close
Sayahna Sayahna
Search

Difference between revisions of "ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 04"


(Created page with "{{EHK/UrangunnaSarpangal}} {{EHK/UrangunnaSarpangalBox}} ഇംഗ്ലീഷ് ശൈലിയിൽ ഉണ്ടാക്കിയ ഓടിട്ട പഴയ കെട...")
 
(No difference)

Latest revision as of 07:22, 19 May 2014

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 04
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ഇംഗ്ലീഷ് ശൈലിയിൽ ഉണ്ടാക്കിയ ഓടിട്ട പഴയ കെട്ടിടം കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. ഗെയ്റ്റിൽ പിച്ചളത്തകിടിൽ ആ പേർ ആലേഖനം ചെയ്തിട്ടുണ്ട്. എൻ.കെ. ജബവാല. ഒരു പാർസി. ഗെയ്റ്റു കടന്നാൽ നടവഴിക്കു ഇരുവശത്തും തോട്ടമാണ്. പുൽത്തകിടിയിൽ ഒരു കോൺഗ്രീറ്റ് തൂക്കിന്മേൽ ഊഞ്ഞാൽ കെട്ടിയിരുന്നു. ഒരു വയസ്സൻ നനക്കുകയാണ്. അയാൾ മനോഹരനെ ഒന്നു നോക്കി. തിരിഞ്ഞുനിന്ന് വീണ്ടും നനക്കാൻ തുടങ്ങി. മുറ്റത്ത് ഒരു പഴയ ആസ്റ്റിൻ കാർ കിടന്നിരുന്നു. പഴയതാണെങ്കിലും നന്നായി വെച്ചിട്ടുണ്ടത്. ചവിട്ടുപടിയുടെ ഇടത്തു വശത്ത് ഒരു സ്ത്രീയുടെ പ്രതിമയുണ്ടായിരുന്നു. രണ്ടടി ഉയരം വരുന്ന ആ പ്രതിമയുടെ കയ്യിൽ പിടിച്ച പാത്രത്തിലൂടെ ഒരു കാലത്ത് വെള്ളമൊഴുകിയിട്ടുണ്ടാകണം. കാരണം താഴെ സിമന്റുകൊണ്ട് ഒരു ചാലുണ്ട്. ആ ചാൽ കുറച്ചകലെ പെട്ടെന്നവസാനിക്കുന്നു.

വാതിൽ തുറന്നുകിടക്കയാണ്. അയാൾ ബെല്ലിനു വേണ്ടി നോക്കി. എവിടെയും കണ്ടില്ല. തുറന്നിട്ട വാതിലിന്മേൽ അയാൾ ഉറക്കെ മുട്ടി ശബ്ദമുണ്ടാക്കി. ആരും വന്നില്ല. അയാൾ തിരിച്ച് തോട്ടക്കാരനെ നോക്കി. അയാളെക്കൊണ്ട് ആരെയെങ്കിലും വിളിപ്പിക്കാമെന്ന ഉദ്ദേശത്തോടെ. തോട്ടക്കാരനാകട്ടെ കുനിഞ്ഞ് വെള്ളം നനയ്ക്കുന്നതിൽ വ്യാപൃതനായിരിക്കുന്നു.

അയാൾ കാർപ്പറ്റിട്ട സ്വീകരണ മുറിയിലേക്കു കടന്നു. മുറിയാകെ അതിമോടിയോട സജ്ജീകരിച്ചിരുന്നു. മരസ്സാമാനങ്ങളെല്ലാം പോയ കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. സ്വീകരണമുറിയുടെ ഇടതു വശത്തും വലതുവശത്തും ഓരോ മുറികളിലേക്ക് തുറന്നിട്ട വാതിലുകൾ. മുറികളിലും ആരുമുണ്ടായിരുന്നില്ല.

എന്തു ചെയ്യണമെന്നറിയാതെ അയാൾ സംശയിച്ചു നിന്നു. വാതിലിന്മേൽ ഒരിയ്ക്കൽ കൂടി കൊട്ടി ശബ്ദമുണ്ടാക്കി. അപ്പോൾ ഏതോ ഒരു വാതിലിൽക്കൂടി ഒരു പണിക്കാരി പ്രത്യക്ഷപ്പെട്ടു. വെള്ള സാരിയുടുത്ത ആ സ്ത്രീ വന്നത് തന്റെ വാതിൽക്കലുള്ള കൊട്ടൽ കേട്ടല്ലെന്നയാൾക്കു മനസിലായി.

ആരെയാണ് കാണേണ്ടത്?

മിസ്സിസ്സ് ജബവാലയുണ്ടോ?

