close
Sayahna Sayahna
Search

ഇരുട്ടില്‍നിന്നു് ഇരുട്ടിലേക്ക്


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇരുട്ടില്‍നിന്നു് ഇരുട്ടിലേക്ക്

ഫ്രഞ്ച് മഹാകവി ബോദലര്‍ “പൂതിമാംസം” എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്. ഒരു ദിവസം കവിയും അദ്ദേഹത്തിന്റെ പ്രേമഭാജനവുംകൂടി നടക്കാന്‍പോയി. മനോഹരമായ പ്രഭാതം. അവര്‍ പാതയുടെ ഒരു വളവു തിരിഞ്ഞപ്പോള്‍ അസാന്മാര്‍ഗികമായ ജിവിതം നയിക്കുന്ന സ്ത്രീയെപ്പോലെ കാലുകള്‍ മുകളിലേയ്ക്കു് ഉയര്‍ത്തി ഒരു മൃഗത്തിന്റെ മൃതദേഹം കിടക്കുന്നതു കണ്ടു. അതിന്റെ അഴുകുന്ന വയറില്‍നിന്നു വിഷം പ്രവഹിച്ചു. അതിനെ പൊരിച്ചെടുക്കാനെന്നപോലെ സൂര്യന്‍ ആ അഴുകിയ മാംസത്തില്‍ രശ്മികള്‍ വീഴ്ത്തി. അതു് പുഷ്പം പോലെ വിടരുന്നതു് ആകാശം നോക്കുന്നു. ഈച്ചകള്‍ അഴുകിയ വയറിനുചുററും മൂളി. കറുത്ത ക്രിമികള്‍ ‘ബററാലിയന്‍’ പോലെ ഒഴുകി. പ്രേമഭാജനം ഈ നാററം ശ്വസിച്ചും വൈരൂപ്യം കണ്ടും ബോധംകെട്ടുവീണു. പാറക്കെട്ടിനു പിറകില്‍നിന്നു്, രൂക്ഷസ്വഭാവമാര്‍ന്ന ഒരു പട്ടി കവിയേയും കാമുകിയേയും നോക്കി. അവരൊന്നു മാറിയെങ്കില്‍ ശേഷിച്ച മാംസം തിന്നാമല്ലോ എന്നാണ് അതിന്റെ വിചാരം. കവി അവളോടു പറഞ്ഞു: “എന്റെ നയനങ്ങളുടെ നക്ഷത്രമേ, എന്റെ പ്രകൃതിയുടെ സൂര്യനേ, എന്റെ മാലാഖേ നീയും അന്ത്യകൂദാശയ്ക്കുശേഷം മണ്ണിനടിയിലാകുമ്പോള്‍ ഇതുപോലെയാകും. അപ്പോള്‍ ചുംബനങ്ങള്‍ കൊണ്ടുനിന്നെ വിഴുങ്ങുന്ന ക്രിമിയോടു പറയൂ, ജീര്‍ണ്ണിച്ച എന്റെ പ്രേമഭാജനത്തിന്റെ രൂപവും ദൈവികമായ സാരാംശവും ഞാന്‍ എങ്ങനെ അമരത്വത്തിലേക്കു കൊണ്ടുചേന്നുവെന്നു്.”

