട്ണ്ട്. അതാ ഞാൻ പറയണത് ഇന്ദിരേനെ സൂക്ഷിക്കണംന്ന്. മനസ്സിലായോ?’

അതായിരുന്നു ഞാനും കുട്ടേട്ടനും കൂടിയുണ്ടായ സൗഹൃദത്തിന്റെ തുടക്കം. ഇപ്പോൾ അമ്പതു കിലോമീറ്ററും മുപ്പത്താറ് വർഷവും സൃഷ്ടിച്ച അകലത്തിൽനിന്ന് നോക്കുമ്പോൾ ഞാൻ ആലോചിച്ചു അതൊരു നല്ല ബന്ധമായിരുന്നു. ഒരിക്കലും ഉലയാത്ത സ്‌നേഹബന്ധം. ഞങ്ങൾക്കൊരു പൊതു ശത്രുവുണ്ടായതുകൊണ്ടായിരിക്കണം അത്. അതിനുശേഷം എനിക്കാ വീട്ടിൽ അന്യനായി തോന്നിയിട്ടില്ല.

ഇന്ദിരയുടെ പീഡനത്തിന്റെ കാര്യം പറഞ്ഞപ്പോൾ കുട്ടേട്ടൻ പറഞ്ഞു. അത് നമുക്ക് നിർത്താം. ഇനി പിച്ചാൻ വരുമ്പോൾ പറഞ്ഞാ മതി, ഞാൻ നിന്നെ കെട്ടാൻ പോവ്വാണ്ന്ന്. പിന്നെ അവൾ അടുത്തു വരില്ല. അടുത്ത തവണതന്നെ അതു ഞാൻ പരീക്ഷിച്ചു. അവൾ ഉപദ്രവിക്കാൻ വരികയാണെന്ന് എനിയ്ക്കു മനസ്സിലായി. ഞാൻ മുൻകൂറായി പറഞ്ഞു.

‘പിച്ചിക്കോ, പക്ഷെ ഞാൻ നിന്നെ കെട്ടാൻ പോവ്വാണ്.’

‘കെട്ടാനോ?’

‘അതെ, കല്യാണം കഴിക്കാൻ.’

‘വേണ്ട…’

‘അതു നീയല്ലല്ലോ തീർച്ചയാക്കാൻ, ഞാനല്ലെ?’

അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്‌ക്കോടി. ഞാൻ പിന്നാലെയുണ്ടായിരുന്നു. കാര്യം മനസ്സിലായപ്പോൾ അമ്മായി പറഞ്ഞു.

‘അതിനെന്താ, അവൻ നെന്റെ മുറച്ചെക്കനല്ലെ?’

‘എനിക്ക് ഈ ഏട്ടനെ വേണ്ടാ…’ അവൾ കരയുക തന്നെയാണ്. അമ്മായി ചിരിച്ചുകൊണ്ടിരുന്നു.

അമ്മാവൻ ആ വഴിയ്ക്കു വരുമ്പോഴേയ്ക്കും അവളുടെ കരച്ചിൽ നിർത്തുകയാണ് നല്ലത്. ഞാൻ പറഞ്ഞു.

‘ശരി, നിന്നെ കല്യാണം കഴിക്കിണില്ല. പക്ഷെ ഇനി എന്നെ പിച്ചരുത്.’

അവൾ കരച്ചിൽ നിർത്തി, തലയാട്ടി.

‘പിന്നെ വേറൊരു കാര്യം. വലുതായാൽ എന്നെ കെട്ടണംന്ന് പറ ഞ്ഞ് പിന്നാലെ വരും അര്ത്. മനസ്സിലായോ?’

‘ശരി.’

