close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 12


അറിയാത്തലങ്ങളിലേയ്ക്ക് 12
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ആലോചിക്കുമ്പോൾ തോന്നുന്നു, ശരിയാണ് പത്തുതൊണ്ണൂറു വർഷം മുമ്പു മരിച്ച ഒരു വ്യക്തി എനിയ്ക്കായി കരുതിയ സന്ദേശം എനിയ്ക്കു കിട്ടുകയാണ്. എന്താണ് ഇതിനൊക്കെ അർത്ഥം? എന്താണ് ആ മനുഷ്യൻ ഉദ്ദേശിക്കുന്നത്? ഇന്നലെ രാത്രി ചിന്തകൾക്കൊടുവിൽ രണ്ടു രണ്ടര മണിയോടെ ഞാൻ ഉറക്കമായിരുന്നു. ഉറങ്ങിയെന്ന് മനസ്സിലായത് ഞെട്ടിയുണർന്നപ്പോഴായിരുന്നു. അതൊരു സ്വപ്നം മാത്രമായിരിക്കും എന്നു കരുതാനാണ് ഞാൻ ആഗ്രഹിച്ചത്.

വന്ദന സ്‌കൂളിൽ പോയപ്പോൾ ഇന്ദിര വീണ്ടും രാത്രിയിലെ കാര്യം എടുത്തിട്ടു.

‘ഞാൻ പേടിച്ചു… എന്തേ വല്ല സ്വപ്നും കണ്ട്വോ?’

സ്വപ്നം തന്നെ, പക്ഷെ എന്തു സ്വപ്നം!

‘ഞാൻ തട്ടിൻപുറത്തായിരുന്നു. കുട്ടിക്കാലത്ത് നമ്മൾ അലഞ്ഞില്ലെ അതുപോലെ നടക്ക്വാണ്. എന്റെ ഒപ്പം ആരോണ്ട്. ആരാണ്ന്ന് ഞാൻ നോക്ക്ണ്ല്ല്യ. അയാളാണ് എന്നെ കൊണ്ടുപോണത്. അവസാനം എത്തിയത് ആ കോണില്ല്യെ അതിന്റെ മുമ്പില്. ഞങ്ങള് കോണിയിറങ്ങി ഒരു മുറീലെത്തി. ആ മുറി ഏതാണ്ന്ന് മനസ്സിലായില്ല്യ. തറവാട്ടില് ഒരുമാതിരി എല്ലാ മുറികളും ഒരുപോല്യാണല്ലൊ. ആ മുറീടെ ഒരു വശത്തേയ്ക്ക് ചൂണ്ടിക്കാട്ടി ഒപ്പം വന്ന ആൾ പറഞ്ഞു. ‘അവിടെണ്ട്.’

‘പെട്ടെന്ന് ഞാനയാള്‌ടെ മുഖത്തേയ്ക്കു നോക്കി. ഞെട്ടിപ്പോയി. വല്ലാത്തൊരു ഭീകരമായ മുഖം. ഞാൻ ഞെട്ടിയുണർന്നു. ആ മുഖം നമ്മള് കണ്ട ആ ഫോട്ടോ ഇല്ലെ, ഇട്ടിരാമക്കാരണവര്, അങ്ങേര്‌ടെ ഛായയായിരുന്നു. അയാള്‌ടെ ശരിയ്ക്കുള്ള മുഖാണ് എനിയ്ക്ക് കാണിച്ചു തന്നത്ന്ന് തോന്നുണു. ചിത്രത്തിൽ അതു ഭംഗിയാക്കിയതായിരിക്കും. എല്ലാം എന്റെ തോന്നലുകളായിരിയ്ക്കും. എന്തായാലും അതിനു ശേഷം ഒറങ്ങാൻ പറ്റീല്ല്യ.’

‘എന്താപ്പ ഇതിനൊക്കെ അർത്ഥം?’ ഇന്ദിര ചോദിച്ചു.

