close
Sayahna Sayahna
Search

അദ്ധ്യായം അഞ്ചു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“സാദരം നീ ചൊന്നൊരു മൊഴിയിതു, സാധുവല്ല കുമതേ!
ഖേദമിതിനുടയ വിവരമിതറിക നീ, കേവലം പരനാരിയിൽ മോഹം.”

മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവു് മഹാരാജാവിനെ അറിയിച്ചു. ആ വൃത്താന്തം അറിഞ്ഞിരുന്ന മഹാരാജാവു് മുഖത്തിൽ വിശേഷസ്തോഭമൊന്നും കൂടാതെ അതിനെ ശ്രവിച്ചതിന്റെ ശേഷം, യുവരാജാവിന്റെ കുശലങ്ങളെപ്പറ്റി പൊതുവായും, സംസ്കൃതപാഠങ്ങളെക്കുറിച്ചു് പ്രത്യേകമായും ചിലതെല്ലാം ചോദിച്ചു് ചില സമ്മാനങ്ങളും അണ്ണാവയ്യന്റെ സംഗതി മറ്റാരും അറിയരുതെന്നു് കല്പനയും നല്കി രാജകുമാരനെ അയച്ചു. ഈ സമയത്തു് ചിലമ്പിനേത്തുഭവനത്തിന്റെ അടുത്തു് തെക്കുവശമുള്ള ഒരു നാലുകെട്ടിൽ ഗൃഹസ്ഥജീവിതത്തെ പരമാനന്ദപരിപൂർണ്ണമാക്കിത്തീർക്കുന്ന വിവാഹക്രിയയ്ക്കു് അവശ്യം വേണ്ടതായ ഒരു മനപ്പൊരുത്തപരീക്ഷ നടന്നുകൊണ്ടിരുന്നു. ഇവിടെ ശ്രീപത്മനാഭസേവിനി (ഈ സ്ഥാനം അന്നു് സ്വീകരിക്കപ്പെട്ടിരുന്നില്ല) വഞ്ചിധർമ്മസംവർദ്ധിനി രാജരാജേശ്വരി ഉമയമ്മമഹാരാജ്ഞിയാൽ സൽകൃതനും വിശ്രുതധീരനും ശസ്ത്രാസ്ത്രവിദഗ്ദ്ധനും ആയിരുന്ന കോട്ടയത്തു് കേരളവർമ്മതമ്പുരാന്റെ അനുചരനായി വന്നിരുന്ന ഒരു വിക്രാന്തയോദ്ധാവിന്റെ ഭാഗിനേയൻ കുട്ടിക്കോന്തിഅച്ഛൻ എന്നൊരു ഉഗ്രപുരുഷൻ മുമ്പ് താമസിച്ചിരുന്നു. ഇദ്ദേഹം ആഴുവാഞ്ചേരി കാട്ടുമാടത്തു്, പാമ്പുമേക്കാടു്, ചേന്ന (മംഗലം) ത്തു്, മറ്റപ്പള്ളി മുതലായ വിശ്രുത മലയാളബ്രാഹ്മണരുടെ ഇല്ലപ്പേരുകളിൽ അന്തർഭവിച്ചുള്ള മന്ത്രതന്ത്രാദിശക്തികളുടെ ഒരു സംഗ്രഹവും; നരസിംഹോപാസനം, ഹനുമൽസേവനം, രാജരാജേശ്വരിഭജനം എന്നീ അനുഷ്ഠാനങ്ങളാൽ പ്രസിദ്ധിയെ പ്രാപിച്ചവനും, വിശിഷ്യ വേട്ടയ്ക്കൊരുമകൻ എന്ന കിരാതാംശകമൂർത്തിയുടെ പ്രത്യേകോപാസകനും കലിയുഗസിദ്ധമല്ലാത്ത ധനുർവേദത്തിന്റെ പ്രാന്തദർശനം എങ്ങനയോ സിദ്ധിച്ച ശത്രുജേതാവും ആയിരുന്നുവെന്നു് കേൾവിയുണ്ടു്. ഒടുവിൽ കണ്ഠച്ഛേദം ചെയ്യപ്പെട്ട കഴക്കൂട്ടത്തു പിള്ളയുടെ ജ്യേഷ്ഠസഹോദരിയെ കുട്ടിക്കോന്തിശ്ശൻ പരിണയിച്ചു്, തന്റെ ശുദ്ധമായ ഏകാന്തവാസക്കാലത്തു് മന്ത്രക്കൂടത്തു് എന്നു അദ്ദേഹം പേരിട്ട നാലുകെട്ടിൽ കഴിച്ചു്, ബ്രാഹ്മണപരിചര്യയോടുകൂടി തന്റെ തേവാരാദികൾ നടത്തിവന്നിരുന്നു. ഈ മഹാമാന്ത്രികൻ ഗാത്രലാവണ്യപ്രഭാവങ്ങൾകൊണ്ടു് ദേവരാജതുല്യനായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കായദൈർഘ്യവും മുഖത്തു സർവദാ വ്യാപിച്ചിരുന്ന നരസിംഹക്രൗര്യവും അദ്ദേഹത്തിന്റെ ഏകാന്തവാസേച്ഛയെ അനുകൂലിച്ചു. മറ്റു ലോകരെല്ലാം നിസ്സാരന്മാരെന്നു ഗണിച്ചുവന്നിരുന്ന ഇദ്ദേഹത്തെകൊണ്ടു് ഒന്നു സംസാരിപ്പിക്കുകയെന്നതു് കൃച്ഛ്‌റസാദ്ധ്യമായി‌രുന്നു. എട്ടുവീട്ടിൽപിള്ളമാർക്കു് ആപൽക്കാലത്തിന്റെ ശകുനങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അദ്ദേഹം ഭാര്യാപുത്രഭൃത്യസമേതം തിരുവിതാംകൂറിൽനിന്നു മറഞ്ഞു. അന്നുമുതൽ ആൾപാർപ്പില്ലാതെ നാശം പ്രാപിച്ചുതുടങ്ങിയ ആ ഭവനവും ചന്ത്രക്കാറന്റെ പാദാരവിന്ദങ്ങളെ ശരണംപ്രാപിച്ചു. ഈ ഭവനത്തിലെ പടിഞ്ഞാറേക്കെട്ടു് കുട്ടിക്കോന്തിശ്ശന്റെ പൂജാസ്ഥലമായ തുറക്കാത്ത മുറികളും ആൾ കയറാത്ത മച്ചും ആൾ ഇറങ്ങാത്ത കല്ലറകളും ചേർന്നുള്ളതായ തായ്പുരയായിരുന്നു. പടിഞ്ഞാറേ കെട്ടിനേയും അതിലെ നിലവറയേയും തുറക്കുന്നതിനോ പരിശോധിക്കുന്നതിനോ, കുട്ടിക്കോന്തിശ്ശനെ തന്റെ വൻകണ്ണുകൾതന്നെ കണ്ടിരുന്നതുകൊണ്ടു് അപ്രത്യക്ഷചാമുണ്ഡിയെ കൂസാതെ കുടിയിളക്കിയ ചന്ത്രക്കാറനും ധൈര്യപ്പെട്ടില്ല.

