close
Sayahna Sayahna
Search

അവൻ വരും — ചില കാവ്യങ്ങളെക്കുറിച്ച്


അവൻ വരും — ചില കാവ്യങ്ങളെക്കുറിച്ച്
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

ഞാന്‍ കുറെക്കാലം ഒരു കൊടുങ്കാട്ടില്‍ താമസിച്ചതു കൊണ്ടു മാമരങ്ങള്‍ പ്രചണ്ഡവാതത്തിന്റെ അടിയേറ്റു മറിഞ്ഞു വീഴുന്നതു ചിലപ്പോഴെല്ലാം കണ്ടിട്ടുണ്ട്. കൊടുങ്കാറ്റില്‍ പച്ചിലപ്പടര്‍പ്പ് ഇളകിമറിയും. തായ്ത്തടി ചലനം കൊള്ളും. മരം അങ്ങോട്ടുമിങ്ങോട്ടും ആടിയാടി ചുവടിളകി ഭയജനകമായ ശബ്ദത്തോടെ നിലം പതിക്കും. അടുത്തുള്ള കൊച്ചുമരങ്ങള്‍ അതോടെ തകരും. വീണ മരത്തിന്റെ കൊമ്പുകള്‍ ഒടിഞ്ഞു നാലുപാടും ചിതറും. എങ്കിലും പച്ചിലച്ചാര്‍ത്ത് മറ്റു മാമരങ്ങളെ വെല്ലുവിളിക്കുന്നുവെന്ന രീതിയില്‍ ഉയര്‍ന്നു കാണപ്പെടും. പക്ഷേ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഓരോയിലയും കരിഞ്ഞുപോകും. ശാഖകളില്‍ പൂക്കളുണ്ടെങ്കില്‍ അവ കുറച്ചു നേരത്തേക്കു മാത്രമേ ശോഭ പ്രസരിപ്പിക്കുകയുള്ളു. ഓരോ നിമിഷവും അവ വാടും. വാടിവാടി കരിയും. ഒടുവില്‍ തടിമാത്രം ഉണ്ടായിരിക്കും. ഇക്കാഴ്ച കണ്ടതിനുശേഷം മഹാകവിത്രയത്തിന്റെ പതനവും ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ഈ കവികളുടെ വീഴ്ചയും എന്റെ അന്തര്‍നേത്രം പല തവണ കണ്ടിട്ടുണ്ട്. അവരും മാമരങ്ങളായിരുന്നല്ലോ. എന്നാല്‍ ഒരു വ്യത്യാസം. കൊടുംകാന്താരത്തിലെ മാമരത്തിന്റെ പൂക്കള്‍ വാടിപ്പോയി. കവികളാകുന്ന ഈ മഹാവൃക്ഷങ്ങള്‍ നിലംപതിച്ചിട്ടും അവരുടെ കാവ്യപുഷ്പങ്ങള്‍ വാടാതെ നില്‍ക്കുന്നു. ‘കരുണ’, ‘മഗ്ദലനമറിയം’, ‘സ്വരരാഗസുധ’ ഈ പൂക്കള്‍ സൗന്ദര്യത്തിന്റെ മയൂഖങ്ങള്‍ പ്രസരിപ്പിക്കുന്നു. ആശയത്തിന്റെ പരിമളം വ്യാപിക്കുന്നു. ഈ ദൃശ്യം നവീനകാലത്ത് ഇല്ല. കാരണം സ്പ്ടഷ്ടമാണ്. ഇന്നു വന്‍മരങ്ങളില്ല. കൊച്ചു കൊച്ചു ചെടികളേയുള്ളൂ. അവ ചുവടിളകി വീഴുന്നതോ

കരിഞ്ഞുപോകുന്നതോ നമ്മള്‍ അറിയാറില്ല. ഇതുമാത്രമല്ല. എന്റെ യൗവനകാലത്തു കാവ്യപുഷ്പങ്ങള്‍ വിടര്‍ന്നുവരുന്നത് വലിയ സംഭവമായി കരുതപ്പെട്ടിരുന്നു. ‘മലയാളരാജ്യം’ ചിത്രവാരികയും ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പും എത്തുന്ന ദിവസങ്ങള്‍ ഞാനും കൂട്ടുകാരും കാത്തിരിക്കുമായിരുന്നു. അവയില്‍ ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവന്‍പിള്ളയുടെയും കാവ്യങ്ങള്‍ വരുന്നതു കാണുമ്പോള്‍തന്നെ ഞങ്ങള്‍ക്കുലഹരിയാണ്. വല്ലാത്ത ചലനം അവ ഉളവാക്കിയിരുന്നു. വാരിക കാണുന്ന ദിവസം മാത്രമല്ല, വളരെ ദിവസ്ങ്ങളിലേക്ക് ആ ലഹരിയും ചലനാത്മകതയും എനിക്കും കൂട്ടുകാര്‍ക്കും ഉണ്ടായിരിക്കും. മാന്ത്രിക ശക്തിയുടെ മറ്റൊരു രൂപമായിരുന്നു അന്നത്തെ കവിത. ഇതു വെറും ബാല്യകാല കൗതുകമായിരുന്നില്ല എന്നതിനു തെളിവ് ഇന്നും ആ കാവ്യങ്ങള്‍ വായിക്കുമ്പോള്‍ അന്നുണ്ടായ ഹര്‍ഷോന്മാദം ഉണ്ടാകുന്നു എന്നതു തന്നെ. ഈ വിധത്തിലുള്ള അനുഭവം ഇന്നത്തെ ഏതു കാവ്യം ജനിപ്പിക്കുന്നുവെന്നു ഞാന്‍ സവിനയം ചോദിച്ചുകൊള്ളട്ടെ.

