close
Sayahna Sayahna
Search

ഒരു കോപിഷ്ഠന്റെ ശപഥം


ഒരു കോപിഷ്ഠന്റെ ശപഥം
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

ഒന്നാം അദ്ധ്യായത്തില്‍ സൂചിപ്പിച്ചതും കാരണവര്‍ പഞ്ചുമേനവനും മാധവനും തമ്മില്‍ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീര്‍ത്തു. പഞ്ചുമേനോന്‍ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം ചമ്പാഴിയോട്ടു പൂവള്ളി എന്ന ധനപുഷ്ടിയുള്ള തറവാട്ടിലെ കാരണവരാകുന്നു. ഇയ്യാളുടെ തറവാട്ടില്‍ മുമ്പുപുണ്ടായിരുന്ന രണ്ടു കാരണവന്മാര്‍ ദിവാന്‍ ഉദ്യോഗം ഭരിച്ചവരായിരുന്നു. ചമ്പാഴിയോട്ട് പൂവള്ളി തറവാട് അതിലും പുരാതനമായിട്ടു തന്നെ വളരെ കോപ്പുള്ള തറവാടായിരുന്നു. കാലക്രമേണ അതില്‍ ഉണ്ടായി വന്ന ഓരോ മാഹാപുരുഷന്മാര്‍ ധനം വളരെ വളരെ ശേഖരിക്കപ്പെട്ടിരുന്നതും വളരെ പ്രസിദ്ധമായുള്ളതും ആയ ഒരു ഭവനമായിരുന്നു. എന്നാല്‍ എടയില്‍ കുറെ നാശങ്ങളും നേരിട്ടു സ്വത്തുക്കള്‍ക്കു കുറെ ക്ഷയവും വന്നുപോയിട്ടുണ്ട്.

ഞാന്‍ പറയുന്ന ഈ കഥ നടന്ന കാലത്ത് കൊല്ലത്തില്‍ ഈ തറവാട്ടിലേക്ക് ഇരുപത്തെണ്ണായിരം പറനെല്ലു വരുന്ന ജന്മ വസ്തുക്കളും പതിനയ്യായിരം ഉറുപ്പികയോളം കൊല്ലത്തില്‍ പാട്ടം പിരിയുന്ന തോട്ടങ്ങളും ഉണ്ടായിരുന്നു. അതില്‍ ചെലവുകള്‍ എല്ലാം കഴിച്ചു കൊല്ലം ഒരു അയ്യായിരത്തോളം ഉറുപ്പിക കെട്ടിവയ്ക്കാം. ചെലവുകള്‍ ലുബ്ധിച്ചിട്ടാണെന്നു പറഞ്ഞുകൂടാ. മുമ്പുള്ള കാരണവന്മാര്‍ വലിയ യോഗ്യരായിരുന്നതിനാല്‍ അവര്‍വെച്ച ചട്ടപ്രകാരം നല്ല ചെലവുണ്ടായിരുന്നു. നേമം രണ്ടുനേരവും ഇരിപ്പുകാരടക്കം സുഖമായി സാപ്പാടു കൊടുക്കുന്ന രണ്ടു ബ്രാഹ്മണ സത്രങ്ങള്, പലേ അടിയന്തിരങ്ങളും നിയമച്ചിട്ടുള്ളതായ ഒരു ഭഗവതി ക്ഷേത്രം മുതലായതുകളിലുള്ള ചെലവും, നേമം തറവാട്ടില്‍ സാപ്പാടിന്നും ഉടുപ്പുട, തേച്ചുകുളി, ഭൃത്യവര്‍ഗ്ഗങ്ങളുടെ ചെലവ് ഇതുകളും എല്ലാം മുമ്പ് നിയമിക്കപ്പെട്ടിട്ടുള്ളതു വളരെ ധാരാളമായിട്ടാണ്. അതുകൊണ്ടു ജാത്യാ ലുബ്ധനെങ്കിലും പഞ്ചുമേനോനു ഈ വക ചെലവുകള്‍ കൂടാതെ കഴിപ്പാന്‍ ന്വൃത്തിയില്ലാതെ ഇരുന്നു. ഇതെല്ലാം കഴിച്ചു കിട്ടുന്ന നേട്ടമാണ് അയ്യായിരം. അതില്‍ ഒരു കാശു പോലും ചെലവിടുന്നത് പഞ്ചുമേനോന് പരമസങ്കടമാണ്. എന്നാല്‍ തന്റെ മകളായ (ഇന്ദുലേഖയുടെ അമ്മ) ലക്ഷ്മി കുട്ടി അമ്മയ്ക്കും, അവളുടെ അമ്മയും തന്റെ ഭാര്യയുമായ കുഞ്ഞിക്കുട്ടി അമ്മയ്ക്കും കൂടി ഒരു മുപ്പത്തയ്യായിരം ഉറുപ്പികയുടെ സ്വത്തുക്കള്‍ ഇയാള്‍ തന്നെ കൊടുത്തിട്ടുണ്ട്. ഇന്ദുലേഖയും അവളുടെ അമ്മയും തന്റെ ഭാര്യ കുഞ്ഞിക്കുട്ടി അമ്മയും (മദിരാശിയിലല്ലാത്ത കാലത്ത്) മകന്‍ ഗോവിന്ദന്‍ കുട്ടി മേനോനും പഞ്ചുമേനവനോടു കൂടി പൂവരങ്ങ് എന്നുപേരുള്ള രണ്ടു മൂന്നു വലിയ മാളികകളായ ഭവനത്തില്‍, കുളം, കുളിപ്പുര, ക്ഷേത്രം, സത്രശാല മുതലായതുകളുടെ സമീപം വേറെയാണ് താമസം. പൂവള്ളി എന്ന വലിയ തറവാട്ടുവീട് പൂവരങ്ങില്‍ നിന്ന് ഒരു ഇരുന്നൂറ് മുന്നൂറുവാര ദൂരെയാണ്. എന്നാല്‍ ഈ രണ്ടു വീടുകള്‍ക്കും മതില്‍ ഒന്നു തന്നെയാണ്.

