close
Sayahna Sayahna
Search

ചരിത്രത്തിന്റെ കിനാവുകൾ


ചരിത്രത്തിന്റെ കിനാവുകൾ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

വിശ്വസാഹിത്യത്തിലെ മഹാഭാഗന്‍ — the grant of world literature — എന്ന് പ്രതിഭാശാലികള്‍ പോലും വാഴ്ത്തുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഹോര്‍ഹേലൂയിസ് ബോര്‍ഹെസ് (Jorge Luis Borges) “പ്യേര്‍ മേനാര്‍, ക്യൂക് സോട്ടിന്റെ ഗ്രന്ഥകാരന്‍” എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ട്. മീഗേല്‍ ഡി തെര്‍വാന്‍റസിന്റെ (Miguel de Cervantes) നോവലാണ് ‘ഡണ്‍ കീഹോട്ടേ’, — ഡോണ്‍ ക്യൂക്സോട്ട്. എന്ന് ഇംഗ്ലീഷ് ഉച്ചാരണം. മേനോര്‍ സ്വന്തമായി ‘ഡോണ്‍ ക്യുക്സോട്ട്’ എഴുതുന്നു. തെര്‍വാന്‍റസിന്റെ പുസ്തകം അദ്ദേഹം നോക്കുന്നതേയില്ല. എന്നാല്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ‘വാക്കിനു വാക്ക്’ എന്ന മട്ടില്‍ രണ്ടും ഒന്നുപോലെയായിരിക്കുന്നു.

ബോര്‍ഹെസ് പറയുന്നു: — the text of Cervantes and that of Menard are verbally identical, but the second is almost infinitely richer. തെര്‍വാന്‍റസിന്റെ പുസ്തകം മേനോറിന്റെ പുസ്തകവും ശബ്ദദ്വാരാ നോക്കുമ്പോള്‍ സദൃശം. എന്നാൽ രണ്ടാമത്തേതു് അത്യന്തം സമ്പന്നം (ഭോര്‍ഹെസിന്റെ Lavavrinths എന്ന ഗ്രന്ഥത്തിനു്, ആന്ദ്രേമോര്‍വേ എഴുതിയ അവതാരിക നോക്കുക). “രണ്ടാമത്തേതു് അത്യന്തം സമ്പന്നം” എന്ന പ്രയോഗം ചെറുകഥയുടെ അന്തരാര്‍ത്ഥം വ്യക്തമാക്കിത്തരുന്നു. പതിനേഴാം ശതാബ്ദത്തിലെ വായനക്കാരന്‍ ‘ഡോണ്‍ ക്യൂക്സോട്ട്’ വായിച്ച രീതിയിലല്ല ഈ ഇരുപതാം ശതാബ്ദത്തിലെ വായനക്കാരന്‍ അതു വായിക്കുന്നത്. മൂന്നു ശതാബ്ദങ്ങള്‍കൊണ്ടു് മാറിപ്പോയ വീക്ഷണഗതികളോടും ചരിത്രപരങ്ങളായ അനുഭവങ്ങളോടും കൂടിയാണു് ഇന്നത്തെ വായനക്കാരന്‍ ഡോണ്‍ ക്യൂക്സോട്ട് വായിക്കുക.അതിനാല്‍ രണ്ടു വായനക്കാരുടേയും അനുഭവങ്ങള്‍ — ഗ്രന്ഥപാരായണമുളവാക്കുന്ന അനുഭവങ്ങള്‍ — വിഭിന്നങ്ങളായിരിക്കും. ഇരുപതാം ശതാബ്ദത്തിലെ വായനക്കാരന്‍ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസും തോമസ് മന്നിന്റെ മാജിക്‌മൗണ്ടനും വായിച്ച ആളാണെന്നു വിചാരിക്കൂ.അയാള്‍ ഡോണ്‍ക്യൂക്സോട്ട് വായിക്കുമ്പോള്‍ അനുഭൂതികള്‍ക്ക് വിധേയനാകുന്നതു് പതിനേഴാം ശതാബ്ദത്തില്‍ വായനക്കാരന്‍ അവയ്ക്ക് വിധേയനായ മട്ടിലല്ല. ഗ്രന്ഥ പാരായണത്തെ സംബന്ധിച്ചു മാത്രമല്ല ഇതു പറായാനുള്ളത്. ജൂലിയസ് സീസറിനെ ഉപജാപകര്‍ വധിച്ചുവെന്നു് ഞാന്‍ സെക്കന്റ് ഫോമിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു് അദ്ധ്യാപകനില്‍നിന്ന് ഗ്രഹിച്ചു. വളരെ വര്‍ഷം കഴിഞ്ഞ് മഹാത്മാഗാന്ധിയെ ഗോഡ്സെ വധിച്ചു. ആ വാര്‍ത്ത കേട്ടപ്പോള്‍ സീസറിന്റെ മരണത്തെക്കുറിച്ചു് എനിക്കുണ്ടായിരുന്ന സങ്കല്പത്തിനു് മാറ്റം സംഭവിച്ചു. പിന്നീടു് കെന്നഡിയെ വധിച്ചപ്പോള്‍ സീസറിനും ഗാന്ധിജിക്കും നേരിട്ട ദുരന്തത്തെ വേറൊരു വിധത്തില്‍ ഞാന്‍ ദര്‍ശിക്കുകയായി. ചരിത്രത്തിലെ ഓരോസംഭവവും പിന്നീടു് ഉണ്ടാകുന്ന സംഭവങ്ങളാല്‍ രൂപവിഭേദം ആര്‍ജിക്കുന്നു. ഗാന്ധിജിയുടെ മരണത്തെ നമ്മള്‍ ഇന്നുകാണുന്ന നിലയിലല്ല ഇരുന്നൂറുകൊല്ലം കഴിഞ്ഞ് ഭാരതത്തില്‍ ജിവിക്കുന്നവര്‍ കാണുന്നതു്.

