close
Sayahna Sayahna
Search

ജീവിതം വിഷാദാത്മകമോ?


ജീവിതം വിഷാദാത്മകമോ?
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഡാന്റേയ്ക്കു് അദ്ദേഹത്തിന്റെ കാലത്തോടു് എന്തു ബന്ധമുണ്ടായിരുന്നുവോ അതേ ബന്ധം തന്നെയാണു് കാഫ്കായ്ക്ക് നമ്മുടെ കാലത്തോടുള്ളതെന്നു് ചൂണ്ടിക്കാണിച്ചതു് മഹാനായ കവി ഡബ്ല്യൂ എച്ച് ഓഡനാണു്, രണ്ടുപേരുടേയും പ്രതിഭയെ വ്യക്തമാക്കാനായിരിക്കാം അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടതെന്നു് എനിക്കു് തോന്നുന്നു. ഡാന്റേയും കാഫ്കായും തങ്ങളുടെ കാലങ്ങളില്‍ സ്വാധീനശക്തി ചെലുത്തിയെന്നതും സത്യംതന്നെ. പക്ഷേ, രണ്ടിനും വിഭിന്നതയുണ്ടു്. ഡാന്റേയുടെ ഡീവീനാ കൊമേഡിയ (Divina Commedia) എന്ന മഹാകാവ്യത്തില്‍ സമ്പൂര്‍ണ്ണതയിലും അന്യൂനാവസ്ഥയിലും ചെന്നു ചേരാനുള്ള മനുഷ്യന്റെ യത്നത്തെയാണു് ഉജ്ജ്വലമായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളതു്. മദ്ധ്യകാലത്തിന്റെ ചരിത്രം മുഴുവന്‍ അതില്‍നിന്നു നമുക്കു ലഭിക്കും. ഈശ്വരവിശ്വാസവും അതില്‍നിന്നു ജനിക്കുന്ന പ്രസാദാത്മകത്വവും ആ മഹാകാവ്യത്തിലെ ഓരോ പദത്തില്‍ നിന്നും പ്രസരിക്കുന്നു. നരകത്തില്‍നിന്നു പാപനാശന സ്ഥാനത്തേക്കു്; അവിടെനിന്നു് സ്വര്‍ഗ്ഗത്തേക്കു് ഇതാണു് കൊമേഡിയായുടെ രീതി. കാഫ്കായുടെ ‘ദാസ് ഷ്ലോസ്’ (Das Schloss-The Castle എന്നു് ഇംഗ്ലീഷ് തര്‍ജ്ജമ) എന്ന നോവലിന്റെ മാര്‍ഗ്ഗം അതല്ല. മനുഷ്യജീവിതത്തിന്റെ അജ്ഞാതങ്ങളും അജ്ഞേയങ്ങളുമായ ശക്തിവിശേഷങ്ങളെ ആവിഷ്കരിച്ചു് മനുഷ്യന്‍ ഓരോ നിമിഷവും പരാജയപ്പെടുന്നതിനെ ആലേഖനം ചെയ്യുകയാണു് കാഫ്കാ. ഈ ലോകത്തു് അവന്‍ അവലംബഹീനനാണു് എന്നു് അദ്ദേഹം ഉദ്ഘോഷിക്കുന്നു. അസ്തിത്വത്തിന്റെ സ്വഭാവത്തില്‍ നിന്നുതന്നെ ഒരു തരത്തിലുള്ള പേടിസ്വപ്നം ഉണ്ടാകുന്നുവെന്നു് കാഫ്കാ നമ്മെ ഗ്രഹിപ്പിക്കുന്നു. ഈ പേടിസ്വപ്നത്തെ ഒഴിവാക്കാന്‍ മനുഷ്യനു കഴിയുന്നില്ല. നിസ്തുലങ്ങളാണു് അല്ലെങ്കില്‍ അന്യാദൃശ്യങ്ങളാണു് കാഫ്കായുടെ ചെറുകഥകളും നോവലുകളും. അതുകൊണ്ടു് അവയ്ക്കു മുന്‍ഗാമികളില്ലെന്നു് കരുതാന്‍ പാടില്ല. സിറിൽടേണറുടെ (Cyril Tourneur) The Revenger’s Tragedy, ഔഗുസ്റ്റ് സ്ട്രിന്‍ബര്‍യേയുടെ The Ghost Sonata, ബുക്‌ഹ്നറുടെ Woyzeck ഇന്വയിലെല്ലാം കാഫ്കയുടെ കൃതികളിലുള്ള എക്സിസ്റ്റെൻഷ്യല്‍ ആശയങ്ങള്‍ കാണാം. ഈ കൃതികളില്‍ പ്രധാനം ബുക്‌ഹ്നറുടെ ‘വോയ്റ്റ്സെക്’ തന്നെയാണു്. ജര്‍മ്മന്‍ നാടകകര്‍ത്താവായ ബുക്‌ഹ്നര്‍ ഇരുപത്തിമൂന്നു കൊല്ലമേ ജീവിച്ചിരുന്നുള്ളു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സാഹിത്യരചന ആരംഭിച്ചു. ഒരു കൊല്ലത്തെ ഹ്രസ്വമായ സാഹിത്യജീവിതത്തിനിടയ്ക്ക് അദ്ദേഹം മൂന്നു നാടകങ്ങളും അപൂര്‍ണ്ണമായ ഒരു ചെറുകഥയും എഴുതി. ഇവയില്‍ വോയ്റ്റ്സെക് എന്ന നാടകം മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്നു. അതിനെക്കുറിച്ചാണു് ഇവിടെ പ്രതിപാദിക്കുന്നതു്. എഡ്വേര്‍ഡ് ആല്‍ബിയുടെ The American Dream, ഡുറാന്‍ മാഹ്റ്റിന്റെ The Visit, യനസ്കൊയുടെ Rhinoceros ഈ നാടകങ്ങള്‍ക്കും മാക്സ്‌ഫ്രിഷിന്റെ I’m not stiller, സീമോന്‍ ദെബൊവ്വാറിന്റെ The Blood of Others, ഹെസ്സെയുടെ Steppen wolf, സാമിയാറ്റിന്റെ We ഈ നോവലുകള്‍ക്കും സമകാലികമായ എക്സിസ്റ്റെന്‍ഷ്യല്‍ സാഹിത്യത്തില്‍ എന്തു പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം ബുക്‌ഹ്നറുടെ വോയ്റ്റ്സെക് എന്ന നാടകത്തിനും കൈവന്നിരിക്കുന്നു. ആധുനികമായ നാടക സാഹിത്യത്തിന്റെ — എക്സിസ്റ്റെന്‍ഷ്യല്‍ നാടകസാഹിത്യത്തിന്റെ — പഠനം വോയ്റ്റ്സെക്കില്‍ ആരംഭിക്കണം എന്നു അഭിപ്രായപ്പെടുന്നവരും ഇല്ലാതില്ല.

