close
Sayahna Sayahna
Search

കലയിലെ ജഗത്സംബന്ധീയമായ പ്രഭാവം


കലയിലെ ജഗത്സംബന്ധീയമായ പ്രഭാവം
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

“ഐതിഹാസികമായ നോവല്‍” , “ചലനാത്മക ശക്തിയുള്ള മഹനീയമായ കലാശിൽ‌പം” എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ആസ്ട്രേലിയന്‍ നോവലാണ് “മനുഷ്യന്റെ മരം” — The Tree of Man — എന്നത്. അതെഴുതിയ പാട്രിക് വൈറ്റിന് (Patrick White — ജനനം 1912-ൽ) 1973-ല്‍ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം കിട്ടി. കലാകാരന്റെ ആകെക്കൂടിയുള്ള സംഭാവനകളെ പരിഗണിച്ചാണ് നോബല്‍സമ്മാനം നല്‍കുന്നതെങ്കിലും ചിലപ്പോള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസിനെമാത്രം പര്യാലോചന ചെയ്തും അതു കൊടുക്കാറുണ്ട്. തോമസ്‌മന്നിന്റെ “ബുഡ്ഡന്‍ ബ്രോക്ക്സ്” എന്ന നോവലിനെക്കരുതിയായിരുന്നു സമ്മാനം. ക്‌നൂട്ട് ഹാംസൂണിന്റെ “ഗ്രോത്ത് ഒഫ് ദി സോയില്‍” എന്ന നോവലാണ് അദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്. 1955-ലാണ് വൈറ്റ് “മനുഷ്യന്റെ മരം” എന്ന നോവല്‍ പ്രസാധനം ചെയ്തത്. പിന്നീടുള്ള ഇരുപത്തിയെട്ടു വര്‍ഷത്തിനകം അദ്ദേഹം സുപ്രധാനങ്ങളായ അഞ്ചു നോവലുകള്‍ കൂടി രചിച്ചു. അവയില്‍ ഓരോന്നും ‘മാസ്റ്റര്‍പീസ്’ തന്നെ. എങ്കിലും ‘മനുഷ്യന്‍ മരം’ എന്ന കൃതിയുടെ നിരതിശയസൗന്ദര്യം കണ്ടിട്ടാണ് അക്കാഡമി അദ്ദേഹത്തിന് സമ്മാനം നല്‍കിയതെന്ന് കരുതുന്നതില്‍ തെറ്റില്ല ആ നോവല്‍ വായിച്ചവരൊക്കെ വൈറ്റ് ടോള്‍സ്റ്റോയിക്കു സദൃശനാണെന്നു പ്രഖ്യാപിക്കുകയുണ്ടായി.

എപ്പിക്

യോദ്ധാക്കളുടെയും വീരന്മാരുടെയും പ്രവര്‍ത്തനങ്ങളെ ആവിഷ്കരിക്കുന്ന സുദീര്‍ഘമായ കാവ്യത്തെയാണ് ഇതിഹാസ എപ്പിക് — എന്നു വിളിക്കുന്നത്. കെട്ടുകഥകളും പഴങ്കഥകളും ചരിത്രസംഭവങ്ങളും കൂട്ടിക്കലര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന അത്തരം കാവ്യങ്ങള്‍ രാഷ്ട്രത്തിന്റെ അഭിലാഷങ്ങളെയും പ്രതീക്ഷകളെയും ഔന്നത്യത്തോടെ പ്രതിപാദിക്കുന്നു. വ്യാസന്റെ മഹാഭാരതം എപ്പിക്കാണ്. ഹോമറിന്റെ ‘ഇലിയഡും’, ‘ഒഡീസി’യും ആ വിഭാഗത്തില്‍പ്പെടുന്നു. ഇരുപതാം ശതാബ്ദത്തില്‍ ലക്ഷണം തികഞ്ഞ ഇതിഹാസങ്ങള്‍ ഉണ്ടായിട്ടില്ല; പക്ഷേ ഇതിഹാസത്തിന്റെ സ്വഭാവമാര്‍ന്ന ചില പദ്യകൃതികള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. ഫ്രഞ്ച് കവി സിന്‍ജന്‍ പഴ്സിന്റെ (Saint John Perse) ‘അനാബാസ്’ Anabase — റ്റി. എസ്. എല്യറ്റ് ഇത് ഇംഗ്‌ളീഷിലേക്ക് തര്‍ജ്ജചെയ്തിട്ടുണ്ട്.) നിക്കോസ് കാസാന്‍ദ് സാക്കീസിന്റെ ‘ഒഡീസി’ വസ്കോ പോപ്പ എന്ന സെര്‍ബിയന്‍ കവിയുടെ Secondary Heaven ഈ കൃതികള്‍ ഇതിഹാസത്തിന്റെ സവിശേഷതകള്‍ ആവഹിക്കുന്നു. ഇക്കാര്യത്തില്‍ പദ്യസാഹിത്യത്തേക്കാള്‍ ഗദ്യസാഹിത്യമാണ് സമ്പന്നമായിരിക്കുന്നത്. ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, സ്റ്റെന്‍ ബക്കിന്റെ ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളും’, ഇവോ ആന്‍ഡ്രിച്ചിന്റെ ‘ഡ്രീനാ നദിയിലെ പാലവും’ പസ്റ്റര്‍ നക്കിന്റെ ‘ഡോക്ടര്‍ ഷിവാഗോ’യും രാഷ്ട്രത്തിന്റെ ഭാഗധേയങ്ങളെ പ്രാധാന്യത്തോടെ ആലേഖനം ചെയ്യുന്നു. അതിനാല്‍ അവയെ ഇതിഹാസത്തിന്റെ പരിമാണമുള്ള കൃതികളായിട്ടാണ് നിരൂപകര്‍ കാണുക. പാട്രിക് വൈറ്റിന്റെ ഈ നോവലും ഇതിഹാസത്തിന്റെ — എപ്പിക്കിന്റെ — സവിശേഷതകളാര്‍ന്നു ശോഭിക്കുന്നു.