സംഭവം നടക്കുന്നകാലത്തു് അതിനെക്കുറിച്ചു് ആളുകള്‍ക്കുള്ള അറിവും അതു നടന്നുകഴിഞ്ഞതിനുശേഷമുള്ള അറിവും വിഭിന്നങ്ങളാണെന്നു കാണിക്കാന്‍ നിരൂപകര്‍ കൂടെക്കൂടെ എടുത്തുകാണിക്കുന്ന പ്രശസ്തമായ ഒരു കാവ്യമുണ്ടു്. ഗ്രീക്കു കവി കാവാഫിയുടെ (C.P.Kavafy, 1868–1933) waiting for the Barbarians

നമ്മളെന്തിനുവേണ്ടി കാത്തിരിക്കുന്നു,
ഇങ്ങനെ ചന്തസ്ഥലത്തു് ഒരുമിച്ചുകൂടി?
അപരിഷ്കൃതന്‍മാര്‍ ഇന്നു വന്നുചേരും.
നിയമസഭയില്‍ പ്രവര്‍ത്തനം ഒട്ടുമില്ലാത്തതെന്താണു്?
സഭാംഗങ്ങള്‍ നിയമനിര്‍മ്മാണം ചെയ്യാതെ
അവിടിരിക്കുന്നതെന്തിനാണു്?
കാരണം അപരിഷ്കൃതന്‍മാര്‍
ഇന്നുവന്നുചേരും എന്നതുതന്നെ
സഭാംഗങ്ങള്‍ ഇപ്പോള്‍ എന്തു നിയമമാണുണ്ടാക്കേണ്ടതു്?
അപരിഷ്കൃതന്മാര്‍വന്നെത്തുമ്പോള്‍
നിയമങ്ങളുണ്ടാക്കിക്കൊള്ളും.
നമ്മുടെ ചക്രവര്‍ത്തി ഇത്രനേരത്തെ ഉണര്‍ന്നെഴുന്നേറ്റതു്
എന്തിനാണു്?
നഗരത്തിലെ ഏറ്റവും വലിയ വാതില്‍ക്കല്‍
കിരീടം ധരിച്ചു്,
ആധികാരികമായി സിംഹാസനത്തില്‍
അദ്ദേഹമിരിക്കുന്നതെന്തിനാണു്?
കാരണം അപരിഷ്‌കൃതന്മാര്‍ ഇന്നു വന്നെത്തും
എന്നതുതന്നെ.
ചക്രവര്‍ത്തി അവരുടെ നേതാവിനെ സ്വീകരിക്കാന്‍
കാത്തിരിക്കുകയാണു്.
അദ്ദേഹം ഒരു ചര്‍മ്മപത്രം തന്നെ തയ്യാറാക്കി
വച്ചിരിക്കുകയാണു്.
അതില്‍ അദ്ദേഹം അയാള്‍ക്കു പല സ്ഥാനമാനങ്ങളും
നല്‍കിയിരിക്കുന്നു.

