close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി


കൊച്ചമ്പ്രാട്ടി
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

ഇ ഹരികുമാര്‍

കുറിപ്പ്

തൊള്ളായിരത്തി അമ്പതുകളുടെ മധ്യം തൊട്ട് അറുപതുകളുടെ അന്ത്യം വരെയുള്ള ഒരു കാലഘട്ടമാണ് ‘കൊച്ചമ്പ്രാട്ടി’ എന്ന ഈ നോവലിന്റെ പശ്ചാത്തലം.

ഏറെ പുതുമ അനുഭവപ്പെടുന്ന ഒരു ആഖ്യാനരീതിയാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്. അധികവും കഥാപാത്രങ്ങളുടെ മനസ്സിലൂടെ നോവൽ പുരോഗമിക്കുന്നു. എഴുത്തുകാരൻ നേരിട്ട് ഇടപെടുന്ന അപൂർവ്വ സന്ദർഭങ്ങളേയുള്ളു. എന്നാൽ ഒരു കഥാപാത്രത്തിന്റെ മാത്രം മനസ്സിലൂടെ സഞ്ചരിക്കാതെ ഒരു പഴുത് കിട്ടുമ്പോൾ മറ്റൊരു കഥാപാത്രം ചാടിവീഴുകയും പിന്നെ അവളുടെ അല്ലെങ്കിൽ അയാളുടെ മനസ്സിലൂടെ നോവൽ യാത്ര തുടരുകയും ചെയ്യുന്നു. വായനക്കാർക്ക് ഒട്ടും വിരസത അനുഭവപ്പെടാത്ത ഒരു ആഖ്യാനരീതി വേണമെന്ന് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു. അധികം പേർ ഈ രീതിയിൽ എഴുതിയിട്ടില്ലെന്നാണ് എന്റെ അറിവ്.

രചനയിൽ പ്രത്യേകതയായി ഞാൻ അവലംബിച്ചിട്ടുള്ള രീതി ഒരു ചെറിയ കാലയളവിലെ സംഭവങ്ങൾ വിശദമായി പറയുകയും, അതിനിടയ്ക്ക് കഴിഞ്ഞു പോകുന്ന ഒരു നീണ്ട കാലത്തെ സംഭവങ്ങൾ പലരുടെയും ഓർമ്മയിൽ നിന്ന് പകർത്തുകയുമാണ്. സ്വാഭാവികമായും ആ കാലത്തെ സംഭവങ്ങൾക്ക് മൂർച്ച കുറയും. അത് ഞാൻ ഉദ്ദേശിച്ചതു തന്നെയാണ്. ഈ നോവലിലെ, ഓർമ്മയിൽ നിന്ന് പലതും നഷ്ടപ്പെട്ടുപോയ ഒരു കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പലയിടത്തും പൊളിഞ്ഞു കിടക്കുന്ന ഒരു വേലി പോലെയാണ് ഇതിന്റെ രചനാതന്ത്രവും. വേലിയുള്ളിടത്ത് വളരെ സ്പഷ്ടമായ ചിത്രങ്ങൾ കാലത്തിന്റെ വേലി പൊളിഞ്ഞു കിടക്കുന്നിടത്തെത്തുമ്പോൾ അവ്യക്തവും ഒരു പരിധി വരെ അമൂർത്തവുമാകുന്നു. നോവലിലെ ഭാഷ ഉപയോഗിച്ചാൽ, ‘കയറഴിച്ചുവിട്ട പശുക്കളെപ്പോലെ ഓർമ്മകൾ ഓടി രക്ഷപ്പെട്ടിരിക്കുന്നു.’

