close
Sayahna Sayahna
Search

ഇനി ഇതാവർത്തിക്കരുത്!


ഇനി ഇതാവർത്തിക്കരുത്!
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്

കൽക്കത്തയിൽ ഞാൻ ആദ്യകാലത്ത് ജോലി ചെയ്ത കമ്പനിയുടെ മാനേജർക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്നെനിക്ക് പതിനേഴ് വയസ്സു പ്രായമേ ഉള്ളൂ. ആ പ്രായത്തിൽ ഒരാളെ എന്തു ജോലിയും ഏല്പിക്കാം. അത് എന്റെ ഡ്യൂട്ടിയല്ല, ഇത് ഞാൻ ചെയ്താൽ മോശമല്ലെ എന്നൊന്നും ആലോചിക്കില്ല. ജോലി ചെയ്യാൻ അമിതമായ ഉത്സാഹവും. വൈകുന്നേരം അഞ്ചുമണിയാവാൻ കാത്തിരിക്കുന്ന സ്വഭാവമില്ല. അഞ്ചരമണി കഴിഞ്ഞാൽ പക്ഷേ വിശപ്പു സഹിക്കവയ്യാതായാൽ ഞാൻ പോട്ടെ എന്നു ചോദിക്കും. അപ്പോൾ ‘വൈ ആർ യു ഇൻ എ ഹറി, മിസ്റ്റർ ഹൊറി’ എന്നൊക്കെ പ്രാസമൊപ്പിച്ച് പറയും, ഒപ്പംതന്നെ പ്യൂണിനെ വിട്ട് ഒരു സമോസയും ചായയും വരുത്തിത്തരികയും ചെയ്യും. ഒരു സമോസ കിട്ടിയാൽ ഏഴു മണി വരെ ജോലി ചെയ്യാൻ അന്നു ഞാൻ തയ്യാറായിരുന്നു. സമോസയുടെ കാര്യത്തിൽ ഇന്നും ഏകദേശം അതൊക്കെത്തന്നെ സ്ഥിതി.

മാനേജർക്ക് നാല്പതു വയസ്സോളം പ്രായമുണ്ടാവും. അവിവാഹിതനായിരുന്ന അദ്ദേഹം താമസിച്ചിരുന്നത് പാർക് സ്റ്റ്രീറ്റിലെ ഒരു അഞ്ചുനില കെട്ടിടത്തിലാണ്. ഞാൻ ബാലിഗഞ്ചിലും. ഇടയ്ക്ക് വൈകുന്നേരം അദ്ദേഹം കാറിൽ കയറിക്കോളാൻ പറയും. ചൗറങ്കിവരെ ലിഫ്റ്റു കിട്ടുന്നതുകൊണ്ട് ഞാൻ പോകും. വല്ലപ്പോഴും വീട്ടിലേയ്ക്കു ക്ഷണിക്കും. പക്ഷേ എനിക്കു വേണ്ട കാപ്പിയും പലഹാരങ്ങളും ഞാൻതന്നെ ഉണ്ടാക്കേണ്ടി വരും. മൂപ്പര് ചെന്ന ഉടനെ ഷെൽഫിൽ നിന്ന് കുപ്പിയെടുത്ത് ഗ്ലാസ്സിൽ നിറച്ച് ഫ്രിജ്ജിൽ നിന്ന് ഐസ് ക്യൂബുകൾ ഇട്ട് കുടിക്കാൻ തുടങ്ങും. ഒരു പ്ലെയ്റ്റിൽ മിക്ചറും അടുത്തുവച്ചിട്ടുണ്ടാവും. കുടിയുടെ ദൂഷ്യഫലങ്ങളെപ്പറ്റി ഒരു ചെറിയ ക്ലാസ്സും തരും. മിക്ചർ തിന്നുന്നതിൽ അത്രതന്നെ കുഴപ്പമില്ലെന്നും വേണമെങ്കിൽ എടുക്കാമെന്നും പറയും. തമാശക്കാരൻ! ഞാൻ ബ്രെഡ്ഡ് എടുത്ത് ധാരാളം വെണ്ണയും പഞ്ചസാരയും ചേർത്ത് സാന്റ്‌വിച്ചുണ്ടാക്കി കാപ്പിയോടൊപ്പം അകത്താക്കും.