പിറകോട്ടു പോയി, അല്പം ചരിത്രം. ആദ്യത്തെ ആൺപ്രജ യ്ക്കു ശേഷം അഞ്ചു വർഷം കഴിഞ്ഞ് അമ്മാവന് ഒരു പെൺ കുട്ടി ജനിച്ചപ്പോൾ അമ്മാവൻ ആദ്യം ചെയ്തത് ആളെ പറഞ്ഞയച്ച് പെങ്ങളെ വരുത്തുകയാണ്. രണ്ടു വയസ്സു പ്രായമായ എന്നെ യും അഞ്ചു വയസ്സു പ്രായമായ രാധേട്ത്തിയെയും പെറുക്കിയെടുത്ത് അമ്മ ഏട്ടന്റെ അടുത്തേ യ്ക്ക് പുത്രവധുവിനെ കാണാൻ യാത്രയായി. ഞങ്ങൾക്ക് വളരെ നല്ല സ്വീകരണമാണ് അന്നു ലഭിച്ചതെന്ന് അമ്മ പറയുകയുണ്ടായിട്ടുണ്ട്. കാര്യസ്ഥനെ പറഞ്ഞയച്ച് രാഘവന്റെ കടയിൽനിന്ന് ഒരു കുഞ്ഞി ഷെഡ്ഡിയും എന്നേക്കാൾ വലുപ്പമുള്ള ഒരു കള്ളിഷർട്ടും വാങ്ങിച്ചു. ഞാൻ ആദ്യമായി ധരിച്ച പുരുഷവേഷം അതായിരുന്നത്രെ. അതുവരെ രാധേട്ത്തിയുടെ പഴയ ഉടുപ്പുകളാണ് എന്നെ ഇടീച്ചിരുന്നത്. ഒരു ഗംഭീര സദ്യയും ഒരുക്കിയിരുന്നു. രണ്ടാം വയസ്സിൽ നടന്ന ആ കാര്യങ്ങളൊന്നും എനിയ്ക്ക് ഓർ മ്മയുണ്ടാവാൻ വയ്യ. നന്നായി; ഓർമ്മയുണ്ടായിരുന്നെങ്കിൽ അതിന്റെയൊക്കെ അർത്ഥശൂന്യതയോ ർത്ത് എനിയ്ക്കു വിഷമമായേനെ. തറവാട്ടുസ്വത്ത് പുറത്തുപോകാതിരിക്കാൻ നായർ തറവാടുകൾ പിൻതുടർന്നിരുന്ന ഈ സമ്പ്രദായത്തിൽ ആൺകുട്ടിയ്‌ക്കോ പെൺ കുട്ടിയ്‌ക്കോ വിവാഹത്തിന്റെ കാര്യത്തിൽ സ്വയം നിർണ്ണയാവകാശം നൽകിയിരുന്നില്ല. എല്ലാം എല്ലാവർക്കും സ്വീകാര്യമാണെന്ന് പൊതുവെ ധരിച്ചുവെച്ചു എന്നു മാത്രം. പത്തിരുപതു കൊല്ലം ഒപ്പം താമസിക്കുമ്പോഴുണ്ടാകുന്ന മമത സ്വീകാര്യതയാണെന്നു കരുതിയിരിക്കണം.

എനിയ്ക്ക് ഇന്ദിരയോടുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു? സത്യം പറയട്ടെ, എനിയ്ക്കിന്നും അറിയില്ല. അതിനെപ്പറ്റി ആലോചിക്കാനുള്ള സമയവും കിട്ടാത്ത വിധം കാലം എന്നെ മറികടന്നു പോയി. ഇന്ന്, ചതുരംഗക്കരുക്കൾ ചിത്രണം ചെയ്ത പ്ലെയ്റ്റ് നോക്കി നിന്ന വന്ദനയെ കണ്ടപ്പോൾ ഞാൻ ഓർത്തത് രണ്ടു പതിറ്റാണ്ടു മുമ്പ് ഇതേ ചതുരംഗപ്പലകയും നോക്കി നിന്നിരുന്ന ഇന്ദിരയെയായിരുന്നു. ഞങ്ങൾ ഒളിപ്പിച്ചുവെച്ച ആ ബോർഡ് അവൾ കണ്ടുപിടിച്ച ദിവസമായിരുന്നു അത്. പറമ്പിൽ ബാറ്റ്മിന്റൻ കളിച്ച് തിരിച്ചു മുകളിൽ ഞങ്ങളുടെ മുറിയിലേയ്ക്കു വന്നപ്പോൾ കണ്ടത് ഇന്ദിര ആ എച്ചിങ്ങും പിടിച്ച് തിരിച്ചും മറിച്ചും നോക്കി നിൽക്കുന്നതാണ്. ഞങ്ങളെ കണ്ടപ്പോൾ അവൾ അത് പിന്നിൽ ഒളിപ്പിച്ചുവച്ചു.

‘ആരാ നിന്നോട് ഞങ്ങടെ മേശ തൊറക്കാൻ പറഞ്ഞത്?’ കുട്ടേട്ടൻ ദേഷ്യത്തോടെ ചോദിച്ചു. ‘ഇങ്ങട്ട് താ അത്?’

