close
Sayahna Sayahna
Search

ചങ്ങമ്പുഴക്കവിതയുടെ ആന്യാദൃശസ്വഭാവം


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചങ്ങമ്പുഴക്കവിതയുടെ അന്യാദൃശസ്വഭാവം

ബ്രിട്ടീഷ് കവിയായ സി. ഡേ ലൂയിസ് The Lyric Impulse എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. അതില്‍ The Golden Bridle എന്നൊരദ്ധ്യായമുണ്ട്. സ്വര്‍ണ്ണക്കടിഞ്ഞാണ്‍. ഈ അദ്ധ്യായത്തില്‍ മിഥോളജിയിലെ ഒരു സംഭവം ഡോ ലൂയിസ് വിവരിക്കുന്നു. ഗ്രീക്ക് മിഥോളജിയിലെ ഒരു കഥാപാത്രമായ ബലറഫണ്‍ (Bellorophon) പെഗസസ് (Pegasus) എന്ന ചിറകാര്‍ന്ന കുതിരയെ മെരുക്കിയെടുക്കാന്‍ ശ്രമിച്ചു. കവിതാദേവതയുടെ ഭവനമായ ഹെലികോൺ (Helicon) പര്‍വതനിരകളിലൂടെ ഒരു ദിവസം മുഴുവന്‍ ബലറഫണ്‍ കുതിരയുടെ പിറകേ പാഞ്ഞു. കുതിരയെ വശപ്പെടുത്തുവാന്‍ വല്ലാത്ത വൈഭവമാണ് ബലറഫണിന്. പക്ഷേ പെഗസസ് അയാളെ കളിപ്പിച്ചു. അതു് അയാളുടെ അടുത്തുവരും. പിടികിട്ടിപ്പോയി എന്നു ബലറഫൺ വിചാരിക്കുമ്പോള്‍ അതു് ഓടിമറയും. ചിലപ്പോള്‍ ചിറകുകള്‍ വീശി അതു് അയാളുടെ തലയ്ക്കുമുകളില്‍ക്കൂടി പറന്നുപോകും. സായാഹ്നമായപ്പോള്‍ ക്ഷീണിച്ച ബലറഫണ്‍ ഒരു കുന്നിന്റെ ചുവട്ടില്‍ കിടന്നുറങ്ങിപ്പോയി. അയാള്‍ സ്വപ്നം കണ്ടു. അഥീനി ദേവത അയാള്‍ക്ക് ഒരു സ്വര്‍ണ്ണക്കടിഞ്ഞാണ്‍ കൊടുത്തു എന്നായിരുന്നു സ്വപ്നം. കാലത്തു ഉണര്‍ന്നെഴുന്നേറ്റ ബലറഫണ്‍ തന്റെ സമീപത്തു ഒരു സ്വര്‍ണ്ണക്കടിഞ്ഞാണ്‍ കിടക്കുന്നതു കണ്ടു. അതിനടുത്തായി പെഗസസ് കുതിരയും നില്‍ക്കുന്നു. കടിഞ്ഞാണിട്ടുകൊള്ളൂ എന്ന മട്ടിലാണ് കുതിരയുടെ നില്‍പ്പ്.

