close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 15


അറിയാത്തലങ്ങളിലേയ്ക്ക് 15
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ഉറങ്ങാൻ നേരം വൈകിയതുകൊണ്ട് രാവിലെ മൂന്നു പേരും വൈകിയാണ് എഴുന്നേറ്റത്. ഉണർന്നപ്പോഴാണ് ഉണർന്നതിന്റെ കാരണം മനസ്സിലായത്. ആരോ അടുക്കളയുടെ പുറംവാതിലിൽ ഉറക്കെ തട്ടുകയാണ്.

ഞങ്ങൾ താഴേയ്ക്കിറങ്ങിവന്നു.

‘ഞാൻ എത്ര നേരായി വാതിലില് മുട്ടുണു.’ ദേവി പറഞ്ഞു.

‘അതേയ്, ഇന്നലെ രാത്രി വെറുതെ കൊറേ നേരം സംസാരിച്ചിരുന്നു.’ ഇന്ദിര പറഞ്ഞു. ‘നീ വേഗം ചായയ്ക്ക് വെള്ളം വെയ്ക്ക്. നന്ദേട്ടന് ചായ കുടിയ്ക്കാൻ ധൃത്യായിട്ട്ണ്ടാവും.’

തളത്തിൽ മേശക്കിരുവശത്തും ഇരുന്ന് ഞാനും വന്ദനയും അമ്മ ഭംഗിയായി നുണ പറയുന്നതു കേട്ട് ചിരിച്ചു.

‘അമ്മ ഒരു വാചകം ‘അതേയ്’ ന്ന് പറഞ്ഞോണ്ട് തൊടങ്ങ്യാ ഉടനെ മനസ്സിലാക്കണം അത് നൊണ്യാണ്ന്ന്.’ ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. വന്ദന ചിരിച്ചുകൊണ്ട് തലയാട്ടി. ചായ കുടിച്ചു കഴിഞ്ഞ് ഞങ്ങൾ അന്നത്തെ പരിപാടി ആസൂത്രണം ചെയ്തു. പറമ്പു മുഴുവൻ നടന്നു നോക്കണമെന്ന് തീർച്ചയാക്കി. എന്തെങ്കിലും സൂചനകൾ കിട്ടിയാലോ?

‘അച്ഛാ എനിക്ക് കമ്പ്യൂട്ടറിൽ ആ സ്‌കെച്ച് മുഴുമിക്കാനുണ്ട്.’

‘അത് ബ്രെയ്ക്ഫാസ്റ്റ് കഴിഞ്ഞിട്ടു മതി.’ ഞാൻ പറഞ്ഞു. ‘രാവിലത്തെ സമയാണ് പറമ്പിലൊക്കെ നടക്കാൻ പറ്റീത്. വെയില്ണ്ടാവില്ല. നല്ല ഓജസ്സുള്ള അന്തരീക്ഷായിരിയ്ക്കും. പിന്നെ പോരാത്തതിന് നമ്മടെ തലച്ചോറ് ഏറ്റവും കാര്യക്ഷമായിട്ട്ള്ളത് ആ സമയത്താണ്. നമ്ക്ക് ചെല കാര്യങ്ങള് കണ്ടുപിടിയ്ക്കാന്ണ്ട്.’

ഇന്നു രാവിലത്തെ പര്യവേഷണം വളരെ പ്രധാനപ്പെട്ടതായിരിയ്ക്കുമെന്ന് മനസ്സ് പറയുന്നു. ഞാനിതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ദേശത്തേയ്ക്കാണ് ഇറങ്ങിത്തിരിയ്ക്കുന്നത്. കുട്ടിക്കാലത്ത് പതിമൂന്നു വയസ്സു മുതൽ ഡിഗ്രിയെടുത്ത് ഇരുപത്തിമൂന്നാം വയസ്സിൽ ഒരു ജോലി കിട്ടുന്നതുവരെ, പിന്നെ അമ്മാവൻ മരിച്ച ശേഷം അമ്മായി ഒറ്റയ്ക്കായപ്പോൾ കുറച്ചുകാലം ഇന്ദിരയെയും വന്ദനയെയും നാട്ടിൽ വിട്ടു വന്നപ്പോൾ ഇടയ്ക്കിടയ്ക്ക് സഹായത്തിനായി പോയിരുന്നപ്പോൾ. അമ്മായിയുടെയും മരണശേഷം കുട്ടേട്ടൻ അമേരിയ്ക്കയിലേയ്ക്കു പോയപ്പോൾ മിക്കവാറും എല്ലാ ഞായറാഴ്ചയും ഞാൻ തറവാട്ടിലെത്തിയിരുന്നു, ഒന്നുകിൽ തെങ്ങു കയറ്റിയ്ക്കാനോ അല്ലെങ്കിൽ പറമ്പു കിളപ്പിയ്ക്കാനോ ആയി. ഇത്രയൊക്കെയായിട്ടും ആ പറമ്പിന്റെ ഒരു രൂപരേഖ കാണാതെ വരയ്ക്കാൻ പറഞ്ഞാൽ എനിയ്ക്കു കഴിയില്ല. അതിലെന്തൊക്കെ മരങ്ങളാണുള്ളത്, കുട്ടേട്ടനോടൊപ്പം എപ്പോഴും കയറിക്കളിച്ചിരുന്ന മരങ്ങൾതന്നെ എതേതു കള്ളികളിലാണുള്ളത് എന്നൊന്നും എനിക്കോർമ്മയുണ്ടാവില്ല. താല്പര്യമില്ലാത്തതുകൊണ്ടായിരിയ്ക്കാം.

