close
Sayahna Sayahna
Search

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം


നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

ഒരു അര മണിക്കൂര്‍ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോള്‍ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് – ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എണീറ്റിരുന്നു ഗോവിന്ദനെ വിളിച്ചു രാത്രി പറഞ്ഞതെല്ലാം രണ്ടാമതും പറയിച്ചു. മനസ്സിന്നു കുറെ സുഖം തോന്നി.

നമ്പൂതിരിപ്പാട്
ചെറുശ്ശേരി എവിടെയാണ് കിടക്കുന്നത്, ഉണര്‍ന്നുവോ?
ഗോവിന്ദന്‍
കുളിപ്പാന്‍ പോയി. ഇതിന്റെ തെക്കേ അറയിലാണ് ഉറങ്ങിയത്. ചെറുശ്ശേരി നമ്പൂതിരിയോട് അടിയന്‍ ഉണര്‍ത്തിച്ചതൊന്നും ഇപ്പോള്‍ അരുളി ചെയ്യരുതേ.
നമ്പൂതിരിപ്പാട്
എന്താ വിരോധം?
ഗോവിന്ദന്‍
സ്ഥിതി ഒന്നറിഞ്ഞിട്ടുമതി എന്നടിയനു തോന്നുന്നു.
നമ്പൂതിരിപ്പാട്
മിടുക്കാ! നീ മഹാ മിടുക്കന്‍തന്നെ. എന്നാല്‍ ഈ കാര്യം സ്വകാര്യമായിരിക്കട്ടെ. ഞാന്‍ ഇന്ദുലേഖയെ ഇന്നുകൂടി ഒന്നു കാണാം. എന്നിട്ടും അവള്‍ വശത്തായില്ലെങ്കില്‍ ക്ഷണേന മറ്റേ കാര്യം നടന്നു പുലര്‍കാലെ അവളേയും കൊണ്ടു പൊയ്ക്കളയാം. ഇന്ദുലേഖയെതന്നെയാണു കൊണ്ടു പോയത് എന്നേ ഇവിടെ പുറത്തുള്ളാളുകള്‍ വിചാരിക്കുകയുള്ളൂ. നോം പോയ്ക്കഴിഞ്ഞിട്ടു പിന്നെ അറിഞ്ഞോട്ടെ. പിന്നെ അറിയുന്നതുകൊണ്ട് ഒരു കുറവും നോക്ക് ഇല്ലെല്ലോ. അതുകൊണ്ട് ഈ കാര്യം ഗോപ്യമായിതന്നെ വെച്ചോ. ഇന്ദുലേഖയെത്തന്നെയാണ് സംബന്ധം കഴിച്ചു കൊണ്ടു പോവുന്നത് എന്നു നീ എല്ലാവരോടും ഭോഷ്ക് പറഞ്ഞോ, അഥവാ ഇന്നു ഞാന്‍ കാണിപ്പാന്‍ ഭാവിച്ചിരിക്കുന്ന രസികത്വം കൊണ്ട് ഇന്ദുലേഖതന്നെ വശത്തായാല്‍ പിന്നെ അവളെത്തന്നെ കൊണ്ടു പോവുകയും ചെയ്യാം; അല്ലേ?
ഗോവിന്ദന്‍
ഇപ്പോള്‍ അരുളി ചെയ്ത് ശരി. അങ്ങിനെ തന്നെയാണു വേണ്ടത്.
നമ്പൂതിരിപ്പാട്
എന്നാല്‍ ആ പെണ്ണിനെ ഒന്ന് എനിക്കു കാണേണമെല്ലോ. അതിനെന്താണു വിദ്യ?
ഗോവിന്ദന്‍
അടിയന്‍ പോയി അന്വേഷിച്ചു വരാം. അമ്പലത്തില്‍ തൊഴാന്‍ വരും. അ­പ്പോള്‍ കാണാം.
നമ്പൂതിരിപ്പാട്
രസികക്കുട്ടീ! സമര്‍ത്ഥാ! അതുതന്നെ നല്ല സമയം. നീ പോയി അന്വേഷിച്ചു വാ.

ഗോവിന്ദന്‍ ഉടനെ പോയി അന്വേഷിച്ചപ്പോള്‍ കല്യാണിക്കുട്ടി സ്ത്രീകളുടെ കുളപ്പുരയില്‍ കുളിക്കുന്നതു കണ്ടു. ഉടനെ ഓടിവന്ന് നമ്പൂതിരിപ്പാടെ അറിയിച്ചു. നമ്പൂതിരിപ്പാട് പെടഞ്ഞ് എണീട്ട് കുളത്തിലേക്കു പുറപ്പെട്ടു. നമ്പൂതിരിപ്പാട്ടിലെ അപ്പോഴത്തെ വേഷം ബഹു ലഘുവാണ്. ഒരു പട്ടുക്കര മുണ്ട് മുലയ്ക്കുമേല്‍ ചുറ്റി ഉടുത്തതും മെതിയടിയും മാത്രമേ ഉള്ളൂ.

എന്റെ വായനക്കാര്‍ക്ക് കല്യാണിക്കുട്ടിയെക്കുറിച്ച് അവളുടെ പേരു പീഠികയില്‍ വായിച്ച അറിവു മാത്രമേ ഉള്ളൂ. ഈ കുട്ടി ശീനുപ്പട്ടരുടെ മകളാണെന്നും പതിമൂന്നു വയസ്സ് പ്രായമാണെന്നും കൂടി അറിഞ്ഞിരിക്കാം. അവള്‍ നല്ല സുമുഖിയായ ഒരു പെങ്കിടാവുതന്നെ ആണെങ്കിലും ഇന്ദുലേഖയോടും മറ്റും സാമ്യമാണെന്നോ അതില്‍ ഒരു ശതാംശം സൌന്ദര്യമുണ്ടെന്നോ ശങ്കിച്ചു പോവരുതേ. അതു കഥ വേറെ. ഇതു വേറെ. കല്യാണിക്കുട്ടി ശുദ്ധ മലയാള സമ്പ്രദായ പ്രകാരം വളര്‍ത്തിയ ഒരു പെണ്ണായിരുന്നു. എഴുതാനും വായിപ്പാനും അറിയാം. കുറേശ്ശെ പാടാം. ഇത്രമാത്രമെ വിദ്യാപരിചയമുള്ളൂ. കണ്ടാല്‍ സുമുഖിയാണ്. പതിമൂന്നുവയസ്സില്‍ മലയാളത്തില്‍ ചില സ്ത്രീകള്‍ക്കു പ്രസവംകൂടി കഴിയുന്നുണ്ടെങ്കിലും കല്യാണിക്കുട്ടിക്ക് ശരീര പ്രകൃതി കൊണ്ടും യൌവനം ഉദിച്ചു എന്നേ പറഞ്ഞുകൂടു. ആകപ്പാടെ ലജ്ജാരസം ആധിക്യമായി കാണപ്പെടുന്ന ഒരു സാധുകുട്ടിയാണെന്നു മാത്രമേ എനിക്കു പറവാനുള്ളൂ. ഇവള്‍ കുളിച്ചു  തോര്‍ത്തി തലമുടി വേര്‍പെടുത്തുംകൊണ്ടു കുളപ്പുരയില്‍ നിന്നു പുറത്തേയ്ക്കു വരുമ്പോഴാണ് നമ്പൂതിരിപ്പാട്ടിന്റെ അഭിമുഖമായ എഴുന്നള്ളത്ത്. കണ്ട ഉടനെ ഇവള്‍ കുളപ്പുരയിലേക്കു തന്നെ മാറി നിന്നു.  നമ്പൂതിരിപ്പാടാണെന്നു ശങ്കിച്ചിട്ടേയില്ല. അതു  സ്വര്‍­ണ്ണ വിഗ്രഹമായിട്ടല്ലേ തലേ ദിവസം കണ്ടത്. എന്നാല്‍ ഏതോ ഒരു പരിചയമില്ലാത്താളാണെന്നു വിചാരിച്ചു കല്യാണിക്കുട്ടി അകത്തേക്കു തന്നെ മാറിനിന്നതാണ്. നമ്പൂതിരിപ്പാട് അങ്ങിനെ വിടുന്നാളോ? ഒരിക്കലും അല്ല. നേരെ ചെന്നു കുളപ്പുരയില്‍ കടന്നു നോക്കി. നോക്കി കണ്ടു. തിരിഞ്ഞു ഗോവിന്ദനെ നോക്കി അസ്സല്‍ കുട്ടി എന്നു പറഞ്ഞു. അപ്പോഴേക്കു ഗോവിന്ദന്‍ ചെറുശ്ശേരി കുളിച്ചു വരുന്നതുകണ്ട് കുളപ്പുരയില്‍ നിന്നു പുറത്തേക്കു ചാടിയത് ചെറുശ്ശേരിയുടെ മുമ്പില്‍ നേരെ കുറിക്കു വെടിവച്ചതുപോലെ.

ചെറുശ്ശേരിനമ്പൂതിരി
ഇതെന്തു കഥാ! കുളിക്കാറായോ?
നമ്പൂതിരിപ്പാട്
ആയി.
ചെറുശ്ശേരിനമ്പൂതിരി
ഇത്ര നേര്‍ത്തെയോ?
നമ്പൂതിരിപ്പാട്
അതെ.
ചെറുശ്ശേരിനമ്പൂതിരി
എന്നാല്‍ എന്താണു കുളപ്പുരയില്‍ നിന്നു പുറത്തേക്കു വന്നത്?
നമ്പൂതിരിപ്പാട്
മൂത്ര ശങ്കയ്ക്ക്.
ഗോവിന്ദന്‍
നീരാട്ടുകുളി മറ്റെ കുളപ്പുരയിലാണു നല്ലത്.
നമ്പൂതിരിപ്പാട്
എന്നാല്‍ അങ്ങട്ടുതന്നെ പോവാം. ചെറുശ്ശേരി അമ്പലത്തില്‍ പോയി ജപിച്ചോളൂ.

എന്നു പറഞ്ഞു വലിയ കുളപ്പുരയിലേക്കു നമ്പൂതിരിപ്പാടു വളരെ ഒരു ഘനഭാവം നടിച്ചുംകൊണ്ടു ഗോവിന്ദനോടുകൂടെ പോയി.

ചെറുശ്ശേരിക്ക് ആകപ്പാടെ നമ്പൂതിരിപ്പാടു പറഞ്ഞതു ബോധിച്ചില്ലാ. നമ്പൂതിരിപ്പാട് സാധാരണ എട്ടുമണിക്കേ എണീക്കാറുള്ളൂ. കുളി സാധാരണ പത്തുമണി കഴിഞ്ഞിട്ടേ ഉള്ളൂ. കുളിപ്പാന്‍ വരുന്നതിനു മുമ്പ്പല്ലുതേപ്പും മറ്റും കഴിയും. ഇന്ന് ആവിധമൊന്നുമല്ല കണ്ടത്. കിടന്ന് ഉറങ്ങിയ ദിക്കില്‍ നിന്നു ബദ്ധപ്പെട്ട് എണീട്ടു മണ്ടിവന്നതുപോലെയാണു കണ്ടത്. പിന്നെ സ്ത്രീകള്‍ കുളിക്കുന്ന കുളപ്പുരയില്‍ നിന്നാണ് പുറത്തേക്കു ചാടി വന്നത്. തലേദിവസം കുളിച്ച കുളപ്പുര കടന്നു പോരണം ഈ കുളപ്പുരയിലേക്കു വരുവാന്‍. പിന്നെ മൂത്ര ശങ്കയ്ക്ക് പുറത്തു വന്നപ്പോള്‍ ഗോവിന്ദന്‍ മറ്റേ കുളപ്പുരക്കു തന്നെ പോവാമെന്നു പറഞ്ഞു. ഇതൊക്കെ ആലോചിച്ച് ഇതിലെന്തോ ഒരു വിദ്യയുണ്ട്, എന്താണെന്ന് അറിഞ്ഞില്ലല്ലോ എന്നു വിചാരിച്ചു ചെറുശ്ശേരി നമ്പൂതിരി കുറേ ദൂരം നടന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പെങ്കിടാവ് ആ കുളപ്പുരയില്‍ നിന്ന് എറങ്ങി പുറത്തു വന്ന് അമ്പലത്തിലേക്കു വരുന്നതു കണ്ടു. ശരി, ചെറുശ്ശേരിക്കു മനസ്സിലായി. ഉടനെ അടുക്കെക്കണ്ട ഒരാളോടു ചോദിച്ചപ്പോള്‍ ആ കുട്ടി പഞ്ചുമേനവന്റെ മരുമകളാണെന്നും അറിഞ്ഞു. അതി ബുദ്ധിമാനായ ചെറുശ്ശേരി ക്ഷണേന വളരെ എല്ലാം മനസ്സുകൊണ്ടു ഗണിച്ചു. ഇതില്‍ എന്തോ ഒരു വിശേഷവിധിയുണ്ട്. “ഇന്ദുലേഖയുടെ പാപമോചനമായി എന്നു തോന്നുന്നു” എന്നു  വിചാരിച്ചു മനസ്സുകൊണ്ട് ഒന്നു ചിറിച്ച് മണ്ഡപത്തില്‍ ജപിക്കാന്‍ പോയി ഇരുന്നു.