ബോദലറിന്റെ ഈ കാവ്യം സുന്ദരമാണ്. പക്ഷെ അതു് ജീര്‍ണ്ണതയെ അമരത്വത്തിലേക്കു കൊണ്ടുചെന്നിരിക്കുകയാണ്. മലയാള സാഹിത്യത്തിലെ പേരുകേട്ട “ഖസാക്കിന്റെ ഇതിഹാസം” ഇതുപോലെ ജീര്‍ണ്ണതയ്ക്കു ശാശ്വതസ്വഭാവം നല്‍കിയിരിക്കുന്നു. ഈ നോവലിനു രൂപശില്പമുണ്ട്. സുവ്യക്തമായ സാരാംശമുണ്ട്. അതിനാല്‍ അതിന്റെ കലാപരമായ മേന്മയെക്കുറിച്ചു രണ്ടു പക്ഷമില്ല. പരിഷ്കൃതനായ മനുഷ്യന്‍ ഏതേതു മൂല്യങ്ങളെ അവലംബിച്ചുജീവിക്കുന്നുവോ അവയെല്ലാം അയഥാര്‍ത്ഥങ്ങളാണെന്നു പറയുകയാണ് നോവലിസ്ററ്. പരിഷ്കാരമുള്ള മനുഷ്യന്‍ തെററായ സങ്കല്പമാണ് സ്വീകരിച്ചിരിക്കുന്നതു് എന്നാണ് അദ്ദേഹത്തിന്റെ മതം. മൂല്യബോധത്തോടുകൂടിയാണല്ലോ നമ്മള്‍ ജീവിക്കുക. മനുഷ്യനെ മൃഗത്തില്‍നിന്നു മാററിനിറുത്തുന്നതു് ഈ മൂല്യബോധമാണു്. രാമന്‍ രാവണനെക്കാള്‍ നല്ലവനാണനെന്നും പൃഥ്വിരാജ് കപൂര്‍ അദ്ദേഹത്തന്റെ മകനേക്കാള്‍ നല്ല അഭിനേതാവാണെന്നും ഞാന്‍ പറയുന്നതു മൂല്യബോധത്താലാണ്. “മാര്‍ത്താണ്ഡവര്‍മ്മ”യിലെ അനന്ത പത്മനാഭന്‍ “ഖസാക്കിന്റെ ഇതിഹാസ”ത്തിലെ രവിയെക്കാള്‍ നല്ലവനാണെന്നു് നമ്മള്‍ കരുതുന്നതും മൂല്യബോധത്താല്‍തന്നെ. ഈ ചിന്താഗതി ശരിയല്ലെന്നാണ് ഖസാക്കിന്റെ ഇതിഹാസമെഴുതിയ ഒ. വി. വിജയന്‍ പ്രത്യക്ഷമായും പരോക്ഷമായും പറയുക. മനുഷ്യന്‍ ജീവശാസ്ത്രപരമായ തലത്തിലാണ് ജീവിക്കുന്നതെന്ന് രവി സ്ഥാപിക്കുന്നു. അയാള്‍ക്ക് ഇച്ഛാശക്തിയില്ല. മൂല്യങ്ങളെക്കുറിച്ചു ബോധമില്ല. ജീവിച്ചിരിക്കുകമാത്രമാണ് അയാള്‍ ചെയ്യുന്നത്. വയററില്‍ ചാരായം ഒഴിയുമ്പോള്‍ രവി വീണ്ടും ചാരായമൊഴിക്കുന്നു. അയാള്‍ യോഗിനിയുടെ കറവിക്കച്ച മാറിച്ചുറ്റുന്നതും ചിററമ്മയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതും ഖസാക്കിലെ അനേകം സ്ത്രീകളോടു ബന്ധപ്പെടുന്നതും മൂല്യനിരാസത്താലാണ്. ജനങ്ങള്‍ക്കു സ്വതന്ത്രമായ ഇച്ഛാശക്തിയില്ല. അവര്‍ ജീവിതത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് ജീവിതം ജീവിക്കാനുള്ളതല്ലെന്നു പ്രകടമാക്കി യാദൃച്ഛികമായ സര്‍പ്പദംശനം എന്നതില്‍ ആത്മഹത്യയെ പൊതിഞ്ഞ് രവി ഇഹലോകവാസം അവസാനിപ്പിക്കുന്നു. ഈ നോവലിന്റെ കലാസൗഭഗത്തിനെതിരായി എനിക്കു് ഒരു വാക്കുപോലും പറയാനില്ല. എങ്കിലും വിജയന്റെ ജീവിത വീക്ഷണഗതിയോട് എനിക്കു യോജിക്കാന്‍ വയ്യ. വിജയന്‍ മാത്രമല്ല വിശ്വസാഹിത്യത്തിലുമുണ്ട് ഈ ജീവിത വീക്ഷണഗതിയുള്ളവര്‍. ഷാങ് പോള്‍ സാര്‍ത്ര്, വില്യം ഗോള്‍ഡിങ് ഇവര്‍ ചിലര്‍ മാത്രം. കലാസൗഭഗം ഇവരുടെ കൃതികള്‍ക്കു എങ്ങനെയുണ്ടായിയെന്നു് ചിലര്‍ ചോദിക്കാനിടയുണ്ട്. ഉത്കൃഷ്ടമായ ജീവിതവീക്ഷണഗതിയും രൂപഭംഗിയും ഒരുമിച്ചു ചേരുമ്പോഴല്ലേ കലാസൗകുമാര്യം ജനിക്കുന്നതു് എന്ന അവരുടെ ചോദ്യത്തിനു സാംഗത്യമില്ലാതില്ല. അതിനു ഞാന്‍ നല്‍കുന്ന സമാധാനം താജ്മഹലിനകത്തു് കൊലപാതകികള്‍ താമസിച്ചാല്‍ ആ ശവകുടീരത്തിന്റെ സൗന്ദര്യത്തിനു ഒരു ലോപവും വരില്ല എന്നാണ്.