ചാമുണ്ഡിക്കാവിൽവച്ചു് ചന്ത്രക്കാറനു് ഉന്മാദം ജനിപ്പിച്ചതായ ബാലികാരത്നം ചേർന്നിരുന്ന സംഘക്കാർ കുട്ടിക്കോന്തിശ്ശനോടുകൂടി പുറപ്പെട്ട സംഘം വർദ്ധിച്ചതിൽ ശേഷിച്ച അദ്ദേഹത്തിന്റെ ഭാര്യ ത്രിപുരസുന്ദരി എന്ന കഴക്കൂട്ടംഭവനത്തിലെ പ്രച്ഛന്നയായ സന്താനവല്ലിയും, അവരുടെ ദൗഹിത്രിയും, ബാല്യം മുതൽ ത്രിപുരസുന്ദരിഅമ്മയെ സേവിച്ചുനടന്നിട്ടുള്ള ഭൃത്യനും ആയിരുന്നു. അവരുടെ ഗൃഹം പണ്ടാരവകയായിച്ചേർന്നതിനാലും ക്ഷേത്രം ഉപേക്ഷയാലും നശിച്ചുപോയതായി കണ്ടു് കേണുതുടങ്ങിയ വൃദ്ധയെ ചന്ത്രക്കാറൻ തന്റെ മോഹകേന്ദ്രമായ നിധിയെ പ്രാപിപ്പാനുള്ള സോപാനമെന്നു് കരുതി, സാഹസികനായ കുപ്പശ്ശാരിൽനിന്നുണ്ടായ അവമതിയെ മറന്നു് മന്ത്രക്കൂടത്തുഭവനത്തിൽ പാർപ്പിച്ചു. ഉഗ്രദേവതാസാന്നിദ്ധ്യമുള്ള ക്ഷേത്രങ്ങളിലെന്നപോലെ, ഐഹികമായുള്ള ഭോഗകാംക്ഷകളെ വർജ്ജിച്ചു്, പരിശുദ്ധചിന്തകളോടുകൂടി മാത്രം ചരിക്കേണ്ടതായ മന്ത്രക്കൂടത്തുഭവനം, ചന്ത്രക്കാറന്റെ മനസ്സിൽ അംബികാഭ്രമത്തെ അങ്കുരിപ്പിച്ച ആ ബാലികയുടെ പ്രവേശനത്തോടുകൂടി അനംഗചാപല്യങ്ങൾക്കു് ഒരു രംഗമായിത്തീർന്നു. സമീപവാസികളിൽ വൃദ്ധയുടെ സമകാലീനരായുള്ളവർ ആ സ്ത്രീയുടെ തത്വത്തെ അറിഞ്ഞിരുന്നുവെങ്കിലും അനുകമ്പയോടും വിധിചക്രത്തിന്റെ ഗതിവിഗതികളെ ഓർത്തു് സഹതപിച്ചും, അവരുടെ അജ്ഞാതവാസത്തെ ലംഘിപ്പാൻ മുതിർന്നില്ല. മറ്റു ജനങ്ങൾ ‘ഇന്നെൻഭൃത്യജനത്തിലഗ്നി ചുടുമോ സൂര്യൻ തപിപ്പിക്കുമോ’ എന്നോണം പ്രതാപവാനായ ചന്ത്രക്കാറനെ ഭയന്നു് ആ സംഘത്തിന്റെ ചരിത്രത്തെ അന്വേഷിപ്പാൻ തല ഇട്ടില്ല. പ്രകൃത്യാ സ്ത്രീജിതനല്ലെങ്കിലും ‘അമ്മാളു’ എന്നു് വിളിക്കപ്പെട്ടിരുന്ന മീനാക്ഷികുട്ടിഅമ്മയോടു് സംഘടിച്ച ദിവസം മുതൽ ചന്ത്രക്കാറബ്രഹ്മജ്ഞനിൽ കാമബാണങ്ങൾ വിപൃഥുവിൽ പാർത്ഥാസ്ത്രംപോലെ മുറിവേൽപ്പിക്കാതെ ഏറ്റുതുടങ്ങി. അയാൾ അധികമായ കുളിയും കുറിതൊടലും ശുഭ്രവസ്ത്രധാരണവും ആരംഭിച്ചു; ഗർജ്ജനങ്ങളെ അൽപം മൃദുലങ്ങളാക്കി; മണ്ഡൂകയാനത്തെ ഉപേക്ഷിച്ചു് ഗജഗമനത്തെ അനുവർത്തിച്ചു; നേത്രത്തുറിപ്പുകളെ ശാന്തമാക്കാൻവേണ്ടി വിശേഷരസപൂർണ്ണമായ ഒരു ഇമയാട്ടവും അഭ്യസിച്ചു. അർക്കൻ ഒന്നുദിച്ചു് അസ്തമിക്കുന്നതിനിടയിലുള്ള നാഴിക ഓരോന്നും ചന്ത്രക്കാറന്റെ മന്ത്രക്കൂടത്തേക്കുള്ള ഓരോ യാത്രയെ ദർശനംചെയ്തു. സാപത്ന്യദുരിതം അനുഭവിക്കേണ്ടിവന്നാലും ഈ ഓരോ യാത്രയും ആപ്തവിജയമായി പരിണമിച്ചു്, ഭർത്താവിന്റെ ഹൃദയം മനുഷ്യാർദ്രമാകട്ടെ എന്നു് പാചകശാലാപരദൈവമായ ചന്ത്രക്കാരി, ആ കുലീനയുടെ ഓജശ്ശൂന്യമാക്കപ്പെട്ട ആത്മാവുകൊണ്ടു് പ്രാർത്ഥിച്ചു. ഹരിപഞ്ചാനനയോഗീശ്വരന്റെ അടുത്ത ദിവസമുള്ള എഴുന്നള്ളത്തിനു് വേണ്ട ഒരുക്കങ്ങൾ ചെയ്യുന്ന തകൃതികൾക്കിടയിലും, ചന്ത്രക്കാറൻ മന്ത്രക്കൂടത്തു് നാലുകെട്ടിനകത്തു്, വൃദ്ധയ്ക്കു് കണിയായിട്ടെന്നപോലെ അതി രാവിലെ പൂർണ്ണചന്ദ്രോദയം ചെയ്തു. മാതാമഹിയുടെ ശയ്യയിൽ ഇരുന്നിരുന്ന ബാലിക എഴുന്നേറ്റു് മാറിനിന്നു. സ്വാശ്രിതലോകത്തിന്റെ ഹിതനിയന്താവായ ചന്ത്രക്കാറൻ താൻ അടുത്തദിവസം നടത്താൻപോകുന്ന മഹോത്സവത്തിൽ സ്വാതിഥികൾ ഭാഗഭാക്കുകളാകേണ്ടതിലേക്കു് താൻ തയ്യാറാക്കീട്ടുള്ള ഒരു കാര്യപരിപാടി അവരെ കേൾപ്പിച്ചു. “ഒദയത്തിനുനുമ്പു്, കുളിച്ചൊരുങ്ങി അങ്ങെത്തണം. നടയിൽനിന്നു് സാമീടെ എഴുന്നള്ളത്തു ദൂരേന്നു് കാണാം. ധീവാരാണ നിന്നു തൊഴാൻ പ്രത്യേനം പെരയൊണ്ടു്. അമ്മാളുക്കുട്ടി വേണം, വീട്ടുകാറിയായി മിന്തിനിപ്പാൻ. എല്ലാം നമ്മുടെ മട്ടിലു് ഉടുത്തൊരുങ്ങി – കുറയ്ക്കണതെന്തിനു്? വേണ്ട പൊന്നും പൊടിയുമൊക്കെ അണിഞ്ഞു്, ധ്വജംപ്രഭ (സ്വയംപ്രഭ) മാരായി വന്നു്, അവിടമൊക്കെ ഔലസ (ഉല്ലാസ) മാക്കൂടണം – എന്തു് കുഞ്ഞേ? ചിരികൊണ്ടു വെളുപ്പിക്കണതെല്ലാം നാളെ, ചിലമ്പിനേത്തുവീട്ടിലു്, വെളുത്തവാവുപൊലെ അങ്ങനെ തൊളങ്ങിക്കൊണ്ടു് നിയ്പാൻ നമ്മുടെ വീട്ടിലും ഒരു തയ്യലാൾ വേണ്ടയോ? എല്ലാത്തിനും സാരധി (സാരഥി) യായി ഉമ്മിണിയെ വിട്ടേയ്ക്കാം – നമ്മുടെ മച്ചമ്പിയേ -”

വൃദ്ധ
“ഞങ്ങളെ ഉപദ്രവിക്കേണ്ട. എനിക്കു് നടക്കാനും കൂട്ടത്തിൽ കൂടാനും ശക്തിയില്ല. ഗതികെട്ട കൂട്ടത്തിനെന്തു് സംക്രാന്തിയും തിരുവോണവും?”
ചന്ത്രക്കാറൻ
“ഗെതിയും ഘെതികേടും ചന്ത്രക്കാറന്റെ എമയടച്ച തൊറപ്പിലല്ല്യോ? കുഞ്ഞമ്മ അനുവധിച്ചാൽ, അമ്മാളുക്കുട്ടി ഈ മുഹൂത്രത്തിൽ ചിലമ്പിനേത്തു് അകത്തെക്കെട്ടിലമ്മ – പിന്നെ, പണ്ടാരവക വെലക്കും വെളംബരവും, ചാക്കടിപ്പും പോക്കടിപ്പും കൊണ്ടുവരാൻ ഉയിരാർക്കു്?”

