close
Sayahna Sayahna
Search

ചിത്ര


ചിത്ര
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഞാന്‍ കാട്ടിലലയുകയായിരുന്നു…
നട്ടുച്ച പൊള്ളുന്ന ശരീരവുമായി
മണല്‍ക്കാറ്റുപോലെ
അലയുകയായിരുന്നു.
നിന്നെ…കണ്ടു, ആരെന്നറിഞ്ഞു.
അപ്പോഴാണ്
ഞാനൊറ്റയ്ക്കാണെന്നും
അതു നട്ടുച്ചയാണെന്നും
ശരീരം വരള്‍ച്ചയാണെന്നും
ഞാനറിഞ്ഞത്-
ഒരു തിളങ്ങുന്ന വെള്ളാരങ്കല്ലുപോലെ
എന്റെയുടല്‍ ഞാന്‍ കഴുകിയെടുത്തു.
നീ രാജകുമാരനാണെന്നും
രത്നാന്വേഷിയാണെന്നും
മനസ്സിലാക്കിയത്
വളരെ വൈകിമാത്രം.

അര്‍ജ്ജുനന്‍

തണുത്ത കാട്ടുചോല
പോലെയായിരുന്നു നീ…
പച്ചിലക്കാടുപോലെ
കാട്ടുപക്ഷിയുടെ പാട്ടുപോലെ;
കാട്ടുപൂവുപോലെ
ഞാന്‍ നോക്കിയിരിക്കെ നീ
അല്ലിയല്ലിയായി
ഇതളിതളായി വിരിഞ്ഞു…
ഞാനൊരിക്കലും മെരുക്കിയിട്ടില്ലാത്ത
കാട്ടുകുതിരയുടെ പ്രസരിപ്പോടെ
കാട്ടിലെ തണുത്ത സന്ധ്യയുടെ
വിഷാദത്തോടെ
നീ താനേ എന്നെ വിളിച്ചു.
സന്ധ്യയുടെ പൊന്‍വെട്ടത്തില്‍
നിന്റെ ഉറച്ച ഉടല്‍
കരിങ്കല്‍പ്രതിമപോലെ മിന്നി…
നിന്റെ കക്ഷത്തിന്
കറുകയുടെ മണമായിരുന്നു
ചുണ്ടു ഞാവല്‍പ്പഴങ്ങള്‍ പോലെ
കറുത്തു തിളങ്ങി…
നിന്റെ നാവ് ആസക്തിയോടെ
ഒരു പാമ്പായി ഇഴഞ്ഞു…
നീ ചെവിയിലണിഞ്ഞ കാട്ടുപൂവിനും
ചെവിക്കും ഒരേ നിറമായിരുന്നു…
കെട്ടിവയ്ക്കാത്ത മുടി
കറുത്ത പാമ്പിന്‍കുഞ്ഞുങ്ങളെപ്പോലെ
മുഖത്തുരുമ്മി.
നിന്റെ കയ്യിന്
കാട്ടുവള്ളിയുടെ നിറവും മണവും കരുത്തും
വിരലുകള്‍ മുരിക്കിന്‍പ്പൂക്കളെപ്പോലെ…
കഴുത്ത് കാട്ടുചന്ദനംപോലെ…
മുലകള്‍
പേരറിയാത്ത കാട്ടുപഴങ്ങള്‍പോലെ
ഞാന്‍ നുണഞ്ഞു…
മുലക്കണ്ണിന്
പിറന്നുവീണ പക്ഷിക്കുഞ്ഞിന്റെ
ചുവപ്പും പിടപിടപ്പും…
കുട്ടിക്കാലത്തെന്നോ
ഞാന്‍ മുഖമമര്‍ത്തിക്കിടന്ന
കാട്ടുകറുകക്കാടാണോ നിന്റെ യോനി?
കാട്ടുകറുകയുടേയും കാട്ടുതുളസിയുടേയും
മണം, പച്ചപ്പ്, നറുമ…
ഇന്നേവരെ അര്‍ജ്ജുനനറിഞ്ഞത്
കൊട്ടാരത്തിലെ സുഗന്ധക്കൂട്ടുകളുടെ മണം
താമര പൂത്ത മണമാര്‍ന്ന
കൃഷ്ണയുടെ ഉടലിനും
ഒരേ കുറിക്കൂട്ടുകളുടെ രുചി,
ഒരേ പട്ടിന്റെ മിനുക്കം…
കോര്‍ത്തെടുത്ത ചതഞ്ഞ
പൂമാലയുടെ മൃദുലത…
അകിലിന്റെയും ചന്ദനത്തിന്റെയും
ചെമ്പഴഞ്ഞിച്ചാറിന്റെയും മണം…
മിനുത്തുനേര്‍ത്ത ഉടലിന്റെ വിധേയത്വം…

ചിത്രേ,
അറിയാത്ത ഉള്‍ക്കാടുപോലെ നീ…
നിന്റെ കണ്ണില്‍
കാട്ടുമൃഗങ്ങളുടെ ഇണക്കം…
മനസ്സില്‍ അടിമയുടേതല്ലാത്ത
ബലിഷ്ഠ സ്നേഹം…
കാട്ടുചോലപോലെ നിന്റെയുടല്‍…
ചിത്രേ,
ഞാനിതുവരെ കണ്ടിട്ടില്ലാത്ത
ശത്രുവാണ് നീ…
എന്നെ ഭീരുവാക്കിയ കരുത്തുള്ള സ്നേഹം.