‘അതിനെപ്പറ്റി ആലോചിച്ചുനോക്കുമ്പോ വല്യ അർത്ഥങ്ങളൊന്നും ഞാൻ കാണ്ണില്ല. ഒന്നുകിൽ കാരണവര്ക്ക് ക്ഷമ നശിച്ചു തുടങ്ങീട്ട്ണ്ടാവും…’

‘എന്തിന്?’

‘ഞാൻ ആ നിധി കണ്ടുപിടിയ്ക്കാത്തതിന്. അങ്ങേര് പിന്നീടെപ്പോഴോ വരാൻ പോണ തലമുറേല്ള്ള ഒരുത്തനുവേണ്ടി ഒരു നിധി തയ്യാറാക്കി ഒളിപ്പിച്ചു വെയ്ക്ക്യാ, ന്ന്ട്ട് അത് കണ്ടുപിടിയ്ക്കാന്ള്ള സൂചനകള് കൊടുക്ക്വാ. എന്നിട്ടും അയാള് അതെടുക്കാനുള്ള ഒരു ശ്രമും നടത്ത്ണ്ല്ല്യ. ക്ഷമ കെടാണ്ടിരിക്ക്യോ? രണ്ടാമത്, അങ്ങേര് കാണിച്ചു തന്ന കോണി ഇപ്പൊ നെലവിലില്ല താനും. അതുണ്ടെങ്കിൽ കാര്യം എളുപ്പായിരുന്നു. അതിറങ്ങിപ്പോയി നിധി കുഴിച്ചെടുക്കായിരുന്നു. പോരാത്തതിന് ഒരർത്ഥവും ഇല്ല്യാത്ത ആ ചതുരംഗപ്പലകയ്ക്ക് ഇതിലൊക്കെ എന്തു കാര്യം? ഒരു കാര്യം അങ്ങേര്ക്ക് പെഴവു പറ്റി.’

‘ഉം, എന്താ?’

‘നിധി ആർക്കു വേണ്ടിയാണോ എടുത്തു വെച്ചത്, ആ മനുഷ്യൻ ഇത്ര മന്ദബുദ്ധിയാവുമെന്നത് കണക്കാക്കാൻ. അങ്ങേര്ക്ക് കാര്യങ്ങള് കൊറച്ചുകൂടി എളുപ്പാക്കിത്തരായിരുന്നു.’

‘ശരിയാണ്.’ ഇന്ദിര ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്റെ അത്രേം മനസ്സിലാക്കാൻ ആ കാരണോര്ക്ക് പറ്റീല്ല്യന്നർത്ഥം.’

‘ഒരു കാര്യം ചെയ്യണം. വന്ദനടെ പരീക്ഷ കഴിയണവരെ നമ്മള് ഈ കാര്യം സംസാരിക്കര്ത്. അവളീ കടമ്പ ചാടിക്കടക്കട്ടെ. അത് കഴിഞ്ഞിട്ട് വെക്കേഷനില് നമുക്ക് ഒരാഴ്ച അവിടെ പോയി താമസിക്കാം. എന്നിട്ട് ഒരു ശ്രമുംകൂടി നടത്തിനോക്കാം. എന്താ?’

തറവാട്ടിൽ പോയാൽ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും താമസിക്കണമെന്ന് ഇന്ദിര എപ്പോഴും പറയാറുണ്ട്. കാരണം അടുക്കള ഒരുമാതിരി ഒരുക്കാൻ തന്നെ വേണം ഒന്നു രണ്ടു ദിവസം. അപ്പോഴേയ്ക്ക് തിരിച്ചു വരികയായി. വെക്കേഷൻ സമയത്ത് ലീവെടുത്ത് പോയി ഒന്നല്ല, രണ്ടോ മൂന്നോ ആഴ്ച താമസിക്കുന്നതിൽ അവൾക്ക് സന്തോഷമേയുള്ളു.

