close
Sayahna Sayahna
Search

Difference between revisions of "തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം"


(Created page with "{{EHK/DooreOruNagarathil}} {{EHK/DooreOruNagarathilBox}} അവൾ പരുങ്ങുകയാണ്. നിരത്തു മുറിച്ചുകടക്കുമ്...")
 
(No difference)

Latest revision as of 16:45, 20 May 2014

തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

അവൾ പരുങ്ങുകയാണ്. നിരത്തു മുറിച്ചുകടക്കുമ്പോഴേ അയാൾ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ ബസ്സിറങ്ങി നിരത്തിന്റെ ഓരത്തുകൂടി കുറച്ചുദൂരം സംശയിച്ചുനടന്നു. പരിചയക്കുറവ്, ഒരു ലക്ഷ്യമില്ലായ്മ, അതിനെ വിദഗ്ദമായി മറച്ചുവെക്കാനുള്ള വെമ്പൽ, ഇതെല്ലാം അവളുടെ നടത്തത്തിലുണ്ട്. ഒരു കാലിഡോസ്‌േകാപ്പിൽ പുഴു അരിക്കുന്ന പോലെ അവൾ വ്യത്യസ്തയായിരുന്നു. ചുറ്റുമുള്ള ജനങ്ങളെല്ലാം പെട്ടെന്ന് ഉറച്ചുപോയി. അവൾ മാത്രം നടക്കുകയാണ്. വല്ല ഗ്രാമത്തിൽ നിന്നും വന്നതായിരിക്കാം. വിശന്നു കഴിയുന്ന മഹാനഗരത്തിന്റെ ദംഷ്ട്രയിൽ ചെന്നുപെടാൻ ഒരു പുതിയ ഇര. ഇരുനിറത്തിൽ മാംസളമായ ദേഹം. ഇറക്കമില്ലാതെ ഉടുത്തിരിക്കുന്ന വില കുറഞ്ഞ സാരി, അല്പം നരച്ചു തുടങ്ങിയ ബ്ലൗസ്. ഒരുപക്ഷെ അവളുടെ ഏറ്റവും നല്ല സാരിയും ബ്ലൗസുമായിരിക്കുമത്. നഗരത്തിലേയ്ക്കു വല്ലപ്പോഴും വരുമ്പോൾ ഉടുക്കാൻ കരുതിവച്ചതായിരിക്കണം.

അവൾ എന്തിനായിരിക്കും ഇവിടെ വന്നത്? നഗരത്തിൽ ജോലിയെടുക്കുന്ന ബന്ധുവിനെ കാണാൻ? പെട്ടെന്നു വന്നുചേർന്ന ദൗർഭാഗ്യത്തിൽ സഹായം തേടാൻ? അപകടത്തിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്ന ഭർത്താവിനെ കാണാൻ? എന്തെങ്കിലുമാകട്ടെ താനെന്തിനു വിഷമിക്കണം? തനിക്ക് മഹാത്മാഗാന്ധി റോഡിലേയ്ക്കുള്ള വഴിയിലേയ്ക്ക് തിരിഞ്ഞ് നടക്കാം. ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള ഏതെങ്കിലും ബസ്സിൽ കയറി സ്ഥലം വിടാം. അവിടെ തന്നെ കാത്തുകിടക്കുന്ന ഓഫീസുണ്ട്, ജോലിയുണ്ട്. പക്ഷെ അയാൾ വലത്തോട്ടു തിരിയാതെ നേരിട്ടു നടന്നു, കാരണം മുമ്പിൽ നടക്കുന്ന പെണ്ണ് വലത്തോട്ടു തിരിയാൻ ഒരു നിമിഷം ഓങ്ങിയശേഷം തിരിയാതെ നേരിട്ടു നടക്കുകയാണുണ്ടായത്. അവളുടെ ചേഷ്ടകൾ, തീരുമാനമെടുക്കാനുണ്ടായ സെക്കന്റുകളുടെ കാലതാമസം, തിരക്കിട്ടു നടക്കുന്ന മറ്റാരും കണ്ടിരിക്കാനിടയില്ല. കാലിഡോസ്‌ക്കോപ്പിൽ ഒരു നിമിഷനേരത്തേയ്ക്ക് മറ്റു കരുക്കൾ ചലിച്ചുകൊണ്ടിരിക്കയും അവൾ മാത്രം നിശ്ചലയാവുകയും ചെയ്തു. പിന്നെ ചലിക്കാൻ തുടങ്ങിയ അവളുടെ പിന്നിലായി അയാൾ നടന്നു. ദിനേശന് പോകേണ്ടത് മഹാത്മാഗാന്ധി റോഡിലുള്ള ബസ്‌സ്റ്റോപ്പിലേയ്ക്കാണ്. ബസ്സു പിടിച്ച് പത്തുമണിക്കുള്ളിൽ ഓഫീസിലെത്താം. പക്ഷെ ഇവിടെ ഒരു പെണ്ണ് ഒറ്റയ്ക്ക് പരിചയമില്ലാത്ത മഹാനഗരത്തിൽ... അവൾക്ക് എന്തും സംഭവിക്കാം. ദിവസവും കേൾക്കുന്ന കഥകൾ വളരെ വൃത്തികെട്ടതാണ്. സ്ത്രീപീഡനം, പെൺവാണിഭം. ഒരു ചുവടു പിഴച്ചാൽ മതി, അവൾ ചെന്നെത്തുക ഏതെങ്കിലും ചുവന്ന തെരുവിലായിരിക്കും. മാംസത്തിന്റെ തിരിച്ചുവരവില്ലാത്ത തടവറയിൽ. ഉഷ്ണരോഗങ്ങളുടെ, ആസിഡ് ബൾബുകളുടെ, പിഴക്കാത്ത കത്തിമുനകളുടെ, ആഭാസമായ രതിവൈകൃതത്തിന്റെ അവസാനിക്കാത്ത രാത്രികളിൽ.