നമ്പൂതിരിപ്പാട്
(ഗോവിന്ദനോട്) എനിക്കു പൂര്‍ണ്ണസമ്മതം. ബഹു സന്തോഷം. ഇന്ദുലേഖ എനിക്കു വേണ്ടാ. ഗോമാംസം തിന്നുന്നവരുടെ ഭാഷ പഠിച്ച ആ അധിക പ്രസംഗിയെ എനിക്കു വേണ്ടാ. ഇവള്‍ നല്ല കുട്ടി. പ്രായം ബഹുവിശേഷം. എനിക്കു ഈ പ്രായത്തിലുള്ള സ്ത്രീകളെയാണ് ഈയിടെ ആഗ്രഹം. ഗോവിന്ദാ! ക്ഷണം പോയി ഉത്സാഹിച്ചോ. ഇന്ദുലേഖയെ കാണണ്ടാ എന്നുവെച്ചാലെന്താ?
ഗോവിന്ദന്‍
എന്താണ് ഇങ്ങിനെ അരുളി ചെയ്തത്? നേര്‍ത്തെ അരുളി ചെയ്തത് മറന്നുവോ? ഇന്ദുലേഖയെത്തന്നെയാണു സംബന്ധം കഴിച്ചു കൊണ്ടുപോകുന്നത് എന്ന് എല്ലാവര്‍ക്കും എഴുന്നെള്ളുന്നതുവരെ എങ്കിലും തോന്നണം. എന്നല്ലേ അരുളി ചെയ്തത്. പിന്നെ ഇപ്പോള്‍ ഇങ്ങിനെ അരുളിച്ചെയ്താലോ … ഇത് മഹാ ഗോപ്യമായിരിക്കണം എന്നല്ലേ അരുളി ചെയ്തത്?
നമ്പൂതിരിപ്പാട്
ഹാ – സമര്‍ത്ഥാ – സമര്‍ത്ഥാ – രസികാ!  നിയ്യാണു സമര്‍ത്ഥന്‍. ഞാന്‍ അല്പം അന്ധാളിച്ചു. ഒരക്ഷരം എനി ഞാന്‍ പറയുകയില്ല. എല്ലാം നീ പറയുന്നതു പോലെ. പൊയ്ക്കോ, പോയി എല്ലാം ശട്ടം ചെയ്തോ. ഇന്ദുലേഖയെ കണ്ടു കളയാം. പക്ഷെ, ഒരു ദോഷമാണുള്ളത്. അവളെ കാണുമ്പോള്‍ എനിക്ക് വേറെ ഒരു സ്ത്രീയും വേണ്ടെന്നു തോന്നി ഭ്രാന്ത് പിടിക്കുന്നു. എന്തു ചെയ്യട്ടെ. പോവുന്നതുവരെ എനി കാണാതെ കഴിച്ചാല്‍ മനസ്സിന്നു ബഹുസുഖം ഉണ്ടാവും. അതാണു ഞാന്‍ പറഞ്ഞത്.
ഗോവിന്ദന്‍
തിരുമനസ്സ് കൊണ്ട് നല്ല ധൈര്യമായി ഉറപ്പിക്കണം. എത്ര പെണ്ണുങ്ങള്‍ ഉണ്ട് ലോകത്തില്‍, ഇവിടുത്തെ തിരുമേനി ഒന്നു കണ്ടാല്‍ മതി എന്നു വിചാരിച്ചിരിക്കുന്നു.
നമ്പൂതിരിപ്പാട്
ഹാ – സമര്‍ത്ഥാ! ഞാന്‍ ധൈര്യമായിരിക്കും ഇന്ദുലേഖയും ഒരു പുല്ലും എനിക്കു സമം. നീ പോയി ശ്രമിച്ചോ. വളരെ ഗോപ്യമായിരിക്കട്ടെ?

ഗോവിന്ദന്‍ അവിടെ നിന്നു പോയി. ഈ കാര്യത്തിലേക്കു ശ്രമിക്കാനായിട്ട് ആരോടാണു പറയേണ്ടത് – എന്താണ് പറയേണ്ടത് എന്ന് ആലോചിച്ച് അങ്ങട്ടും ഇങ്ങട്ടും നടന്നു വലഞ്ഞു. ആരോടും പറയാന്‍ ധൈര്യമായില്ലാ. ഗോവിന്ദന് വഷളത്വമുണ്ടെങ്കിലും നല്ല സാമര്‍ത്ഥ്യവും ഉണ്ട്. ഈ കാര്യം നമ്പൂതിരിപ്പാട് പൊയ്ക്കഴിഞ്ഞ ശേഷമേ പൊതുവില്‍ അറിയാവൂ എന്നാണ് അവന്റെ ആഗ്രഹം. അതുകൊണ്ട് കേശവന്‍ നമ്പൂതിരിയോടു കൂടി പറ­വാന്‍ ധൈര്യമുണ്ടായില്ലാ. നമ്പൂതിരിപ്പാടു നേര്‍ത്തെ ഭക്ഷണവും മറ്റും കഴിഞ്ഞ് ഇന്ദുലേഖയെ കാണാന്‍ പൂവരങ്ങില്‍ എത്തി. ഇവിടെ നമ്പൂതിരിപ്പാട്ടിനെക്കുറിച്ച് ഒരു വാക്കു നന്നായിട്ട് എനിക്കു പറവാനുണ്ട്. ചെറുശ്ശേരി നമ്പൂതിരി എത്ര വിദ്യ നോക്കീട്ടും ഗോവിന്ദന്റെ ഉപദേശം മുറുകെ പിടിച്ച് ഈ കല്യാണിക്കുട്ടിയുടെ സംബന്ധ ആലോചനയെപ്പറ്റി ഇതുവരെ ലേശം പോലും ചെറുശ്ശേരി നമ്പൂതിരിയെ അറിയിച്ചിട്ടില്ല. പിന്നെ ഒരു കാര്യം കൂടി ഉപദേശപ്രകാരം നടന്നിട്ടുണ്ട്. ഊണുകഴിഞ്ഞ് മഠത്തിന്റെ കോലാമ്മല്‍ ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ സേവകന്റെ ഭാവത്തില്‍ നടന്നിരുന്ന ശീനുപ്പട്ടരുമായി നമ്പൂതിരിപ്പാടു താഴെ കാണിക്കുന്ന ഭാവത്തില്‍ ഒരു സംഭാഷണമുണ്ടായി.

നമ്പൂതിരിപ്പാട്
എന്താണു ശീനു, കാര്യം എല്ലാം ഇന്നുതന്നെ ശട്ടമായാല്‍ നാളെ രാവിലെ പുറപ്പെടാമായിരുന്നു.
ശീനുപട്ടര്‍
അതിനെന്താണ് വിഘ്നം! ഒക്കെ ശട്ടമല്ലെ.

ശീനുപട്ടരു പൂവരങ്ങില്‍ അകത്തു വര്‍ത്തമാനം ഒന്നും അറിഞ്ഞിട്ടില്ലാ. പിന്നെ അന്നത്തെ ശണ്ഠ കഴിഞ്ഞശേഷം “പട്ടര് പൂവരങ്ങിലോ പൂവള്ളി വീട്ടിലോ എങ്ങും കണ്ടു പോവരുത്; കണ്ടാല്‍ ആ കോമട്ടിയെ തല്ലണം” എന്ന് പഞ്ചുമേനോന്‍ പറഞ്ഞതിനാല്‍ കുറെ ദിവസമായി പൂവള്ളി വീട്ടില്‍ കടക്കാറേ ഇല്ല. അതു കൊണ്ട് ഇയാള്‍ അവിടെ നടന്ന യാതൊരു വിവരങ്ങളും ശരിയായി അറിഞ്ഞിട്ടില്ലായിരുന്നു.

നമ്പൂതിരിപ്പാട്
എല്ലാം ശട്ടമായി എന്നു തന്നെ പറയാം. ദിവസം ഇന്നു തന്നെയോ എന്നു മാത്രം അന്വേഷിക്കണം. ഇന്നുതന്നെയാക്കണം.
ശീനുപട്ടര്‍
അതാണു നല്ലത് ശുഭസ്യ ശീഘ്രം.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് കയറാന്‍ പല്ലക്ക് ഇവിടെ ഉണ്ടല്ലോ.
ശീനുപട്ടര്‍
നാലഞ്ചു പല്ലക്ക് ഹാജരുണ്ട്.

ശീനുപ്പട്ടരുമായി ഇത്രത്തോളം സംസാരം കഴിഞ്ഞിട്ടാണു നമ്പൂതിരിപ്പാടു പൂവരങ്ങിലേക്കു പുറപ്പെട്ടത്. കാക്കയുടെ കഴുത്തിലെ മണിപോലെ നമ്പൂതിരിപ്പാടു പറഞ്ഞ വാക്ക് അമ്പലത്തിലും കൊളവക്കിലും മഠത്തിലും വഴിയിലും ശീനുപ്പട്ടരു പത്തിനു പതിനാറാക്കി പറഞ്ഞു കൊണ്ടു നടന്നു. അന്നു ക്ഷേത്രത്തില്‍ ചുരുങ്ങീട്ട് ഒരു അടിയന്തിരം ഉണ്ടായിരുന്നു.