കാലം കഴിയുന്തോറും ഇതിഹാസത്തിന്റെ സ്വഭാവങ്ങള്‍ക്കു വ്യത്യാസം വരും. മഹാഭാരതവും ഇലിയഡും തമ്മിലുള്ള ഭാഷാവിഷയകമായ വൈരുദ്ധ്യമിരിക്കട്ടെ. സാന്‍മാര്‍ഗ്ഗികത്വത്തില്‍ മഹാഭാരതം ഇലിയഡിനെക്കാള്‍ വിശിഷ്ടമാണ്. ഹോമറും വെര്‍ജിലും തമ്മില്‍ എന്തൊരു അന്തരം! അതുപോലെ വെര്‍ജിലും മില്‍ട്ടനും തമ്മില്‍ വ്യത്യാസമുണ്ട്. എങ്കിലും ഇതിഹാസകര്‍ത്താക്കള്‍ ഒരു കാര്യത്തില്‍ യോജിക്കും. വ്യക്തിയായ കവിയുടെ ജീവിതവീക്ഷണഗതി ഒരിക്കലും ഇതിഹാസത്തില്‍ കാണില്ല. സമുദായത്തിന്റെ സാകല്യാവസ്ഥയിലുള്ള വലിയ ചിത്രമാണ് ഇതിഹാസകര്‍ത്താവ് വരയ്ക്കുന്നത്. അതിന്റെ പശ്ചാത്തലം പ്രകൃതിയായിരിക്കുകയും ചെയ്യും. അവയെ ആലേഖനം ചെയ്യുമ്പോള്‍ കവിയുടെ വ്യക്തിഗതമായ ജീവിതാഭിവീക്ഷണം ഇതിഹാസത്തില്‍ ആവിര്‍ഭവിക്കില്ല. യുധിഷ്ഠിരനോ ദുര്യോധനനോ വീഴട്ടെ. അല്ലെങ്കില്‍ ഹെകുറോ ടേണസോ വീഴട്ടെ വ്യക്തികളല്ല അപ്പോള്‍ നിലംപതിക്കുന്നത്. ആ വ്യക്തികള്‍ പ്രതിനിധാനം ചെയ്ത സമുദായങ്ങളാണ്. പാട്രിക് വൈറ്റിന്റെ നോവലിലെ പ്രധാന കഥാപാത്രം സ്റ്റാന്‍പാര്‍ക്കര്‍ വീഴുന്നു. ആ വീഴ്ച ഒരു സമുദായത്തിന്റെ, ഒരു രാഷ്ട്രത്തിന്റെ വീഴ്ചയാണെന്നു നമുക്കു തോന്നുന്നു. അയാള്‍ ആസ്ട്രേലിയയിലെ ഒരു കാട്ടില്‍ എത്തുന്നു. പ്രകൃതിയോടു പടവെട്ടി ഭവനം നിര്‍മ്മിക്കുന്നു. അയാളെ സഹായിക്കാന്‍ അപ്പോള്‍ ഒരു സ്ത്രീയെത്തുകയാണ്. അവരുടെ ബന്ധം ഒരു കുടുംബത്തിന്റെ ആവിര്‍ഭാവത്തിന് കാരണമാകുന്നു. അത് പിന്നീട് ഒരു സമൂഹത്തിന്റെയും. ആ സമൂഹം ഒടുവില്‍ തകരുന്നു; പുതിയ തലമുറ ജനനംകൊള്ളുന്നു. ഇങ്ങനെ എല്ലാ രീതിയിലും ‘മനുഷ്യന്റെ മരം’ എന്ന കൃതി ഇതിഹാസത്തോട് യോജിച്ചുനില്‍ക്കുകയാണ്.