ഈ പ്രേമവാദം അതിശയമായും തന്റെ നിലയ്ക്കു് ചേരുംവണ്ണം അന്തസ്സായും സാധിച്ചു എന്നു് സന്തുഷ്ടനായി, ചന്ത്രക്കാറൻ ആകർണ്ണഗതമായ ദന്തക്കവടിമേഖലയെ തെളുതെളെ വിളങ്ങുമാറു് കാട്ടിക്കൊണ്ടു്, നന്തുണി മീട്ടുന്ന സ്വരത്തിൽ ഒന്നു ചിരിച്ചു. വൃദ്ധയുടെ മനസ്സു്, ‘ഇതിനും കാലം വന്നല്ലൊ ഭഗവാനേ’ എന്നുള്ള വ്യസനത്തെ സർവ്വലോകവ്യാപ്തമായുള്ള പാദങ്ങളിൽ സമർപ്പണംചെയ്തുകൊണ്ടും സ്വകുടുംബത്തേയും ഭർത്താവിനേയും ധ്യാനിച്ചും, നിശ്ചേഷ്ടമായിരുന്നു. ചന്ത്രക്കാറനു് വൃദ്ധയുടെ അന്തർഗ്ഗതം മനസ്സിലായി, അവരുടെ തൽക്കാലമനോഗതത്തിനു് അനുകൂലമായി ഇങ്ങനെ പറഞ്ഞു: “പെണ്ണെന്തു്! പൊറുതി എന്തു്? മനുക്ഷജയ്മമെടുത്താൽ നിർമ്മാണപദം തേടണം, അതു തരാൻ സാമിയെപ്പോലെക്കൊള്ളവേദാന്ധികളല്ലതാരൊണ്ടു്! അവരെ തൃക്കാലിൽ ഒരൊറ്റ കുമ്പിട്ടാലു്, ഒരായിരം കൈലാഷം!” ശൃംഗാരരസത്തിന്റെ തിങ്ങൽ കൊണ്ടു് ഭാഷാപരിഷ്കൃതിയോടുകൂടി അരുളപ്പെട്ട ഈ നവോമോക്ഷസംഹിത അമ്മാളു എന്ന ബാലികയുടെ മുഖഗൗരവത്തെ ഭഞ്ജിച്ചു് ചില മന്ദസ്മിതങ്ങളെ പുറപ്പെടുവിച്ചു. ചന്ത്രക്കാറൻ അതു കണ്ടു് സംപ്രീതനായി, തന്റെ വാമകരത്തിലെ ഊർദ്ധ്വഭാഗഗോളത്തിന്മേൽ ദക്ഷിണഹസ്താഗ്രം ചേർത്തു് വിജയസൂചകമായ താളം തുടങ്ങി. “അമ്മാളുക്കുട്ടിക്കു് – ചന്ത്രക്കറമ്മാവൻ കാലത്തു് അമ്മാവൻ, വൈയ്യുമ്പം വേറേയുമാമേ – പറഞ്ഞതൊക്കെയും സമ്മധിച്ചു. അങ്ങനെ ഇരിക്കട്ട – കുപ്പണ്ണനെന്തു പറയുണു?”

ഈ സംഭാഷണത്തെ കേൾപ്പാൻ പുറത്തു വാതൽപ്പടിക്കടുത്തു് ഹാജരായി നിന്നിരുന്ന കുപ്പശ്ശാർ എന്ന പരിചാരകനോടായിരുന്നു ഒടുവിലത്തെ ചോദ്യം. ചോദ്യത്തോടുകൂടിത്തന്നെ മറുത്തുപറഞ്ഞാൽ ആ ക്ഷണത്തിൽ കഥകഴിച്ചുകളയും എന്നൊരു നോട്ടവും പുറപ്പെട്ടു. കുപ്പശ്ശാർ മിണ്ടാതെ നിന്നു.

ചന്ത്രക്കാറൻ
“മൗനം അനുവാസം. എല്ലാം ഞാൻ പറഞ്ഞപോലെതന്നെ. ഉമ്മിണി വന്നിട്ടുണ്ടു്. ചേട്ടത്തി ശമയിക്കാനും മറ്റും വല്യ ശട്ടമ്പിയാണവൻ. എല്ലാം ഒരുക്കി അമ്മാളുക്കുട്ടിയെ അവൻ ലംഭയാക്കി മോടിപിടിപ്പിക്കും.” എന്നു പറഞ്ഞുകൊണ്ടു് വിപരീതവാക്കുകൾക്കിടകൊടുക്കാതെ യാത്രയായി. അവിടെ ശേഷിച്ച സംഘക്കാർ ഫണക്ഷതമേറ്റ സർപ്പത്താന്മാരെപ്പോലെ ക്ഷീണവീർപ്പോടുകൂടി പുളച്ചു. ഉമ്മിണിപ്പിള്ളയുടെ ആഗമനം ഉണ്ടാകുമെന്നുള്ള ബോധം വൃദ്ധയ്ക്കും പൗത്രിക്കും ഒരു ദുസ്സംഗമഹാഭയത്തെ ജനിപ്പിച്ചു.

ഏകദേശം ഒമ്പതു നാഴിക പുലർച്ചയായപ്പോൾ വൃദ്ധ കുളികഴിഞ്ഞു് പടിഞ്ഞാറുവശത്തുള്ള തിണ്ണയിലിരുന്നു് ജപം തുടങ്ങി; മീനാക്ഷിഅമ്മയും കുളികഴിഞ്ഞു് രാവിലത്തെ ഭക്ഷണത്തിനു് മാതാമഹികൂടി വന്നുചേരുന്നതിനായി, നനഞ്ഞിരുന്ന തലമുടിയെ മാടിഉണക്കുന്ന ശ്രമത്തോടുകൂടി നാലുകെട്ടിനകത്തു് നടന്നുകൊണ്ടിരുന്നു. ബാലികയുടെ സാന്നിദ്ധ്യത്താൽ ആ ഭവനത്തിലെ ആഭിചാരമൂർത്തികൾ പ്രീണിപ്പിക്കപ്പെട്ടതുപോലെ അവിടം ശോഭിച്ചിരുന്നു. പരലോകവാസിയായ കുട്ടിക്കോന്തിശ്ശന്റെ ആത്മാവും സ്വദൗഹിത്രിയുടെ നവഗുണങ്ങൾ കണ്ടു് സമ്പ്രീതമായി പ്രസാദവർഷത്തെ ആ ഭവനത്തിന്മേൽ ചൊരിയുന്നതുപോലെ കാണപ്പെട്ടു. സ്വകേശാഗ്രം ഭൂസ്പർശം ചെയ്യാതെ സൂക്ഷിച്ചു് വിരലുകൾക്കിടയിലാക്കി ഉയർത്തിച്ചീകുന്ന ബാലിക, തന്നെ അഭിനന്ദിക്കുന്ന മാതാമഹന്റെപ്രീതിക്കായെന്നപോലെ ഒരു പ്രാർത്ഥനാഗാനം തുടങ്ങി: “സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം, ദ്വിഷദ്വിപാപജതകാരിവാരിസംയുതം,” എന്നു തുടങ്ങിയ നർമ്മദാഷ്ടകപാരായണത്തിന്റെ ആരോഹാരവചാതുരിയോടുകൂടിയ മധുരസ്വരതരംഗങ്ങൾ അവിടെ പ്രവഹിച്ചപ്പോൾ, ആ ഭവനത്തിനു് ആ ബാലികതന്നെ ശർമ്മദയായി ഭവിച്ചു. ശോഭാവാഹികളായ ആഭരണപൂരംകൊണ്ടു് അലങ്കരിക്കപ്പെടാതെ ദൃശ്യമാകുന്ന ആ രൂപം കാമുകലോകത്തിനു് വിഭ്രമത്തേയും സത്വചിത്തന്മാർക്കു് അലഭ്യദർശനലാഭാനന്ദത്തേയും നല്കുമെന്നുള്ളതിനു് സംശയമില്ല. കുബേരതുല്യനായ ഒരു പിതാവിനാൽ ലാളിച്ചു് വളർത്തപ്പെട്ടതിന്റെ ചിഹ്നങ്ങൾ ഒന്നുംതന്നെ കാണുന്നില്ല എങ്കിലും, മീനാക്ഷിക്കുട്ടിയുടെ നോട്ടത്തിലും വാക്കിലും നടയിലും സകല ചേഷ്ടകളിലും ആ കന്യകയുടെ ആഭിജാത്യവും ലളിതമായ ഒരു പൗരുഷവും പ്രശാന്തമായ ഊർജ്ജസ്വലതയും സ്പഷ്ടമായി അനുരഞ്ജിച്ചിരുന്നു. വ്രീളാനിഹ്നുതമായുള്ള സൗന്ദര്യം വിശുദ്ധകന്യാത്വത്തിന്റെ പവിത്രതകൊണ്ടു് ഭൂഷിതമാകുമ്പോളത്രെ സൃഷ്ടിവിദ്യ അതിന്റെ പരമമായ പരിഷ്കൃതിഫലത്തേയും അതിശയിക്കുന്നതു്. ഇപ്രകാരമുള്ള സൗന്ദര്യപരമകാഷ്ഠയെ പ്രാപിച്ചിട്ടുള്ള മീനാക്ഷി ഉത്ഭവസമ്പർക്കങ്ങളുടെ മഹനീയതയാൽ സ്വർഗ്ഗംഗാതുല്യയായി നൈർമ്മല്യവിശുദ്ധികൾകൊണ്ടു് സർവത്ര സംശുദ്ധിയേയും സമ്മോഹനത്തേയും വിതരണംചെയ്യുവാൻ അനുഗ്രഹശക്തിയുള്ള ഒരു പാവനശീലവതിയായിരുന്നു. ആ നാലുകെട്ടിലെ തട്ടുതുലാംതൂണുകളിലും ചേറ്റുപടികളിലും സുംഭനിസുംഭമഹിഷാസുരാദിമർദ്ദനരംഗങ്ങളും അനന്തനരസിംഹവാസുകിവ്യാളിവേതാളാദിവിഗ്രഹങ്ങളും ഭീഷണരൂപങ്ങളായി കൊത്തപ്പെട്ടിരുന്നതുകൾ മീനാക്ഷിക്കുട്ടിയുടെ കോമളിമാവിപര്യയംകൊണ്ടു് ഭൂഷണങ്ങളായിത്തീർന്നിരിക്കുന്നു. പ്രാർത്ഥനാഗാനം അവസാനിക്കാറായപ്പോൾ ചന്ത്രക്കാറന്റെ സംബന്ധിയായ ഉമ്മിണിപ്പിള്ള നാലുകെട്ടിനകത്തു് സർവസുന്ദരീകാമുകനെന്നുള്ള നൃത്തവിലാസങ്ങളോടുകൂടി പ്രവേശിച്ചു. നർമ്മദാഷ്ടകത്തിലെ അവസാനശ്ലോകഗാനത്തിന്റെ മാധുര്യത്തെ അയാളുടെ കർണ്ണങ്ങൾ അമൃതംപോലെ പാനം ചെയ്തു. മീനാക്ഷിയുടെ കേശനിബിഡതാദൈർഘ്യങ്ങളേയും, വിലോചനാസേചനകമായ അവളുടെ അംഗപ്രഭാസൗഷ്ഠവങ്ങളേയും, ആദ്യമായി കാണുന്നതുപോലുള്ള കൗതുകത്തോടു് കൂടി അയാൾ മിഴിച്ചു നോക്കിത്തുടങ്ങി. പ്രാർത്ഥനാവസാനംവരെ, തന്റെ ഹരിപഞ്ചാനനസന്നിധിയിലെ അഭ്യാസശക്തികൊണ്ടു് വൃത്തികളെ ദമനംചെയ്തു നിന്നു. അനന്തരം “തരുണീ നിന്നുടയ സഞ്ചാരദൂനതര, ചരണനളിനപരിചരണപരൻ ഞാൻ” എന്നുള്ള ഗാനത്തിന്റെ സഹായംകൂടാതെ, അതിലന്തർഭവിച്ചുള്ള അനുരാഗത്തെ തന്റെ കരസന്ധിയിലെ ചൊറിയിന്മേൽ ചെയ്ത് വീണാംഗുലീപ്രയോഗങ്ങൾകൊണ്ടു് ധ്വനിപ്പിച്ചു. ഉമ്മിണിപ്പിള്ളയുടെ പ്രേമവാസ്തവത്തെ ധരിച്ചു്, പ്രത്യനുരാഗത്തിനു പകരം ഭാഗിനേയത്വത്തെ പരമോത്സാഹമായി അനുവർത്തിച്ചുവന്നിരുന്ന മീനാക്ഷി, അയാളെ കണ്ടപ്പോൾ മാതാമഹിയോടുകൂടി ഭക്ഷണം കഴിപ്പാൻ ക്ഷണിച്ചു.

