close
Sayahna Sayahna
Search

ജംറയിലെ ചെകുത്താൻ


ജംറയിലെ ചെകുത്താൻ
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

അയാൾ, സുനിൽ മേനോൻ, തിരക്കുപിടിച്ച ഒരു ബിസിനസ്സുകാരനായിരുന്നു. എം.ജി. റോഡിൽ എയർ കണ്ടിഷൻ ചെയ്ത ഓഫീസ്. പനമ്പിള്ളിനഗറിൽ ഇരുനില ബംഗ്ലാവിൽ താമസം. ഭാര്യ, മകൻ, തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. സംതൃപ്തകുടുംബം.

മാസത്തിലൊരിക്കൽ അയാൾ കണിശമായി ഗൾഫിലേയ്ക്ക് വിമാനം കയറുന്നു. തന്റെ എക്‌സ്‌പോർട്ട് ഇംപോർട്ട് ബിസിനസ്സിന്നായി. തിരിച്ചുവരുമ്പോൾ ഭാര്യക്കായി ഫ്രഞ്ചു പെർഫ്യൂമും, മകന്നായി കമ്പ്യൂട്ടർ ഗെയിമും കൊണ്ടുവരുന്നു. രണ്ടുപേർക്കും വേറൊന്നും വേണ്ട. തനിക്കായി അയാൾ കൊണ്ടുവരുന്നത് ബ്രൂസ് വില്ലിസിന്റെയോ മൈക്കൾ ഡഗ്ലസ്സിന്റെയോ സിനിമകൾ മാത്രം. തനിക്കു കിട്ടിയ സീഡി ആർത്തിയോടെ തട്ടിപ്പറിച്ച് മകൻ കമ്പ്യൂട്ടർ മുറിയിലേയ്ക്ക് ഓടുന്നു. ഇനി അവനെ ആ ദിവസത്തേയ്ക്ക് കാണാൻ കിട്ടില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് അയാൾ ബ്രൂസ് വില്ലിസിന്റെ അമാനുഷിക പരാക്രമങ്ങൾ സിറ്റിങ് റൂമിലെ വീഡിയോവിൽ കാണുമ്പോൾ ഭാര്യ കിടപ്പുമുറിയിലെ ടിവിയിൽ ഏതെങ്കിലും ചാനലിൽ വരുന്ന ഹിന്ദി സിനിമ കാണുകയാവും. രാജേഷ് താഴെ കമ്പ്യൂട്ടർ മുറിയിൽ സ്‌ക്രീനിലേയ്ക്കുറ്റുനോക്കി ആകെ ടെൻഷനടിച്ച് ധൃതിയിൽ കീബോർഡിൽ കൈവിരലുകൾ ഓടിക്കുകയാവും.

ബ്രൂസ് വില്ലിസ് ദേഹമാസകലം മുറിവുകളും, ചോരയും കരിയും പുരണ്ട വസ്ത്രങ്ങളുമായി നടന്നകലുമ്പോൾ, അയാൾ ടിവി ഓഫാക്കുന്നു. അപ്പോഴും കമ്പ്യൂട്ടറിൽ മല്ലിടുന്ന മകനോട് കിടക്കാറായില്ലേ എന്ന, ഒരിക്കലും മറുപടി കിട്ടാത്ത, ചോദ്യം ചോദിക്കന്നു. രണ്ടു മിനുറ്റ് അവന്റെ കരപാടവം ശ്രദ്ധിച്ചുകൊണ്ട് പിന്നിൽ നിന്നശേഷം മുകളിലേയ്ക്ക് പോകുന്നു. അവൻ തന്റെ കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നത്. പെൻറിയം. അവന്റെ 486 ഇപ്പോൾ വളരെ പതുക്കെയായിരിക്കുന്നു. അതിൽ കളിക്കാനുള്ള ക്ഷമയില്ല അവന്ന്. അതുകൊണ്ട് പുതിയ സിഡി കിട്ടുമ്പോൾ അച്ഛന്റെ കമ്പ്യൂട്ടറിലാണവ കേറ്റുന്നത്. പെൻറിയത്തിന്റെ വേഗത അവനെ ഹരം പിടിപ്പിക്കുന്നു. അച്ഛൻ ഇപ്രാവശ്യം കൊണ്ടുവന്നത് ഡൂം എന്ന കളിയാണ്. അവൻ സ്‌നേഹിതന്റെ കമ്പ്യൂട്ടറിൽ ഡൂം കളിച്ചിട്ടുണ്ട്. പക്ഷെ അത് ഇത്ര ഹരമാകുമെന്ന് പെന്റിയത്തിൽ കളിച്ചപ്പോഴേ മനസ്സിലായുള്ളൂ. അതുകൊണ്ട് അച്ഛന് അത്യാവശ്യമുള്ളപ്പോൾ മാത്രം അവൻ കമ്പ്യുട്ടർ വിട്ടുകൊടുക്കുന്നു. അയാൾ ഫയലുകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഓഫീസിലെ കമ്പ്യൂട്ടറിലാണ്. രഹസ്യരേഖകൾ മാത്രം വീട്ടിലെ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നു.

ഒരിക്കൽ തന്റെ കമ്പ്യൂട്ടറിൽ സ്ഥലമില്ലാതെ വിഷമിച്ചപ്പോഴാണ് രാജേഷ് അച്ഛന്റെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുനോക്കിയത്. ഓഫീസുഫയലുകൾ നിറഞ്ഞ് അതിൽ സ്ഥലമുണ്ടാവില്ലെന്നാണവൻ കരുതിയിരുന്നത്. നോക്കുമ്പോൾ ഹാർഡ് ഡിസ്‌കിൽ എണ്ണൂറ്റയ്മ്പത് മെഗാബൈറ്റ് ഒഴിഞ്ഞു കിടക്കുന്നു. ഏക്കർ കണക്കിന് ഫലഭൂയിഷ്ഠമായ ഭൂമി. അങ്ങിനെയാണ് അച്ഛന്റെ കമ്പ്യൂട്ടർ വയലിൽ തന്റെ വിളയിറക്കാൻ അവൻ തുടങ്ങിയത്.