ഇരിക്കു.

ആ സ്ത്രീ അകത്തേക്കു പോയി.

അയാൾ കയ്യുള്ള ഒറ്റ സോഫയിൽ പോയിരുന്നു. എന്തുകൊണ്ടോ അയാൾക്ക് മിസിസ് ജബാവാല കുറച്ചു കഴിഞ്ഞാൽ വന്നാൽ മതിയെന്നു തോന്നി. ചുറ്റുമുള്ള പഴമക്കിടയിൽ, സോഫയുടെ പതുപതുപ്പിൽ അങ്ങിനെ കുറെ നേരം ഇരിക്കാൻ അയാൾക്കു തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ് അയാൾ ചുമരിൽ തൂക്കിയ പെയിന്റിംഗുകൾ ക്കിടയിൽ ആ ചിത്രം കണ്ടത്. സീമയുടെ ഒരു പെയിന്റിങ്. സീമയുടെ ഓരോ പെയിന്റിങും അയാളുടെ മനസിൽ മിഴിവോടെയുണ്ടായിരുന്നു. അയാൾ എഴുന്നേറ്റ് പെയിന്റിംഗിനു ചുവട്ടിൽ പോയി നിന്നു. ആ ചിത്രം സീമ മനോഹരനുമായി പരിചയപ്പെടുന്നതിനു തൊട്ടുമുമ്പ് വരച്ചതായിരുന്നു. ഉണങ്ങി ഇല കൊഴിഞ്ഞ മരങ്ങളിൽ പൂക്കൾ. ‘ശിശിരത്തിൽ വസന്തം’ എന്നു പേരിട്ട ആ ചിത്രം അവളുടെ രണ്ടാമത്തെ എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.

അയാൾ തിരിച്ചു വന്നിരുന്നപ്പോഴേക്ക് മിസിസ് ജബാവാല വന്നു.

നിങ്ങൾ എന്നെക്കാണാൻ വന്നതാണെന്നു പറഞ്ഞു?

മിസിസ് ജബാവാല?

അതെ.

എന്റെ പേര് മനോഹരൻ എന്നാണ്.

ഇരിക്കു.

അയാൾ ഇരുന്നു. അവർ അയാൾക്കടുത്തായി ഇടത്തുവശത്തിട്ട സോഫയിൽ ഇരുന്നു. അവരും വെള്ള വസ്ത്രങ്ങളാണുടുത്തിരുന്നത്. വെളുത്ത സാരി, സ്ലീവ്‌ലെസ് ബ്ലൗസ്. കൈകളുടെ പേശികൾ മെലിഞ്ഞു തൂങ്ങി തുടങ്ങിയിരുന്നു. തലമുടി ബോബു ചെയ്തിരിക്കയാണ്. ഒരു അറുപതു വയസ്സെങ്കിലും ആയിട്ടുണ്ടാകണം അവർക്ക്.

ഞാൻ സീമയുടെ സ്‌നേഹിതനാണ്. സീമയുടെ ചില പെയിന്റിങ്‌സ് ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് അടുത്ത് അറിയാൻ കഴിഞ്ഞു. അവയെല്ലാം ഒന്നു കാണാനും, സീമയെപ്പറ്റി വല്ല വിവരവും നിങ്ങൾക്കുണ്ടോ എന്ന ന്വേഷിക്കാനുമാണ് ഞാൻ വന്നത്.

പരിചാരിക ഒരു ട്രേയിൽ ചായ കൊണ്ടുവന്ന് അവരുടെ മുമ്പിൽ വെച്ച് തിരിച്ചുപോയി. മിസ്സസ് ജബാവാല കുനിഞ്ഞ് ചായ കൂട്ടുവാൻ തുടങ്ങി. അര സ്പൂൺ പഞ്ചസാര കെറ്റിലിൽ ഇട്ട് ഇളക്കി. അവർ ചായ അരിപ്പയുപയോഗിച്ച് രണ്ടു കപ്പു കളിലേക്കൊഴിച്ചു.

പാൽ പാകത്തിനൊഴിച്ച ശേഷം അവർ ചോ ദിച്ചു.

ഷുഗർ?

ഒരു സ്പൂൺ.

അവർ ഒരു കപ്പിൽ മാത്രം പഞ്ചസാരയിട്ടു.

എന്റെ ദേഹത്തിൽ ഒരു ഷുഗർ ഫാക്ടറിയുണ്ട്. അവർ ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. പൈതൃ കമാണ്.

ചായ കുടിച്ചുകൊണ്ടിരിക്കെ അവർ പറഞ്ഞു.