നോവലിന്റെ പശ്ചാത്തലം

അനാവശ്യവും സുദീർഘങ്ങളുമായ വർണ്ണനകളും വിശേഷണങ്ങളും ചില പ്രത്യേക മുഹൂർത്തങ്ങളെ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള വ്യഗ്രതയിൽ കുത്തിനിറയ്ക്കുന്ന വിരസങ്ങളായ വിവരണങ്ങളും വളരെ അരോചകമായി എനിക്കു തോന്നാറുണ്ട്. അങ്ങിനെയുള്ള നോവലുകളിൽ ഖണ്ഡികകൾ തന്നെ ഒഴിവാക്കി വായിച്ചാലും വായനക്കാരന് നഷ്ടമൊന്നും ഉണ്ടാവാൻ പോകുന്നില്ല. ആ തരത്തിലുള്ള ‘സാഹിത്യം’ ഞാൻ ഒഴിവാക്കിയിട്ടുണ്ട്. ഏതാനും വരകളിൽ ഒരു ചിത്രത്തിന്റെ ആത്മാവ് ദൃശ്യമാകുന്നില്ലെങ്കിൽ ആ ചിത്രകാരൻ ഒരു പരാജയമാണ്. അതുപോലെത്തന്നെയാണ് സാഹിത്യത്തിലും. ഒന്നോ രണ്ടോ വാക്കുകളിൽ അല്ലെങ്കിൽ വാക്യത്തിൽ വായനക്കാരന്റെ മനസ്സിൽ ചിത്രമുണ്ടാക്കാൻ കഴിയണം. അങ്ങിനെയാണ് ഈ നോവലിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്. അതുകൊണ്ട് തുടർച്ചയായ, താളം തെറ്റാത്ത വായന സാദ്ധ്യമാണ്. ഒന്നും ഒഴിവാക്കേണ്ടി വരില്ലെന്നർത്ഥം.

ഒരു കാലത്ത് പ്രബലമായിരുന്ന നായർ സമുദായത്തിന്റെ പടിപടിയായിട്ടുണ്ടായ അധഃപതനവും താഴെ നിന്നിരുന്ന സമുദായങ്ങളുടെ ഉദ്ഗതിയും ഉണ്ടായ ഒരു കാലഘട്ടമാണ് നോവലിലേത്. ആ വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയ്ക്കാകട്ടെ പാരമ്പര്യത്തെയും തലമുറകളായി ആദരിച്ചു വന്ന പല വിശ്വാസങ്ങളേയും ധിക്കരിക്കേണ്ടി വരുന്നു. ധീരമായ മനസ്സോടെ അവൾ അതു ചെയ്യുമ്പോൾ തറവാട്ടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിൽ നിന്ന് ചീഞ്ഞു തുടങ്ങിയ ഒരു വ്യവസ്ഥിതി മാറ്റത്തിന്റെ വെളിച്ചത്തിന് ഇടം നല്കി ഒഴിഞ്ഞു പോകുകയാണ്. ആധുനിക പദാവലിയുടെ ചുവടു വച്ച് ഇതൊരു ദളിതന്റെ കഥ കൂടിയാണെന്നു പറയാം. എനിക്ക് ദളിതൻ എന്ന വാക്കിനോട് പ്രതിപത്തിയില്ല. വർഗ്ഗീകരണം എത്രയും കുറയ്ക്കാൻ പറ്റുമോ അത്രയും നല്ലതാണ്. ലോകത്തെമ്പാടും രണ്ടു വർഗ്ഗങ്ങളെ ഉള്ളു. ഒന്ന് സമ്പന്നരുടെ വർഗ്ഗം, രണ്ട് നിസ്വരുടെ വർഗ്ഗം. നിസ്വനെ സമ്പന്നൻ അടക്കി ഭരിക്കുന്നത് സമ്പത്തു കൊണ്ടും അതുകൊണ്ട് നേടുന്ന അധികാരം കൊണ്ടും മാത്രമാണ്. അതുകൊണ്ട് ഇതു രണ്ടും നേടുക മാത്രമേ അവർക്ക് മോചനമാർഗ്ഗമുള്ളു. എന്റെ കഥാപാത്രം ഒരു പുലയനാണ്. പക്ഷേ അയാൾ അതിൽ ഊറ്റം കൊള്ളുകയോ അതൊരു അവശനിലയായി കണക്കാക്കി അതിൽ പരിതപിക്കുകയോ ചെയ്യുന്നില്ല. താൻ നിൽക്കുന്നിടത്തു നിന്ന് ഉയരാനായി അവൻ ശ്രമിക്കുന്നുണ്ട്, അദ്ധ്വാനിക്കുന്നുണ്ട്.

ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്നതോ ആയ ഒരു വ്യക്തിയേയും ഞാൻ മാതൃകയായി സ്വീകരിച്ചിട്ടില്ല. (വി.ടി. ഭട്ടതിരിപ്പാടിന്റെ കാര്യം മാത്രമേ ഇതിനൊരപവാദമായിട്ടുള്ളൂ. അദ്ദേഹം നേരിട്ട് നോവലിൽ പ്രത്യക്ഷപ്പെടുന്നു.) പക്ഷേ ഇതിലെ ഓരോ കഥാപാത്രവും നോവലിന്റെ കാലഘട്ടത്തിൽ ജീവിച്ചു മരിച്ച നിരവധി പേരുടെ പ്രതിനിധിയാണ്. അവർ നമ്മുടെ സാമൂഹികചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു കാലയളവിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുള്ളവരാണ്. നല്ലതിനോ ചീത്തയ്‌ക്കോ എന്നത് ഇവിടെ പ്രസക്തമല്ല.

പെൺവാണിഭവും സ്ത്രീപീഡനവും ഒന്നല്ല. പെൺവാണിഭം സംഘടിത മാഫിയയുടെ പ്രവർത്തനമാണ്. അളവറ്റ പണമുണ്ടാക്കാനുള്ള അവരുടെ ശ്രമത്തിൽ സ്ത്രീകൾ മാത്രമല്ല, ബാലന്മാരും, ഒരു പരിധിവരെ പുരുഷന്മാരും ഇരകളാകുന്നുണ്ട്. എന്റെ നോവലിൽ ഈ വിഷയം സ്പർശിക്കുന്നില്ല, കാരണം അമ്പതുകളിലും അറുപതുകളിലും കേരളത്തിൽ വനം കൊള്ളക്കാരും അതുപോലുള്ള പ്രാദേശിക കൂട്ടുകൃഷികളുമല്ലാതെ സജീവമായ സംഘടിത മാഫിയകൾ ഇല്ലായിരുന്നു. അവിടെ ജന്മിമാരും അവരാൽ ചൂഷണം ചെയ്യപ്പെട്ട പാവപ്പെട്ടവരുമായിരുന്നു. അതിൽ സ്ത്രീപുരുഷനെന്ന ഭേദമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ട ഒരു വർഗ്ഗം. ഈ സ്ഥിതിവിശേഷം ക്രമേണ മാറി വരുന്നത് നോവലിൽ കാണാം. സമുദായത്തിന്റെ അടിത്തട്ടിലുള്ളവർ ആത്മാഭിമാനത്തോടെ ഉയിർത്തെഴുന്നേറ്റു വരുന്ന കാഴ്ച ഇതിലുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ടു നിന്ന സ്വാതന്ത്ര്യസമരവും ശ്രീനാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, സഹോദരൻ അയ്യപ്പൻ, കേളപ്പജി എന്നിവരുടെ പ്രബോധനങ്ങളും വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധരായ ഒരു ജനതയും ഇതിന് കാരണക്കാരാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയൊരളവിൽ അതിന് ആക്കം കൂട്ടുകയുണ്ടായി. എന്തുദ്ദേശ്യം ലാക്കാക്കിയായിരുന്നാലും ക്രിസ്റ്റ്യൻ പാതിരിമാരുടെ പ്രവർത്തനങ്ങളും ഈ ഉയിർത്തെഴുന്നേൽപ്പിനെ സഹായിച്ചു.

സ്ത്രീയുടെ ശരീരം

സ്ത്രീ അവളുടെ ശരീരം പുരുഷമേൽക്കോയ്മയ്‌ക്കെതിരെയുള്ള ആയുധമാക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട് ഈ നോവലിൽ. പുറമെ നിന്ന് നോക്കുമ്പോൾ സ്ത്രീപീഡനമെന്നു തോന്നാവുന്ന സംഭവങ്ങൾ ശരിക്കും അവസാനത്തെ അപഗ്രഥനത്തിൽ പുരുഷപീഡനമായി കലാശിക്കുന്നതാണ് കാണുന്നത്. ശാരീരികമായി ദുർബ്ബലമായൊരു വിഭാഗം പലപ്പോഴും നിലനില്പിന്റെ ഭാഗമായി, അല്ലെങ്കിൽ ഭൗതിക ലാഭത്തിനായി പുരുഷന്റെ ദൗർബ്ബല്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ. മനുഷ്യനെന്ന ജന്തുവർഗ്ഗത്തിന്റെ ഉദയം മുതൽ അതിജീവനത്തിന്റെ ശാസ്ത്രം തന്നെ വികസിപ്പിച്ചെടുക്കുന്നതിൽ സ്ത്രീവർഗ്ഗം വിജയിച്ചിരുന്നു. അതു കാലാകാലമായി പരിഷ്‌കരിക്കുന്നതിലും അവർ അസാമാന്യകഴിവും മികവും കാണിച്ചു. സ്ത്രീയ്ക്കും ലൈംഗികതയുണ്ട്, അവളുടെതായ രുചിഭേദങ്ങളുണ്ട്, അവ കാലഹരണപ്പെട്ട സദാചാരബോധങ്ങൾക്കും പുരുഷമേധാവിത്വത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും അടിച്ചമർത്താൻ കഴിയാത്തവിധം വളരെ ശക്തമാണ് എന്ന് മലയാളത്തിൽ ആദ്യമായി പറഞ്ഞത് സ്ത്രീകൾക്കു വേണ്ടി നിലകൊളളുന്നുവെന്ന് നടിക്കുന്ന പെണ്ണെഴുത്തുകാരോ സ്ത്രീ സംഘാടകരോ അല്ല, മറിച്ച് പെണ്ണെഴുത്തുകാരി എന്ന് വിളിക്കാൻ ആഗ്രഹിക്കാത്ത, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാണ് എന്ന് ഓർക്കണം.

