close
Sayahna Sayahna
Search

ഡ്രീനാനദിയിലെ പാലം


ഡ്രീനാനദിയിലെ പാലം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

നോവലിസ്റ്റ് എന്ന നിലയില്‍ അസാധാരണമായ ഔന്നത്യമാര്‍ജ്ജിച്ച യൂഗോസ്ലാവ്യയിലെ ഈവോ ആന്‍ഡ്രീഷിനാണ് 1961-ല്‍ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചത്. അത് നല്‍കുന്ന വേളയില്‍ സ്വീഡിഷ് അക്കാദമിയുടെ സിക്രട്ടറി പറഞ്ഞു: ‘പ്രിയപ്പെട്ട സര്‍, അങ്ങയുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നു മനുഷ്യന്റെ ഭവിതവ്യതയെ ചിത്രീകരിക്കുന്നതില്‍ പ്രദര്‍ശിപ്പിക്കുന്ന ഐതിഹാസികശക്തിക്കാണ് അങ്ങയ്ക്കു നോബല്‍സമ്മാനം തരുന്നതെന്ന് അധികാരപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.’ സമ്മാനം സ്വീകരിച്ചുകൊണ്ട് ഈവോ ആന്‍ഡ്രീഷ് നിര്‍വഹിച്ച പ്രഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ‘കലാകാരന്റെ ജോലി സൃഷിക്കുക എന്നതാണ്, സംസാരിക്കുകയല്ല’ എന്ന ഗോയ്ഥേയുടെ നിയമം ആദരത്തോടെ ഞാന്‍ വായിച്ചു മനസ്സിലാക്കിയത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. ഏതൊരു മഹാന്റെ ചരമത്തിലാണോ ലോകമാകെ വിഷാദിച്ചത് ആ മഹാന്‍‌-അല്‍ബേര്‍ കമ്യൂ തന്നെ ഈ ചിന്ത ഉജ്ജ്വലമായമട്ടില്‍ ആവിഷ്കരിച്ചതു പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷം ദര്‍ശിച്ചു ഞാന്‍ വികാരപരവശനായി’. തുടര്‍ന്ന് കഥയെക്കുറിച്ചും കലാകാരനേക്കുറിച്ചും ഈവോ ആന്‍ഡ്രീഷ് അഭിപ്രായപ്രകടനം നടത്തി. നമ്മുടെ പ്രാചീനന്മാര്‍ കുടിലുകളിലെ അഗ്നികുണ്ഡങ്ങള്‍ക്കടുത്തിരുന്നു പറഞ്ഞ കഥകള്‍ തൊട്ട് ആധുനികകാലത്തെ കഥാകാരന്മാര്‍ പറയുന്ന കഥകള്‍വരെയാകട്ടെ പര്യവേക്ഷണം. ശതാബ്ദങ്ങള്‍ ശതാബ്ദങ്ങളായി ആയിരമായിരം ഭാഷകളില്‍ കഥകള്‍ ആവിര്‍ഭവിക്കുന്നു. അവയിലെല്ലാം മനുഷ്യന്റെ അവസ്ഥകളാണ് പ്രതിപാദ്യവിഷയങ്ങള്‍. കാലത്തേയും പരിതസ്ഥിതിയേയും അവലംബിച്ച് കഥ പറയുന്ന രീതി മാറിപ്പോകും. എങ്കിലും ആഖ്യാനത്തിനും പുവരാഖ്യാനത്തിനുമുള്ള കൗതുകത്തിനു മാറ്റമില്ല. ആഖ്യാനം അനന്തമായി ഒഴുകുന്നു. അത് ഒരിക്കലും വറ്റുന്നില്ല. മനുഷ്യനു ബോധമുള്ളവായ നാള്‍ മുതല്‍ ഒരേ കഥ തന്നെ പറയുന്നുവെന്നു കരുതാം. ഷെഹറെസാദെ കഥ പറഞ്ഞ് വധകര്‍ത്താവിനെ ഒഴിവാക്കി. അതുപോലെ നമ്മെ ഭീഷണിപ്പെടുത്തുന്ന വിധിയെ താല്‍ക്കാലികമായി ഒഴിവാക്കാന്‍ കഥ പ്രയോജനപ്പെടുന്നുണ്ടാകും.

അതോ മനുഷ്യനു സ്വയം അറിയാനും തന്നെ കണ്ടെത്തുവാനും കഥകള്‍ പ്രയോജകീഭവിക്കുന്നോ? ജീവിതത്താല്‍ തകര്‍ക്കപ്പെട്ട് ആവിഷ്കരണവൈഭവമില്ലാതെ കഴിയുന്ന അസംഖ്യം ആളുകളുടെ പ്രതിനിധിയായി കഥാകാരന്‍ പ്രത്യക്ഷനാകുന്നുണ്ടാകാം. അതോ ഭയമൊഴിവാക്കാനായി ഇരുട്ടിലിരുന്നു പാടുന്ന കുട്ടിയെപ്പോലെ കഥാകാരന്‍ സ്വന്തം കഥ തന്നോടുതന്നെ പറയുന്നുവോ? അതുമല്ലെങ്കില്‍ നാം പലപ്പോഴും വലിച്ചെറിയപ്പെടുന്ന ജീവിതത്തിന്റെ ഇരുണ്ട ഭാഗങ്ങളില്‍ പ്രകാശം പ്രസരിപ്പിക്കുകയാവാം കഥാകാരന്‍. അങ്ങനെ നല്ല കഥാകാരന്‍ പദങ്ങള്‍കൊണ്ട് നമ്മുടെ കര്‍മ്മങ്ങളില്‍, നമ്മുടെ ഉപേക്ഷകളില്‍ പ്രകാശം പൊഴിച്ചു നാം ഇന്നതു ചെയ്യണം ഇന്നതു ചെയ്യാന്‍ പാടില്ലായിരുന്നു എന്നു വ്യക്തമാക്കിത്തരുന്നു. അതിനാല്‍ മനുഷ്യന്റെ യഥാര്‍ത്ഥമായ ചരിത്രം ഈ കഥകളിലാണ് പ്രതിഫലിക്കുന്നത്. ആ ചരിത്രത്തിന്റെ അര്‍ത്ഥവും അതില്‍നിന്നു ഗ്രഹിക്കാം. കഥ വര്‍ത്തമാനകാലത്തിലുള്ളതാകട്ടെ, ഭൂതകാലത്തിലുള്ളതാകട്ടെ. എന്തായാലും മനുഷ്യന്റെ ചരിത്രം അതില്‍ ദര്‍ശിക്കാം. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള കഥ വര്‍ത്തമാനകാലത്തിന്റെ നിഷേധമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതു ശരിയല്ല. കഴിഞ്ഞകാലത്തും വര്‍ത്തമാനകാലത്തും മനുഷ്യന് ഒരേതരത്തിലുള്ള പ്രശ്നങ്ങളും വിഷയങ്ങളും മാത്രമേയുള്ളൂ. അറിയാതെയും ആഗ്രഹിക്കാതെയും ജനനം. ജീവിതസമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നതും നീന്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതും അജ്ഞാതവും അജ്ഞേയവും ആയ ശക്തികളാല്‍ സമാക്രമിക്കപ്പെടുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനുഷ്യനായിരിക്കുക എന്നത്. മനുഷ്യന്റെ ഈ അവസ്ഥയെയാണ് കഥാകാരന്‍ ചിത്രീകരിക്കുന്നത്. ആ കഥയ്ക്ക് അയാള്‍ തന്റെ പ്രാണന്റെ ശക്തി നല്‍കണം. ചോരയുടെ ചൂടു കൊടുക്കണം. അപ്പോള്‍ കഥ സജീവമാകും. അത് സൗന്ദര്യവും ലാളിത്യവും ആവഹിക്കും.