അതിനു കുറെ നമ്പൂതിരിമാരും പട്ടന്മാരും കൂടീട്ടുണ്ടായിരുന്നു. അവിടെ വെച്ചും ശീനുപ്പട്ടര് ഇന്ദുലേഖയുടെ പാണിഗ്രഹണം അന്നു രാത്രി ഉണ്ടാവുമെന്നു ഘോഷിച്ചു. ആ കൂട്ടത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നതില്‍ ശങ്കരശാസ്ത്രികള്‍ക്കു മാത്രമാണ് ഇതു കേട്ടപ്പോള്‍ അധികവും വ്യസനമായത്. ഇന്ദുലേഖയ്ക്ക് എഴുത്തുകൊടുത്തു എന്നു തലേദിവസം വൈകുന്നേരം നമ്പൂതിരിപ്പാട്ടിലെ ചോദ്യത്തിന് സമാധാനമായി അമ്പലത്തില്‍വെച്ചു ഗോവിന്ദന്‍ ഉറക്കെ വളിച്ചുപറഞ്ഞു കേട്ടപ്പോള്‍ തന്നെ  കുഞ്ഞിക്കുട്ടി അമ്മ തന്നോടു തലേദിവസം പറഞ്ഞ പ്രകാരം കാര്യം നിശ്ചയിച്ചു പോയി എന്നു ശാസ്ത്രികള്‍ ഉറച്ചിരുന്നു. ഇപ്പോള്‍ ശീനുപട്ടരുകൂടി അന്നു രാത്രി അടിയന്തിരമാണെന്നു തീര്‍ച്ച പറഞ്ഞപ്പോള്‍ ശാസ്ത്രികള്‍ സംശയമെല്ലാം വിട്ട് ഒരു ദീര്‍ഘ നിശ്വാസം ചെയ്തു! “കഷ്ടം! ഇത്ര അന്തസ്സാര വിഹീനയായ ഒരു സ്ത്രീയെ ഞാന്‍ ഇത്ര ബുദ്ധിശാലി എന്ന് ഇത്രനാളും വിചാരിച്ചുവല്ലോ. അഞ്ചു നിമിഷം സംസാരിച്ചാല്‍ ഈ നമ്പൂതിരിപ്പാടു പടു വങ്കനും കേവലം സ്ത്രീജിതനായ ഒരു അമര്യാദക്കാരനും ആണെന്ന് എത്ര താണതരം ബുദ്ധിയുള്ളവര്‍ക്കുംകൂടി അറിവാന്‍ കഴിയുമല്ലോ. ഇന്ദുലേഖയ്ക്ക് കഴിയുമോ എന്നുള്ളതിനു സംശയമുണ്ടോ?  എന്നിട്ട് ഇന്ദുലേഖ, മന്മഥസദൃശനായ അതിബുദ്ധിമാനായി തന്നില്‍ അത്യനുരാഗത്തോടുകൂടിയിരിക്കുന്ന മാധവനെ വിട്ട് പടുവങ്കനായ അശ്വമുഖന്‍ നമ്പൂതിരിയുടെ ഭാര്യയായി ഇരിക്കാമെന്നു നിശ്ചയിച്ചുവല്ലൊ. കഷ്ടം! ഇതിനു ദ്രവ്യത്തിന്മേല്‍ ഉള്ള മോഹമെന്നല്ലാതെ വേറെ ഒന്നും പറവാന്‍ കണ്ടില്ലാ.” എന്നും മറ്റും ശങ്കരശാസ്ത്രി വിചാരിച്ചും കൊണ്ടു ഭക്ഷണം കഴിച്ചു മാധവന്റെ അച്ഛനുമായി ഒന്നു കാണണമെന്നു നിശ്ചയിച്ചു ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കു ചെന്നു. അവിടെ ചെന്നപ്പോള്‍ അദ്ദേഹം തലേദിവസം വൈകുന്നേരം പൊല്പായിക്കളത്തിലേക്കു പോയിരിക്കുന്നു എന്നും പിറ്റേദിവസം രാവിലേക്കേ എത്തുകയുള്ളൂ എന്നും കേട്ടു. അതും ഒരു കുണ്ഠിതമായി. ശാസ്ത്രികള്‍ ആ വീട്ടില്‍ കൊലാമ്മല്‍ പടിയില്‍ കിടന്നുറങ്ങി.

നമ്പൂതിരിപ്പാടു ഭക്ഷണം കഴിഞ്ഞു പൂവരങ്ങില്‍ എത്തി എന്നു പറഞ്ഞിട്ടുണ്ടല്ലോ. ചെറുശ്ശേരി നമ്പൂതിരിയും കേശവന്‍ നമ്പൂതിരിയും കൂടെത്തന്നെ ഉണ്ടായിരുന്നു. നാലുകെട്ടില്‍ എത്തിയ ഉടനെ നമ്പൂതിരിപ്പാട് ഒരു കസാലമേല്‍ അവിടെ ഇരിക്കുകയും കേശവന്‍ നമ്പൂതിരി നമ്പൂതിരിപ്പാടു വന്ന വിവരം അറിയിപ്പാന്‍ ഇന്ദുലേഖയുടെ മാളികയിന്മേലേക്കു പോകയും ചെയ്തു.

കേശവന്‍ നമ്പൂതിരിക്ക് ഇന്ദുലേഖയുടെ മാളികയിലേക്കു കയറുവാന്‍ ധൈര്യം വന്നില്ലാ. കോണി പകുതിയോളം കയറും, പിന്നെ ഇങ്ങട്ടുതന്നെ ഇറങ്ങും; പിന്നെയും കയറും, പിന്നെയും ഇറങ്ങും. തന്റെ അറയിലെ ജാലകത്തില്‍ കൂടെ ഇദ്ദേഹത്തിന്റെ ഈ പ്രാകൃതം കണ്ടിട്ട് ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സങ്കടം തോന്നി. ഉടനെ കോണിച്ചുവട്ടിലേക്കു ചെന്നു നമ്പൂതിരിയെ വിളിച്ചു.

ലക്ഷ്മിക്കുട്ടി അമ്മ
എന്താണ് ഇങ്ങിനെ കളിക്കുന്നത്? ഇന്ദുലേഖയെ പേടിച്ചിട്ടായിരിക്കും. അല്ലേ? ഞാന്‍ ചെന്നു പറയാം. ഇന്ദുലേഖയെ പകല്‍ നമ്പൂതിരിപ്പാട്ടിലേക്കു കാണുന്നതിന് അവള്‍ക്ക് അത്ര വിരോധമുണ്ടാകയില്ലെന്നു തോന്നുന്നു. ഞാന്‍ ഒന്നു പോയി പറഞ്ഞു നോക്കട്ടെ. എന്നു ലക്ഷ്മിക്കുട്ടി അമ്മ പറഞ്ഞപ്പോള്‍ കേശവന്‍ നമ്പൂതിരിക്ക് വലിയ ഒരു സുഖം തോന്നി. ഭാര്യയെ അനുഗ്രഹിച്ചു കോണിച്ചോട്ടില്‍ നിന്നു.

ലക്ഷ്മിക്കുട്ടി അമ്മ മുകളില്‍ ചെന്നപ്പോള്‍ ഇന്ദുലേഖ മാധവന്റെ എഴുത്തും വായിച്ചു സുഖിച്ചുകൊണ്ടു നില്കുകയായിരുന്നു. അമ്മ വരുന്നതു കണ്ടപ്പോള്‍

ഇന്ദുലേഖ
എന്താണ് അമ്മെ, നമ്പൂതിരിപ്പാട്ടിലെ വരവുണ്ടായിരിക്കും. അതു പറവാനായിരിക്കും വന്നത്; അല്ലെ?
ലക്ഷ്മിക്കുട്ടി അമ്മ
അതെ മകളെ, ആ പടുവങ്കന്‍ നമ്പൂതിരിപ്പാടെ നീ ഇനി ഒട്ടും ഭയപ്പെടേണ്ടാ. ഇന്നലെ എന്റെ അകത്തു വന്ന് എന്തൊക്കെ ഗോഷ്ഠിയാണു കാണിച്ചത്! അച്ഛനു തന്നെ അദ്ദേഹത്തെ കുറിച്ച് നല്ല ബഹുമാനമില്ലാതായിരിക്കുന്നു. എന്നാലും നമുക്കു ലൌകീകം വേണ്ടേ? അദ്ദേഹം ഇന്നോ നാളെയോ പോവും. ഇപ്പോള്‍ വന്നാല്‍ നല്ല വാക്കു സംസാരിച്ചേക്കണം, കുറച്ചു പിയാനോ വായിച്ചേക്കണം. അദ്ദേഹം ബ്രാഹ്മണനല്ലേ. കേവലം അവമാനിച്ചു എന്ന് എന്തിനു വരുത്തണം? അദ്ദേഹം വരട്ടെയോ?
ഇന്ദുലേഖ
എനിക്ക് അദ്ദേഹത്തിനെയാവട്ടെ, ഈ ഭൂമണ്ഡലത്തില്‍ വേറെയൊരാളെയുമാവട്ടെ ഒരു വിധത്തിലും അവമാനിക്കണമെന്നുള്ള ആഗ്രഹമില്ലാ. എന്നാല്‍ എന്നെ ഒരാള്‍ അവമാനിക്കാന്‍ ഭാവിക്കുമ്പോള്‍ ഞാന്‍ അതിനെ തടുക്കാതെ നില്ക്കുയില്ലാ. ആ നമ്പൂതിരിപ്പാട് ഇന്നലെ എന്നോടു മര്യാദയായി സംസാരിച്ചിരുന്നാല്‍ ഞാന്‍ ഇന്നലെയും അദ്ദേഹത്തിന് ആവശ്യമുള്ള എല്ലാസമയവും പാടാനോ വീണ വായിപ്പാനോ ഒരുക്കമായിരുന്നുവല്ലൊ. അമ്മേ, എനിക്ക് അശേഷം ദുര്‍ഗ്ഗര്‍വ്വ് ഉണ്ടെന്നു വിചാരിക്കരുതേ. എന്നെ നിവൃത്തിയില്ലാത്ത വിധത്തില്‍ ദ്രോഹിച്ചു. ഞാന്‍ മനുഷ്യനല്ലെ. കാമക്രോധലോഭാദികള്‍ ഇല്ലാത്ത ഒരു സാധനമല്ലെല്ലൊ. ഇന്നു നമ്പൂതിരിപ്പാടു നല്ല മര്യാദയായി സംസാരിക്കുമെങ്കില്‍ അദ്ദേഹം വരട്ടെ. പാട്ടോ വീണവായനയോ ഞാന്‍ കേള്‍പ്പിച്ചു കൊടുക്കാമല്ലൊ. അതുകൂടാതെ എന്നെ ഭാര്യയാക്കണം എന്നുള്ള വിചാരത്തോടുകൂടി ഇതിന്റെ മുകളില്‍ നിന്നു വല്ല അംബന്ധവും പറഞ്ഞാല്‍ ഇന്നലത്തേതിലും വഷളായി പോവേണ്ടി വരും.
ലക്ഷ്മിക്കുട്ടി അമ്മ
നമ്പൂരിമാരുടെ സ്വഭാവത്തിലെ കുറെ അപകടം ഉണ്ട്. വിശേഷിച്ച്, ഈ നമ്പൂതിരിപ്പാട് ഒരു പടുവിഡ്ഢിയാണെന്നു സര്‍വ്വ ജനസമ്മതമാണ്. ഭ്രാന്തന്മാരോട് കോപിക്കാറുണ്ടോ മകളേ?
ഇന്ദുലേഖ
നമ്പൂരിമാരില്‍ എല്ലാ ജാതികളിലുമുള്ളതുപോലെ അതി സമര്‍ത്ഥന്മാരും ഉണ്ട്. അമ്മ ചെറുശ്ശേരി നമ്പൂതിരിയുമായി അരനാഴിക വിശേഷം പറഞ്ഞു നോക്കൂ – അപ്പോള്‍ പറയും അതി സമര്‍ത്ഥന്മാരാണ് നമ്പൂതിരിമാരെന്ന്. പിന്നെ എനിക്ക് ഭ്രാന്തന്മാരുമായി വിനോദിച്ചിരിപ്പാന്‍ അത്ര രസവുമില്ല. ഭ്രാന്തന്മാര്‍ തുമ്പില്ലാതെ പറഞ്ഞാല്‍ ഞാന്‍ അത് കേള്‍ക്കാന്‍ നില്‍ക്കുകയുമില്ല, നിശ്ചയം തന്നെ.
ലക്ഷ്മിക്കുട്ടി അമ്മ
ആവട്ടെ, ഞാന്‍ അദ്ദേഹത്തോട് വരാം എന്ന് അറിയിക്കട്ടെ.
ഇന്ദുലേഖ
ആവലാതി തന്നെ. വന്നോട്ടെ. എന്നോട് ഇന്നലത്തെ മാതിരി സംസാരം തുടങ്ങിയാല്‍ ഞാന്‍ ഇന്നലത്തെ മാതിരിതന്നെ കാണിക്കും.
ലക്ഷ്മിക്കുട്ടി അമ്മ
ആവട്ടെ, അദ്ദേഹം ഒന്നു വന്നു പോവട്ടെ, അല്ലെ?
ഇന്ദുലേഖ
ഓ–ഹോ.