നമ്മുടെ രണ്ടു കോണ്‍സലുകളും നമ്മുടെ മജിസ്ട്രേട്ടന്മാരും ചുവന്നതും കിന്നരിവച്ചതും ആയ ഉത്തരീയങ്ങളോടുകൂടി പുറത്തേക്കു പോയതു് എന്തിനാണു്? ഇത്ര വളരെ നീല രത്നങ്ങള്‍ പതിപ്പിച്ച വളകളും ജ്വലിക്കുന്ന മരതകമണികള്‍ പതിച്ച മോതിരങ്ങളും അവര്‍ ധരിച്ചതെന്തിനാണു്? വെള്ളിയും സ്വര്‍ണ്ണവുംകൊണ്ടു് ഖചിതങ്ങളായ അമൂല്യങ്ങളായ വടികള്‍ അവര്‍ എടുത്തുകൊണ്ടുപോയതെന്തിനാണു്?

കാരണം അപരിഷ്‌കൃതന്മാര്‍ ഇന്നു് വന്നെത്തുമെന്നാണു്, അങ്ങനെയുള്ളതൊക്കെ അവരുടെ കണ്ണഞ്ചിക്കുമെന്നതുതന്നെയാണു്.

നല്ല പ്രഭാഷകന്മാര്‍ എല്ലാ സമയവും വരുന്നതുപോലെ വന്നു് പ്രഭാഷണം നിര്‍വ്വഹിക്കാത്തതെന്താണു്? അവര്‍ക്കു് പറയാനുള്ളതു് പറയാത്തതെന്താണു്?

കാരണം അപരിഷ്കൃതന്മാര്‍ ഇന്നു് വന്നെത്തുമെന്നതു തന്നെ. വാഗ്മിതയും പ്രഭാഷണങ്ങളും അവര്‍ക്കു് വൈരസ്യമുളവാക്കും.

പൊടുന്നനവേയുള്ള ഈ അസ്വസ്ഥതയുടെ അര്‍ത്ഥമെന്താണു്?

ഈ കുഴപ്പത്തിന്റേയും (വദനങ്ങള്‍ എത്ര ഗൗരവപൂര്‍ണ്ണങ്ങളായി മാറിയിരിക്കുന്നു!) തെരുവുകളും നാലുംകൂടും വഴികളും വേഗത്തില്‍ ജനശൂന്യങ്ങളാകാന്‍ കാരണമെന്തു്?ചിന്താമഗ്നരായി എല്ലാവരും ഭവനങ്ങളിലേക്ക് തിരിച്ചു പോകുന്നതു് എന്തുകൊണ്ടു്?

രാത്രിയായതുകൊണ്ടും അപരിഷ്കൃതര്‍ വരാത്തതുകൊണ്ടും.

അതിര്‍ത്തിപ്രദേശങ്ങളില്‍നിന്നു് ചിലര്‍ ഇവിടെ എത്തിയിട്ടുണ്ടു്. അവര്‍ പറയുന്നു. അപരിഷ്കൃതര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതേയില്ലെന്നു്.