ഈവോ ആന്‍ഡ്രീഷ് ഉപന്യസിച്ച ഈ സാരസ്വത രഹസ്യത്തിനു യോജിച്ച രീതിയില്‍ത്തന്നെയാണ് അദ്ദേഹം തന്റെ ‘മാസ്റ്റര്‍ പീസായ’ ‘ഡ്രീനാ നദിയിലെ പാലം’ ‘Bridge on the Drina’ എന്ന നോവല്‍ രചിച്ചിട്ടുള്ളത്. 1945-ല്‍ ഇത് യൂഗോസ്ലാവായില്‍ പ്രസിദ്ധപ്പെടുത്തി. ആ നാട്ടിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ സമ്മാനം ആന്‍ഡ്രീഷിനു നല്‍കപ്പെട്ടു. നോവലിന്റെ കലാഭംഗി കണ്ട് അത്ഭുതപ്പെട്ട മറ്റൂ രാജ്യങ്ങളിലെ സഹൃദയര്‍ അത് സ്വന്തം ഭാഷയിലേക്കു തര്‍ജ്ജമ ചെയ്തു. ഈവോ ആന്‍ഡ്രീഷ് ഈ നോവലിന്റെ രചനയ്ക്കു മുന്‍പും സാഹിത്യസൃഷ്ടികള്‍ക്കു ജന്മമരുളിയിരുന്നു. എങ്കിലും ‘ഡ്രീനാ നദിയിലെ പാലം’ എന്ന നോവല്‍ എഴുതിയതിന്റെ പേരിലാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം കൊടുത്തത്. യൂറോപ്പിലെ രണ്ടു പ്രദേശങ്ങളാണ് ബോസ്നിയയും സര്‍ബീയായും. ഈ പ്രദേശങ്ങളുടെ അതിരെന്ന വിധത്തില്‍ ഡ്രീനാ നദി ഒഴുകുന്നു. ഇതിന്റെ മുകളില്‍ക്കൂടി, വിഷിഗ്രാഡ് എന്ന സ്ഥലത്ത് തുര്‍ക്കികള്‍ 16-ആം ശതാബ്ദത്തില്‍ ഒരു പാലം നിര്‍മ്മിച്ചു. ഈ പാലത്തിലും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലും ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലംവരെ അഭിനയിക്കപ്പെട്ട ജീവിത നാടകങ്ങളെ അസുലഭമായ കലാരമണീയകത്തോടെ ആലേഖനം ചെയ്യുകയാണ് ഈവോ ആന്‍ഡ്രീഷ്. മുന്നൂറ്റിയമ്പതു സംവത്സരങ്ങളിലെ വൈവിധ്യവും വൈജാത്യവുമാര്‍ന്ന ജീവിതങ്ങളാണ് ഇവിടെ നാം ദര്‍ശിക്കുക. അതിനാല്‍ ഈ ഗ്രന്ഥത്തെ ഇതിഹാസമെന്നോ പുരാവൃത്താഖ്യാനമെന്നോ വിളിക്കുന്നതാണ് യുക്തതരം. ഈവോ ആന്‍ഡ്രീഷ് തന്നെ ഇതിനെ ‘ക്രോണിക്കിള്‍’ എന്നു വിളിച്ചിട്ടുണ്ട്. ‘കഴിഞ്ഞകാലത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുനോക്കി; നിത്യതയുടെ സംവത്സരങ്ങളെ ഞാന്‍ ഓര്‍മ്മിച്ചുവെച്ചിരിക്കുകയും ചെയ്യുന്നു’ എന്നത് ഒരു പഴയ ചൊല്ലാണ്; പാലത്തിന്റേയും അതിനടുത്തുള്ള പ്രദേശങ്ങളുടേയും ചരിത്രമെഴുതുന്ന ആന്‍ഡ്രീഷ് പുരാവൃത്തങ്ങളെ ആഖ്യാനം ചെയ്യുന്നു. നിത്യതയുടെ അനുഭൂതി ഉളവാക്കുന്നു.