ലക്ഷ്മിക്കുട്ടി അമ്മ ചിറിച്ചും കൊണ്ടു താഴത്തിറങ്ങുമ്പോള്‍ സാധു കേശവന്‍ നമ്പൂതിരി മുമ്പ് നിന്നിരുന്ന സ്ഥലത്തു തന്നെ മുഖം മേല്പോട്ടു പൊന്തിച്ചു ദൃഷ്ടികള്‍ മേല്പ്പോട്ടാക്കി, വരുന്നതും നോക്കിക്കൊണ്ട് ഒരു വിഗ്രഹം കൊത്തിവച്ചതുപോലെ നില്‍ക്കുന്നു.

കേശവന്‍ നമ്പൂതിരി
സമയമായോ, ഞാന്‍ വരാന്‍ അറിയിക്കട്ടെ?
ലക്ഷ്മിക്കുട്ടി അമ്മ
ഓ–ഹോ! വന്നോട്ടെ. പിന്നെ ഇന്നലത്തെ മാതിരി ഇന്ദുലേഖയോട് ഗോഷ്ഠി ഒന്നും പറയരുതെന്ന് നമ്പൂതിരിപ്പാടോട് പറയണം. അല്ലെങ്കില്‍ ഇന്നലത്തെപ്പോലെത്തന്നെ എല്ലാം.
കേശവന്‍ നമ്പൂതിരി
ആട്ടെ, ഇപ്പോള്‍ വരാന്‍ പറയാമോ?
ലക്ഷ്മിക്കുട്ടി അമ്മ
പറയാം.

കേശവന്‍ നമ്പൂതിരി ഇന്ദുലേഖയെ വിവരം അറിയിപ്പാന്‍ പോയശേഷം നമ്പൂതിരിപ്പാട് ചെറുശ്ശേരിയോടു തന്റെ സമീപം ഇരിക്കാന്‍ പറയുകയും, അദ്ദേഹം ഇരിക്കുകയും ചെയ്തു. അതിന്റെ ശേഷം താഴെപ്പറയുന്ന ഒരു ചുരുങ്ങിയ സംഭാഷണം ഇവര്‍ തമ്മില്‍ ഉണ്ടായി.

ഈ പ്രാവശ്യം ഇന്നത്തെപ്പോലെ കേശവന്‍ നമ്പൂതിരി മാളികയില്‍പ്പോയി വരാത്തതി­നാല്‍ നമ്പൂതിരിപ്പാട്ടിലേക്ക് അശേഷം ബദ്ധപ്പാടുണ്ടായിരുന്നില്ല. താന്‍ ഇന്ദുലേഖയുടെ മാളിക മുകളില്‍പ്പോയാല്‍ എന്തൊക്കെയാണ് ഘനം നടിക്കേണ്ടത് എന്നു വിചാരിച്ചുറയ്ക്കാന്‍ തുടങ്ങി. നമ്പൂതിരിപ്പാട്ടിലെ വിചാരം, “ഞാന്‍ ഇന്നലെ കണ്ടപ്പോഴേക്കു ഭ്രമിച്ചു പരവശനായി എന്ന് ഇന്ദുലേഖയ്ക്ക് തോന്നിപ്പോയി. ഇന്നു നേരെ മറിച്ചു തോന്നിക്കണം. അശേഷം ഭ്രമില്ലെന്നു തോന്നിക്കണം. എന്നാല്‍ അറിയാം സൂക്ഷ്മം. എന്താ ഇവളെ അത്ര ഭ്രമി­ക്കാന്‍ ഗോമാംസഭുക്കുക്കളുടെ ഭാഷ പഠിച്ച തണ്ടുതപ്പിപ്പെണ്ണിനെ മഹാകുബേരനായ ഞാന്‍ എന്താണു ഭ്രമിക്കാന്‍? പണം കൊടുത്താല്‍ ഏതുപെണ്ണിനെ കിട്ടാത്തു? എത്ര സ്ത്രീകളെ ഞാന്‍ ഭാര്യയാക്കിവെച്ചു! എത്ര ഉപേക്ഷിച്ചു! എനി എത്ര വെപ്പാന്‍പോവുന്നു! ഈ ഒരു പെണ്‍കിടാവിനെ ഭ്രമിച്ചിട്ടു വിഡ്ഢിത്വം കാണിക്കുന്നതു മഹാ കുറവുതന്നെ. ഇന്നു കണ്ടോട്ടെ. അനങ്ങുകയില്ല. ബഹുഘനം. ഘനം! സകലതും ഘനമായിട്ടുതന്നെ. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നോക്കുമ്പോഴും സംസാരിക്കുമ്പോഴും എപ്പോഴും ഘനം. ഇന്ദുലേഖ ഭയപ്പെട്ടുപോണം – കണ്ടുകൊള്ളട്ടെ. ഇത്ര കുറുമ്പ് ഇന്ദുലേഖയ്ക്കുണ്ടെങ്കില്‍ അശേഷം ഞാനും കുറയുകയില്ല. ആരാണു തോല്‍ക്കുക, കാണാമല്ലോ, പെണ്ണു പേടിച്ചു വിറച്ചു കാല്‍ക്കവന്നു വീഴും സംശയമോ?” എങ്ങിനെ വിചാരിച്ച് ജയിച്ചു എന്നുറച്ചു നമ്പൂതിരിപ്പാട് ഒന്നു ചിറിച്ചു.

ചെറുശ്ശേരി നമ്പൂതിരിക്ക് ഈ നമ്പൂതിരിപ്പാട്ടിന്റെ പലവിധ ഗോഷ്ഠികള്‍ ആകപ്പാടെ കണ്ടിട്ടും ഇന്ദുലേഖയുടെ മനസ്സിനുണ്ടായ കുണ്ഠിതത്തെ ഓര്‍ത്തും തന്റെ സ്വജാതിയില്‍ ശ്ലാഘ്യനും അതിദ്രവ്യസ്ഥനും ആയ ഒരു ദേഹം ഈ വിധം പരമവിടനും വിഡ്ഢിയും ആയിത്തീര്‍ന്നുവല്ലോ എന്നു വിചാരിച്ച് ആ സമയം നമ്പൂതിരിപ്പാട്ടിനെപ്പറ്റി കേവലം ഒരു പരിഹാസമല്ല ഉണ്ടായത്, ക്രോധസമ്മിശ്രമായ ഒരു ദുഃഖരസമാണ് ഉണ്ടായത്. “ഹാ! കഷ്ടം! ഇത്ര സമ്പത്തോടും കുലശ്ലാഘ്യതയോടും ഇരിക്കുന്ന ഇദ്ദേഹത്തിന്നു പൂര്‍ണ്ണയൌവനം കഴിയുന്നതുവരെ യോഗ്യതയുള്ള ഒരു സ്ത്രീയെ ഭാര്യയാക്കി വെക്കാന്‍ കഴിയാതെ ശുദ്ധവ്യഭിചാരികളായ സ്ത്രീകളില്‍ പ്രവേശിച്ചു ബുദ്ധിക്ക് ഇത്ര ചാപല്യം വരുത്തി; ഏതു സുഖത്തിന്ന് ഇദ്ദേഹം ഇത്രെയെല്ലാം ആഗ്രഹിക്കുന്നുവോ ആ സുഖം വഴിപോലെ അനുഭവിക്കാനുള്ള ശക്തിയും ശുദ്ധമായ രുചിയും ദുഷ്ടപ്രവൃത്തികള്‍ നിമിത്തം കേവലം നശിപ്പിച്ച് ഈ സ്ഥിതിയില്‍ ഇദ്ദേഹത്തെ കാണാറായല്ലോ.” എന്നിങ്ങനെ വിചാരിച്ച് ചെറുശ്ശേരി നമ്പൂതിരി വളരെ വ്യസനിച്ചു. ചെറുശ്ശേരി നമ്പൂതിരി ഇങ്ങിനെ വിചാരിച്ച സമയം തന്നെയാണ് നമ്പൂതിരിപ്പാടും മേല്‍പ്പറഞ്ഞ പ്രകാരം ഘനം നടിച്ച് ഇരുന്നതും, ഘനം നടിച്ച് അവസാനിച്ച ശേഷം ഉടനെ തന്റെ ഈ ഘനത്തെപ്പറ്റി ചെറുശ്ശേരിയെ ഒന്ന് അറിയിക്കേണമെന്നും നിശ്ചയിച്ച് നമ്പൂതിരിപ്പാട് താഴെ പറയും പ്രകാരം പറഞ്ഞു.

നമ്പൂതിരിപ്പാട്
എനിക്കു സ്ത്രീകളെ വളരെ ഭ്രമമാണെന്ന് ചെറുശ്ശേരിക്ക് തോന്നുണ്ടായിരിക്കാം.

ഈ ചോദ്യം കേട്ടപ്പോള്‍ ചെറുശ്ശേരിക്ക് അല്പം ക്രോധമാണ് ഉണ്ടായത്. എങ്കിലും ബുദ്ധിമാനായ അദ്ദേഹം അതു മനസ്സിലാക്കി താഴെ പറയുന്നപ്രകാരം കുറെ ഗൌരവത്തോടെ മറുപടി പറഞ്ഞു.