സാധാരണ ആധാരങ്ങളുടെ ഒപ്പം ആ പറമ്പിന്റെ ആകെയുള്ള സ്‌കെച്ചുമുണ്ടാവാറുണ്ട്. പരതിനോക്കിയപ്പോൾ അങ്ങിനെയൊരു സ്‌കെച്ച് കടലാസ്സുകൾക്കിടയിൽനിന്ന് കിട്ടി. ആ സ്‌കെച്ചിന്റെ പകർപ്പെടുക്കാൻ വന്ദനയോട് പറഞ്ഞു. അവൾ ധൃതിയിലൊരെണ്ണം വരച്ചുണ്ടാക്കി. അതും ഒരു നോട്ടുപുസ്തകവും പെന്നുമായി പുറത്തേയ്ക്കിറങ്ങി. ആദ്യം പോയത് ഭഗവതിയുടെ അമ്പലത്തിലേയ്ക്കാണ്. എട്ടുകെട്ടു കുറച്ചു മാത്രം പൊളിച്ചപ്പോൾ തൂക്കം ശരിയാവാൻ പിന്നീട് പണിതതാണ് ആ അമ്പലമെന്ന് മൂത്താശാരിയുടെ അച്ഛൻ പറഞ്ഞത് ഓർമ്മ വന്നു. അതു കേട്ടപ്പോൾ വന്ദനയുടെ കണ്ണുകൾ വിടർന്നു.

‘എന്താച്ഛാ തൂക്കം ശരിയാക്ക്വാന്ന് പറഞ്ഞാല്?’

‘അതൊക്കെ വാസ്തുശാസ്ത്രത്തില്ള്ള ഓരോ കാര്യങ്ങളാ മോളെ. അതിലൊന്നും വലിയ കാര്യംല്ല്യ. മറിച്ച് തച്ചുശാസ്ത്രം എഞ്ചിനീയറിങ്ങാണ്. അത് കണക്കാണ്. അതോണ്ടല്ലെ ഏകദേശം രണ്ടു നൂറ്റാണ്ടുമുമ്പ് ഉണ്ടാക്കീട്ട്ള്ള ഈ കെട്ടിടം ഇപ്പഴും ഒരു കേടും ഇല്ലാതെ നിലനിൽക്കണത്. ഈ തൂക്കം ശരിയാക്കണംന്നൊക്കെ പറയണത് വാസ്തുവിലുള്ളതാണ്. അതില് വലിയ കഴമ്പുണ്ടെന്ന് അച്ഛന് തോന്ന്ണില്യ. ഒരു കെട്ടിടം നിൽക്കണ സ്ഥലത്തിന്റെ മറുതൂക്കമായിരിക്കണം അവര് ഉദ്ദേശിക്കണത്. എന്നുവെച്ചാൽ ലളിതമായി പറഞ്ഞാൽ ആദ്യം ഉണ്ടായിരുന്ന എട്ടുകെട്ടിന്റെ പകുതി പൊളിച്ചു കളഞ്ഞാൽ പിന്നെയുള്ളത് നാലുകെട്ടു മാത്രാണ്. അതിനാകട്ടെ ഒറ്റയ്ക്ക് നിക്കാൻ ത്രാണിയുണ്ടാവുകയും ചെയ്യും. മറിച്ച് അതിനോട് എട്ടുകെട്ടിന്റെ ഒരു ഭാഗംകൂടി വര്വാ, ഒരു എട്ടുകെട്ടിന്റെ അസ്തിവാരവും താങ്ങും ഇല്ലാതിരിക്കുക, അങ്ങിനെയൊരു നില വന്നാൽ കെട്ടിടത്തിന് ദോഷമാണ്. ഒരു തോണിയിൽ പോകുമ്പോൾ നടുപ്പുഴയിൽനിന്ന് അതിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന സാമാനങ്ങളെല്ലാം കളയുകയാണെന്നു വിചാരിയ്ക്കു. അപ്പോഴെന്താണുണ്ടാവുക?’