കീഴ്ക്കാംതൂക്കായ പര്‍വ്വതങ്ങളുടെ ഇടയിലുള്ള സങ്കുചിതങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഡ്രീനാ നദി ഒഴുകുന്നത്. അഗാധതയാര്‍ന്ന മലയിടുക്കുകളിലൂടെ അതു ഹരിതവര്‍ണ്ണം പ്രസരിപ്പിച്ചുകൊണ്ട് പ്രവഹിക്കുന്നു. വളരെ വിരളമായി നദീതീരം താഴ്വരകളായി വികസിക്കും. വിഷിഗ്രാഡില്‍ അങ്ങനെയൊരു താഴ്വരയുണ്ട്. അവിടെ അന്തരീക്ഷത്തെ സമ്മാര്‍ജ്ജനം ചെയ്യുന്നമട്ടിലുള്ള പതിനൊന്നു ആര്‍ച്ചുകളോടുകൂടി ഒരു കരിങ്കല്‍പ്പാലം നില്‍ക്കുന്നു. പടിഞ്ഞാറുള്ള ബോസ്നിയ കിഴക്കുള്ള സര്‍ബീയാ ഈ പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന രാജകീയ പ്രൗഢി കലര്‍ന്ന പാലമാണത്. 250 ‘പേസാ’ണ് അതിന്റെ നീളം. വീതി പത്തു പേസ് (ഒരു പേസ് മുപ്പതു ഇഞ്ചെന്ന് നിഘണ്ടുവില്‍). പാലത്തിന്റെ ഒത്ത നടുവില്‍ അപ്പുറത്തുമിപ്പുറത്തുമായി തട്ടായിത്തിരിച്ച സ്ഥലങ്ങളുണ്ട്. ഇതിനെ സെര്‍വോ-കൊറേഷ്യന്‍ ഭാഷയില്‍ കപ്പിയ എന്നു വിളിക്കുന്നു. ഈ പാലത്തിലും അതിന്റെ കപ്പിയകളിലുമാണ് വിഷിഗ്രാഡ് പട്ടണത്തിലെ ആളുകളുടെ ജീവിതം വികാസം കൊണ്ടത്. സംഭവങ്ങള്‍ വ്യക്തിപരമാവട്ടെ, കുടുംബപരമാകട്ടെ അല്ലെങ്കില്‍ ബഹുജനത്തെ സംബന്ധിക്കുന്നതാകട്ടെ എന്തായാലും അതിനോടുചേര്‍ത്ത് ‘പാലത്തില്‍വെച്ച്’ എന്നു പറയുന്നത് കേള്‍ക്കാം. ശൈശവത്തിലെ ആദ്യത്തെ കാൽവെയ്പ് ആ പാലത്തിലാണ്; ബാല്യകാലത്തിലെ ആദ്യത്തെ വിനോദവും അവിടെത്തന്നെ. കപ്പിയയിലും അതിനടുത്തുമാണ് പ്രേമത്തിന്റെ ആദ്യചലനങ്ങള്‍; ആദ്യത്തെ കടാക്ഷങ്ങളും ഭാവഹാവങ്ങളും മന്ത്രിക്കലുകളും വിലപേശലും ശണ്ഠകൂടലും വിട്ടുവീഴ്ച ചെയ്യലും അവിടെയാണ്. സന്ദര്‍ശനവും കാത്തുനില്‍പ്പും അവിടെ നടക്കും. ചെറിപ്പഴങ്ങളും തണ്ണിമത്തങ്ങകളും അവിടെ വില്പനയ്ക്കു വെച്ചിരിക്കും. യാചകരും കുഷ്ഠരോഗികളും അംഗഭംഗം വന്നവരും യുവാക്കന്മാരും ആരോഗ്യമുള്ളവരും അവിടെ വന്നുകൂടും. നഗരത്തിലെ പ്രായം കൂടിയവരും അധികാരികളും കപ്പിയയില്‍ വന്നിരുന്നാണ് ബഹുജനപ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. വിവാഹ ഘോഷയാത്രയാകട്ടെ, ശവസംസ്ക്കാരഘോഷയാത്രയാകട്ടെ, എന്തായാലും കപ്പിയയിലെത്തിയാല്‍ വിശ്രമത്തിനുവേണ്ടി കുറച്ചുനേരം നില്‍ക്കും. പാലത്തിന്റെ പ്രധാന ഭാഗമാണത്. പട്ടണത്തിന്റെ പ്രധാനഭാഗം പാലം.

എന്നാല്‍ പാലമില്ലാതിരുന്ന കാലത്തെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അന്ന് അവിടെ ഒരു കടത്തുവഞ്ചി മാത്രം. മഴക്കാലമല്ലെങ്കില്‍ വഞ്ചിക്കാരന്‍ ആളുകളെ അക്കരകടത്തും. മഴക്കാലമായി ഡ്രീന കോപിച്ചാല്‍ കടത്തുകാരന്‍ ജമാക്കിനെ കാണാനില്ല. അപ്പോള്‍ ആളുകള്‍ വിളിക്കും- ഓ ഓ ഓ ജമാ…ക്ക്. മറുപടിയില്ല. 1516- ല്‍ അവിടെയെത്തിയ പത്തുവയസ്സായ ഒരു ബാലന് ഒരാശയം. നഗരത്തിന്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളെ പാലംകൊണ്ടു യോജിപ്പിച്ചാലെന്ത്? അവന്‍ വളര്‍ന്ന് യുവാവായി. തുര്‍ക്കിസുല്‍ത്താന്റെ ഗ്രേറ്റ് അഡ്മിറലായി; അദ്ദേഹത്തിന്റെ മരുമകനായി. മുഹമ്മദ്പാഷ എന്ന പേരില്‍ അയാള്‍ വിഖ്യാതനായി. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച ഈ രാജ്യതന്ത്രജ്ഞനാണ് ഡ്രീനായിലെ പാലം കെട്ടാന്‍ ആജ്ഞാപിച്ചത്. ഓവര്‍സീയറായി ആബിദ്ഗാ അവിടെയെത്തി. മൂത്ത കല്ലാശാരിയായി എഫേണ്ടിയും. വനങ്ങളെല്ലാം വെട്ടിമുറിച്ചു. തടികള്‍ പാലം കെട്ടുന്ന സ്ഥലത്തേക്കു കൊണ്ടുവന്നു. നദിയുടെ രണ്ടു കരയിലും തടികള്‍കൊണ്ടുള്ള മഞ്ചകള്‍ കെട്ടി. അതു കണ്ടപ്പോള്‍ തടികൊണ്ടാണോ പാലം നിര്‍മ്മിക്കുന്നതെന്നു പലര്‍ക്കും സംശയം. പിന്നീട് കുഴിക്കാന്‍ തുടങ്ങി. നാട്ടുകാരൊക്കെ പ്രതിഫലം പറ്റാതെ പണിചെയ്യണമെന്നായിരുന്നു ആബിദ്ഗായുടെ ആജ്ഞ. ജോലിക്ക് വരാത്തവരെ അയാള്‍ കൊന്നുകളഞ്ഞു. ഈ ക്രൗര്യം റാഡിസാഫ് എന്ന തോഴിലാളിയുടെ ധര്‍മ്മരോഷമിളക്കിവിട്ടു. അയാള്‍ രാത്രിയില്‍ പതുങ്ങിച്ചെന്നു പാലത്തിനു കേടുവരുത്തി. ആബിദ്ഗായുടെ കല്പനയനുസരിച്ചു റാഡിസാഫ് ബന്ധനസ്ഥനാക്കപ്പെട്ടു. കനലില്‍ പഴുപ്പിച്ചെടുത്ത ഇരുമ്പുചങ്ങലയാണ് ആദ്യമായി അയാളുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ചത്. പിന്നീടു കപ്പിയയില്‍ കൊണ്ടുവന്നിട്ട് കൂര്‍ത്ത ഉപകരണംകൊണ്ട് കുത്തി രക്തം പ്രവഹിപ്പിച്ചു കൊന്നു. മൃതശരീരം നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കട്ടെയെന്നാണ് ആബിദ്ഗോ ആജ്ഞാപിച്ചത്.