എന്റെ കഥകൾ പൊതുവെ സ്ത്രീപക്ഷകഥകളാണ്. ആ ചായ്‌വ് ഈ നോവലിലും കാണാം. പക്ഷേ പെണ്ണെഴുത്തുകാർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രീപ്രതികരണമാവണമെന്നില്ല ഇവിടെ. അതായത് പുരുഷൻ തൊടുമ്പോഴേയ്ക്ക് പുഴയിൽ പോയി ചകിരിയെടുത്ത് ഉരച്ച് തോലു വരെ കളയുന്ന കക്ഷിയല്ല അവളെന്നർത്ഥം. മറിച്ച് ലൈംഗിക കാര്യങ്ങളിൽ കുറേക്കൂടി പക്വത വന്നവൾ. അത്ര പെട്ടെന്ന് വാടി വീഴുന്നവരല്ല ഈ നോവലിലെ സ്ത്രീകൾ. അവൾ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി ബോധവതിയാണ്. സ്ഥാപനവൽക്കരിക്കപ്പെട്ട കുടുംബ ബന്ധങ്ങളോ ഇറക്കുമതി ചെയ്ത പാപബോധമോ അതു നേടിയെടുക്കുന്നതിൽ നിന്ന് അവളെ പിൻതിരിപ്പിക്കുന്നില്ല. സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്ന നിർബ്ബന്ധമുള്ളവൾ. ചൂലെടുത്തുയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുക എളുപ്പമാണ്, പ്രത്യേകിച്ചും നാം സത്യത്തിൽ നിന്ന് അകന്നു നിൽക്കുമ്പോൾ. ഒരു കാലഘട്ടത്തിന്റെ കഥയാണ് ഞാൻ എഴുതുന്നത്. അത് ചരിത്രമായതു കൊണ്ട് എത്രത്തോളം സത്യസന്ധമാകാമോ അത്രയും ആകണമെന്ന് എനിക്ക് നിർബ്ബന്ധമുണ്ട്. അതിനെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനോ സ്ത്രീസ്വത്വവാദത്തിനോ വേണ്ടി വളച്ചൊടിച്ചാൽ നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ലെന്നേ പറയാനുള്ളൂ. തത്വശാസ്ത്രങ്ങൾ മുരട്ടുവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രം മുന്നോട്ടു കുതിക്കുകയാണ്.

തലമുറകളായി എന്താണ് ലൈംഗികത എന്ന് മനസ്സിലാക്കാൻകൂടി പറ്റാതെ, ഒരിക്കൽപ്പോലും രതിമൂർഛ ലഭിക്കാതെ, പുരുഷന്റെ അടിമയായി, വിവാഹമെന്ന വ്യവസ്ഥാപിത ലൈംഗിക ചൂഷണത്തിന്റെ ഇരകളായി മാത്രം ജീവിച്ചു മരിച്ചുപോയ കേരളത്തിലെ സതി—സാവിത്രിമാർക്ക് സാനുകമ്പം ഞാൻ ഈ നോവൽ സമർപ്പിക്കുന്നു.

(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകർത്താവിനോട് കടപ്പാട്.)

അദ്ധ്യായങ്ങൾ