സ്‌ക്രീനിൽനിന്ന് ബീഭത്സരായ ജന്തുക്കൾ അവനെ തുറിച്ചുനോക്കി. അവയുടെ വായിൽനിന്ന് തീയും പുകയും വമിച്ചു. അവൻ തോക്കുകൾ മാറിമാറി ഉപയോഗിച്ച് അവയെ വെടിവെച്ചുവീഴ്ത്തുകയാണ്. വെളിച്ചം നിറഞ്ഞ ഇടനാഴികകൾ ആ വിചിത്ര ജീവികളുടെ കബന്ധങ്ങൾകൊണ്ട് നിറഞ്ഞു. രാജേഷ് തോക്കുകളുമേന്തി ആ ഇടവഴികളിലൂടെ ഓടുകയാണ്. അവൻ മാഗ്മ ഗണ്ണും ലേസർ ഗണ്ണും മാറിമാറി ഉപയോഗിച്ചു. ഭീകരയുദ്ധമായിരുന്നു. ഇടനാഴികയിൽക്കൂടിയുള്ള ഓട്ടവും അപകടം പിടിച്ചതായിരുന്നു. എവിടെയാണ് ഭീകരരൂപികൾ ഒളിച്ചിരിക്കുന്നതെന്ന് പറയാൻ പറ്റില്ല. അവ എവിടേയുമുണ്ടായിരുന്നു. അതുപോലെ വിഷം നിറഞ്ഞ ഭരണികളും കായലുകളും. അവയിലൊ ന്നും തൊടാതെ, വീഴാതെ ഓടുകയും വേണം.

“നോക്കു, രാജേഷ് ഇപ്പോൾ ടിവിക്കു മുമ്പിലിരിക്കാറേയില്ല.” രജനി പറഞ്ഞു. “അവൻ ഒരിക്കലും ഒഴിവാക്കാത്തതാണ് കാർട്ടൂൺ നെറ്റ്‌വർക്കിലെ ജോണി ക്വെസ്റ്റും മാസ്‌കും. അതു രണ്ടുംകൂടി അവൻ കാണുന്നില്ല ഇപ്പോൾ. എന്തുതന്നെ ചെയ്യുകയാണെങ്കിലും ആ റു മണിക്ക് കൃത്യമായി അവൻ ടിവിക്കു മുമ്പിൽ എത്തിയിരുന്നതാണ്, മാസ്‌കിന്റെ ‘സമ്പഡി സ്റ്റോപ്പ് മി’ എന്ന കൊലവിളി കേൾക്കാൻ.

ഇപ്പോൾ അവൻ ടിവിയുടെ മുമ്പിൽ പോകാറില്ല. “ഇത്രകണ്ട് നല്ലതാണോ പുതിയ കളി?” രജനി ഭർത്താവിനോടു ചോദിക്കും. “ലേറ്റസ്റ്റാണത്.” അയാൾ പറയും. എന്തും ഏറ്റവും പുതിയതുതന്നെ വാങ്ങണമെന്ന് നിഷ്‌കർഷയുണ്ടായിരുന്നു അയാൾക്ക്. കമ്പ്യൂട്ടറായാലും വാഷിങ് മെഷിനായാലും ഭാര്യയ്ക്കുള്ള ആഭരണങ്ങളായാലും. താനും ഭാര്യയും കൂടി ഡിസ്‌കൌണ്ട് സെയിൽ നടത്തുന്ന സ്റ്റാളുകളിൽ പരതി വിലകുറഞ്ഞ സാധനങ്ങൾ വിലപേശി വാങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വളരെ ദൂരത്തൊന്നുമല്ല, ഒരഞ്ചുകൊല്ലം മുമ്പ് മാത്രം. ഇപ്പോൾ ആ കാലത്തെക്കുറിച്ച് ആലോചിക്കാൻ അയാൾക്കു താല്പര്യമില്ല. ഇന്ന് തനിക്കെന്തും വാങ്ങാം. ഒരു ഫോൺ വിളി മാത്രമേ വേണ്ടു. സാധനം വീട്ടിലെത്തും. അയാൾ സെല്ലുലർ ഫോണിന്റേയും ഇ—മെയിലിന്റെയും ക്രെഡിറ്റ് കാർഡിന്റെയും ലോകത്താണ്. അരയിൽ കെട്ടിയ ബെൽട്ടിൽ ഘടിപ്പിച്ച പേജർ ഇടക്കിടക്കുണ്ടാക്കുന്ന മൃദു സ്‌ത്രൈണശബ്ദത്തിന്നായി കാതോർക്കുന്നു. പിന്നെ മൊബൈൽ ഫോണിൽ ദീർഘനേരം ബിസിനസ്സ് സംഭാഷണങ്ങൾ, ലഞ്ച്, ഡിന്നർ, ബിസിനസ്സ് യാത്രകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം.

രാജേഷ് കമ്പ്യൂട്ടർ സ്‌ക്രീനിൽനിന്ന് കണ്ണുയർത്തി നോക്കി. മുറിയിൽ അവൻ ഒറ്റയ്ക്കാണ്. മേശപ്പുറത്ത് അമ്മ കൊണ്ടുവന്നുവച്ച പാലിൽ എന്തോ ജന്തു വീണിരുന്നു. അവൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ജന്തു. അത് പാലിൽ കിടന്ന് പിടയുകയാണ്. അവൻ ഒരു ഡോട്ട്‌പെന്നെടുത്ത് അതിനെ പുറത്തെടുക്കാൻ ശ്രമിച്ചു. അപ്പോഴാണവൻ അതിന്റെ കണ്ണുകൾ കണ്ടത്. ബീഭത്സമായ കണ്ണുകൾ. അവന്ന് പെട്ടെന്ന് പേടി തോന്നി. ക്ലോക്കിൽ നോക്കിയപ്പോഴാണ് മനസ്സിലായത് സമയം രണ്ടുമണി. അച്ഛനും അമ്മയും മുകളിൽ ഉറങ്ങുകയായിരിക്കും. താൻ ഒറ്റയ്ക്ക് താഴത്ത് കമ്പ്യൂട്ടറിലെ വിചിത്രജീവികളുടെ ഒപ്പം. ജീവന്മരണസമരം തന്നെയായിരുന്നു. തോക്കുപയോഗിക്കാൻ സെക്കന്റിൽ ആയിരത്തിലൊരംശം വൈകിയാൽ മതി ഏതെങ്കിലും വിചിത്രജീവികളുടെ ആയുധത്തിന്നിരയാകും. തോക്കിൽ ഉണ്ടകൾ കഴിഞ്ഞാൽ അവൻ തിരിഞ്ഞ് ആയുധപ്പുരയിലേയ്ക്ക് ഓടും. ഉണ്ട നിറച്ചുകഴിഞ്ഞാൽ, അല്ലെങ്കിൽ പുതിയ തോക്കുകൾ എടുത്താൽ തിരിച്ച് ഓടും.