കുറച്ചു ദിവസങ്ങളോളം ആ സ്വപ്നവും അതിന്റെ വിശകലന ചിന്തകളും ഓഫീസിലും എന്നെ ശല്യപ്പെടുത്തി. പിന്നെ മറ്റെല്ലാ ശല്യങ്ങളെയും പോലെ ഞാനതിനും സ്വസ്ഥമായിരിക്കാൻ മനസ്സിൽ ഒരിടം കൊടുത്തു.

മാസത്തിലൊന്നോ രണ്ടോ വാരാന്ത്യത്തിൽ കുട്ടേട്ടന്റെ ഫോൺ വരുന്നു. ഏഴു കടലും കടന്ന് അതിവിടെ എത്താൻ ഞായറാഴ്ച രാവിലെ എട്ടര മണിയാവുന്നു. സമയ വ്യത്യാസം പത്തര മണിക്കൂറാണ്. അപ്പോൾ കുട്ടേട്ടൻ വിളിക്കുന്നത് ശനിയാഴ്ച വൈകുന്നേരം ഏഴു മണിയ്ക്കാവും. രണ്ടു പേർക്കും കേടില്ലാത്ത വിധത്തിലായിക്കോട്ടെ എന്നു കരുതിയാണ് ഇങ്ങിനെ ഒരു സമയം വെച്ചിരിക്കുന്നത്.

‘ഇവിടെ ഇപ്പൊ ഫെബ്രുവരി മാസാണ്.’ കുട്ടേട്ടൻ പറയുന്നു. ‘അവിടെയും അങ്ങിനെത്തന്നെയെന്നു വിശ്വസിക്കുന്നു.’

ഭൂഖണ്ഡത്തിന്റെ മറുവശത്തുനിന്ന് രാവിലെ എഴുന്നേറ്റ് പറയാൻ കണ്ട കാര്യം!

‘മാസൊക്കെ ഫെബ്രുവരി തന്നെ. ഇന്നിവിടെ ഇരുപത്താറാന്തിയാണ്. നിങ്ങൾക്ക് ഇരുപത്തഞ്ചല്ലേ ആയിട്ടുള്ളു?’ ഞാൻ പറയും. ‘എന്നുവെച്ചാൽ ദിവസം ഒന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളൊക്കെ റിപ്പ് വാൻ വിങ്കിളിന്റെ നാട്ടുകാരല്ലെ?’

ഒരു പതിനഞ്ചു മിനുറ്റ് എന്നോട് സംസാരിച്ച ശേഷം കുട്ടേട്ടൻ പറയും.

‘നിന്നോട് സംസാരിച്ചാൽ ശരിയാവില്ല. എന്റെ മരുമകള് അവിടെ ഇല്ലെ, അവൾക്കു കൊടുക്ക്.’

പിന്നെ അവളോട് ഒരു പതിനഞ്ചു മിനുറ്റ് സംസാരിച്ചാൽ ഫോൺ മക്കൾക്കു കൈ മാറുന്നു. അവർ ഒരോരുത്തരും ചുരുങ്ങിയത് പതിനഞ്ചു മിനുറ്റു വീതമെങ്കിലും വന്ദനയുമായി സംസാരിക്കും. ഒരു അമേരിക്കക്കാരിയുടെ മക്കളാണെങ്കിൽക്കൂടി അവർ ഇവിടുത്തെ പെൺകുട്ടികളേക്കാൾ നന്നായി മലയാളം പറയുന്നു. ഇവിടെ ഇന്ത്യയിലിരുന്ന് ഫോൺ ബില്ലിന്റെ തൂക്കം കൂടുന്നതു നോ ക്കി മാത്രം ലോക്കൽ കാളുകൾ കൂടി വിളിക്കുന്ന എനിയ്ക്ക് സാൻഫ്രാൻസിസ്‌കോ വിൽനിന്ന് ഒരു മണിക്കൂറിൽക്കൂടുതൽ നീണ്ടു പോകുന്ന ഫോൺവിളികൾ അദ്ഭുതമായി തോന്നുന്നു.