‘തോണി ഒരു ഭാഗത്തേയ്ക്ക് താഴും.’

‘അതുതന്നെയായിരിക്കണം ഇവിടെയും പ്രിൻസിപ്ൾ. അതുകൊണ്ട് സംഭവിക്കുമെന്ന് അവർ പറയുന്ന ഫലങ്ങൾ പലപ്പോഴും ശരിയാവണമെന്നില്ല. അവിടെയാണ് അച്ഛനും വാസ്തുവുമായി പിണങ്ങുന്നത്.’

‘അപ്പൊ അമ്പലം ആ പഴേ കാരണോര് ഉണ്ടാക്കിച്ചതാണല്ലെ?’

‘അതെ.’

‘അച്ഛാ, എനിയ്ക്കു തോന്നണത് നിധി അതിന്റെ ഉള്ളിലായിരിക്കുംന്ന്. അച്ഛന് തോന്ന്ണ്‌ണ്ടോ?’

ഞാൻ ചിരിച്ചു.

‘അത്, മോളെ, വളരെ എളുപ്പം കിട്ടണ ഒരുത്തരല്ലെ? ഇത്ര എളുപ്പം കിട്ടാവുന്ന തരത്തിൽ ഒരു വലിയ നിധിയൊക്കെ ആരെങ്കിലും ഒളിപ്പിച്ചു വെയ്ക്കുമോ? അത്ര വലുതല്ല നിധിയെങ്കിൽ നമ്മൾ അതിനുവേണ്ടി ഒരു ദിവസം മെനക്കെട്ടാൽ ആ ദിവസം നഷ്ടമാണ്.’

‘നമുക്ക് ആ അമ്പലത്തില് നല്ലോണം നോക്കാം. അതിന്റെ ശരിയ്ക്കുള്ള സ്‌കെച്ചുണ്ടാക്കേം ചെയ്യാം.’

ദൂരെ വിട്ടുനിന്ന് നോക്കുമ്പോഴാണ് ആ പെരുന്തച്ഛന്റെ കഴിവ് മനസ്സിലാവുന്നത്. ആ നാലുകെട്ടും അതിനു വശത്തുള്ള അമ്പലവുംകൂടി ഒരു വലിയ ശില്പത്തിന്റെ പ്രതീതിയുണ്ടാക്കി. രണ്ടും വേറിട്ട വസ്തുക്കളാണെന്നേ തോന്നാത്തവിധം ഇഴചേർന്നിരിയ്ക്കുന്നു.

ചെറിയ നടപ്പാത അമ്പലത്തിലേയ്ക്കു നയിക്കുന്നു. നടപ്പാത അവസാനിയ്ക്കുന്നത് കരിങ്കൽപ്പടവുകളിൽ. മൂന്നാമത്തെ പടവിൽനിന്ന് അമ്പലത്തിന്റെ ഉള്ളിലേയ്ക്കു പ്രവേശിക്കാം. ഭഗവതിയാണ് പ്രതിഷ്ഠ. അമ്പലത്തിന്റെ ചുറ്റുമുള്ള പ്രദക്ഷിണവഴിക്ക് ഇരുവശത്തുമായി വേറിട്ട രണ്ടു ചെറിയ തറകളുണ്ട്. അതിന് ഉരുണ്ട് വണ്ണം കുറഞ്ഞ നാല് കാലുകൾകൊണ്ട് താങ്ങിനിർത്തിയ മേൽപ്പുരയും. ഇടതുവശത്തെ തറയിൽ ഗണപതിയാണ് പ്രതിഷ്ഠ. വലിയൊരു ഗണപതി. മറുവശത്തുള്ള തറ ഒഴിഞ്ഞുകിടക്കുകയാണ്. അതിൽ കാരണവന്മാരെയാണ് കുടിയിരുത്തിയിരിക്കുന്നതെന്നാണ് സങ്കല്പം. കാരണവന്മാർക്ക് ഗണപതിയ്ക്കുള്ള അതേ സ്റ്റാറ്റസ് കൊടുത്തിരിക്കുന്നു. എനിയ്ക്കു തോന്നിയത് ആ തറ അമ്പലത്തിന്റെ ഇരുവശവും പൊരുത്തപ്പെടാൻ വെറുതെ നിർമ്മിച്ചതാണെന്നാണ്. ഒരുമാതിരി വലുപ്പമുള്ള ഒരു സ്വകാര്യകുടുംബത്തിന്റേതെന്നു കാണുമ്പോൾ ഇത് സാമാന്യം വലിയ അമ്പലമാണ്. ഇതിനുള്ളിൽ കടന്നാണ് വന്ദന ദിവസവും സന്ധ്യക്ക് തിരി വെയ്ക്കുന്നത്. എനിയ്ക്ക് കുറച്ചൊരു പേടി തോന്നി. അമ്പലം ഓടാമ്പലിടുകയേ ചെയ്യാറുള്ളു. അപ്പോൾ ആർക്കെങ്കിലും അതിനുള്ളിൽ കയറി ഒളിച്ചിരിയ്ക്കാൻ പറ്റും. ഞാനിതുവരെ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല എന്നത് അദ്ഭുതമായിരിക്കുന്നു.