ചെറുശ്ശേരി നമ്പൂതിരി
സ്ത്രീകളെ പുരുഷന്മാര്‍ക്കു ഭ്രമമുണ്ടാവുമെന്നു ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ ആ ഭ്രമം ഏറെയും കുറെയുമായി ചിലപ്പോള്‍ അബദ്ധമായും വന്നേക്കാമെന്നും എനിക്കു തോന്നുന്നു.
നമ്പൂതിരിപ്പാട്
ഭ്രമിക്കുന്നതിലെന്താണ് അബദ്ധവും സുബദ്ധവും?
ചെറുശ്ശേരി നമ്പൂതിരി
വളരെ ഉണ്ട്. സ്ത്രീപുരുഷന്മാര്‍ക്ക് അന്യോന്യം അനുരാഗം സമമായി ഉണ്ടായിട്ട് അന്യോന്യം ഭ്രമിച്ചാല്‍ അത് സുബദ്ധമായ ഭ്രമം എന്നു ഞാന്‍ പറയും. സ്ത്രീപുരുഷന്മാര്‍ക്ക് അന്യോന്യം അനുരാഗമില്ലാതെ ഒരാള്‍ മാത്രം മറ്റെ ആളെ ഭ്രമിച്ചു കാംക്ഷിക്കുകയും മറ്റെ ആള്‍ക്ക് അശേഷം അനുരാഗം ഇല്ലാതിരിക്കുയും ചെയ്താല്‍ ആ ഭ്രമത്തിന് അബദ്ധഭ്രമമെന്നാണ് ഞാന്‍ പേരിടുന്നത്.
നമ്പൂതിരിപ്പാട്
രാവണനു രംഭയില്‍ ഉണ്ടായ ഭ്രമം അബദ്ധമാണോ?
ചെറുശ്ശേരി നമ്പൂതിരി
രംഭയോട് അന്വേഷിക്കണം. രംഭ രാവണന്റെ ഭ്രമത്തെ അനുകരിച്ച് അങ്ങട്ടും ഭ്രമിച്ചുവോ എന്നു ഞാന്‍ അറിഞ്ഞിട്ടില്ലാ.
നമ്പൂതിരിപ്പാട്
ഓ! രാവണനു രംഭയെ സാധിച്ചിരിക്കുന്നു.
ചെറുശ്ശേരി നമ്പൂതിരി
സാധിച്ചിരിക്കാം.
നമ്പൂതിരിപ്പാട്
അപ്പോള്‍ അത് എങ്ങനെ സാധിച്ചു?
ചെറുശ്ശേരി നമ്പൂതിരി
അബദ്ധമായ അനുരാഗം ഒരിക്കലും സഫലമാവുകയില്ലെന്നു ഞാന്‍ പറയുന്നില്ല. ഒരു സ്ത്രീയുമായി സഹവാസത്തിന്നു സാധിക്കുന്നത് സ്ത്രീക്ക് അനുരാഗം ഉണ്ടായിരുന്നാല്‍ മാത്രമെ പാടുള്ളൂ എന്നില്ലല്ലൊ.
നമ്പൂതിരിപ്പാട്
അങ്ങിനെ ഇല്ലേ?
ചെറുശ്ശേരി നമ്പൂതിരി
ഇല്ലാ.
നമ്പൂതിരിപ്പാട്
എന്നാല്‍ ചെറുശ്ശേരി പറഞ്ഞത് എനിക്ക് ഒട്ടും മനസ്സിലായില്ലാ. അബദ്ധമായ ഭ്രമം സാധിക്കില്ലാ എന്നല്ലേ പറഞ്ഞത് ഇപ്പോള്‍?
ചെറുശ്ശേരി നമ്പൂതിരി
അങ്ങിനെ ഞാന്‍ പറഞ്ഞിട്ടില്ലാ. കള്ളന്മാര്‍ക്കും കവര്‍ച്ചക്കാര്‍ക്കും ചിലപ്പോള്‍ വിചാരിച്ചപോലെ മുതല്‍ കവര്‍ന്നുകൊണ്ടു പോവാന്‍ സാധിക്കുന്നില്ലേ? അതുപ്രകാരം അനുരാഗമില്ലാത്ത സ്ത്രീയേയോ പുരുഷനേയോ സാധിച്ചു എന്നു വരാം. എന്നാല്‍ ഒരു ഭാഗം അനുരാഗമില്ലാതിരിക്കുമ്പോള്‍ അങ്ങിനെ സാധിപ്പാന്‍ ശ്രമം ചെയ്തു സാധിക്കുന്നത് നിസ്സാരമായ പ്രവൃത്തിയാണ്.
നമ്പൂതിരിപ്പാട്
എന്താണ് നിസ്സാരം?
ചെറുശ്ശേരി നമ്പൂതിരി
സാരമില്ലാത്തതു തന്നെ. അങ്ങിനെ സാധിക്കുന്നതില്‍ ഒരു സാരവുമില്ല. അങ്ങിനെ പ്രവര്‍ത്തിക്കുന്ന പുരുഷനോ സ്ത്രീയോ മൃഗപ്രായം. പശുക്കള്‍, ശ്വാക്കള്‍ ഇവകളെപ്പോലെ.
നമ്പൂതിരിപ്പാട്
എന്നാല്‍ രാവണന്‍ എന്തിന് സീതയെ ഭ്രമിച്ചു? സീതയ്ക്ക് രാവണനില്‍ ഭ്രമം ഇല്ലെന്നല്ലെ രാമായണത്തില്‍ പറഞ്ഞിട്ടുള്ളത്?
ചെറുശ്ശേരി നമ്പൂതിരി
അതെ; അങ്ങിനെ തന്നെ. രാവണനു സീതയില്‍ കാംക്ഷ ഉണ്ടായി. സീതയ്ക്ക് രാവണനില്‍ അനുരാഗം അശേഷം ഇല്ലെന്നു രാവണന്‍ അറിഞ്ഞതിനാല്‍ അനുരാഗം ഉണ്ടാക്കിതീര്‍ക്കാന്‍ വളരെ എല്ലാം രാവണന്‍ ശ്രമിച്ചു – ഫലിച്ചില്ലാ. പിന്നെ സീത­യില്‍ വിരോധമായി.  രാവണന്‍ ഇതു നിമിത്തം നശിച്ചു. എങ്കിലും അനുരാഗം സീതയ്ക്കു തന്നില്‍ ഉണ്ടാവുന്നതിന്നു മുമ്പ് സീതയുമായി രമിപ്പാന്‍ രാവണനു മനസ്സുണ്ടായില്ലാ. രാവ­ണന്‍ പലേ ദോഷങ്ങളുള്ളവനാണെങ്കിലും ബുദ്ധിക്കു കേവലം രസികത്വമില്ലാത്തവനാണെന്നു സീതയുമായി ഉണ്ടായതായി രാമായണത്തില്‍ കാണിച്ചിട്ടുള്ള സംവാദങ്ങളില്‍ നിന്ന് എനിക്കു തോന്നുന്നില്ലാ.
നമ്പൂതിരിപ്പാട്
എന്നാല്‍ ഒരു സ്ത്രീയെകണ്ടു ഭ്രമിച്ചാല്‍ രാവണന്‍ ചെയ്തേടത്തോളം എല്ലാം ചെയ്യാമല്ലോ.
ചെറുശ്ശേരി നമ്പൂതിരി
രാവണന്‍ അനുഭവിച്ചതുപോലെയുള്ള കഷ്ടങ്ങള്‍ എല്ലാം അനുഭവിപ്പാന്‍ ഉറച്ചാലും രാവണനെപ്പോലെ ശക്തി ഉണ്ടായാലും അങ്ങിനെ ചെയ്യാം.
നമ്പൂതിരിപ്പാട്
ശരി, സമ്മതിച്ചു. എന്നാല്‍ ഒരു പുരുഷന് ഒരു സ്ത്രീയെ കണ്ടു കലശലായ ഭ്രമമുണ്ടായി. ആ സ്ത്രീക്ക് ഈ പുരുഷനില്‍ അശേഷം ഭ്രമമുണ്ടായതുമില്ല. ഇങ്ങിനെ വന്നാല്‍ ആ പുരുഷന്റെ ഭ്രമ നിവൃത്തിക്ക് എന്തുമാര്‍ഗ്ഗമാണുള്ളത്?
ചെറുശ്ശേരി നമ്പൂതിരി
 “ഭ്രമം” “ഭ്രമം” എന്ന് ഇവിടുന്നു പറയുന്നതിന്റെ താല്‍പര്യം എനിക്കു നല്ലവണ്ണം മനസ്സിലായില്ല. “ആഗ്രഹം” എന്നാണ് ഈ വാക്കിന് അര്‍ത്ഥം ഉദ്ദേശിച്ചത് എന്നുവരികയില്‍ സ്ത്രീക്ക് ഇങ്ങട്ട് ആഗ്രഹമില്ലെന്നറിഞ്ഞാല്‍ പുരുഷന്‍ ധൈര്യത്തില്‍ തനിക്ക് അങ്ങട്ടുള്ള ആഗ്രഹത്തെ ജയിച്ച്, ആ സ്ത്രീയുമായുള്ള സുഖാനുഭവത്തില്‍ ഉണ്ടാവുന്ന കാംക്ഷയെ ത്യജിക്കണം.
നമ്പൂതിരിപ്പാട്
എന്തിനു കാംക്ഷ വിടുന്നു? കിട്ടുമോ എന്നു പരീക്ഷിക്കണ്ടേ?
ചെറുശ്ശേരി നമ്പൂതിരി
കിട്ടുമോ എന്നല്ല പരീക്ഷിക്കേണ്ടത്. അനുരാഗമുണ്ടാവുമോ എന്നാണ് പരീക്ഷിക്കേണ്ടത്. ഉണ്ടാവുന്നില്ലെങ്കില്‍ ഉപേക്ഷിച്ചാല് മതി.
നമ്പൂതിരിപ്പാട്
ഇങ്ങട്ട് ഭ്രമമില്ലെങ്കിലും സാദ്ധ്യമായാലോ?
ചെറുശ്ശേരി നമ്പൂതിരി
അങ്ങിനെ സാധിപ്പാന്‍ ഇച്ഛിക്കുന്നവര്‍ മൃഗപ്രായം എന്നു ഞാന്‍ പറഞ്ഞില്ലേ?
നമ്പൂതിരിപ്പാട്
ഇതു ചെറുശ്ശേരി പറയുന്നതു കുറെ വിഡ്ഢിത്വമാണെന്ന് എനിക്കു തോന്നുന്നു. പുരുഷന് ഇഷ്ടപ്രകാരം ഒരു സ്ത്രീയെ സാധിക്കുന്നുവെങ്കില്‍ പിന്നെ ആ സ്ത്രീക്ക് ആ പുരുഷനോട് ഇങ്ങട്ടു ഭ്രമമുണ്ടായിരുന്നുവോ ഇല്ലയോ എന്ന് എന്തിന് ചിന്തിക്കണം?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ പറഞ്ഞു മനസ്സിലാക്കാം. ഒരു സ്ത്രീസുഖം പുരുഷനു സാധിച്ചു എന്നു പറയേണമെങ്കില്‍ ആ സ്ത്രീയെ പുരുഷന്‍ രമിപ്പിച്ചു സുഖിപ്പിച്ചിട്ടുവേണം. ഒരു സ്ത്രീയെ താന്‍ രമിപ്പാക്കുന്നതില്‍ നിന്നും തന്നാല്‍ അവള്‍ രമിച്ചു സുഖിക്കുന്നു എന്ന് അറിയുന്നതില്‍ നിന്നുമാണ് പുരുഷന് സുഖാനുഭവം ഉണ്ടാവേണ്ടത്. അപ്രകാരം തന്നെ ഒരു പുരുഷനുമായി സുഖിച്ചു എന്ന് ഒരു സ്ത്രീ പറയേണ്ടത് ആ പുരുഷനെ സ്ത്രീ രമിപ്പിച്ചു സുഖിപ്പിച്ചാല്‍ മാത്രമാണ്. ആ സുഖാനുഭവം അന്യോന്യം സംപൂര്‍ത്തിയായി ഉണ്ടാവേണമെങ്കില്‍ അന്യോന്യം കലശലായ അനുരാഗം ഉണ്ടായിരിക്കേണം. അങ്ങിനെയല്ലാതെ സ്ത്രീസുഖം സാധിക്കുവാന്‍ ഇച്ഛിക്കുന്നവര്‍ മൃഗപ്രായം – സാധിച്ചാല്‍ എന്തോ അന്യോന്യം ചില ഗോഷ്ഠികള്‍ കാണിച്ചു  എന്നു മാത്രമെ പറഞ്ഞു കൂടു.
നമ്പൂതിരിപ്പാട്
ശിക്ഷ! ഇതു മഹാദുര്‍ഘടംതന്നെ ഇങ്ങിനെയായാല്‍ വളരെ സ്ത്രീകളുമായി സുഖിപ്പാന്‍ ഒരു പുരുഷനു സാധിക്കുകയില്ല, നിശ്ചയം.
ചെറുശ്ശേരി നമ്പൂതിരി
ശരി, സൂക്ഷ്മത്തില്‍ ഒരു പുരുഷന് ഒരു സ്ത്രീ – ഒരു സ്ത്രീക്ക് ഒരു പുരു­ഷന്‍. അങ്ങിനെയാണു സൃഷ്ടിസ്വഭാവേന വെച്ചിട്ടുള്ളത്.
നമ്പൂതിരിപ്പാട്
ശ്രീകൃഷ്ണന് എത്ര ഭാര്യമാരുണ്ടായിരുന്നു?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ അറിയില്ലാ.
നമ്പൂതിരിപ്പാട്
പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ ബുദ്ധിക്കു രസികത്വമുണ്ടെന്നോ ഇല്ലെന്നോ ചെറുശ്ശേരി വിചാരിക്കുന്നത്?
ചെറുശ്ശേരി നമ്പൂതിരി
പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നതു ശരിയാണെങ്കിലും ശ്രീകൃഷ്ണന്‍ നുമ്മളെപ്പോലെ ഒരു മനുഷ്യനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിക്ക് അശേഷം രസികത്വമില്ലെന്നും അദ്ദേഹം വളരെ ഒരു വിടനായിരുന്നുവെന്നും ഞാന്‍ പറയും. എന്നാല്‍ ഏതു ഗ്രന്ഥങ്ങളില്‍ നിന്നു നോം ഇദ്ദേഹത്തിന് ഇത്ര അധികം ഭാര്യമാര്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞുവോ, അതുകളില്‍ നിന്നു തന്നെ അദ്ദേഹം മനുഷ്യനായിരുന്നില്ലെന്നും അറിയുന്നുണ്ട്. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനപര്‍വ്വതം എടത്തെ കൈകൊണ്ട് എടുത്ത് പൊന്തിച്ച് ഏഴു ദിവസം കൊടപോലെ പിടിച്ചു ഗോക്കളേയും ഗോപന്മാരെയും രക്ഷിച്ചതായും, ക്ഷ്വേളപാനം കൊണ്ടു മരിച്ചു പോയ പലേ ജീവികളേയും തന്റെ കടാക്ഷത്താല്‍ ജീവിപ്പിച്ചതായും, മറ്റു മനുഷ്യശക്തികള്‍ക്ക് അസാദ്ധ്യമായ അനേകം പ്രവൃത്തികള്‍ ചെയ്തതായും ഈ ഗ്രന്ഥങ്ങളില്‍ നിന്നു കാണുന്നുണ്ട്. ഈ വക എല്ലാം ചെയ്വാന്‍ ശക്തിയുള്ള ഒരു ദേഹത്തിനു ഞാന്‍ ഇപ്പോള്‍ പറഞ്ഞപ്രകാരം സാധാരണ മനുഷ്യര്‍ക്കുള്ള പ്രമാണങ്ങളും നിശ്ചയങ്ങളും സംബന്ധിക്കുമോ എന്നു ഞാന്‍ സംശയിക്കുന്നു.
നമ്പൂതിരിപ്പാട്
പുരുഷന് അങ്ങട്ടു സ്നേഹമുണ്ടായാല്‍ സ്ത്രീക്ക് ഇങ്ങട്ടും ഉണ്ടാവാതെ ഇരിക്കയില്ല. ഞാന്‍ പലേ സ്ത്രീകളുമായി സുഖാനുഭവം ചെയ്തിട്ടുണ്ട്. എല്ലാ സ്ത്രീകള്‍ക്കും എന്നെ ബഹു ഭ്രമമായിരുന്നു – അല്ല, ചെറുശ്ശേരിക്ക് ഇതൊന്നും നിശ്ചയമില്ലെ? എന്താണ് ഇന്ന് ഒരു പുതിയമാതിരിയായി സംസാരിക്കുന്നത്? സകല സ്ത്രീകള്‍ക്കും എന്നെ ഭ്രമമാണ്.