സീമയുടെ പെയിന്റിങ്‌സ് എല്ലാം ഇവിടെ ത്തന്നെയുണ്ട്. എല്ലാം നന്നായി സൂക്ഷിച്ചിട്ടുണ്ട്. പക്ഷെ സീമയെ പ്പറ്റി എനിക്ക് ഒന്നും അറിയി ല്ലെന്നു പറയേണ്ടി വന്നതിൽ വ്യസനമുണ്ട്. എവിടെയാണെ ങ്കിലും അവൾക്ക് നന്മവരട്ടെ.

അയാൾ ഒരു നിശ്വാസത്തോ ടെ നിവർന്നിരുന്നു.

വേറൊരു വാതിൽകൂടി അട ഞ്ഞിരിക്കുന്നു. സീമയുടെ പെയി ന്റിങ്‌സ് കാണുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന് ആ നിമിഷം വരെ സ്വയം വഞ്ചിക്കപ്പെടാൻ അയാൾ ശ്രമിച്ചിരുന്നു.

അവൾ വളരെ അത്ഭുതകരമായ വിധത്തിലാണ് ഇവിടെ നിന്ന് അപ്രത്യക്ഷയായത്. മിസ്സിസ്സ് ജബാവാല തുടർന്നു. ഒരു ദിവസം അവൾ ഫോൺ ചെയ്തു. ആന്റീ ഞാനെന്റെ പെയിന്റിങ്‌സ് അങ്ങോട്ടു കൊണ്ടു വരട്ടെ. എനിക്ക് കുറച്ചു ദിവസത്തേക്ക് ബോംബെക്കു പുറത്തു പോകണം. ഞാൻ പറഞ്ഞു, കൊണ്ടുവന്നോളു, ഇത് നിന്റെ വീടു തന്നെയാണെന്ന്.

രണ്ടു മണിക്കൂറിനുള്ളിൽ അവൾ ഇവിടെ എത്തി. അവളുടെ പെയിന്റിങ്‌സ് എല്ലാം മാലിയെക്കൊണ്ട് അകത്തെടുപ്പിച്ചു വെച്ചു. ചായ കുടിക്കാൻ കൂടി നിൽക്കാതെ യാത്ര പറഞ്ഞിറങ്ങി. പോകുന്നതിനു മുമ്പ് അവൾ എനിക്ക് ഉമ്മ തന്നു. പിറ്റെ ദിവസം അവളുടെ കത്തുകിട്ടി, ബോംബെയിൽനിന്ന് എഴുതിയതു തന്നെയാണ്. ആന്റി ഞാൻ എന്നെന്നേക്കുമായി യാത്ര പറഞ്ഞു പോവുകയാണ്. ഞാൻ സുരക്ഷിതമായിരിക്കും. അതുകൊണ്ട് എന്നെ പ്പറ്റി വിഷമിക്കരുത്. അന്വേഷിക്കുകയുമരുത്.

അത്ര മാത്രം. പാവം കുട്ടി, ദൈവം അവൾക്കു നന്മവരുത്തട്ടെ. വരു.

അവർ എഴുന്നേറ്റു കൊണ്ടു പറഞ്ഞു. ഞാൻ അവളുടെ പെയിന്റിങ്‌സ് കാണിച്ചു തരാം.

അവർ ഇടത്തുവശത്തുള്ള വാതിൽ കടന്ന് അകത്തു കടന്നു. മനോഹരൻ അവരെ അനുഗമിച്ചു. ഇടത്തെ മുറിയിൽ മരത്തിന്റെ സർപ്പിളമായ ഒരു കോണി. ചൂടിയുടെ കാർപ്പറ്റിട്ട ആ കോണി കയറിയെത്തുന്നത് വിശാലമായൊരു ഹാളിലേക്കാണ്. ഹാളിന്റെ നാലു ചുമരുകളും സീമയുടെ പെയിന്റിംഗുകൾ കൊണ്ട് നിറഞ്ഞിരിക്കയാണ്. ചിത്രങ്ങളെല്ലാം വെച്ച ക്രമം അയാൾക്കിഷ്ടപ്പെട്ടു. നിറങ്ങളെപ്പറ്റി നല്ല ബോധമുള്ള ഒരാൾ ചെയ്തതായിരിക്കണം.

നിങ്ങൾ ഇതെല്ലാം നോക്കിയ ശേഷം താഴെ വരു.

ശരി.