അമ്പലത്തിന്റെ സ്‌കെച്ചെടുത്തശേഷം ഞങ്ങൾ വീണ്ടും നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ അമ്പലത്തിന്റെ വാതിലടച്ചിട്ടില്ലെന്നു കണ്ടു. ഞാൻ തിരിച്ചുപോയി വാതിലടച്ചു. കണ്ണുകൾ വീണ്ടും ഗണപതിയുടെ പ്രതിഷ്ഠയിൽ ചെന്നുനിന്നു. ഭംഗിയുള്ള ഗണപതി. തുമ്പിക്കൈ വളരെ പ്രകടമായി കാണുന്നുണ്ട്. അമ്മായിയെയാണ് ഓർമ്മ വന്നത്. കനത്ത മഴയുള്ള ദിവസങ്ങളിൽ ഞാനും കുട്ടേട്ടനും ഇന്ദിരയും അമ്മായിയ്ക്കു ചുറ്റും ഇരിയ്ക്കാറുണ്ട്. കഥകൾ കേൾക്കാൻ. അങ്ങിനെയുള്ള ഒരു ദിവസമാണ് അമ്മായി ഗണപതിയുടെ ഉദ്ഭവത്തെപ്പറ്റി പറഞ്ഞത്. ഈ കഥ അധികൃതപാഠത്തിൽനിന്ന് വിഭിന്നമാണെങ്കിലും കേൾക്കാൻ രസമുണ്ട്. ഒരിക്കൽ ശ്രീപാർവ്വതി പരമശിവനുമായി സംസാരിച്ചിരിയ്ക്കുമ്പോൾ വെറുതെ ദേഹത്തുള്ള ചെളിയുരുട്ടി ഒരു മനുഷ്യരൂപമുണ്ടാക്കിയത്രെ. പരമേശ്വരനോട് ആവശ്യപ്പെട്ടപ്പോൾ അതിന് ജീവൻ വച്ചുകൊടുക്കുകയും ചെയ്തു. പാർവ്വതി അതിനെ സ്വന്തം പുത്രനായി വളർത്തി. അവൻ വീരനും ശൂരനുമായിരുന്നു. ഒരു യുദ്ധത്തിൽ ആ കുട്ടിയുടെ തല പോയി. പാർവ്വതി ശോകാകുലയായി അവനെ എടുത്തു, അടുത്തുതന്നെ കണ്ട ഒരു തലയുമായി യോജിപ്പിച്ചു. അതൊരു ആനയുടെ തലയായിരുന്നു. രാത്രിയായതുകൊണ്ട് അതു മനസ്സിലായില്ല. അങ്ങിനെയാണത്രെ ഗണപതിയ്ക്ക് ആനയുടെ തലയുണ്ടായത്. ഇത് ഞാൻ വേറെയെവിടെയും വായിച്ചിട്ടില്ല. ഈ കഥ ഞാൻ വന്ദനയോടു പറഞ്ഞപ്പോൾ അവൾ ഉറക്കെ ചിരിയ്ക്കാൻ തുടങ്ങി.

ചിരിയുടെ അന്ത്യത്തിൽ അവൾ വയർ അമർത്തിപ്പിടിച്ചു.