അപരിഷ്കൃതര്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ നമ്മുടെ സ്ഥിതി എന്താവും? അവര്‍ ഒരുവിധത്തിലുള്ള പ്രശ്നപരിഹാരമായിരുന്നു.

പ്രാചീനകാലത്തെങ്ങോ നടന്ന സംഭവമായിട്ടാണു് കവി ഇതു് അവതരിപ്പിക്കുന്നതു്. ഒരു പ്രദേശത്തെ ജനങ്ങള്‍ അപരിഷ്കൃതരുടെ ആഗമനത്തെ പ്രതീക്ഷിച്ചിരിക്കുന്നു. അവര്‍ വന്നെത്താന്‍ എന്തു താല്പര്യമാണവര്‍ക്കു്! പക്ഷേ അവരെ നിരാശയില്‍ വീഴ്ത്തുന്നു അതിര്‍ത്തിദേശങ്ങളില്‍നിന്നു് എത്തിയവര്‍. അപരിഷ്കൃതര്‍ ജീവിച്ചിരിക്കുന്നതേയില്ലെന്നു് അവര്‍ അറിയിക്കുന്നു, അപ്പോള്‍ ജനങ്ങളുടെ സ്ഥിതി ദയനീയമായി ഭവിക്കുന്നു. കവി പറയുന്നതു് അപരിഷ്ക്രതര്‍ ഏതോ ഒരു പ്രശ്നത്തിന്റെ (Problem എന്ന അര്‍ത്ഥത്തില്‍ പ്രശ്നത്തിനു ചോദ്യം എന്നേ അര്‍ത്ഥമുള്ളൂ. എങ്കിലും മലയാളത്തില്‍ പ്രയോഗിക്കുന്ന മട്ടിലാണു് ആ പദം ഇവിടെ പ്രയോഗിച്ചിരിക്കുന്നതു്.) പരിഹാരമായിരുന്നു എന്നാണു്, എന്താണു് ആ പ്രശ്നം? സുഖസന്ദായകമായ ജീവിതം നയിക്കുമ്പോഴും മനുഷ്യര്‍ ആപത്തുകള്‍ വന്നു ചേരാന്‍ അഭിലഷിക്കുന്നു എന്നതുതന്നെ. ജനാധിപത്യം നിലവിലിരിക്കുമ്പോഴും ‘ഫാസിസം’, ‘എമര്‍ജന്‍സി’ ഇവയൊക്കെ ബഹുജനം അഭിലഷിക്കുന്നു എന്നതുതന്നെ. അപരിഷ്കൃതര്‍ വന്നിരുന്നെങ്കില്‍ ആ അഭിലാഷത്തിനു് സാഫല്യമുണ്ടാകുമായിരുന്നു. അവര്‍ വരാത്തതുകൊണ്ടു് അവര്‍ക്കു് നൈരാശ്യം. സി. എം. ബൗറ എന്ന വിഖ്യാതനായ നിരൂപകന്‍ പറയുന്നു: — This is Cavafys comment not merely on the contemporary desire that the world should be refashioned through some fearful change but on the wilfulness of history which frustrates men’s wishes and show how curious political emotions are (The Creative experiment C.M. Bowra) മനുഷ്യന്റെ അഭിലാഷത്തെ വ്യര്‍ത്ഥമാക്കുന്ന ചരിത്രത്തിന്റെ ഇച്ഛാശക്തി, രാഷ്ട്രവ്യ്വഹാരത്തോടു ബന്ധപ്പെട്ടവികാരങ്ങളുടെ വിചിത്രാവസ്ഥ ഇതെല്ലാം കാവ്യത്തിലുണ്ടെന്നു് ബൗറ പറയുന്നു. ശരിതന്നെ. പക്ഷെ അതിനേക്കാള്‍ പ്രാധാന്യം കാവാഫി ഒരു പ്രാചീന സംഭവത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനാണ്. അപരിഷ്‌കൃതരുടെ ആഗമനത്തെ വികാരത്തോടെ സംവീക്ഷണം ചെയ്ത പ്രാചീനരുടെ മാനസികനിലയല്ല കാവാഫിക്കുള്ളതു്. ആ ഭൂതകാല സംഭവത്തിന്റെ പ്വെഴ്സ്പെക്ടീവ് — പരിപ്രേക്ഷ്യം കാവാഫിയെ സംബന്ധിച്ചിടത്തോളം വിഭിന്നമാണു്. സ്റ്റാലിന്‍ പലരെയും വധിച്ചതായി സോള്‍സെനിറ്റ്സ്യന്‍ ഗുലാഗ് ആര്‍ക്കിപെലാഗോയില്‍ (III) പറയുന്നു. ആ വധങ്ങളെ സംബന്ധിച്ച് സോള്‍ഷെനിറ്റ്സ്യനുള്ള കാഴ്ചപ്പാട് ഭൂട്ടോയുടെ അന്ത്യമറിഞ്ഞപ്പോള്‍ കുറച്ചെങ്കിലും മാറിയിരിക്കും.ചരിത്രത്തിന്റെ കാഴ്ചപ്പാടിനു വരുന്ന മാറ്റമാണു് കാവാഫിയുടെ കാവ്യത്തിലെ പ്രധാനപ്പെട്ട അംശമെന്നു ഞാന്‍ കരുതുന്നു.

