close
Sayahna Sayahna
Search

Difference between revisions of "എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 12"


(Created page with " വൈകുന്നേരം മാത്യു അച്ചനെ കാണണമെന്ന് ഫോൺ ചെയ്തിരുന്നു. പള്ളിമേട...")
(No difference)

Revision as of 16:01, 26 May 2014


വൈകുന്നേരം മാത്യു അച്ചനെ കാണണമെന്ന് ഫോൺ ചെയ്തിരുന്നു. പള്ളിമേടയിൽ മാത്യു അച്ചൻ സാധാരണപോലെ കമ്പ്യൂട്ടറിനു മുമ്പിലായിരുന്നു. ഷിജോ വാതിൽക്കൽ മുട്ടിയപ്പോൾ അച്ചൻ തിരിഞ്ഞുനോക്കി.

‘ങാ ഷിജോ? ങാ, ശരി. ഞാനൊരു കാര്യം കാണിക്കാൻ വേണ്ടി വിളിച്ചതായിരുന്നു.’ മേശപ്പുറത്തുനിന്ന് മനോരമ പത്രമെടുത്ത് നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘താനീ വാർത്ത വായിച്ചിരുന്നോ?’

‘ഏതു വാർത്ത?’

‘നോക്ക്, ഇടുക്കീല് ഇന്നലെ കാറ് മുട്ടി ആസ്പത്രീലായ മനുഷ്യൻ മരിച്ചൂന്ന്.’

ഒരു ചെറിയ വാർത്ത, ഒറ്റ കോളത്തിലായി കൊടുത്തിരിക്കുന്നു.

‘ഇന്നലെ കാറിടിച്ച് ബ്ലൂവാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതു വയസ്സുകാരൻ മരിച്ചു. സ്ഥലത്തെ ആൺകുട്ടികളുടെ അനാഥാലയത്തിലെ വാർഡനായിരുന്നു അദ്ദേഹം. റിട്ടയർ ചെയ്ത് ഒരാഴ്ചയായിട്ടെയുള്ളു. മുട്ടിയ കാർ നിർത്താതെ ഓടിച്ചുപോയി. കാറിന്റ നമ്പർ എഴുതിയെടുക്കാൻ കഴിഞ്ഞിട്ടില്ല.’

‘ഇങ്ങേര്…?’

‘അതെ, അങ്ങേര് തന്നെ. പക്ഷെ ദൈവം തമ്പുരാൻ ഇത്രവേഗം വിചാരണേം, വിധി പറയലും അതു നടപ്പാക്കലും ചെയ്യുംന്ന് ഞാൻ കരുതിയില്ല.’

ഷിജോ വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു.

‘ശരി ഷിജോ, ഇതു കാണിക്കാൻ വിളിച്ചതാ.’ റിവോൾവിങ് ചെയറിൽനിന്ന് എഴുന്നേറ്റുകൊണ്ട് മാത്യു അച്ചൻ പറഞ്ഞു. ‘വേറെ വിശേഷൊന്നുംല്ല്യല്ലൊ?’

‘ഇല്ലച്ചോ.’ ഷിജോ കസേലയിൽനിന്ന് എഴുന്നേറ്റു.

മാത്യു അച്ചൻ ഷിജോവിന്റെ ഒപ്പം പൂമുഖം വരെ വന്നു.

വിട പറയുമ്പോൾ മാത്യു അച്ചൻ പറഞ്ഞു.

‘അല്ലാ, ദൈവത്തിന്റെ ഓരോ കളികളേയ്!’

തിരിച്ചു നടക്കുമ്പോഴൊക്കെ ഷിജോ ആലോചിച്ചിരുന്നത് അച്ചൻ അവസാനം ചിരിച്ചുകൊണ്ട് പറഞ്ഞതിനെപ്പറ്റിയായിരുന്നു. അതു കഴിഞ്ഞ് അദ്ദേഹം കണ്ണിറുക്കിയതിന്റെ അർത്ഥമെന്താണ്?