പഞ്ചുമേനവന് ഈ കഥ തുടങ്ങുന്ന കാലത്തു എഴുപത് വയസ്സ് പ്രായമാണ്. ഇദ്ദേഹത്തിന്റെ ഒരു അമ്മാവന്‍ ദിവാന്‍ പണിയിലിരുന്ന കാലം ഇദ്ദേഹത്തിന് ഒരു താസീല്‍ദാരുടെ പണി ഉണ്ടായിരുന്നു പോല്‍. അതെല്ലാം വിട്ടിട്ട് ഇപ്പോഴേയ്ക്ക് മുപ്പത് കൊല്ലങ്ങളായി. ആള്‍ നന്ന വെളുത്തു മുണ്ടനായി കുറെ തടിച്ചിട്ടാണ്. ഇദ്ദേഹത്തിന്റെ സൌന്ദര്യ വര്‍ണ്ണന­യ്ക്ക് — തലയില്‍ കഷണ്ടി; വായില്‍ മീതെ വരിയില്‍ മൂന്നും ചുവട്ടിലെ വരിയില്‍ അഞ്ചും പല്ലുകള്‍ ഇല്ലാ; കണ്ണു ചോരക്കട്ടപോലെ; മുണ്ടിന്നു മീതെ കട്ടിയായ ഒരു പൊന്നിന്‍ നൂലും കഴുത്തില്‍ ഒരു സ്വര്‍ണ്ണ കെട്ടിയ രുദ്രാക്ഷ മാലയും തലയില്‍ ഒരു ചകലാസ്സു തൊപ്പിയും കൈയില്‍ വെള്ളികെട്ടിയ വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും എന്നു പറഞ്ഞാല്‍ മതിയാവുന്നതാണ്. മുമ്പ് ഉദ്യോഗം ചെയ്തിരുന്നുവെങ്കിലും ഇംക്ലീഷ് പരിജ്ഞാനം ലേശമില്ലാ. ഉള്ളില്‍ ശുദ്ധതയും ദയയും ഉണ്ടെങ്കിലും ജനനാല്‍ തന്നെ അതികോപിഷ്ഠനാണ്. എന്നാല്‍ ഈ കാലം വയസ്സായതിനാലും രോഗം നിമിത്തവും എല്ലായ്പ്പോഴും ക്രോധരസംതന്നെയാണ് സ്ഥായി ആയ രസം. ഇന്ദുലേഖയോടു മാത്രം താന്‍ കോപിക്കാറില്ല. ഇതു പക്ഷേ, അവളുടെ ഗുണശക്തിയാലോ തന്റെ മൂത്ത മകന്‍ മരിച്ചു പോയ കൊച്ചു കൃഷ്ണമേനോന്‍ പേഷ്കാരില്‍ ഉള്ള അതി വാല്സല്യത്താലോ ആയിരിക്കാം. താന്‍ കോപിഷ്ഠനാണെന്നുള്ള അറിവു തനിക്കുതന്നെ നല്ലവണ്ണം ഉണ്ടാകയാല്‍ വല്ലപ്പോഴും കോപം വന്നുപോയാലോ എന്നു ശങ്കിച്ചു ഇന്ദുലേഖയുടെ മാളികയിലേക്ക് താന്‍ അധികം പോവാറേ ഇല്ല. എന്നാല്‍ ഇദ്ദേഹം രണ്ടു മൂന്നു പ്രാവശ്യം ഇന്ദുലേഖയെപ്പറ്റി അന്വേഷിക്കാതെ ഒരു ദിവസവും കഴിയാറില്ല. ഇന്ദുലേഖ ഒഴികെ പൂവരങ്ങിലും പൂവള്ളിയിലും ഉള്ള യാതൊരു മനുഷ്യനും ഇദ്ദേഹത്തിന്റെ ശകാരം കേള്‍ക്കാതെ ഒരു ദിവസമെങ്കിലും കഴിച്ചു കൂട്ടിയിട്ടുണ്ടോ എന്നു സംശയമാണ്. മാധവനുമായി ശണ്ഠ ഉണ്ടായതു തറവാട്ടു വീട്ടില്‍ വെച്ചു രാവിലെ ആറുമണിക്കാണ്. അതുകഴിഞ്ഞ ഉടനെ അവിടെ നിന്ന് ഇറങ്ങി വലിയ കോപത്തോടെ താന്‍ പാര്‍ക്കുന്ന പൂവരങ്ങില്‍ വന്നു. പൂമുഖത്തു കയറിയപ്പോള്‍ മകള്‍ ലക്ഷ്മികുട്ടി അമ്മയെയാണ് ഒന്നാമത് കണ്ടത്.