ഒ. വി. വിജയന്റെ നോവലിനോട് പാറപ്പുറത്തിന്റെ ഒരു ചെറുകഥയെ തട്ടിച്ചുനോക്കുന്നതുകൊള്ളാം. കഥ പറയുന്ന ആള്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയാണ്. അയാളുടെനേരെ മുമ്പിലുള്ള സീററില്‍ സുന്ദരിയായ പെണ്‍കുട്ടിയുണ്ട്. അയാളുടെ നോട്ടത്തില്‍നിന്ന് രക്ഷപ്രാപിക്കുവാനായി അവള്‍ ഒരു വാരികയെടുത്തു വായനതുടങ്ങി. ‘എന്താണ് വായിക്കുന്നതു്?’ എന്നു് അയാള്‍ പെണ്‍കുട്ടിയോടു ചോദിച്ചു “ഒരു തുടര്‍ക്കഥയാണ്” “എന്തേ അതിലിത്ര താല്‍പര്യം” “ഈ കഥാകാരന്‍ ഞങ്ങളുടെ കഥ എഴുതുന്നയാളാണ്” “എന്നു് പറഞ്ഞാലാ?” “ഞാന്‍ പട്ടാളത്തില്‍ നേഴ്സാണ്. അവിടെവച്ച് ഇതു പതിവായി വായിച്ചിരുന്നു. അപ്പച്ചനു സുഖമില്ലെന്നു കമ്പികിട്ടിയതനുസരിച്ച് നാട്ടില്‍പോയി. ഇപ്പോള്‍ തിരിച്ചു ജോലിസ്ഥലത്തേയ്ക്കു പോവുകയാണ്. ഇടയ്ക്കു രണ്ടാഴ്ച ഈ തുടര്‍ക്കഥ വായിക്കാന്‍ സാധിച്ചില്ല. “അയാളുടെ നോവല്‍ അത്രയ്ക്കു ഇഷ്ടമോ?” “അതേ.”