നാടകത്തില്‍ യവനിക ഉയരുമ്പോള്‍ നാം കാണുന്നതു് പ്രധാനകഥാപാത്രമായ വോയ്റ്റ്സെക്കിനെത്തന്നെയാണു്. ജര്‍മ്മന്‍ സൈന്യത്തിലെ ഒരു ക്യാപ്റ്റനായ ഹൗപ്റ്റ്മാന്റെ ‘ഓര്‍ഡര്‍ലി’യാണു് അയാള്‍. പ്രാഥമിക വികാരങ്ങളാല്‍ ഭരിക്കപ്പെടുന്ന അസംസ്കൃത ചിത്തനായ ഒരു പാവമാണു് വോയ്റ്റ്സെക്. അയാള്‍ ക്യാപ്റ്റനു ഷേവ് ചെയ്തുകൊടുക്കുകയാണു്. മനുഷ്യസമൂഹത്തിന്റെ തിന്മയ്ക്കു പ്രാതിനിദ്ധ്യം വഹിക്കുന്ന ആ സൈനികോദ്യോഗസ്ഥന്‍ അയാളെ നിരന്തരം പീഡിപ്പിക്കുന്നു. ഒരുതരം എട്ടുകാലിയാണെന്നു തോന്നുന്നു. ചില ക്ഷുദ്രപ്രാണികളെ പിടിച്ചു് അവയുടെ തലച്ചോറിന്റെ കേന്ദ്രത്തില്‍ കുത്തി മുറിവേല്പിച്ചു് തളര്‍ത്തിവയ്ക്കും. പ്രാണികള്‍ മരിയ്ക്കുകയില്ല; എന്നാല്‍ അവയ്ക്കു് നീങ്ങാനുള്ള ശക്തിയും കാണുകയില്ല. അമ്മട്ടില്‍ ക്യാപ്റ്റന്‍ വോയ്റ്റ്സെക്കിനെ ക്ഷതപ്പെടുത്തുന്നതു നോക്കുക: —

ക്യാപ്റ്റന്‍
ഒരു കൊടുങ്കാറ്റിന്റെ മട്ടുണ്ടു്. ഇത്തരത്തിലുള്ള കാറ്റിനു്, എന്നില്‍ എത്ര ശക്തിയുണ്ടു്? ഒരെലിക്കുള്ളിടത്തോളം ശക്തി. (സൂത്രത്തില്‍)വടക്കു-തെക്കുനിന്നാണെന്നു തോന്നുന്നു ഈ കാറ്റു്.
വോയ്റ്റ്സെക്
അതേ ക്യാപ്റ്റന്‍ സാര്‍.
ക്യാപ്റ്റന്‍
ഹ! ഹ! ഹ! വടക്കു-തെക്കു് ഹ! ഹ! ഹ! ഹോ മണ്ടന്‍! ഭയങ്കരനായ മണ്ടന്‍! (വികാരത്തോടെ) വോയ്റ്റ്സെക് നീ നല്ലവനാണു്. (അന്തസ്സോടെ) പക്ഷേ, വോയ്റ്റ്സേക് നിനക്കു സന്മാര്‍ഗ്ഗമില്ല! സന്മാര്‍ഗം, നല്ല ശീലങ്ങള്‍ ഉള്ളതാണു്. അതു് മനസ്സിലായോ? അതു നല്ല വാക്കാണു്. പള്ളി അനുഗ്രഹിക്കാത്ത ഒരു കുഞ്ഞുണ്ടു് നിനക്കു്…