കാവാഫിയുടെ കാവ്യത്തെക്കാള്‍ ചേതോഹരമായ ഒരു മലയാള കാവ്യത്തിലേക്കു് ഇനി ഞാന്‍ പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധയെ സാദരം ക്ഷണിക്കട്ടെ. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘ചരിത്രത്തിന്റെ കിനാവുകള്‍’ ഭാരതത്തെ വിഭജിച്ചതും അതിന്റെ ഫലമായി രക്തച്ചൊരിച്ചിലുണ്ടായതും ഒക്കെ ധ്വനിപ്പിച്ചുകൊണ്ടു് കവി കാവ്യം ആരംഭിക്കുന്നു:

ക്ഷീണമാം ചന്ദ്രക്കല പിന്നെയും പടിഞ്ഞാറെ
ക്കോണിലെ ച്ചിതറിന മുകിലിന്‍ വക്കില്‍ക്കൂടി
നിജമാം പ്രകാശത്തില്‍ രാജ്യത്തെയീഷദ്രക്ത
നിറമാമാതിരിട്ടുനീളവേ തിരിക്കുന്നു.
ഉലകത്തിലെ ബ്‌ഭിത്തിയൊക്കെയും തകര്‍ക്കുവാ
നുണരും കൊടുങ്കാറ്റില്‍ സന്ദേശം ശ്രവിക്കാതെ
ഉലകത്തെയൊന്നായിക്കണ്ടുകൊണ്ടാകാശത്തി
ലുദയം കൊള്ളും ജ്യേതിര്‍മയരെ ശ്രദ്ധിക്കാതെ.