ഉമ്മിണിപ്പിള്ള
“അമ്മാളുക്കുട്ടി വിളമ്പിത്തരാൻ കാലം വരുമ്പോൾ മറ്റൊരെടത്തു് ഞാൻ പോയി ഉണ്ണുമോ? പഴം നീട്ടീട്ടു് തൊലി തരുമ്പോലെ എന്നെ കബളിപ്പിക്കരുതു്. തേനോലുന്ന ആ കൈകൾ എനിക്കെന്നും വിളമ്പിത്തരാൻ സംഗതി വരട്ടെ. എന്റെ നിത്യാന്നേശ്വരി ആക്കാനല്ലയോ ഞാൻ നോക്കുന്നതു്?”

ഇങ്ങനെ വിടസംഭാഷണത്തിൽ പടുവായുള്ള ഉമ്മിണിപ്പിള്ള പ്രൗഢവയസ്കയായ കൊച്ചമ്മിണി എന്ന സ്ത്രീയോടു തോറ്റു എങ്കിലും, സ്വപുത്രിയാവാൻ മാത്രം പ്രായമുള്ള ഈ ബാലികയുടെ സംഗതിയിൽ അയാളുടെ വാഗ്മിത്വംകൊണ്ടു് വിജയം നേടാമെന്നു് അയാൾ വിശ്വസിച്ചിരുന്നു. ഉമ്മിണിപ്പിള്ളയുടെ ശൃംഗാരഗോഷ്ടിമയമായ അഭിപ്രായത്തിനു് മീനാക്ഷി ഇങ്ങനെ മറുപടി പറഞ്ഞു: “വിളമ്പുന്ന കാര്യത്തെക്കുറിച്ചൊന്നും വിചാരിക്കേണ്ട. ഇന്നുതന്നെ അമ്മാവനു് ഞാൻ വിളമ്പിത്തരാം. പക്ഷേ, തേൻകൂടെന്നു് വിചാരിക്കുന്നതു് കടന്തൽകൂടുമായേക്കാം.” ഈ ഉത്തരത്തോടുകൂടി ഒരു ചെറുചിരിയും പുറപ്പെടുവിച്ചു.

ഉമ്മിണിപ്പിള്ള
“മനസ്സിണങ്ങിവിളമ്പിയാലേ സ്വാദുണ്ടാവൂ. ഈ ക്ഷാമമൂർത്തിവേഷവും കളയണം. എന്നാൽ നമുക്കു സുഖമായി കഴിയാം. അമ്മാളുക്കുട്ടി അങ്ങനെ ചിരിക്കുന്നതിനെക്കാൾ നേരെ എന്റെ കണ്ണിലൊന്നു കുത്തുകയല്ലേ ഭേദം?”
മീനാക്ഷിക്കുട്ടി
“ഇതിലധികം എങ്ങനെയാണു മനസ്സിണങ്ങാനുള്ളതു? അമ്മാവനെക്കാണുമ്പോൾ എനിക്കെന്തു് ഉത്സാഹം? എന്തു സന്തോഷം? കണ്ണിൽ കുത്തുന്നതു് അമ്മാവൻ തന്നത്താൻ ചെയ്യുന്നുണ്ടല്ലൊ.”
ഉമ്മിണിപ്പിള്ള
(ചെവി പൊത്തിക്കൊണ്ടു്) “ഈ അമ്മാവൻ വിളി എന്നെ കൊല്ലുണു. തൽക്കാലത്തേക്കു് ചേട്ടാ എന്നൊ മറ്റൊ വിളിക്കരുതോ?”
മീനാക്ഷിക്കുട്ടി
“നാടു മറന്നാലും മൂടു മറക്കാമോ? അമ്മാവൻ ഈ ജന്മത്തേക്കു് എനിക്കിനി അമ്മാവൻതന്നെ. ചേട്ടാ എന്നു വിളിച്ചാൽ അമ്മാവനു് അവസ്ഥക്കുറവാണു്.”

മീനാക്ഷിയുടെ മറുപടിയിൽ ആദ്യഭാഗം മീനാക്ഷിയുടെയും ഉമ്മിണിപ്പിള്ളയുടെയും കുടുംബവ്യത്യാസത്തെ സൂചിപ്പിച്ചു എന്നു് ഉമ്മിണിപ്പിള്ളയ്ക്കു തോന്നി. അതു വജ്രസൂചിപോലെ ഉമ്മിണിപ്പിള്ളയുടെ ഹൃദയത്തിൽ തറച്ചു. അയാൾ കോപാരംഭത്തോടുകൂടി ഇങ്ങനെ പറഞ്ഞു: “ആർക്കും സൗന്ദര്യത്തിളപ്പു കൊള്ളൂല്ല. അഹങ്കാരത്തിനും വേലി വേണം. നാടും മൂടുംകൊണ്ടു തിളച്ചു്, ഒരിക്കൽ കഴുകും തുറയും കേറി – ഇനിയും കാടു കേറരുതു്, പറഞ്ഞേക്കാം.”

