close
Sayahna Sayahna
Search

ഉപരോധം-അഞ്ച്


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

അഞ്ച്

ചിത്രീകരണം - സി.എൻ.കരുണാകരൻ

നെല്‍വയലുകളില്‍ കൊയ്ത്ത്, കൂട്ടമായി പറന്നുപൊങ്ങുന്ന വെള്ളക്കൊക്കുകള്‍. കാല പെറുക്കുന്ന കുട്ടികള്‍. മേനോന്‍ കുന്നിന്റെ ചരിവില്‍ വേട്ടുവരുടെ തെയ്യങ്ങള്‍. നിലാവ് വീണുകിടക്കുന്ന മുറ്റങ്ങള്‍, കുടിലിന്റെ ഉമ്മറത്ത് ഉയര്‍ത്തിക്കെട്ടിയ കതിര്‍ക്കറ്റ. നനുത്ത നാടന്‍ പാട്ടുകള്‍. കറ്റമെതിക്കല്‍, നെല്ലുണക്കല്‍, വൈക്കോല്‍ക്കൂനകള്‍, നെല്ലുനിറഞ്ഞ പറകള്‍. കുട്ടയില്‍ നിന്ന് നെല്ലും പതിരും വീഴ്ത്തി, കാറ്റോല വീശി പതിര് വേര്‍തിരിക്കല്‍. കാര്യസ്ഥന്മാരുടെ ചുറ്റുനടത്തം.

‘പാട്ടം നാളെ വന്ന് അളന്നേക്കണം.’

‘ഇത്തവണ നെല്ല് മോശാര്ന്നു. പാട്ടം തെകച്ചും അടക്കാനാവൂല്ല.’

‘അതൊന്നും പറഞ്ഞാല്‍ പറ്റൂല്ല. പാട്ടം അളന്ന് ബാക്കിയെന്തെങ്കിലും ഉണ്ടെങ്കില് മതി കുടിലിലേക്ക്.’

കുടിയാന്മാര്‍ പാട്ടമളക്കാന്‍ മഠത്തിലേയ്ക്ക്.

നെല്ല് തലയിലേറ്റിയ പെണ്‍കുട്ടികള്‍, വാലിയക്കാര്‍, സ്ത്രീകള്‍, അവരെ അനുഗമിക്കുന്ന വൃദ്ധന്മാര്‍. അവരെല്ലാം മഠത്തിന്റെ തിരുമുറ്റത്തെത്തിച്ചേരുന്നു. ചിലപ്പോള്‍ പാട്ടമളക്കാന്‍ അഞ്ചും പത്തും ദിവസം കാത്തുനില്‍ക്കേണ്ടിവരും. കാര്യസ്ഥന്മാരാണ് നെല്ലളക്കുക. അവരുടെ പറകള്‍ നാട്ടിലെ സാധാരണ പറകളെക്കാളും വലിയവയാണ്. ഓരോ പറ അളന്നുമാറ്റുമ്പോഴും എണ്ണമോര്‍മ്മിക്കാന്‍ രണ്ടുകൈകൊണ്ടും കനക്കെ വാരിവെക്കും. പത്തുപറതികയുമ്പോള്‍ വാരിവെച്ച ഈ ചെറുകൂനകളെല്ലാം ഒരു ഭാഗത്തേക്ക് നീക്കി അതിന്റെ സ്ഥാനത്ത് കുറേക്കൂടി വലിയൊരളവ് നെല്ല് വാരിവെക്കും. അതു പത്തുപറ മാറ്റിയെന്നതിന്റെ സൂചനയാണ്. അളവില്‍ കാണിക്കുന്ന കൃത്രിമങ്ങള്‍ ഇവയ്ക്ക് പുറമെയാണ്. കൃഷിക്കാര്‍ നിശ്ശബ്ദരായി, ക്ഷോഭമടക്കി കണ്ടുനില്‍ക്കും.

പണിയെടുക്കുന്നവരുടെ മുറ്റങ്ങളും മുറികളും ശൂന്യമാകുന്നു.

പണിയെടുക്കാത്തവരുടെ മുറ്റങ്ങളും അറകളും നിറയുന്നു.