‘അച്ഛാ എനിക്ക് വിശക്കുണു. നമുക്ക് പോവ്വാ.’ അവളുടെ വിശപ്പ് അങ്ങിനെയാണ്. പെട്ടെന്നൊരു നിമിഷത്തിൽ എടുത്തു ചാടുന്നു. കുട്ടിക്കാലത്ത് എനിയ്ക്കും അങ്ങനെത്തന്നെയായിരുന്നു. അന്ന് കുട്ടേട്ടന്റെ ഒപ്പം കലവറയിലും അടുക്കളയിലും കട്ടുതിന്നാൻ നടക്കും. പിന്നെ വലുതായപ്പോൾ അതിനേക്കാൾ വലിയ പ്രശ്‌നങ്ങൾ വിശപ്പിനെ പിന്നിലേയ്ക്കു തളളി.

ഞങ്ങൾ തിരിച്ചു പോയി. പ്രാതൽ തയ്യാറായി വരുന്നു. ദേവി ഒരു പാത്രത്തിൽ എന്തോ കൂട്ടാൻ കൊണ്ടുവന്നു വെച്ചു. തുറന്നു നോക്കിയപ്പോൾ നല്ല കടലക്കറി. അപ്പോൾ ഇനി വരുന്നത് പിട്ടായിരിക്കും. എല്ലാം മേശപ്പുറത്തെത്തിയപ്പോൾ ഇന്ദിര പറഞ്ഞു.

‘നിങ്ങൾ കഴിച്ചോളു. എനിയ്ക്കായിട്ടില്ല. എനിയ്ക്ക് കുള്യൊക്കെ വേണം. ഞാനും ദേവീം കൂടി പിന്നെ കഴിക്കാം.’

അങ്ങിനെ ഞങ്ങൾക്ക് അളവറ്റ കുറ്റബോധവും ഉളവാക്കി അവൾ കസേലയിലിരുന്നു. ദേവി മേശയ്ക്കരികെ വന്നുനിന്നു, വിളമ്പാനെന്ന മട്ടിൽ. അവളുടെ ഉദ്ദേശ്യം അതൊന്നുമായിരുന്നില്ല എന്ന് ഉടനെ മനസ്സിലായി.

‘എന്താ രണ്ടീസായല്ലോ അച്ഛനും മോളും കൂടി വരയ്ക്കാൻ തൊടങ്ങീട്ട്. കഴിഞ്ഞില്ലെ?’

അവൾ ഉദ്ദേശിക്കുന്നത് എനിയ്ക്കു മനസ്സിലായി. ഇന്ദിരയോട് ചോദിച്ചാൽ സെൻസർ ചെയ്ത മറുപടിയേ കിട്ടു എന്നവൾക്കറിയാം. അപ്പോൾ നേരിട്ട് ചോദിയ്ക്കുകയാണ്. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഇതിലെല്ലാം എന്തൊക്കെയോ രഹസ്യമുണ്ടെന്ന് അവൾക്കു തോന്നും. ഞാൻ പറഞ്ഞു.

‘സത്യം പറയട്ടെ, പുറമെ ആരോടും പറയരുത്.’ ഞാൻ പറയാൻ തുടങ്ങിയപ്പോൾ ഇന്ദിര എന്റെ നേരെ നോക്കി കണ്ണുരുട്ടി. അവൾ വിചാരിച്ചത് നിധിയെപ്പറ്റിയാണ് ഞാൻ പറയാൻ പോകുന്നതെന്നാണ്. ദേവിയെ ആകാശവാണിയെന്നാണ് അവൾ വിളിക്കാറ്. ഇന്ദിരയുടെ നോട്ടം അവഗണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