ഒരു ദിവസം മാനേജരുടെ അമ്മായിയും മകളും മിഡ്‌നാപ്പൂരിൽ നിന്ന് വന്നു. അവർ താമസിക്കുന്നത് ഭവാനിപ്പൂരിൽ ഒരു ബന്ധുവിന്റെ ഒപ്പമാണ്. അവർക്ക് സ്ഥലങ്ങൾ കാണാനും ഷോപ്പിങ്ങിനും കാർ വേണമെന്നു പറഞ്ഞു. അഞ്ചുമണിയ്ക്ക് കാർ കൊടുത്തയക്കാമെന്നേറ്റു. ഭവാനിപ്പൂർവരെ തിരക്കില്ലാതെ പോകാമെന്നുള്ളതു കൊണ്ട് നേരത്തെ കാറിൽ പൊയ്‌ക്കോട്ടെ എന്നു മാനേജരോട് ചോദിച്ചു. എന്തോ ദയ തോന്നി എന്നെ പറഞ്ഞയച്ചു. ഒപ്പംതന്നെ അവർക്കു കൊടുക്കാനായി ഒരു പാക്കറ്റും തന്നയച്ചു.

സ്ഥലം കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഡ്രൈവറുടെ ദിശാബോധം കാരണം വല്ലാതെ അലയേണ്ടി വന്നില്ലെന്നു മാത്രം. ഒരു പഴയ കെട്ടിടത്തിന്റെ പിന്നിലൂടെ പോയി മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അവരുടെ താമസം. ഒരു വൃദ്ധദമ്പതികളുടെ ഒപ്പം. അവർ ആരാണെന്നൊന്നും ഞാൻ അന്വേഷിച്ചില്ല. മാനേജർ തന്നയച്ച പൊതി അവർക്കു കൊടുത്ത് കാറും ഡ്രൈവറും താഴെയുണ്ടെന്നു പറഞ്ഞ് ഒഴിയാനായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ അവർ എന്നെ വിട്ടില്ല. ചായയും പലഹാരങ്ങളും തന്ന് സൽക്കരിച്ചുവെന്നു മാത്രമല്ല വേറെ പരിപാടികളൊന്നുമില്ലെങ്കിൽ ഞാൻ അവരുടെ ഒപ്പം ചെല്ലണമെന്നുകൂടി പറഞ്ഞു. നല്ലവരും ലോകത്തുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അങ്ങിനത്തെ ഒരു കുടുംബത്തിൽ എന്റെ ബോസ്സ് മാത്രം എന്തേ ഇങ്ങിനെ ആവാൻ എന്നുകൂടി ഞാൻ മനസ്സിൽ കുറിച്ചു.

അങ്ങിനെ അവരുടെ ഗൈഡായി കൽക്കത്ത മുഴുവൻ കറങ്ങി. ഷോപ്പായ ഷോപ്പെല്ലാം തൂത്തുവാരി എട്ടു മണിയായപ്പോൾ ഒരു നല്ല റെസ്റ്റോറണ്ടിൽ കയറി സുഭിക്ഷമായി ഡിന്നറും കഴിച്ച് തിരിച്ചു പോകാൻ ഒരുങ്ങി. കാർ ചൗറങ്കിയിൽ പാർക് സ്റ്റ്രീറ്റിന്റെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു. ബാനർജി സാർ ഇവിടെ അടുത്താണ് താമസിക്കുന്നത്, അദ്ദേഹത്തെ കാണണോ? അമ്മ മകളുടെ മുഖത്തും മകൾ അമ്മയുടെ മുഖത്തും നോക്കി. പിന്നെ രണ്ടുപേരും എന്റെ മുഖത്തും. ‘ശരി പോവാം.’

