close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 10


അറിയാത്തലങ്ങളിലേയ്ക്ക് 10
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

‘നന്ദേട്ടാ, നമ്ക്ക് ഒരു കാര്യം നോക്കണം.’ ഇന്ദിര പറഞ്ഞു. ‘നമ്ക്ക് മോളില്ള്ള എല്ലാ മുറീം തൊറന്ന് നോക്കാം.

‘അത് നടക്കണ കാര്യം തന്ന്യാ?’

‘എന്തേ?’

‘ഞായറാഴ്‌ചേ പറ്റൂ. അന്ന് അമ്മാമനുണ്ടാവും. മോളില് പത്തു പതിനഞ്ച് വാതില് തൊറക്കാന്ണ്ട്. ഓരോന്നും തൊറക്കുമ്പൊ ഇടി വെട്ടണ പോലത്തെ ശബ്ദാണ്. അതു കേട്ടാല് നെന്റെ അച്ഛൻ ഒണർന്ന് വരും. പിന്നെ നല്ല കോളായി.’

‘നമ്ക്ക് വാതിലിന്റെ കൊഴേല് എണ്ണ ഇട്ടു കൊടുത്താൽ പോരെ?’

‘എന്റെ മോളെ, രണ്ട് നാഴി എണ്ണ അതിനന്നെ വേണ്ടി വരും. നോക്കട്ടെ വേറെ വഴിണ്ടോന്ന്.’

‘എന്തിനാ ഈ മുറ്യൊക്കെ ഇങ്ങനെ അടച്ചിട്ടിരിക്കണത്?’

‘അതേയ്, ഈ നാലുകെട്ടില് പണ്ട് കൊറേ താവഴികള് താമസിച്ചിര്ന്നതല്ലെ. ചെല താവഴികളൊക്കെ നശിച്ചു പോയി. ചെലരൊക്കെ പണ്ടേയ്ക്കു പണ്ടേ ഭാഗം വാങ്ങിപ്പോയി. ഏറ്റവും അവസാനം ഭാഗം വാങ്ങിപ്പോയത് എന്റെ അമ്മ്യാണ്. അമ്മയ്ക്കതോണ്ട് ഗുണൊന്നുംണ്ടായില്ല്യ. എന്തോ ഒരു വാശ്യായിരുന്നു. എന്തെങ്കിലും ആവട്ടെ. ഓരോരുത്തര് പോമ്പ അവര് താമസിച്ചിരുന്ന മുറികള് പൂട്ടിയിടും. അതൊക്കെ തൊറന്നിട്ടാല് പൊടി പിടിയ്ക്കും. പിന്നെ തൊടയ്ക്കാൻ നിക്കണം. അതായിരിക്കും കാരണം.’

‘ആലോചിക്കുമ്പോ അദ്ഭുതായി തോന്ന്വാണ്.’ ഇന്ദിര പറഞ്ഞു. ‘അല്ലാ, ഞാനിന്ന് എറങ്ങിവന്ന ആ കോണി ഏത് മുറീലേയ്ക്കാണ് എത്തണത്ന്ന് നോക്കണം.’

‘കാര്യല്ല്യ, കാരണം അങ്ങിനെയൊരു കോണി ഒരു മുറീലേയ്ക്കും എത്ത്ണ്ല്ല്യ. ഞാനും കുട്ടേട്ടനുംകൂടി പലപ്പഴായിട്ട് എല്ലാ മുറീം തൊറന്ന് നോക്കീട്ട്ണ്ട്. ഒരു മുറീലും അങ്ങിനെയൊരു കോണി ഇല്ല. പൂട്ടിയിട്ട വാതിലുമില്ല. തട്ടിൻപൊറത്ത് ആകെള്ള കോണി നമ്മള് കേറിപ്പോയ ആ കോണ്യാണ്. ഒന്നാം നെലേന്ന് താഴത്തെ നെലേല്ക്ക് ആകെള്ള കോണി നമ്മള് കേറിപ്പോണതും.’

‘അപ്പൊ ഞാനിന്ന് എറങ്ങിവന്നതോ?’

