close
Sayahna Sayahna
Search

Difference between revisions of "തടാകതീരത്ത്: ഇരുപത്തിയഞ്ച്"


(Created page with "{{EHK/Thadakatheerath}} {{EHK/ThadakatheerathBox}} കിടക്കുമ്പോൾ രമേശൻ ഓർത്തു. താൻ നോട്ടീസു കൊടു...")
(No difference)

Revision as of 14:25, 17 May 2014



തടാകതീരത്ത്: ഇരുപത്തിയഞ്ച്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

കിടക്കുമ്പോൾ രമേശൻ ഓർത്തു. താൻ നോട്ടീസു കൊടുത്തു. ശരിതന്നെ. തനിക്ക് വേണമെങ്കിൽ ഇതിനേക്കാൾ നല്ല സ്ഥലം വാടകയ്ക്ക് എടുക്കാനും പറ്റും. പക്ഷേ...? പക്ഷെ എന്ന വാക്ക് ഒരു ചോദ്യമായി അയാളെ ശല്യപ്പെടുത്തി. ഈ മുറിയിൽനിന്ന് പോകുക എന്നത് അത്ര എളുപ്പമാണോ? പോയാലും മായയെ കാണുമായിരിക്കും. മായ പുതിയ മുറിയിലേയ്ക്ക് എത്തിയെന്നും വരാം. പക്ഷേ ആനന്ദമയീദേവി? അവരെ ഒരിക്കലും കാണാൻ പറ്റില്ല. വീടു വിട്ടു പുറത്തു പോകാത്ത സ്ത്രീയാണ്. രമേശൻ താമസിക്കാൻ തുടങ്ങിയ ശേഷം ഒരിക്കൽ മാത്രമാണ് അവർ വീടു വിട്ടു പോകുന്നതു കണ്ടത്. അതും ശ്വശുരഗൃഹത്തിലേയ്ക്ക്. അങ്ങിനെയുള്ള ഒരു സ്ത്രീ തന്നെ അന്വേഷിച്ച് വരുമെന്ന് തോന്നുന്നില്ല. അഥവാ വന്നാൽത്തന്നെ അതൊരു വലിയ അപവാദമായിത്തീരുകയും ചെയ്യും.

നിരഞ്ജൻ ബാബുവിനെ തിരിച്ചു വിളിച്ച ആ നിമിഷം അയാൾ ശപിച്ചു. വേണ്ടിയിരുന്നില്ല. പക്ഷേ ആ മനുഷ്യനോടുള്ള വെറുപ്പ് മനസ്സിൽ കിടന്ന് കളിക്കുകയായിരുന്നു. ആ വെറുപ്പാണ് തന്നെക്കൊണ്ട് അതു പറയിപ്പിച്ചത്. എന്തിനാണ് ആ മനുഷ്യനോട് ഇത്രയ്ക്കു വെറുപ്പ്. അയാൾ തന്നെ ഒരു വിധത്തിലും ഉപദ്രവിച്ചിട്ടില്ല. ഒരു പരുക്കൻ മനുഷ്യനാണെന്നു മാത്രം. സത്യസന്ധനാണെന്ന് മായതന്നെ പറയുന്നു. അയാൾ കുട്ടികളോട് സ്‌നേഹത്തിൽ പെരുമാറിയില്ലെങ്കിൽ അതയാളുടെ പരുക്കൻ സ്വഭാവത്തിന്റെ സവിശേഷതയായിരിക്കണം. മായതന്നെ പറയുകയുണ്ടായി അവർ മാമയെ തീരെ അവഗണിക്കുകയായിരുന്നുവെന്ന്. എത്രകാലം ഒരാൾ അവഗണന സഹിക്കും? അയാളുടെ ഉള്ളിൽ സ്‌നേഹമുണ്ടെന്നുതന്നെയാണ് രമേശന് തോന്നിയിട്ടുള്ളത്. പിന്നെ ആ മനുഷ്യൻ ചെയ്ത തെറ്റ്? നിരാലംബയായ ഒരു സ്ത്രീയെ സ്‌നേഹിച്ചുവെന്നതോ? ഇത്രയും കാലമായിട്ടും അതിന് കുറവു വന്നിട്ടില്ലാ എന്നതുതന്നെ അയാളുടെ സ്‌നേഹത്തിന്റെ ആത്മാർത്ഥതയും ആഴവും കാണിക്കുന്നു.