സര്‍ഗപ്രക്രിയയുടെ ഒരു image ആണ് ഈ കഥ. ശാസ്ത്രത്തിനും ഇതു ചേരുമെന്ന് ഡേ ലൂയിസ് പറയുന്നു. ഗണിത ശാസ്ത്രജ്ഞനായ പ്വങ്‌കാറാ (Poincare) മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് യാത്രയ്ക്കായി വണ്ടിക്കകത്തു കാലെടുത്തുവച്ചപ്പോള്‍ വളരെക്കാലമായി സമാധാനം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിനു അതു ലഭിക്കുകയായി. ജര്‍മ്മന്‍ ഓര്‍ഗാനിക്ക് കെമിസ്റ്റായ കാക്കൂല(Kekule) ബസില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ബണ്‍ ആറ്റംസും ഹൈഡ്രജന്‍ ആറ്റംസും ഒരുമിച്ചുചേര്‍ന്നു ശൃംഖലയായി നില്‍ക്കുന്നതു സ്വപ്നംപോലെ കാണുകയുണ്ടായി. അങ്ങനെയാണ് ബന്‍സീന്‍ റിങ് കണ്ടുപിടിച്ചത്. ആധുനിക രസതന്ത്ര വാദത്തില്‍ വളരെ പ്രധാന്യമുള്ളതാണ് ബന്‍സീന്‍ റിങ് സിദ്ധാന്തം. സ്വപ്നത്തിലെന്നപോലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നെങ്കിലും ഗണിതശാസ്ത്രജ്ഞനും കെമിസ്റ്റും അതിനുവേണ്ടി ബോധമനസ്സുകൊണ്ട് അശ്രാന്ത പരിശ്രമം ചെയ്തിരിക്കും. ബലറഫണ്‍ കുതിരയെ പിടിക്കാന്‍ അക്ഷീണയത്നം ചെയ്തതുകൊണ്ടാണ് സ്വര്‍ണ്ണക്കടിഞ്ഞാണ്‍ കിട്ടിയത്. അതു കിട്ടുമ്പോള്‍ കവി മനോഹരമായ കാവ്യമെഴുതും. അതില്ലാത്ത സന്ദര്‍ഭത്തില്‍ രസശുഷ്കമായ കാവ്യം രചിക്കും. അതുകൊണ്ടു നല്ലതു നല്ലതെന്നു അനുവാചകന്‍ പറയും. നല്ലതല്ലാത്തത് നല്ലതല്ലാത്തതെന്നും.

കവിത ഇങ്ങനെ ലിറിക്കായി മാറുമ്പോഴാണ് ഉത്കൃഷ്ടമായി ഭവിക്കുന്നത്. ശുദ്ധമായ ലിറിക്കിന്റെ-ഭാവഗീതത്തിന്റെ— ഉദ്ഘോഷകനോ ഉപജ്ഞാതാവോ ആണ് ചങ്ങമ്പുഴ. ചങ്ങമ്പുഴയ്ക്കുശേഷമുണ്ടായ കാവ്യങ്ങളാകെ ലിറിക്കല്ല. ലിറിക്കലാണ്. ഭാവഗീതമല്ല ഭാവഗീത സ്വഭാവമുള്ളവ മാത്രമാണ്. ആഖ്യാന പരങ്ങളായ കാവ്യങ്ങളില്‍ ആഖ്യാനം ഭാവാത്മകത്വത്തെ നിയന്ത്രിക്കുന്നു. പരഹാസ കവിതയില്‍ പരിഹാസം ഭാവാത്മകത്വത്തെ നിയന്ത്രിക്കുന്നു. ഉദാഹരണം ഇതു വ്യക്തമാക്കും.

മാറണിപ്പൂഞ്ചേലനേര്‍ക്കിട്ടുലഞ്ഞ പൊന്‍
മാലകള്‍ മീതെ ശരിക്കിണക്കി
താനേസമീപത്തു ചേര്‍ന്നുനിന്നോമന
ത്താമരതാരെതിര്‍ക്കൈകള്‍ പൊക്കി
തങ്കവളകളിളകിക്കിലുങ്ങുമാ
റെന്‍ കണ്ഠനാളത്തില്‍ കോര്‍ത്തിണക്കി
നീലാളകങ്ങളുലഞ്ഞൂര്‍ന്നു നെററിയില്‍
നീളെച്ചുരുളിട്ടു വീണുചിന്നി
ലജ്ജയാല്‍പ്പൂങ്കവിള്‍ക്കൂമ്പിലിരട്ടിച്ചൊ
രുജ്ജ്വല ശോണിമ മിന്നിമിന്നി
രാജസോല്ലാസദ വൈഭവദ്യോതക
തേജസ്സണിഞ്ഞു മുഖമുയര്‍ത്തി
വല്ലാത്ത പുള്ളിയെന്നോമനത്തംവഴി
ഞ്ഞുല്ലസല്‍ സ്മേരയായ് കൊഞ്ചിയോതി

ഇവിടെ കവി വികാരം നേര്‍പ്പിച്ചുനേര്‍പ്പിച്ചുകൊണ്ടുവന്നു് ശുദ്ധവികാരമാക്കിയിരിക്കുകയാണ്. അര്‍ത്ഥത്തിനെക്കാള്‍ വികാരത്തിനാണ് ഇവിടെ, പ്രാധാന്യം. അര്‍ത്ഥത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ ഭാവാത്മകത്വം നശിക്കും.

