close
Sayahna Sayahna
Search

Difference between revisions of "പനിനീര്‍പ്പൂ വിടരുന്നതു് എന്തുകൊണ്ട്?"


 
Line 50: Line 50:
 
യേറ്റ്സ് ചോദിച്ചു.
 
യേറ്റ്സ് ചോദിച്ചു.
 
<poem>
 
<poem>
:O body swayed to music.
+
:{{en|O body swayed to music.}}
:O brightening glance
+
:{{en|O brightening glance}}
:How can we know the  
+
:{{en|How can we know the }}
:dancer from the dance.
+
:{{en|dancer from the dance.}}
 
</poem>
 
</poem>
  

Latest revision as of 17:02, 18 November 2017

പനിനീര്‍പ്പൂ വിടരുന്നതു് എന്തുകൊണ്ട്?
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

‘സ്വര്‍ണ്ണ പ്രകാശവും രജത പ്രകാശവും കലര്‍ത്തി നിര്‍മ്മിച്ചു മനോഹരമാക്കിയ അന്തരീക്ഷത്തിന്റെ വസ്ത്രങ്ങള്‍ എനിക്കുണ്ടായിരുന്നെങ്കില്‍, രാത്രിയുടെയും പ്രകാശത്തിന്റെയും നീലനിറമാര്‍ന്നതും അവ്യക്തതയാര്‍ന്നതും ഇരുണ്ട നിറമാര്‍ന്നതും ആയ വസ്ത്രങ്ങള്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവ നിന്റെ പാദങ്ങള്‍ക്കു താഴെ വിരിക്കുമായിരുന്നു. പക്ഷേ ദരിദ്രനായ എനിക്കു സ്വപ്നങ്ങള്‍ മാത്രമേയുള്ളു. ഞാന്‍ അവ നിന്റെ പാദങ്ങള്‍ക്കു താഴെ ഇതാ വിരിച്ചിരിക്കുന്നു. മൃദുലമായി പാദങ്ങള്‍ വയ്ക്കൂ. കാരണം നീ എന്റെ സ്വപ്നങ്ങളിലാണ് കാലുകള്‍ വയ്ക്കുന്നത്. ‘(Tread softly because you tread on my dream) ഡബ്‌ള്യൂ. ബി. യേറ്റ്സിന്റെ കവിതയാണ് ഇത്. കേരളീയരുടെ കാലുകള്‍ക്കു താഴെയായി കിനാവുകള്‍ വിരിച്ചു കൊടുത്ത കവിയാണു ചങ്ങമ്പുഴ. അദ്ദേഹത്തിന്റെ കവിതയ്‌ക്കു സ്വപ്നത്തിന്റെ മനോഹാരിതയും അവ്യക്തതയും ഉണ്ടെന്നാണ് അതിന്റെ അര്‍ത്ഥം.

സ്വപ്നങ്ങള്‍ നിദ്രയില്‍ വിലയം കൊണ്ടവന്റെ അര്‍ത്ഥനയനുസരിച്ചല്ല ആവിര്‍ഭവിക്കുന്നത്. അവ തനിയെ വരുന്നു, എങ്ങോട്ടോ പോകുന്നു. പനിനീര്‍പ്പൂ എന്തുകൊണ്ടു വിടരുന്നു എന്നു ചോദിക്കാനാവുമോ നമുക്കെന്ന് ഒരു സ്പാനിഷ് കവിയുടെ ചോദ്യമുണ്ട്. The rose has no way, it flowers because it flowers. കിനാവുപോലെ, റോസാപ്പൂപോലെ ചങ്ങമ്പുഴക്കവിത വിടര്‍ന്നു. കിനാവുകള്‍ തനിയെ വരുന്നു, എങ്ങോട്ടോ പോകുന്നു എന്നു ഞാനെഴുതിയതില്‍ രണ്ടാമത്തെ ഭാഗം തെറ്റ്. ചങ്ങമ്പുഴക്കവിത ഒരിടത്തും പോയിട്ടില്ല. അന്തര്‍ദ്ധാനം ചെയ്തിട്ടില്ല. ഭംഗിയും പരിമളവും പ്രസരിപ്പിച്ചുകൊണ്ട് അത് നമ്മുടെ മുന്‍പില്‍ എപ്പോഴും നില്ക്കുന്നു. കവിയുടെ ‘സ്വരരാഗസുധ’ എന്ന കാവ്യഗ്രന്ഥം പ്രിയപ്പെട്ട വായനക്കാരുടെ മേശയുടെ പുറത്തു കിടക്കുന്നുവെന്ന് ഞാന്‍ വിചാരിക്കട്ടെ. അതിന്റെ വെളുത്ത പുറങ്ങളില്‍ കുറെ കറുത്ത അക്ഷരങ്ങള്‍മാത്രം.

പക്ഷേ ഒരു പുറത്തിലൂടെ കണ്ണോടിക്കൂ. ഒരതിസുന്ദരി അവിടെ നിന്ന് എഴുന്നേറ്റു വന്നു നിങ്ങളെനോക്കി പുഞ്ചിരിതൂകുന്നു.

അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു
മബ്ധികന്യകളല്ലയോ നിങ്ങള്‍?
ശബ്ദ വീചി ശതങ്ങളില്‍ത്തത്തി
നൃത്തമാടും മദാലസമാരേ
അര്‍ദ്ധസുപ്തിയിലാടിക്കുഴഞ്ഞി
ങ്ങെത്തി നില്പിതോ നിങ്ങളെന്‍ മുന്നില്‍?

അപ്പോള്‍ വിലാസപതാകയായ ‘ജ്ജ’, നാണം കുണുങ്ങിയ ‘ന്ദ’, കളിച്ചെണ്ടേന്തിയ ‘ങ്ഗ’ ഇവ കവിയുടെ മുന്‍പില്‍ നൃത്തമാടുന്നു. നമ്മുടെ മുന്‍പിലുമുണ്ട് ആ നൃത്തം. കവിയോടൊപ്പം നമ്മളും ചോദിക്കുന്നു.

‘എന്തു നൃത്തം നടത്തുകയാണോ
സുന്ദരികളേ നിങ്ങളെന്‍ മുന്നില്‍
ഒറ്റ മാത്രയ്ക്കകത്തഹോ നിങ്ങള്‍
മറ്റൊരു ലോകമാരചിച്ചല്ലോ’

കിനാവിന്റേയും പനിനീര്‍പ്പൂവിന്റെയും അക്ഷരങ്ങളുടെയും ദര്‍ശനം മറ്റൊരു ലോകമാരചിക്കുന്നതുപോലെ ചങ്ങമ്പുഴക്കവിതയും വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതുതന്നെയല്ലേ എല്ലാക്കവികളും അനുഷ്ഠിക്കുന്നതെന്നു ചിലര്‍ ചോദിച്ചേക്കാം. ‘അല്ല’ എന്നാണ് ഉത്തരം. പലരുടെയും കാവ്യങ്ങള്‍ ആഖ്യാനപരങ്ങളാണ്. ഉദ്ബോധനാത്മകങ്ങളാണ്. വിവരണാത്മകങ്ങളാണ്. ഭൂമിയോടു മാത്രം അവ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യസമുദായത്തെ അഭിവൃദ്ധിയിലേക്കു കൊണ്ടു ചെല്ലാന്‍ കവിതയെഴുതുന്നവരുണ്ട്. ജഗത്സംബന്ധീയങ്ങളായ ദര്‍ശനങ്ങളെ ആവിഷ്ക്കരിക്കാന്‍ കവിത രചിക്കുന്നവരുണ്ട്. ധിഷണാ പരങ്ങളായ അത്തരം കര്‍മ്മങ്ങളില്‍ നിന്ന് അതിദൂരം അകന്ന് നില്ക്കുന്ന കവിയാണ് ചങ്ങമ്പുഴ. മറ്റൊരുതരത്തില്‍ പറയാം. വിശുദ്ധമായ ഭാവാത്മകത്വം മാത്രമാണ് ചങ്ങമ്പുഴക്കവിതയിലുള്ളത്. പ്രചാരണാംശം കലര്‍ത്തി ‘തുയിലുണര്‍ത്ത്’ലോ ‘വാഴക്കുല’യോ നിര്‍മ്മിക്കുമ്പോഴും കവി ചിന്തയില്‍ ഭാവാത്മകതയുടെ ചേതോഹരമായ ദീപം കത്തിച്ചുകൊണ്ടാണ് സഞ്ചരിക്കുന്നത്. ഇക്കാര്യത്തില്‍ ഈ കവിയെ സമീപിക്കാന്‍ വേറൊരു കവി കേരളത്തിലില്ല. ഞാന്‍ ലക്ഷ്യമാക്കുന്നത് ചങ്ങമ്പുഴ നിസ്തുലനായ ഭാവാത്മക കവിയാണ് എന്നത്രേ. ‘ലിറിക്കും’ ‘ലിറിക്ക’ലും തമ്മില്‍ വ്യത്യാസമുണ്ട്. ഭാവാത്മകത ഒന്ന്, ഭാവപരത വേറെ. ഒരു വികാരത്തെ നേര്‍പ്പിച്ചു നേര്‍പ്പിച്ചു കൊണ്ടുവന്നു ശുദ്ധവികാരമാക്കി മാറ്റുമ്പോഴാണു ഭാവഗീതത്തിന്റെ ജനനം. മറ്റുവികാരങ്ങള്‍ കാവ്യത്തില്‍ സംക്രമിക്കുമ്പോള്‍ അതിനു ഭാവപരത മാത്രമേയുള്ളു. ചങ്ങമ്പുഴയുടെ ‘മനസ്വിനി’ ശുദ്ധമായ ഭാവഗീതമാണ്. വൈലോപ്പിള്ളിയുടെ കാവ്യങ്ങള്‍ ഭാവപരങ്ങളും. വിശുദ്ധങ്ങളായ ഭാവാത്മക കാവ്യങ്ങള്‍ അനുവാചകരെ സത്യത്തിന്റെ ലോകത്തേക്കു കൊണ്ടു ചെല്ലുന്നു. സത്യത്തിന്റെ ലോകം സൗന്ദര്യത്തിന്റെ ലോകമാണ്. ഒരു സംസ്കൃത ശ്ലോകത്തിന്റെ വ്യാഖ്യാനമോ വിവൃതിയോ വിശദീകരണമോ ആയ ഒരു കാവ്യഖണ്ഡം ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലുണ്ട്. താന്‍ മരിച്ചാല്‍ പഞ്ചഭൂതാത്മകമായ തന്റെ ശരീരത്തിന്റെ ഓരോ അംശവുമായി ചേരണമെന്ന അഭിലാഷം പ്രകടിപ്പിക്കുന്നു അത്. കേള്‍ക്കുക.