പെട്ടെന്ന് നിയന്ത്രണമില്ലാതിരുന്ന ഒരു നിമിഷത്തിൽ പറഞ്ഞുപോയ വാക്കുകളെക്കുറിച്ച് രമേശൻ മനസ്താപപ്പെട്ടു. വാക്കുകൾ തൊടുത്തുവിട്ട അസ്ത്രങ്ങളെപ്പോലെയാണെന്ന് ഖലീൽ ജിബ്രാൻ പറഞ്ഞത് രമേശൻ ഓർത്തു. അവ തിരിച്ചെടുക്കാൻ പറ്റില്ല. ലക്ഷ്യത്തെ തകർത്ത് അതിന്റെ കർത്തവ്യം നിർവ്വഹിക്കുന്നു. നിരഞ്ജൻ ബാബുവിന്റെ മനസ്സ് മുറിവേറ്റുവെന്ന് അയാളുടെ മുഖഭാവത്തിൽനിന്ന് മനസ്സിലായിരുന്നു. രമേശനെപ്പോലെ ശല്യം ചെയ്യാത്ത ഒരു വാടകക്കാരനെ ഒഴിവാക്കാൻ അയാൾ ഇഷ്ടപ്പെടില്ല. പക്ഷെ ഒന്നിനു വേണ്ടിയും വിലപേശുന്ന പ്രകൃതക്കാരനല്ലാത്തതുകൊണ്ട് അദ്ദേഹം ഇനി തന്നോട് സംസാരിക്കുകയുണ്ടാവില്ല. ഒരു പക്ഷെ ആനന്ദമയീദേവി ഒരു ദിവസം നിരഞ്ജൻ ബാബുവിനോട് ഇനിതൊട്ട് വരേണ്ടെന്നു പറഞ്ഞാൽ പിന്നെ അവർ ജീവിതത്തിലൊരിക്കലും അദ്ദേഹത്തെ കണ്ടെന്നു വരില്ല. ആ മനുഷ്യനോടാണ് ഒരു നിമിഷം സ്വയം മറന്ന് പറഞ്ഞത്, പോകുകയാണെന്ന്. തന്റെ അച്ഛനാവാനുള്ള പ്രായമുള്ള മനുഷ്യനാണ്. ഗുണദോഷിക്കുകയെന്നേ കരുതേണ്ടിയിരുന്നുള്ളൂ. താൻ എന്താണ് വരുത്തിവച്ചത്?

രമേശൻ ദുഃഖിതനായി. ഒരുപക്ഷേ എല്ലാം നല്ലതിനായിരിക്കാം. ഏതായാലും തനിക്ക് ഒരു ദിവസം ഇവിടെനിന്ന് പോകേണ്ടിവരും. കമ്പനി വാടക തരുന്നതുകൊണ്ട് കുറേക്കൂടി നല്ല ഒരു ഫ്‌ളാറ്റിലേയ്ക്കുതന്നെ മാറാം. കമ്പനിയും അതു പ്രതീക്ഷിക്കും. ഓഫീസർമാർ നല്ല നിലയിൽ ജീവിക്കാനാണ് അവർ കനത്ത ശമ്പളവും മറ്റു ബത്തകളും തരുന്നത്. ശരിയാണ്, പക്ഷെ മാറുമ്പോൾ നല്ല വാക്കു പറഞ്ഞ് മാറാമായിരുന്നു.

രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. എഴുന്നേൽക്കാൻ വൈകി. രമേശൻ ധൃതിയിൽ കുളിച്ച് പുറപ്പെട്ടു. ഓഫിസിൽ ധാരാളം ജോലിയുണ്ട്. അമർ ബാബു പോകുമ്പോഴേയ്ക്ക് എല്ലാം ഏറ്റുവാങ്ങണം. ഒരു സംശയവും ബാക്കിവയ്ക്കരുത്.

‘നിന്റെ മുഖത്ത് ഒരു പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷമൊന്നും കാണാനില്ലല്ലോ.’