വോയ്റ്റ്സെക് വേശ്യയായ മാറിയുമായി കഴിയുകയാണു്. അയാള്‍ക്കു് അവളില്‍ ഒരു മകനുണ്ടായിട്ടുണ്ടു്. അതിനെ പരിഹസിച്ചുകൊണ്ടാണു് ക്യാപ്റ്റന്‍ സംസാരിക്കുക.


നാടകത്തിലെ രണ്ടാമത്തെ രംഗം വോയ്റ്റ്സെക്കിന്റെ സ്വഭാവത്തിനുള്ള അസാധാരണത്വത്തിലേക്കു് വെളിച്ചം വീശുന്നു. അയാളും കൂട്ടുകാരനും കൂടി വിറകു ശേഖരിക്കുമ്പോള്‍ പ്രകൃത്യതീതസംഭവങ്ങളെക്കുറിച്ചു അവര്‍ സംസാരിച്ചു. പൊടുന്നനവേ വോയ്റ്റ്സെക് അങ്ങനെയൊരു സംഭവം കാണുന്നതായി പറയുകയും ചെയ്തു. “ആന്‍ഡ്രീസ! എന്തൊരു തിളക്കമാണിതിനു്. പട്ടണം മുഴുവനും അതു പ്രകാശിപ്പിക്കുന്നു. ആകാശത്തിനുചുറ്റും ഒരഗ്നി സഞ്ചരിക്കുന്നു. കുഴലൂത്തുപോലെ ഒരു ശബ്ദം വരുന്നു. അതു് അടുത്തേക്കു വരുന്നു. നമുക്കു് ഇവിടെനിന്നു് രക്ഷപ്പെടാം. തിരിഞ്ഞുനോക്കരുതു്.” ഇത്രയും വോയ്റ്റ്സെക് പറഞ്ഞുതീരാത്ത താമസം അവര്‍ രണ്ടുപേരും പ്രാണനുംകൊണ്ടു് ഓടുകയായി. തന്റെ പ്രധാനപ്പെട്ട കഥാപാത്രത്തെ ഇങ്ങനെ പ്രഗല്‍ഭമായി അവതരിപ്പിച്ചതിനുശേഷം ബുക്‌ഹ്നര്‍ മാറിയെ നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നു. അവള്‍ കുഞ്ഞുമായി ജനലിനടുത്തു നില്‍ക്കുമ്പോള്‍ പട്ടാളക്കാര്‍ റോഡിലൂടെ മാര്‍ച്ചു് ചെയ്യുകയാണു്. സൈന്യത്തിന്റെ മുന്‍പില്‍ നടക്കുന്ന ഡ്രം മേജര്‍ അവളെ അര്‍ത്ഥവത്തായി കടാക്ഷിച്ചു. മാറിയുടെ കണ്ണുകള്‍ക്കും തിളക്കം. അപ്പോഴേക്കും വോയ്റ്റ്സെക് അവിടെയെത്തി. അയാളും മാറിയും കൂടി പ്രദര്‍ശനം കാണാന്‍ പോയി. അവിടെ ഒരു കാപട്യക്കാരന്‍ ഒരു കുരങ്ങനെ പട്ടാളക്കാരന്റെ വേഷം ധരിപ്പിച്ചു് നിറുത്തിയിരുന്നു. മനുഷ്യ സോപാനത്തിന്റെ ഏറ്റവും താഴത്തെ പടിയില്‍ ആ മൃഗം നിന്നാല്‍ത്തന്നെയെന്തു്? അതിനു് അന്യനു് അഭിവാദനം അര്‍പ്പിക്കാനും ചുംബനം നല്‍കാനും കഴിയും. യുക്തിചിന്തയ്ക്ക് കഴിവുള്ള ഒരു കുതിരയേയും അവര്‍ അവിടെ കണ്ടു. കുതിരയെ പ്രദര്‍ശിപ്പിച്ചവന്‍ “ഇതാ ഈ പണ്ഡിതസദസ്സില്‍ കഴുതയുണ്ടോ?” എന്നു ചോദിച്ചപ്പോള്‍ ആ മൃഗം തലയാട്ടി. ‘ഇതു മിണ്ടാത്ത മൃഗമല്ല. ഇതൊരു ആളാണു്. മനുഷ്യജീവി! എന്നിട്ടും മൃഗംതന്നെ”. എന്നായി പ്രദര്‍ശനക്കാരന്‍ “മാറ്റം വന്ന മനുഷ്യജീവി”യാണു് ആ കുതിരയെന്നുവരെ അയാള്‍ വാദിച്ചു. ഈ പ്രദര്‍ശനമൊക്കെ നടക്കുമ്പോഴും ഡ്രം മേജറുടെ കണ്ണ് മാറിയില്‍ത്തന്നെ. അയാള്‍ കാമവികരത്തോടെ അവളെ അഭിനന്ദിക്കുമ്പോള്‍ ആ രംഗം അവസാനിക്കുന്നു.