കുന്നുംപുറങ്ങളില്‍ നായാട്ട്, വെടിയൊച്ചകള്‍. പൊന്തയ്ക്കപ്പുറത്ത് ഒരു മുയലിന്റെ പിടച്ചില്‍. ചോര ചീറ്റിക്കൊണ്ട് ഓടിയോടിത്തളരുന്ന ഒരു മാന്‍. കുന്നുകയറിപ്പോകുന്ന ഒരു നരി. അതിന്റെ തിരിഞ്ഞുനോട്ടം. പകയുടെ തിളക്കം.

ദുര്‍ബ്ബലമായി പ്രതിഷേധിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ നിലവിളി അമര്‍ത്തപ്പെടുന്നു. കണ്ണുകളില്‍ ഭയവും ദയനീയതയും നിഴലിക്കുന്നു. അവള്‍ നൊന്ത് പിടയുന്നു. വിതുമ്പുന്നു.

‘മിണ്ടരുത്.’ എന്നുള്ള ശാസനകേട്ട് അവളുടെ കാതുകളടയുന്നു.

പിന്നീടവള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മഠത്തിന്റെ മുറ്റത്ത് നില്‍ക്കുന്നു. അവള്‍ തലമുടി കെട്ടിയിട്ടില്ല. മാറു മറച്ചില്ല. കഴുത്തിലൊരു കറുത്ത ചരട് അമര്‍ന്നുകിടക്കുന്നു. അവളുടെ അച്ഛനുമമ്മയും കൂടെയുണ്ട്.

നായനാര്‍ വിചാരണയാരംഭിക്കുന്നു.

‘ആരാണെടീ നിന്നെ പിഴപ്പിച്ചത്?’

അവള്‍ പണിപ്പെട്ട് മുഖമുയര്‍ത്തി നായനാരെ നോക്കി.

അവള്‍ക്കു പേടിയായി.

നായനാരുടെ ആള്‍ക്കാര്‍ ഒരു ചെറുപ്പക്കാരനെ പിടികൂടി മുറ്റത്തെത്തിക്കുന്നു. മെലിഞ്ഞു ക്ഷീണിച്ച ദേഹം. മട്ടുമറയാത്ത തോര്‍ത്തുമുണ്ടുടുത്തിരിക്കുന്നു. കുടുമ കെട്ടിവെച്ചിരിക്കുന്നു.

‘നീ അവളെ അറിയുമോടാ?’

ചോദ്യം കേട്ട് അവന്‍ ആദ്യം നായനാരെയും പിന്നെ പെണ്‍കുട്ടിയെയും നോക്കി.

ഒന്നും പറഞ്ഞില്ല.

‘നിന്റെ കുഞ്ഞുണ്ട് ഇവളുടെ വയറ്റില്.’

അവന്‍ പകച്ചു.

‘അയ്യോ, ഞാനല്ല.’

മുഖമടച്ച് ഒരടികിട്ടി.

കണ്ണും കാതും പൊള്ളി.

അവന്‍ ചുറ്റിലും നോക്കി. ഇറയത്ത് മഠത്തിലെ കെട്ടിലമ്മയും മക്കളും നില്‍ക്കുന്നു. നടപ്പുരയില്‍ പണിക്കാരികള്‍. മുറ്റത്ത് കാര്യസ്ഥന്മാരും അനുചരന്മാരും.

നായനാര്‍ അവന്റെ നേര്‍ക്ക് ഒരു പുടവ നീട്ടി.

‘കൊടുക്കെടാ ഇതവളുടെ കയ്യില്.’

അവന്‍ സംശയിച്ചു.

‘പറഞ്ഞതു കേട്ടില്ലേ?’ ആരോ അവന്റെ ചുമലില്‍ പിടിച്ചു. കൊടുക്ക്.

അവന്‍ ആജ്ഞ അനുസരിച്ചു.

‘ഉം.പോയ്ക്കോ.’

പുടവയില്‍ അവളുടെ കണ്ണുനീരിറ്റുവീണു. അവള്‍ നേര്‍ത്ത ഒച്ചയില്‍ ഏങ്ങലടിച്ചു.

അവള്‍, മുഖംതാഴ്ത്തി നടന്നുനീങ്ങി.

* * *

വാര്‍ഡര്‍ നടന്നടുത്തു.