അഞ്ചാം നിലയുടെ ലാന്റിങ്ങിൽ ലിഫ്റ്റിന്റെ തൊട്ട മുമ്പിലാണ് ബാനർജിയുടെ ഫ്‌ളാറ്റ്. ഞാൻ ബെല്ലടിച്ചു കാത്തുനിന്നു. ഉള്ളിൽ യാതൊരനക്കവുമില്ല. വെളിച്ചമുണ്ടെന്ന് വാതിലിന്റെ അടിയിൽക്കൂടി കാണാമായിരുന്നു.

‘അങ്ക്ൾ ഉറങ്ങുകയാവുമോ?’ മരുമകൾ സംശയം പറഞ്ഞു.

‘ഇത്ര നേരത്തെ ഉറങ്ങുമോ? സമയം ഒമ്പതായിട്ടല്ലേ ഉള്ളൂ?’ അമ്മ.

‘ഒന്നുകൂടി ബെല്ലടിച്ചുനോക്കു.’

ഞാൻ മടിച്ച് കൈ ബെല്ലിന്റെ അടുത്തേയ്ക്കു കൊണ്ടുപോയി. ബെല്ലമർത്തുമ്പോഴേയ്ക്ക് വാതിൽ തുറക്കുകയും ബാനർജി സാർ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഞാൻ ചെയ്ത കാര്യം ശരിക്കും അബന്ധമായെന്ന് ആ നിമിഷത്തിൽ മനസ്സിലായി. സ്വന്തം കുടുംബാംഗങ്ങളെപ്പോലും സ്വീകരിക്കാൻ പറ്റിയ ഒരു നിലയിലായിരുന്നില്ല അദ്ദേഹം. ഒരു രാത്രി വസ്ത്രം ധരിച്ചിട്ടുണ്ട്. വെള്ളയിൽ നീല വരയുള്ള ഒരു വസ്ത്രം. അതിന്റെ നടുവിലെ രണ്ടു ബട്ടൺ മാത്രമേ ഇട്ടിട്ടുള്ളൂ. തലമുടി പാറിപ്പറന്നിരിക്കുന്നു. പൈജാമയുടെ ചരട് ഒരറ്റം തൂങ്ങിക്കിടക്കുന്നു. ഒരു ജയിൽപ്പുള്ളിയെപ്പോലെ തോന്നിച്ചു ആ മനുഷ്യൻ. എന്നെ ഒരു നോട്ടം നോക്കിയ ശേഷം വാതിൽ മുഴുക്കെ തുറന്നിട്ട് അദ്ദേഹം സോഫയിൽ പോയിരുന്നു. ആ നോട്ടത്തിൽ ഞാൻ വെന്തു ചാമ്പലാവാതിരുന്നത് എന്തു സുകൃതം കൊണ്ടാണാവോ.

മകൾ സോഫയിൽ ഇരുന്നു. അമ്മ പറഞ്ഞു. ‘എനിക്കൊന്ന് ബാത്‌റൂമിൽ പോണം.’

അയാൾ കിടപ്പറയിലേയ്ക്ക് ചൂണ്ടിക്കാട്ടി. ഫ്‌ളാറ്റിൽ ഒരു ബാത്‌റൂമേ ഉള്ളൂ. പിന്നെ ഉള്ളത് അടുക്കളയ്ക്കപ്പുറത്തെ വർക് ഏരിയയിലെ ചെറിയ ടോയ്‌ലറ്റാണ്. അമ്മ പോയ ഉടനെ മകൾ പറഞ്ഞു.

‘അങ്ക്ൾ, എനിക്ക് കുറച്ചു വെള്ളം കുടിക്കണം.’ അവൾ എഴുന്നേറ്റ് അടുക്കളയുടെ ഭാഗത്തേയ്ക്ക് പോകാൻ ഒരുങ്ങി.

അയാൾ പെട്ടെന്ന് അവളെ തടഞ്ഞു.