ഈ ചോദ്യത്തോടുകൂടിയാണ് ഞാന്‍ ചില കാവ്യങ്ങളെ സമീപിക്കുന്നത്. പക്ഷേ ആ സമീപനം നടത്തുമ്പോള്‍ വന്‍മരങ്ങളുടെ പ്രൗഢിയും ഉജ്ജ്വലതയും ഞാന്‍ അവയില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല എന്നുകൂടി പറയട്ടെ. മഹാസാഗരത്തില്‍ വൈപുല്യമാര്‍ന്ന ജലജന്തുക്കള്‍ ചലനം കൊള്ളുന്നു. ഒരു സ്ഫടിക ഭാജനത്തില്‍ ആ കടല്‍വെള്ളം ഒതുക്കി കുറച്ചു സ്വര്‍ണമല്‍സ്യങ്ങളെയിട്ടാല്‍ അതും നന്ന്. ആദ്യത്തേതിന് ഉദാത്ത സൗന്ദര്യം. രണ്ടാമത്തേതിനു ഹ്രസ്വാകാരത്തിന്റെ സൗന്ദര്യം. കോഹിനൂര്‍ രത്നത്തിന് അതിന്റേതായ ഭംഗി. കുന്നിക്കുരുവിനുമുണ്ട് അതിന്റേതായ ഭംഗി. കുന്നിക്കുരുവിനുമുണ്ട് അതിന്റേതായ രാമണീയകം. അതു ദര്‍ശിക്കാനേ എനിക്കു താല്‍പര്യമുള്ളു.

ദുര്‍ദശ

ആ താല്‍പര്യത്തോടെ കാവ്യങ്ങളെ വീക്ഷിക്കുമ്പോള്‍ ആദ്യമായി എന്റെ അവധാനത്തിനു വിഷയമാകുന്നത് സമകാലികമായ ദുര്‍ദ്ദശതന്നെയാണ്. ദുര്‍ദ്ദശ ലോകമാരംഭിച്ച ദിനം മുതല്‍ ഉണ്ടെങ്കിലും ഇന്ന് അതിനു തീക്ഷ്ണതയും സാന്ദ്രതയും വന്നുകൂടിയിരിക്കുന്നു. മനുഷ്യന്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വിഷാദമഗ്നനായിരിക്കുന്നു; നിരാശനായിരിക്കുന്നു. ഭൗതികത്വമോ ആധ്യാത്മികത്വമോ അവന് ആശ്വാസമരുളുന്നില്ല. അരക്ഷിതാവസ്ഥയുടെ ആക്കം കൂടി അവന്‍ മരണത്തെ ആശ്രയസ്ഥാനമായി കണ്ടു തുടങ്ങിയിരിക്കുന്നു. ധനികനും ദരിദ്രനും ഇക്കാര്യത്തില്‍ സദൃശരാണ്. ഈ ദയനീയാവസ്ഥ കണ്ടു കൂടുതല്‍ വികാരതരളിതരാകുന്നത് കവികളാണ്. കാരണം, അവര്‍ക്കു ചൈതന്യ — സൂക്ഷ്മതയും കരുണാര്‍ദ്രതയും കൂടുമെന്നതുതന്നെ. ഈ സവിശേഷതകളാണ് ഏറ്റുമാനൂര്‍ സോമദാസന്റെ ‘വാല്മീകകാണ്ഡം’ എന്ന കാവ്യത്തിനു ചേതോഹരത്വം നല്‍കുന്നത്. കാവ്യത്തിലെ വാല്മീകി കവി മനസ്സിന്റെ പ്രതീകമാണെന്നു സോമദാസന്‍തന്നെ പറയുന്നുണ്ട്. ശ്രീരാമനും വാല്മീകിയും ജീവിച്ച ത്രേതായുഗം അധ്യാത്മികത്വത്തിന്റെ പരിമളം പ്രസരിപ്പിച്ചതായതുകൊണ്ടു കവിമനസ് കലിയുഗത്തിന്റെ കുല്‍സിതത്വത്തിലേക്കു വന്നെത്തിയതിനു യുക്തിയുണ്ട്. വാല്മീകി അതിനാല്‍ ‘ത്രേതായുഗ മഹാരഥ്യതാണ്ടി’ സമകാലിക ജീവിതരഥ്യയില്‍ വന്നു നില്‍ക്കുന്നു. ഇവിടെ “കരിഞ്ഞു കരിവാളിച്ച കൽ വിളക്കിന്‍ നഖങ്ങളില്‍ കരിന്തിരിത്തുമ്പുപോലെ കാലം ജീര്‍ണിച്ചു” നില്‍ക്കുന്നു. ഇതും ഇതുപോലുള്ള ദൃശ്യങ്ങളും കണ്ടു ശാന്തി നശിച്ചു “കൊണ്ടലിന്‍ ഗര്‍ഭകോശത്തില്‍ കൊള്ളിമീനുപോലെ” വാല്മീകി — കവിമനസ്സ് — മറഞ്ഞു. ലക്ഷ്യരഹിതങ്ങളായ ദിവാസ്വപ്നങ്ങളല്ല കവി ഈ കാവ്യത്തില്‍ ആവിഷ്കരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവന നവീന യാഥാര്‍ഥ്യത്തെ മൂര്‍ത്തബിംബങ്ങളിലൂടെ സ്ഫുടീകരിക്കുകയാണ്. സത്യാത്മകതയുടെ പ്രത്യക്ഷീകരണമാണ് ഏറ്റുമാനൂര്‍ സോമദാസന്റെ ഈ കാവ്യം.

“ശിവശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും ന ചേദേവം ദേവോ നഖലു കുശലഃ സ്പന്ദിതുമപി” എന്നു സൗന്ദര്യലഹരി (ഹേ ഭഗവതി, ശിവോ ദേവഃ ശക്ത്യാ യുക്തോ ഭവതി യദി, തദാ പ്രഭവിതും ശക്തഃ ഏവം ന ചേത്, സ്പന്ദിതുമപി കുശലോ ന ഖലു — ശിവന്‍ ജഗന്നിര്‍മ്മാണ ശക്തിയോടു യുക്തനായാല്‍ ഈ പ്രപഞ്ചനിര്‍മാണത്തിനു ശക്തനത്രേ. അങ്ങനെയല്ലെങ്കില്‍ ശിവന് സ്പന്ദിക്കാന്‍ പോലും — ചലനം കൊള്ളാന്‍ പോലും കഴിയുകയില്ല.) ശിവനും ശക്തിയും ഒന്നിച്ചു ചേര്‍ന്നു കുമാരോല്‍പാദനം നടത്തണമെന്നു പ്രാര്‍ഥിക്കുന്ന കുമ്മിള്‍ സുകുമാരനും ഇന്നത്തെ അപൂര്‍ണതയില്‍നിന്നു പൂര്‍ണതയിലേക്കു പോകാന്‍, ജാഡ്യത്തില്‍നിന്നു ചലനാത്മകതയിലേക്കു പോകാന്‍ ആഹ്വാനം നടത്തുകയാണ്. (ഗൗരീശങ്കരം” എന്ന കാവ്യം) സമകാലികമായ ഒരു ബിന്ദുവില്‍ കവിതയെ — കൊണ്ടുനിര്‍ത്തുമ്പോള്‍ അതിനു പരിമിതത്വം വന്നുപോകും. അങ്ങനെ നിറുത്താതെതന്നെ സമകാലികാവസ്ഥയെ വ്യഞ്ജിപ്പിക്കാന്‍ കവിക്കു കഴിയുന്നുണ്ട്. ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയും ഈ ദുര്‍ദ്ദശയെത്തന്നെ ‘പുലിക്കൂട്’ എന്ന കാവ്യത്തിലൂടെ പ്രതിപാദിക്കുന്നു. കാവ്യം കാവ്യമാകുന്നതു കവി വിഷയത്തെ നിരീക്ഷിക്കുമ്പോഴല്ല, വിഷയം നിരീക്ഷിക്കപ്പെടുമ്പോഴാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഈശ്വരന്‍ നമ്പൂതിരി ആ സാരസ്വതരഹസ്യം ഗ്രഹിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.