‘അത് നമ്ക്ക് ഒരിക്കലും മനസ്സിലായീന്ന് വരില്ല. നീ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കണ്ട.’

വെള്ളിയാഴ്ച രാത്രി കുട്ടേട്ടൻ വന്നു. അമ്മായി ഊണിനുള്ള വട്ടം കൂട്ടുകയായിരുന്നു. ഇന്ദിര അമ്മയെ സഹായിച്ചുകൊണ്ട് അടുക്കളയിലും തളത്തിലുമായി നടക്കുന്നു. ഞാനാകട്ടെ വിശപ്പു സഹിച്ചുകൊണ്ട് തളത്തിൽ ഊണു വേഗം കിട്ടാനുള്ള മാർഗ്ഗങ്ങളന്വേഷിച്ചു നടക്കുകയും. അപ്പോഴാണ് ഉമ്മറത്തുനിന്ന് കുട്ടേട്ടന്റെ ശബ്ദം കേട്ടത്.

‘നന്ദൂ.’

‘അമ്മായീ, കുട്ടേട്ടൻ വന്നൂ.’ അതും വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തേയ്ക്ക് ഓടി. കുട്ടേട്ടൻ തളത്തിലേയ്ക്കു വന്നു.

‘അമ്മേ, കുട്ടേട്ടൻ തടിച്ചിട്ടുണ്ട്.’ ഇന്ദിര പറഞ്ഞു.

‘ഹോസ്റ്റൽ ഭക്ഷണം.’ കുട്ടേട്ടൻ പറഞ്ഞു. ‘അമ്മേ ഊണു തരു, വിശന്നിട്ട് വയ്യ.’

‘കുളിച്ചിട്ട് വാ.’

‘ഊണു കഴിഞ്ഞിട്ട് കുളിക്കാം അമ്മേ, അവിടെ ഞങ്ങളൊക്കെ അങ്ങിന്യാ ചെയ്യാ.’

അമ്മാമൻ എത്തിയിട്ടില്ലാത്തതുകൊണ്ട് അയാൾ രക്ഷപ്പെട്ടു.

രാത്രി കിടക്കുമ്പോൾ എനിക്ക് കഴിഞ്ഞ മൂന്നാഴ്ചയിലെ റിപ്പോർട്ട് കൊടുക്കേണ്ടി വന്നു.

‘ശരിയ്ക്കും അദ്ഭുതം തോന്നുണു.’ കുട്ടേട്ടൻ പറഞ്ഞു. ‘ആ പീക്കിരി പെണ്ണിന് ഇത്ര ധൈര്യോ? എനിയ്ക്ക്തന്നെ ചെലപ്പൊ പേടിയാവാറ്ണ്ട് അതിന്റെ മോളില്.’

‘എന്താണ് തട്ടിൻപൊറത്ത് സംഭവിക്കണത്ന്ന് മനസ്സിലാക്കാൻ എന്താ വഴി?’ ഞാൻ ചോദിച്ചു.

കുട്ടേട്ടന്റെ അപസർപ്പകബുദ്ധി ഉണർന്നു പ്രവർത്തിയ്ക്കാൻ തുടങ്ങി.

‘ശരിയാണ്, എന്തോ ഒരു പ്രശ്‌നണ്ട് മോളില്. അതെങ്ങിനെ കണ്ടുപിടിയ്ക്കും.’

അയാൾ ആലോചനയിലായി. ഏതാനും നിമിഷങ്ങൾ മാത്രം. അതിന്റെ അന്ത്യത്തിൽ അയാൾ പറഞ്ഞു.

‘അച്ഛന്റെ ഒരു വല്ല്യമ്മണ്ട്. വയസ്സ് ഇത്തിരിയായിരിക്കുണു. എനിയ്ക്കു തോന്നണത് ഒരു തൊണ്ണൂറ്റഞ്ചിനും നൂറിനുമിടയിൽ ആയിട്ട്ണ്ടാവും. ഇപ്പഴും തലച്ചോറ് നല്ല ഷാർപ്പാണ്. ലോകാരംഭം തൊട്ട്ള്ള സകല കാര്യങ്ങളും നല്ല ഓർമ്മ്യാണ്. ഈ തറവാടിനെപ്പറ്റീം, നാലുകെട്ടിനെപ്പറ്റീം നന്നായിട്ടറിയും. അവര് ഭാഗം വാങ്ങിപ്പോണവരെ ഇവിടെത്തന്ന്യാണ് താമസിച്ചിരുന്നത്. സംസാരിക്കാൻ വല്ല്യ ഇഷ്ടാ. നമ്ക്കവരെ നാളെ പോയി കാണാം. എന്താ?’