പഞ്ചുമേനോന്‍
ആ കുരുത്തം കെട്ട ചണ്ഡാളന്‍ — ആ മഹാപാപി — എന്നെ അപമാനിച്ചതു നീ അറിഞ്ഞില്ലേ?
ലക്ഷ്മിക്കുട്ടി അമ്മ
ആര്‍?
പഞ്ചുമേനോന്‍
മാധവന്‍
ലക്ഷ്മിക്കുട്ടി അമ്മ
എന്താണ് , മാധവനോ?
പഞ്ചുമേനോന്‍
അതെ മാധവന്‍ തന്നെ.

പിന്നെ മാധവന്‍ പറഞ്ഞ വാക്കുകളെല്ലാം കുറെ അധികരിപ്പിച്ചു ലക്ഷ്മികുട്ടി അമ്മയെ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴേക്കും കേശവന്‍ നമ്പൂതിരിയും അകത്തു നിന്ന് പുറത്തേക്ക് വന്ന് ഇതെല്ലാം കേട്ടു.

പഞ്ചുമേനോന്‍
(കേശവന്‍ നമ്പൂതിരിയോട്) ഈ പാപിക്ക് ഇന്ദുലേഖയെ ഞാന്‍ എനി കൊടുക്കയില്ല. എന്താണ് ലക്ഷ്മിക്കുട്ടി ഒന്നും പറയാത്തത്?
ലക്ഷ്മിക്കുട്ടി അമ്മ
ഞാന്‍ എന്താണ് പറയേണ്ടത്?
പഞ്ചുമേനോന്‍
മാധവനോടുള്ള രസം വിടുന്നില്ലാ. അവന്റെ സൌന്ദര്യം കണ്ടിട്ട്, അല്ലെ? എന്താണു നീ മിണ്ടാതെ നില്ക്കുന്നത്? അസത്തുക്കള്‍ — അസത്തുക്കള്‍ — സകലം അസത്തുക്കളാണ്. കഴുത്തു വെട്ടണം.
ലക്ഷ്മിക്കുട്ടി അമ്മ
മാധവനോട് എനിക്ക് എന്താണ് രസം? എനിക്ക് ഇതിലൊന്നും പറവാനില്ല.
പഞ്ചുമേനോന്‍
എന്നാല്‍ ഞാന്‍ പറയാം. എന്റെ ശ്രീപോര്‍ക്കലി ഭഗവതിയാണെ ഞാന്‍ ഇന്ദുലേഖയെ മാധവനു കൊടുക്കയില്ലാ.

ഈ ശപഥം കഴിഞ്ഞ നിമിഷം തന്നെ ഈ വൃദ്ധനു വ്യസനവും തുടങ്ങി. ഇന്ദുലേഖയുടെ ധൈര്യവും മിടുക്കും ഉറപ്പും പഞ്ചുമേനോന് നല്ല നിശ്ചയമുണ്ട്. മാധവനും ഇന്ദുലേഖയുമായുള്ള സ്നേഹത്തെക്കുറിച്ചും ഇയാള്‍ക്കു നല്ല അറിവുണ്ട്. ‘ഇങ്ങനെയിരിക്കുമ്പോള്‍ ഈ ശപഥം എത്രകണ്ടു സാരമാകും? സാരമായില്ലെങ്കില്‍ തനിക്ക് എത്ര കുറവാണ്’.’ എന്നും മറ്റും വിചാരിച്ചു കൊണ്ട് പഞ്ചുമേനോന്‍ പൂമുഖത്തു പടിയില്‍ തന്നെ ഒരു രണ്ടു നാഴിക നേരം ഇരുന്നു. പിന്നെ ഒരു വിദ്യ തോന്നി. കേശവന്‍ നമ്പൂതിരിയെ വിളിക്കാന്‍ പറഞ്ഞു. നമ്പൂതിരി വന്നു പടിയില്‍ ഇരുന്ന ഉടനെ പഞ്ചുമേനോന്‍ നമ്പൂതിരിക്ക് അടുത്തിരുന്നു സ്വകാര്യമായി പറയുന്നു.

പഞ്ചുമേനോന്‍
ഇന്നാള്‍ തിരുമനസ്സിന്നു മൂര്‍ക്കില്ലാത്ത നമ്പൂതിരിപ്പാട്ടിലെ കഥ പറയുകയുണ്ടായി. അദ്ദേഹത്തിന്ന് ഇന്ദുലേഖയെ കുറിച്ച് കേട്ടറിവുണ്ടെന്നും സംബന്ധമായാല്‍ കൊള്ളാമെന്നും മറ്റും പറഞ്ഞു എന്നു പറഞ്ഞില്ലേ? അദ്ദേഹം ആള്‍ കണ്ടാല്‍ നല്ല സുന്ദരനോ?
കേശവന്‍ നമ്പൂതിരി
അതി സുന്ദരനാണ്. പത്തര മാറ്റുള്ള തങ്കത്തിന്റെ നിറമാണ്. ഇന്ദുലേഖയുടെ നിറത്തിനെക്കാള്‍ ഒരു മാറ്റുകൂടും. ഇങ്ങനെ ഒരു പുരുഷനെ ഞാന്‍ കണ്ടിട്ടില്ല. പിന്നെ ധനപുഷ്ടിയോ പറയേണ്ടതില്ലല്ലോ.
പഞ്ചുമേനോന്‍
അദ്ദേഹത്തെ കണ്ടു പരിചയമായാല്‍ ഇന്ദുലേഖയ്ക്കു ബോദ്ധ്യമാവുമോ?
കേശവന്‍ നമ്പൂതിരി
(പൂണൂല്‍ കൈകൊണ്ടു പിടിച്ചിട്ട്) ഞാന്‍ സത്യം ചെയ്യാം — കാണുന്ന നിമിഷത്തില്‍ ബോദ്ധ്യമാവും. ശിവ! ശിവ! എന്തൊരു കഥയാണ്! അദ്ദേഹത്തിനെ കണ്ടാല്‍ അല്ലേ ആ അവസ്ഥ അറിയാന്‍ പാടുള്ളൂ.
പഞ്ചുമേനോന്‍
അദ്ദേഹത്തിനെ ഒന്നു വരുത്താന്‍ കഴിയുമോ?
കേശവന്‍ നമ്പൂതിരി
വരുത്താം.
പഞ്ചുമേനോന്‍
അദ്ദേഹം വന്നാല്‍ ഇന്ദുലേഖയ്ക്ക് മാധവനിലുള്ള ഭ്രമം വിട്ടു പോകുമോ?
കേശവന്‍ നമ്പൂതിരി
(പിന്നെയും പൂണൂല്‍ പിടിച്ചിട്ട്) ഈ ബ്രാഹ്മണനാണെ വിട്ടുപോവും. എനിക്കു സംശയം ലേശമില്ല.