ഡ്രം മേജര്‍ മാറിക്കു് കാതിലിടുന്ന രണ്ടു വളയം സമ്മാനിച്ചു. അവള്‍ അയാള്‍ക്കു കീഴടങ്ങി എന്നതു വ്യക്തം (maria എന്ന സംജ്ഞനാമം ഇംഗ്ലീഷിലെന്നപോലെ മേരി എന്നല്ല ജര്‍മ്മന്‍ ഭാഷയില്‍ ഉച്ചരിക്കുന്നതു്. എന്നാല്‍ മാറി എന്നതു് അത്രകണ്ടു ശരിയുമല്ല) കുഞ്ഞിനെക്കാണാന്‍ ഓടി വന്ന വോയ്റ്റ്സെക് അതുകണ്ടു. അയാള്‍ ചോദിക്കുകയാണു്. — “നിന്റെ കൈയിലിരുന്നു മിനുങ്ങുന്നതു് എന്താണു്?”

മാറി
കാതിലിടുന്ന വളയം. എനിക്കതു കളഞ്ഞുകിട്ടി.
വോയ്റ്റ്സെക് 
എനിക്കിതുവരെ ഇങ്ങനെയൊരു ഭാഗ്യമുണ്ടായിട്ടില്ല. ഒരു സമയംതന്നെ രണ്ടെണ്ണം കിട്ടിയോ?

അയാള്‍ക്കു സംശയം ജനിക്കാതിരുന്നില്ല. പക്ഷേ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം, നെറ്റിയില്‍ വിയര്‍പ്പുതുള്ളികളോടെ ഉറങ്ങുന്ന തന്റെ കുഞ്ഞിന്റെ മുഖം അയാളെ വികാരപരവശനാക്കി.

നാടകത്തില്‍ ഒരു പുതിയ കഥാപാത്രം പ്രവേശിക്കുകയാണു്. മനുഷ്യനെ യന്ത്രമായിക്കരുതുന്ന ഒരു ഡോക്ടര്‍. അവന്‍ യന്ത്രമായിക്കൊള്ളട്ടെ. എങ്കിലും അവനു് വിചാരങ്ങളുണ്ടു്, വികാരങ്ങളുണ്ടു് എന്ന സത്യം ഡോക്ടര്‍ അംഗീകരിക്കുന്നില്ല. തന്റെ മുന്‍പില്‍ വരുന്ന ഏതൊരുവനും പരീക്ഷണം നടത്താനുള്ള ഒരു ഉപകരണമാണെന്നേ അയാള്‍ കരുതുന്നുള്ളു. ശാസ്ത്രത്തിന്റെ മനുഷ്യത്വശൂന്യമായ അംശത്തിനാണു് ഈ ഡോക്ടര്‍ പ്രാതിനിദ്ധ്യം വഹിക്കുന്നതെന്നു നമ്മള്‍ കരുതിയാല്‍ തെറ്റില്ല. മൂന്നു മാസമായി അയാള്‍ വോയ്റ്റ്സെക്കിനെ പയറുമാത്രം കൊടുത്തു് പരീക്ഷിക്കുകയാണു്. ഫലമോ? വോയ്റ്റ്സെക് മൃഗസദൃശനായി മാറിയിരിക്കുന്നു. റോഡരികില്‍ മൂത്രമൊഴിച്ചുവെന്ന കുറ്റത്തിനു് അയാള്‍ വോയ്റ്റ്സെക്കിനെ ശകാരിക്കുന്നു. പ്രകൃതിയാണു് അതിനു് കാരണമെന്നു് അയാള്‍ മറുപടി നല്‍കിയതു് ഡോക്ടര്‍ക്കു് പിടിച്ചില്ല. “പ്രകൃതിയോ? വോയ്റ്റ്സെക്! മനുഷ്യന്‍ സ്വതന്ത്രനാണു്. വ്യക്തിയുടെ ഇച്ഛാശക്തി സ്വാതന്ത്ര്യത്തിലേക്കു് ചെല്ലുന്നതിനെ ആദരണീയമാക്കിയിരിക്കുന്നതു് മനുഷ്യന്‍ മാത്രമത്രേ. എന്നിട്ടു് നിനക്കു മൂത്രമടക്കാനും വയ്യ.” എന്നാണു് അയാളുടെ ഉപാലംഭം. വോയ്റ്റ്സെക് ഇങ്ങനെ ക്രമാനുഗതമായി മൃഗീയാവസ്ഥയിലേക്കു് വഴുതിവീഴുന്നതു് ഡോക്ടര്‍ക്കു് ഇഷ്ടമാണു്. അതുകൊണ്ടു് അയാള്‍ വോയ്റ്റ്സെക്കിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ക്യാപ്റ്റനും അധമമായ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നില്ല. വോയ്റ്റ്സെക്കിനെ ഹിസ്റ്റീരിയയിലേക്കു നയിക്കുന്ന അയാളുടെ മാര്‍ഗം നോക്കുക:


ക്യാപ്റ്റന്‍
വോയ്റ്റ്സെക് നീളമുള്ള താടിരോമം നിന്റെ സൂപ്പുപാത്രത്തില്‍ അടുത്തകാലത്തെങ്ങാനും കണ്ടോ? ഹോ! അവനു മനസ്സിലാകുന്നില്ലെന്നു തോന്നുന്നു. മനുഷ്യമുഖത്തുനിന്നുള്ള രോമം — എഞ്ചിനീയറുടേയോ സാര്‍ജന്റിന്റേയോ ഡ്രം മേജറുടേയോ താടിരോമം? ശരി. വോയ്റ്റ്സെക് പക്ഷേ, അവന് നല്ല ഭാര്യയുണ്ടു്. മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലതാനും.

ഇതുകേട്ട വോയ്റ്റ്സെക് വിളറിപ്പോയി.അയാള്‍ മാറിയുടെ അടുക്കലേക്ക് ഓടി. അവളെ അടിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവളെ തൊടാന്‍ കഴിഞ്ഞില്ല. നഗരത്തില്‍നിന്നു് അല്പമകലെയുള്ള ഒരു ഭക്ഷണശാലയില്‍ നൃത്തം നടക്കുന്നുവെന്നറിഞ്ഞു് വോയ്റ്റ്സെക്കും കൂട്ടുകാരും അങ്ങോട്ടു പോയി. അവിടെ ഡ്രം മേജറുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടു് മാറി നൃത്തം ചെയ്യുകയായിരുന്നു. വോയ്റ്റ്സെക്കിനു് ആ കാഴ്ച സഹിക്കാന്‍ സാധിച്ചില്ല അയാള്‍ വയലിലേക്കു് ഓടി. നൃത്തത്തിനോടു് ചേര്‍ന്ന സംഗീതം അയാളുടെ കാതില്‍നിന്നു് പോകുന്നില്ല. “അവളെ കുത്തിക്കൊല്ലൂ, കുത്തിക്കൊല്ലൂ,” എന്ന ശബ്ദം അയാള്‍ കേട്ടു. ദുഷ്ടനായ ഡോക്ടറെയാണു് വോയ്റ്റ്സെക് പിന്നീടു് കണ്ടതു്. അയാൾ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മുൻപില്‍വെച്ചു് അയാളെ വീണ്ടും പീഡിപ്പിച്ചു. പയറുമാത്രം കഴിക്കുന്നവന്റെ നാഡി ക്രമരഹിതമായി സ്പന്ദിക്കുന്നതു് ഡോക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നു. ഭക്ഷണശാലയിലേക്കു വീണ്ടും ഓടിച്ചെന്ന വോയ്റ്റ്സെക്കിനെ ഡ്രം മേജര്‍ അടിച്ചപ്പോള്‍ ആ പാപത്തിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമായി. അയാള്‍ ഒരു പേനാക്കത്തി വാങ്ങി വയലില്‍ കുഴിച്ചുവച്ചു. ഒരു മുത്തശ്ശി മാറിയോടും ചില കുട്ടികളോടും ഒരു കഥ പറഞ്ഞു: “പണ്ടൊരിക്കല്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ഉണ്ടായിരുന്നു അച്ഛനും അമ്മയുമില്ലാത്ത പാവം. എല്ലാവരും മരിച്ചു. വിശാലമായ ഈ ലോകത്തു് അവള്‍ക്കു് ആരുമില്ല. എല്ലാവരും മരിച്ചു. ആ കൊച്ചുകുട്ടി രാത്രിയും പകലും സഹായത്തിനായി ആരെയെങ്കിലും മതിയെന്ന മട്ടില്‍ അന്വേഷിച്ചുനടന്നു. ഭൂമിയില്‍ ആരുമില്ലാത്തതുകൊണ്ടു് സ്വര്‍ഗ്ഗത്തു് പോകാന്‍ അവരൾ ആഗ്രഹിച്ചു. ചന്ദ്രന്‍ സ്നേഹത്തോടെ അവളെ നോക്കി. ഒടുവില്‍ അവള്‍ ചന്ദ്രനില്‍ ചെന്നപ്പോള്‍ അതു് ഉപയോഗശൂന്യമായ തടിക്കഷണം മാത്രം. അതുകൊണ്ടു് അവള്‍ സൂര്യനെത്തി. സൂര്യന്‍ വാടിയ സൂര്യകാന്തിപ്പൂ. അവള്‍ നക്ഷത്രങ്ങളില്‍ ചെന്നപ്പോള്‍ അവ സ്വര്‍ണ്ണയീച്ചകള്‍ മാത്രം; ചിലന്തിവലയില്‍പെട്ടവയെപ്പോലെ ഭൂമിയില്‍ തിരിച്ചെത്താന്‍ അവള്‍ ആഗ്രഹിച്ചപ്പോള്‍ ഭൂമി കമഴ്ത്തിവച്ച പാത്രം. അവള്‍ തനിച്ചായി. അവള്‍ അവിടിരുന്നു കരഞ്ഞു. ഇന്നും അവള്‍ അവിടെയിരുന്നു കരയുകയാണു്, ഒറ്റയ്ക്കു്.”