നഷ്ടപ്പെട്ടുപോയ ചതുരംഗപ്പലക തിരിച്ചു കിട്ടിയത് ഞാൻ കുട്ടേട്ടനോട് പറഞ്ഞിട്ടില്ല. ഇനി വന്ദന പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അവൾ കുട്ടമ്മാവനോട് പറയാത്ത കാര്യങ്ങളില്ല. ചിലപ്പോൾ അമ്മയോടൊപ്പം വഴക്കിട്ടതിന്റെ ഭാഗമായി പറഞ്ഞിട്ടുണ്ടാവും. കുട്ടേട്ടനെന്താണ് പറഞ്ഞിട്ടുണ്ടാവുക? ചിലപ്പോൾ പറയും. ‘നിനക്കറിയാഞ്ഞിട്ടാ, ഞാനും നിന്റെ അച്ഛനും എത്ര വഴക്കിട്ടിട്ട്ണ്ട്ന്നറിയ്യോ അമ്മയോട്?’

ഞായറാഴ്ച പൊതുവേ എല്ലാം കുറച്ചു മന്ദഗതിയിലാണ്. പ്രാതൽ കഴിയ്ക്കാൻ തന്നെ പത്തര മണിയാവുന്നു.

‘ഞാനെന്താ ചെയ്യാ?’ ഇന്ദിര പറയും. ‘അച്ഛനും മോളും ഫോണില് സംസാരല്ലെ? എല്ലാം തയ്യാറായിട്ട് സമയെത്ര്യായി?’

‘അമ്മയ്ക്ക് അസൂയാണ്.’ വന്ദന പറയും. ‘കുട്ടമ്മാമ അമ്മ്യോട് സംസാരിയ്ക്കാഞ്ഞിട്ട്.’

‘വേണ്ട, വേണ്ട... നിങ്ങള് സംസാരിയ്ക്കണത് കാണുമ്പോത്തന്നെ ശ്വാസം മുട്ട്വാണ്. എന്താ ഇത്രെ്യാക്കെ സംസാരിയ്ക്കാന്ള്ളത്?’

ശരിയാണ്. ഞാൻ ആലോചിയ്ക്കും. എന്താണ് ഇത്രയൊക്കെ സംസാരിയ്ക്കാനുള്ളത്?

‘അമ്മയ്ക്കറിയാഞ്ഞിട്ടാ. ശാരിച്ചേച്ചിയും മഞ്ജുളചേച്ചിയും എന്തൊക്കെ പറഞ്ഞൂന്നറിയ്യോ?’

ഇന്ദിരയ്ക്കതറിയണമെന്നുണ്ട്. പക്ഷെ പറയില്ല. ആകെ പറയുന്നത് ഇതു മാത്രം. ‘ഓ, കേക്കണ്ട.’

അങ്ങിനെയിരിയ്ക്കുമ്പോൾ പരീക്ഷയെത്തുന്നു. വളരെ പ്രതീക്ഷിതമായി ഈ മൂന്നു പേരുടെയും ഫോൺ ഉണ്ടാവുന്നു. വന്ദനയ്ക്ക് ‘ഗുഡ് ലക്ക്’ ആശംസിയ്ക്കാൻ മൂന്നു പേരും മൂന്നു സ്ഥലത്തുനിന്നായിരിയ്ക്കും വിളിയ്ക്കുക. അവർ ഞായറാഴ്ച മാത്രമേ ഒത്തുകൂടാറുള്ളു.

‘ചേച്ചിമാര്‌ട്യേം കുട്ടമ്മാമന്റേം ഫോൺ കിട്ട്യാലെ അവൾക്ക് പരീക്ഷേല് ഒരു ധൈര്യം വരൂ.’ ഇന്ദിര പറഞ്ഞു.