‘നീ അവിടെ ഇരിക്ക്. ഹൊറി കൊണ്ടുവന്നു തരും.’ അയാൾ എന്നെ നോക്കി പറഞ്ഞു. ‘ഹൊറി, ഇവർക്ക് രണ്ടുപേർക്കും കുറച്ചു വെള്ളം കൊണ്ടുവന്നു കൊടുക്കു.’

ഞാൻ എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു. ഹാളിൽനിന്ന് ഒരു ചെറിയ ഇടനാഴി പിന്നിട്ടാണ് അടുക്കള. അടുക്കളയിലെത്തിയപ്പോൾ പെട്ടെന്ന് ആരോ വർക്ഏരിയയിലേയ്ക്കു മാറിയപോലെ തോന്നി. വെറും തോന്നലായി രിക്കാം എന്നു കരുതി ഞാൻ അതു വകവെയ്ക്കാതെ വെള്ളമെടുക്കാൻ ഫ്രിജ്ജ് തുറന്നു. പെട്ടെന്ന് വീണ്ടും ഒരു നിഴൽ, വർക്ഏരിയയിൽ നിന്ന്. ഫ്രിജ്ജ് അടച്ച് ഞാൻ വർക്ഏരിയയിലേയ്ക്കു നടന്നു. അവിടെ വാതിലിന്റെ മറവിൽ ഒരു ചെറുപ്പക്കാരി നിന്നിരുന്നു. പാവാടയും ബ്ലൗസും വേഷം ബ്ലൗസിന്റെ മുകളിലെ രണ്ടു കുടുക്കുകൾ വിട്ട നിലയിലാണ്. അവൾ ധൃതിയിൽ കയ്യിൽ പിടിച്ച സാരി ഉടുക്കാനുള്ള ശ്രമത്തിലാണ്. ഇത്രയും സമയംകൊണ്ട് അവൾക്ക് ബ്ലൗസും പെറ്റിക്കോട്ടും മാത്രമേ ഇടാൻ കഴിഞ്ഞിട്ടുണ്ടാവൂ. എന്നെ കണ്ടപ്പോൾ ശ്രമം ഉപേക്ഷിച്ച് നിസ്സഹായയായി എന്റെ മുഖത്തു നോക്കി നിൽപ്പായി. ഞാൻ തിരിഞ്ഞ് ഫ്രിജ്ജിൽ നിന്ന് വെള്ളത്തിന്റെ കുപ്പിയും മേശപ്പുറത്തു നിന്ന് രണ്ട് ഗ്ലാസ്സുകളും എടുത്ത് ഹാളിലേയ്ക്കു നടന്നു.

അവർ വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ‘ഡ്രൈവർക്ക് അല്പം ധൃതിയുണ്ടെന്ന് പറഞ്ഞിരുന്നു. അയാൾക്ക് ഇനി കാർ തിരിച്ച് ഇവിടെ കൊണ്ടുവന്നുവച്ച് ബസ്സിൽ സിയാൽഡയിൽ പോയി സബർബ്ബൻ ട്രെയ്ൻ പിടിച്ച് പോകണം.’

‘ശരി നമുക്ക് പോകാം. ‘അവർ എഴുന്നേറ്റു.

ഞാൻ അന്ന് ഒരു വലിയ പാഠം പഠിച്ചു. എല്ലാവർക്കും അവരവരുടേതായ സ്വകാര്യതയുണ്ട്. അതിൽ അതിക്രമിച്ചു കടക്കുന്നത് മാന്യതയല്ല. മുൻകൂട്ടി അറിയിക്കാതെ അവരെ വീട്ടിൽ കൊണ്ടു വന്നതിന് ഞാൻ മാനേജരോട് പിറ്റേന്ന് മാപ്പു ചോദിച്ചു. എന്നെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം ആ വലിയ മനുഷ്യൻ ഇതു മാത്രം പറഞ്ഞു.

‘ഇനി ഇതാവർത്തിക്കരുത്.’