“പോകാം.”

രാമന്‍ കോടിലോന്റെ ചുമലില്‍ കൈവെച്ചു.

“ഞാന്‍ പോട്ടെ?”

“ങ്ങ്ഹാ”

“നമ്മളെപ്പോളാ ഇനി കാണുക?”

കോടിലോന്‍ ചോദിച്ചു.

“വേഗം.”

വീട്ടില് എന്തെങ്കിലും പറയണോ?”

“സുഖാന്ന് പറഞ്ഞെ.”

രാമന്‍ വാര്‍ഡറോടൊപ്പം നടന്നു.

തെല്ലുദൂരം നടന്ന് തിരിഞ്ഞുനോക്കി. കോടിലോന്‍ ജയില്‍വളപ്പില്‍, അവിടത്തന്നെ നില്പാണ്. തനിയെ ചിരിച്ചുംകൊണ്ട്.

കുറ്റൂരിലെത്തി നേരെ ചെന്നത് കോടിലോന്റെ വീട്ടിലേയ്ക്കാണ്. പാട്ടിയമ്മയും ചീലയും കണ്ണനുമേ വീട്ടിലുള്ളു. കുഞ്ഞങ്ങ ഭര്‍ത്താവിന്റെ വീടിലാണ്. കണ്ടോന്താറില്‍. കേലു വെള്ളോറയിലും.

“സുഖാണ്.” രാമന്‍ പറഞ്ഞു: “ജെയില് പൊരുന്നിപ്പോയി.”*[1]

“കുറുപ്പച്ചന്‍ പുറത്തുവരുമ്പോ രാമന്‍ ജെയില്ല്. ഓന്‍ പൊറത്തു വരുമ്പോ കുറുപ്പച്ചന്‍ ജെയില്ല്. എത്രനാളാ ഇങ്ങനെ? ഈന്യൊര് അവസാനൂല്ലേ” പാട്ടിയമ്മ മന:ക്ലേശത്തോടെ പറഞ്ഞു.

“ഒര് ദെവസം എല്ലാം നേര്യാകും, പാട്ട്യമ്മേ.”

കണ്ണന്‍ രാമന്റെ മൂഖത്തേയ്ക്ക് ദത്തശ്രദ്ധനായി നോക്കിനിന്നു.

അയാള്‍ പിന്നെ, തന്റെ പ്രിയപ്പെട്ട കള്ളുഷാപ്പിലേയ്ക്കു നടന്നു.

അവിടെയെല്ലാം മാറ്റമില്ലാതെ തുടരുന്നു. മണ്‍കുടങ്ങളില്‍ പതഞ്ഞുപൊങ്ങുന്ന കള്ള്. കള്ളില്‍ ചത്തുകിടക്കുന്ന ഉറുമ്പുകള്‍, ചെറിയ വാക്കുതര്‍ക്കങ്ങള്‍.

“എന്നെ കൊന്നൂന്ന് വിചാരിക്ക്. ന്നാലും ഞാന്‍ മടങ്ങിവെരും.’ ഓര്‍ക്ക് സ്വൈരം കൊടുക്കൂല്ല.”

ചന്തനും പൊക്കനും കറുത്തമ്പുവുമെല്ലാം അയാളുടെ വാക്കുകള്‍കേട്ട് നിശ്ചേഷ്ടരായി ഇരുന്നു.

“മഞ്ചലും മഞ്ചലില്‍ കേറ്ന്ന ആളുകളും ഇല്ലാണ്ടാവണം.”