പാലത്തിന്റെ നിര്‍മ്മിതിക്കുശേഷം ശതാബ്ദം ഒന്നു കഴിഞ്ഞു. ഡ്രീനാ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയാണ്.

രണ്ടു മണിക്കൂര്‍കൊണ്ടു ജലം നിരത്തുകളിലേക്ക് ഒഴുകി. തുര്‍ക്കികളും ക്രിസ്ത്യാനികളും വിരോധികളാണ്. എങ്കിലും അവരെല്ലാവരും ഒരുമിച്ചുകൂടി. കാപ്പി കുടിച്ചും മദ്യം കുടിച്ചും അവര്‍ ആഹ്ലാദത്തോടെ സമയം പോക്കി. ആരും മുന്‍പുള്ള വെള്ളപ്പൊക്കങ്ങളെക്കുറിച്ചു പറഞ്ഞില്ല. അപ്പോഴത്തെ ദൗര്‍ഭാഗ്യത്തെക്കുറിച്ചും ആരും ഒന്നും മിണ്ടിയില്ല. പൊതുവായ ആപത്തുവരുമ്പോള്‍ ശത്രുക്കളും മിത്രങ്ങളാകുമെന്നാണ് ആ സംഭവം തെളിയിച്ചത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളമിറങ്ങാന്‍ തുടങ്ങി. അന്തരീക്ഷം തെളിഞ്ഞു; സൂര്യന്‍ പ്രകാശിച്ചു, കപ്പിയയില്‍ വീണ്ടും ചെന്നുകൂടിയ ആളുകള്‍ ജലമൊഴുക്കിക്കൊണ്ടുപോയ വേദനകളെക്കുറിച്ചു സംസാരിച്ചതേയില്ല. ജീവിതം ദുര്‍ഗ്രഹമായ ഒരു മഹത്ഭുതമാണെന്ന് അവര്‍ക്കറിയാമായിരുന്നു. വ്യര്‍ത്ഥമാക്കപ്പെടുന്ന ജീവിതം; എങ്കിലും അതു ഡ്രീനാനദിയിലെ പാലം പോലെ സഹനശക്തിയോടെ നിലനിന്നു.

കാലം കഴിഞ്ഞു. സര്‍ബീയായില്‍ വിപ്ലവമുണ്ടായി. തുര്‍ക്കികളുടെ ആധിപത്യത്തിനെതിരായിട്ടാണ് ആ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൂടെക്കൂടെ ഉണ്ടാകുമായിരുന്നു ഈ സംഘട്ടനങ്ങള്‍. ഭൂമിക്കും അധികാരത്തിനും വേണ്ടിയുള്ള ഈ സമരങ്ങളില്‍ രണ്ടു വിഭാഗങ്ങളില്‍നിന്നും സ്ത്രീകള്‍ അപഹരിക്കപ്പെട്ടു. ഇക്കാലത്ത് പാലത്തില്‍ കപ്പിയ ഉള്ള സ്ഥലത്ത് ഭടന്മാര്‍ തടികൊണ്ട് ഒരു ഭവനമുണ്ടാക്കി. പാലത്തിന്റെ സൗന്ദര്യം അതോടെ നഷ്ടമായി. അങ്ങനെയിരിക്കെ സംഘട്ടനത്തിന് ഒരറുതിവന്ന സമയത്ത് ശ്രദ്ധയില്ലാതെ എറിഞ്ഞ ഒരു മെഴുകുതിരി ആ ഭവനത്തെ നശിപ്പിച്ചുകളഞ്ഞു. പാലത്തെ മാത്രമല്ല, ചുറ്റുമുള്ള മലകളെപ്പോലും ശോഭയില്‍ ആമജ്ജനം ചെയ്യിച്ച അഗ്നിയായിരുന്നു അത്. നേരം വെളുത്തപ്പോള്‍ ഭവനമാകെ കത്തിയെരിഞ്ഞു, പാലത്തിന്റെ സൗന്ദര്യ വീണ്ടുകിട്ടുകയും ചെയ്തു. ആളുകള്‍ വീണ്ടും കപ്പിയയില്‍ ചെന്നിരിക്കാന്‍ തുടങ്ങി. ഗ്രീഷ്മകാല രാത്രികളില്‍ യുവാക്കന്മാര്‍ അവിടെയിരുന്നു പാടി. തലമുറകള്‍ കഴിഞ്ഞപ്പോള്‍ കപ്പിയയില്‍ ഒരു ഭവനമുണ്ടായിരുന്ന കഥയും വിസ്മരിക്കപ്പെട്ടു. പാലത്തിന്റെ സാമീപ്യത്തില്‍ പുതിയ തലമുറകള്‍ നവീകരിക്കപ്പെട്ടു. പാലത്തില്‍ വെച്ചു നടന്ന ക്ഷണികസംഭവങ്ങളെ പൊടിപറപ്പിച്ചുകളയുന്നതുപോലെ പാലം തന്നെ ദൂരീകരിച്ചു കളഞ്ഞു. അത് പഴയപോലെ മാറാതെ ഒരിക്കലും അന്യര്‍ക്ക് മാറ്റാന്‍ കഴിയാതെ നിലകൊണ്ടു. 1878-ല്‍ ആസ്ട്രിയന്‍ ഭടന്മാര്‍ വിഷിഗ്രാഡില്‍ പ്രവേശിച്ചു. വിരോധികളായ തുര്‍ക്കികളും ക്രിസ്ത്യാനികളും ജൂതന്മാരും സുഹൃത്തുക്കളായി പാലത്തില്‍ കയറിനിന്ന് ആസ്ട്രിയന്‍ ആക്രമണത്തെ നേരിടാന്‍ സന്നദ്ധരായി. പക്ഷേ ഈ വേഴ്ചയും ഐക്യവും താല്കാലികം മാത്രം. സംഘട്ടനങ്ങളാണ് കൂടുതലും.