വോയ്റ്റ്സെക് കാട്ടിനടുത്തുള്ള കുളത്തിനരികെ മാറിയെ കൂട്ടിക്കൊണ്ടുപോയി. അവളുടെ പാപത്തെക്കുറിച്ചും ചന്ദ്രന്റെ നിറത്തെക്കുറിച്ചും പലതും പുലമ്പിയതിനുശേഷം അയാള്‍ അവളെ കുത്തിക്കൊന്നു. ദീനരോദനം കേട്ടു് അവിടെയെത്തിയ രണ്ടുപേര്‍ ഓടിക്കളഞ്ഞു. കൊലപതകം കഴിഞ്ഞതോടെ വോയ്റ്റ്സെക്കിന്റെ ഉന്മാദം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. അയാള്‍ ഭക്ഷണശാലയിലെത്തി നൃത്തത്തില്‍ പങ്കുകൊണ്ടു. അയാളുടെ കൈയാകെ രക്തം. ആളുകള്‍ രക്തമെന്നു വിളിച്ചു് അയാളുടെ ചുറ്റും കൂടി.വോയ്റ്റ്സെക് അവിടെനിന്നോടി, കുളത്തിനടുത്തെത്തി കത്തി കുളത്തിലെറിഞ്ഞിട്ടു് രക്തം കഴുകിക്കളയാന്‍ അയാള്‍ ശ്രമിച്ചു. മാറിയുടെ മൃതദേഹം ആളുകള്‍ കണ്ടെത്തി. നാടകത്തിന്റെ അവസാനത്തെ രംഗം ശവമുറിയാണു്. “മര്‍ക്കടമുഷ്ടിക്കാരനും നിരീശ്വരനും പൊക്കമുള്ളവനും ക്ഷീണവദനനും നല്ല സ്വഭാവമുള്ളവനും ശാസ്ത്രീയ ചിന്താഗതിയുള്ളവനും” ആയ വോയ്റ്റ്സെക് ബന്ധനസ്ഥനാണ്. അയാള്‍ മാറിയുടെ മൃതദേഹം നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍ ബുക്ക്‌ഹ്നറുടെ നാടകം അവസാനിക്കുന്നു.

ഇതു് അര്‍ത്ഥരഹിതമായ ലോകമാണു്. ഇവിടെ മൂല്യങ്ങള്‍ക്ക് ഒരു വിലയുമില്ല. മനുഷ്യന്‍ ഏകാന്തത ജനിപ്പിക്കുന്ന ദുഃഖം അനുഭവിക്കുന്നു. അവന്‍ അന്യനത്രേ (Out sider). ഈ എക്സിസ്റ്റെന്ഷ്യല്‍ ആശയം ബുക്‌ഹ്നര്‍ അത്യന്തസുന്ദരമായി ഈ നാടകത്തില്‍ ആവിഷ്കരിച്ചിട്ടുണ്ടു്. മുത്തശ്ശി മാറിയോടും കുട്ടികളോടും പറയുന്ന കഥയിലൂടെയാണു് നാടകക്കാരന്‍ ഈ ആശയം പ്രതിപാദിക്കുന്നതു്. ചന്ദ്രന്‍ സ്നേഹത്തോടെയാണു് കുട്ടിയെ നോക്കുന്നതു്. പക്ഷേ, അവിടെ അതു ചെല്ലുമ്പോള്‍ ആ ചന്ദ്രന്‍ ഉപയോഗമില്ലാത്ത തടിക്കഷണം മാത്രം. സൂര്യന്‍ വാടിയ സൂര്യകാന്തിപ്പൂ. നക്ഷത്രങ്ങള്‍ ഈച്ചകള്‍. കുട്ടിക്കു ഭൂമിയിലേക്കു തിരിച്ചുവരാന്‍ വയ്യ അതു് കമഴ്ത്തിവച്ച പാത്രം. അതുകൊണ്ടു് ഇപ്പോഴും കുഞ്ഞു് അവിടെയിരുന്നു കരയുന്നു. ഈ പ്രപഞ്ചത്തില്‍ ആകര്‍ഷകമായി കാണുന്നതൊക്കെ വെറും വ്യാജവസ്തുക്കള്‍. അടുത്തുചെല്ലൂ. മരക്കഷണംപോലെ അവ ഓരോന്നും ചൈതന്യശൂന്യം. ഒന്നേ സത്യമായുള്ളു. മനുഷ്യന്റെ ദുഃഖവും ഏകാന്തതയും. ഇതു മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ വോയ്റ്റ്സെക് പ്രത്യക്ഷനായി. അയാള്‍ “മാറി” എന്നു വിളിക്കുകയാണു്.