പെട്ടെന്നാണ്. അവന്റെ വിരൽ കീബോർഡിൽ എവിടേയോ തട്ടി. സ്‌ക്രീനിൽ ഒരു മുന്നറിയിപ്പ് മിന്നി മറഞ്ഞുകൊണ്ടിരുന്നു. “ലെവൽ 2 ! അപകടം ! നല്ല പരിചയമില്ലാതെ തുടർന്നു പോകരുത് ! റിട്ടേൺ ടു ലെവൽ വൺ?”

ഡയലോഗ് ബോക്‌സിൽ ‘യെസ്’ ‘നോ’ എന്ന ബട്ടണുകൾ ഉണ്ട്. അവൻ രണ്ടാമത്തെ ബട്ടൺ അമർത്തി. ഇനി തിരിച്ചുപോക്കില്ല. ഡയലോഗ് ബോക്‌സ് മാറി. സ്‌ക്രീനിൽ ഒരു ഭീകരരൂപി അട്ടഹസിക്കുന്നു. താഴെ ചോരയൊലിക്കുന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ‘യുവാർ ഗ്രേയ്റ്റ്.’ സ്‌ക്രീനിലെ വൃത്തികെട്ട ഭീകരജീവി തികഞ്ഞ അവജ്ഞയോടെ പറഞ്ഞതും അതുതന്നെയായിരുന്നു.

ഇതുവരെയുണ്ടായിരുന്ന യുദ്ധമെല്ലാം കുട്ടിക്കളിയെന്നു തോന്നുന്ന വിധമായിരുന്നു പിന്നീടുണ്ടായത്. ഭീകരജീവികൾ ആർത്തുവിളിച്ചുകൊണ്ട് വന്നു. രക്തദാഹംകൊണ്ട് കൊലവിളിക്കുന്ന പടുകൂറ്റൻ ജീവികൾ. ലേസർ ഗണ്ണും മാഗ്മ ഗണ്ണും നിരന്തരം ഉപയോഗിച്ചുകൊണ്ട് രാജേഷ് അവയെ നേരിട്ടു. സാധാരണ തോക്കുകൾ തികച്ചും അപര്യാപ്തങ്ങളായിരുന്നു. ജാഗ്രതയില്ലാത്ത ഒരു നിമിഷം മതി തന്റെ അവസാനമായിരിക്കും.

പെട്ടെന്ന് സ്‌ക്രീൻ വലുതായി വരുന്നതായി രാജേഷിന് തോന്നി. വലുതായി ഒരു മുറിയോളം വലുപ്പത്തിലായി. വൃത്തികെട്ട നാറ്റവുമവന്ന് അനുഭവപ്പെട്ടു. താൻ പച്ചമാംസത്തിന്റെ നാറ്റമുള്ള രക്തമൊഴുകുന്ന ദേഹമുള്ള ഭീകരജീവികളുടെ നടുവിലെത്തിയെന്നും, കീബോർഡിൽ നിന്നും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിൽനിന്നും മോചിതനായെന്നും രാജേഷ് കണ്ടു. ഇപ്പോൾ തോക്കുകൾ തന്റെ കയ്യിൽത്തന്നെയാണ്. കീബോർഡിലെ ബട്ടണുകളെ ആശ്രയിക്കാതെ അവ ഉപയോഗിക്കാം. ഈ അറിവ് അവനെ ഉന്മത്തനാക്കി. അവൻ കൊലവിളിച്ചുകൊണ്ട് ഇരുട്ടും വെളിച്ചവും മാറിമാറി വരുന്ന ഇടനാഴികകളിലൂടെ ഓടി.

രാജേഷ് അവന്റെ മുറിയിലില്ലായിരുന്നു. ചായ മേശപ്പുറത്തുവച്ച് രജനി കുളിമുറിയിൽ പോയിനോക്കി. ഇല്ല. അവൻ കുളിമുറിയിലുമില്ല. ഇനി കളിക്കാൻ പോയിരിക്കുമോ? ഇത്ര നേരത്തെ കളിക്കാൻ പോകാറില്ല അവൻ. പോരാത്തതിന് അവന്റെ ക്രിക്കറ്റ് ബാറ്റ് അലമാറിയിൽത്തന്നെയുണ്ട്. പുറത്തേയ്ക്കുള്ള വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരിക്കയാണെന്ന് അവൾ മനസ്സിലാക്കി. അവൻ പുറത്തേയ്ക്കു പോയിട്ടില്ലെന്നറിഞ്ഞപ്പോൾ അവൾക്കു സമാധാനമായി. പക്ഷെ പത്തുമിനുറ്റ് വീടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും രാജേഷിനെ കണ്ടില്ലെന്നു വന്നപ്പോൾ അവൾക്ക് ഭയമായി. അവൾ സുനിലിനെ വിളിച്ചുണർത്തി.