വളളത്തോളിന്റെയോ ചങ്ങമ്പുഴയുടെയോ ഇടപ്പള്ളി രാഘവന്‍പിള്ളയുടെയോ കാവ്യങ്ങള്‍ വായിക്കുമ്പോള്‍ അവര്‍ക്കു തങ്ങളുപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് അതിരു കടന്ന ബോധം ഉണ്ടായിരുന്നതായി നമുക്കു തോന്നുകില്ല. “പീലിപ്പുരികുഴല്‍ കെട്ടഴിഞ്ഞുണ്ണിതന്‍ തോളില്‍പ്പതിഞ്ഞതിന്‍ തുമ്പുകളില്‍, വെള്ളത്തിന്‍തുള്ളികളൊട്ടൊട്ട് നിന്നാടി വെള്ളിയലുക്കുകളെന്നപോലെ”{ എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ അദ്ദേഹത്തിനു വാചികാവബോധം ഉണ്ടായിരുന്നതായി ആരു പറയും? “ഇന്നലെ രാത്രിയില്‍ ഞാനൊരു പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങി” എന്നു ചങ്ങമ്പുഴയും “കൂടുമടച്ചു ഞാനെന്‍, മണിമച്ചിലെ വാടാവിളക്കു കെടുത്തിടട്ടെ” എന്ന് ഇടപ്പള്ളിയും എഴുതുമ്പോള്‍ അവര്‍ക്ക് ഇംഗ്ലീഷില്‍ Verbal awareness എന്നു പറയുന്ന ദോഷമുള്ലതായി പറയാനേ സാധ്യമല്ല. അതല്ല മനുഷ്യദുര്‍ദ്ദശയെ കൗരവന്‍മാരില്‍ ആരോപിച്ച് അതിനു കാരണക്കാരായവരുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്ന ‘ഗാന്ധാരി’ എന്ന കാവ്യത്തിലുള്ളത്. (പി.എം. ഗോവിന്ദനുണ്ണിയുടേത്) ആശയത്തിന്റെയും വാക്കുകളുടെയും ഒച്ചയാണ് കൂടുതലും.

വിളമ്പിടട്ടെ ഞാന്‍ പിഴുതെടുത്തൊരെന്‍
കരള്‍-മിഴികളും മൃതശരീരവും
ഇനി വരൂ കാന്താ-മുരാന്തകാ നീയും
രുചികരം നന്നായുടഞ്ഞു വെന്തൊരെന്‍

തലച്ചോര്‍ ഭക്ഷിക്കു. എന്നു കവി കവിതയിലെ വാഗ്മിത നേരിട്ടു ‘കേള്‍ക്കുന്നതല്ല.’ പ്രച്ഛന്നസ്ഥിതനായി “കേള്‍ക്കപ്പെടുന്ന”താനെന്ന അഭിജ്ഞമതം ഓര്‍മ്മിക്കേണ്ടതാണ്.

ഫ്രഞ്ചെഴുത്തുകാരന്‍ സ്റ്റാങ്ദല്‍ (Stendhal, 1783–1842) പ്രേമത്തെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ ഗ്രാമത്തിലെ മരക്കൂട്ടത്തിനിടയിലൂടെ സുന്ദരിപ്പെണ്‍കുട്ടി ഓടിമറയുന്നതു വര്‍ണ്ണിച്ചിട്ടുണ്ടെന്ന് ഓര്‍മ എന്നോടു പറയുന്നു. കവിത ഇതുപോലെയാവണം എന്നെനിക്കു തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ എന്റെ ഒരു കല്പനയായിക്കൊള്ളട്ടെ. പാതയിലൂടെ നടന്നുപോകുന്ന യുവാവിനെ ഭവനത്തിന്റെ മതിലിനിപ്പുറമുള്ള പച്ചിലച്ചാര്‍ത്തിലൂടെ ഒളിഞ്ഞുനോക്കുന്ന സുന്ദരിയായ യുവതിയെപ്പോലിരിക്കണം കവിത. അലങ്കാരമെല്ലാം ഉപേക്ഷിച്ചു പറയട്ടെ നിഗൂഢതയാണു വേണ്ടത്; വിവൃതസ്വഭാവമല്ല. ഗ്രാമപ്പെണ്‍കൊടി ദ്രഷ്ടാവിന്റെ മുന്‍പില്‍ സ്വന്തം സാന്നിദ്ധ്യമാകെ വ്യക്തമാക്കിക്കൊണ്ടു നിന്നാല്‍, സ്ത്രീത്വത്തിന്റെ സമ്പൂര്‍ണമായ ആവിഷ്കാരമെന്നപോല്‍ യുവതി ഗെയ്റ്റിനു മുന്‍പില്‍ വന്നു നിന്നാല്‍ ആര്‍ക്കെന്തു കൗതുകം? ഈ വിവൃതസ്സ്വഭാവമാണ് പ്രൊഫസര്‍ സി.ജെ. മണ്ണുമ്മൂടിന്റെ ‘കാല്യനക്ഷത്രവും കാത്ത്’ എന്ന കാവ്യത്തിനുള്ളത്. സമകാലികമനുഷ്യന്‍ മുങ്ങിച്ചാകുന്നവനു സദൃശനാണ്. വെള്ളത്തില്‍ താഴുന്നു. ജലാശയത്തിന്റെ താഴെത്തൊടുന്നു കാലുകല്‍കൊണ്ട്. എന്നിട്ടും വീണ്ടും ഉയരുന്നു. പിന്നെയും താഴുന്നു. ആരും രക്ഷിക്കാനാവില്ല. രക്ഷിക്കാനെത്തിയെങ്കില്‍! ആ രക്ഷിതാവാണ് മണ്ണുമൂടിന്റെ ‘കാല്യനക്ഷത്രം’ പദസന്നിവേശം, ബിംബാവിഷ്കാരം ഇവയിലെല്ലാം ചിരപരിചിതത്വം. വിശേഷലക്ഷണം ആവഹിക്കാതെ അപൂര്‍വകല്പകത്വം പ്രദര്‍ശിപ്പിക്കാതെ കാവ്യം രചിക്കുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ല,