മീനാക്ഷിക്കുട്ടി
(കോപവ്യസനങ്ങൾ ഇടകലർന്നു് കലുഷവദനയായി) “കഴുകേറിയവർക്കുണ്ടോ കാടിനെ ഭയം? ഇതൊന്നും അമ്മ കേൾക്കരുതു്.”
ഉമ്മിണിപ്പിള്ള
(കുറച്ചുകൂടി ദേഷ്യത്തോടുകൂടി) “കേട്ടാൽ പച്ചപ്പച്ചാത്തിന്നുകളയുമോ? ഞാൻ ക്ഷമിക്കൂല്ല. നാളത്തേക്കു നിങ്ങളുടെ കാര്യമെല്ലാം എന്നെ ചുമതലപ്പെടുത്തിയിരിക്കയാണു്. സ്വാമി തിരുവടികൾ എഴുന്നള്ളുന്നതിനു മുമ്പു് രണ്ടിലൊന്നു തീർച്ചയാക്കണം. നമ്മുടെ കാര്യമെല്ലാം ഞാനവിടെ ധരിപ്പിച്ചിട്ടുണ്ടു്. ഇവിടെ വരുമ്പോൾ തീർച്ചയാക്കാമെന്നു് ഒടുക്കം അരുളിച്ചെയ്തിട്ടുമുണ്ടു്.”
മീനാക്ഷിക്കുട്ടി
“സ്വാമി അവർകൾ വരുമ്പൊഴേക്കുരണ്ടിലൊന്നു തീർച്ചയാക്കിവയ്ക്കാൻ അദ്ദേഹം എന്റെ അച്ഛനോ? അമ്മാവനോ? കൊച്ചമ്മിണിഅമ്മേടടുത്തും ഇങ്ങനെതന്നെയാണോ മല്ലിനുനിന്നതും? പെണ്ണുണ്ടാക്കാൻ വേട്ടക്കോലുമെടുത്തോണ്ടു് പുറപ്പെടാറുണ്ടോ? ഒന്നു ഞാൻ തീർച്ചപറയാം – അമ്മാവൻ അമ്മാവനായിരിക്കേയുള്ളു. വേറെവിധം അവകാശം കൊണ്ടുവരികയാണെങ്കിൽ ഇനിമേൽ അതുമില്ല.”
ഉമ്മിണിപ്പിള്ള
“ഈ വീരവാദമെല്ലാം ഏതുവരെ? എന്റെ കൈയിൽ ചില മന്ത്രങ്ങളുണ്ടു്. ഒരേ ഒരു വാക്കിൽ നിങ്ങടെ സ്ഥിതി എവിടെക്കിടക്കും?”
മീനാക്ഷിക്കുട്ടി
“ചന്ത്രക്കാറമ്മാവനുണ്ടു് ഞങ്ങളുക്കു സഹായം.”
ഉമ്മിണിപ്പിള്ള
(ചന്ദ്രക്കാറസ്വരത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടു്) “ആ അമ്മാവൻ കിമ്മാവനുമാകാം! ഈ അമ്മാവന്റെ കാര്യത്തിൽ ശാസ്ത്രമെടുക്കും, മുറയെടുക്കും, തറയെടുക്കും – അതെ, മിനുമിനാന്നിരിക്കും, മനസ്സിനെ കിരുകിരാന്നു് ചൊറിയിക്കും. ചക്രം! ഹേഹേ! മിഴിക്കണ്ട, ആ അമ്മാവനും ഭാര്യയാക്കാൻതന്നെ കെട്ടിച്ചമഞ്ഞു~ നടക്കുന്നതു്. അല്ലാണ്ടുണ്ടോ അക്കോമരു് തുള്ളുണു?”

മീനാക്ഷി ഒന്നു പുറന്തിരിഞ്ഞു് പാചകശാലക്കെട്ടിലേക്കു് നട തുടങ്ങി. ഉമ്മിണിപ്പിള്ള ധർമ്മവും മര്യാദയും മറന്നു്, ആ കന്യകയെ കൈയ്ക്കു പിടിച്ചു് തടുത്തു. സിംഹശക്തിയോടുകൂടി കൈ തട്ടീട്ടു് സിംഹിയെപ്പോലെ കോപംകൊണ്ടു് ജൃംഭിതമായ മുഖത്തോടുകൂടി മീനാക്ഷി തിരിഞ്ഞുനിന്നു. ജംബുകനെപ്പോലെ താടി വിറച്ചു്, താണു്, സ്വല്പനേരം നിന്നിട്ടു്, ചില അമർത്തിയ ഊളികളോടും കിതപ്പോടും ഉമ്മിണിപ്പിള്ള മീനാക്ഷിഅമ്മയെ പരിരംഭണം ചെയ്‌വാൻ ഉന്മാദോദ്വേഗവാനായി മുമ്പോട്ടു് കുതിച്ചു. ഉമ്മിണിപ്പിള്ളയുടെ അഭീഷ്ടവിഘാതം ഉണ്ടായി എന്നു് മാത്രമല്ലാ, അയാൾ തന്നെ ഒരു പരിരംഭണത്തിൽ അകപ്പെട്ടു. കുപ്പനായ അരക്കന്റെ മുഷ്ടികൾക്കിടയിൽ അയാളുടെ മുഴംകാലുകൾ തളയ്ക്കപ്പെട്ടു, വൃക്ഷാസനഭ്യസനം ചെയ്യുംവണ്ണം തലകീഴായ് തൂങ്ങുന്നതിനിടയിൽ ഉമ്മിണിപ്പിള്ള മത്സ്യംകണക്കു് പിടഞ്ഞു. കുപ്പന്റെ ഏകനേത്രം തുറിച്ചു് ഇളകിയാട്ടം തുടങ്ങി. അയാളുടെ നാസാരന്ധ്രങ്ങൾക്കിടയിൽക്കൂടി അനേകം അനുനാസികങ്ങൾ ഒന്നിച്ചുചേർന്നുള്ള ചില ഘനശബ്ദങ്ങൾ പുറപ്പെട്ടു. ജപിച്ചുംകൊണ്ടിരുന്ന വൃദ്ധ പ്രവേശിച്ചു് ക്ഷീണസ്വരത്തിൽ കുപ്പന്റെ സാഹസത്തെ ശാസിച്ചപ്പോൾ ഉമ്മിണിപ്പിള്ള പൂർവസ്ഥിതിയിൽ പാദങ്ങളിന്മേൽ നിർത്തപ്പെട്ടു. വൃദ്ധയുടെ ചോദ്യങ്ങൾക്കു് മീനാക്ഷി ഉത്തരമൊന്നും പറയാതെ നില്ക്കയാലും, കോപത്തിടുക്കത്തിനിടയിൽ പുറപ്പെട്ട കുപ്പന്റെ സമാധാനങ്ങൾ ദുർഗ്രഹമായിരുന്നതിനാലും, വൃദ്ധ ഉമ്മിണിപ്പിള്ളയോടു താൻ കണ്ട കഥയ്ക്കു കാരണമെന്തെന്നു ചോദ്യംചെയ്തു. ഉമ്മിണിപ്പിള്ള ജനിച്ചതിൽപ്പിന്നെ അതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്തതായ കോപപാരുഷ്യകാലുഷ്യങ്ങളോടുകൂടി തുള്ളി, നിലയിൽനില്ക്കാതെ, ശ്വാസംമുട്ടി ഇങ്ങനെ പറഞ്ഞു: “കഥയും പുരാണവുമെല്ലാം ഞാൻ പറഞ്ഞുതരാം. ഹിത്ര മൂത്തില്ലയൊ? തെണ്ടിപ്പരിഷകള്! നാളത്തേടം – ഒരു ദിവസം കഴിഞ്ഞോട്ടു്. തൊറകേറ്റല്ല നിങ്ങൾക്കു്. പെണ്ണെന്നും കിഴട്ടുവങ്കടമെന്നും – കൂട്ടാക്കാതെ കഴുകേറ്റിച്ചില്ലെങ്കിൽ, ഛീ! രാജ്യം വെള്ളരിക്കാപ്പട്ടണമായിപ്പോയിട്ടില്ലാ.”

വൃദ്ധയുടെ മുഖം ഹാസ്യരസംകൊണ്ടു് ഒരു വലിയ തളികയോളം വിസ്താരമാർന്നു. ഉമ്മിണിപ്പിള്ളയുടെ ആയിടയ്ക്കുള്ള പരിചയഗതിയാൽ ഹരിപഞ്ചാനനനേത്രങ്ങളിലെ ഉഗ്രരശ്മികൾ ആ വൃദ്ധയുടെ നരച്ച പുരികക്കൊടികൾക്കു് കീഴുള്ള കണ്ണുകളിൽനിന്നും പുറപ്പെട്ടതായും, രക്തപ്രസരംകൊണ്ടു് പുഷ്ടമായ വൃദ്ധയുടെ മുഖം ഹരിപഞ്ചാനനയോഗീശ്വരന്റെ അംബികാവിഗ്രഹമുഖത്തോടു് തുല്യ തേജസ്സുള്ളതായും അയാൾക്കു് ഒരു ഛായാഭ്രമമുണ്ടായി. ആ സ്ത്രീയുടെ പൗരുഷത്തോടുകൂടിയ പരുഷവാക്കുകൾ ഹരിപഞ്ചാനനന്റെ വാക്പടുതയേയും അതിശയിച്ചു്, അയാളുടെ അന്തരാധാരങ്ങളെ ഭിന്നമാക്കി. “ഫ്! എന്തു് പറഞ്ഞു നീ? ആരെന്നു് വിചാരിച്ചു് പറഞ്ഞു? വാടാക്കരൾകൊണ്ട കുലമെന്നു് നീ കേട്ടിട്ടില്ലയോ? അക്കുലം പെറ്റമങ്കമാരോ തെണ്ടിപ്പരിഷകൾ? ഞങ്ങളെപ്പഠിപ്പിക്കാൻ ആശായ്മയുള്ളവനെ ഒന്നു് കാണട്ടെ! തൊറകേറ്റും കഴുകേറ്റുംകൊണ്ടു് ഇക്കുലത്തിനു് എന്തു് കുറ വന്നെടാ? മഹിമപെറ്റ മാറാപ്പേരു് കുലത്തിനും കൂട്ടത്തിനും ചേർത്തു! അല്ലാതെന്തടാ? ഞങ്ങളും നീയുമായി ഇന്നുമുതൽ സ്വന്തവും ബന്ധവും അറ്റു. പോ, പോ! മറയത്തു് പോ!”