അയാൾ ഞെട്ടി എഴുന്നേറ്റു. ഇപ്പോഴായി അയാൾ വളരെ പെട്ടെന്ന്, ചെറിയ കാര്യങ്ങൾക്കു കൂടി ഞെട്ടിത്തെറിച്ചു. താൻ ഉറങ്ങാൻ പോകുമ്പോൾ അവൻ കമ്പ്യൂട്ടറിനു മുമ്പിലുണ്ടായിരുന്നെന്ന് അയാൾ ഓർത്തു. കളി നിർത്തി കിടക്കാൻ പോകാൻ സാധാരണമട്ടിൽ പറഞ്ഞതൊന്നും അവനെ ഏശിയിട്ടുണ്ടാവില്ല. കമ്പ്യൂട്ടറിനു മുമ്പിലിരുന്നാൽ അവന് സ്ഥലകാലബോധമില്ല. കുട്ടികൾ അങ്ങിനെയായിരിക്കും.

രജനി ഫോൺ ചെയ്യുകയാണ്. രാജേഷിന്റെ കൂട്ടുകാർക്കെല്ലാം. ‘ഇല്ലേ, അവിടെ വന്നിട്ടില്ലെ? ... അറിയില്ല. രാത്രി ഇവിടെത്തന്നെണ്ടായിരുന്നു...എനിക്കു പേടിയാവുന്നു...’

അയാൾ കമ്പ്യൂട്ടറിനു മുമ്പിൽ നിൽക്കുകയാണ്. ഗ്ലാസിലെ പാൽ പാടകെട്ടി കിടക്കുന്നു. അയാൾ കീബോർഡിൽ തൊട്ടു. സാവധാനത്തിൽ ഉറങ്ങിക്കിടന്ന സ്‌ക്രീൻ തെളിഞ്ഞുവന്നു. ഡൂം കളി നടന്നുകൊണ്ടിരിക്കയാണ്. സ്വയംപ്രേരിതമായി കമ്പ്യൂട്ടർ കളിക്കുകയാണ്. ഒരുപക്ഷെ രാജേഷ് സേവ്‌ചെയ്ത ഏതെങ്കിലും കളിയായിരിക്കും. ഒരു കളികഴിഞ്ഞാൽ അതു സേവ് ചെയ്തു വെക്കുന്ന സ്വഭാവമുണ്ടവന്ന്. അയാ ൾ അതു നിർത്താൻ കൈയ്യോങ്ങി, പിന്നെ വേണ്ടെന്നു വച്ചു. സുനിൽ എന്തുകൊണ്ടോ സൗദിയിലെ തന്റെ ബിസിനസ് പാർട്ട്ണറായ അറബിയെ ഓർത്തു. അയാളുടെ ഒപ്പം പോയിട്ടാണ് ‘ഡൂം’ കളിയുടെ സീഡി വാങ്ങിയത്. സമദ് ഒപ്പമുണ്ടെങ്കിൽ സുനിലിനെക്കൊണ്ട് ഒരിക്കലും പണം കൊടുപ്പിക്കില്ല. ‘നിങ്ങൾ എന്റെ രാജ്യത്താണ്, എന്റെ അതിഥി.’ ആദ്യമെല്ലാം ഒരു സുഖമില്ലാത്ത പരിപാടിയായിട്ടാണ് സുനിലിന് അതു തോന്നിയത്. താൻ തന്റെ മകനും ഭാര്യക്കും സാധനങ്ങൾ വാങ്ങുമ്പോൾ ഈ മനുഷ്യൻ എന്തിനു പണം കൊടുക്കുന്നു? പിന്നെ സാവധാനത്തിൽ അയാൾ കീഴടങ്ങുകയാണുണ്ടായത്. അറബി മാന്യനായിരുന്നു. മനസ്സിൽ കവിതയുള്ള ഒരു മനുഷ്യൻ. ഫ്രെഞ്ചു പെർഫ്യൂം വാങ്ങിത്തരുമ്പോൾ പറയും. ‘ഇത് താങ്കളുടെ ഹൃദയമാകുന്ന ആരാമത്തിലെ പനിനീർപ്പൂവിന്’. ഒരുപക്ഷെ അറബികൾ ചിന്തിക്കുന്നതുതന്നെ വളരെ വിചിത്രമായ രീതിയിലായിരിക്കും. അതവരുടെ ഭാഷയിൽ പുഷ്പാലംകൃതമായി, കവിതയായി പുറത്തുവരുകയായിരിക്കും. ഇവിടെ വരുമ്പോൾ അയാൾ രജനിയോട് വളരെ മാന്യമായി പെരുമാറുന്നു. മാഡം എന്നു വിളിക്കുന്നു. വൃത്തികെട്ട നോട്ടങ്ങളില്ല, അനാവശ്യമായ തൊട്ടുകളിയില്ല.

“എന്തെങ്കിലും ചെയ്യൂ.” രജനി പറഞ്ഞു. അവൾ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. “നമ്മടെ മോന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവ്വോ?”

അയാൾക്കറിയില്ല. അയാൾ സമദിന്റെ ഒപ്പമുള്ള യാത്രകൾ ഓർക്കുകയായിരുന്നു. നൂറ്റമ്പത് കിലോമീറ്ററിൽ അയാളുടെ പടുകൂറ്റൻ റോൾസ് റോയ്‌സിൽ യാത്ര ചെയ്യുകയാണ്. അപ്പോഴാണ് സമദ് ജംറയിലെ ചെകുത്താനെപ്പറ്റി പറഞ്ഞത്. ചെകുത്താൻ എപ്പോഴും പ്രലോഭനങ്ങളുടെ ആളാണ്. ആദംനബിയുടെ കാലംതൊട്ട് അയാൾ ദൈവത്തിന്റെ ഹിതം നടപ്പാക്കുന്നതിനെതിരെ പ്രലോഭനത്തിന്റെ ആയുധവുമേന്തി നടക്കുകയാണ്. ഒന്ന് നിർത്തിയ ശേഷം അയാൾ തുടർന്നു. അല്ലെങ്കിൽ നമ്മളെല്ലാം ചെകുത്താന്റെ സന്തതികളല്ലെ? ദൈവത്തിന്റെയാണെന്നു തെളിയിക്കാൻ നമ്മുടെ കയ്യിൽ എന്താണുള്ളത്?