അവർ പൊയ്ക്കഴിഞ്ഞു. ഒറ്റക്കായപ്പോൾ മനോഹരൻ ചുറ്റും നടന്നു നോക്കി. എല്ലാം അയാൾക്കു പരിചിതമായ ചിത്രങ്ങളായിരുന്നു. സീമ ഒരായിരം കൈകൾ കൊണ്ടയാളെ ആലിംഗനം ചെയ്യുന്ന പോലെ മനോഹരനു തോന്നി. ഓരോ ചിത്രവും അയാളിൽ ഓർമ്മകൾ ഉണർത്തി. ഓരോ ചിത്രത്തിനും മുമ്പിൽ അയാൾ ധ്യാനനിരതനായ പോലെ നിന്നു. ആ ചിത്രങ്ങൾ അയാളുമായി സംവേദനം നടത്തി. അങ്ങിനെ നടന്നു കൊണ്ടിരിക്കെ ഒരു ചിത്രത്തിനു മുമ്പിൽ അയാൾ നിന്നു. ഓർമ്മകൾ പെട്ടെന്ന് അയാളെ വിഷമിപ്പിച്ചു. ഉയർന്നു വന്ന തേങ്ങൽ അടക്കാനയാൾക്കു കഴിഞ്ഞില്ല. അതയാളുടെ തന്നെ ചിത്രമായിരുന്നു. ഒരു പോർട്രെയ്റ്റ്. ചുവപ്പിനു പ്രാധാന്യം നൽകി ആ പോർട്രെയ്റ്റ് വരച്ച ദിവസം അയാൾ ഓർത്തു.

ഒരു ഞായറാഴ്ചയായിരുന്നു അത്. അയാൾ രാവിലെ സീമയെ കാണാൻ പോയി. ഒരാഴ്ചയായി അവളെ കണ്ടിട്ടില്ലായിരുന്നു. വളരെ തിരക്കു പിടിച്ച ആഴ്ചയായിരുന്നു. അതിനിടക്ക് സീമ രണ്ടു പ്രാവശ്യം ടെലിഫോൺ ചെയ്തുവെന്ന വിവരവും അയാൾക്ക് കിട്ടിയിരുന്നു.

വാതിൽ തുറന്ന ഉടനെ അവൾ പറഞ്ഞു.

ഞാൻ വിചാരിച്ചു മനു എന്നെ ഉപേക്ഷിച്ചു എന്ന്.

ഞാൻ എന്റെ സീമയെ ഉപേക്ഷിക്കുകയോ? അതൊരിക്കലുമുണ്ടാവില്ല.

അയാൾ അവളെ ആലിംഗനം ചെയ്ത് അമർത്തി ചുംബിച്ചു. ഒരാഴ്ച വിട്ടുനിന്നതിലുള്ള ആവേശം രണ്ടു പേരിലുമുണ്ടായിരുന്നു. അങ്ങിനെയുള്ള സന്ദർഭങ്ങൾ എളുപ്പം കിടക്കയിലാണവസാനിക്കാറ്. അവർ ആലിംഗന ബദ്ധരായി ഉറങ്ങിപ്പോയി. ഉണർന്നത് മൂന്നു മണിക്കായിരുന്നു. അപ്പോഴും അന്യോന്യം കരവലയത്തിലായിരുന്നു. അയാൾ പറഞ്ഞു.

എനിക്ക് വിശക്കുന്നു.

ഞാനിപ്പോൾ വല്ലതും ഉണ്ടാക്കാം. അയാളെ ചുബിച്ചുകൊണ്ട് സീമ പറഞ്ഞു. പാവം പയ്യൻ. വല്ലാതെ വിശക്കുന്നുണ്ടാവും അല്ലെ ?

അവൾ എഴുന്നേറ്റ് വസ്ത്രങ്ങൾ ഓരോന്നായി ധരിച്ചു. അയാൾ അപ്പോഴും നഗ്നനായി പുതപ്പിനടിയിൽ കിടന്നു. സാരിയുടുത്ത ശേഷം അവൾ സാന്റ്‌വിച്ചും ചായയും ഉണ്ടാക്കുന്നതയാൾ കിടന്നുകൊണ്ട് നോക്കി.

ചായ കുടിക്കുമ്പോൾ അവൾ പറഞ്ഞു.

നോക്കു മനുവിന്റെ മുഖം ഉറങ്ങി ചീർത്തിരിക്കുന്നു. നല്ല ഭംഗിയുണ്ട്. ഞാനീ മുഖമൊന്ന് വരക്കട്ടെ. എന്നാൽ മനു ഇതു മാതിരി ദിവസങ്ങളോളം വരാഞ്ഞാലും എനിക്ക് മനുവിനെ കാണാമല്ലൊ.