ഇന്ദിര അതുംകൊണ്ട് ഓടുകയാണ്. ഭാഗ്യത്തിന് അവൾ കോണിയിറങ്ങുന്നതിനു മുമ്പ് ഞങ്ങൾക്കവളെ പിടികൂടാൻ പറ്റി. ആ ബോർഡിൽ എന്തൊക്കെയോ രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഞങ്ങൾക്കു തോന്നിയിരുന്നു. അത് അമ്മാമനും അമ്മായിയും കണ്ടാൽ കുഴപ്പമാണ്. അവളുടെ കയ്യിൽനിന്ന് ചെമ്പ് തകിട് തട്ടിപ്പറിച്ചു വാങ്ങി.

‘ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും.’ ഇന്ദിര ഭീഷണിപ്പെടുത്തിക്കൊണ്ട് പോകുകയാണ്.

കുട്ടേട്ടൻ പറഞ്ഞു. ‘നീ അവിടെ നിക്ക്, നമുക്ക് സംസാരിക്കാം.’

കൈക്കൂലിയുടെ വാഗ്ദാനം വരുന്നുണ്ടെന്ന് അനുഭവത്തിൽനിന്ന് അവൾക്കറിയാം. അതെത്ര ചെറുതുമാകട്ടെ. വെറും കൈയ്യോടെ താഴത്തിറങ്ങിപ്പോകണ്ടല്ലൊ. സാധാരണ അത് കളർപെൻസിൽ തൊട്ട് വായ മൂടേണ്ട സംഗതിയുടെ ഗൗരവമനുസരിച്ച് എന്തു വില പിടിച്ചതുമാകാം.

അവൾ കട്ടിലിൽ കാൽഭാഗത്തെ അഴികൾ ചാരിയിരുന്നു.

‘ഇനി പറേ, നിനക്ക് എന്താണ് വേണ്ടത്?’ കുട്ടേട്ടൻ കൂടിയാലോചന തുടങ്ങിവച്ചു.

എന്താണ് ആവശ്യപ്പെടേണ്ടതെന്നതിനെപ്പറ്റി ഇന്ദിരയ്ക്ക് നല്ല രൂപമുണ്ടായിരുന്നു. അവൾ പറഞ്ഞു. ‘എന്നെ നിങ്ങടെ ഒപ്പം ചതുരംഗം കളിക്കാൻ കൂട്ടണം.’

‘അത്……’ കുട്ടേട്ടൻ സംശയിച്ചുകൊണ്ട് പറഞ്ഞു. ‘ഒന്നാമത് ചതുരംഗം ബുദ്ധിയുള്ളവരുടെ കളിയാണ്. അത് നീയെങ്ങിനെയാണ് കളിക്കുക?’

‘എനിക്ക് ബുദ്ധിയില്ലാന്നല്ലെ പറയണത്? എന്നാൽ എന്നെ ചേർക്കണ്ട, ഞാൻ പോണു.’ അവൾ എഴുന്നേറ്റു.

അവളുടെ സ്വരത്തിലെ പ്രകടമായ ഭീഷണി ശരിക്കും ഉൾക്കൊണ്ടുകൊണ്ട് കുട്ടേട്ടൻ ചാടിയെഴുന്നേറ്റു. ഇന്ദിരയെ പിടിച്ചിരുത്തി മൂപ്പർ പറഞ്ഞു.

‘അങ്ങിനെ പിണങ്ങിപ്പോവല്ലെ. ഒരു കാര്യം ചെയ്യ്; ഒരു മാസം നീ ഞങ്ങൾ കളിക്കണത് നോക്കിപ്പഠിക്ക്. എന്നിട്ട് ഞങ്ങടെ ഒപ്പം കളിക്കാം. എന്താ?’

ഇന്ദിര തലയാട്ടി. കുട്ടേട്ടൻ മേശവലിപ്പു തുറന്ന് ചെസ്സ് ബോർഡെടുത്ത് അവൾക്കു മുമ്പിൽ നിരത്തി കരുക്കളുടെ പേരും അവയുടെ നീക്കങ്ങളും വിശദീകരിക്കാൻ തുടങ്ങി. ഒരു വിധത്തിൽ അതു നന്നായി. അടുത്ത കൊല്ലം കുട്ടേട്ടൻ കോഴിക്കോട് കോളജിൽ പഠിക്കാൻ പോയപ്പോൾ എനിയ്ക്ക് കളിക്കാൻ ഒരു കൂട്ടായി. അതെത്രതന്നെ മോശമായാലും.