‘പിന്നേ…’ ലോകത്തെ എല്ലാ പെൺകുട്ടികളും ഇങ്ങിനെ ഒരോ ചേച്ചിമാര്‌ടെ ഫോൺ വിളിയ്ക്കായി കാത്തിരിക്ക്യല്ലെ.’ എനിയ്ക്ക് ഇന്ദിര പറയുന്നത് ഇഷ്ടമാവുന്നില്ല. ‘ഇതെല്ലാം ഒരോ മൈന്റ് സെറ്റാണ്. അഡിക്ഷൻ. അല്ലാതൊന്നും അല്ല. നീ പരീക്ഷയെഴുതിയിരുന്നപ്പൊ ആര്‌ടെ ആശംസ്യാണ് കിട്ടീര്ന്നത്?’

‘എന്തായാലും ഇതൊന്നും വന്ദന്യോട് പറയണ്ട.’ ഇന്ദിര പറഞ്ഞു. ‘അവൾക്ക് ഇതൊക്കെ വല്യ കാര്യാണ്. കുട്ടേട്ടനും അതെ, പെൺകുട്ടികളെയാണ് ആൺകുട്ട്യോളെക്കാൾ കൂടുതൽ ഇഷ്ടം. രണ്ടും പെൺകുട്ടിയായപ്പോ എന്തു സന്തോഷായിരുന്നു. മദാമ്മയ്ക്കും അതേന്ന് തോന്നുണു. ‘

‘സ്വന്തം ഏട്ടത്തിയമ്മയെയാണ് മദാമ്മാന്ന് പറേണത്.’

‘അവര് മദാമ്മ്യന്നല്ലെ?’

കടലു കടന്നു വന്ന ആശംസകളുടെ അനുഗ്രഹത്തിൽ പരീക്ഷ നന്നായി കഴിഞ്ഞു. അവസാനത്തെ പേപ്പറും എഴുതി എത്തിയ ഉടനെ വന്ദന ചോദിച്ചത് എന്നാണ് തറവാട്ടിലേയ്ക്കു പോകുന്നതെന്നായിരുന്നു.

‘നിന്റെ പരീക്ഷ എങ്ങിനെണ്ടായിരുന്നൂന്ന് പറ.’

‘ഈ…സി.’

‘അതിനർത്ഥം കഷ്ടിച്ച് പാസ്സാവുംന്ന് അല്ലെ?’

‘അല്ലച്ഛാ, പേപ്പറൊക്ക ഈസ്യായിരുന്നു. ഡിസ്റ്റിങ്ഷൻ കിട്ടും.’

അന്നു രാത്രി ഉറങ്ങുന്നതിനു മുമ്പ് പോകാനുള്ള വസ്ത്രങ്ങളെല്ലാം അവൾ പെട്ടിയിലാക്കി. സാമാന്യം വലിയ പെട്ടി. നീണ്ടൊരു താമസം തന്നെയാണ് അവൾ ഉദ്ദേശിക്കുന്നത്. എനിയ്ക്കാണെങ്കിൽ ഒരാഴ്ചയെങ്കിലും കഴിഞ്ഞാലെ ലീവെടുക്കാൻ പറ്റു. അവസാനം അവളെയും അമ്മയെയും നാട്ടിൽ കൊണ്ടുപോയാക്കി തിരിച്ചു വരാമെന്ന് പറഞ്ഞപ്പോഴെ അവൾ സമ്മതിച്ചള്ളു. അവിടെ ഞങ്ങളില്ലാത്തപ്പോൾ ആ വീടും പറമ്പും നോക്കുന്ന ഒരു കുടുംബമുണ്ട് അയൽപക്കത്ത്. ഭാർഗ്ഗവിയമ്മയും മകൾ ദേവിയും. ഞാനില്ലാത്ത ദിവസങ്ങളിൽ ദേവിയാണ് അവർക്കു കൂട്ടിനു കിടക്കാൻ വരിക.