പഞ്ചുമേനോന്‍ സന്തോഷിച്ചു ചിറിച്ചു.

പഞ്ചുമേനോന്‍
എന്നാല്‍ ഒരു എഴുത്തയയ്ക്കുക. അദ്ദേഹം വരട്ടെ, വിഡ്ഢിത്തം ഒന്നും എഴുതരുതെ, ഇന്ദുലേഖയെ നല്ല നിശ്ചയമുണ്ടല്ലൊ. നമ്മള്‍ പിന്നെ വഷളാവരുതെ. ഇവിടെ വന്നു രണ്ടു നാലു ദിവസം താമസിക്കാന്‍ തക്കവണ്ണം മാത്രം എഴുതിയാല്‍ മതി.
കേശവന്‍ നമ്പൂതിരി
ഇത് തോന്നിയത് ഭഗവല്‍കൃപ! — ഭഗവല്‍കൃപ! ഇന്ദുലേഖയുടെ അസാദ്ധ്യഭാഗ്യം! അവളുടെ തറവാട്ടിന്റെ സുകൃതം. ഇവിടുത്തെ ഭാഗ്യം. എന്റെ നല്ലകാലം. ഇപ്പോള്‍ തന്നെ എഴുതിക്കളയാം.
പഞ്ചുമേനോന്‍
എഴുത്തില്‍ വാചകം സൂക്ഷിച്ചുക്കണേ. ഇന്ദുലേഖ ഇങ്കിരിയസ്സും മറ്റും പഠിച്ച അതിശാഠ്യക്കാരത്തിയാണെ. അവളോടു നോം ആരും പറഞ്ഞാല്‍ ഫലിക്കില്ലാ. നമ്പൂതിരിപ്പാട്ടിലെ സൌന്ദര്യം കൊണ്ടും സാമര്‍ത്ഥ്യം കൊണ്ടും പാട്ടില്‍ വരുത്തണം — അതാണ് വേണ്ടത്.
കേശവന്‍ നമ്പൂതിരി
നമ്പൂതിരി ഇവിടെ വന്നിട്ടു രണ്ടു നാഴിക ഇന്ദുലേഖയുമായി സംസാരിച്ചാല്‍ ഇന്ദുലേഖ നമ്പൂതിരിയുടെ ഭാര്യയായിട്ടില്ലെങ്കില്‍ അന്നു സൂര്യോദയം തെക്കു നിന്നു വടക്കോട്ടാണ്.
പഞ്ചുമേനോന്‍
ഇത്ര ഉറപ്പുണ്ടാ? ഇത്ര യോഗ്യനോ നമ്പൂതിരിപ്പാട്?
കേശവന്‍ നമ്പൂതിരി
ഹേ — അതൊന്നും എനിക്കു സംശയമില്ലാത്ത കാര്യമാണ്, ഞാന്‍ വേഗം എഴുതിക്കളയാം.
പഞ്ചുമേനോന്‍
എന്നാല്‍ അങ്ങിനെ തന്നെ.