ചിത്ര

പടയാളി അങ്കംകുറിക്കുംപോലെ
ഞാനവനോട് ചോദിച്ചു
നീയെന്നെ സ്വീകരിക്കുമോ?
ഉള്ളില്‍ ചിറകുവച്ചുയരുന്ന
തീപ്പക്ഷിയുടെ പൊള്ളല്‍…
എന്റെ ശരീരവും മനസ്സും
വാതിലുകളടഞ്ഞ പര്‍ണ്ണശാലയാണെന്നവന്‍
ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
പിന്നെ
കാട്ടുകോട്ടയിലെ മുറിയില്‍
എണ്ണവിളക്കിന്റെ വെളിച്ചത്തില്‍
ഞാനാദ്യം സ്വയം കണ്ടു..
ഈ ശരീരം ഇത്രനാളും
ഉണ്ടായിരുന്നുവെന്ന സത്യം…
കരിങ്കല്ലില്‍ക്കടഞ്ഞ
പൂര്‍ണ്ണശില്പംപോലെ…
കരിങ്കല്ലിന്റെ ആത്മാവു
തന്നെയായിരുന്നു ആ ശരീരത്തിനും.
കറുത്തുറച്ച ഒരു മാംസശില്പം.
നഗ്നയായിക്കിടന്ന്
എന്നെ നിരാകരിച്ചവനെ
ഞാന്‍ സ്വപ്നംകൊണ്ടു.
പിറ്റേന്ന് നേര്‍ത്ത വെളിച്ചത്തില്‍
ആ ശില്പത്തിന് ജീവന്‍
തുടിക്കുന്നുണ്ടായിരുന്നു…
സ്നേഹവും സ്വപ്നവും
മിനുക്കിയ ശില്‍പം…

* * *

ഞരമ്പിലൂടെ
തേനും വെളിച്ചവും
കാട്ടുപോത്തിന്റെ ഊര്‍ജ്ജവും
ഇരമ്പിയൊഴുകി…
പൂത്ത കാടുപോലെ
പലനിറവും മണവും നിറഞ്ഞുകവിഞ്ഞു…
ചുണ്ടുകളില്‍ മൊട്ടിലെന്നപോലെ
തേനൂറുന്നത്,
കണ്ണുകളില്‍ അലിവിന്റെ
ഉറവപൊട്ടുന്നത്
കഴുത്തില്‍ വിങ്ങിക്കരച്ചില്‍
ചിറകു കുടയുന്നത്
ഞാന്‍ പേടിയോടെ
ആനന്ദത്തോടെ
അറിഞ്ഞു…
ഞാനിരമ്പിയൊഴുകുന്ന
പുഴയായി…
അവന്റെ പര്‍ണ്ണശാലയും
തകര്‍ത്തൊഴുകുന്ന പുഴ…

* * *

അവനെന്നെയറിഞ്ഞില്ല…
സൂര്യനെ തണുപ്പിച്ചുള്ളിലുറക്കിയിട്ടും
ഉറങ്ങാതെ കിടക്കുന്ന കടലിനെപ്പോലെ
ഞാന്‍ ഒറ്റയ്ക്കായി…
ശരീരത്തിനും മനസ്സിനും
നഗരത്തില്‍ വേറെ വേറെ ഭാഷകളാണ്,
സ്ത്രീ ആര്‍ത്തുലയുന്ന ജ്വാലയല്ല
വിരല്‍തൊട്ടുണര്‍ത്തുന്ന വീണയാണെന്ന്
ഇരുളില്‍ മാത്രം വിരിയുന്ന
നാണപ്പൂവാണെന്ന്
അവന്‍ പറഞ്ഞു…
തിരിയുയര്‍ത്തി അവന്റെ
കരുത്തുറ്റ ശരീരത്തിന്റെ
അജ്ഞാത ദ്വീപുകളെ
ആനന്ദത്തോടെ,
കണ്ടെത്തലിന്റെ അത്ഭുതത്തോടെ,
വീഞ്ഞിന്റെ ലഹരിയോടെ
തിരഞ്ഞുപോകവേ
അവന്‍ നിന്ദയോടെ കണ്ണുകളടച്ചു.
എന്റെ ശരീരം
മണ്ണിന്റെയും പച്ചിലയുടേയും
തൂമണം നിറഞ്ഞ
കാട്ടരുവിയാണെന്നും
ആ ഒഴിക്കില്‍ നിന്നെ
നക്കിയെടുക്കാമെന്നും
പറയാന്‍ ഞാനൊരുങ്ങി…
പറഞ്ഞില്ല.
നഗരത്തില്‍ സ്ത്രീകള്‍
വെണ്ണക്കല്‍പ്രതിമകളാണെന്നവന്‍ പറഞ്ഞു.
അലിവും അഗ്നിയും ചേര്‍ന്ന്
അപൂര്‍വ്വരത്നമായി എന്റെ
മനസ്സും ശരീരവും ജ്വലിച്ചപ്പോള്‍
വേദനയോടെ അവന്‍
കയ്യിലെടുത്തു എന്നുമാത്രം.
ചന്ദനത്തില്‍ക്കടഞ്ഞ
ഗന്ധര്‍വ്വശില്പംപോലെ
അവനെന്റെ ജ്വാലകളണച്ചു.
തണുത്ത മഴയായി
കനല്‍കൊണ്ടു തീര്‍ത്ത
തുടകളിലും മുലകളിലും പെയ്തു…
ജ്വലിക്കുന്ന എന്നെ
ഒരൊറ്റ തണുത്ത ചുംബനംകൊണ്ട്
തണുപ്പിച്ചു…
പക്ഷേ ചിത്ര
ഉറങ്ങിയില്ല…
തണുത്തുറഞ്ഞില്ല
നെഞ്ചിലൊരു കൊടുങ്കാറ്റുണരുന്നതറിഞ്ഞ്
ഒറ്റയായി…
ഒറ്റയായി…

പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള്‍ കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.

(സമകാലീന കവിത 2, 1991)