ഭാരതത്തിന്റെ വിഭജനം, ഹിന്ദു-മുസ്ലീം ലഹള, രക്ത പ്രവാഹം എന്നീ വര്‍ത്തമാനകാല സംഭവങ്ങള്‍ ഭൂതകാല സംഭവങ്ങളിലേക്ക് കവിയുടെ മനസിനെ നയിക്കുന്നു. “സങ്കുചിതങ്ങളായ ഭിത്തികളാല്‍ ഭൂമി തുണ്ടുതുണ്ടാക്കപ്പെടാത്ത സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗമാണു്” കവി മുന്നില്‍ കാണുന്നതു്. ഐക്യത്തിന്റെ സന്ദേശമാണ് അദ്ദേഹം കേൾക്കുന്നത് ഭാരതീയന്‍, യൂറോപ്യന്‍ എന്നിങ്ങനെ മനുഷ്യനെ ‘വെട്ടിച്ചുരുക്കാത്ത’ മഹാനുഭാവന്മാരുടെ ഉദ്ബോധനങ്ങളാണു് അദ്ദേഹം ശ്രവിക്കുന്നതു്. അപ്പോള്‍ അക്‌ബര്‍ അദ്ദേഹത്തിന്റെ സ്മരണമണ്ഡലത്തില്‍ തെളിയുകയായി.ഈശ്വരന്റെ ഐക്യം വേദംതോറും, ഏടുകള്‍ തോറും കാണിച്ചുകൊടുത്ത ആ ചക്രവര്‍ത്തിക്കു് മനുഷ്യന്റെ ഐക്യത്തെ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. ഭക്തനായ ഔറംഗസീബ് കവിയുടെ മനസ്സിന്റെ ദര്‍പ്പണത്തില്‍ തെളിയുന്നു. ജപമാല രാജലക്ഷ്മിയുടെ കഴുത്തില്‍ ഇറുകുന്നതുവരെ ചുറ്റിയതാണു് ആ ചക്രവര്‍ത്തി ചെയ്ത മഹാപരാധം. അതുകൊണ്ടുതന്നെയാണു് അദ്ദേഹത്തിന്റെ സാമ്രാജ്യം തകര്‍ന്നതു്. അതാ ശിവജി ചരിത്രത്തിന്റെ പ്രവാഹത്തെ പരിഗണിക്കാതെ ഹിന്ദുരാജ്യത്തിന്റെ സ്വപ്നം ജ്വലിക്കുന്നതു് അദ്ദേഹത്തിനു് ഇഷ്ടപ്പെടുന്നില്ല, മുസ്ലീം കിരീടം ചൂടിയതു ശിവജി സഹിച്ചില്ല. ഹിന്ദുരാജ്യത്തിന്റെ അടിത്തറ കെട്ടാന്‍ അദ്ദേഹം രക്തബിന്ദു ചൊരിഞ്ഞതു് കാലവും ക്ഷമിച്ചില്ല. ഇത്രയും ഭൂതകാല സംഭവങ്ങളിലേക്കു് കടന്നുചെന്നിട്ടു് കവി വര്‍ത്തമാന കാലത്തിലെക്കു് വരുന്നു.

ഇരുളിന്‍ നിര്‍മ്മാണമേ ഭേദഭാവനയെല്ലാം,
വിരിയും വെളിച്ചമാബ്ഭിത്തിയെസ്സഹിക്കുമോ?

പക്ഷേ ഐക്യത്തെക്കുറിച്ചുള്ള ഈ ചിന്തയെല്ലാം വ്യര്‍ത്ഥമത്രേ. കാരണം ഭാരതത്തിലും പാക്കിസ്ഥാനിലും മൃത്യുദേവത സംഹാരതാണ്ഡവം ആടിക്കൊണ്ടിരിക്കുന്നു എന്നതാണു്. കലാ സൗന്ദര്യത്തിനു് കിരീടം വയ്ക്കുന്ന രീതിയില്‍ കവി ആ വ്യര്‍ത്ഥതയെ അഭിവഞ്ജിപ്പിക്കുന്നതു് നോക്കുക: —

“അന്തരീക്ഷത്തിന്‍ മൗനമീമനോഹരമായ
ചിന്തയെ ലാളിച്ചുകൊണ്ടനങ്ങാതെയിരിക്കവേ
ചോരതന്‍ ഗന്ധം പൂശിശ്ശവസഞ്ചയം നക്കി
പ്പാരമ്പെത്തരിപ്പിക്കും ജഡമാമൊരുവാതം‘
ദില്ലിയില്‍, പഞ്ചാബില്‍, ശ്രീനഗറില്‍ച്ചുറ്റിപ്പറ്റി
യല്ലിലങ്ങനെ നിരങ്കുശമായ് വിഹരിച്ചു.”