നമ്പൂതിരിപ്പാട്ടിലെ വാക്കു കേട്ടു ചെറുശ്ശേരി ചിറിച്ചു പോയി. നമ്പൂതിരിപ്പാട്ടിലെപ്പറ്റി സ്ഥായിയായി ഉണ്ടായിരുന്ന പരിഹാസംതന്നെ വീണ്ടും തോന്നി കഷ്ടമെന്നോര്‍ത്തു.

നമ്പൂതിരിപ്പാട്
എന്താണ് ചെറുശ്ശേരി ഒന്നും മിണ്ടാത്തത്? സകല സ്ത്രീകള്‍ക്കും എന്നെ ഭ്രമമല്ലെന്നാണോ വിചാരം?
ചെറുശ്ശേരി നമ്പൂതിരി
ഇവിടത്തെക്കുറിച്ചു ഞാന്‍ ഒന്നും വിചാരിച്ചിട്ടില്ല. ഞാന്‍ സാധാരണ മനുഷ്യരുടെ കാര്യമാണു പറഞ്ഞത്.

ഇവര്‍ ഇത്രത്തോളം സംസാരിക്കുമ്പോഴേക്കു കേശവന്‍ നമ്പൂതിരി ഓടി എത്തി, “എനി മുകളിലേക്കു പോവാം” എന്ന് പറഞ്ഞു കേട്ടപ്പോള്‍,

നമ്പൂതിരിപ്പാട്
വരട്ടെ – നില്ക്കൂ. എന്താണ് ഇത്ര ബദ്ധപ്പാട്? എന്റെ സമയം കൂടി നോക്കണ്ടേ?
കേശവന്‍ നമ്പൂതിരി
സമയമായിട്ടു മതി.

കേശവന്‍ നമ്പൂതിരി ഒന്നത്ഭുതപ്പെട്ടു – ഇതെന്തു കഥാ? ഇദ്ദേഹം ഒരു കമ്പക്കാരന്‍ തന്നെയാണ്. ഇത്രയും വിചാരിപ്പാനേ എടയായുള്ളൂ. അപ്പോഴേക്ക്,

നമ്പൂതിരിപ്പാട്
എന്നാല്‍ എനി പോവുക. കറുത്തേടം വരണ്ട. ഞാന്‍ മാത്രം പോവാം. ചെറുശ്ശേരി ഇവിടെ കിടന്ന് ഉറങ്ങിക്കോളൂ.

എന്നും പറഞ്ഞ് നമ്പൂതിരിപ്പാട് അതിഘനഭാവത്തോടുകൂടി തുപ്പട്ട മുതലായവ പുതച്ച് ഇന്ദുലേഖയുടെ മാളിക മുകളില്‍ കയറി. ഇന്ദുലേഖാ തലേദിവസത്തെപ്പോലെ വിസ്താരത്തിന്നു കൂട്ടില്‍ നിര്‍ത്തിയ തടവുകാരന്റെ ഭാവത്തോടെ ചാരുപടിയും പിടിച്ച് നില്ക്കുന്നു. നമ്പൂതിരിപ്പാട് പുറന്തളത്തില്‍ കടന്ന് ഇന്ദുലേഖയെ കണ്ടു. കണ്ട ക്ഷണത്തില്‍ ഈ ഇളിഭ്യന്റെ ധൈര്യവും ഘനവും ആസകലം ഓടി ഒളിച്ചു. പല്ലിളിച്ചു “ശിവ ശിവ! സുന്ദരിയായ നിന്റെ കൂടെ ഇരിക്കാതെ എനിക്ക് ഈ ജന്മം സാധിക്കയില്ലാ. എന്തു മുഖം! എന്തു നിറം! എന്തുതലമുടി! എന്തു കണ്ണ്! ശിവ ശിവ! നാരായണാ! വലഞ്ഞു വലഞ്ഞു! ഘനവുമില്ല എനിക്കു ധൈര്യവുമില്ല. ദേവേന്ദ്രനു മഹര്‍ഷിയുടെ ഭാര്യെ കണ്ടപ്പോള്‍ ഘനം എവിടെപ്പോയി? രാവണനു രംഭയെ കണ്ടപ്പോഴോ?” ഇങ്ങിനെ എല്ലാം ഇന്ദുലേഖയെ കണ്ട ക്ഷണത്തില്‍ നമ്പൂതിരിപ്പാട്ടിലേക്കു തോന്നി. എങ്കിലും രണ്ടുമൂന്നു നിമിഷം കസാലമേല്‍ ഇരുന്നശേഷം ഒരു വിധമെല്ലാം ധൈര്യം ഉറപ്പിച്ചു പറയുന്നു: നമ്പൂതിരിപ്പാട്: ധീരര്‍ക്ക് പുല്ലും തരുണീമണിമാരും സമം എന്നുള്ള പ്രമാണം ഇന്ദുലേഖ വായിച്ചിട്ടുണ്ടോ?

ഇന്ദുലേഖ
(വല്ലാതെ പൊട്ടിച്ചിരിച്ചും കൊണ്ട്) ഞാന്‍ പ്രമാണം വായിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ കേട്ടുവല്ലൊ. ഒന്നാന്തരം പ്രമാണമാണ്.

ഇന്ദുലേഖ ഉള്ളില്‍ അടക്കാന്‍ നിവൃത്തിയില്ലാത്തവിധം മനോഹരമായ ശബ്ദത്തില്‍ കുലുകുലുങ്ങനെ പൊട്ടിച്ചിറിച്ച ഭാവവികാരം കണ്ട ക്ഷണത്തില്‍ നമ്പൂതിരിപ്പാട് വളരെ പ്രയത്നപ്പെട്ട് ഉറപ്പിച്ച ഘനം എവിടെയോ പോയി. മുമ്പ് ഗോവിന്ദനുമായി ഉണ്ടായ ആലോചനകളും നിശ്ചയങ്ങളും എല്ലാം കേവലം മറന്നു മനസ്സ് ഇന്ദുലേഖയില്‍ വീണു ലയിച്ചു. എന്നിട്ട്, ഇങ്ങനെ പറയുന്നു:

നമ്പൂതിരിപ്പാട്
ഇന്ദുലേഖാ ഒന്നുകൂടി ഉറക്കെ ചിരിച്ചാട്ടെ. ഇങ്കിരീസ്സില്‍ ചിറിക്കാനും പഠിപ്പിക്കുമോ? ബഹുഭംഗി അങ്ങിനെ ചിറിക്കുന്നത്. ഒന്നു കൂടി ചിറിച്ചാട്ടെ.

ഇന്ദുലേഖ ചിറിച്ചു പരവശയായി അകത്തേക്കു മുഖം തുടയ്ക്കാന്‍ പോയി.

നമ്പൂതിരിപ്പാട്
അല്ല – മോശം! അകത്തേക്കു പോയിക്കഴിഞ്ഞുവോ? ഇന്നലത്തെപ്പോലെകൂടി സംസാരിപ്പാന്‍ ഇന്ന് എടയില്ലെന്നു തോന്നുന്നു. പിന്നെ എന്തിനാണ് എന്നോടു വരാന്‍ പറഞ്ഞത്?
ഇന്ദുലേഖ
അല്ല – ഞാന്‍ വരുന്നു.

എന്നു പറഞ്ഞു മുഖം കഴുകി രണ്ടാമതും പുറത്തു വന്നു.

നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് എത്ര വയസ്സായി?
ഇന്ദുലേഖ
പതിനെട്ട്.
നമ്പൂതിരിപ്പാട്
എനിക്ക് എത്ര വയസ്സായി എന്ന് ഇന്ദുലേഖയ്ക്കു തോന്നുന്നു?
ഇന്ദുലേഖ
എനിക്ക് വയസ്സു കാഴ്ചയില്‍ ഗണിക്കാനുള്ള സമാര്‍ത്ഥ്യം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എനിക്കു പറവാന്‍ സാധിക്കയില്ല.
നമ്പൂതിരിപ്പാട്
എങ്കിലും ഏകദേശം മതിപ്പായി പറഞ്ഞുകൂടെ?
ഇന്ദുലേഖ
മതിപ്പായി പറഞ്ഞാല്‍ ശരിയാകയില്ല.
നമ്പൂതിരിപ്പാട്
എങ്കിലും ഏകദേശം പറയൂ.
ഇന്ദുലേഖ
എന്തെങ്കിലും പറഞ്ഞാല്‍ മതിയെങ്കില്‍ പറയാം. ഇവിടേയ്ക്ക് ഒരു അമ്പതു വയസ്സു കഴിഞ്ഞു എന്ന് എനിക്കു തോന്നുന്നു.
നമ്പൂതിരിപ്പാട്
ഛീ! അബദ്ധം! എനിക്ക് പൂര്‍ണ്ണയൌവനം കഴിഞ്ഞു എന്നാണു തോന്നുന്നത്? കഷ്ടം ഇതെന്തു കഥയാണ്! അമ്പതു വയസ്സായോ? പൂര്‍ണ്ണയൌവനം കണ്ടാല്‍ നിശ്ചയിച്ചു കൂടെ?
ഇന്ദുലേഖ
ഞാന്‍ മുമ്പ് തന്നെ പറഞ്ഞില്ലെ എനിക്കു വയസ്സു ഗണിക്കാന്‍ അറിഞ്ഞുകൂടെന്ന്.
നമ്പൂതിരിപ്പാട്
പൂര്‍ണ്ണയൌവനമുള്ള ഒരു പുരുഷനെ കണ്ടാല്‍ എനിയും അറിഞ്ഞു കൂടെ? പതിനെട്ടു വയസ്സായാലും അറിഞ്ഞുകൂടെ?
ഇന്ദുലേഖ
എനിക്ക് അറിഞ്ഞു കൂട. പൂര്‍ണ്ണയൌവനം എന്നുവെച്ചാല്‍ തന്നെ എന്താണെന്ന് എനിക്കു മനസ്സിലായിട്ടില്ല.
നമ്പൂതിരിപ്പാട്
ഇങ്കിരീസ്സു പഠിച്ചിട്ടാണ് ഈ വക ഒന്നും ഇന്ദുലേഖയ്ക്കു മനസ്സിലാവാത്തത്. സംശയമില്ല.
ഇന്ദുലേഖ
അതുകൊണ്ടു തന്നെയായിരിക്കാം.
നമ്പൂതിരിപ്പാട്
ഞാന്‍ വേളി കഴിച്ചിട്ടില്ല.
ഇന്ദുലേഖ
ശരി, നല്ലകാര്യം.
നമ്പൂതിരിപ്പാട്
ഇല്ലത്തു സന്തതിക്ക് അനുജന്മാര്‍ വേളി കഴിച്ചിട്ടുണ്ട്. ഞാന്‍ എല്ലായ്പോഴും വളരെ സുഖിച്ചു കാലം കഴിക്കുന്നു. സ്വജാതിയില്‍ ക്രമപ്രകാരം വേളികഴിച്ചാല്‍ നമ്പൂതിരിമാര്‍ക്കു സുഖം പോയി. ഞാന്‍ സ്ഥിരമായി ഇതുവരെ യാതൊരു ഭാര്യയെയും വെച്ചിട്ടില്ല. എന്താണ് ഇന്ദുലേഖാ ഒന്നും പറയാത്തത്?
ഇന്ദുലേഖ
ഇവിടുന്ന് ഇവിടുത്തെ വര്‍ത്തമാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞാനെന്താണ് എടയില്‍ പറയേണ്ടത്?
നമ്പൂതിരിപ്പാട്
ഞാന്‍ ഇന്നലെ അയച്ച ശ്ലോകം കേള്‍ക്കണോ? ഞാന്‍ ചൊല്ലാം.
ഇന്ദുലേഖ
വേണ്ട – ബുദ്ധിമുട്ടണ്ട.
നമ്പൂതിരിപ്പാട്
എന്തു ബുദ്ധിമുട്ടാണ്? ശ്ലോകം ചൊല്ലുന്നത് ഒരു രസികത്വമല്ലേ?
ഇന്ദുലേഖ
അതെന്തോ?
നമ്പൂതിരിപ്പാട്
അങ്ങിനെ തോന്നുന്നത് ഇങ്കിരീസ് പഠിച്ചിട്ടാണ്.
ഇന്ദുലേഖ
ആയിരിക്കാം.
നമ്പൂതിരിപ്പാട്
ഇങ്കിരീസ്സ് പഠിച്ചാല്‍ ശൃംഗാരം ഉണ്ടാവില്ല, നിശ്ചയം.
ഇന്ദുലേഖ
അതെ, ഉണ്ടാകയില്ല.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് നല്ല ശൃംഗാരം ഉണ്ട്.
ഇന്ദുലേഖ
ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.
നമ്പൂതിരിപ്പാട്
നൈഷധം പഠിച്ചിട്ടുണ്ടോ?
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
നൈഷധമല്ലേ പെണ്ണുങ്ങള്‍ പഠിക്കേണ്ടത്? നൈഷധത്തില്‍ ഒരു ശ്ലോകം ചൊല്ലട്ടെ?
ഇന്ദുലേഖ
വേണ്ട. വെറുതെ ബുദ്ധിമുട്ടണ്ട.
നമ്പൂതിരിപ്പാട്
അതെന്തൊരു കഥയാണ്! ശ്ലോകം ചൊല്ലാന്‍ ഭാവിക്കുമ്പോള്‍ എല്ലാം എന്താണു ബുദ്ധിമുട്ടണ്ട എന്നു പറയുന്നത്?
ഇന്ദുലേഖ
ബുദ്ധിമുട്ട് ഉണ്ടാകകൊണ്ടുതന്നെ.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് കല്ലുപതിച്ച തോടയാണ് നല്ല ചേര്‍ച്ച.
ഇന്ദുലേഖ
ശരി.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് കല്ലുപതിച്ച തോട ഉണ്ടോ?
ഇന്ദുലേഖ
എന്റെ കൈവശം ഇല്ല.
നമ്പൂതിരിപ്പാട്
ഞാന്‍ ഒരു ജോഡു പണിയിക്കാം. വിശേഷമായ കല്ലുകള്‍ എന്റെ പക്കലുണ്ട്.
ഇന്ദുലേഖ
എനിക്കു വേണ്ടി പണിയിക്കാന്‍ ആവശ്യവും സംഗതിയും ഇല്ല.
നമ്പൂതിരിപ്പാട്
ഞാന്‍ ഇവിടെ വന്നത് എനിക്ക് എഴുത്തയച്ചിട്ടാണ്.
ഇന്ദുലേഖ
ശരി.
നമ്പൂതിരിപ്പാട്
പഞ്ചു പറഞ്ഞിട്ട് കറുത്തേടം എഴുതി അയച്ചു. എന്നിട്ടാണു വന്നത്.
ഇന്ദുലേഖ
ശരി.
നമ്പൂതിരിപ്പാട്
ബാന്ധവത്തിന് വരാനാണ് എഴുതിയിരുന്നത്.
ഇന്ദുലേഖ
ആരേ? കേശവന്‍ നമ്പൂതിരിയെ ബാന്ധവിക്കാനാണോ?
നമ്പൂതിരിപ്പാട്
നേരംപോക്കു പോട്ടെ. എനിക്കു വളരെ വ്യസനം ഉണ്ട്.
ഇന്ദുലേഖ
ശരി.
നമ്പൂതിരിപ്പാട്
എന്താണ് – വ്യസനമുള്ളത് ശരിയെന്നോ?
ഇന്ദുലേഖ
അങ്ങിനെ അല്ലേ പറഞ്ഞത്?
നമ്പൂതിരിപ്പാട്
ഈ വെച്ചിരിക്കുന്ന വലിയ പെട്ടി എന്താണ്? സംഗീതപ്പെട്ടിയോ?
ഇന്ദുലേഖ
അതെ.
നമ്പൂതിരിപ്പാട്
ഇതിന്റെ വിദ്യ ഒന്നു കേള്‍പ്പിച്ചു തരാമോ?

ഇന്ദുലേഖ “അങ്ങനെ തന്നെ” എന്നു പറഞ്ഞു പിയാനോ വായിപ്പാന്‍ ആരംഭിച്ചു.

ഇന്നലത്തേയും ഇന്നത്തേയും സംഭാഷണത്തില്‍ ഇന്ദുലേഖയുടെ ഭാവം കേവലം രണ്ടു വിധമായിട്ടാണെന്ന് എന്റെ വായനക്കാര്‍ക്കു തോന്നാം. ഇന്നലെ ഇന്ദുലേഖയ്ക്ക് ഇദ്ദേഹത്തിന്റെ സ്വഭാവവും അവസ്ഥയും ഇന്നത്തെപ്പോലെ മനസ്സിലായിരുന്നില്ല. തന്നെ തട്ടിപ്പറിച്ചു കൊണ്ടു പോവാന്‍ അതികുബേരനായ ഒരു മനുഷ്യന്‍ വന്ന് പരീക്ഷിക്കാന്‍ പോവുന്നതില്‍ ഉള്ള പുച്ഛവും ക്രോധവും ഇന്നലെ കലശലായിരുന്നു. ഇന്നെയ്ക്ക് ആ സ്ഥിതി മാറിപ്പോയി. തന്റെ വലിയച്ഛനുതന്നെ ഇദ്ദേഹത്തിന്മേല്‍ നല്ല അഭിപ്രായമില്ലെന്നും എനി ഇദ്ദേഹത്തെ തന്റെ നേരെ കൊണ്ടു വന്നു പരീക്ഷിക്കയില്ലെന്നും ഇന്ദുലേഖാ അറിഞ്ഞു. പിന്നെ ഇദ്ദേഹത്തിനുതന്നെ ഇന്ദുലേഖയെ കിട്ടുകയില്ലെന്നുള്ള ഒരു വിശ്വാസം വന്നു തുടങ്ങി എന്ന് ഇദ്ദേഹത്തിന്റെ വാക്കില്‍ തന്നെ അറിയാറായി. അതുകൊണ്ട് ഇന്നെയ്ക്ക് ആകപ്പാടെ നമ്പൂതിരിപ്പാട്ടിലെ കഥ ഒരു പരിഹാസയോഗ്യമായിത്തീര്‍ന്നു. എന്നല്ല, ഇന്ദുലേഖയ്ക്ക് ഇദ്ദേഹത്തിന്റെ ബുദ്ധിയുടെ ഒരു ശക്തിയില്ലായ്മയും ചാപല്യവും കണ്ടിട്ട് കുറെ ഒരു പരിതാപവും ഉണ്ടായില്ലെന്നില്ല. ഏതുവിധവും ഇന്ദുലേഖയ്ക്ക് നമ്പൂതിരിപ്പാട്ടിലെ ബുദ്ധിയുടെ സ്വഭാവം കണ്ടിട്ട് ഒരു ദയയാണ് ഇന്നത്തെ സംസാരം കഴിഞ്ഞശേഷം ഉണ്ടായത്! “ഇദ്ദേഹം ഇങ്ങിനെ അറിവില്ലാത്തവനായി പോയല്ലോ,” എന്ന് തോന്നി.

പിയാനോ വായന തുടങ്ങിയപ്പോഴേക്ക് മാളികയുടെ ചുവട്ടില്‍ മിറ്റത്തും മതിലിന്മേലും കുളവക്കിലും മനുഷ്യര്‍ കൂടിത്തുടങ്ങി. മുമ്പത്തെപ്പോലെ ചില പട്ടന്മാരും മറ്റും മുകളിലേക്ക് വായന കേള്‍ക്കാന്‍ കയറുവാന്‍ ചെന്നപ്പോള്‍ കേശവന്‍ നമ്പൂതിരി കോണിക്കല്‍ ഒരു പാറാവുകാരന്റെ നിലയില്‍ നിന്ന്, “ആരും കയറണ്ട, കയറണ്ട” എന്നു  പറഞ്ഞ് ആട്ടിപ്പായിച്ചു. ആട്ടുകൊണ്ട കൂട്ടര്‍ കുളക്കടവില്‍ വന്ന് കേശവന്‍ നമ്പൂതിരിയെയും മറ്റും ശകാരം തുടങ്ങി.

ഒരു പട്ടര്
പകല്‍സമയം ഭാര്യയും ഭര്‍ത്താവും കൂടി ഇരിക്കുന്ന അകത്തു പാട്ടു കേള്‍ക്കാന്‍ പോയാല്‍ എന്തൊരു വിരോധമാണെടോ?
ഒരു നായര്
നമ്പൂതിരിപ്പാട്ടിലേക്ക് വേറെ ആള്‍ കടന്നു ചെല്ലുന്നതും ഇഷ്ടമായിരിക്കയില്ല. പിന്നെ എന്തിനു നോം അദ്ദേഹത്തെ മുഷിപ്പിക്കുന്നു.
ഒരു പട്ടര്
എന്താണ്, മറ്റൊരാള്‍ ഇന്ദുലേഖയുടെ പാട്ടു കേട്ടുപോയാല്‍ നമ്പൂതിരിപ്പാട്ടിലേക്ക് ഇത്ര ചേതം?
ഒരു നമ്പൂരി
പുതിയ ഭാര്യയല്ലേ, അങ്ങിനെയിരിക്കും.