രാമായണകഥ

നമ്മുടെ നാട്ടില്‍–ഭാരതത്തില്‍ –രാത്രിയായിരിക്കുമ്പോള്‍ മറ്റൊരു രാജ്യത്തു പ്രകാശമുണ്ടല്ലോ. ശരിയാണത്. സൂര്യന്‍ അവിടെ പ്രകാശിക്കുമ്പോൾ ഭൂമിയുടെ മറുവശത്ത് അന്ധകാരം ആയേ പറ്റു. പക്ഷേ ഇവിടെ എന്നും ഇരുട്ടേയുള്ളു. ആ ഇരുട്ടുമാറിക്കിട്ടാനാണു പാപ്പനംകോടു പ്രഭാകരന്റെ അഭിലാഷം. അതിനെ രാമായണ കഥയിലേക്കു സംക്രമിപ്പിച്ച് അദ്ദേഹം ആവിഷ്കരിക്കുമ്പോള്‍ ദൗര്‍ഭാഗ്യത്താല്‍ കവിതയുടെ സത്യമില്ല. അതിന്റെ മാന്ത്രികത്വമില്ല.

‘എവിടെത്തേടേണ്ടു ഞാനീ വിഷഭൂവില്‍, ഗ്രാമ
ഹരിതശ്യാമം, പൂത്ത വെള്ളാമ്പല്‍ക്കുളങ്ങളെ
രാഗമാലിക മൂളും തുമ്പിയെ, ത്തണലേകി
ത്തീരത്തുതുള്ളും നെല്ലിക്കാടിനെ, ച്ചിരട്ടയില്‍
മണ്ണപ്പമുണ്ണും കളിക്കൂട്ടരെ ? ദൂരത്തുണ്ണി
ക്കണ്ണന്റെയോടുക്കുഴല്‍ക്കുളിരോവിളിക്കുന്നു!’

പ്രൊഫസര്‍ സനാതനന്‍പിള്ളയുടെ ‘അഭയ’ മെന്ന കാവ്യത്തിലെ ഈ വരികളില്‍ സരസ്വതീദേവിയുടെ വീണാവാദനത്തില്‍നിന്നുയരുന്ന നാദം കേള്‍ക്കുന്നുണ്ടെങ്കിലും, ആ കാവ്യം ഭാവനാപരമായ സാക്ഷാത്കാരത്തിനുള്ള യത്നമായി അനുഭവപ്പെടുന്നുണ്ടെങ്കിലും സര്‍ഗാത്മകവും ഉദ്ഗ്രഥിതവുമായ ഭാവനാശക്തികൊണ്ടു പ്രതിപാദ്യത്തെ പരിവര്‍ത്തനം ചെയ്യുന്ന ചലനാത്മകശക്തി അതിനില്ല. ഇതു തന്നെയാണ് കെ. പൊന്ന്യത്തിന്റെ “ആരോ അടുത്തുണ്ട്’’ അപ്പന്‍ തച്ചേത്തിന്റെ “ധര്‍മ്മ സങ്കടങ്ങള്‍” ഡോക്ടര്‍ പേരവള്ളി ശശിയുടെ “നക്ഷത്രഗാഥ,” രാജു വള്ളികുന്നത്തിന്റെ “കീറ്റ്സ് വായിക്കുമ്പോള്‍,” കെ. ടി. കൃഷ്ണവാരിയുടെ ‘സത്യവതി’, മേലത്തു ചന്ദ്രശേഖരന്റെ ‘കഥാവശേഷം’, ശ്രീധരനുണ്ണിയുടെ ‘അരുളപ്പാട്’, ഈ കാവ്യങ്ങളെക്കുറിച്ച് എനിക്കു പറയാനുള്ളത്. കാവ്യനിര്‍മിതിയില്‍ അവര്‍ അവിദഗ്ദ്ധരാണെന്നു ഞാന്‍ സൂചിപ്പിക്കുന്നതുപോലുമില്ല. എന്നാല്‍ കവിത വായിക്കുമ്പോള്‍ പഞ്ഞിക്കെട്ടില്‍ തീ പിടിച്ചതുപോലുള്ള ഒരനുഭവം എനിക്കുണ്ടാകണം. അതിനു കഴിയാത്ത കാവ്യങ്ങള്‍ സത്യത്തിന്റെ സീതോപല പ്രപഞ്ചം എനിക്കു സൃഷ്ടിച്ചു തരികയില്ല.