വെടിതീർന്നതുപോലുള്ള ‘ഫ്’ എന്ന ആട്ടുകൊണ്ടു് ഉമ്മിണിപ്പിള്ള മുക്കാൽഭാഗവും, ഒടുവിലത്തെ ഊർജ്ജിതമായുള്ള വാക്കുകൾ കൊണ്ടു് മുഴുവനും, മുറ്റത്തായി എങ്കിലും അവിടം വിട്ടു് പോകുന്നതിനിടയിൽ ഇത്രയും വീരവാദം പറഞ്ഞു: “എന്റെ ഗുരുനാഥതൃപ്പാദങ്ങൾ ഇവിടെ എഴുന്നള്ളട്ടെ – നിങ്ങളെക്കൊണ്ടു് നായ്ക്കളെപ്പോലെ എന്റെ പുറകെ വാലാട്ടിച്ചേക്കാം. അതിനു് നാഴിക നാല്പതും മറ്റും വേണ്ട.” ഇതിനുത്തരമായി കുപ്പശാരു് ഉമ്മിണിപ്പിള്ളയെ തുടർന്നു് ചെന്നു്, “ണിന്റെ ഷാമീണെ തലമണ്ഹ!” എന്നു് അയാളുടെ ബുദ്ധിക്കെത്തിയതായ ഒരു ഭത്സനചെയ്തു്, പുറത്താക്കി വാതിലടച്ചു്, ചാണകം തളിച്ചു് ശുദ്ധിയാക്കുന്ന ഭാവവും കാണിച്ചു് ‘ഹണിശ്ശിണി!’ (ഹരിഃ ശ്രീ) പഠിപ്പിക്കാൻ വന്നവൻ! എന്നും മറ്റും, മലയാള അക്ഷരമാലകൊണ്ടു് ധരിപ്പിക്കാൻ ശക്യമല്ലാത്ത ഭാഷയിൽ ചില ആക്ഷേപങ്ങളും വീരവാദങ്ങളും ചെയ്തുകൊണ്ടു്, സ്ത്രീകളുടെ സന്നിധിയിലേക്കു് മടങ്ങി. മീനാക്ഷിഅമ്മയുടെ രണ്ടാമത്തെ കാമുകഖലന്റെ ഭീഷണിയേയും ശപഥത്തേയും കുറിച്ചു് ഊണിനിടയിൽ വൃദ്ധയും ദൗഹിത്രിയും ഒട്ടേറെ സംഭാഷണംചെയ്തു് എങ്കിലും മനക്കരുത്തുള്ള ആ രണ്ടു് സ്ത്രീകൾക്കും ഭക്ഷണത്തിനു് ഒട്ടുംതന്നെ രുചിക്കുറവുണ്ടായില്ല. അവരുടെ ക്ഷേമഭാരവാഹിയായ കുപ്പശ്ശാർ വീരവാദിയായി, ധീരോദ്ധതനായി ഊണിനിരുന്നിട്ടും, ഒരു മണി അരിപോലും ആസ്വദിപ്പാൻ അയാൾക്കു് ആകാംക്ഷയുണ്ടാകാഞ്ഞതിനാൽ, തന്റെ പാചകവൈഭവത്തെ അധിക്ഷേപിച്ചുകൊണ്ടു് എണീറ്റു് കൈകഴുകി; അഞ്ചാറുകൈ വെള്ളം ശാപങ്ങളോടുകൂടി സൂര്യന്റെ നേർക്കു് അർപ്പിക്കുകയും ചെയ്തു. ആ സംഘത്തിന്റെ പരമാർത്ഥസ്ഥിതിയെ ഉമ്മിണിപ്പിള്ള പരസ്യംചെയ്തേക്കാമെന്നുള്ള ശങ്കകൊണ്ടു് അടുത്ത ദിവസത്തെ ആഘോഷങ്ങളിൽ അവർ ചേരുന്നില്ലെന്നും, തങ്ങളുടെ ഭവനപ്പടിക്കൽ നിന്നു് അനുഗ്രഹദാതാവായുള്ള മഹായോഗിയെ സന്ദർശനംചെയ്തുകൊള്ളാമെന്നും, ചന്ത്രക്കാറന്റെ അപേക്ഷപ്രകാരം വേഷംഭേദംചെയ്യാതെ ആ സന്ദർശനം നിർവ്വഹിക്കണമെന്നും അവർ തീർച്ചയാക്കി. മൂന്നാമത്തെ നിശ്ചയം ഏറ്റവും നിസ്സാരമെങ്കിലും ലോകത്തിൽ ചില നിസ്സാരസംഭവങ്ങൾ അതിന്റെ മഹാഗതിയെ നിയന്ത്രണംചെയ്യുന്നവണ്ണം, ആ നിശ്ചയം ഈ ചരിത്രത്തിന്റെ ഗതിയിൽ സാരമായവിധത്തിൽ പ്രവർത്തിച്ചു.

സന്ധ്യയോടടുക്കുന്നതുവരെയുള്ള അന്നത്തെ ദിവസശിഷ്ടം ആ ഭവനത്തിലുള്ളവർക്കു് ചിന്താമേഘച്ഛന്നമായിത്തന്നെ കഴിഞ്ഞു. ആ സംഘത്തിന്റെ പൂർവ്വഗാമിയായി ആ ഭവനത്തിൽ താമസിച്ചിരുന്ന ഉഗ്രമന്ത്രോപാസകൻ ആരാധനചെയ്തതിൽ അവിടത്തെ ആകാശത്തിൽ പ്രസരംചെയ്ത് ശേഷിക്കുന്ന ആത്മാരാധനാബിന്ദുക്കളും, അന്യനേത്രഗോചരമാകാതെ പടിഞ്ഞാറേക്കെട്ടിനകത്തു് പൂർവ്വപൂജാവാഹനാദിക്രിയകൾകൊണ്ടു് സാക്ഷാൽക്കരിക്കപ്പെട്ടു് സ്ഥിതിചെയ്യുന്ന വിഗ്രഹങ്ങളും ദൗഹിത്രിയെ എങ്കിലും രക്ഷിക്കട്ടെ എന്നു് വൃദ്ധ അവകാശബോധത്തോടുകൂടി അന്തരാത്മനാ പ്രാർത്ഥിച്ചു. ഹൃദയാന്തർന്നാളം തപിച്ചുണ്ടായ ആ പ്രാർത്ഥന ഉടൻതന്നെ ഫലോന്മുഖമായി കാണപ്പെടുകയും ചെയ്തു.