അയാൾ തിരിഞ്ഞ് അവളുടെ പിന്നിലായി നടന്നു. നടത്തത്തിൽ അവളുടെ പിൻഭാഗം ഉലയുന്നുണ്ടായിരുന്നു. അതുനോക്കി നടക്കുമ്പോൾ അയാൾ വീണ്ടും ഓർത്തു. ഇങ്ങിനെ ഒരു പെണ്ണിനെയാണ് അവർക്കു വേണ്ടത്. പുറം കാഴ്ചയിൽത്തന്നെ ഹരം പിടിപ്പിക്കുന്ന പെണ്ണ്. അതയാളെ കൂടുതൽ ഭയപ്പെടുത്തി. കഴുകന്മാർ ചുറ്റും പറക്കുന്നുണ്ടാവും. ഏതാനും മിനുറ്റുകൾ മതി, അവർ അവളെ കണ്ടെത്താൻ, അവളുടെ നിസ്സഹായത മനസ്സിലാക്കാൻ, അവളെ റാഞ്ചിക്കൊണ്ടുപോകാൻ. ആദ്യം നല്ല വാക്കുകൾ പറഞ്ഞ്, സഹായിക്കാമെന്ന വാഗ്ദാനം കൊടുത്ത്, പിന്നെ ഒരിക്കൽ വലയിലായാൽ പരുഷമായി ഭീഷണിപ്പെടുത്തി... പിന്നീട് വിലപേശലുകളുടേയും കൈമാറ്റങ്ങളുടേയും പരമ്പരകളാണ്. ഒരു സാധുജീവിയെ ഉപയോഗിച്ച് അവർ ആയിരങ്ങളും പതിനായിരങ്ങളും ഉണ്ടാക്കുന്നു. ഒടുവിൽ ബോംബെയിലോ മദിരാശിയിലോ ഉള്ള വേശ്യാലയത്തിൽ അവൾ ഒടുങ്ങുന്നു.

അവൾ അടുത്ത കവലയിൽ വലത്തോട്ട് തിരിഞ്ഞു. എം.ജി. റോഡിലേയ്ക്കു നയിക്കുന്ന മറ്റൊരു തിരിവാണത്.

ബസ്സ് സ്റ്റോപ്പ് എത്തിയപ്പോഴേയ്ക്കും രേണുകയുടെ ആത്മവിശ്വാസം പകുതിയും നഷ്ടപ്പെട്ടിരുന്നു. ഇങ്ങിനെയൊന്നുമല്ല അയൽവക്കത്തെ ജൂലിച്ചേച്ചി പറഞ്ഞിരുന്നത്. നമ്മള് ചിറ്റൂർ റോഡീന്ന് എം.ജി.റോഡുവരെ നടന്നാ മതി. ചുരുങ്ങീത് നാലഞ്ച് പേരെങ്കിലും വരുന്നോന്ന് ചോദിക്കും. ആളും തരോം ഒക്കെ നോക്കണം. നാലു കാശില്ലാത്ത പൊക്കണക്കേടുകളും നമ്മളെ വിളിക്കും. അവറ്റീന്റെ ഒപ്പം പോയാ ആ ദിവസം ഗൊണം പിടിക്കൂല. രേണുക എല്ലാം കേട്ടിരുന്നു. ജൂലിച്ചേി ഒരിക്കലും നുണ പറഞ്ഞിരുന്നില്ല. അവർക്കു വേണമെങ്കിൽ ഈ കാര്യം തന്നിൽനിന്ന് മറച്ചു വെക്കാമായിരുന്നു. താൻ ഇതൊന്നും അറിയാൻ പോകുന്നില്ല. വല്ലപ്പോഴും നഗരത്തിലേയ്ക്ക് ഭർത്താവിന്റെ ഒപ്പം വരുന്ന താൻ ജൂലിച്ചേച്ചി വഴിവക്കിൽ ആളുകളെ കാത്തുനിൽക്കുന്നതൊന്നും കാണാൻ പോകുന്നില്ല. അവരെ സംബന്ധിച്ചേടത്തോളം അതൊരു പ്രതിഷേധമായിരുന്നു. രാത്രി കുടിച്ചുവന്ന് തല്ലുന്ന ഭർത്താവിനോടുള്ള മൗനപ്രതിഷേധം. കിട്ടുന്ന പണമെല്ലാം അവൾ അടുക്കളയിലെ തറയിൽ കുഴിച്ചിട്ടു. നാലഞ്ചുമാസം കൂടുമ്പോൾ അതു പുറത്തെടുത്ത് എന്തെങ്കിലും ചെറിയ ആഭരണങ്ങൾ മകൾക്കു വേണ്ടി വാങ്ങി ഒളിപ്പിച്ചു. ഒരു പത്തു വർഷത്തിനകം അവളുടെ കല്യാണം നടത്തേണ്ടിവരും. അന്ന് ഒരുപക്ഷെ ഭർത്താവുണ്ടായില്ലെന്നു വരും. ഉണ്ടെങ്കിലും വലിയ കാര്യമുണ്ടാവുകയുമില്ല. അവർ കുമ്പസാരിക്കുകയായിരുന്നു. തനിക്കിതിൽ ഒരു താൽപര്യവുമില്ലെന്ന മട്ടിൽ രേണുക എല്ലാം കേട്ടിരുന്നു.

ഇപ്പോൾ പത്തുമിനുറ്റായി താൻ നടക്കുന്നു. ഒരു മനുഷ്യനും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. എല്ലാവരും ധൃതിയിലാണ്. വാഹനങ്ങൾ ചുറ്റും ഇരമ്പിപ്പായുന്നു. ഭർത്താവ് ജോലിയെടുത്തിരുന്ന ഫാക്ടറിയിലെ നിരന്തരം തിരിഞ്ഞുകൊണ്ടിരിക്കുന്ന യന്ത്രങ്ങളാണ് അവൾക്കോർമ്മ വന്നത്. ആ യന്ത്രങ്ങളുടെ ക്രൂരമായ ചക്രങ്ങൾക്കിടയിൽ പെട്ട പ്രാണിപോലെ അവൾക്കു നിസ്സഹായയായി തോന്നി. അവൾ എം.ജി. റോഡിലെത്തിയിരുന്നു. റോഡു മുറിച്ചുകടന്ന് ബസ്‌സ്റ്റോപ്പിലെത്തിയപ്പോൾ അവൾ നിന്നു. എങ്ങോട്ടും പോകാനില്ലാതെ, ബസ്സുകളൊന്നും പിടിക്കാനില്ലാതെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുക സുഖമുള്ള കാര്യമല്ല. ആരെങ്കിലും അടുത്തുവരുന്നതും കാത്ത് അവൾ നിന്നു.