ആ സായാഹ്നത്തില്‍ ഞാന്‍ ശംഖുമുഖം കടപ്പുറത്തേക്കു ചെന്നപ്പോള്‍ ദൂരെ ഒരവ്യക്തരൂപം കണ്ടു. പെണ്‍കുട്ടി. അവള്‍ ആരെയോ കാത്തിരിക്കുകയാണ്. അടുത്തടുത്തു ചെല്ലുന്തോറും അവള്‍ ദുഃഖപരവശയാണെന്ന് എനിക്കു കാണാന്‍ കഴിഞ്ഞു. പെട്ടെന്ന് അങ്ങകലെ മറ്റൊരു രൂപം കാണാറായി. ഒരു യുവാവ്. അയാള്‍ പെണ്‍കുട്ടിയുടെ അടുത്തേക്കു നടക്കുകയാണ്. അയാള്‍ അടുക്കുന്തോറും അവളുടെ വൈവശ്യം മാറിത്തുടങ്ങി. ആഹ്ലാദത്തിന്റെ രശ്മികകള്‍ മുഖത്തു ശോഭ വീശിത്തുടങ്ങി. ഒടുവില്‍ അവര്‍ രണ്ടുപേരും വളരെനേരം സംസാരിച്ചിട്ടു പോകാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ ഊര്‍ജത്തിന്റെയും കാന്തിയുടെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നു ഞാന്‍ കണ്ടു. പ്രഭാവര്‍മ്മയുടെ ‘ഹൃഷീകേശ്’ എന്ന കാവ്യം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഇതേ ഊര്‍ജം, ഇതേ കാന്തി. ഇതാണ് കവിതയുടെ പരിവര്‍ത്തന ശക്തി. ഹൃഷീകേശ് പ്രതിരൂപമാണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. പിറക്കാത്ത ഹൃഷീകേശിനെ കൊതിച്ചുള്ള കവിയുടെ ആത്മനിവേദനം.

ആയിരംവട്ടം വിളിച്ചു ഞാന്‍ പാഴ്മേഘ
മാര്‍ഗങ്ങളില്‍ വാടി വീണുപോയ്‌വാക്കുകള്‍
ആവുംവിധം ഞാന്‍ തിരിഞ്ഞൂ; സൗരോജ്വല
ജ്വാലയിലെങ്ങോ കരിഞ്ഞുപോയ് കണ്ണുകള്‍
മാനത്തു മേഘങ്ങള്‍ മായും നിഴല്പാടി
ലാരിട്ടുപോയ്‌ മയില്പീലിയും പൂക്കളും.

എന്നു കവി ചോദിക്കുമ്പോള്‍ അതില്‍ കാവ്യഹൃദയത്തിന്റെ സ്പന്ദനമുണ്ടെന്നു ഞാനറിയുന്നു. ഒരു വൈകാരിക പ്രതിസന്ധി സൃഷ്ടിച്ച് — ജീവിതത്തെക്കുറിച്ചു പാടാനുള്ള കഴിവു നശിക്കുന്നതിന്റെ പ്രതിസന്ധിസൃഷ്ടിച്ച് — അഭിലാഷ സാഫല്യത്തിനുവേണ്ടി അഭിലാഷം പ്രകടിപ്പിക്കുന്ന ‘ഹിന്ദോളം’ എന്ന കാവ്യത്തിനും (ആലങ്കോട് ലീലാകൃഷ്ണന്റേത്) സത്യത്തിന്റെ നാദമുയര്‍ത്താന്‍ സാധിക്കുന്നുണ്ട്. ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ ‘വൃക്ഷഗീതം’ യഥാര്‍ഥത്തില്‍ മനുഷ്യഗീതംതന്നെയാണ്. നര്‍മ്മബോധം പ്രകടിപ്പിക്കുന്ന ‘പക്ഷിശാസ്ത്രം’ (പാട്യംവിശ്വനാഥ്) ആ നര്‍മ്മത്തിലൂടെ ഗൗരവമാര്‍ന്ന ഒരു വിഷയം സ്ഫുടീകരിക്കുന്നു. വിലാപകാവ്യങ്ങള്‍ ഒരു വിഷയം സ്ഫുടീകരിക്കുന്നു. വിലാപകാവ്യങ്ങള്‍ക്കു സ്വാഭാവികമായുള്ള അത്യുക്തിയോടെ ‘സൂര്യാസ്തമയ’ത്തില്‍, അന്തരിച്ച ഒരു മഹാന്റെ ചിത്രം വരയ്ക്കുന്നു രാധാകൃഷ്ണന്‍ വെങ്കിടങ്ങ്. അന്തരീക്ഷത്തിലൂടെ ചിറകുവിരിച്ചു ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്ത് ചിലപ്പോള്‍ വിചാരിച്ചിരിക്കാത്ത സ്ഥലത്തേക്കു താണുവന്ന് ഇരിപ്പുറപ്പിക്കും. ഇവരുടെ കാവ്യവിഹംഗമങ്ങള്‍ അവ നേരത്തേകൂട്ടി കണ്ട സ്ഥലത്തുതന്നെ വന്ന് ഇരിക്കുന്നുണ്ട്.