അക്‌ബര്‍ മരിച്ചു, ഔറംഗസീബ് മരിച്ചു, ശിവജി മരിച്ചു എന്നെല്ലാം ചരിത്രകാരന്മാര്‍ പ്രഖ്യാപിക്കും അവര്‍ മരിച്ചിട്ടില്ല എന്നതാണു് സത്യം. മരിച്ചു എന്നതു് അസത്യവും. മരിച്ചെങ്കില്‍ അവരെങ്ങനെയാണ് കവിയുടെ മനസില്‍ വന്നു നില്ക്കുക? നമ്മളുടെ മനസിലും അവര്‍ ആവിര്‍ഭവിക്കുന്നു. അതിനാല്‍ ആ ചക്രവര്‍ത്തിമാര്‍ ഇന്നും ജീവിക്കുന്നു. അവര്‍ വിളംബരം ചെയ്ത ഐക്യമില്ലായ്മയുടെ സന്ദേശം ഇന്നും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ആ സന്ദേശം തന്നെയാണ് ഭാരതത്തിലെയും പാക്കിസ്ഥാനിലെയും നേതാക്കന്മാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതും. വര്‍ത്തമാനകാല സംഭവങ്ങള്‍ ഭൂതകാല സംഭവങ്ങള്‍ക്കു മാറ്റം വരുത്തുന്നതു് നാം ഈ കാവ്യത്തില്‍ കാണുന്നു.

ചരിത്രത്തിലെ സംഭവങ്ങള്‍ക്കു അന്യോന്യ ബന്ധമില്ല. ബേബറിനു ശേഷം ഹുമയൂണ്‍, ഹുമയൂണിനു ശേഷം അക്‌ബര്‍, അക്‌ബര്‍ക്കു ശേഷം ജിഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ് ഇമ്മട്ടിലാണ് ചരിത്രകാരന്റെ വീക്ഷണം. ബേബറിന്റെ പാനിപ്പറ്റ് യുദ്ധവും ഹുമയൂണിന്റെ മാള്‍വ കീഴടക്കലും അക്‌ബറിന്റെ ചിറ്റൂര്‍ ആക്രമണവും എല്ലാം ചരിത്രകാരനു് ഒറ്റപ്പെട്ട സംഭവങ്ങളാണു്. അവ ഭൂതകാല സംഭവങ്ങളാണു്. പക്ഷേ കവി ആ സംഭവങ്ങള്‍ക്കു തമ്മിലുള്ള ബന്ധത്തെ ദര്‍ശിക്കുന്നു. അദ്ദേഹത്തിനു്, കാലത്തെ സംബന്ധിച്ച ഭേദ സങ്കല്പമില്ല അക്‌ബറും ഔറംഗസീബും ശിവജിയും അദ്ദേഹത്തിനു വര്‍ത്തമാനകാലത്തെ വ്യക്തികളാണു്. അവര്‍ വിളംബരം ചെയ്ത അനൈക്യസന്ദേശം അദ്ദേഹം ഭാരതത്തിന്റെ വിഭജനത്തിലും കേള്‍ക്കുന്നു. ബേബറും അക്ബറും ജിഹാംഗീറും ഔറംഗസീബും ശിവജിയും ഒഴുകിയ ചോരയുടെ നാറ്റംതന്നെയാണു് കവി ശ്രീനഗറിലേയും ദില്ലിയിലെയും പഞ്ചാബിലെയും കാറ്റില്‍ നിന്നു് അനുഭവിച്ചതു്. ഈ ‘ഏകകാല ബോധം’ നല്ല കവികള്‍ക്കേ ഉണ്ടാകൂ.ചരിത്രത്തിന്റെ കിനാവുകള്‍ രചിച്ച കവിക്കു് ആ ബോധമുണ്ടെന്നുള്ളതു് സ്പഷ്ടമായി. എന്നിട്ടും ചിലര്‍ അഭിപ്രായപ്പെടുന്നതു് ജി.ശങ്കരക്കുറുപ്പു് കവിയല്ലെന്നാണ്.