ഒരാഴ്ചയായി അവൾ ഒന്നും വരച്ചിരുന്നില്ല.

പാലറ്റിൽ ചായക്കൂട്ടുണ്ടാക്കുമ്പോൾ അവൾ പറഞ്ഞു. ഈ നിമിഷങ്ങളുടെ നിറമെന്താണെന്നറിയാമോ? ചുവപ്പ്. ഞാൻ മനുവിനെ ചുവപ്പിലാണ് വരക്കാൻ പോകുന്നത്.

‘എ പോർട്രെയ്റ്റ് ഇൻ റെഡ്.’ എന്ന പേരിൽ പിന്നീടവൾ പ്രദർശനത്തിനു വെച്ച ആ ചിത്രം വരച്ചു കഴിഞ്ഞപ്പോൾ രാത്രി വൈകിയിരുന്നു. അന്നയാൾ അവളുടെ ഒപ്പമാണ് ഉറങ്ങിയത്. അവർ വീണ്ടും രാത്രി സ്‌നേഹിച്ചു. രാവിലെ അയാൾ പോകുന്നതിനുമുമ്പ് അവൾ പറഞ്ഞു.

മനു ഞാനെത്ര സന്തോഷവതിയാണെന്നോ? മനു ഒരിക്കലും എന്നെ ഉപേക്ഷിക്കരുത്.

ഇപ്പോൾ ആ ചിത്രത്തിനു മുമ്പിൽ നിൽക്കുമ്പോൾ ഓർമ്മകൾ അയാളുടെ കണ്ണുകളെ നനച്ചു. ഞാൻ നിന്നെ ഉപേക്ഷിച്ചിട്ടില്ല. നീ എന്നെയാണ് ഉപേക്ഷിച്ചത്. അയാൾ സ്വയം പറഞ്ഞു. എന്തിന് ?

കോണിയിറങ്ങി താഴത്തെത്തിയപ്പോൾ എതിരെ കണ്ണാടിയിൽ അയാളുടെ മുഖം കണ്ടു. കണ്ണുകൾ കലങ്ങിയിരുന്നു. തൂവാലയെടുത്ത് കണ്ണ് ഒരിക്കൽക്കൂടി തുടച്ച് അയാൾ സ്വീകരണ മുറിയിൽ പോയിരുന്നു. മിസിസ്സ് ജബാവാല പെട്ടെന്ന് വരരുതെന്നയാൾ ആഗ്രഹിച്ചു. പക്ഷെ താമസിയാതെ അവർ വന്ന് പഴയ സ്ഥാനത്ത് ഇരുന്നു. അയാൾ കോണിയിറങ്ങുന്ന ശബ്ദം അവർ കേട്ടിരിക്കണം. കുറച്ചു നേരത്തേക്ക് അവർ ഒന്നും പറഞ്ഞില്ല. ഒരു പക്ഷെ അവരും കരയുകയായിരുന്നെന്ന തോന്നൽ അയാൾക്കുണ്ടായി. അവരുടെ കണ്ണുകളും കലങ്ങിയിരുന്നു. എന്തായിരിക്കും ഇവരും സീമയും തമ്മിലുള്ള ബന്ധം?

സീമയെ എങ്ങിനെയാണ് പരിചയം? മനോഹരൻ ചോദിച്ചു.

സീമ ഞങ്ങൾക്ക് ഒരു മകളെപ്പോലെയാണ്. ഞങ്ങൾക്ക് മക്കളൊന്നുമില്ല. കുറച്ചുകാലം അവൾ ഇവിടെ താമസിച്ചിട്ടുണ്ട്. പിന്നെ അവൾക്ക് സ്വന്തമായി, സ്വതന്ത്രയായി താമസിക്കണമെന്ന് തോന്നി മാറിത്താമസിച്ചു. ദൈവം അവൾക്ക് നന്മ വരുത്തട്ടെ.

യാത്ര പറഞ്ഞിറങ്ങുമ്പോൾ മിസിസ്സ് ജബാവാല പറഞ്ഞു.

മിസ്റ്റർ മനോഹരൻ നിങ്ങൾക്ക് എപ്പോഴും സ്വാഗതം. വരാൻ തോന്നുമ്പോഴെല്ലാം വരു.

തോട്ടത്തിൽ പുൽത്തകിടിക്ക് നനച്ചു കഴിഞ്ഞ് ഇപ്പോൾ ഒരു കുറിയ കൈക്കോട്ടുമായി തോട്ടക്കാരൻ ഏതോ ചെടികൾ നടാനുള്ള തടം ഒരുക്കുകയാണ്.