ഞങ്ങൾ അടുത്തു തന്നെ വരുമെന്ന് അറിയാവുന്നതുകൊണ്ട് അവർ മുറ്റമെല്ലാം പുല്ലുചെത്തി വൃത്തിയാക്കിച്ചിരുന്നു. ഉമ്മറവും തളവും അടുക്കളയും മാറാല തട്ടി തുടച്ചു. മറ്റു മുറികൾ പൂട്ടിയിട്ടതു കാരണം അവർ അടിച്ചുവാരിത്തുടയ്ക്കാറില്ല. താഴെ ഒന്നു രണ്ടു മുറികളും മുകളിൽ ഞങ്ങൾ കിടക്കാറുള്ള മുറിയും തുടപ്പിച്ചു. ഉച്ചഭക്ഷണം വീട്ടിൽനിന്നു തന്നെ ഉണ്ടാക്കിക്കൊണ്ടുവന്നതു കാരണം ചൂടാക്കി കഴിക്കുകയേ വേണ്ടിവന്നൂള്ളു. ഊണു കഴിഞ്ഞ് ഞാൻ മുകളിൽ പോയി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇന്ദിരയും വന്ദനയും കയറി വന്നു. ദേവിയെ പറഞ്ഞയച്ച് അവർ പുറത്തേയ്ക്കുള്ള വാതിലടച്ചിട്ടുണ്ടാവും. ഇതൊക്കെയാണ് ഇവിടെ വന്നാലുള്ള പരിപാടികൾ. ഒരു മാറ്റവുമില്ലാതെ ഇത് ഒരോ ഒഴിവു ദിവസങ്ങളിൽ തറവാട്ടിൽ വരുമ്പോഴും ആവർത്തിക്കുന്നു. എനിയ്ക്ക് വൈകുന്നേരം തന്നെ തിരിച്ചു പോകണം. നാളെ രാവിലെ ഓഫീസിലെത്തേണ്ടതാണ്. ഞായറാഴ്ചയായതുകൊണ്ട് അടുക്കളയിലേയ്ക്കു വേണ്ട പലവ്യഞ്ജനങ്ങൾ വാങ്ങാൻ പറ്റില്ല. സാരമില്ല. അമ്മയും മോളും കൂടി നാളെ അതെല്ലാം വാങ്ങിക്കോളും. ദേവിയേയും ഒപ്പം കൂട്ടും.

വൈകുന്നേരം തിരിച്ചു പോകുന്നതിനു മുമ്പ് ഞാൻ പറമ്പിലെല്ലാം നടന്നു നോക്കി. ഒരു മാറ്റവുമില്ല. മരങ്ങളുടെ കൊമ്പുകളും ചില്ലകളുംകൂടി മാറ്റമൊന്നുമില്ലാതെ നിൽക്കുന്നു. ആ മരങ്ങളിലാണ് ഞാനും കുട്ടേട്ടനും ഒരു കാലത്ത് കയറിക്കളിച്ചിരുന്നത്. എല്ലാം വളരെ സാധാരണമട്ടിൽത്തന്നെ. ഭയം എന്റെ മനസ്സിൽ മാത്രമേയുള്ളൂ എന്ന് എനിയ്ക്കു തോന്നി. ഒരുപക്ഷെ അങ്ങിനെയൊന്നുമുണ്ടാവില്ല. എല്ലാം എന്റെ തോന്നലുകളായിരിക്കും.