അസ്തമയത്തിനു് കുറച്ചുമുമ്പായി പരിചിതസ്വരത്തിലല്ലാതെ ഒരാൾ പടിവാതുക്കൽ വിളിച്ചു, വാതലിന്റെ ചുഴുകുറ്റി ഇളകുമാറു് മുട്ടിത്തോറ്റിട്ടു് ഉറക്കെ ആ ദിക്കിനെത്തന്നെ പഴിപറഞ്ഞു തുടങ്ങി. ആ സന്ദർഭത്തിൽ മുറ്റത്തു് വ്യായാമത്തിനായി നടന്നുകൊണ്ടിരുന്ന വൃദ്ധ ആ കലുഷവാക്കുകളെ കേട്ടു് ചെവി കൊടുത്തു് സൂക്ഷിച്ചതിൽ, അതുകൾ ഒരു ബ്രാഹ്മണന്റെ കോപജല്പനങ്ങളാണെന്നു് മനസ്സിലാക്കി, തന്റെ ഭൃത്യനെ വിളിച്ചു് വാതിൽ തുറക്കാൻ ചട്ടം കെട്ടീട്ടു് നാലുകെട്ടിലേക്കു് തിരിച്ചു. വാതിൽ തുറന്നപ്പോൾ ഉണ്ടായ പ്രവേശനം വെങ്കിടേശ്വരഭീമസേനയ്യരുടേതായിരുന്നു. കുപ്പശ്ശാർ വാതിലിനെ പിന്നെയും ബന്ധിച്ചു. ചിലമ്പിനേത്തു് നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ സുഖനിദ്രയ്ക്കു് സൗകര്യമില്ലെന്നുള്ള ആലോചനയാൽ അവിടെനിന്നു് പോന്നു, ഈ പറമ്പിനകത്തു് കടന്ന മാമാവെങ്കിടനും ഭൃത്യനും പരസ്പരം ഒരു മുഖപരിശോധന കഴിച്ചു. ഭൃത്യന്റെ ആകൃതി ഒരിക്കൽ കണ്ടാൽ വിസ്മരിച്ചുപോകുന്നതല്ലാത്തതിനാൽ, മാമാവെങ്കിടൻ തന്റെ നിയമപ്രകാരമുള്ള സ്വാതന്ത്ര്യസംബോധനയിൽ തുടങ്ങി: “അടേ അഷ്ടവക്രാ!” എന്നു് പറഞ്ഞു് അർദ്ധോക്തിയിൽ വിരമിച്ചു, അല്പം കുഴങ്ങിനിന്നു എങ്കിലും, പിന്നേയും വിനോദത്തെത്തന്നെ തുടർന്നു: “ഉന്നെ അപഹസിച്ചാക്കാൽ കബന്ധനായിടുമോ? ശപിച്ചൂടാതുമണ്ണാ! വെങ്കിടിയെ മറന്തുട്ടിയാ? ശിന്നവെങ്കിടിയെ? ചുക്കുച്ചുക്കുക്കുവാറയാ?” അവസാനത്തിലെ ചോദ്യംകേട്ടു് കുപ്പശ്ശാർക്കു് മാമാവെങ്കിടനെ മനസ്സിലായി. ആ ഭൃത്യന്റെ ഏകനേത്രം വർഷിച്ചു് അശ്രുപ്രവാഹം അയാളെ ഒരു സന്ധ്യാസ്നാനം കഴിപ്പിച്ചു. ബ്രാഹ്മണനെ പിടിച്ചുകൊണ്ടു് സ്വല്പം തെക്കുമാറി അനുനാസികപ്രചുരമായ അയാളുടെ പ്രത്യേകഭാഷയിൽ സ്വാഗതം പറഞ്ഞു. പിന്നീടു് രണ്ടുപേരുമായി ദീർഘമായ ഒരു സംഭാഷണവും കഴിഞ്ഞു. അതിന്റെ വിഷയം അവരുടെ വിയോഗാനന്തരമായ കാലത്തെ ചരിത്രത്തിന്റെ സംക്ഷേപമായിരിക്കണമെന്നു് വായനക്കാർക്കു് ഊഹ്യമാണല്ലോ. സംഭാഷണത്തിന്റെ അവസാനത്തിൽ, കുപ്പശ്ശാർ “അമ്ലോംണീ! അമ്ലോംണീ!” എന്നു് വിളിച്ചു. അമ്മാളുഅമ്മിണി എന്ന പദത്തെ സംബോധനാരൂപത്തിൽ മേൽപ്രകാരം പ്രയോഗിച്ചു് കുപ്പശ്ശാർ വിളിച്ചപ്പോൾ, പടിഞ്ഞാറേവശത്തു് നിന്നിരുന്ന മീനാക്ഷി പ്രത്യക്ഷമാവുകയും മാമൻ പ്രസ്താവനയൊന്നുംകൂടാതെ “മുഗ്ദ്ധപാംഗസ്മിതോദ്യൽസ്മരരസമധുരം പ്രാഹതം മോഹനാംഗി” എന്നു്, താൻ കണ്ട സൗന്ദര്യധാമത്തിനു് സ്തോത്രമായി മൂളുകയും ചെയ്തു. തന്റെ പൂജാബിംബമായ കന്യകയെ സ്തുതിച്ചുള്ള ഗീതമാണെന്നു് മനസ്സിലാക്കി കുപ്പശ്ശാർ രസക്കുണുങ്ങലുകൾകൊണ്ടു് മാമനു് ബലേ പറഞ്ഞു. മാമാവെങ്കിടനെക്കണ്ടപ്പോൾ അന്യനായ ഒരു പുരുഷന്റെ ആഗമനത്തിൽ ആശ്ചര്യത്തോടും, എന്നാൽ ബ്രാഹമണനാണെന്നു് കാണപ്പെട്ടതുകൊണ്ടു് പ്രത്യേകം ആദരവോടും സ്വല്പം നിന്നിട്ടു്, മീനാക്ഷി വൃദ്ധയുടെ സമീപത്തേക്കു തിരിച്ചു. “ഇതാ ഈ കന്യകാരത്നമാണു് ഞങ്ങടെ വലിയ ഭാരം” എന്നു് ഏകനേത്രവും കരങ്ങളുംകൊണ്ടു് കുപ്പശ്ശാർ ഉപന്യസിച്ചു.

മാമാവെങ്കിടൻ
“എന്നെടായിതു്! തായാർ രെണ്ടാവതും കുഴന്തയായി, ലക്ഷ്മീരൂപമായി വന്തുട്ടിതാ? ആശ്ചര്യം! ‘വിണ്ണിലുമില്ലനൂനം – അന്യലോകത്തിങ്കലും’ – സന്ദേഹമില്ലെ കുപ്പണ്ണാ – നല്ലാസൂക്ഷിച്ചുക്കൊ – കണ്ട പയാക്കൾകൊണ്ടു തൊങ്കിയുടെക്കൂടാതു്.”
കുപ്പൻ
‘ശളുവാശ്ശാമി’ എന്നു് ആക്ഷേപിച്ചുകൊണ്ടു് അയാളെ കാൽകഴുകിച്ചു്, നാലുകെട്ടിനകത്താക്കി, ഇരുപ്പിനു് ഒരു പായ് വിരിച്ചുകൊടുത്തു. അത്യാദരവോടുകൂടി കെട്ടിനകത്തു കടന്ന ബ്രാഹ്മണനെക്കണ്ടപ്പോൾ വൃദ്ധ സൂക്ഷിച്ചുനോക്കി, ഇതിനുമുമ്പിൽ കാളിഉടയാൻപിള്ളയെക്കണ്ടപ്പോൾ ഉണ്ടായതിലും അധികം പരവശതയോടുകൂടി കരഞ്ഞു. അതു കണ്ടു് പതിവായി പൊന്നാനിപാടുന്ന മാമാവെങ്കിടൻ വൃദ്ധയുടെ ദുഃഖഘണ്ടാരത്തിനു ശങ്കിടിപാടാൻ ഇലത്താളം കൈയേറ്റു.