കഥ

ആസ്ട്രേലിയയിലെ ഒരു കാട്ടുപ്രദേശത്താണ് കഥ തുടങ്ങുന്നത്. രണ്ടു മരങ്ങള്‍ക്കിടയില്‍ ഒരു കുതിരവണ്ടി വന്നു നിന്നു. അതില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ താഴത്തേയ്ക്ക് ഇറങ്ങി. അയാള്‍ കോടാലിയെടുത്ത് ഒരു മരത്തില്‍ ആഞ്ഞുവെട്ടിത്തുടങ്ങി. വലിയ ശബ്ദം. ആ പ്രദേശത്ത് ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ്. ചെറുപ്പക്കാരന്‍ ഒറ്റയ്ക്കു എത്തിയിരിക്കുന്നു. അയാള്‍ക്കു കൂട്ടായി വണ്ടിയില്‍ കെട്ടിയ കുതിരയുണ്ട്. ഒരു ചുവന്ന പട്ടിയുമുണ്ട്. ആ യുവാവിന്റെ പേരാണ് സ്റ്റാന്‍ പാര്‍ക്കര്‍. ഒരു കൊല്ലപ്പണിക്കാരന്റെ മകനാണ് അയാള്‍. മരിച്ചുപോയ അച്ഛന്‍ മകനുവേണ്ടി കരുതിവച്ച ആ സ്ഥലത്തുതന്നെയാണ് അയാള്‍ എത്തിയിരിക്കുന്നത്. സ്റ്റാന്‍ പാര്‍ക്കർ വളരെ ദിവസം മരങ്ങള്‍ മുറിച്ചും ഭൂമി നിരപ്പാക്കിയും പണിയെടുത്തു. ഒടുവില്‍ അയാള്‍ അവിടെയൊരു പരുക്കന്‍ കെട്ടിടം നിര്‍മ്മിച്ചുവച്ചു. ഒരു ദിവസം അയാള്‍ യുറൂഗടൗണ്‍ഷിപ്പില്‍ പോയിട്ടു തിരിച്ചു വന്നപ്പോള്‍ ഒരു യുവതിയേയും കൂടി കൊണ്ടുവന്നു. അവള്‍ സ്റ്റാന്‍ പാര്‍ക്കര്‍ നിയമപ്രകാരം വിവാഹം കഴിച്ച ഏമിയാണ്.

കാലം കഴിഞ്ഞു. അവിശ്രമമായ ജോലികൊണ്ട് ആ കൃഷിസ്ഥലം വികാസം കൊണ്ടു. വെള്ളപ്പൊക്കവും കാട്ടുതീയും വരള്‍ച്ചയും അവരെ പീഡിപ്പിച്ചു. പക്ഷെ പ്രതിബന്ധസഹസ്രങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ട് അവ ജീവിച്ചു. തങ്ങളുടെ ജീവിതം സാഫല്യത്തിലെത്തിയെന്ന് അവര്‍ക്കു തോന്നി. നൈരാശ്യങ്ങളും പ്രയാസങ്ങളും അവര്‍ക്ക് ഉണ്ടാകാതിരുന്നില്ല. സ്റ്റാന്‍ പാര്‍ക്കര്‍ ജീവിതത്തിന്റെ മഹാദ്ഭുതങ്ങള്‍ ക്ഷുദ്രങ്ങളായ വസ്തുതകളില്‍പ്പോലും ദര്‍ശിച്ചു. പക്ഷേ തന്റെ അനുഭൂതി ഭാര്യയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. നോവല്‍ തുടങ്ങുമ്പോള്‍ രണ്ടു വന്‍മരങ്ങളെ നാം കാണുന്നു. ആ വൃക്ഷങ്ങളെപ്പോലെ അടുത്തടുത്തു നില്‍ക്കുകയാണ് സ്റ്റാന്‍ പാര്‍ക്കറും ഏമിയും. പക്ഷേ വൃക്ഷങ്ങള്‍ക്കു ആശയനിവേദനത്തിനു കഴിവില്ല. അതുപോലെ ഭര്‍ത്താവിനും ഭാര്യയ്ക്കും തമ്മില്‍ ഹൃദയ സംവാദം സാദ്ധ്യമല്ലാതെയായി. അതുകൊണ്ടാവണം ഏമി വിവാഹിതനായ ലിയോയുമായി വേഴ്ചയിലേര്‍പ്പെട്ട് സ്റ്റാന്‍ പാര്‍ക്കിനെ വഞ്ചിച്ചത്.