ഡ്രീനാനദിയിലെ പാലം രക്തച്ചൊരിച്ചിലിനു മാത്രമേ സാക്ഷ്യം വഹിക്കുന്നുള്ളോ? അപരാധം ചെയ്യാത്ത പലരും കപ്പിയയില്‍വെച്ച് നിഗ്രഹിക്കപ്പെട്ടിട്ടുണ്ട്. റാഡിസാഫിനെ കൂടാതെ ഒരു തീര്‍ത്ഥാടകനേയും ഒരു പാതിരിയേയും മില്ലില്‍ ജോലിയുള്ള ഒരു യുവാവിനേയും അവിടെവച്ച് വധിച്ചിട്ടുണ്ട്. എങ്കിലും വിമലീനികരണവും കപ്പിയില്‍വെച്ച് നടന്നതായി ആന്‍ഡ്രീഷ് ചൂണ്ടിക്കാണിക്കുന്നു. മിലാന്‍ എന്നൊരു ചൂതുകളിക്കാരന്‍ അത്ഭുതകരമായ ശക്തിയുള്ള ഒരന്യനോടുകൂടി പാലത്തില്‍വെച്ച് ചൂതുകളിയില്‍ ഏര്‍പ്പെട്ടു. തോല്‍ക്കുന്നവന്‍ നദിയില്‍ചാടി ആത്മഹത്യ ചെയ്യണമെന്നായിരുന്നു നേരത്തെയുള്ള നിശ്ചയം. കളിയില്‍ മിലാന്‍ തോറ്റൂ. പൊടുന്നനവേ എതിരാളി അപ്രത്യക്ഷനായി. ജീവിതത്തിന്റെ വില അതോടെ മനസ്സിലാക്കുകയാണ് മിലാന്‍. ഈ സന്ദര്‍ഭത്തിലുള്ള ഗ്രന്ഥകാരന്റെ വാക്കുകള്‍ കേള്‍ക്കുക: An orange-coloured moon swam on the horizon. A fresh breeze began to blow. The roar of waters in the depths became louder. Milan tentatively fingered the stone on which he was sitting, trying to collect himself, to remember where he was and what had happened; then he rose heavily as if someone else’s legs moved slowly homeward to Okoliste. (page 150)

മുഴുക്കുടിയനായ ഒരുത്തന്‍ മഞ്ഞുകട്ടികള്‍ നിറഞ്ഞ പാലത്തിലൂടെ നടക്കാന്‍ നിര്‍ബ്ബദ്ധനായി. അയാള്‍ ഏതോ ദൈവികസംഗീതം കേട്ട് നൃത്തം ചെയ്തു. അതോടെ ആ തിന്മയില്‍ നിന്ന് അയാള്‍ മോചനം നേടുകയാണ്. പാലത്തിന്റെ മാന്ത്രികശക്തിയാണ് ഇങ്ങനെയുള്ള സംഭവങ്ങളില്‍ നാം കാണുന്നത്.

ശതാബ്ദങ്ങള്‍ കഴിഞ്ഞു. മനുഷ്യന്റെ മഹനീയമായ കര്‍മ്മത്തിന്റെ ശാശ്വതപ്രതീകമായി പാലം സ്ഥിതി ചെയ്യുന്നു. ശാശ്വത യൗവ്വനമാണ് അതിന്. ലോകത്തിലെ ക്ഷണികവസ്തുക്കളുടെ സ്വഭാവം അതിനറിഞ്ഞുകൂടാ. പരിവര്‍ത്തനം ചെയ്യാനും പ്രായമാകാനും അതു കൂട്ടാക്കുന്നില്ല.