ഞാൻ തയ്യാറായിരുന്നു. എങ്ങിനെയെങ്കിലും ഈ കടംകഥ എന്റെ തലയിൽനിന്ന് ഒഴിവാക്കണം എന്നുണ്ട്. അല്ലെങ്കിൽ ഇനി വരാൻ പോകുന്ന പരീക്ഷയും പോക്കായിരിക്കും. ചതുരംഗപ്പലക കയ്യിൽ നിന്ന് പോയതോടെ നിധി കണ്ടെടുക്കുന്ന കാര്യം ഞാൻ ഒരുമാതിരി വിട്ടു കളഞ്ഞിരുന്നു. പോരാത്തതിന് അത് എന്റെ കഴിവിനുമപ്പുറത്താണെന്ന ബോധവും വളർന്നു വന്നിരുന്നു. ഏതോ ഒരു വട്ടൻ കാരണവര് ചെയ്തുവച്ച കാര്യമായി ഞാനതു തള്ളിക്കളഞ്ഞു. പക്ഷെ മുകളിലെ കാര്യം അങ്ങിനെ ഉപേക്ഷിച്ചു തള്ളാനാവുന്നില്ല. പ്രത്യേകിച്ച് ഇന്ദിരയുമൊത്ത് അവിടെ പോയപ്പോഴുണ്ടായ അനുഭവത്തിനു ശേഷം. ആ അനുഭവം, പ്രത്യേകിച്ച് ഇന്ദിരയ്ക്കുണ്ടായത് എന്റെ യുക്തിയ്ക്കതീതമായിരുന്നു.

രാവിലെ കുട്ടേട്ടൻ നേരത്തെ എഴുന്നേറ്റു. അതെനിയ്ക്കദ്ഭുതമായി. എന്റെ വിചാരം കോളജിൽ ചേർന്നാൽ രാവിലെ വൈകി എഴുന്നേൽക്കും രാത്രി വൈകി ഉറങ്ങും എന്നൊക്കെയായിരുന്നു. കുട്ടേട്ടനോട് ഞാനതു പറഞ്ഞു.

‘അതു ശരിയാണ്. പക്ഷെ കുളി വേണംന്ന്ള്ളവര് നേരത്തെ എണീറ്റ് കുളിയ്ക്കും. അല്ലെങ്കിൽ കുളിമുറികള്‌ടെ മുമ്പില് നീണ്ട നെര്യായിരിക്കും. ചെലപ്പോൾ കുളിക്കാൻ പറ്റീല്ല്യാന്നും വരും. അതോണ്ട് ഞാൻ നേരത്തെ എണീക്കാറുണ്ട്. ഇപ്പ അങ്ങിനെ ശീലായി. നമുക്ക് കുളത്തിൽ പോവ്വാ.’

നഷ്ടപ്പെട്ട എന്തോ വിലപിടിച്ച സാധനം തിരിച്ചു കിട്ടിയ പോലെയാണ് കുട്ടേട്ടൻ കുളത്തിൽ പെരുമാറിയത്. അയാൾ എല്ലാം മറന്ന് നീന്തിത്തുടിച്ച് കളിയ്ക്കുകയാണ്. ഒരു മണിക്കൂർ കളിച്ചപ്പോൾ വിശന്നിട്ടാണെന്നു തോന്നുന്നു, കുളി നിർത്തി കയറി. എനിയ്ക്കും വിശന്നിരുന്നു.