അമർബാബു ചിരിക്കുകയാണ്. രമേശന് അദ്ഭുതമായി. അമർബാബുവിനെ സംബന്ധിച്ചേടത്തോളം ഒരു വലിയ പറിച്ചുനടലാണ് നടക്കാൻ പോകുന്നത്. അയാൾ നാലു ദിവസത്തിനുള്ളിൽ കൽക്കത്ത വിട്ട് പരിചയമില്ലാത്ത ഒരു നഗരത്തിലേയ്ക്ക് ഉദ്യോഗവും താമസവും മാറ്റുകയാണ്. ഇവിടെ തീർച്ചയായും അയാളുടെ വേരുകൾ ഉണ്ട്. അയാളുടെ പ്രേമഭാജനങ്ങളായ പയ്യന്മാരെ ഉപേക്ഷിച്ചാണ് പോകുന്നത്. ഒരു പാട് സ്‌നേഹബന്ധങ്ങൾ. പുതിയ നഗരത്തിൽ ഉദ്യോഗത്തിന്റെയും താമസത്തിന്റെയും അനിശ്ചിതത്വമുണ്ട്. അതൊന്നും പുറത്തു കാണിക്കാതെ അയാൾ തമാശ പറയുന്നു! താനാകട്ടെ ഒരു പ്രേമബന്ധത്തിന്റെ കാര്യത്തിൽ മാത്രം ഇത്രയധികം വേവലാതിപ്പെടുന്നു.

രമേശൻ ചിരിച്ചു.

‘എന്താ പുതിയ ജോലി നിനക്ക് ടെൻഷനുണ്ടാക്കുന്നുണ്ടോ?’

‘ഇല്ല, ഞാനെന്റെ താമസസ്ഥലത്തെപ്പറ്റി ആലോചിക്കുകയാണ്. ഇപ്പോഴത്തെ സ്ഥലത്ത് നോട്ടീസ് കൊടുത്തു.’

‘അതു സാരല്ല്യ. നിനക്കെന്റെ ഫ്‌ളാറ്റിൽ താമസിക്കാമല്ലൊ. ഏതായാലും ഞാൻ ഒന്നാംതിയ്യതിവരെയുള്ള വാടക കൊടുത്തിട്ടുണ്ട്. ഈ മുപ്പത്തൊന്നാം തിയ്യതി ഒഴിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. മദ്രാസിൽ പോയി ഒരു വീടെടുക്കുന്നതുവരെ എന്റെ വീട്ടുസാധനങ്ങൾ ഇവിടെത്തന്നെ വെയ്ക്കണം. നിനക്ക് അവിടെ പോയി താമസിക്കാം. ഇഷ്ടപ്പെട്ടാൽ ഞാൻ വീട്ടുടമസ്ഥനോട് പറയാം. നല്ല ഫ്‌ളാറ്റാണ്. ‘രമേശന്റെ മുഖത്തുള്ള സംശയം കണ്ടപ്പോൾ അയാൾ തുടർന്നു. ‘ഞാൻ പോണതിന് മുമ്പ് ആലോചിച്ച് പറഞ്ഞാമതി.’

ഓഫീസിൽനിന്ന് ഇറങ്ങുമ്പോൾ ആറരമണിയായിരുന്നു. ഇന്ന് വർക്ക്‌ഷോപ്പിൽ ചെല്ലുന്നില്ലെന്ന് ഗോസ്വാമിയെ വിളിച്ചു പറഞ്ഞിരുന്നു. അയാൾ ദൽഹൗസി സ്‌ക്വയറിൽനിന്നുതന്നെ ട്രാം പിടിച്ചു. ലേയ്ക്ക് മാർക്കറ്റിൽ ട്രാം ഇറങ്ങി സ്വാമിയുടെ ഹോട്ടലിലേയ്ക്ക് നടന്നു. നല്ലൊരു കാപ്പി കുടിക്കണമെന്നു കരുതിയാണ് കയറിയത്. അവിടെ ഊണു തുടങ്ങിയിരുന്നു. ഏതായാലും ഇനി ഊണുകഴിച്ചിട്ടു പോകാം. രാത്രി അതിനായി പുറത്തിറങ്ങണ്ടല്ലൊ.