ശ്രീമന്‍ നിന്നനുമാനം തെററല്ല ചുററുന്നൂ ഞാന്‍
പ്രേമസര്‍വ്വസ്വത്തിന്റെ മുഖദര്‍ശനത്തിന്നായ്
ചിരകാലമായ് ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടെന്നാലും
സ്മരണ നടുക്കുനിന്നെന്നെയിട്ടലട്ടുന്നൂ
ഞാനുണര്‍ന്നപ്പോളാദിപ്പുലര്‍കാലത്തീപാരും
വാനുമന്യോന്യം നോക്കിശ്ശോകമൂകമായ് നില്‍പാം.
മാമകവക്ഷസ്ഥലം ശൂന്യമായ് കണ്ടൂ; പോയാ
ളോമലാളയ്യോ രാഗവിശ്വാസ പരീക്ഷാര്‍ത്ഥം.
ചേണിയന്നൊന്നോരണ്ടോ വെണ്‍താരമന്താരപ്പൂ
വേണിയിങ്കല്‍ നിന്നൂര്‍ന്നു വീണിരുന്നതുപോകെ;
കളനൂപുരാരവം കേട്ടുഞാനയ്യോ പക്ഷി
ഗളനിര്‍ഗളനാദമെന്നല്ലോ വിചാരിച്ചു
പുലരിത്തുടുപ്പെന്നു ചിന്തിച്ചുപോയീ പാദ
മലരിന്നലക്തകു രക്തമാം പാടന്നേരം
കനകാംഗുലീയക മൂരിയിട്ടിരുന്നത
നിനബിംബമാണെന്നു ഞാന്‍ വിചാരിച്ചൂ മൂഢന്‍
വാനിലോര്‍മ്മയ്ക്കായിട്ടുപോയ പട്ടുറുമാലു
വാരിദശകലമെന്നോര്‍ത്തു ഞാന്‍ സൂക്ഷിച്ചീല

ഇവിടെ ഗദ്യം നല്‍കുന്ന അര്‍ത്ഥത്തിനാണ് പ്രാധാന്യം. ചങ്ങമ്പുഴയുടെ വരികളില്‍ വികാരത്തിന്റെ വിശുദ്ധിയുണ്ട്. സംവേദനത്തോടു അതു സത്യസന്ധത പരിപാലിക്കുന്നു. ജി. ശങ്കരക്കുറുപ്പാകട്ടെ വാദിക്കുന്നു, അഭിപ്രായ പ്രകടനം നടത്തുന്നു. നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തു് അതിന്റെ ആവര്‍ത്തന ചക്രത്തില്‍ വീണ്ടും വീണ്ടും വരുന്നതുപോലെ വികാര ചക്രത്തില്‍നിന്നു് ചങ്ങമ്പുഴ മാറുന്നില്ല.

ചങ്ങമ്പുഴയ്ക്കുശേഷം മലയാള കവിതയില്‍ പരിവര്‍ത്തനം വന്നിട്ടുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. ആ പരിവര്‍ത്തനം വന്ന കവിതയുടെ സ്തോതാക്കള്‍ ചങ്ങമ്പുഴയുടെ കവിത റൊമാന്റിസിസമാണ്, അതിഭാവുകത്വമാണ്, ഭൂമിയോടു ബന്ധപ്പെടുന്നതല്ല എന്നൊക്കെ പറയുന്നു.

ചങ്ങമ്പുഴയെ ആദരിക്കുന്ന ഞാന്‍ അതിനു മറുപടി പറയുന്നതു് ഇടശ്ശേരി, അക്കിത്തം, വൈലോപ്പിളളി ഇവരുടെ കാവ്യങ്ങള്‍ക്കു ഭൂമയോടു മാത്രമേ ബന്ധമുള്ളു, അവയില്‍ അര്‍ത്ഥത്തിനേ പ്രാധാന്യമുള്ളു എന്നാണ്.