കുളി കഴിഞ്ഞ് ഈറൻ തോർത്തുമുടുത്ത് ഞങ്ങൾ മെതിയ്ക്കാനിട്ട കറ്റകളുടെ കൂമ്പാരങ്ങൾക്കിടയിലൂടെ ഉമ്മറത്തേയ്ക്കു നടന്നു. അമ്മാമൻ രാവിലത്തെ നടത്തത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മഞ്ഞിനെ ചെറുക്കാനായി തലയിൽ ഫ്‌ളാനൽ ചുറ്റിയിട്ടുണ്ട്. കുട്ടേട്ടനെ കണ്ടപ്പോൾ അമ്മാവൻ ചോദിച്ചു.

‘എന്താ നിന്റെ പരിപാടി? ഇന്ന് എങ്ങട്ടേങ്കിലും പോണ്‌ണ്ടോ?’

‘ഇല്ലച്ഛാ. ഒന്നും തീർച്ചയാക്കിയിട്ടില്ല.’

മുത്തശ്ശിയുടെ വീട്ടിൽ പോകാനുള്ള ഉദ്ദേശ്യം അമ്മാമനറിയരുതെന്നുണ്ടായിരുന്നു ഞങ്ങൾക്ക്. അറിഞ്ഞാൽ എന്തെങ്കിലും കാര്യം പറഞ്ഞ് അത് മുടക്കിയെന്നു വരും. പ്രത്യേക കാരണമൊന്നും വേണ്ട, ഞങ്ങൾ ഉണ്ടാക്കിയ പരിപാടിയാണെന്നതു മാത്രം മതി ഏറ്റവും നല്ല ഒരു കാര്യവും മുടക്കാൻ. ഇപ്പോൾ വേറൊരു കാര്യവും ഞങ്ങളോട് ചെയ്യാൻ ആവശ്യപ്പെടരുതേ എന്ന പ്രാർത്ഥനയോടെ നിൽക്കുമ്പോൾ അമ്മാവൻ പറഞ്ഞു.

‘എന്നാൽ ഒരു കാര്യം ചെയ്യ്. നാണിമുത്തശ്ശീടെ വീട്ടിലൊന്ന് ചെല്ല്. കൊറെക്കാലായില്ലെ അവിടെ പോയിട്ട്. വയസ്സായി ഇരിക്ക്യല്ലെ. ഉച്ച്യാവുമ്പഴയ്ക്ക് തിരിച്ചെത്തണം. ഞാൻ ചന്ദ്രനോട് വല്ല പൊഴ മത്സ്യവും കിട്ട്വോന്ന് നോക്കാൻ പറഞ്ഞിട്ട്ണ്ട്.’

‘ശരി അച്ഛാ.’

അമ്മാവൻ പോകാനായി തിരിഞ്ഞപ്പോൾ ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. കോണി ചാടിക്കയറി മുറിയിലെത്തി ഒരു നിമിഷം കൊണ്ട് ഷർട്ടും മുണ്ടും ധരിച്ച് താഴേയ്ക്കിറങ്ങി വന്നു. ഇടനാഴികയിലൂടെ അടുക്കളയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ കുട്ടേട്ടൻ ചോദിച്ചു.

‘ആരാണ് മുകളിലിരുന്ന് ചരട് വലിക്കുന്നത്?’

ഞാൻ പറഞ്ഞു. ‘ഇട്ടിരാമൻ കാരണവര്.’

‘നീ പഠിക്കാൻ മന്തനാണെങ്കിലും ബുദ്ധിണ്ട്.’ കുട്ടേട്ടന്റെ പ്രശംസ.

ഊണു കഴിച്ചിരുന്നത് നിലത്തിരുന്നിട്ടാണെങ്കിലും പ്രാതലും വൈകീട്ടുള്ള ചായയും കഴിച്ചിരുന്നത് മേശപ്പുറത്തായിരുന്നു. ഒരു ബെഞ്ചിനേക്കാൾ വീതിയുള്ള മേശ തളത്തിലൊരരുകിലിട്ടതിനു ചുറ്റും അഞ്ചാറ് സ്റ്റൂളുകൾ ഇട്ടിരുന്നു. അതിലൊന്നിലിരുന്ന് പിട്ടും കടലയും അകത്താക്കിയിരുന്ന ഇന്ദിര വിളിച്ചു പറഞ്ഞു.