“തൊട്[2] മുഖത്തോടടുപ്പിച്ചു

നാട്ടുവഴികളില്‍ അയാളുടെ മുഴക്കമുള്ള ശബ്ദം ഉയര്‍ന്നു കേള്‍ക്കായി. നായനാരോടും കുടുംബത്തോടുമുള്ള ദേഷ്യവും പകയും വാക്കുകള്‍ക്ക് കുന്നുകളുടെ കനം നല്‍കി. അതേ കേട്ട് മഠത്തിലൂള്ളവര്‍ അസ്വസ്ഥരായി. കോടിലോന്‍ കൂടെയുണ്ടെങ്കില്‍, രണ്ടുപേരുള്ളതിന്റെ ഊറ്റമാണെന്ന് പറയാമായിരുന്നു. ഇപ്പോഴിവന്‍ ഒറ്റയ്ക്കാണ്. ഒറ്റത്തടി മരണഭയമില്ല. ആരെക്കൊണ്ടെങ്കിലും കൊല്ലിക്കാമെന്നുവച്ചാല്‍ അവനോടടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. കൃഷ്ണന്‍നായനാര്‍ പൂമൂഖത്ത് അരിശപ്പെട്ട് നിന്നു. തന്റെ പാട്ടക്കുടിയാനാണ്. ഒരു മണിനെല്ല് പാട്ടം തന്നിട്ടില്ല. സ്ഥലത്തിന്റെ നികുതി കെട്ടാമെന്ന വിചാരംപോലുമില്ല. പോ. അയാള്‍ കാര്യസ്ഥന്മാരോട് കല്പിച്ചു. പോയി അവനോട് നെല്ല് വാങ്ങിക്കൊണ്ടുവാ.

അവറോന്നന്‍ ചന്തുനമ്പ്യാര്‍ പതുക്കെ പിന്‍വലിഞ്ഞു. വാണിയന്‍ കുഞ്ഞിക്കോമരവും പനയന്തട്ട രാമന്‍നായരും പാറക്കടവിലേക്ക് വെച്ചടിച്ചു.

രാമന്‍ വീട്ടില്തന്നെയുണ്ടായിരുന്നു.

മയത്തില്‍ ചിരിച്ച് തന്നെ സമീപിക്കുന്ന കാര്യസ്ഥന്മാരുടെ നേര്‍ക്ക് രാമന്‍ പൊട്ടിത്തെറിച്ചു:

“എന്താ എശമാനന്മാര് എയ്നള്ളുന്നു?”

കുഞ്ഞിക്കോമരം പനയന്തട്ടയുടെ മുഖത്തുനോക്കി. നിങ്ങളു പറയൂ.

പനയന്തട്ട കുഞ്ഞിക്കോമരത്തോട് നിശ്ശബ്ദമായി പറഞ്ഞു: നിങ്ങളുതന്നെ പറയുന്നതാ നല്ലത്.

കാര്യം പന്തിയല്ലെന്ന് ഇരുവര്‍ക്കും ബോദ്ധ്യമായി. എങ്കിലും ഇത്രവരെ വന്ന് സംഗതി പറയാതെ തിരിച്ചുപോകുന്നത് ഉചിതമല്ലല്ലോ. നായനാര്‍ ചാടിക്കുകയില്ലേ. പറയുകതന്നെ കുഞ്ഞിക്കോമരം ഒരടി മുന്നോട്ടു നീങ്ങി.

“പാട്ടം തരണമെന്ന് പറയാന്‍ വന്നതാ.”

“എന്ത് പറയാന്‍.”

“പാട്ടം.”

“ത് ഫൂ” രാമന്‍ മൂഖമടച്ച് ഉഗ്രമായി ആട്ടി.

കുഞ്ഞിക്കോമരം കാല്‍ പിന്‍വലിച്ചു.

“ഒരു മണി നെല്ല് ഞാന്‍ തെരൂല്ല. ആട പറഞ്ഞേക്കിന്‍. ഇനിയോമറ്റോ നെല്ല് ചോദിച്ച് ഇങ്ങോട്ട് വന്നാല് കാല്ണ്ടാവൂല്ല.”

കുഞ്ഞിക്കോമരവും പനയന്തട്ടയും നല്ലപോലെ വിളറി. ഇനി നില്‍ക്കുന്നത് തടിക്ക് കേടായിരിക്കുമെന്ന് കരുതി ഇരുവരും നീട്ടിനടന്നു.

രാമന്‍ പതിവുപോലെ ഷാപ്പില്‍ ചെന്ന്, മുന്നില്‍ കള്ളെത്തുന്നതും കാത്തിരുന്നു. കുറെനേരം കഴിഞ്ഞിട്ടും കരിമ്പനെ കാണുന്നില്ല. കരിമ്പന്‍ ഷാപ്പിനു പിന്നില്‍ പരുങ്ങിനില്‍ക്കുകയായിരുന്നു. രാമന്‍ ക്ഷമകെട്ട് വിളിച്ചപ്പോള്‍, കരിമ്പന്‍ അറച്ചറച്ച് പിന്‍വാതിക്കല്‍ വന്നുനിന്നു. പേടി തോന്നിയെങ്കിലും സംഗതി പറഞ്ഞൊപ്പിച്ചു.