മാറി
(പേടിച്ചിളകി) എന്തു്?
വോയ്റ്റ്സെക്
നമുക്കു പോകാം. സമയമായിപ്പോയി.
മാറി
എങ്ങോട്ടേക്കു്?
വോയ്റ്റ്സെക്
എനിക്കു് എങ്ങനെ അറിയാം?

ക്രൂരമായ അന്യവത്കരണത്തില്‍ ചെന്നുവീണ അയാള്‍ക്കു് അറിഞ്ഞുകൂടാ എന്താണു് ചെയ്യേണ്ടതെന്നു്. അതിനാലാണു് ‘എനിക്കു് എങ്ങനെ അറിയാം’ എന്നു് വോയ്റ്റ്സെക് ചോദിക്കുന്നതു്. മാറി വേശ്യ ആണെങ്കിലും വോയ്റ്റ്സെക് അവളെ സ്നേഹിച്ചിരുന്നു. കുഞ്ഞിനെ ജീവനു തുല്യമായി അയാള്‍ കരുതി. അവരെ രണ്ടുപേരേയും സംരക്ഷിക്കുന്നതിനുവേണ്ടിയാണു് അയാള്‍ ക്യാപ്റ്റനു് ക്ഷൗരം ചെയ്തുകൊടുത്തും വിറകുവെട്ടിക്കൊടുത്തും പണം സമ്പാദിക്കുന്നതു്. ഡോക്ടര്‍ പറയുന്നതനുസരിച്ചു് പയറു മാത്രം തിന്നുകയും അങ്ങനെ അയാളെ സന്തോഷിപ്പിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് കുടുംബത്തെ പോറ്റുന്നതിനു തന്നെയാണു്. അതുകൊണ്ടാണു് മാറിയുടെ വിശ്വാസവഞ്ചന കാണുമ്പോള്‍ അയാള്‍ തകര്‍ന്നടിയുന്നതു്. അതോടെ ജീവിതം അര്‍ത്ഥരഹിതമായി ഭവിക്കുന്നു. ഏകാന്തത അയാളെ ആവരണം ചെയ്യുന്നു. ക്രൂരമായ മനുഷ്യ സമുദായത്തിന്റെ രണ്ടു പ്രതീകങ്ങളാണു് ഡോക്ടറും ക്യാപ്റ്റനും. ഡോക്ടര്‍ അയാളെ പട്ടിണിക്കിട്ടു് മാനസികവും ശാരീരികവുമായ തകര്‍ച്ച ഉണ്ടാക്കുന്നു. ക്യാപ്റ്റന്‍ നിന്ദിച്ചും സ്തുതിച്ചും ഒരു തരത്തിലുള്ള മസ്തിഷ്കപ്രക്ഷാളനം നടത്തുന്നു. ഈ കുത്സിത പ്രവര്‍ത്തനങ്ങള്‍ അയാള്‍ക്കു സ്വാഭാവികമായുള്ള ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയാണു്. പില്ക്കാലത്ത് കാഫ്കാ ഈ ഉത്കണ്ഠയ്ക്കു പരമപ്രാധാന്യം നല്‍കി കഥാപാത്രങ്ങളെ ചിത്രീകരിക്കുകയുണ്ടായല്ലോ. ബുക്‌ഹ്നര്‍ എത്ര പ്രഗത്ഭമായി കാഫ്കായുടെ ചിത്രീകരണം മുന്‍കൂട്ടി കാണുന്നുവെന്നു നോക്കുക. അര്‍ത്ഥരഹിതമായ ലോകത്തെ കണ്ടിട്ടാണു് കാഫ്കായുടെ കണ്‍ട്രി ഡോക്ടറും ജോസഫ്കെയും ഉത്കണ്ഠാപരവശരാകുന്നതു്. വോയ്റ്റ്സെക്കും ഇക്കാര്യത്തില്‍ വ്യത്യസ്തനാണെന്നു പറയാന്‍ വയ്യ. അയാള്‍ പ്രകൃത്യതീത സംഭവങ്ങള്‍ കണ്ടു് അന്തരീക്ഷത്തിലാകെ ആളിക്കത്തുന്ന അഗ്നികണ്ടു് ഉത്കണ്ഠക്കു് വിധേയനാകുന്നു. പ്രാഥമിക ശക്തികളെ ഇത്രകണ്ടു് സുശക്തമായി സ്ഫുടീകരിച്ചിട്ടുള്ള മറ്റൊരു നാടകം യൂറോപ്യന്‍ സാഹിത്യത്തിലില്ല. ഇരുപത്തിമൂന്നു വയസ്സുള്ള ഒരു ബാലനാണു് ഈ നാടകമെഴുതിയതെന്നു് നാം ഓര്‍മ്മിക്കണം. സാഹിത്യനിരൂപണം നിര്‍വ്വഹിക്കുമ്പോള്‍ സാഹിത്യകാരന്റെ പ്രായംകൂടി നോക്കണമെന്നും, ബാലകാലപ്രയത്നങ്ങളെ നിശിതമയി വിമര്‍ശിക്കുന്നതു് ശരിയല്ലെന്നും ഉള്ള ഒരു വാദഗതി കേരളത്തിലുണ്ടല്ലോ. അതിന്റെ ഉപജ്ഞാതാക്കള്‍ ബുക്‌ഹ്നര്‍ എഴുതിയ ഈ നാടകം വായിച്ചുനോക്കുന്നതു് നന്നായിരിക്കും.