അയാൾ റിമോട്ടുപയോഗിച്ച് കാറിലെ ടിവി ഓണാക്കി.യാദൃശ്ചികമാണോ എന്നറിയില്ല, ടിവി സ്‌ക്രീനിൽ തെളിഞ്ഞുവന്നത് ജംറയിലെ ചെകുത്താനെ കല്ലെറിയുന്ന രംഗമാണ്. ഹജ്ജ് കഴിഞ്ഞുള്ള യാത്രയിലെ ചടങ്ങാണത്. ഇപ്പോൾ തീർത്ഥാടനത്തിന്റെ സമയമല്ല. ഹജ്ജിനെപ്പറ്റിയുള്ള ഒരു ബിബിസി ഡോക്യുമെന്ററി മാത്രമാണത്.

ഞാൻ പറഞ്ഞതിലെന്താണ് തെറ്റ്. ദൈവം സർവ്വശക്തനാണെങ്കിൽ ചെകുത്താനും അങ്ങിനെത്തന്നെ. നമുക്കു ചുറ്റും കാണുന്നതെല്ലാം ചെകുത്താന്റെ പ്രലോഭനങ്ങളല്ലെ? ഈ കാറും, നമ്മൾ ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുന്ന ടിവിയും, ഒരോ രാജ്യങ്ങളുണ്ടാക്കിവയ്ക്കുന്ന ബോമ്പുകളും എല്ലാം ചെകുത്താന്റെയല്ലെ? ദൈവത്തിന്റെ പദ്ധതിയിൽ ഇതൊന്നുമുണ്ടാവാനിടയില്ല എന്നു നമുക്കറിയില്ലേ? ചെകുത്താൻ ഹവ്വയെ പ്രലോഭിപ്പിച്ച് വിലക്കപ്പെട്ട കനിതിന്നിച്ചതു വഴിയല്ലെ മനുഷ്യന് ഇതൊക്കെ സാധിച്ചത്?

ദൈവമായിരിക്കാം ഈ പ്രപഞ്ചമൊക്കെ സൃഷ്ടിച്ചത്. പക്ഷെ തമ്പുരാന്റെ കയ്യിൽ നിന്ന് അതൊക്കെ വഴുതിപ്പോയിരിക്കുന്നു. ഇന്ന് ചെകുത്താനാണ് കാര്യങ്ങൾ നോക്കുന്നത്. ആ ചെകുത്താനെയാണ് ഇവർ കല്ലെറിയുന്നത്. വിരോധാഭാസം.

അപകടം പിടിച്ച ചിന്താഗതിയാണ്. സുനിൽ അ പ്പോൾ ഓർത്തു. രജനി രണ്ടു നേരം അമ്പലത്തിൽ പോയിരുന്നു. തിങ്കളാഴ്ചകളിൽ വ്രതമെടുത്തിരുന്നു. അയാളും വിശ്വാസി തന്നെയായിരുന്നു. ആ കാലത്താണ് ഏറ്റവും നരകിച്ചത്. എന്നു തെറിക്കുമെന്നുറപ്പില്ലാത്ത, തുഛമായ ശമ്പളമുള്ള ജോലി. പത്താം തീയതി കഴിഞ്ഞാൽ പണമില്ല. പെട്രോൾ അടിക്കാൻ പണമില്ലാത്തതുകൊണ്ട് തന്റെ എഴുപത്തെട്ടു മോഡൽ ബൈക്ക് പുറത്തെടുക്കാറില്ല. ബസ്സിൽ യാത്ര ചെയ്യാനുള്ള പണം കഷ്ടിച്ചുണ്ടാവും. കമ്പനിയുടെ ദില്ലി പ്രതിനിധികളോ, വിദേശികളോ വരുമ്പോൾ അവരുടെ ഒപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോകുമ്പോൾ തന്റെ നിറം മങ്ങിത്തുടങ്ങിയ വസ്ത്രങ്ങളും വിണ്ടുതുടങ്ങിയ ഷൂസും ഉണ്ടാക്കുന്ന അപകർഷതാബോധം ഓർക്കാൻ അയാളിഷ്ടപ്പെട്ടില്ല. അവരുടെ ഒപ്പം കമ്പനി ചിലവിൽ ഫുൾകോഴ്‌സ് ലഞ്ചോ ഡിന്നറോ കഴിക്കുമ്പോൾ വീട്ടിൽ രണ്ടുദിവസം പഴക്കമുള്ള സാമ്പാർ മാത്രം കൂട്ടി ഊണു കഴിക്കുന്ന രജനിയേയും മോനെയും ഓർമ്മ വരും. ചവച്ചുകൊണ്ടിരിക്കുന്ന ഇറച്ചിക്കഷ്ണങ്ങൾ തൊണ്ടയിൽ കുരുങ്ങുന്നപോലെ തോന്നും. തലേന്ന് രണ്ടുരൂപ മാത്രം വിലയുള്ള മിട്ടായി വാങ്ങാൻ കഴിയാതെ വീട്ടിൽ വന്നപ്പോൾ മോൻ കരഞ്ഞതിന് അവനെ ക്രൂരമായി തല്ലിയിരുന്നു. അവന്റെ തേങ്ങലുകൾ ഓർമ്മ വരും. കണ്ണുകൾ നിറയുന്നതിന് ഭക്ഷണത്തിലെ എരുവിനെ കുറ്റം പറഞ്ഞ് അതിഥികളെ സംതൃപ്തരാക്കും.