“കുറുപ്പച്ചന് കള്ള് തെരാന്‍ പാടില്ലാന്ന് നായനാര് പറഞ്ഞതിന്.” തലേന്ന് നായനാര്‍ ആളെവിട്ട് കരിമ്പനെ മഠത്തിലേക്ക് വിളിച്ചിരുന്നു. കരിമ്പന്റെ നേരെ കുറേ തട്ടിക്കയറി. കറുപ്പച്ചന്റെ ചെയ്തികള്‍ക്ക് തന്നെയെന്തിനാണ് ശകാരിക്കുന്നതെന്ന് കരിമ്പന് മനസ്സിലായില്ല. നായനാര്‍ പറഞ്ഞു:

“നിന്റെ കള്ളുകുടിച്ചിട്ടാ ഓന്‍ ഈ തോന്ന്യാസങ്ങള് കാണിക്കുന്നത്. ഇനിയൊരു തുള്ളിക്കള്ള് നീ ഓന് കൊടുത്തേക്കരുത്.”

കരിമ്പന്‍ വിഷമത്തിലായി. തിരുവായ്ക്ക് എതിര്‍വായില്ല. ഒരു ഭാഗത്ത് നായനാര്‍. മറുഭാഗത്ത് കറുപ്പച്ചന്‍. കരിമ്പന്‍ കുഴങ്ങി.

രണ്ടും കല്പിച്ച്, ധൃതിയോടും സംഭ്രമത്തോടുംകൂടി, കറുപ്പച്ചനോട് വിവരം പറഞ്ഞു.

അയാളതുകേട്ട് ജ്വലിച്ചുകൊണ്ട് ചാടിയെണീറ്റു.മുഖത്ത് ഞരമ്പുകൾ പിടച്ചു. അയാളുടെ അന്തർഗതങ്ങൾ മറ്റുള്ളവർക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്തിനുള്ള ഭാവമാണെന്ന് അവർ പേടിയോടെ നോക്കിനിന്നു. അയാൾ, ഒരു വലിയ ചൂരയ്ക്കാത്തൊണ്ട് കടന്നെടുത്ത്, മഠത്തിലേയ്ക്ക് ഒരു കാറ്റുപോലെ പാഞ്ഞു. മഠത്തിന്റെ മുറ്റത്തുചെന്നുനിന്ന് ഇടിനാദംപോലെ പറഞ്ഞു:

‘എനിക്ക് കള്ള് തെരാമ്പാടില്ലാന്നു കരിമ്പനെ വെലക്കീല്ലേ. കള്ള് കുടിക്കാണ്ട് എനിക്കാവൂല്ല. ഈടെ കുടിക്കാന്‍ ചെത്തിവെച്ചത് ഇങ്ങെടുക്ക്.’

രാമന്റെ ജ്വലിക്കുന്ന കണ്ണുകളെയൂം മുഴങ്ങുന്ന ശ്ബ്ദത്തെയും നേരിടാന്‍ കഴിയാതെ നായനാര്‍ ഉള്ളിലേക്ക് വലിഞ്ഞു.

‘കള്ള് തെരാണ്ട് ഞാനീട്ന്ന് പോവൂല.’ രാമന്‍ മുറ്റത്തുകൂടി അമര്‍ത്തിച്ചവിട്ടിക്കൊണ്ട് നടന്നു. ആരും എതിര്‍ക്കാന്‍ തുനിഞ്ഞുചെന്നില്ല.

ഒടുവില്‍ കെട്ടിലമ്മ വന്ന് രാമനെ സമാധാനിപ്പിച്ചു. അഞ്ചു രൂപയെടുത്തു കൊടുത്ത് അവര്‍ പറഞ്ഞു: ‘പോയി വേണ്ടത്ര കുടിക്ക്. കരിമ്പനോട് തെരാന്‍ പറയ്.’


  1. പൊരുത്തപ്പെടുക
  2. കള്ളിൻ പാത്രം