ഗഹനമായ ചിന്തയോ? നല്ലതുതന്നെ അതു്. പക്ഷേ കവിതയെ സംബന്ധിച്ച് അതു ആവശ്യകതയല്ല. ജീവിതപ്രശ്നങ്ങള്‍ക്ക് കവിത സമാധാനം നല്‍കിയെന്നുവരും. പക്ഷേ കവി അപ്പോള്‍ തത്ത്വചിന്തകനായോ സന്മാര്‍ഗവാദിയായോ ആയിട്ടാണ് അങ്ങനെ പ്രവര്‍ത്തിക്കുന്നതു്. കവി വിചിത്രമായ വിജ്ഞാനത്തിലെത്തുന്നതു് ചിന്തയിലൂടെയല്ല. കവി സത്യത്തിലെത്തുന്നതു് ചിന്തയിലൂടെയല്ല. ചങ്ങമ്പുഴ സത്യത്തിന്റെ മണ്ഡലത്തില്‍ ചെല്ലുന്നതും അനുവാചകരെക്കൂടി അങ്ങോട്ടു കൊണ്ടുപോകുന്നതും ലയാത്മകമായ രൂപത്തിലൂടെയാണ്.

കവി സുശക്തമായ ഒരു രൂപം നിര്‍മ്മിച്ചാല്‍ അതു ശാശ്വതമായി വര്‍ത്തിക്കും. കാരണം മനുഷ്യന്റേ സ്വഭാവത്തില്‍ അധിഷ്ഠിതമാണ് അതു് എന്നതാണ്. വീടുവയ്ക്കുന്നതിനുമുൻപ് പറമ്പിനുചുറ്റും മതിലുകെട്ടി നമ്മള്‍ രൂപമുണ്ടാക്കുന്നു. കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ച് ജീവിതത്തിനു രൂപം പ്രദാനം ചെയ്യുന്നു. രൂപനിര്‍മ്മിതിയില്ലാതെ നമുക്കു ജീവിക്കാനാവുകയില്ല. ചങ്ങമ്പുഴ കാവ്യനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതുവരെ കവിതയുടെ രൂപത്തിനു ഇത്രകണ്ട് ആരും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. ഭാഷയുടെ വിശുദ്ധി, സമ്പന്നത, ഗാനാത്മകത ഇവയൊക്കെ ആര്‍ക്കും ശ്രദ്ധാര്‍ഹങ്ങളായിരുന്നില്ല. അനുവാചകന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ കാവ്യമെഴുതിയ കവികള്‍ തീക്ഷ്‌ണതയിലും ശക്തിയിലും ആണു് ശ്രദ്ധിച്ചതു്.

കവിചോദിച്ചു കൊച്ചുതെന്നലേ ഭവാനാരെ
ക്കവിയും പ്രേമംമൂലം വെമ്പലാര്‍ന്നന്വേഷിപ്പൂ
ഇല്ല വിശ്രമമാര്‍യ്യന്നില്ല മറ്റൊരു ചിന്ത–
യല്ലിലും പകലിലും ഭ്രാന്തനെപ്പോലോടുന്നു.
കൊച്ചലര്‍ തവോന്മാദ ചാപലം കണ്ടിട്ടാവാം
ഉച്ചലം പകച്ചലം നോക്കുന്നു മേലും കീഴും
പ്രമേത്തിന്‍ പേരൊന്നല്ലി ശബ്ദിപ്പതവ്യക്തംനീ
പ്രേമത്തിന്‍ ലഹരിയാല്‍ കാലുറയ്ക്കായ്‌കയില്ലീ

എന്ന ജീ ശങ്കരക്കുറുപ്പിന്റെ കാവ്യഭാഗവും

എത്രസങ്കേതത്തിലാത്തരാഗ
മുത്തമേ നിന്നെത്തിരിഞ്ഞുപോയ് ഞാന്‍
രാവിലേതൊട്ടു ഞാനന്തിയോളം
പൂവനം തോറുമലഞ്ഞുപോയി
ദ്യോവില്‍ നിന്‍ കാലടിപ്പാടുനോക്കി
രാവില്‍ ഞാൻ പിന്നെയും സഞ്ചരിച്ചു.
കണ്ടില്ല കണ്ടില്ലെന്നെന്നൊടോരോ
ചെണ്ടും ചിരിച്ചു തലകുലുക്കി
കാണില്ല കാണില്ലെന്നോതിയോതി
ക്കാനനച്ചോല കുണുങ്ങിയോടി
ആരോമലേ ഹാ! നിയെങ്ങുപോയെന്‍
തീരാവിരഹമിതെന്നുതീരും