ഇങ്ങിനെ ആളുകള്‍ ഘോഷം കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ ശങ്കരശാസ്ത്രികള്‍ ഉണര്‍ന്നു ഗോവിന്ദപ്പണിക്കരുടെ വീട്ടില്‍ നിന്ന് എറങ്ങി പതുക്കെ അമ്പലത്തിലേക്കു പുറപ്പെട്ടു. ആളുകള്‍ വഴിയില്‍വെച്ചു മേല്‍കാണിച്ച പ്രകാരം പറയുന്നതും ഘോഷം കൂട്ടുന്നതും കേട്ടു.  ഇന്ദുലേഖയുടെ മാളികമുകളില്‍ നിന്നു പിയാനോ വായിക്കുന്നതും കേട്ടു. ഒന്നും മിണ്ടാതെ നേരെ അമ്പലത്തിലേക്കു നടന്നുപോം വഴി ഗോവിന്ദനന്‍കുട്ടിമേനോനെ അന്വേഷിച്ചു. ഗോവിന്ദപ്പണിക്കരോടുകൂടി പൊയ്പായികളത്തിലേക്കു പോയിരിക്കുന്നു എന്നു കേട്ടു ശാസ്ത്രികള്‍ ബഹുവ്യസനത്താല്‍ പരവശനായി അമ്പലത്തില്‍ പോയി കിടന്നു. നാട്ടിലേക്ക് അന്നു തന്നെ പോണമെന്നും ഉറച്ചു. ഒരു പത്തു നിമിഷം പിയാനോ വായന കഴിഞ്ഞശേഷം,

നമ്പൂതിരിപ്പാട്
എനി മതിയാക്കാം. ക്ഷീണം ഉണ്ടാവും. ഓമനയായ കൈകൊണ്ട് എത്രനേരം അദ്ധ്വാനിക്കാം.
ഇന്ദുലേഖ പുച്ഛിച്ച് ഒന്നു നോക്കി. നമ്പൂതിപ്പാട് തന്റെ വെള്ളിച്ചെല്ലവും സ്വര്‍ണ്ണപ്പനീര്‍വീശി­ക്കുപ്പിയും കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ടു വന്നശേഷം ഇന്ദുലേഖയോട്
നമ്പൂതിരിപ്പാട്
ഈ പെട്ടി നോക്കൂ. നല്ല മാതിരിയോ?

ഇന്ദുലേഖ പെട്ടിവാങ്ങി നോക്കി. പനീര്‍വീശിയും വാങ്ങി നോക്കി.  “വളരെ ഭംഗിയുണ്ട് ” എന്നു പറഞ്ഞ് താഴത്തു വെച്ചു.

നമ്പൂതിരിപ്പാട്
ഇത് ആവശ്യമുണ്ടെങ്കില്‍ എടുക്കാം?
ഇന്ദുലേഖ
എനിക്ക് ആവശ്യമില്ലാ.
നമ്പൂതിരിപ്പാട്
എടുക്കാം. വിരോധമില്ലാ.
ഇന്ദുലേഖ
എനിക്കാവശ്യമില്ലാ.
നമ്പൂതിരിപ്പാട്
ഞാന്‍ ഇന്ദുലേഖയെ അല്ലാതെ വേറെ ഒരു സ്ത്രീയേയും കാമിക്കയില്ലാ.
ഇന്ദുലേഖ
അങ്ങിനെതന്നെ.
നമ്പൂതിരിപ്പാട്
ഓ – അതു സമ്മതിച്ചുവോ?
ഇന്ദുലേഖ
സമ്മതം.

നമ്പൂതിരിപ്പാട് ചിരിച്ച് എണീട്ടുനിന്നു. മേല്പട്ടെയ്ക്ക് ഒന്നു ചാടി.

ഇന്ദുലേഖ
ഇതെന്തു ഗോഷ്ഠിയാണ്?
നമ്പൂതിരിപ്പാട്
ഗോഷ്ഠിയോ? മഹാഭാഗ്യം ആയിരിക്കുന്നു എനിക്ക്. ഞാന്‍ നൃത്തം ചെയ്യട്ടെ. എനിക്ക് ഇന്ദുലേഖയെ കിട്ടിയില്ലേ. എന്റെ കാര്യം സാധിച്ചില്ലേ?
ഇന്ദുലേഖ
ഈവക ഗോഷ്ഠികള്‍ പറയരുതേ. ഞാന്‍ ഈ ജന്മം അങ്ങേ ഭാര്യയായി ഇരിക്കയില്ല. എന്നെ അങ്ങുന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ വിചാരിച്ചാല്‍ നിവൃത്തിയില്ല. അങ്ങുന്ന് എനി മേലില്‍ എന്നോട് ഈ വക ഒരു വാക്കു പറഞ്ഞാല്‍ ഞാന്‍ അങ്ങെ ഒരിക്കലും കാണുകയും ഇല്ല. എനിക്ക് പ്രവൃത്തികള്‍ ഉണ്ട്.

എന്നും പറഞ്ഞ് ഇന്ദുലേഖ അകത്തേക്കു പോയി. നമ്പൂതിരിപ്പാട് ക്ഷണത്തില്‍ ചുവട്ടിലേക്ക് ഇറങ്ങിപ്പോരുകയും ചെയ്തു. കോണി എറങ്ങിക്കഴിയുന്നതുവരെ കഷ്ടിച്ചു സങ്കടമുണ്ടായിരുന്നുവോ – സംശയം. അപ്പോഴേക്കു മനസ്സില്‍ ഒന്നാമതു ലക്ഷ്മിക്കുട്ടി അമ്മയേയും ഉടനെ രണ്ടാമതു രാവിലെ കണ്ട പെണ്ണിനേയും ഓര്‍മ്മ വന്നു. ചുവട്ടില്‍ വന്ന ഉടനെ ഗോവിന്ദനെ അന്വേഷിച്ചു. ഗോവിന്ദന്‍ വന്നു കുറെ സ്വകാര്യ സംസാരം ഉണ്ടായി. അതിന്റെ വിവരം:

നമ്പൂതിരിപ്പാട്
എന്താണു ഗോവിന്ദാ, എല്ലാം ശട്ടമായോ?
ഗോവിന്ദന്‍
അടിയന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാ. അങ്ങിനെ പറയാന്‍ പാടില്ലാ. അടിയന്‍ വിചാരിക്കുന്നതു തിരുമനസ്സുതന്നെ പഞ്ചുമേനോനെ വിളിച്ച് ഇതിനെപ്പറ്റി സ്വകാര്യമായി ഒന്ന് അരുളി ചെയ്താല്‍ ഒരു വിഷമവും ഉണ്ടാവില്ലെന്നാണ്.
നമ്പൂതിരിപ്പാട്
എന്നാല്‍ പഞ്ചുവെ വിളിക്കൂ. പറഞ്ഞു കളയാം. ഇന്ദുലേഖയുടെ കാര്യം തീര്‍ച്ചയായി. ഈ ജന്മം അവള്‍ എന്റെ ഭാര്യയായി ഇരിക്കില്ല പോല്‍.
ഗോവിന്ദന്‍
ശിവ ശിവ! എന്തു ധിക്കാരമാണ് ഇത്! ഇങ്ങിനെ കുറുമ്പ് പെണ്ണുങ്ങള്‍ക്ക് ഞാന്‍ കേട്ടിട്ടില്ല. അവളുടെ മുന്പാകെ കല്യാണിയേയും കൊണ്ടു രാവിലെ എഴുന്നള്ളാന്‍ ദൈവം സംഗതി വരുത്തണം എന്നാണ് അടിയന്റെ പ്രാര്‍ത്ഥന.
നമ്പൂതിരിപ്പാട്
ശരി. സമര്‍ത്ഥാ! ശരി. പഞ്ചുവെ വിളിക്ക.
ഗോവിന്ദന്‍
പടിമാളികമേല്‍ എഴുന്നള്ളിയിരിക്കുന്നതാണ് നല്ലത്. പഞ്ചുമേനവനെ അടിയന്‍ അവിടെ വിളിച്ചു കൊണ്ടു വരാം. പഞ്ചുമേനവന്‍ വരുമ്പോള്‍ ചെറുശ്ശേരി നമ്പൂതിരിയും കേശവന്‍ നമ്പൂതിരിയും ഒന്നിച്ചരുതേ. ഗോപ്യമായിരിക്കണം.

എന്നും പറഞ്ഞു ഗോവിന്ദന്‍ പഞ്ചുമേനോനെ തിരയാന്‍ പോയി.

നമ്പൂതിരിപ്പാട് കേശവന്‍ നമ്പൂതിരിയെ വിളിച്ചു താന്‍ ഇരിക്കുന്ന അറയുടെ തെക്കേ അറ­യില്‍ത്തന്നെ ഇരിക്കണം; ചില കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനുണ്ട്; താന്‍ വിളിക്കുന്നതുവരെ എങ്ങും പോവരുതെന്നു പറഞ്ഞ് അവിടെ ഇരുത്തി. ഇതും ഗോവിന്ദന്റെ ഒരു വിദ്യതന്നെയായിരുന്നു. കേശവന്‍ നമ്പൂതിരി അറയില്‍ ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഉറങ്ങുകയും ചെയ്തു.

ഗോവിന്ദന്‍ പഞ്ചുമേനോനെ തിരഞ്ഞു പോവുമ്പോള്‍ സമയം മൂന്നുമണിയായിരിക്കുന്നു. പഞ്ചുമേനോന്‍ ഊണുകഴിഞ്ഞ് ഉറങ്ങുന്നു. ഗോവിന്ദന്‍ പഞ്ചുമേനവന്‍ കിടക്കുന്ന അകത്തിന്റെ വാതുക്കല്‍ പോയി നിന്നു കുഞ്ഞിക്കുട്ടി അമ്മയെ കണ്ടു. പഞ്ചുമേനോനെ നമ്പൂതിരിപ്പാടു വിളിക്കുന്നു എന്നു പറഞ്ഞു. കുഞ്ഞിക്കുട്ടി അമ്മ അകത്തുപോയി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. ഉണര്‍ത്തിയ ദേഷ്യത്തോടെ –

പഞ്ചുമേനോന്‍
അസത്തെ, എന്തിന് എന്നെ ഉപദ്രവിക്കുന്നു?
കുഞ്ഞിക്കുട്ടി അമ്മ
നമ്പൂതിരിപ്പാടു വിളിക്കുന്നുണ്ടുപോല്‍.
പഞ്ചുമേനോന്‍
നമ്പൂതിരിപ്പാട്! വിഡ്ഢി നമ്പൂതിരിപ്പാട്! വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു. ഈ അസത്തിന്നു കടന്നു പോവരുതേ? ഒന്നിനും കൊള്ളാത്ത മനുഷ്യന്‍. ആ കേശവന്‍ നമ്പൂതിരിയെപ്പോലെ ഒരു കഴുതയെ ഞാന്‍ കണ്ടിട്ടില്ല.
കുഞ്ഞിക്കുട്ടി അമ്മ
അങ്ങിനെ ഒന്നുമില്ല. ഇന്ദുലേഖയും നമ്പൂതിരിപ്പാടും തമ്മില്‍ ഇന്നു വളരെ എണങ്ങിയിരിക്കുന്നു. ഇന്ന് ഇത്ര നേരം മാളികയില്‍വെച്ചു പാട്ടും ചിരിയും തകൃതിയായിരുന്നു. ബഹു ഉത്സാഹം. ഇന്ദുലേഖയ്ക്ക് വളരെ സന്തോഷമായിരിക്കുന്നുപോല്‍.
പഞ്ചുമേനോന്‍
(പതുക്കെ എണീട്ടിരുന്നിട്ട്) പാട്ടുണ്ടായോ? എപ്പഴ്?
കുഞ്ഞിക്കുട്ടി അമ്മ
ഇവിടുന്ന് കിഴക്കെ പറമ്പില്‍ പോയ സമയം.
പഞ്ചുമേനോന്‍
അതൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ പോയി അന്വേഷിക്കട്ടെ. എന്നു പറഞ്ഞു വൃദ്ധന്‍ കുറെ സന്തോഷത്തോടെ എണീട്ടു പുറപ്പെട്ട് ഗോവിന്ദനോടുകൂടി പടിമാളികയില്‍ ചെന്നു കയറി.