1908 ആയി. നൂതനങ്ങളായ ആശയങ്ങള്‍ പാലത്തില്‍ വെച്ചു രൂപംകൊണ്ടു. ‘പണിമുടക്ക്’ എന്ന വാക്ക് ആദ്യമായി അനുരണനം ചെയ്തു. “സോഷ്യലിസമെന്നാല്‍ എന്ത്?- എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം- ലോകതൊഴിലാളിസംഘടനയുടെ ലക്ഷ്യങ്ങളും മാര്‍ഗ്ഗങ്ങളും” ഇങ്ങനെ പലതും കപ്പിയയില്‍വെച്ചു കേള്‍ക്കപ്പെട്ടു. 1914 ഒന്നാം ലോകമഹായുദ്ധം. പാലത്തില്‍ വെടുയുണ്ടകള്‍ ചീറിപാഞ്ഞു. അതിനും ദുരന്തമോ? അതേ. ആലിഹോഡ്ജ് എന്ന മുസ്ലീം ശത്രുക്കളുടെ മാരാകായുധത്തിന് ഇരയായി. ഹോട്ടല്‍ നടത്തിയിരുന്ന ലോട്ടേ എന്ന പുരുഷസ്വഭാവമുള്ള സ്ത്രീക്ക് എല്ലാം നഷ്ടമായി. പാലത്തിനും കഷ്ടകാലം തന്നെ. ബാള്‍ക്കന്‍ യുദ്ധത്തിന്റെ ഫലമായി ബോസ്നിയായുടേയും സര്‍ബീയയുടേയും അതിരുമാറിയപ്പോള്‍ പാലത്തിന്റെ പ്രാധാന്യം കൂറഞ്ഞുപോയി. തീവണ്ടി വന്നപ്പോള്‍ പ്രാധാന്യം തീരെ ഇല്ലാതായി. അതിന്റെ പതിനൊന്ന് ആര്‍ച്ചുകളില്‍ ഒന്ന് യുദ്ധത്തില്‍ തകര്‍ന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടപോലെ നില്‍ക്കുകയാണ് അത്.

മരിക്കാന്‍ പോകുന്ന ആലിഹോഡ്ജയുടെ ‘ആത്മഗത’ത്തോടെ നോവല്‍ അവസാനിക്കുന്നു. “അവര്‍ ഇവിടെ നശിപ്പിക്കുന്നുണ്ടെങ്കില്‍ വേറെയെവിടെയോ മറ്റാരെങ്കിലും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും ശാന്തതയുള്ള രാജ്യങ്ങളുണ്ട്. ഈശ്വരന്റെ നന്മയറിയാവുന്ന നന്മയുള്ള മനുഷ്യരും ഉണ്ട്. ഡ്രീനായിലെ ഭാഗ്യംകെട്ട ഈ പട്ടണത്തെ ഈശ്വരന്‍ ഉപേക്ഷിച്ചെങ്കില്‍ അന്തരീക്ഷത്തിനു താഴെയുള്ള ലോകത്തെ മുഴുവന്‍ അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല…” മെജ്‌ദാനിലേയ്ക്കുള്ള ചരിവില്‍ ആലിഹോഡ്ജ് കിടന്നു. വീര്‍പ്പുമുട്ടി അയാള്‍ അന്ത്യശ്വാസം വലിച്ചു.

ഭൂതകാലത്തെ വിസ്മൃതിയില്‍നിന്നു മോചിപ്പിച്ചതിനുശേഷം അതിനു ജീവന്‍ നല്കി ആവിഷ്കരിക്കുമ്പോഴാണ് ഇതിഹാസം ജനിക്കുന്നത്. അ ആവിഷ്കാരം ശ്രോതാക്കള്‍ക്കു സഹതാപവും ഭയവും ആദ്യം ഉളവാക്കുന്നു. പിന്നീട് ‘കഥാര്‍സിസി’ ലൂടെ വിശ്രാന്തിയരുളുന്നു. സാധാരണന്മാരായ കവികള്‍ക്കുള്ള അഭിവീക്ഷണ പാടവംകൊണ്ട് ഇതിഹാസങ്ങള്‍ രചിക്കാന്‍ വയ്യ. അസാധാരണമായ അഭിവീക്ഷണസാമര്‍ത്ഥ്യം-വിഷന്‍- കവിക്കുണ്ടായേ മതിയാവൂ. വാല്മീകി, വ്യാസന്‍, ഹോമര്‍ ഇവര്‍ക്ക് ഈ പാടവം സിദ്ധിച്ചിരുന്നു. ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലില്‍ ഈ ‘ഐതിഹാസിക ശക്തി’ -Epic force- ദൃശ്യമാകുന്നു.

അതിനുശേഷം അതു പ്രത്യക്ഷമാക്കിയ ഒരേയൊരു നോവല്‍ ഈവോ ആന്‍ഡ് റീഷിന്റെ ‘Bridge on the Drina’ എന്നതു തെന്നെയാണ്. ഇതു വായിക്കുമ്പോള്‍ മൂന്നു ശതാബ്ദക്കാലത്തെ മനുഷ്യരുടെ ചരിത്രം നാം മനസ്സിലാക്കുന്നു. അവരുടെ വിധിയുടെ പ്രാധാന്യം നാം ഗ്രഹിക്കുന്നു. അവരുടെ ചരിത്രം ശരിയായി മനസ്സിലാക്കിക്കൊണ്ട് സമകാലിക സംഭവങ്ങളെ അതിന്റെ പ്രകാശത്തില്‍വെച്ച് വ്യാഖ്യാനിക്കുന്ന കലാകാരന്റെ വൈഭവം നമ്മള്‍ ദര്‍ശിക്കുന്നു. പച്ചനിറമാര്‍ന്ന് ഒഴുകുന്ന ഡ്രീനാനദിയില്‍ തരംഗപരമ്പരകളുണ്ട്. പേടിപ്പിക്കുന്ന ചുഴികളുമുണ്ട്. മുന്നൂറ്റിയമ്പതുവര്‍ഷത്തെ മനുഷ്യജീവിതത്തില്‍ അവയ്ക്കു സദൃശ്യങ്ങളായ നാടകീയ സംഭവങ്ങളുണ്ട്. ഡ്രീനാ വലിയ നദിയാതതുകൊണ്ട് അതിലെ വെള്ളം കയറാറില്ല. കരകളെ കവിഞ്ഞുകൊണ്ട് അത് അനന്തമായി പ്രവഹിക്കുന്നു. ഇതിവൃത്തത്തിന്റെ കൂലങ്ങളെ കവിഞ്ഞുകൊണ്ട് നോവലിലെ ആഖ്യാനം കല്ലോലിതമായി പ്രവഹിക്കുന്നു. ആന്‍ഡ്രീഷിന്റെ നോവല്‍ വായിക്കുന്നത് അസാധാരണമായ അനുഭവമാണ്, മഹനീയമായ അനുഭവമാണ്. കഥയെന്തുമാകട്ടെ മനുഷ്യനാണ് പ്രാധാന്യമെന്ന് ആന്‍ഡ്രീഷ് സൂചിപ്പിച്ചല്ലോ. ആ മനുഷ്യനെ, അവന്റെ ആഹ്ലാദങ്ങളോടും എല്ലാ ചലനങ്ങളോടും കൂടി നാം ഇവിടെ കാണുന്നു.