വിയോഗത്തിന്റെ വേദന. എന്നാലും ആ വേദനയെ ലഘൂകരിക്കുന്ന വസ്തുക്കളും വസ്തുതകളും. ഒടുവില്‍ വിയോഗത്തിന്റെ മാത്രം വേദന. പുനസ്സമാഗമത്തിനുമാത്രം കൊതി. ഇവയെ വിഷയത്തിന് അനുരൂപമായ ലയത്തോടുകൂടി ഖണ്ഡമയമായി ആലേഖനം ചെയ്യുന്ന ‘സ്മൃതിമാതൃക’ത്തിന്ന് (കെ. വി. ബേബിയുടെ രചന) ഒട്ടൊക്കെ ചാരുതയുണ്ട്. അങ്ങനെ ഒടുവില്‍ നമ്മള്‍ കമലാദാസിന്റെ കാവ്യങ്ങളിലേക്കു വരികയാണ്. തര്‍ജ്ജമയില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിതയെന്ന് ആരോ പറഞ്ഞത് കമലാദാസിന്റെ കാവ്യങ്ങളുടെ തര്‍ജ്ജ്മകളെക്കുറിച്ചുമാത്രമല്ല, എല്ലാക്കവികളുടെയും കാവ്യപരിഭാഷകളെക്കുറിച്ചും സത്യമാണ്. ഇവിടെ ചേര്‍ത്തിരിക്കുന്ന പല കാവ്യങ്ങളുടെയും ‘ഒറിജിനല്‍’ ഞാന്‍ വായിച്ചിട്ടുണ്ട്. അവയുടെ ശക്തിയും സംഗീതാത്മകതയും ധിഷണയോടു ബന്ധപെട്ട ആശയങ്ങളെ ആകര്‍ഷകത്വമുള്ള ബിംബങ്ങളാക്കുന്ന പ്രവണതയും ഭാഷാന്തരീകരണങ്ങളില്‍ ഇല്ലാതാവുന്നു. അത്, തര്‍ജ്ജമ ചെയ്ത ഏബ്രഹാംകൊന്നക്കുഴിയുടെ അവിദഗ്ദ്ധതയല്ല. ആരു തര്‍ജ്ജമ ചെയ്താലും ഇതൊക്കെയേ സംഭവിക്കൂ. എങ്കിലും കമലാദാസിന്റെ ആശയ പ്രപഞ്ചത്തിലേക്ക് — വികാര പ്രപഞ്ചത്തിലേക്കല്ല–അനുവാചകനു പ്രവേശിക്കാന്‍ ഇതു സാഹായമരുളുന്നുണ്ട്. മൂലകൃതികളുടെ തീക്ഷ്ണതയും രൂപ ശില്പത്തിന്റെ സാന്ദ്രീകൃതാവസ്ഥയും തര്‍ജ്ജമകളിള്‍ ഇല്ലെങ്കില്‍ത്തന്നെയെന്ത്?