അറബി സംസാരിക്കുകയാണ്. ശാസ്ത്രത്തിന്റെ പുരോഗതിക്കു കാരണം രണ്ടു മഹായുദ്ധങ്ങളാണ്. ശത്രുവിനെ നശിപ്പിക്കാൻ, പെട്ടെന്ന് കൂട്ടമായി നശിപ്പിക്കാൻ കൂടുതൽ കൂടുതൽ കാര്യക്ഷമമായ ആയുധങ്ങൾക്കു വേണ്ടിയുള്ള അന്വേഷണമല്ലെ മനുഷ്യന് ശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കിയത്. ഓരോ കണ്ടുപിടുത്തവും നശീകരണത്തിന്നു വേണ്ടിയുള്ള അന്വേഷണഫലമാണ്. പിന്നീട് അവ മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാമോ എന്നു നോക്കിയതിന്റെ ഫലമാണ് ഇന്നത്തെ ഉപഭോഗവസ്തുക്കൾ. മനുഷ്യനെ കൊന്നതിനുശേഷം ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവന്ന് ആവശ്യമുള്ള സാധനങ്ങൾ ഉണ്ടാക്കാമെന്ന്. അവന് ആവശ്യം ഒരു ശവപ്പെട്ടി മാത്രമല്ലെ?

സുനിൽ ശരിക്കും അന്തം വിട്ടിരുന്നു. ഒരു അറബിയിൽനിന്ന്, അതും കള്ളക്കടത്തുരാജാവിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ധിഷണയാണ് താൻ കാണുന്നത്. വളരെ ഭംഗിയുള്ള ഇംഗ്ലീഷിൽ അയാൾ കാര്യങ്ങൾ പറഞ്ഞു. അറബി പഠിച്ചത് ഓക്‌സ്‌ഫോർഡിലായിരുന്നു. കള്ളക്കടത്തിനെപ്പറ്റിയും അറബിക്കു പറയാനുണ്ട്. നമ്മൾ കട്ട മുതലല്ല വിൽക്കുന്നത്. മാർക്കറ്റിൽനിന്ന് കാശുകൊടുത്ത് വാങ്ങിയ മേത്തരം സാധനങ്ങൾ. അതു നിങ്ങളുടെ രാജ്യത്ത് ഇറക്കണമെങ്കിൽ ഡ്യൂട്ടികൊടുക്കണം. ശരി. പക്ഷെ ഞാനും നിങ്ങളും ഡ്യൂട്ടിയും ടാക്‌സുമായി കൊടുക്കുന്ന പണം കൊണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും എന്തുചെയ്യുന്നു? നിങ്ങൾക്കതിനോട് യോജിപ്പുണ്ടോ? അപ്പോൾ ആദ്യം നിർത്തേണ്ടത് അവരുടെ കക്കലല്ലേ? ഒരിക്കൽക്കൂടി പറയട്ടേ, നമ്മൾ കക്കുകയല്ല ചെയ്യുന്നത്, വെറുതെ ന്യായമില്ലാതെ ചുമത്തുന്ന ഡ്യൂട്ടി കൊടുക്കുന്നില്ലെന്നു മാത്രം.

അറബിയെ കണ്ടുമുട്ടുന്നത് ഒരു ഹോട്ടലിൽവച്ചാണ്. താൻ രണ്ടു വിദേശികളുമായി ലഞ്ചുകഴിഞ്ഞ് അവരെ അവരുടെ മുറിയിലേയ്ക്ക് വിട്ട് പുറത്തിറങ്ങുമ്പോഴാണ് ഒരു ബെൽബോയ് വന്ന് തന്നെ അറബി വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്. അറബി ഫോയറിലിട്ട പതുപതുത്ത സോഫയിൽ ആണ്ടിറങ്ങിയിരിക്കയാണ്. സുനിൽ ചെന്നപ്പോൾ അടുത്തിരിക്കാൻ അയാൾ ആവശ്യപ്പെട്ടു. കീശയിൽനിന്ന് ഒരു കാർഡെടുത്ത് അയാൾ സുനിലിനു നേരെ നീട്ടി. കാർഡ് അറബിയിലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അയാൾ ഒരു നിമിഷം പകച്ചു.

“കാർഡ് മറിച്ചുനോക്കു.”

മറുഭാഗത്ത് ഇംഗ്ലീഷിൽ അറബിയുടെ പേരും വിലാസവും ഉണ്ടായിരുന്നു.

“ആദ്യപാഠം. നാണയങ്ങൾക്കു മാത്രമല്ല എന്തിന്നും രണ്ടു വശമുണ്ട്. ഒരു മുഖത്തിനു പോലും. ഒരു ഭാഗത്ത് ചിരി, മറു ഭാഗത്ത് ഗൗരവം. താങ്കൾക്ക് മുഖത്തിന്റെ മറുവശം എനിക്കു കാണിച്ചു തന്നുകൂടെ?”

തന്റെ മുഖം എത്ര ഗൗരവപൂർണമായിരുന്നുവെന്നയാൾ മനസ്സിലാക്കി. സാവധാനത്തിൽ ടെൻഷൻ അയഞ്ഞുവന്നു. അയാൾ ചിരിച്ചു. അറബി പറഞ്ഞു.

“നിങ്ങൾ നിങ്ങളുടെ സമയം ഇവർക്കുവേണ്ടി പാഴാക്കുകയാണ്. മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ എന്നെ വന്നു കാണൂ. ഞാൻ റൂം നമ്പർ 304ൽ മറ്റന്നാൾവരെയുണ്ടാവും.”

“ഞാൻ പോലീസിന് ഫോൺ ചെയ്യട്ടെ?” രജനി കരഞ്ഞുകൊണ്ട് പറയുകയാണ്. “എന്താ നിങ്ങള് ഒന്നും ചെയ്യാതെ നോക്കിക്കൊണ്ടിരിക്കണത്?”

പോലീസിനെ അയാൾക്കു ഭയമായിരുന്നു. തന്റെ പ്രവർത്തനരീതിയിൽ പോലീസിന് സ്ഥാനമില്ല. അയാൾ പറഞ്ഞു. “ഞാൻ അന്വേഷിക്കട്ടെ, നീയൊന്ന് ബേജാറാവാതെ ഇരിക്ക്.”

കമ്പ്യൂട്ടറിന്റെ മോണിറ്റർ വീണ്ടും ഉറങ്ങാൻ പോയിരിക്കുന്നു. കമ്പ്യൂട്ടറിൽ ഡൂം നടന്നുകൊണ്ടിരിക്കയാവും. വീണ്ടും കീബോർഡ് തൊടാൻ അയാൾക്കു പേടിയായി.