‘ഞങ്ങക്ക് ഈ വീടും പറമ്പും വിൽക്കണംന്ന്ണ്ട്. കുട്ടേട്ടൻ കൊറേക്കാലായി പറയാൻ തൊടങ്ങീട്ട്. പെട്ടെന്നൊന്നും അല്ല. ഒരു രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്. ഇത്രേം വലിയ മുതല് വിൽക്കാൻ ഇക്കാലത്ത് ദല്ലാളന്മാരേം ഒന്നും ഏല്പിക്കില്ല. ഈ തറവാടിന്റെ പേരില് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കും. എന്നുവെച്ചാൽ കമ്പ്യൂട്ടറില് ഇന്റർനെറ്റ് വഴി ഈ കെട്ടിടത്തിന്റീം പറമ്പിന്റീം എല്ലാ വിവരും ലോകത്ത് ഏതു മൂലേല്ള്ള കമ്പ്യൂട്ടറിലും കിട്ടത്തക്ക വിധത്തിൽ ഒരു സംവിധാനം. ഇപ്പൊ പഴമ ഇഷ്ടപ്പെട്ണ ധാരാളം ആൾക്കാര് ഇന്ത്യയ്ക്ക് പൊറമെണ്ട്. അവര് നമ്ക്ക് ഇ—മെയിലയക്കും. അതായത് കമ്പ്യൂട്ടറിലേയ്ക്ക് കത്തയയ്ക്കും. അപ്പൊ നമ്മളൊരു വെല പറയ്യാ, അവര് ചെലപ്പൊ പെശകും. അല്ലെങ്കില് നമ്മള് പറഞ്ഞ വെല തന്ന് വാങ്ങൂം ചെയ്യും. ഇനി അതൊന്നും അല്ലെങ്കില് ഈ വക വസ്തുക്കള് ലേലത്തിന് വെയ്ക്കണ വെബ്‌സൈറ്റുകള്ണ്ട്. ഇ—ബേ എന്നൊക്കെ പേരില്. അവരെഏല്പ്പിച്ചാൽ മതി. നല്ല വെല കിട്ടും.

‘അപ്പൊ നല്ലൊരു വെബ്‌സൈറ്റുണ്ടാക്കണെങ്കില് ഇതിന്റ്യൊക്കെ ചിത്രങ്ങളും, വരച്ചുണ്ടാക്കിയ സ്‌കെച്ചുകളും അതില് ചേർക്കണം. അവർക്കിതിന്റെ വലുപ്പം അറിയാൻ. മനസ്സിലാവ്ണ്‌ണ്ടോ?’

‘എനിയ്ക്ക് ഇതൊന്നും മനസ്സിലാവില്ല. കരുണേട്ടന് മനസ്സിലാവും. മൂപ്പര് കമ്പ്യൂട്ടറൊക്കെ പഠിച്ചിട്ടാ ഗൾഫീപ്പോയത്. ഒരു കാര്യം എനിയ്ക്ക് മനസ്സിലായി ഇപ്പൊ വസ്തു വിൽക്കാനും കമ്പ്യൂട്ടറില് പുത്യേ പുത്യേ ഏർപ്പാടുകളുണ്ട്. മോള്‌ടെ കമ്പ്യൂട്ടറിലും അതൊക്കെ പറ്റ്വോ?’

‘എന്താ പറ്റാതെ?’

ദേവി പോയപ്പോൾ ഞാൻ പറഞ്ഞു.

‘ഇപ്പോൾ ഒരു കാര്യം മനസ്സിലായി.’

‘എന്ത്?’ ഇന്ദിരയും വന്ദനയും ഒരേപോലെ ചോദിച്ചു.

‘മോളിലിരിക്കണ കമ്പ്യൂട്ടറില് എനിക്കൊരവകാശവും ഇല്ല്യാന്ന്.’

‘എന്തേ?’ ഇന്ദിരയാണ് ചോദിച്ചത്. വന്ദന ചിരിയ്ക്കുകയായിരുന്നു.

‘അല്ലാ, ദേവി പറഞ്ഞത് കേട്ടില്ലെ, ‘മോള്‌ടെ’ കമ്പ്യൂട്ടറിലും ഇതൊക്കെ പറ്റ്വോന്ന്? മോളടെ കമ്പ്യൂട്ടറാണ്.’

‘സാരല്യ,’ വന്ദന ആശ്വസിപ്പിച്ചു. ‘അച്ഛന് വേണ്ടപ്പൊ കമ്പ്യൂട്ടറ് ഉപയോഗിച്ചോളു, വാടക തന്നാൽ മതി.’

‘അതേയ്…’ ഇന്ദിര എന്നെ സമാധാനിപ്പിക്കാൻ പറയാൻ തുടങ്ങി. അവൾക്ക് അത്ര പെട്ടെന്ന് തമാശ മനസ്സിലാവില്ല. ‘ദേവി ഇന്നലെ നെലം തൊടയ്ക്കാൻ പോയപ്പൊ മോള് കമ്പ്യൂട്ടറില് സ്‌കെച്ചുണ്ടാക്കണത് കണ്ടു. അപ്പൊ അവള് വിചാരിച്ചിട്ടുണ്ടാവും അത് വന്ദനട്യാണ്ന്ന്…’

ഞാനും വന്ദനയും ചിരിയ്ക്കാൻ തുടങ്ങി.