സങ്കേതങ്ങള്‍

ഇവിടെ വിമര്‍ശനവിധേയങ്ങളും നിരൂപണവിധേയങ്ങളുമാക്കിയ കാവ്യങ്ങളില്‍ ഏറിയകൂറും ഈ കാലയളവുകളിലെ സങ്കേതങ്ങളാല്‍ ഭരിക്കപ്പെടുന്നവയാണ്. ആ സങ്കേതങ്ങള്‍ കാലയളവുകളിലെ സംസ്കാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ സങ്കേതങ്ങളെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ വൈരസ്യമുണ്ടാകും. ‘ശാകുന്തളം’ നാടകം ജീനിയസ്സിന്റെ ഫലമാണ്; ‘മേഘസന്ദേശം’ ജീനിയസിന്റെ വേറൊരു ഫലമാണ്. ‘രഘുവംശം’ കാവ്യവും അങ്ങനെ തന്നെ. എന്നാല്‍ അവയുളവാക്കിയ സങ്കേതങ്ങള്‍ അതേ രീതിയില്‍ സംസ്കൃതത്തിലും മലയാളത്തിലും ആവർത്തിക്കപ്പെട്ടപ്പോള്‍ സാഹിത്യം രസശുഷ്കമായി. ഇതില്‍നിന്നു സഹൃദയരെ മോചിപ്പിക്കണമെങ്കില്‍ കാളിദാസനെപ്പോലെ മറ്റൊരു ജീനിയസ് ഉണ്ടാകണം. കേരളത്തില്‍ മഹാകവിത്രയം നിര്‍മ്മിച്ചുവച്ച സങ്കേതങ്ങള്‍ പരിപാലിച്ചുകൊണ്ടു പില്‍ക്കാലത്തെ കവികള്‍ കാവ്യങ്ങള്‍ രചിച്ചപ്പോള്‍ അവ മണല്‍ക്കാടുകളെപ്പോലെ ശുഷ്കമായി ബ്ഭവിച്ചു. അപ്പോഴാണ് ആ സങ്കേതങ്ങളെ ഭഞ്ജിച്ചുകൊണ്ടു ചങ്ങമ്പുഴ എന്ന ജീനിയസിന്റെ ആവിര്‍ഭാവം. ചങ്ങമ്പുഴയ്ക്കുശേഷം കവികള്‍ ഇല്ലെന്നല്ല പറയുന്നത്. അവരെ ജീനിയസ്സുകളായി കരുതാന്‍ വയ്യ എന്നേ അഭിപ്രായമുള്ളു. ഈ കവികളില്‍ നിന്നു വിഭിന്നരായി കുറെ പദ്യമെഴുത്തുകാര്‍ പടിഞ്ഞാറന്‍ കവിതയുടെ സങ്കേതങ്ങളെ അന്ധമായി സ്വീകരിച്ചുകൊണ്ടു വിഹരിക്കാന്‍ തുടങ്ങിയപ്പോള്‍ ‘ഇതാ

നവീനകവിത’ എന്നു ചിലര്‍ ആക്രോശിച്ചു തുടങ്ങി. ആക്രോശം ഒരുതരത്തിലുള്ള ഹിസ്റ്റീരിയ സൃഷ്ടിക്കും. ഹിറ്റ്ലറുടെ ആക്രോശങ്ങള്‍ നാത്സികളുടെ ഹിസ്റ്റീരിയ സൃഷ്ടിച്ചില്ലേ? അപ്പോള്‍ ഭൂരിപക്ഷം ജനതയും അയാള്‍ പറയുന്നതാണു ശരിയെന്നു പ്രഖ്യാപിച്ചില്ലേ? കാലം കഴിഞ്ഞപ്പോള്‍ ആ ഹിസ്റ്റീരിയ കെട്ടടങ്ങി. നവീനകവിത എന്ന ഹിസ്റ്റീരിയ ഇപ്പോള്‍ കെട്ടടങ്ങി വരുന്നു. ആ കാവ്യരീതിയുടെ ഉദ്ഘോഷകരെ നെഞ്ചേറ്റി ലാളിച്ചവര്‍ തങ്ങളുടെ തെറ്റു മനസ്സിലാക്കി വരുന്നു. ഇങ്ങനെ മലയാളസാഹിത്യത്തില്‍ രണ്ടു കവിതാ പ്രവാഹങ്ങളുണ്ട്. ഒന്ന്: പാരമ്പര്യത്തെയും സങ്കേതത്തെയും ആദരിക്കുന്നത്. ആ പ്രവാഹത്തില്‍ കളിവഞ്ചിതുഴയുന്നവരെയാണ് നമ്മള്‍ ഇവിടെ കണ്ടത്. രണ്ട് : പടിഞ്ഞാറന്‍ പാരമ്പര്യത്തെയും സങ്കേതത്തെയും അംഗീകരിക്കുന്നത്. ആ പ്രവാഹത്തില്‍ കെച്ചുതോണിയിറക്കി കുറെപ്പേര്‍ തുഴഞ്ഞുകൊണ്ടിരിക്കുന്നു. ഇവരുടെ തോണിതുഴയല്‍ കാണാന്‍ ആദ്യകാലത്തുണ്ടായിരുന്നവര്‍ ഇന്നില്ല. ക്രമേണ ഇവര്‍ കരയ്ക്കുകയറുമെന്നും ആദ്യത്തെ പ്രവാഹത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ വഞ്ചിതുഴയലിന്റെ സങ്കേതങ്ങളെ ലംഘിച്ചുകൊണ്ട് ഒരു ജീനിയസ് ആവിര്‍ഭവിക്കുമെന്നും തെറ്റ് ഒട്ടുമില്ലാതെ ഭാവികഥനം നിര്‍വഹിക്കാം.

വരും

ജനക്കൂട്ടം കാത്തുനില്ക്കുകയാണ്. അവന്‍ — ജീനിയസ് — വരും. മിന്നല്‍ക്കൊടിയെന്നപോലെ, പ്രചണ്ഡവാതമെന്നപോലെ, മഹാതരംഗമെന്നപോലെ അവന്‍ വരും. അങ്ങനെ കാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഇതെഴുതുന്ന ആളുമുണ്ട്.