എന്തായാലും ആ യാത്ര എനിയ്ക്ക് അല്പം ആശ്വാസമുണ്ടാക്കി. ഇന്ദിരയേയും വന്ദനയേയും അവിടെ വിട്ടു വരുന്നത് എനിയ്‌ക്കൊരു വിഷമമുണ്ടായിരുന്നു. ഞാൻ വീണ്ടും കണക്കുകളുടെ ലോകത്തേയ്ക്കു തിരിച്ചുപോയി. ഉച്ചയ്ക്ക് ഓഫീസിന്നടുത്തുള്ള റസ്റ്റോറണ്ടിൽനിന്ന് സസ്യഭക്ഷണം. വൈകുന്നേരം വീട്ടിൽ ചെന്നാൽ ചോറും കൂട്ടാനുമുണ്ടാക്കും. ആദ്യത്തെ രണ്ടു ദിവസം ഫ്രിജ്ജിൽ ഉണ്ടായിരുന്ന ഭക്ഷണം ചൂടാക്കി കഴിക്കുകയേ വേണ്ടിയിരുന്നുള്ളു. അതിനിടയ്ക്ക് രണ്ടു ദിവസം ഇന്ദിരയും വന്ദനയും രാവിലെ വിളിച്ചിരുന്നു. അമ്പലത്തിൽ പോകുന്ന ദിവസമാണത്. അമ്പലത്തിനടുത്ത് ഒരു ബൂത്തുണ്ട്.

‘കണ്ടോ, ഇതാ ഞാൻ അച്ഛനോട് പറയാറ് ഒരു മൊബൈൽ ഫോൺ വാങ്ങിത്തരാൻ. ഇപ്പൊ മനസ്സിലായില്ലേ?’

‘ഇങ്ങിനെയൊക്കെ അങ്ങ് പോട്ടെ മോളെ.’ ഞാൻ പറയും. എന്തുകൊണ്ടോ അവൾ മോബൈൽ ഫോണുംകൊണ്ട് നടക്കുന്നത് ഞാനിഷ്ടപ്പെട്ടില്ല.

‘ശനിയാഴ്ച നേർത്തെ എത്തണം.’ അവൾ പറയും.

‘രാത്രി എട്ടു മണിയ്ക്ക്.’

എന്റെ കണക്കു കൂട്ടൽ ശരിയായിരുന്നു. ഞാൻ കൃത്യം എട്ടു മണിയ്ക്കുതന്നെ വീട്ടിലെത്തി. കുളത്തിൽ പോയി കുളിച്ചു. എത്ര ലീവെടുത്തു എന്ന ചോദ്യത്തിന് ഞാൻ അമ്മയോടും മകളോടും ശരിയ്ക്കുള്ള മറുപടി പറഞ്ഞില്ല. രണ്ടാഴ്ച എന്നു പറഞ്ഞാൽ അതിനുമുമ്പ് പോവാൻ അവർ സമ്മതിയ്ക്കില്ല. രാത്രി ഊണു കഴിച്ചു. ഒരാഴ്ചയ്ക്കു ശേഷം നല്ല ഭക്ഷണം കഴിക്കുകയാണ്. അതിന്റെ തളർച്ചയിൽ നല്ലവണ്ണം ഉറങ്ങി. സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിന്റെ അവസാനത്തിൽ എഴുന്നേറ്റപ്പോൾ നേരം പുലർന്നിരിയ്ക്കുന്നു. താഴെയ്ക്കിറങ്ങിവന്നു. ഇന്ദിരയും വന്ദനയും അമ്പലത്തിൽ പോയെന്ന് മനസ്സിലായി. അടുക്കളയിൽ പോയി നോക്കിയപ്പോൾ കാണുന്നത് ദേവി ചായയുണ്ടാക്കുന്നതാണ്. അടുത്തുള്ള അടുപ്പിൽ മുളങ്കുറ്റിയിൽ പിട്ടു വെച്ചതിൽനിന്ന് ആവി പൊന്തുന്നു.

‘നന്ദേട്ടൻ ഉണർന്നൂന്ന് ഞാനറിഞ്ഞു. അപ്പൊ ചായണ്ടാക്ക്വാണ്.’

ഞാൻ തളത്തിൽ വന്നിരുന്നു. ദേവി ചായയുമായി വന്നു.

‘അവര് ഇപ്പൊ വരും. കൊറേ നേരായി പോയിട്ട്.’