ഈ മനുഷ്യനോളമോ അതില്‍ കൂടുതലോ പ്രാധാന്യമുണ്ട് പാലത്തിന്. യൂഗോസ്ലാവിയായില്‍ പോകുന്നവര്‍ക്കു ഡ്രീനാനദിയിലെ പാലം ഇന്നും കാണാമെന്ന് നോവല്‍ ഇംഗ്ലീഷിലേയ്ക്കു തര്‍ജ്ജമ ചെയ്ത് എഡ്വേര്‍ഡ്സ് പറയുന്നു. പാലത്തിന്റെ കേടുപാടുകള്‍ തീര്‍ത്തിട്ടുണ്ട്; അതിനെ നവീകരിച്ചിട്ടുണ്ട്. എന്നാല്‍ വിഷിഗ്രാഡ് പട്ടണത്തിന് പ്രസ്താവ്യമായ മാറ്റമില്ലത്രേ. നോവലിലെ കഥാപാത്രങ്ങളെ സന്ദര്‍ശകനു റോഡില്‍വെച്ചു കാണാം. പാലം കെട്ടിയ കാലത്ത് ബോസ്നിയായിലെ കര്‍ഷകര്‍ എന്തെല്ലാം പ്രയാസങ്ങള്‍ അനുഭവിച്ചുവോ അവയെലാം ആസ്ട്രോ-ഹംഗേറിയന്‍ ആക്രമണകാലത്തും അനുഭവിക്കുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധം ഉണ്ടായപ്പോഴും അവന്‍ അതേ കഷ്ടപ്പാടുകള്‍ക്ക് അഭിമുഖീകരിച്ചു നിന്നു. ബോസ്നിയയിലെലെ കര്‍ഷകന്‍ ഒരു ശാശ്വത പ്രതീകം തന്നെ.

നോവലിന്റെ കേന്ദ്രപതിരൂപമായ പാലത്തിന്റെ അര്‍ത്ഥം വശദമാകാന്‍ പല നിരൂപകരുമ് യതിച്ചിട്ട്ണ്ടെന്ന് പണ്ട് “എന്‍കൗണ്ടര്‍” മാസികയില്‍ വായിച്ച ഓര്‍മ്മയുണ്ട്. പക്ഷേ, ഒരു നിരൂപണവും കിട്ടാനില്ല. ഇംഗ്ളീഷില്‍ ആരും ഈ നോവലിനെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു പക്ഷേ, യൂഗോസ്ലാവിയായിലെ നിരൂപകന്മാരെക്കുറിച്ചാവാം പരാമര്‍ശം. അതിനാല്‍ ഈ ലേഖകനു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ എഴുതാനാവുന്നുള്ളു.

മനുഷ്യന്റെ അസ്തിത്വത്തിനുമതീതമായി അല്ലെങ്കില്‍ അതിനും മുകളിലായി ഒരസ്തിത്വമുണ്ടെല്ലോ. അതിന്റെ പ്രതീകമാണ് പാലം. ആ അസ്തിത്വം മനുഷ്യരെ ഐക്യത്തിലേക്കു നയിക്കുന്നു. ഏതും സഹിച്ചു നില്ക്കുന്നു, ക്ഷമിക്കുന്നു. ആ അസ്തിത്വത്തിലേക്ക് ചെല്ലാനാണ് ആന്‍ഡ് റീഷിന്റെ ആഹ്വാനം. ഇരുപതു വര്‍ഷത്തിലൊരിക്കല്‍, അല്ലെങ്കില്‍ മുപ്പതു വര്‍ഷത്തിലൊരിക്കല്‍ വെള്ളപ്പൊക്കമുണ്ടാകും. ഒരു പ്രളയം കഴിഞ്ഞാല്‍ ജനങ്ങളുടെ ജോലി പാലത്തിന്റെ കേടുപാടുകള്‍ മാറ്റുകയാണ്. അപ്പോഴുള്ള ഐക്യം പ്രളയകാലത്തുമുണ്ട്. വിഷിഗ്രാഡില്‍ ജൂതന്മാരും തുര്‍ക്കികളുമുണ്ട്.അവര്‍ തമ്മില്‍ത്തമ്മില്‍ വിരോധം പുലര്‍ത്തുന്നവരാണ് പക്ഷേ, ആറ്റുപെരുക്കമുണ്ടായപ്പോള്‍ എല്ലാവരും ഒരു മുസ്ലീം നേതാവിന്റെ വീട്ടിലാണ് കഴിഞ്ഞുകൂടിയത്. ആസ്ട്രിയന്‍ സൈന്യം ആക്രമണത്തിനെത്തിയപ്പോള്‍ അവര്‍ ജാതിമതവിശ്വാസങ്ങളിലുള്ള വ്യത്യാസങ്ങള്‍ മറന്ന് പാലത്തില്‍ കയറി നിന്നതായി മുന്‍പ് പറഞ്ഞല്ലോ. ശത്രുവിനെ ഓടിച്ചുകഴിഞ്ഞാല്‍ അവര്‍ വീണ്ടും ശത്രുക്കളായി പെരുമാറും. അവര്‍ ഒരുമിച്ചുകൂടുന്ന സന്ദര്‍ഭമുണ്ടല്ലോ; അതാണ് അതീതമായ അസ്തിത്വം. പാലം അതിന്റെ പ്രതീകമാണ്. ആ അസ്തിത്വത്തിനുവേണ്ടിയാണ് ആന്‍ഡ്രീഷ് വാദിക്കുന്നത്. മനുഷ്യന്റെ സര്‍ഗ്ഗശക്തിയുടേയും പ്രതീകമാണ് പാലം. മരിക്കാന്‍ കിടക്കുന്ന മുസ്ലീം ആലിഹോഡ്ജ പാലത്തിലേക്കാണ് അവസാനമായി നോക്കുന്നത്. പീരങ്കിപ്പട്ടാളത്തിന്റെ കുത്സിതത്വം കൊണ്ട് അതിന്റെ ഒരാര്‍ച്ച് നശിപ്പിക്കപ്പെട്ടു. പക്ഷേ, മനുഷ്യന്റെ ധീരവും മഹനീയവുമായ ആത്മാവ് ഈശ്വരപ്രേമത്തെ ലക്ഷ്യമാക്കി ഉത്കൃഷ്ടങ്ങളായ ശില്പങ്ങള്‍ നിര്‍മ്മിക്കുമെന്ന് ആലിഹോഡ്ജ കരുതുന്നു. അപ്പോള്‍ ലോകം കൂടുതല്‍ സുന്ദരമാകും; ക്ഷേമപൂര്‍ണ്ണമാകും. അതോ അതില്ലാതാകുമോ? ഒരിക്കലുമില്ല എന്നാണ് അയാളുടെ സങ്കല്പം. ഈവോ ആന്‍ഡ്രീഷിന്റെ വിചാരവും അതുതന്നെയാണ്. ഒരാര്‍ച്ച് യുദ്ധത്തിന്റെ ഫലമായി ഇല്ലാതെയായി. ശേഷമുള്ള പത്താര്‍ച്ചുകളുടേയും നാശം മനുഷ്യര്‍ക്കു കാണേണ്ടതായി വരില്ലെന്ന് അദ്ദേഹം കരുതുന്നു. വിഷിഗ്രാഡില്‍നിന്ന് സാറായവോയിലേക്കു (Sarajevo- യൂഗോസ്ലാവിയോവിലെ ഒരു പട്ടണം) തീവണ്ടി നടപ്പിലാക്കിയപ്പോള്‍ ഡ്രീനായിലെ പാലത്തിന്റെ പ്രാധാന്യം വളരെ കുറഞ്ഞുപോയി.