തന്റെ കണക്കുകൂട്ടലുകളെല്ലാം ശരിയാണെന്ന് ദിനേശൻ അല്പം ഗർവ്വോടെ കണ്ടെത്തി. അവൾ നഗരത്തിൽ പുതിയതാണ്. ബസ്സുകൾ വന്നും പോയും കൊണ്ടിരുന്നു. എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുമുള്ള ആൾക്കാരെ പകച്ചു നോക്കുകയാണ്. തൽക്കാലം ആരും അവളെ ശ്രദ്ധിക്കുന്നില്ല. പക്ഷെ ആരെങ്കിലും ശ്രദ്ധിച്ചാൽ കുഴപ്പമാണ്. ചുറ്റുമുള്ള ആൾക്കാരിൽ ആത്മാവില്ലാത്ത ഒരുത്തനുണ്ടായാൽ മതി. അവളുടെ പരിചയക്കുറവ്, അവളുടെ നിസ്സഹായത എല്ലാം പെട്ടെന്ന് മനസ്സിലാവും. അവളെ സഹായിക്കാനെന്ന മട്ടിൽ വിളിച്ചുകൊണ്ടുപോകുക എളുപ്പമാണ്. അവളുടെ ഭാവി കറുത്തിരുണ്ട മേഘമായി അവളുടെ തലയ്ക്കു മുകളിൽ വർഷിക്കാൻ കാത്തുനിൽക്കുന്നത് അയാൾ കണ്ടു. എന്തെങ്കിലും ചെയ്‌തേ പറ്റൂ. അയാളുടെ ഊഹം ശരിയായിരുന്നു. ബസ്‌സ്റ്റോപ്പിൽ നിന്ന് കുറച്ചകന്നു നിന്ന് പുകവലിച്ചിരുന്ന ഒരുത്തൻ അരിച്ചരിച്ച് അവളുടെ അടുത്തെത്തുന്നത് അയാൾ കണ്ടു. അവന്റെ കണ്ണിൽ കഴുകന്റെ ആർത്തിപിടിച്ച നോട്ടം. അവളുടെ മാംസളതയിൽ ഇഴുകിച്ചേർന്നു കിടക്കുന്ന ബ്ലൗസിനുള്ളിൽ, അവളുടെ ഉയർന്നു നിൽക്കുന്ന ചന്തിയിൽ എല്ലാം ആ നോട്ടമെത്തി. അതു കണ്ടുനിൽക്കുക വിഷമമായിരുന്നു. വിലപേശുമ്പോൾ ആട്ടിൻകുട്ടിയുടെ ശരീരം തടവിനോക്കുന്ന ഇറച്ചിക്കാരനെപ്പോലെ അവന്റെ കണ്ണുകൾ അവളുടെ ശരീരമാകെ ഓടിനടന്നു. അവസാനം അവൻ വലിച്ചിരുന്ന സിഗററ്റ് നിലത്തിട്ടു ചെരിപ്പുകൊണ്ട് കുത്തിക്കെടുത്തി അവൾക്കു നേരെ തിരിഞ്ഞു.

ഇനിയും ഉദാസീനത കാട്ടിയാൽ അപകടമാണെന്ന് ദിനേശനു മനസ്സിലായി. ഒരു പാവം സ്ത്രീയെ ആപത്തിൽനിന്ന് രക്ഷിക്കാനുള്ള ഒരവസരമാണ്. ഒരു നിമിഷം കഴിഞ്ഞാൽ വൈകിയെന്നിരിക്കും. അയാൾ ധൃതിയിൽ അവളുടെ അടുത്തേയ്ക്കു ചെന്നുകൊണ്ട് പറഞ്ഞു.

‘വരു.’

താൻ പറഞ്ഞത് ദിനേശിനെത്തന്നെ അദ്ഭുതപ്പെടുത്തി. എന്തു ധൈര്യത്തിലാണ് ഒരു പരിചയവുമില്ലാത്ത പെണ്ണിനെ വിളിച്ചത്? അതും തന്റെ കാടുകയറിയ ഭാവനയുടെ ബലത്തിൽ! യാഥാർത്ഥ്യം ഇങ്ങിനെയൊന്നുമായിരിക്കണമെന്നില്ല. അവൾ രണ്ടുപേരെയും മാറിമാറി നോക്കി. വരൂ എന്നു പറഞ്ഞ് വിളിക്കുന്ന മനുഷ്യൻ എവിടെനിന്ന് ചാടിവീണു എന്നാലോചിക്കുകയായിരുന്നു അവൾ.

അവൾ തീർച്ചയാക്കാൻ അധിക സമയമൊന്നുമെടുത്തില്ലെന്നത് ദിനേശനെ അദ്ഭുതപ്പെടുത്തിയില്ല. അടുത്തു വന്നുനിന്ന വിലക്ഷണം പിടിച്ച മനുഷ്യനിൽനിന്ന് രക്ഷപ്പെടാൻ അവളും ആഗ്രഹിച്ചിരിക്കണം. അവളുടെ ഒപ്പം ബസ്‌സ്റ്റോപ്പിൽനിന്ന് നടന്നു നീങ്ങുമ്പോൾ അവൻ പിന്നിൽനിന്നു വിളിച്ചുപറഞ്ഞ തെറി കേട്ടില്ലെന്ന് അയാൾ നടിച്ചു. കുറച്ചകലത്തെത്തിയപ്പോൾ അയാൾ ചോദിച്ചു.

‘നിനക്കെങ്ങോട്ടാണ് പോവേണ്ടത്?’

രേണുക അമ്പരന്നു. എന്തൊരു ചോദ്യം? ഇങ്ങിനത്തെ ചോദ്യങ്ങളുണ്ടാവുമെന്നൊന്നും ജൂലിച്ചേച്ചി പറഞ്ഞിരുന്നില്ല. കാര്യങ്ങൾ വളരെ എളുപ്പമായിവരുന്നുവെന്ന് കണ്ട് സന്തോഷിച്ചിരിക്കുമ്പോഴാണ് കുഴക്കുന്ന ചോദ്യം. രണ്ടു പേരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ വലിയ വിഷമമൊന്നുമുണ്ടായില്ല. മറ്റേ ആൾക്ക് ഒരു അറവുകാരന്റെ ഛായയായിരുന്നു. അവന്റെ നോട്ടവും അവൾക്കിഷ്ടപ്പെട്ടില്ല. പക്ഷെ തനിക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവുമെന്നൊന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ അടുത്തു വരുന്നതും തന്നോടു സംസാരിക്കുന്നതും കാത്തു നിൽക്കുമ്പോഴാണ് ഈ മനുഷ്യൻ വന്നുപെട്ടതും ‘വരൂ’ എന്നു പറഞ്ഞ് വിളിച്ചതും. അവൾക്കയാളെ പെട്ടെന്നിഷ്ടമായി.