സ്റ്റാന്‍ പാര്‍ക്കര്‍ക്കും ഏമിക്കും കുഞ്ഞുങ്ങളുണ്ടായി. ഒരു മകനും മകളും. റേ എന്ന മകന്‍ തെമ്മാടിയായി വളര്‍ന്നു. അവന്‍ ഒരു സ്ത്രീയുടെ ജീവിതം ഇല്ലാതാക്കിയിട്ട് മരണം വരിച്ചു. തെല്‍മ പട്ടണത്തില്‍പ്പോയി അവള്‍ക്കു ജോലി നല്‍കിയ ഒരുത്തന്റെ ഭാര്യയായി പാര്‍ത്തു. എങ്കിലും ആ ദമ്പതികള്‍ ജീവിച്ചു. വാര്‍ദ്ധക്യം വന്നെത്തി. സ്റ്റാന്‍ പാര്‍ക്കര്‍ക്ക് ശാരീരികമായ തകര്‍ച്ചയുണ്ടായപ്പോള്‍ ഒരു വ്യര്‍ത്ഥതാബോധം ജനിച്ചു. ഇനി അധികം കാലമില്ല ആ മനുഷ്യന്. നോവല്‍ അവസാനിക്കുകയാണ്. സ്റ്റാന്‍ പാര്‍ക്കറുടെ മരണത്തിനുശേഷം പിന്നെന്തുണ്ട്? മരങ്ങള്‍ മാത്രം. അവ വീട്ടിനു പിറകിലായി നില്‍ക്കുന്നു. ആ വൃക്ഷങ്ങള്‍ നില്‍ക്കുന്ന ഭൂമി ആര്‍ക്കും വേണ്ടാത്തതാണ്. അതിലൂടെ മരിച്ച സ്റ്റാന്‍ പാര്‍ക്കറുടെ കൊച്ചുമകന്‍ തലകുനിച്ചു നടക്കുന്നു; പച്ചപിടിച്ച ചിന്തകളുടെ മുളകള്‍ ഉദ്ഗമിപ്പിച്ചുകൊണ്ട് അങ്ങനെ പരിസമാപ്തിയില്‍ ഒരു പരിസമാപ്തിയും ഇല്ലാതെയായി.

ജീവന്റെ ചിരസ്ഥായിത്വം

നോവല്‍ വായിച്ചവസാനിപ്പിക്കുമ്പോള്‍ എന്തൊരു ഐതിഹാസികമായ ഔജ്ജ്വല്യം! (Epic grandeur) എന്നു നമ്മള്‍ അറിയാതെ പറഞ്ഞുപോകും. പ്‌ളോട്ടില്ല, കഥയില്ല; അപ്രമേയ പ്രഭാവന്മാരായ വ്യക്തികള്‍ കഥാപാത്രങ്ങളായി രംഗപ്രവേശം ചെയ്യുന്നില്ല. അസങ്കീര്‍ണതയാണ് എവിടത്തെയും മുദ്ര. എങ്കിലും വായനക്കാര്‍ ആദരത്തോടെ കൈകൂപ്പുന്നു. നോവലിന്റെ മുന്‍പിലും നോവലിസ്റ്റിന്റെ മുന്‍പിലും. അതാണ് കലയുടെ വൈഭവം. പ്രകൃതി എപ്പോഴും പുനരുജ്ജീവനം ആര്‍ന്നതാണല്ലോ. അതിനാല്‍ ഒരിക്കലും അതിനു നാശമില്ല. പ്രകൃതിയുടെ ഈ നാശമില്ലായ്മയെ, ചിരസ്ഥായിത്വത്തെ സൂചിപ്പിച്ചുകൊണ്ടാണ് വൈറ്റ് നോവല്‍ അവസാനിപ്പിക്കുന്നത്. The tree of man was never quiet എന്ന കവിവാക്യം (ഹൗസ്മാന്‍ എഴുതിയത്) തെല്‍മ ചിത്തവിലോഭനത്തോടെ വായിക്കുന്നതായി നോവലില്‍ പറയുന്നുണ്ട് (പെന്‍ഗ്വിന്‍ എഡിഷന്‍ 376-ആം പുറം). അതുതന്നെ നോവലിന്റെ പേരായിക്കൊടുത്ത പാട്രിക് വൈറ്റ് തന്റെ ജീവിത ദര്‍ശനത്തെ അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഈ ചിരസ്ഥായിത്വം എപ്പിക് കൃതികളുടെ സവിശേഷതയുമത്രേ.