പുറത്ത് വാഹനങ്ങൾ വന്നുനിന്ന ശബ്ദം കേട്ടു. അയാൾ ജനലിൽക്കൂടി നോക്കി. രണ്ടു ജീപ്പുകൾ, പോലീസുകാർ. ബെല്ലടിച്ചപ്പോൾ അയാൾ വാതിൽ തുറന്നു.

രണ്ട് ഓഫീസർമാർ അവരുടെ ഐഡന്റിറ്റി കാർഡുകൾ കാട്ടി അകത്തുകയറി.

“വാറണ്ടുണ്ട്” അവർ പറഞ്ഞു. “പരിശോധനയ്ക്ക്.”

“ഒരു മിനുറ്റ് നിൽക്കുമോ? ഞങ്ങളുടെ മകനെ കാണാനില്ലാതെ വിഷമിച്ചിരിക്കയാണ്. ഞാൻ അതിനെപ്പറ്റിയുള്ള വേവലാതിയിലാണ്. നിങ്ങൾക്ക് അസൗകര്യമാവില്ലെങ്കിൽ വേറൊരു ദിവസം...”

“ഞങ്ങൾക്ക് ഓർഡറുണ്ട്.”

അവർ അകത്തു തള്ളിക്കയറുകതന്നെയാണ്. വെള്ള യൂനിഫോമിട്ട കസ്റ്റംസ് ഓഫീസർമാർ, കാക്കിയിട്ട പോലീസുകാർ. വെള്ള യൂനിഫോമിട്ട ഒരു ഓഫീസർ കമ്പ്യൂട്ടർ മുറിയിലേയ്ക്കു കടന്നു. കീബോർഡിൽ തട്ടിക്കൊണ്ട് അയാൾ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നു. മറ്റുള്ളവർ ഓരോ മുറിയിൽ കയറി ഇറങ്ങുകയാണ്. അലമാറിയിൽനിന്ന് ഡയറികൾ കണക്കു പുസ്തകങ്ങൾ എന്നിവ പുറത്തേക്കെടുക്കപ്പെട്ടു. ഒരാൾ മേശപ്പുറത്തുവച്ച കടലാസിൽ ലിസ്റ്റുണ്ടാക്കുകയാണ്.

സുനിൽ കമ്പ്യൂട്ടർ മുറിയിലേയ്ക്കു പോയി. കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന ഓഫീസറുടെ മുഖം വിളറിയിരുന്നു. അയാൾ ഇത് എത്രാമത്തെ തവണയാണെന്നറിയില്ല റീബൂട്ട് ചെയ്യുന്നു. വീണ്ടും എത്തുന്നത് ഡൂമിൽത്തന്നെ. ആട്ടോ എക്‌സിക്യൂഷനിലെത്തിയാൽ രക്ഷയുണ്ടായിരുന്നു. അവിടെയെന്നല്ല ഡോസിൽത്തന്നെ എത്തുന്നില്ല. അയാൾ സീ മോസിൽ പോയിത്തപ്പി. എന്താണ് പ്രശ്‌നമെന്നയാൾക്കു മനസ്സിലായില്ല. താൻ പഠിച്ചതൊന്നുമല്ല അയാൾ മോണിറ്ററിൽ കാണുന്നത്. അയാൾ വെപ്രാളപ്പെട്ട് കീബോർഡിൽ ഓരോ കട്ടകളായി അമർത്തി നോക്കുകയാണ്. ഓരോ പ്രാവശ്യം കുറേ കട്ടകൾ അമർത്തിക്കഴിഞ്ഞാലും അയാൾ എസ്‌കേപ് ബട്ടനമർത്തി നോക്കും. അയാൾക്ക് അവിടെനിന്ന് ഒരു രക്ഷ കിട്ടണമെന്ന മട്ടിൽ. മോണിറ്റർ ഒട്ടും പതറാതെ ഒരു ഘോരയുദ്ധത്തിന്റെ രംഗങ്ങൾ കാണിച്ചുതരികയായിരുന്നു. അവിടെനിന്നു ചീറിവരുന്ന വെടിയുണ്ടകൾ മേൽ കൊള്ളാതിരിക്കാൻ അയാൾ തെന്നിമാറി. ഡൂം അയാളും കളിച്ചിട്ടുള്ളതാണ്. പക്ഷെ ഇത്ര ഭീകരമായി ഒന്ന്... മുറി എയർകണ്ടിഷൻ ചെയ്തു തണുത്തതായിരുന്നു. എന്നിട്ടും അയാൾ വിയർത്തു. അടുത്തു വന്നുനിന്ന മേലുദ്യോഗസ്ഥനെ അയാൾ വിളറിയ മുഖത്തോടെ നോക്കി.

“സർ, എന്തൊ കുഴപ്പമുണ്ട്. എന്താണെന്ന് മനസ്സിലാവുന്നില്ല. ഒരുപക്ഷെ വല്ല വൈറസ്സുമായിരിക്കും. പക്ഷെ ആന്റിവൈറസ്സ് ലോഡ് ചെയ്യാൻ പറ്റുന്നില്ല.”

താൻ പറഞ്ഞത് സത്യമാണെന്നു മേലുദ്യോഗസ്ഥനെ ബോധിപ്പിക്കാൻ അയാൾ ആന്റിവൈറസ് ഡിസ്‌കെറ്റ് പൊക്കിക്കാട്ടി. ഒപ്പം തന്നെ മോണിറ്ററിൽനിന്നു ചീറി വരുന്ന വെടിയുണ്ടകളിൽനിന്ന് അയാൾ ഒരഭ്യാസിയുടെ മട്ടിൽ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.

സുനിൽ ഒരിക്കൽക്കൂടി അയാളോടു പറഞ്ഞു.

“നിങ്ങൾ വേറൊരു ദിവസം വരൂ. എന്റെ മോനെ കാണാതായി വിഷമിച്ചിരിക്കയാണ്. അവനെ തിരയാനുള്ള വില പിടിച്ച സമയമാണ് നിങ്ങൾ കൊല്ലുന്നത്.”