‘നിനക്കെങ്ങോട്ടാണ് പോകേണ്ടതെന്നു പറഞ്ഞില്ലല്ലോ.’ അയാൾ പറഞ്ഞു. ‘ഞാൻ ഓട്ടോവിൽ കൊണ്ടുപോയാക്കാം. വഴിയറിയാതെ കറങ്ങാൻ പറ്റിയ സ്ഥലൊന്നുമല്ല ഇത്.’

അവൾ ആശയക്കുഴപ്പത്തിലായി. ഈ മനുഷ്യന് തെറ്റുപറ്റിയോ? അതല്ലെങ്കിൽ ഇങ്ങിനെയൊക്കെയായിരിക്കണം ഈ ബിസിനസ്സിൽ സംസാരിക്കേണ്ടത്. ഓട്ടോവിൽ തന്നെ കയറ്റിക്കൊണ്ടുപോകാമെന്നായിരിക്കും ഉദ്ദേശിക്കുന്നത്. പക്ഷെ എവിടേയ്ക്ക്?

‘സാറിന്റെ വീടെവിട്യാണ്?’

‘എന്റെ വീടോ? അതിവിടെ അടുത്തന്ന്യാണ്. ഞാൻ നിനക്ക് പോകേണ്ട സ്ഥലമാണ് ചോദിച്ചത്.’

അവൾ ഒരു നിമിഷം ആലോചിച്ചു. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. എന്താണ് ഈ സാറിന്റെ ഉദ്ദേശം? അവൾ ചോദിച്ചു.

‘സാറ് ഒറ്റക്കാണോ താമസം?’

ഓ, ഇവൾ കുടുംബകാര്യങ്ങൾ അന്വേഷിക്കുകയാണ്! അതിനു പറ്റിയ സമയം തന്നെ. അയാൾ പറഞ്ഞു.

‘ഞാനൊറ്റയ്ക്കാണ് താമസിക്കുന്നത്. ഭാര്യക്ക് കോഴിക്കോട്ടാണ് ജോലി.’ ഒന്നു നിർത്തിക്കൊണ്ടയാൾ തുടർന്നു. ‘ഞാൻ നിന്റെ കാര്യാ ചോദിച്ചത്.’

‘സാറിന്റെ വീട്ടീ പോവാം.’

‘എന്റെ വീട്ടിലോ?’

‘ഉം. മോനൂന്റെ അച്ഛൻ ആശുപത്രീലാണ്. കരൾവീക്കം.’

‘ആര് ഭർത്താവോ?’

‘അതെ.’

‘കുടിയുണ്ടോ?’

അവൾ ഒന്നും പറഞ്ഞില്ല.

‘നീയിപ്പോ ആശുപത്രീന്ന് വര്വാണോ?’

‘അല്ലാ വീട്ടീന്നാ.’

പെട്ടെന്നയാൾക്ക് അതുവരെ തോന്നാതിരുന്ന ആസക്തിയു ണ്ടായി. ഒരു മുഴുത്ത പെണ്ണ്. അവളെന്തിനാണ് തന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞത്? അയാളാകട്ടെ വാരാന്ത്യക്കാരനുമാണ്. ശനിയാഴ്ച വൈകുന്നേരം ഓഫീസിൽനിന്ന് ഓടിക്കിതച്ച് ഒരുവിധം കണ്ണൂർ എക്‌സ്പ്രസ്സിൽ കയറിക്കൂടുന്നു. രാത്രി വൈകി ചേവായൂരിലെ വീട്ടിലെത്തുമ്പോഴേയ്ക്കും മോൾ കിടന്നുറക്കമായിട്ടുണ്ടാവും. താനാകട്ടെ സുരതത്തിനെന്നല്ല മരിക്കാൻ കൂടി വയ്യാത്തവിധം ക്ഷീണിച്ചിരിക്കും. പിന്നെ പിറ്റേന്ന് ഞായറാഴ്ച ഊണുകഴിഞ്ഞ് മോളെ അയൽവീട്ടിലെ കുട്ടികളുടെ ഒപ്പം കളിക്കാൻ വിട്ട് തികച്ചും കൃത്രിമമായി, ശവംപോലെ പ്രതികരണമൊന്നുമില്ലാതെ കിടക്കുന്ന ഭാര്യയെ പ്രാപിക്കുന്നു. എല്ലാം കഴിഞ്ഞ് റബ്ബറുറ ക്ലോസറ്റിലിട്ട് ഒഴുക്കിക്കളയുമ്പോഴുണ്ടാവുന്ന അറപ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്നു. വീണ്ടും ശനിയാഴ്ച വൈകുന്നേരം പ്രത്യാശയോടെ ദാഹത്തോടെ കണ്ണൂർ എക്‌സ്പ്രസ്സിലേയ്ക്ക്.

അവൾ അയാളെ നോക്കുകയാണ്, എന്തെങ്കിലും ചെയ്യൂ എന്ന മട്ടിൽ.

‘അങ്ങിനെയാണെങ്കിൽ നമുക്ക് വീട്ടിൽ പോകാം. അവിടെനിന്ന് സംസാരിക്കാം.’

എങ്ങിനെയാണെങ്കിൽ എന്നയാൾ പറഞ്ഞില്ല. അവൾക്കു മനസ്സിലായതുമില്ല. അയാൾ ഒരു ഓട്ടോ വിളിച്ചു. ഓട്ടോക്കാരന്റെ ‘ഇത്ര രാവിലെത്തന്നെ വേണോ സാറേ’ എന്ന നോട്ടം അവഗണിച്ച് അയാൾ പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തു.

തഴെനിലയിൽ താമസിക്കുന്നവർ ഓഫീസിൽ പോയിട്ടുണ്ടാവണേ എന്നയാൾ പ്രാർത്ഥിച്ചു. ഒരു പെണ്ണിനേയും കൊണ്ട് ഓട്ടോ ഇറങ്ങിവരുന്നത് അവർ കണ്ടാൽ പ്രശ്‌നമാണ്. ആ ദമ്പതികൾ തന്റെ ചാരിത്ര്യത്തെ സംശയിക്കുന്നതയാൾക്ക് ഇഷ്ടമല്ല. ഭാഗ്യത്തിന് വീട് പൂട്ടിയിട്ടിരിക്കയാണ്. ചായ്‌വിൽ അവരുടെ സ്ൂട്ടറുമില്ല.