വന്ദനയെ മുകളിൽ സ്‌കെച്ചു വരയ്ക്കാൻ ഏല്പിച്ച് ഞാൻ വീണ്ടും പറമ്പിൽ നടക്കാനിറങ്ങി. എന്തെങ്കിലും സൂചന എന്റെ മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുമെന്ന മട്ടിലാണ് എന്റെ നടത്തം. ഞാൻ നിധിയോടടുക്കുകയാണോ? ചിലപ്പോൾ തോന്നും അല്ല, എനിയ്ക്കും കുട്ടേട്ടനും മുകളിലെ എഴുത്തുമേശയിൽനിന്ന് ചതുരംഗപ്പലകയും കാരണവരുടെ ജാതകവും കിട്ടിയ അതേ നിലയിൽത്തന്നെയാണിപ്പോഴും എന്ന്. അതിൽക്കൂടുതലായി എന്തറിവാണുണ്ടായിട്ടുള്ളത്? കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായി എന്നു മാത്രം. അതാകട്ടെ ഞാൻ നിധിയോടടുക്കുന്നു എന്നതിന്ന് ഒരു സൂചനയും തരുന്നുമില്ല. ഓരോ സൂചനയും ഒരിടനാഴികയുടെ അറ്റത്തു പോയി മുട്ടിനിൽക്കുന്ന പോലെ. അവിടുന്നങ്ങോട്ട് വാതിലില്ല, പോകാൻ വഴിയുമില്ല.

ഞാൻ മുക്കുകുത്തി വീഴേണ്ടതായിരുന്നു. എന്തൊക്കെയോ ആലോചിച്ച് നടന്ന് മുമ്പിലുണ്ടായിരുന്ന വെട്ടുകല്ലിൽ കാൽ തടഞ്ഞു. എന്തോ ഭാഗ്യത്തിന് വീഴാതെ രക്ഷപ്പെട്ടു. ആ വെട്ടുകല്ല് പണ്ടവിടെയുണ്ടായിരുന്ന ഒരു കൽത്തൂണിന്റെ അവശിഷ്ടമായിരുന്നു. കുട്ടിക്കാലത്ത് ഓടിക്കളിയ്ക്കുമ്പോൾ എപ്പോഴും കാണാറുള്ളതാണത്. അന്നതിന് കുറേകൂടി ഉയരമുണ്ടായിരുന്നു. ഇന്നത് ഒരു മാതിരി നിലത്തോടു ചേർന്ന നിലയിലാണ് കിടക്കുന്നത്. പണ്ടവിടെ ഒരു തൂണും അതിന്മേൽ ഒരു കുതിരയുടെ പ്രതിമയുമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഏതോ കാരണവരുടെ വളർത്തു മൃഗമായിരുന്നു ആ കുതിര. അതു ചത്തപ്പോൾ അതിന്റെ ഓർമ്മയ്ക്കായി ഉണ്ടാക്കിവച്ചതായിരുന്നു. പിന്നീടെപ്പോഴോ അതു തകർന്നു വീണെന്നു തോന്നുന്നു. തകർന്നു വീണ കുതിരയുടെ കഷ്ണങ്ങൾ അമ്മാവന്റെ കുട്ടിക്കാലത്ത് കണ്ടിരുന്നത്രെ. അമ്മായി കല്യാണം കഴിഞ്ഞ് ഈ തറവാട്ടിൽ വന്നപ്പോഴേയ്ക്ക് ആ കഷ്ണങ്ങളും അപ്രത്യക്ഷമായിരുന്നു. പൊളിഞ്ഞു തുടങ്ങിയ കൽത്തൂണ് മാത്രം അവശേഷിച്ചു. ഇപ്പോൾ എന്തായാലും ആ തൂണിന്റെ അടിത്തറയുടെ അംശങ്ങൾ മാത്രമേ കാണാനുള്ളു. എന്നെപ്പോലത്തെ സ്വപ്നജീവികളെ കാലിട്ട് വീഴ്ത്താൻ.

തള്ളവിരലിൽനിന്ന് ചോര കിനിഞ്ഞു തുടങ്ങി. വീട്ടിൽ പോയി കഴുകി വല്ല മരുന്നുമിടണം, ഇന്ദിര അറിയാതെ. അവളറിഞ്ഞാൽ ഇതൊരു വലിയ സംഭവമായി മാറും. കഴുകി മരുന്നുവെച്ചപ്പോഴാണ് വന്ദനയുടെ വിളി കേട്ടത്. ഞാൻ മുകളിൽ കയറി.