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒന്നും പറയുന്നില്ല. അയാളുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല. അയാൾ നിർവ്വികാരനായ വെറുമൊരു സർക്കാർ ഉദ്യോഗസ്ഥൻ മാത്രമായിരുന്നു. മനുഷ്യത്വം എന്ന വാക്ക് അയാളെ ആരും പഠിപ്പിച്ചിട്ടില്ല. അയാളുടെ നിർവ്വികാരത മാറ്റിയെടുക്കാനും മുഖത്ത് ചിരിയുടേയും സൗഹൃദത്തിന്റേയും പാലൊളി വിതറാനുമുള്ള മന്ത്രം സുനിലിന്റെ വശമുണ്ടായിരുന്നു. അതിനുള്ള താല്പര്യമുണ്ടായിരുന്നില്ലെന്നു മാത്രം. വീട്ടിൽ മുഴുവൻ അരിച്ചുപെറുക്കിയാലും ഇവർക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. കമ്പ്യൂട്ടറിലെ കണക്കുകളെല്ലാം കോഡഡ് ആണ്. വായിച്ചാൽ നാലുവരി കവിതയാണെന്നേ തോന്നൂ.

“നിങ്ങൾ ഈ അഭ്യാസമൊന്നു നിർത്തു” അയാൾ തന്റെ കീഴുദ്യോഗസ്ഥനെ ശാസിച്ചു. മോണിറ്ററിൽനിനു വരുന്ന വെടിയുണ്ടകളിൽനിന്നു രക്ഷപ്പെടാൻ അയാൾ ഓരോ പ്രാവശ്യവും തെന്നിമാറുന്നത് മേലുദ്യോഗസ്ഥനെ അരിശം പിടിപ്പിച്ചു. “അതൊരു വെറും കളിമാത്രമാണ്.”

“ശരി സർ.” അയാൾ പറഞ്ഞു. അയാൾ വീണ്ടും എസ്‌കേപ് ബട്ടനമർത്തി. പെട്ടെന്നയാൾ നെറ്റിമേൽ കൈവച്ചുകൊണ്ട് തിരിഞ്ഞു. അയാളുടെ നെറ്റിമേൽ ചോരയുണ്ടായിരുന്നു. അത് കൈവിരലുകളിലൂടെ ഒലിച്ചിറങ്ങി. ഒരു നിമിഷം മാത്രം. അയാളുടെ തല കീബോർഡിലേയ്ക്ക് ചാഞ്ഞു.

കസ്റ്റംസ് ഓഫീസർ പരിഭ്രാന്തനായി വിളിച്ചു പറഞ്ഞു.

“ഒരു ആംബുലൻസ് വിളിക്കു... അല്ലെങ്കിൽ ജീപ്പിൽത്തന്നെ കൊണ്ടുപോകാം.”

അയാൾ ചലനമറ്റുകിടക്കുന്ന കീഴുദ്യോഗസ്ഥന്റെ നാഡി പിടിച്ചു നോക്കി. അയാൾ പറഞ്ഞു.

“ഇനി ധൃതിയില്ല. ഒരാംബുലൻസ് വിളിച്ചാൽ മതി.”

അവർ സോഫയിലിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥൻ ആകെ ഉലഞ്ഞിരുന്നു. മറ്റുള്ളവരും തിരച്ചിൽ നിർത്തി ആ മുറിയിലെത്തി. ചോര കീബോർഡിൽനിന്ന് മേശമേലേയ്ക്കും പി ന്നെ താഴേയ്ക്കും ഇറ്റിറ്റായി വീണുകൊണ്ടിരുന്നു. വെളുത്ത സെറാമിക് ടൈലിട്ട നിലത്ത് അത് ഒരു ചുവന്ന സൂര്യന്റെ ചിത്രം വരച്ചു.

പുറത്ത് ആംബുലൻസിന്റെ ശബ്ദം കേട്ടു.

ആംബുലൻസും പിന്നാലെ ജീപ്പുകളും ഇരമ്പിക്കൊണ്ടു പോയി. ഒരു പോലീസുകാരൻ മാത്രം പുറത്ത് ഗെയ്റ്റിൽ പാറാവു നിന്നു. സുനിൽ കമ്പ്യൂട്ടർ മുറിയിൽ കടന്നു. മേശമേലും കീബോർഡിലും ചോരയുടെ പാടുകൾ ഉണങ്ങിക്കിടന്നിരുന്നു. അയാൾ നനഞ്ഞ തുണിയെടുത്ത് അതെല്ലാം തുടച്ചു കളഞ്ഞു. കുളിമുറിയിൽ പോയി കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകി. തിരിച്ച് കമ്പ്യൂട്ടറിനു മുമ്പിൽ പോയി ഇരുന്നപ്പോഴാണയാൾ കണ്ടത്. ഡൂം നിർത്തിയിരിക്കുന്നു. ഇപ്പോൾ മോണിട്ടറിൽ കാണുന്നത് വിന്റോസിന്റെ ഡെസ്‌ക്‌ടോപ്പും അതിലെ ഷോർട്ട്കട്ട് ഐക്കണുകളും മാത്രം. ആ മുദ്രകളാകട്ടെ ഒരു പ്രത്യേക രീതിയിൽ വിന്യസിച്ചിരിക്കയാണ്. അവയ്ക്കു നടുവിലായി ഒരു പുതിയ മുദ്ര വന്നതയാൾ ശ്രദ്ധിച്ചു. അയാളുടെ ഹൃദയം പിടഞ്ഞു. ഒരാഘാതത്തിന്റെ പിടച്ചിലിൽ അയാൾക്കു മനസ്സിലായി. രാജേഷ് കമ്പ്യൂട്ടറിൽ ഒരു ഐക്കണായി മാറിയിരിക്കുന്നു.

മൗസെടുത്ത് പുതിയ ഐക്കണിൽ പോയ്ന്റർ വച്ച് അമർത്തുന്നതിനു മുമ്പ് അയാൾ ആലോചിച്ചത് ജംറയിലെ ചെകുത്താനെക്കുറിച്ചായിരുന്നു.