വീട്ടിനുള്ളിൽ ഒരപരിചിതനായ മനുഷ്യന്റെ അടുത്ത നീക്കവും പ്രതീക്ഷിച്ച് രേണുക നിൽക്കേ ദിനേശൻ സ്വയം വിമർശനത്തിനൊരുങ്ങി. തന്റെ ഉദ്ദേശം വഴിയിൽവച്ച് മാറിപ്പോയോ? ഒരു സാധുസ്ത്രീയെ കഴുകന്മാരിൽനിന്ന് രക്ഷിക്കലായിരുന്നു തന്റെ ഉദ്ദേശം. ഇപ്പോഴിതാ താൻ തന്നെ ഒരു കഴുകനായിരിക്കുന്നു. തനിക്കവളെ വേണം. തനിക്കവളെ കീഴ്‌പ്പെടുത്താം. എതിർത്താൽ അവളുടെ ബ്ലൗസ് വലിച്ചുകീറാം, ബലം പ്രയോഗിച്ച് സാരി അഴിച്ചുമാറ്റാം, അടിവസ്ത്രങ്ങൾ... താനെന്തൊരു മനുഷ്യനാണ്? ദിനേശൻ സ്വയം ചോദിക്കുന്നു. ആരാണിതൊക്കെ ചെയ്യാൻ പോകുന്നത്? പിന്നെ എന്തിനാണ് അവളെ തന്റെ വീട്ടിൽ കൊണ്ടുവന്നത്? അവളുടെ പ്രശ്‌നങ്ങളെന്താണ്, എങ്ങോട്ടാണ് പോകേണ്ടത് എന്നെല്ലാം വഴിയിൽവച്ചു തന്നെ ചോദിച്ച് അവൾക്കു പോകേണ്ടിടത്ത് ഇറക്കിവിടാമായിരുന്നില്ലേ?

ഉത്തരം കിട്ടാൻ അയാൾ ഒരു മണിക്കൂർ മുമ്പ് അവളെ കണ്ട അവസരം ഓർത്തു. അയാൾ പിന്തുടർന്നിരുന്നത് ഒരു സാധു സ്ത്രീയുടെ പരിരക്ഷയ്ക്കല്ല, മറിച്ച് അവളുടെ മാംസളമായ ചെറുപ്പമുള്ള ദേഹം കുറച്ചുനേരമെങ്കിലും കാണാനായിരുന്നില്ലേ? അയാൾക്ക് ഉത്തരമൊന്നും കിട്ടിയില്ല. താനൊരു ദൈവദൂതനല്ല എന്ന അറിവ് എന്തുകൊണ്ടോ അയാളെ ആശ്വസിപ്പിച്ചു.

എങ്ങിനെയാണ് തുടങ്ങേണ്ടതെന്നവൾക്കറിയില്ലായിരുന്നു. എന്നും ഭർത്താവാണ് തുടങ്ങാറ്. അതും എന്തൊരു തുടങ്ങൽ! കുഞ്ഞ് ഉറങ്ങിയിട്ടുണ്ടാകും. പുളിച്ച കള്ളിന്റെയും സിഗരറ്റിന്റേയും നാറ്റമുള്ള വായ മുഖത്തേയ്ക്കടുക്കും. കുഴഞ്ഞുതുടങ്ങിയ കൈകൾ അവളുടെ മാറിൽ പരതും. ബ്ലൗസ് കീറാതിരിക്കാൻ അവൾ ആദ്യമേ അഴിച്ചു മാറ്റിയിരിക്കും. മർദ്ദനം സഹിക്കാൻ വയ്യാതാകുമ്പോൾ അവൾ ആ കൈകൾ ബലമായി പിടിച്ചു മാറ്റും. ഈ നരകം ഏതാനും നിമിഷത്തേയ്ക്കു മാത്രമേ ഉണ്ടാവൂ എന്ന അറിവിൽ അവൾ ആ പീഢനം സഹിച്ചിരിക്കും. ലക്ഷ്യത്തെത്തുന്നതിനുമുമ്പേ നിർവൃതിയുണ്ടായ ഭർത്താവ് തിരിഞ്ഞുകിടക്കുമ്പോൾ അവൾ ഒരു തോർത്തെടുത്ത് അവളുടെ തുടകൾക്കിടയിൽ വൃത്തിയാക്കും.

ഈ മനുഷ്യൻ എന്താണ് ഒന്നും ചെയ്യാതെ നിൽക്കുന്നതെന്നാണവൾ ആലോചിച്ചിരുന്നത്. അവൾക്ക് പോകാൻ ധൃതിയുണ്ട്. വീട്ടിൽ മോൻ ഒറ്റയ്ക്കാണ്. അമ്മ ആശുപത്രിയിൽ പോയിവരാം മോൻ പുറത്തൊന്നും പോവരുത് എന്ന് പറഞ്ഞ് നിർത്തിയതാണ്. ഇനി വീട്ടിൽ ചെന്ന് ഭക്ഷണമുണ്ടാക്കി അതുമായി ഉച്ചയ്ക്ക് ആശുപത്രിയിൽ പോകണം. അവൾ പറഞ്ഞു.

‘വീട്ടില് മോൻ ഒറ്റയ്ക്കാണ്.’

‘നീ എന്തിനാണ് എറണാകുളത്തേയ്ക്ക് വന്നത്?’ അയാൾ ചോദിച്ചു.

‘എനിക്കിവിടെ ആരേം അറീല്ല. ഞാനാദ്യായിട്ടാ ഒറ്റയ്ക്ക് വരണത്.’

‘നീ എന്തിനാണ് വന്നതെന്ന് ഇപ്പോഴും പറഞ്ഞില്ലല്ലോ.’