പഞ്ചഭൂതാഭിയുക്തമെന്‍ ഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം
ആദിമൂലത്തില്‍ വീണ്ടും തിരിച്ചെന്‍
ഭൂതപഞ്ചകം ചേരുന്ന നേരം
ഉജ്ജ്വലാംഗിനിന്‍ ക്രീഡാ സരസ്സില്‍
മജ്ജലാംശം ലയിച്ചിരുന്നെങ്കില്‍
അത്തളിരെതിര്‍പ്പൊന്‍ കുളിര്‍ക്കൈയില്‍
തത്തിടും മണിത്താല വൃന്തത്തില്‍
മത്തടിച്ചാര്‍ത്തു അദ്വാത ഭൂത
മെത്തി നിന്നു ലസിച്ചിരുന്നെങ്കില്‍
ഉദ്രസസ്വപ്ന സുസ്മേരയായ് നീ
നിദ്ര ചെയ്യുമ പ്പൂമച്ചിനുള്ളില്‍
പ്രേമ സാന്ദ്രത നിത്യം വഴിഞ്ഞെന്‍
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കില്‍
നിന്മണിമച്ചില്‍ നിത്യം നിശയില്‍
നിന്നിടും സ്വര്‍ണ്ണ ദീപനാളത്തില്‍
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശം
മിന്നിമിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍
ദേവിനിന്‍ പദ സ്പര്‍ശനഭാഗ്യം
താവി നില്‍ക്കുമപ്പൂങ്കാവനത്തില്‍
വിദ്രുമ ദ്രുമച്ഛായയില്‍ വീണെന്‍
മൃദ്വിഭാഗംശയിച്ചിരുന്നെങ്കില്‍

ഇതില്‍ ചിന്തയുണ്ട്. ആ ചിന്ത പുഷ്പഹാരത്തിലെ പൂക്കളെ കോര്‍ത്തിരിക്കുന്ന വാഴനാരു മാത്രമാണ്. പൂക്കളെ മാത്രമേ നമ്മള്‍ കാണുന്നുള്ളു. പൂക്കളെ കാണുമ്പോള്‍ നമുക്ക് ആഹ്ലാദമുണ്ടാകുന്നു അപ്പോള്‍ വാഴനാരിനെക്കുറിച്ച് ഓര്‍മ്മയേയില്ല. ഇതാണ് ഭാവാത്മകതയുടെ സവിശേഷത. ഭാവാത്മകതയിലൂടെ നമ്മള്‍ ഗൂഢാര്‍ത്ഥദ്യോതകമായ ഒരു ലോകത്തു പ്രവേശിക്കുന്നു. അവിടെ ആഹ്ളാദം അലതല്ലുന്നു. അതില്‍ മുങ്ങി നിവരുമ്പോള്‍ നമുക്കു വിശ്രാന്തി, ആവര്‍ത്തിക്കട്ടെ. ചങ്ങമ്പുഴ കേരളത്തിലെ അദ്വീതീയനായ ഭാവാത്മകകവിയാണ്.

യേറ്റ്സ് ചോദിച്ചു.

O body swayed to music.
O brightening glance
How can we know the
dancer from the dance.

കാവ്യനര്‍ത്തകിയാര്, നൃത്തമേത് എന്നു വേര്‍തിരിച്ചറിയാന്‍ വയ്യ ചങ്ങമ്പുഴയ്ക്കും. സുന്ദരി ചങ്ങമ്പുഴയുടെ കാല്പനിക ബിംബമാണ്. ഉത്കടവികാരത്തിനു വിധേയയായി ലയാത്മകമായി നൃത്തം ചെയ്യുന്ന സുന്ദരിക്കു ധിഷണാവിലാസമുണ്ടോ എന്നു നമ്മള്‍ ആലോചിക്കുന്നില്ല ചങ്ങമ്പുഴയും നൃത്തം ചെയ്യുന്ന കാവ്യദേവതയുടെ സൗന്ദര്യത്തിലും നൃത്തത്തിലും ആഹ്ളാദം കൊള്ളുന്നു. ഈ ആഹ്ളാദം അദ്ദേഹം ലയാത്മകമായ പദങ്ങളിലൂടെ അനുവാചകര്‍ക്കു പകരുന്നു.