‘അമ്മേ, കുട്ടേട്ടനും നന്ദേട്ടനും എത്തീട്ട്ണ്ട്.’

അമ്മായി അടുക്കളയിൽ ഭാർഗ്ഗവിയമ്മയ്ക്ക് എന്തോ അടുപ്പത്തു വെയ്ക്കുന്ന കാര്യം പറഞ്ഞുകൊടുത്ത് ഇലച്ചീളുകളുമായി വന്നു. പിന്നാലെ ഭാർഗ്ഗവിയമ്മ ഒരു പാത്രത്തിൽ ആവി പൊങ്ങുന്ന പിട്ട് മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു.

‘കുട്ടൻ നല്ലോണം തടിച്ചിട്ട്ണ്ടല്ലൊ.’

‘നീ അവനെ കണ്ണിടണ്ട ഭാർഗ്ഗവി.’

അമ്മായി പോയി ചായയ്ക്കുള്ള ഗ്ലാസ്സുകൾ എടുത്തു കൊണ്ടുവന്നു.

‘അമ്മേ ഞങ്ങളോട് അച്ഛൻ പറഞ്ഞു നാണിമുത്തശ്ശീനെ ഒന്ന് പോയി കാണാൻ. എന്താ അച്ഛന് നാണിവല്ല്യമ്മ്യോട് പെട്ടെന്ന് ഒരു താല്പര്യംണ്ടാവാൻ?’

‘ഇന്നലെത്തൊട്ട് പറയാൻ തൊടങ്ങീതാ ഒന്ന് കാണണംന്ന്. വയസ്സായിരിക്ക്യല്ലെ.’

‘ഞാനുംണ്ട് നാണിമുത്തശ്ശീടെ വീട്ടിലേയ്ക്ക്.’ ഇന്ദിര പറഞ്ഞു.

‘തൊലഞ്ഞു. ഞാനല്ലാതെ വായ തൊറക്ക്വോ?’

‘എന്താ എനിയ്ക്ക് നാണിമുത്തശ്ശീടെ വീട്ടില് വരാൻ പാടില്ല്യേ?’

‘അവളീം ഒന്ന് കൊണ്ടോയ്‌ക്കോ. മുത്തശ്ശിയ്ക്ക് കാണണംന്ന്ണ്ടാവും.’ അമ്മായി പറഞ്ഞു.

‘ആ കുട്ടിയ്ക്കുംണ്ടാവില്ലേ ഏട്ടമ്മാര്‌ടെ ഒപ്പം ഒന്ന് വെലസണംന്ന്.’ ഭാർഗ്ഗവിയമ്മയുടെ വക അങ്ങിനെ.

കുട്ടേട്ടൻ കുറച്ചു നേരം ആലോചിച്ച ശേഷം പറഞ്ഞു.

‘നീ ഒരു കാര്യം ചെയ്യ്. പ്രാതല് കഴിഞ്ഞ ഉടനെ ഞങ്ങള്‌ടെ ഓഫീസിൽ വാ. നമുക്കീ കാര്യം കൂടിയാ ലോചിക്കാം.’

അവൾ തലയാട്ടി. ഞങ്ങളുടെ ഒപ്പം ഇത്ര ദൂരം തെണ്ടാൻ ഓഫീസിലേയ്‌ക്കെന്നല്ല ഏതു ചെകുത്താന്റെ കോട്ടയിലേയ്ക്കും വരാൻ തയ്യാറായിരുന്നു അവൾ.

ഞങ്ങളുടെ ഓഫീസ് എന്നത് കിടപ്പറയിൽ ചുമരിന്നരുകിലിട്ട മേശയും അതിനു ചുറ്റുമുള്ള രണ്ടു കസേലകളും ഒരു സ്റ്റൂളുമായിരുന്നു. വളരെ കണിശമായി അതിർത്തികൾ നിർണ്ണയിക്കപ്പെട്ട ആ ഓഫീസിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു.

‘എന്താ നെനക്ക് പോണംന്ന് ത്ര നിർബ്ബന്ധം?’ കുട്ടേട്ടൻ ചോദിച്ചു.