ഇപ്പോഴത്തെ അബ്സേഡ് നാടകങ്ങളില്‍ കാണുന്ന ജീവിതവീക്ഷണം അതേ രീതിയില്‍ “വോയ്റ്റ്സെക്” നാടകത്തിലുണ്ടെന്നാണു് നിരൂപകമതം. ശരിയാണതു്. അബ്സേഡ് നാടകങ്ങളില്‍ ഒരു തരത്തിലുള്ള ‘ദൈവായത്തത’ (Fatalism) കാണുന്നുണ്ടല്ലോ. മനുഷ്യന്‍ ആരായാലും അവര്‍ എന്തു പ്രവര്‍ത്തിച്ചാലും പ്രാകൃതികശക്തികള്‍ക്കു വിധേയനാണു്. കമ്യുവിന്റെ നോവലില്‍ പ്ലേഗിന്റെ അണുക്കള്‍ ആവിര്‍ഭവിച്ചതുപോലെത്തന്നെ അപ്രത്യക്ഷമാകുന്നു. അവ വീണ്ടും ആവിര്‍ഭവിക്കാം. ഇല്ലെന്നും വരാം. ഇതാണു് ഫേറ്റലിസം-ദൈവായത്തത. സാമുവല്‍ ബക്കറ്റിന്റെ ‘വെയിറ്റിങ് ഫോര്‍ ഗോദൊ’ എന്ന നാടകത്തിലുമുണ്ടു് ഈ ഫോര്‍മലിസം. വോയ്റ്റ്സെക്കിന്റെ ദുരന്തത്തിനു് മറ്റുള്ളവര്‍ കാരണക്കാരാണെങ്കിലും ഫേറ്റലിസത്തിനു് അതില്‍ പങ്കുണ്ടു്. പ്രാഥമികമായി നോക്കുമ്പോള്‍ മനുഷ്യനും മൃഗത്തിനും തമ്മില്‍ എന്തു വ്യത്യാസം? പട്ടാളക്കാരന്റെ വേഷം ധരിച്ച കുരങ്ങനും യുക്തിചിന്തയുള്ള കുതിരയും ആ സത്യമാണു് സ്ഫുടീകരിക്കുന്നതു്. മൃഗം പരിതസ്ഥിതികള്‍ക്കു് വിധേയമാണു്. മൃഗസദൃശനനായ മനുഷ്യനും അങ്ങനെ തന്നെ.

ക്രമരഹിതവും അപൂര്‍ണ്ണവുമായ ഇരുപത്തിഒമ്പതു രംഗങ്ങളിലൂടെ ബുക്‌ഹ്നര്‍ ആലേഖനം ചെയ്യുന്നതു് കറകളഞ്ഞ വിഷാദാത്മകതയാണു്. ജീവിതം വേദന നിറഞ്ഞതാണു്. അര്‍ത്ഥരഹിതമാണു്. ഈ ആശയത്തെ സുശക്തമായ രീതിയില്‍ ബുക്‌ഹ്നര്‍ പ്രതിപാദിക്കുന്നു. ഈ ആശയഗതിയോടു യോജിക്കാത്തവര്‍ക്കുപോലും നാടകത്തിന്റെ ഔജ്ജല്യത്തെ നിഷേധിക്കാനൊക്കുകയില്ല.