‘കൊറച്ച് പണത്തിനാ.’ അവൾ സംശയിച്ചുകൊണ്ട് ഒരു കോടിയ ചിരിയോടെ പറഞ്ഞു. അയാളുടെ എതിർവിചാരണ അവളെ തളർത്തിയിരുന്നു. എങ്ങിനെയാണ് ഇത്രയും എത്താനുള്ള ധൈര്യമുണ്ടാക്കിയതെന്ന് അവൾക്കുതന്നെ അറിയില്ല. അവൾ തുടർന്നു. ‘മരുന്ന് വാങ്ങാന്ണ്ട്. പിന്നെ... മോനൂന്റച്ഛൻ ജോലിക്ക് പോയിട്ട് കൊറേക്കാലായി.’

അവളുടെ സ്വരം ഇടറിയിരുന്നു. അയാൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിത്തുടങ്ങി. അയാൾ ദുഃഖിച്ചു.

‘ജോലിണ്ടായിട്ടും വല്യ കാര്യൊന്നുല്ല്യ. എന്നും കുടിച്ചിട്ടാ വര്വാ. വീട്ടില് ചെലവിന് കാശൊന്നും തരില്ല. ചോദിച്ചാ പിടിച്ച് തല്ലും.’

അവൾ വാചാലയായി. നിമിഷങ്ങൾ കടന്നുപോയപ്പോൾ അവളുടെ ജീവിതത്തിന്റെ ഒരു ചീന്ത് അയാൾക്കു മുമ്പിൽ അടർന്നു വീണു. അയാൾ ദുഃഖിതനായി. അവൾ സംസാരിച്ചുകൊണ്ട് സാരി അഴിച്ചു മാറ്റുകയായിരുന്നു. അയാൾ നോക്കിനിന്നു. പക്ഷെ അയാളിലെ ആസക്തി കെട്ടടങ്ങിയിരുന്നു. അവളുടെ വാക്കുകൾ സ്വ ന്തം അവസ്ഥയിലേയ്ക്ക് എത്തിനോക്കാൻ അയാളെ പ്രേരിപ്പിച്ചു. തനിക്ക് നല്ല ജോലിയുണ്ട്. ഭാര്യയും ജോലി ചെയ്യുന്നു. അവൾ ജോലി ചെയ്തില്ലെങ്കിലും സാമ്പത്തികമായ ഒരു പരാധീനതയുമുണ്ടാവില്ല. കോഴിക്കോട്ടേയ്ക്ക് മാറ്റമായപ്പോൾ അവളോട് രാജി വെയ്ക്കാൻ പറഞ്ഞതാണ്. ഒരു കാരിയറിസ്റ്റായ അവൾ സമ്മതിച്ചില്ല. ഈ ജീവിതത്തിൽ കാമിക്കപ്പെടാനെന്താണുള്ളത്? ജീവിത സായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ എന്താണ് കാണുക? അസംതൃപ്തമായ, ഗുണനിലവാരമില്ലാത്ത, പാഴാക്കിക്കളഞ്ഞ ഒരു ജീവിതം.

അവൾ കാത്തുനിൽക്കുകയായിരുന്നു. അയാൾ പറഞ്ഞു.

‘സാരിയുടുക്കു.’

അവൾ അവിശ്വസനീയമായ നോട്ടത്തോടെ, നിരാശയോടെ നിലത്തിട്ട സാരി പൊക്കിയെടുത്തു. ഈ സാർ എന്തെങ്കിലും തരാതിരിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു അവൾക്ക്. അതുകൊണ്ട് മരുന്നും അരിയും വാങ്ങാമെന്നാണവൾ കണക്കാക്കിയിരുന്നത്. ഇനി എല്ലാം ആദ്യം തുടങ്ങണം. നനഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടവൾ ചോദിച്ചു.

‘സാറിനെന്നെ ഇഷ്ടായില്ല അല്ലേ?’

അയാൾ ആലോചിക്കുകയായിരുന്നു. തലേന്നു രാത്രി. അല്ലെങ്കിൽ എല്ലാ രാത്രികളും ഒരുപോലെയാണ്. അയാൾ ടിവിക്കു മുമ്പിൽ റിമോട്ടും പിടിച്ചിരിക്കയാണ്. ഏതെങ്കിലും ജന്മത്തിൽ അയാൾ തന്നെക്കുറിച്ചോർക്കുകയാണെങ്കിൽ റിമോട്ടും പിടിച്ച് പ്രതിമപോലെ ഇരിക്കുന്ന ചിത്രമാണ് മനസ്സിൽ വരാനിടയാവുക. ആലോചനകളിൽനിന്ന്, ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ മാർഗ്ഗം, ഭാര്യ കനിവു തോന്നി വച്ചുപോയിട്ടുള്ള ടിവിക്കു മുമ്പിലിരിക്കലാണെന്നയാൾ കണ്ടുപിടിച്ചിരുന്നു. പക്ഷെ ഇന്നലെ രാത്രി അങ്ങിനെയിരിക്കുമ്പോൾ മനസ്സ് തെന്നിപ്പോയി. തനിക്ക് ഒരു വർഷം മുമ്പുവരെ ഒരു ശരാശരി മനുഷ്യന്റെ ജീവിതമുണ്ടായിരുന്നെന്ന് ഓർത്തു.ഓഫീസു വിട്ടു വരുന്നതും കാത്ത് ജനലിനരികിൽ കാത്തു നിൽക്കുന്ന മകളെ എടുത്ത് മാറിലണക്കുന്നത് ഓർമ്മ വന്നു. ശാരി നേരത്തെ ഓഫീസിൽ നിന്ന് എത്തി മോളെ നോക്കാൻ വച്ച പെൺകുട്ടിയെ പറഞ്ഞയച്ചിട്ടുണ്ടായിരിക്കും. ശാരി ഉണ്ടാക്കിവച്ച ചായ കുടിച്ചുകൊണ്ട് രണ്ടു പേരും മോൾ പറയുന്ന വിശേഷങ്ങൾ ശ്രദ്ധിക്കും. പിന്നെ ഒപ്പം അടുക്കളയിൽ രാത്രിഭക്ഷണം ഉണ്ടാക്കും. രാത്രി രണ്ടുപേരുടേയും നടുവിൽ ശാന്തിയോടെ കിടക്കുന്ന മോൾ ഉറങ്ങിയാൽ തന്റെ കൈകൾ കട്ടിലിന്റെ മറുവശത്തേയ്ക്ക് നീളുന്നു. ശാരിയുടെ സ്ഥലമാറ്റം എല്ലാം അവസാനിപ്പിച്ചു. ഇപ്പോൾ താനും ഈ കൊച്ചു വീടും റിമോട്ടിൽ മരണപ്പിടുത്തം പിടിച്ചുകൊണ്ടുള്ള ഇരിപ്പും മാത്രം.