എന്ന ചങ്ങമ്പുഴയുടെ കാവ്യഭാഗവും തട്ടിച്ചുനോക്കുക. ഒരേ വിഷയം കൈകാര്യം ചെയ്യുന്നു രണ്ടു കവികളും. പക്ഷേ രൂപശില്‍പത്തില്‍ മനോഹാരിതയില്‍ ചങ്ങമ്പുഴക്കാവ്യം മുന്നിട്ടുനില്‍ക്കുന്നു. വാക്കുകളുടെ മാന്ത്രികശക്തികൊണ്ട് ലയാത്മകമായ ചലനംകൊണ്ട് കവി നമ്മെ ചലനം കൊള്ളിക്കുന്നു. ആദ്യമായി രസബോധ നിഷ്ഠമായ ഒരു വികാരം കവിയുടെ ഹൃദയത്തില്‍ വരുന്നു. വാക്കുകള്‍ അതിനെ ആവിഷ്കരിക്കാന്‍ രൂപംകൊള്ളുന്നു.

ആ വികാരം പകര്‍ന്നു കിട്ടിയ അനുവാചകനും ചലനം കൊള്ളുന്നു.

രൂപശില്‍പ്പത്തിന്റെ തികവുകൊണ്ട് ലയാത്മകചലനംകൊണ്ട് അനുവാചകനെ സത്യത്തിലെത്തിക്കുന്ന കവിതയാണ് ചങ്ങമ്പുഴയുടേതു്. ഏതു വരിയെടുത്താലും അതു കാണാം.

വേതാള കേളി

പന്ത്രണ്ടു വത്സരം ഹായുഗം പോലുള്ള
പന്ത്രണ്ടു നീങ്ങാത്ത നീണ്ട സംവത്സരം

ദീര്‍ഘാക്ഷരങ്ങള്‍ ഉപയോഗിച്ച് കവി സംവത്സരത്തിന്റെ ദീര്‍ഘത അനുഭവപ്പെടുത്തിത്തരുന്നു.

ഞാനനുരൂപനല്ലെങ്കിലും നിന്നെയെന്‍
പ്രാണനെപ്പോലെ ഞാന്‍ സ്നേഹിച്ചു മല്ലികേ

എന്നിടത്തു മന്ദഗതിയിലുള്ള ലയം പ്രയോഗിച്ചു കവി വക്താവിന്റെ സ്നേഹം പ്രകടമാക്കുന്നു. ഈ ലയാത്മക ചലനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പ്രത്യക്ഷമാകുന്നതു് മനസ്വിനി എന്ന കാവ്യത്തിലാണ്.

മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
എഴുതാനുഴറി കല്പന ദിവ്യമൊ–
രഴകിനെയെന്നെ മറന്നൂ ഞാന്‍
മധുരസ്വപ്ന ശതാവലിപൂത്തൊരു
മായാലോകത്തെത്തീ ഞാന്‍
അദ്വൈതാമല ഭാവസ്പന്ദിത
വിദ്യൂന്മേഖല പൂകീഞാന്‍

മഹനീയമായ സംഗീതം കേല്‍ക്കുമ്പോള്‍ മക്കലാഞ്ചലോയുടെ മേസസ് എന്ന ശില്പം കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭവത്തിനു തുല്യമായ അനുഭവമാണ് ഇതുളവാക്കുന്നതു്. രക്തത്തില്‍ നാം ഇതറിയുന്നു. ഹൃദയംകൊണ്ട് ഇതറിയുന്നു. സര്‍ഗാത്മകമായ ഒരു സുസ്വരഭാവമാണ് ഇതു ജനിപ്പിക്കുന്നതു്. കവിയെ ഏതു ലയം ചലിപ്പിച്ചോ ആ ലയംതന്നെ നമ്മളെയും ചലിപ്പിക്കുന്നു.

ഇതില്‍നിന്നു വിഭിന്നമായ വികാരം — സഹധര്‍മ്മിണിക്കു വൈരൂപ്യം വന്നതിലുള്ള ദുഃഖം ആവിഷ്കരിക്കാന്‍ യത്നിക്കുമ്പോള്‍ കവിലയം മാറ്റുന്നു.