ഊണുകഴിഞ്ഞ് അവള്‍. അതിനുശേഷം വീണ്ടും കഥ വായിച്ചുതുടങ്ങി. അപ്പോള്‍ അയാള്‍ ചോദിച്ചു; “ഇയാളുടെ ഏററവും പുതിയ നോവല്‍ വായിച്ചിട്ടുണ്ടോ?” “ഇല്ല” അയാള്‍ പെട്ടിതുറന്നു് ആ പുതിയ നോവലെടുത്തുകൊടുത്തു. അവള്‍ വായനയും തുടങ്ങി. കുറേനേരം വായിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്കിറങ്ങേണ്ട തീവണ്ടിയാപ്പീസായി. അവള്‍ പുസ്തകം തിരിച്ചുകൊടുത്തപ്പാള്‍ “അതു കുട്ടിയുടെ കൈയിരിക്കട്ടെ” എന്നു് അയാള്‍ അറിയിച്ചു. “അയ്യോ വേണ്ട, പുതിയ പുസ്തകം” “അങ്ങനെയല്ല. അതു കൈയിലിരിക്കട്ടെ.” തീവണ്ടി സ്റ്റേഷനില്‍ വന്നുനിന്നു. അയാള്‍ പുസ്തകം വാങ്ങി അതിലെന്തോ എഴുതിയിട്ട് തിരിച്ചുകൊടുത്തു. അവള്‍ പ്ളാററ്ഫോമില്‍ ഇറങ്ങിനിന്ന് പുസ്തകം നോക്കി. “അജ്ഞാതയായ പെണ്‍കുട്ടിക്കു് പാറപ്പുറത്തു്” അതുകണ്ട അവള്‍ക്കു് ഹര്‍ഷോന്‍മാദം. തന്റെകൂടെ അത്രയുംനേരം യാത്ര ചെയ്തതു് താനേററവും ആരാധിക്കുന്ന കലാകാരനാണല്ലോ എന്നു് മനസിലാക്കി ആദരാല്‍ഭൂതങ്ങളോടുകൂടി അവള്‍ നില്‍ക്കുമ്പോള്‍ തീവണ്ടി പതുക്കെപ്പതുക്കെ നീങ്ങിത്തുടങ്ങുന്നു. പാറപ്പുറത്തു് കഥ അവസാനിപ്പിക്കുന്നു. “അജ്ഞാതയായ പെണ്‍കുട്ടീ, നിന്റെ കഥ ഞാനെഴുതിയിരിക്കുന്നു നീ ഇതു വായിക്കുമോ എന്നെനിക്കു് അറിഞ്ഞുകൂടാ.”

(ഓര്‍മ്മയില്‍ നിന്നാണ് ഞാനിതു സംഗ്രഹിച്ചെഴുതിയതു്. വാക്കുകള്‍ പാറപ്പുറത്തിന്റേതായിരിക്കില്ല. മാപ്പ്)

സ്നേഹം, ബഹുമാനം, കലാസ്നേഹം ഈ മൂല്യങ്ങളെയെല്ലാം പാറപ്പുറത്തു് ഇതില്‍ പ്രകീര്‍ത്തിക്കുന്നു. വിജയന്റെ നോവല്‍ മൂല്യനിരാസം നടത്തി വായനക്കാരനു് അസ്വസ്ഥത ഉളവാക്കുന്നു. പാറപ്പുറത്തിന്റെ കഥയ്ക്കു മാനസികോന്നമനം ജനിപ്പിക്കാനുള്ള ശക്തിയുണ്ട്. വിജയന്റെ നോവലിന് അതില്ല. മാനുഷികമൂല്യ പ്രകീര്‍ത്തനമാണ് പാറപ്പുറത്തിന്റെ കഥയ്ക്കു ഉത്കൃഷ്ടത ഉളവാക്കുന്നതു്.