എപ്പിക്കുകളില്‍ പ്രാചീനവര്‍ഗങ്ങളുടെ കണ്ടെത്തല്‍ എന്നത് പ്രാധാന്യമാര്‍ന്ന ഘടകമാണ്. അതിനു സദൃശമായി ഈ നോവലിലുള്ളത് ഒരു വര്‍ഗത്തിന്റെ കുടിയേറിപ്പാര്‍പ്പാണ്. അപ്പോള്‍ പുതിയ സ്ഥലത്തു ചെല്ലുന്നവന് പ്രകൃതിയുമായി സംഘട്ടനത്തിലേര്‍പ്പെട്ടെ മതിയാവൂ. നോവലിന്റെ ആദ്യഭാഗം മുഴുവന്‍ ഈ സംഘട്ടനത്തിന്റെ കഥയാണ്. So they reached heir destination and ate and slept and in the morning of frost, beside the ashes of a fire were faced with the prospect of leading some kind of life. Of making that life purposeful of opposing silence and rock and tree. It does nor seem possible in a world of frost. അങ്ങനെ ലക്ഷ്യവേധിയായ പ്രയാണം അവരെ ജീവിപ്പിച്ചു. ആ ജീവിതം സാര്‍ത്ഥകമായി. അവര്‍ പ്രകൃതിയെ ജയിച്ചപ്പോള്‍ കുടുംബമുണ്ടായി. സമൂഹമുണ്ടായി. ആ വ്യക്തികള്‍ തിരോധാനം ചെയ്യും. സംശയമില്ല. പക്ഷേ പുതിയ വ്യക്തികള്‍ വരും. മരങ്ങളെ നോക്കു. മനുഷ്യന്‍ ചിന്തകളുടെ മുളകളെ ഉല്പാദിപ്പിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നതുപോലെ അവ പുതിയ പുതിയ മുളകളെ നിര്‍മിച്ചുകൊണ്ട് നില്‍ക്കുന്നു. ആ രീതിയില്‍ അവ ജീവന്റെ ചിരസ്ഥായിത്വത്തെ ഉദ്ഘോഷണം ചെയ്യുന്നു. വ്യക്തിക്ക് ദുരന്തം വന്നാലും അത് പരിഗണിക്കേണ്ടതില്ല. ആ ദുരന്തം മനുഷ്യ ജീവിതത്തിന്റെ പരിമിതത്വം കൊണ്ട് സംഭവിക്കുന്നതാണ്. പ്രാധാന്യം വിച്ഛേദനം സംഭവിക്കാത്ത ജീവന്റെ പ്രയാണത്തിനാണ്. ഈ ചിന്താഗതിക്ക് ചേതോഹരമായ രൂപം നല്‍കിയിരിക്കുകയാണ് പാട്രിക് വൈറ്റ്. അതിനാല്‍ ജഗത്‌ സംബന്ധീയമായ ഒരു പ്രഭാവം ഈ നോവലിന് കൈവരുന്നു. “നിങ്ങള്‍ ഈ ഗ്രന്ഥത്തെ സ്പര്‍ശിക്കുമ്പോള്‍ ഒരു മനുഷ്യനെ സ്പര്‍ശിക്കുന്നു’ എന്ന് ആരോ പറഞ്ഞില്ലേ? വൈറ്റിന്റെ ‘The Tree of Man’ എന്ന ഗ്രന്ഥത്തെ തൊടുമ്പോള്‍ പ്രപഞ്ചത്തെയാകെ സ്പര്‍ശിക്കുന്ന പ്രതീതി ജനിക്കും.