‘സാറിനെന്നെ ഇഷ്ടമായില്ലെങ്കിൽ ഞാൻ പൊയ്‌ക്കോളാം.’ അവൾ സാവധാനത്തിൽ സാരിയുടുക്കാൻ തുടങ്ങി.

അവളുടെ മുഖത്ത് അയാൾ ഇഷ്ടപ്പെടുന്ന എന്തോ ഒന്നുണ്ടായിരുന്നു. യൗവ്വനത്തിനും തുടച്ചു നീക്കാൻ കഴിയാതിരുന്ന ശൈശവത്തിന്റെ ബാക്കിപത്രം. അവളുടെ ചുണ്ടുകളിൽ, കവിളുകളിൽ, നേരിയ പുരികത്തിനു താഴെ തിളങ്ങുന്ന കണ്ണുകളിൽ അതു പോകാൻ മടിച്ചു നിന്നു. അയാൾക്കവളെ എടുത്ത് ഓമനിക്കാൻ തോന്നി. തനിക്ക് അവളുടെ സ്‌നേഹം ആവശ്യമാണ്. അടുത്ത നിമിഷം അയാൾ അവളെ വാരിയെടുത്തു.

മൊസായിക്കിന്റെ തണുപ്പറിഞ്ഞപ്പോൾ അവൾ അയാളുടെ കൈകളിൽ കിടക്കുകയായിരുന്നു. അവിശ്വസനീയമായ കണ്ണുകളോടെ, നിർവൃതിയോടെ. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഞാൻ വിചാരിച്ചു സാറിനെന്നെ ഇഷ്ടമായില്ലാന്ന്.’

അവൾ നൂൽബന്ധമില്ലാതെ കിടക്കുകയാണ്. അവളുടെ മനസ്സും അതുപോലെ നഗ്നമായിരുന്നു. അയാൾക്കത് ഒരു കണ്ണാടിക്കൂട്ടിലൂടെയെന്നപോലെ കാണാൻ കഴിഞ്ഞു. അവളിപ്പോൾ ചെയ്തത് സ്‌നേഹമുള്ള രണ്ടുപേർ ചെയ്യുന്ന സ്വാഭാവികമായ ഇണചേരലാണ്. അയാൾ വേശ്യകളുടെ അടുത്ത് പോയിട്ടുണ്ട്. അവരുടെ കണ്ണുകളിൽ ഉണ്ടാവുന്ന തണുത്ത നോട്ടം അയാൾ ഓർത്തു. വെറും ബിസിനസ് താൽപര്യം മാത്രം. വേഗം ചെയ്‌തേച്ചു പോ എന്ന മട്ടിൽ കിടന്നുതരുന്ന അവരുടെ മുഖത്തുള്ള നിർവ്വികാരത അയാളെ തണുപ്പിക്കാറുണ്ട്. ഒരിക്കൽ പോയാൽ പിന്നെ മാസങ്ങളോളം അയാൾ അതൊഴിവാക്കുകയാണ് ചെയ്യാറ്. ഒരു പക്ഷെ അവരും ഇവളെപ്പോലെ ആദ്യമെല്ലാം തങ്ങൾ ഒപ്പം കിടക്കുന്നവരെ ഇഷ്ടപ്പെട്ടിട്ടുണ്ടാവാം. പിന്നെ അനുഭവങ്ങൾ മനസ്സ് പരുഷമാക്കുമ്പോൾ അവരുടെ മുഖം മരവിക്കുന്നു. ഇവളും ക്രമേണ അങ്ങിനെയാവുമെന്നോർത്തപ്പോൾ അയാളുടെ മനസ്സ് വിഷമിച്ചു. താൻ അവളുമായി പ്രണയത്തിലായെന്ന് അയാൾക്കു മനസ്സിലായി. അയാൾ പറഞ്ഞു.

‘നീയെനിക്കു വാക്കു തരാൻ പോകുന്നു.’

‘എന്തു വാക്ക്?’

‘നീ ഇനി ഇങ്ങിനെ നടക്കില്ലെന്ന്? ഇത് ആദ്യത്തെ പ്രാവശ്യമാണോ നീ ഇങ്ങിനെ നടക്കുന്നത്?’

തന്റെ തൊഴിൽപരമായ നീക്കത്തിൽ എവിടേയോ വന്ന പാളിച്ച തന്നെ ഒറ്റിക്കൊടുത്തുവെന്നവൾക്കു മനസ്സിലായി. അവൾ ഒരു ചമ്മിയ ചിരിയോടെ സമ്മതിച്ചു.

‘അതെ.’

‘ഇനി നീ ഇതിന്നിറങ്ങിപ്പുറപ്പെടില്ലെന്ന് വാക്കു തരൂ.’

അവൾ ഒന്നും പറഞ്ഞില്ല. അവൾക്കും അയാളെ ഇഷ്ടമായിരിക്കുന്നു. അതുകൊണ്ട് നുണ പറയാൻ അവൾക്കു കഴിഞ്ഞില്ല. പോകാതിരിക്കാൻ പറ്റില്ല. എല്ലാവരും ഇതുപോലെ ആവില്ലെന്നവൾക്കറിയാം. പക്ഷെ ഈ ഒരു കാര്യത്തിൽ തന്റെ മുമ്പിൽ ധാരാളം വഴികളൊന്നുമില്ല.

‘വാക്കു തരാൻ ഇത്ര വിഷമമാണോ?’

‘സാറിന് എന്റെ കാര്യം അറിയില്ല.വേണച്ചിട്ടൊന്നും അല്ല, വേറെ വഴിയൊന്നുമില്ല്യാഞ്ഞിട്ടാ. ഒരാഴ്ച മുഴുവൻ ആലോചിച്ചിട്ട് ഉറക്കം വന്നീര്ന്നില്ല.’

എവിടേയോനിന്ന് വന്ന് തന്റെ ജീവിതത്തിന്റെ പുറംവാതിലിൽ മുട്ടി വിളിച്ച ഈ പെണ്ണ് തന്റെയും ഉറക്കം കളയുമെന്നയാൾക്കു മനസ്സിലായി. വാതിൽ മുഴുവൻ തുറക്കാൻ, അവളെ അകത്തു കടത്താൻ പക്ഷെ അയാൾക്കു കഴിഞ്ഞില്ല. അയാൾ പറഞ്ഞു.