‘നിക്കും നിങ്ങടെ ഒപ്പം വരണം.’

അതൊരു മറുപടിയായിരുന്നില്ല. അവളുടെ ആഗ്രഹം മാത്രം. കുട്ടേട്ടൻ പറഞ്ഞു.

‘രണ്ടു കാര്യം നീ സമ്മതിയക്കണം, എങ്കി ലേ ഞങ്ങൾ നിന്നെ കൊണ്ടുപോകൂ.’

‘എന്താ കാര്യങ്ങള്?’

‘ഒന്ന് അവിടെ ഞങ്ങളും മുത്തശ്ശിയുമായുണ്ടാവാൻ പോകുന്ന സംഭാഷണങ്ങളൊന്നും പുറമെ ചോർത്തിക്കൊടുക്കരുത്. നിന്റെ അറിവ് പ്രദർശിപ്പിയ്ക്കാൻ അങ്ങിനെയൊക്കെ ചെയ്യാൻ നീ പ്രലോഭിതയാകും. എന്നാലും ചെയ്യരുത്. രണ്ടാമത്തേത്, ഞങ്ങള് രണ്ടു മിനിറ്റിനകം പുറപ്പെടും. പിന്നെയും ഒരു മിനിറ്റിലധികം ഞങ്ങൾ കാത്തു നിൽക്കില്ല. പെൺകുട്ടികള് പുറപ്പെടാൻ കൊറേ സമയം വേണം. ലോകചരിത്രമെടുത്തു നോക്കിയാൽ ഒരു കാര്യം മനസ്സിലാവും. മാനവ വംശത്തിന്റെ പുരോഗതി ഓരോ ഘട്ടത്തിലും തടഞ്ഞു നിർത്തിയിട്ടുള്ളത് സ്ത്രീകളുടെ മാന്ദ്യമാണെന്ന്. മനസ്സിലായോ?’

ഇന്ദിര എഴുന്നേറ്റുകൊണ്ട് തലയാട്ടി. കുട്ടേട്ടൻ എന്റെ നേരെ തിരിഞ്ഞ തക്കം നോക്കി അവൾ അയാ ളെ നോക്കി കോക്കിരി കാട്ടി.

‘ഈ കട്ടിള്ള വാക്കുകള്…… അതൊക്കെ എവിട്ന്നാ കുട്ടേട്ടന് കിട്ടീത്?’ ഇന്ദിര പോയപ്പോൾ ഞാൻ ചോദിച്ചു.

‘ഒക്കെ എന്റെ ടെക്സ്റ്റു ബുക്കിലുണ്ട്. നമ്മൾ വായിക്കണ പുസ്തകങ്ങളിലെ വാക്കുകള് നമ്മുടെ സൗകര്യത്തിന് ഉപയോഗിക്കാനും മറ്റുള്ളവരെ ഭ്രമിപ്പിക്കാനും പഠിക്കണം. അതിന് വലിയ അർത്ഥംണ്ടാവണം എന്നൊന്നുംല്ല്യ. അതാണ് വിജയത്തിലേയ്ക്കുള്ള ആദ്യപടി.’

ഞങ്ങൾ പുറപ്പെടാൻ തുടങ്ങി. ഒരു പത്തു മിനുറ്റു കഴിഞ്ഞു കാണും. പെട്ടെന്ന് കോണി ചടുപിടുന്നനെ കയറിക്കൊണ്ട് ഇന്ദിര എത്തി. ഞങ്ങൾ രണ്ടുപേരും മുണ്ടുടുക്കാൻ പോകുന്നേയുള്ളു.

അവൾ ഇത്രയും സമയത്തിനുള്ളിൽ അമ്മയെക്കൊണ്ട് തലമുടി മെടഞ്ഞ് ഒരു റോസ്പ്പൂവും ചൂടിയിരുന്നു. സിൽക്കിന്റെ ബ്ലൗസും കണങ്കാലുവരെ നീണ്ട പാവാടയുമാണ് വേഷം. നെറ്റിമേൽ കറുത്ത ചാന്തുപൊട്ട്.

ഈ പെണ്ണ് ഞങ്ങളെ തോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ചതാണ്.