ഒരിക്കല്‍ സാര്‍ത്രിന്റെ ഒരു ശിഷ്യന്‍ അദ്ദേഹത്തോടു പറഞ്ഞു: “ഗുരോ എനിക്കൊരു സംശയമുണ്ട്. അതു പരിഹരിച്ചതരണം. എന്റെ ചേട്ടന്‍ രണ്ടാംലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍കാരുടെ വെടിയുണ്ടയ്ക്കു ഇരയായി. എന്റെ ആഗ്രഹം ചേട്ടനുവേണ്ടി ജര്‍മ്മന്‍കാരോടു പ്രതികാരം ചെയ്യണമെന്നാണ്. പക്ഷേ ഞാന്‍ യുദ്ധത്തിനു പോയാല്‍ എന്റെ അമ്മ ഹൃദയംപൊട്ടി മരിക്കം. എനിക്ക് യുദ്ധത്തിനു പോകണം. അതേസമയം അമ്മയ്ക്കു ദോഷം വരാനും പാടില്ല. ഞാനെന്തുവേണം?” സാര്‍ത്ര് പറഞ്ഞു: “എനിക്കറിയാന്‍ പാടില്ല.” ഗുരുവല്ലേ ശിഷ്യന്മാരുടെ സംശയങ്ങള്‍ പരിഹരിക്കേണ്ട ആള്‍. അതുകൊണ്ട് സംശയനിവാരണത്തിനായി ശിഷ്യന്‍ വീണ്ടും അഭ്യര്‍ത്ഥന നടത്തി. “എന്നാല്‍ കാന്റിനോട് ചോദിക്കു” എന്നായി സാര്‍ത്ര്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച കാന്റ് പറഞ്ഞിട്ടുണ്ടു് ‘ഒരിക്കലും മനുഷ്യനെ മാര്‍ഗമായി സ്വീകരിക്കരുതു് ലക്ഷ്യമായേ കാണാവൂ’ എന്ന്. നമുക്കു് ഒരുത്തനെ സ്നേഹിക്കാം. അപ്പോള്‍ അയാള്‍ ലക്ഷ്യമായി. പക്ഷെ കുറെരൂപ കടംവാങ്ങാനായി മാത്രം അയാളോടു അടുക്കുമ്പോള്‍ അയാള്‍ ലക്ഷ്യമല്ല, മാര്‍ഗം മാത്രമാണ്. കാന്റിന്റെ ഈ സിദ്ധാന്തമനുസരിച്ച് ശിഷ്യന്‍ യുദ്ധസേവനത്തിനു പോയാല്‍ അതു ലക്ഷ്യമായി, പക്ഷെ അപ്പോള്‍ അമ്മ മാര്‍ഗമായും മാറും. നേരേമറിച്ച് അമ്മയോടുകൂടി താമസിക്കാന്‍ ശ്രമിച്ചാല്‍ അമ്മ ലക്ഷ്യമാകും. എന്നാല്‍ യുദ്ധസേവനം മാര്‍ഗമായിമാറും. വീണ്ടും ശിഷ്യനു ചിന്താക്കുഴപ്പം. ഇതുകണ്ട് സാര്‍ത്ര് ഉപദേശിച്ചു വികാരത്തിന്റെ തീക്ഷ്ണതയനുസരിച്ചു പ്രവര്‍ത്തിക്കാന്‍. അമ്മയോടുള്ള സ്നേഹത്തിനാണ് തീക്ഷ്ണതയെങ്കില്‍ അവരോടൊരുമിച്ച് താമസിക്കാം. അതല്ല ചേട്ടനോടാണ് സ്നേഹകൂടുതലെങ്കില്‍ യുദ്ധത്തിനു പോകാം. പക്ഷേ വികാരത്തിന്റെ തീക്ഷ്ണത അറിയുന്നതെങ്ങനെ? എനിക്കു ഒരാളോട് സഹതാപമുണ്ടെങ്കില്‍ ഞാന്‍ അയാള്‍ക്ക് ആയിരം രൂപ കൊടുക്കണം. കൊടുക്കാമെന്നു പറഞ്ഞാല്‍ മാത്രം പോരാ, പ്രവര്‍ത്തികൊണ്ടേ വികാരത്തിന്റെ തീക്ഷ്ണത അറിയാന്‍പററൂ. “അപ്പോള്‍ ഞാനെന്തുചെയ്യണം?” എന്ന് ശിഷ്യന്‍ വീണ്ടും ചോദിച്ചു. സാര്‍ത്ര് പറഞ്ഞു: “ഇതാണ് മാനിഷിക മൂല്യങ്ങള്‍ക്കു സ്ഥാനമില്ലെന്നു് ഞാന്‍ പറയാന്‍ ഹേതു.”

അസ്തിത്വവാദികളുടെ ഈ ചിന്താഗതിയാണ് ഇന്നത്തെ ലോകത്തിന്റെ ജീര്‍ണ്ണതയ്ക്കു് ഒരു കാരണം. നമ്മുടെ നവീന സാഹിത്യത്തിന്റെ അധഃപതനത്തിനുള്ള കാരണവും ഇതുതന്നെ. ഈ മൂല്യ നിരാസം ഒ. വി. വിജയന്‍ തൊട്ട് മുകുന്ദന്‍ വരെയുള്ള കഥാകാരന്‍മാരില്‍ കാണുന്നു. അന്ധകാരത്തില്‍നിന്നു് പ്രകാശത്തിലേക്ക് ജനതയെ ഉയര്‍ത്തുന്നവരാണ് കലാകാരന്മാര്‍. നമ്മുടെ നവീന സാഹിത്യകാരന്മാര്‍ നമ്മളെ അന്ധകാരത്തിലേക്കുതന്നെ തളളിയിടുന്നു.