അവൾ സ്‌കെച്ചു നോക്കിയിരിക്കുകയാണ്.

‘അച്ഛാ, ഇതെന്താണ് ഒരു തൂണുപോലെ എന്തോ ഒന്ന്. താഴെ എന്തോ എഴുതീട്ടുംണ്ട്.’

ഞാൻ നോക്കി. ശരിയാണ്. പഴയ മലയാളത്തിൽ പ്രാകൃതമായി ‘കുതിര’ എന്നെഴുതിയിരുന്നു. കുതിര എന്നായിരിക്കുമെന്ന് ഞാൻ അനുമാനിക്കുന്നു. അതിനു താഴെ മലയാള ലിപിയിൽത്തന്നെ അക്കവും എഴുതിയിട്ടുണ്ട്.

മലയാളലിപിയിൽ അക്കങ്ങൾ കണ്ടുപിടിയ്ക്കാൻ അമ്മായിയുടെ രാമായണമാണ് എന്റെ സഹായത്തിനെത്താറ്. അതിന്റെ പേജ് നമ്പർ നോക്കി ഞാൻ മലയാള അക്കങ്ങൾ മനസ്സിലാക്കും. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മറന്നുപോകാനായി മാത്രം. ഞാൻ താഴെ പൂജാമുറിയിൽ പോയി രാമായണം തപ്പിയെടുത്തു. താഴെ എഴുതിയത് 1021. കുതിരയുടെ സ്മാരകമുണ്ടാക്കിയത് 1021ൽ ആയിരിക്കും. കലണ്ടർ നോക്കി ഏകദേശം ഇംഗ്ലീഷ് വർഷം കണ്ടു പിടിച്ചു. 1846. 160 കൊല്ലം മുമ്പുണ്ടാക്കിയ പ്രതിമയാണത്.

‘എന്താ അച്ഛന്റെ കാൽവെരലീന്ന് ചോര വരണത്?’

‘അതോ.’ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഞാനൊരു കുതിരപ്പുറത്തുനിന്ന് വീണു.’

‘കുതിരപ്പൊറത്ത്ന്ന് വീഴ്വേ?’ വന്ദന ചോദിച്ചു. ‘എന്താ ശരിയ്ക്ക് പറ്റീത്?’

‘ഈ പറമ്പിൽ ഒരു കുതിരടെ പ്രതിമണ്ടായിരുന്നു, ഒരു തൂണിന്മല്. കൊറെക്കാലം മുമ്പത്തെ കഥ്യാണ്. ഇപ്പൊ അവിടെ ഒന്നുംല്ല്യ. ഒന്നുംല്ല്യാന്ന് പറയാൻ പറ്റില്ല്യ. ആ തൂണിന്റെ അസ്തിവാരത്തിന്റെ ഒരു കഷ്ണം ബാക്കി നിക്ക്ണ്ണ്ട്. ആ തൂണായിരിയ്ക്കും ഈ സ്‌കെച്ചിൽ കൊടുത്തിട്ടുള്ളത്.’

ഞാൻ മുക്കുകുത്തി വീഴാൻ പോയത് വിവരിച്ചപ്പോൾ അവൾ ചിരിക്കാൻ തുടങ്ങി.

‘നന്നായിട്ട്ണ്ട്. ഇല്ലാത്ത കുതിരപ്പൊറത്ത്ന്ന് വീഴ്വാ അല്ലെ?’

പെട്ടെന്നാണ് എനിയ്‌ക്കൊരു തോന്നലുണ്ടായത്. ഞാൻ കുറച്ചുകാലമായി ഇടപഴകുന്നതു മുഴുവൻ ഇപ്പോൾ നിലവിലില്ലാത്ത സാധനങ്ങളുമായാണ്. തട്ടിൻപുറത്തെ ഇടനാഴികകൾ, അവിടെ നിന്ന് ഇറങ്ങിവരുന്ന കോണി, ഇട്ടിരാമൻ കാരണവരുടെ മുറിയിലേയ്ക്ക് ഇറങ്ങിവരുന്നതായി കാണുന്ന കോണി, തൂണിന്മേലുള്ള കുതിര. ഇതെല്ലാം എന്തിനെയൊക്കെയോ സൂചിപ്പിയ്ക്കുന്നില്ലെ? ഇനി ഇല്ലാത്ത ഒരു നിധിയുടെ പിന്നാലെയായിരിക്കുമോ ഞാൻ ഓടുന്നത്?