1892-ല്‍ യൂഗോസ്ലാവിയായിലെ ട്രാവ്നിക് നഗരത്തിനടുത്തുള്ള ഡൊളാക്കിലാണ് ഈവോ ആന്‍ഡ്റീഷ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആസ്ട്രിയന്‍ ഗവണ്‍മെന്റിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹം ഏകാന്തത ജനിപ്പിച്ച ദുഃഖം അനുഭവിച്ചിരിക്കണം.കീര്‍ക്കേഗോറിന്റെ ഗ്രന്ഥങ്ങളാണ് അക്കാലത്ത് അദേഹം വായിച്ചത്, ജീവിതത്തിന്റെ ശൂന്യതയേയും അതു ജനിപ്പിക്കുന്ന ത്രാസത്തേയും സ്ഫുടീകരിക്കുന്ന ആ ഡാനിഷ് തത്വചിന്തകന്റെ ഗ്രന്ഥങ്ങള്‍ ആന്‍ഡ്റീഷിനെ സ്വാധിച്ചിട്ടുണ്ട്. നോവലില്‍ അതിനുള്ള തെളിവുകള്‍ ഇല്ലാതില്ല. അത്ഥരഹിതവും ഭയജനകവുമായ മരണത്തെ അദ്ദേഹം പലയിടങ്ങളിലും വര്‍ണ്ണിക്കുന്നുണ്ട്. പാലം നിര്‍മ്മിച്ച മുഹമ്മദ് പാഷയെ ഒരു കാരണവും കൂടാതെ ഒരു മതഭ്രാന്തന്‍ കുത്തിക്കൊന്നു. ഫാത എന്നൊരു അന്ത്യന്തസുന്ദരി പാലത്തില്‍നിന്നു നദിയിലേക്കു ചാടി ആത്മഹത്യചെയ്തു. ദേശാഭിമാനോജ്ജ്വലനായ റാഡിസാഫിനെ കൂടാതെ എത്രയോ നിരപരാധര്‍ പാലത്തിലെ കപ്പിയയില്‍വെച്ച് വധിക്കപ്പെട്ടു. റാഡിസാഫിനെ അറസ്റ്റു ചെയ്ത ഒരുവന്‍ മതിയായ കാരണമൊന്നുമില്ലാതെ ഭ്രാന്തനായി മാഠി. നന്മയ്ക്കും തിന്മയ്ക്കും സവിശേഷമായ സാധുതയോ മൂല്യമോ ഇല്ല. ജീവിതം ശൂന്യമാണ്. മരണം അപരാധം ചെയ്തവനേയും അപരാധം ചെയ്യാത്തവനേയും ഒരേ രീതിയില്‍ പിടികൂടും എന്നിങ്ങനെയുള്ള കീര്‍ക്കേഗോറിന്റെ തത്വങ്ങളാണ് ഈ നോവലില്‍ കാണുക. എന്നാല്‍ ആന്‍ഡ്റീഷ് എക്സിസെന്‍ഷ്യലിസ്റ്റ് അല്ലതാനും. സഹാനുഭൂതിയുള്ള ഈ കലാകാരന്‍ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. അതേസമയം ഇവിടെയുള്ള രൗദ്രതയും അക്രമവും ദര്‍ശിക്കുന്നു.

നോവലിലെ ഒരു കഥാപാത്രം പ്രഖ്യാപിക്കുന്നു: ‘നമ്മളെല്ലാം ഒരു പ്രാവശ്യമേ മരിക്കുന്നുള്ളു. മഹാന്മാര്‍ രണ്ട് തവണ മരിക്കുന്നു. ഈ ലോകം വിട്ടുപോകുമ്പോള്‍ ആദ്യത്തെ മരണം. ‘ഈവോ ആന്‍ഡ്രീഷ് മഹാനായ കലാകാരനാണ്. അദ്ദേഹത്തിന് രണ്ട് മരണമില്ല. കാരണം ഈ നോവല്‍ ഒരിക്കലും സാഹിത്യത്തിന്റെ മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയില്ല എന്നത്രെ.