‘ദൈവസന്നിധിയിൽ പോയാൽ ഇന്ദിര അത്ര എളുപ്പൊന്നും വരില്ല. എനിയ്ക്ക് വെശക്ക്ണ്ണ്ട്. അവര് വന്നാ ഉടനെ കഴിക്കാലോ?’

‘ങും, കടലക്കറി ണ്ടാക്കിക്കഴിഞ്ഞു. ചേച്ചി അത് അഞ്ചുമണിയ്ക്ക് തന്നെ അടുപ്പത്താക്കിയിരുന്നു.’

ഭാർഗ്ഗവിയമ്മയുടെ വിശേഷങ്ങൾ ചോദിച്ചു. അങ്ങിനെയെന്തെങ്കിലും ചോദിയ്ക്കാനിരിയ്ക്കുന്നപോലെ അവൾ സംസാരം തുടങ്ങി. വിവരങ്ങളുടെ കുത്തൊഴുക്കു തന്നെ. അവളുടെ മക്കളുടെ കാര്യങ്ങൾ, ചുറ്റുവട്ടത്തുമുള്ള വിശേഷങ്ങൾ. അര മണിക്കൂർ നീണ്ടുനിന്ന അവളുടെ സംസാരം കേട്ടു കഴിഞ്ഞപ്പോഴേയ്ക്ക് എനിയ്ക്ക് കഴിഞ്ഞ ഒന്നര മാസം നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടി. ഇനി പുറത്തിറങ്ങുമ്പോൾ ആരെങ്കിലും വഴിയ്ക്കു തടഞ്ഞു നിർത്തി സംസാരം തുടങ്ങിയാൽ അതിന്റെ ചരടു പിടിച്ച് തുടരാൻ വിഷമമുണ്ടാവില്ല.

ഇന്ദിരയും വന്ദനയും വന്നു.

‘ങാ, കുളിച്ചിട്ടില്ലെ?’ ഇന്ദിര ചോദിച്ചു. ‘ഞാൻ വിചാരിച്ചു കുള്യൊക്കെ കഴിഞ്ഞ് ഇരിയ്ക്ക്യാവുംന്ന്. വേഗം കുളിച്ചു വരു. എന്നിട്ട് മതി പിട്ട് കഴിയ്ക്കല്.’

അവൾ അടുക്കളയിലേയ്ക്കു പോയി. വന്ദന വന്ന് എനിയ്‌ക്കെതിരായി ഇരുന്നു.

‘ഞാൻ പോട്ടെ ചേച്ചി.’ ദേവി പറഞ്ഞു. ‘അവിടെ മക്കള് കാത്തിരിയ്ക്ക്ണ്ണ്ടാവും.’

‘പാവം അച്ഛൻ. അമ്മേ അച്ഛന് പിട്ടു കൊടുക്കൂ. വെശക്ക്ണ്ണ്ട്ന്ന് തോന്നുണു.’

വന്ദനയുടെ ശുപാർശയ്ക്ക് ഞാൻ ഇന്ദിര അറിയാതെ നന്ദി പറഞ്ഞു.

‘അച്ഛാ. ചായകുടി കഴിഞ്ഞാൽ ഞാനച്ഛന് ഒരു സാധനം കാണിച്ചു തരാം.?’

‘എന്തു സാധനം?’

‘ഒരു അടച്ചിട്ട മുറീന്ന് കിട്ടീതാ.’

‘അടച്ചിട്ട മുറീന്നോ?’

‘ആ,ന്നേയ്.’ ഇന്ദിര അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ‘അവൾക്ക് കഴിഞ്ഞ ഒരാഴ്ച്യായിട്ട് അതു തന്ന്യായിരുന്നു പണി. ഈ വീട്ടിലെ അടച്ചിട്ട എല്ലാ മുറീം പരിശോധിയ്ക്ക്യാ. അതോണ്ട് ആ മുറ്യൊക്കെ വൃത്തിയാക്കാൻ പറ്റി.’

‘ദൈവമേ!’