രംഗം മാറീ–കാലം പോയി
ഭംഗംവന്നൂ ഭാഗ്യത്തില്‍
കൊടിയ വസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലില്‍
കോമളരൂപിണി ശാലിനി നീയൊരു
കോലം കെട്ടിയ മട്ടായി
മുകളൊളിമാഞ്ഞൂ മുടികള്‍കൊഴിഞ്ഞു
മുഖമതി വികൃത കലാവൃതമായ്
പൊന്നൊളിപോയി കാളിമയായീ
നിന്നുടല്‍ വെറുമൊരു തൊണ്ടായി

ഹൃദയത്തോടൊരുമിച്ച് ഈ കാവ്യം സ്പന്ദിക്കുന്നു.

മധുര പദങ്ങള്‍ തിരഞ്ഞെടുത്തു പ്രയോഗിക്കുകയാണ് ചങ്ങമ്പുഴയെന്നു ചിലര്‍ പറയുന്നു. ഒരു പദവും മനോഹരമല്ല, വിരൂപവുമല്ല. കവി ആവിഷ്കരിക്കുന്ന വികാരത്തിനു യോജിച്ചു വരുമ്പോള്‍ പദത്തിനു സൗന്ദര്യം വരുന്നുവെന്നേയുള്ള: നുണക്കുഴി എന്ന പദത്തിനു സൗന്ദര്യമാന്നുമില്ല. എന്നാല്‍ “ജാനുവിൻ കൈയാല്‍ തേക്കുമോട്ടുതാമ്പാളം മിന്നുമാനുണക്കുഴിയെഴും സ്മേരമാം കവിൾപോലെ” എന്നു ജി. ശങ്കരക്കുറുപ്പ് എഴുതുമ്പോള്‍ ആ വാക്കിനു ഭംഗിയുണ്ടാവുന്നു.

ഭാവാത്മകത്വംകൊണ്ട് സ്വപ്ന സന്നിഭമായ ഒരു ലോകത്തേക്കു നമ്മെ നിയിക്കുന്ന ചങ്ങമ്പുഴ ചിലപ്പോഴൊക്കെ ഈ ലോകത്തേക്കുതന്നെ തിരിച്ചെത്താറുണ്ട്. ഇവിടെ കാലുറപ്പിച്ചു നില്‍ക്കാറുണ്ട്. അങ്ങനെ നിന്നതിന്റെ ഫലമാണ് ‘രക്തപുഷ്പങ്ങ’ളും ‘പാടുന്ന പിശാചും.’ പക്ഷേ ഭാവാത്മകതയിലൂടെ മറ്റൊരു ലോകത്തു് എത്തിനില്‍ക്കുന്ന കവിതയെ റിയലിസത്തിന്റെ കവിയായി കാണാന്‍ പ്രയാസമുണ്ട്.

വള്ളത്തോളിനെപോലെ, കുമാരനാശാനെപ്പോലെ, ജി. ശങ്കരക്കുറുപ്പിനെപ്പോലെ പരിപാകംവന്ന ‘വിഷന്‍’ — ദര്‍ശനം — ചങ്ങമ്പുഴയ്ക്കില്ല. വൈഷയികത കൗതുകം വളര്‍ത്തുന്ന സൗന്ദര്യത്തിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹത്തിനു താല്‍പര്യം. സ്ത്രീസൗന്ദര്യത്തെ വൈഷയിക കൗതുകത്തോടെ അദ്ദേഹം ആവിഷ്കരിക്കുന്നു.

അപ്പുഴവക്കിലെ പ്പൂങ്കാവിലായിര
മപ്‌സര: കന്യമാരെത്തി
നീരാളസാരിയൊരല്പമുലഞ്ഞതില്‍
നീരസം ഭാവിച്ചൊരുത്തി
നെററിയില്‍ക്കുങ്കുമപ്പൊട്ടിട്ടതന്നത്ര
പററിയിട്ടില്ലെന്നൊരുത്തി
നേരേപകുത്തിട്ടു കെട്ടിയ കാര്‍കുഴല്‍
നേരേയായില്ലെന്നൊരുത്തി

ഇതു ബഹിര്‍ഭാഗസ്ഥമായിരിക്കാം. എങ്കിലും സുന്ദരമാണ്. സ്ത്രീയേ മാത്രമല്ല, ഈ ലോകത്തുള്ള ഏതിനെയും വാക്കുകള്‍കൊണ്ടു സുന്ദരമാക്കന്‍ ചങ്ങമ്പുവയ്ക്കുകഴിയും. അതില്‍ അദ്ദേഹത്തെ സമീപിച്ച മറ്റൊരു കവി കേരളക്കരയിലില്ല.