ഏകദേശം അഞ്ചുനാഴിക അസ്തമിച്ചപ്പോൾ എല്ലാവരും ചേർന്നു് നാലുകെട്ടിന്റെ കിഴക്കേത്തളത്തിൽ ഒരു സംഘം കൂടി. മടക്കു കസാലപോലെ മുട്ടുകെട്ടി തളത്തിന്റെ വടക്കുകിഴക്കുമൂലയിൽ കുപ്പശ്ശാർ കൈമടക്കിന്മേൽ തലചെരിച്ചുവച്ചു്, സ്വനേത്രത്തെ മാത്രം വിളക്കത്തു് തെളിയുമാറു് കാട്ടിക്കൊണ്ടു് അഗ്രാസനത്തെ വഹിച്ചു. മാമാവെങ്കിടൻ തന്റെ അത്താഴത്തിനു് തയ്യാറാക്കി, മറ്റുള്ളവർക്കും കൊടുത്ത പദാർത്ഥങ്ങളെപ്പോലെ മധുരമായുള്ള പദാർത്ഥങ്ങൾ അടങ്ങിയ പ്രസംഗങ്ങളെക്കൊണ്ടു് സദസ്യരെ രസിപ്പിക്കാൻ തയ്യാറാകുന്നു. എന്നാൽ ആ പ്രഗത്ഭവാഗീശ്വരന്റെ പ്രസംഗാരംഭത്തെ ചില ആത്മഗതങ്ങൾ കുറച്ചുനേരത്തേക്കു് ഏകദേശം ഇപ്രകാരം നിരോധനം ചെയ്തു: “നിധി എടുപ്പാൻ പുറപ്പെട്ടപ്പോൾ ഭൂതം പുറപ്പെട്ടതുപോലെ ആയി നമ്മുടെ കാര്യം. വലിയകൊട്ടാരം പലഹാരപ്പുര മൂത്തണ്ണാവിയും കഴക്കൂട്ടത്തെ കുട്ടിപ്പട്ടരും തമ്മിൽ ഇതാ ശണ്ഠയിലായി. രാമരാജകാര്യനിവൃത്തിക്കായി ഗൂഢസഞ്ചാരം ചെയ്യുന്നതിനിടയിൽ ഈ ബാലികയുമായി കേശവപിള്ള സംഘടിച്ചിട്ടുണ്ടു്. ഇവളിൽ അയാൾക്കു് അനുരാഗവും ഉദിച്ചിട്ടുണ്ടു്. നാളത്തെ ആൾത്തിരക്കിൽ ഇവളെ സംരക്ഷണം ചെയ്‌വാനാണു് വിശ്വസ്തനായ നമ്മെ നിയോഗിച്ചിരിക്കുന്നതു്. സ്ത്രീകളുൾപ്പെടെയുള്ള സ്ഥിതികളെ അറിഞ്ഞുവരാനാണല്ലോ അയാൾ നിഷ്കർഷിച്ചതു്. ശുദ്ധഗതികൊണ്ടു് ഇതിൽ വന്നു് ചാടി. ഇവരെ വിട്ടുകൊടുക്കാമോ? അന്നദാതാവായ സ്വാമിയെ വഞ്ചിക്കാമോ? നമ്മുടെ വത്സനായ കേശവപിള്ളയെ വട്ടത്തിലാക്കാമോ? ആയാളും ഈ കന്യകയും പാലും പഞ്ചസരയുമെന്നവണ്ണം ചേരുമല്ലൊ. പക്ഷെ, കേശവപിള്ളയുടെ ജാതി എന്തെന്നും, കുടുംബമേതെന്നും, നാം തന്നെ അറിഞ്ഞിട്ടില്ല. ആ സ്ഥിതിക്കു് വിവാഹാലോചനയ്ക്കു് ഉദ്യോഗിച്ചാൽ, വൃദ്ധ – അമ്പോ! നമ്മെ ശ്മശാനയാത്രയ്ക്കുതന്നെ കോപ്പിടുവിച്ചേക്കാം. കേശവപിള്ളയും ഇവളും തമ്മിൽ ദാമ്പത്യമുണ്ടായാൽ അയാളുടെ ഭാഗ്യമോ? തുലഞ്ഞു! മഹാരാജപ്രീതി പറന്നുപോവൂല്ലേ? നാശം! എങ്കിലും എന്തും വരട്ടെ. അപ്പപ്പോൾ കണ്ടതുപോലെ നടക്കാം. ഈശ്വരോ രക്ഷതു – ഇവരെ സഹായിക്കണം. ധൈര്യത്തെ അവലംബിച്ചു് ഒരു പൊടിക്കെ പുറപ്പെടുവിക്കാം” - ഈ സ്വകാര്യനിശ്ചയത്തോടുകൂടി മാമൻ പ്രഥമനിശ്ചയത്തെ സദസ്സിൽ പ്രസിദ്ധമായി സമർപ്പണം ചെയ്തു: “വിളിച്ചുപറയാൻ പട്ടരാണല്ലൊ. അമ്മാളുക്കുട്ടിയെ ഇങ്ങനെ വച്ചൊണ്ടിരുന്നൂടാ. ‘അർത്ഥോ ഹി കന്യാ പരകീയ ഏവ’. കുഞ്ഞമ്മ അനുവദിച്ചാൽ -”

വൃദ്ധ
“കുഞ്ഞമ്മയെന്നോ? അവസ്ഥയും യശസ്സും സ്ഥാനവുമെല്ലാം മണ്ണടിക്കു പോയി, വ്യാഴവട്ടം മൂന്നായില്ലയോ? കൊച്ചു എന്നു വിളിച്ചാൽ മതി.”
മാമാവെങ്കിടൻ
“നാക്കിൽ അതു വഴങ്ങണ്ടയൊ! അമ്മ എന്നു മാത്രം പറയാം. അതു് ഇടറൂല്ല. കുഞ്ഞിനു് തക്കതായ ഒരു ഭർത്താവിനെ വേഗത്തിൽ ഉണ്ടാക്കണം. ഈ ചായത്തുണികൾ ദൂരെക്കളയുകയും വേണം – നമ്മുടെ ഒരു ഇതിനെ – മഞ്ജുളശ്രീത്വത്തിനെ – അതു് ‘ഹതേജഗൽപ്രാണസുതേ’ എന്ന മട്ടാക്കുന്നു.”
വൃദ്ധ
“അതിനു് തരം വരാതെന്തു ചെയ്യും? എല്ലാരും മരിച്ചൊടുങ്ങി. കുപ്പനും എനിക്കും ഇനി കാലമെന്തുണ്ടു്? ഞങ്ങളെച്ചുറ്റിയിരിക്കുന്ന ആപത്തു് തീർന്നല്ലാതെ ഇവളെ ആരു കൊണ്ടുപോകും? അതിനു വഴിയെന്തു? വേണ്ടതു ചെലവിടാം.” (വൃദ്ധയും മറ്റു ദാരിദ്ര്യസ്ഥിതിയിൽ ഇരിക്കയാണെന്നും, അതിന്റെ നിവൃത്തിക്കു് എന്തെങ്കിലും താൻ അപ്പഴപ്പോൾ സഹായിക്കണമെന്നും മാമൻ ആലോചിച്ചിരുന്നു. സമ്പത്തില്ലാത്ത കഷ്ടം അവരെ ബാധിക്കുന്നില്ലെന്നു് അറിഞ്ഞപ്പോൾ മാമന്റെ മനസ്സിൽനിന്നു് വലുതായ ഒരു ഭാരം നീങ്ങി.) “സഹായിപ്പാൻ പ്രാപ്തിയും നേരും ഉള്ളവരെ ഇങ്ങ് കിട്ടണ്ടയോ? ഈ പരമാർത്ഥങ്ങൾ മുഴുവനും ചന്ത്രകാറനോടുതന്നെ പറവാൻ പാടില്ല. തന്നോടാകകൊണ്ടു് പറഞ്ഞു.” (താൻ നാരായവേരായ ബന്ധുവാണെന്നു് മാമൻ അഭിനയിച്ചു.) “ഈ പ്രദേശംവിട്ടു് ഇവൾക്കു് ഒരു പൊറുതി കിട്ടിയാൽ വല്യ ഭാഗ്യമായി. അതിനു വേണ്ട വഴി നോക്കാനാണു് ഇങ്ങോട്ടുപോന്നതുതന്നെ.”

കുപ്പശ്ശാർ കണ്ണുകൊണ്ടു് മാമനെ സകല കാര്യങ്ങളും ഭരമേല്പിച്ചു. ‘വെങ്ണുശ്ശാമി’ എന്നു് സംബോധനചെയ്തുകൊണ്ടു്, ബ്രാഹ്മണന്റെ ഉള്ളിൽ അങ്കുരിച്ചിട്ടുള്ള അഭിപ്രായങ്ങളെ സധൈര്യം പറവാൻ അയാൾ ഉത്സാഹിപ്പിച്ചു. മാമൻ ഇരുന്നിരുന്ന സ്ഥലത്തുനിന്നു് പല ആവൃത്തി ഇളകിയുറച്ചു്, തുടയിൽ താളവും പിടിച്ചു് ചുമച്ചു്, കണ്ഠവും തെളിച്ചു്, കരുണയോടെ അമ്മാളുക്കുട്ടിയെ കടാക്ഷം ചെയ്തപ്പോൾ, ആ ബാലിക അന്നു തനിക്കു് ഭർത്തൃവർഷമെന്നു വിചാരിച്ചു് ഒന്നു പുഞ്ചിരിക്കൊണ്ടു.

മാമാവെങ്കിടൻ
“പുഞ്ചിരിപ്പൂ തൂകറയാ? നമുക്കും രാജാധികാരമിരുക്കു്. ബന്ധനം ചെയ്തുടറേൻ പാർ!” (വൃദ്ധയോടും) “നമ്മുടെ സ്വാധീനത്തിൽ ഒരു കുട്ടിയുണ്ടു്. എഴുത്തുകുത്തിൽ ബുധൻ പഠക്കും; കണ്ടാലോ രാജകേസരി. മിണമിണന്നങ്ങനെ നിപുണത്വം വഴിയും. എന്തിനു വിസ്തരിക്കുന്നു? നമ്മുടെ കേശവൻകുഞ്ഞിനെ ഒന്നു കണ്ടാൽ –” അമ്മാളുക്കുട്ടി ഭൂമി പിളർന്നു് തിരോഹിതയായതുപോലെ മറഞ്ഞു. വൃദ്ധ അർദ്ധവ്യാജഗൗരവം നടിച്ചു. കുപ്പൻ “അങ്ങനെ! അരമനരഹസ്യം അങ്ങാടിപ്പാട്ടു്” എന്നു സ്വഭാഷയിൽ വൃദ്ധയുടെ മോഹാനുകൂലമായി നടന്നുകൊണ്ടിരുന്ന ഒരു ശ്രമം പുറത്തു വന്നു പോയി എന്നു് അപഹസിച്ചു ചാഞ്ചാടി. മാമാവെങ്കിടൻ ലാക്കിനുകൊണ്ടു എന്നു് തന്റെ ബുദ്ധിയെ അഭിമാനിച്ചു് ഉത്സാഹഭ്രമം കൊണ്ടിളകി, ഒരു രുഗ്മിണീസ്വയംവരകഥ നടത്താൻ ചേങ്ങലയും കോലും കൈക്കൊണ്ടു് രാഗാലാപം തുടങ്ങി.