‘നിനക്ക് എവിടെയെങ്കിലും ജോലിയെടുത്തുകൂടെ? ഒരടുക്കളക്കാരിയുടെ ജോലിയെങ്കിലും കിട്ടില്ലെ നിനക്ക്?’

‘ന്നെ ജോലിക്ക് പറഞ്ഞയക്കൂലാ അങ്ങേര്. മാനക്കെടാത്രെ.’

കാര്യങ്ങളുടെ വിരോധാഭാസത്തിൽ അയാൾ ചിരിച്ചു. വീട്ടുജോലിക്ക് വിടുന്നത് മാനക്കേടാണെന്നു കരുതുന്ന ഭർത്താവ് ഭാര്യയെ എവിടെയാണെത്തിച്ചിരിക്കുന്നത്?

‘ എന്നാൽ ഒരു കാര്യം ചെയ്യൂ.’ അയാൾ പറഞ്ഞു. ‘പണത്തിന് അത്യാവശ്യം വരുമ്പോൾ എന്നോടു ചോദിക്കു.’

അയാളിൽ സ്വാർത്ഥമുണ്ടായിരുന്നു. സ്‌നേഹത്തിൽനിന്നുദിക്കുന്ന സ്വാർത്ഥപരത. അയാൾ അവളെ വേറൊരാൾക്കും വിട്ടുകൊടുക്കാൻ പോകുന്നില്ല.

‘ശരി,’ അവൾ പറഞ്ഞു, ‘ഞാനിനി ചെയ്യുന്നില്ല, പോരെ?’

അവൾ അയാളെ നന്ദിപൂർവ്വംനോക്കി. ഒരുറപ്പിനെന്ന പോലെ. പെട്ടെന്നവൾക്ക് ജീവിതത്തിൽ അർത്ഥമുണ്ടായപോലെ തോന്നി. പ്രശ്‌നങ്ങളെല്ലാം എങ്ങിനെയെങ്കിലും പരിഹരിക്കാമെന്ന തോന്നൽ. അവൾ തന്നെ കാത്തു നിൽക്കുന്ന മകനെയോർത്തു.

‘അയ്യോ, എനിക്കു പോണം. മോൻ കാത്തിരിക്കും.’

‘മോനെത്ര വയസ്സായി?’

‘മൂന്ന്’

അവൾ കുളിമുറിയിൽ പോയി. പുറത്തുകടന്ന് സാരിയുടുക്കാൻ തുടങ്ങി. അയാൾ എഴുന്നേറ്റു കുളിമുറിയിലേയ്ക്കു നടന്നു. കുളിമുറിയിൽ കയറുന്നതിനുമുമ്പ് അവളോടു പറഞ്ഞു.

‘അതാ ആ മേശപ്പുറത്ത് എന്റെ പഴ്‌സുണ്ട്. നിനക്കാവശ്യമുള്ളത് എടുത്തോളു.’

അവൾ എന്തോ പറയാൻ ഓങ്ങിയപ്പോഴേയ്ക്ക് അയാൾ വാതിലടച്ചിരുന്നു. ബക്കറ്റിലേയ്ക്കു വെള്ളം തുറന്നിട്ടുകൊണ്ട് അയാൾ കുറേ നേരം നിന്നു. അയാൾ മൂന്നു വയസ്സുള്ള ഒരു കുട്ടിയെപ്പറ്റി ആലോചിക്കുകയായിരുന്നു. അമ്മ വരുന്നതും നോക്കി ജനലിൽ കണ്ണുംനട്ട് കാത്തിരിക്കുന്ന കുട്ടി. അവന് രാവിലെ ഭക്ഷണമൊന്നും കിട്ടിക്കാണില്ല. അമ്മ വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരിക്കും അവൻ. വലിയ പ്രതീക്ഷകൾക്കൊന്നും വഴിയില്ല. വിശപ്പടക്കാൻ എന്തെങ്കിലും. ആ പ്രായത്തിൽത്തന്നെ അവൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവണം. അയാൾ സ്വപ്നം കാണുകയായിരുന്നു. അങ്ങിനെ എത്രനേരം നിന്നുവെന്നറിയില്ല. പെട്ടെന്ന് പരിസരബോധമുണ്ടായപ്പോൾ അയാൾ ധൃതിയിൽ വസ്ത്രം ധരിച്ച് പുറത്തേയ്ക്കു കടന്നു.

അവൾ പോയിരുന്നു. അയാൾ മേശപ്പുറത്തുവച്ച പഴ്‌സെടുത്തു തുറന്നു നോക്കി. അതിൽ എഴുന്നൂറു രൂപയുണ്ട്. അവൾ നൂറു രൂപയേ എടുത്തുള്ളു എന്നർത്ഥം. അവൾക്ക് വേണമെങ്കിൽ കൂടുതലെടുക്കാമായിരുന്നു, അല്ലെങ്കിൽ എല്ലാമെടുക്കാമായിരുന്നു. അവൾക്കത് ആവശ്യവുമുണ്ട്, എന്നിട്ടും അവൾ നൂറു രൂപയേ എടുത്തുള്ളൂ. അയാൾ വാതിൽ തുറന്നു പുറത്തേയ്ക്കു നോക്കി. അവൾ പോയിരുന്നു.

താൻ നേരിട്ടു കൊടുക്കാതെ അവളോട് എടുക്കാൻ പറഞ്ഞത് കഷ്ടമായി. തീരെ പ്രതീക്ഷിക്കാതെ വന്ന് തനിക്ക് സ്‌നേഹവും പ്രത്യാശയും നൽകിയ ആ സ്ത്രീയെപ്പറ്റി ആലോചിച്ച് അയാൾ തുറന്ന വാതിൽക്കൽ കുറേ നേരം നിന്നു. ജനാലയിൽ മുഖവുമമർത്തി അമ്മയെ കാത്തു നിൽക്കുന്ന ഒരു മൂന്നുവയസ്സുകാരനേയും അയാൾ ഓർത്തു. അയാൾ സ്വയം അമ്മയെ കാത്തിരിക്കുന്ന ഒരു കുട്ടിയായി മാറി. നിസ്സഹായനായ നിരാലംബനായ ഒരു കുട്ടി.

അമ്മ വരില്ലെന്ന അറിവ് അയാളെ ദുഃഖിപ്പിച്ചു.