close
Sayahna Sayahna
Search

പരുന്തുകൾ വട്ടം ചുറ്റുമ്പോൾ


പരുന്തുകൾ വട്ടം ചുറ്റുമ്പോൾ
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

എട്ടുകാലിനൂലു പോലെ നേരിയ ഒരു പ്രകാശരേഖ ആകാശത്തു പ്രത്യക്ഷപ്പെട്ടു. നോക്കിക്കൊണ്ടിരിക്കെ സില്ക്കുനൂലു പോലെ മിനുസമുള്ള ആ രേഖ അന്തമില്ലാത്ത അസ്വാസ്ഥ്യം വളർത്തിക്കൊണ്ട് നീളുവാൻ തുടങ്ങി. നിമിഷങ്ങൾ ഒരു ശാശ്വത ദുഃഖം പോലെ കനത്തു നിന്നു. നനുത്ത രേഖ അപ്പോഴും നീണ്ടുകൊണ്ടിരുന്നു. അവസാനം ഒരു ദുർബ്ബല നിമിഷത്തിൽ നിറയെ കുടുക്കുകളുള്ള നൂലാമാലയായി അതു പൊട്ടിത്തകർന്നു. ഊത നിറത്തിൽ ആകാശം സൃഷ്ടിയുടെ രഹസ്യത്തെ മറച്ചുകൊണ്ട് തൂങ്ങിക്കിടന്നു.

ഞാൻ ഉണർന്നു. നിസ്സഹായതാബോധം മനസ്സിൽ അവശേഷിച്ചു. ഞാൻ അപ്പോഴും ഒരു സ്വപ്നാവസ്ഥയിലാ യിരുന്നു. ഒരിക്കലും സുബോധത്തിലെത്തില്ലെന്നു തോന്നിക്കുന്ന ഒരവസ്ഥ. എനിക്ക് ടൈഫോയ്ഡായിരുന്നു. ഡോക്ടർ അങ്ങനെയാണു പറഞ്ഞത്. നാലുനേരം വിഴുങ്ങിയിരുന്ന കാപ്‌സൂളിന്റെ നിറം ഓർമ്മിക്കാൻ പറ്റുന്നില്ല. പച്ചയാണോ? അതോ കറുപ്പോ?

കട്ടിലിൽ കിടന്നു നോക്കിയാൽ ജാലകത്തിലൂടെ നീലാകാശത്തിന്റെ ഒരു ഭാഗം കാണാം. താഴെ, യദു കോളനിയിലെ ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങളുടെ ആകാശരേഖയാണ്. അതിനും താഴെ വിശാലമായ ഒരു ചതുരൻ കുളമാണ്. കർട്ടൻ ഉയർത്തി വെച്ചാൽ ആ കുളം മുഴുവൻ കാണാം. നരച്ച താടിയും സ്വർണ്ണ ഫ്രെയിമുള്ള കണ്ണടയു മായി ഒരു കിഴവൻ കുളത്തിന്റെ ഇടത്തെ കരയിൽ കുനിഞ്ഞിരുന്ന് മത്സ്യം പിടിക്കുന്നുണ്ടാവും. കഴിഞ്ഞ ഒരാഴ്ച യായി ഞാൻ ശ്രദ്ധിക്കാറുണ്ട്. കിഴവൻ രാവിലെ മുതൽ വൈകുന്നേരംവരെ അവിടെ ഒരു ചൂണ്ടലുമായി ചടഞ്ഞിരിക്കാറുണ്ട്. ഇടയ്ക്കിടയ്ക്കു ചൂണ്ടൽ വലിച്ചെടുത്ത് അതിന്റെ കൊക്ക സൂക്ഷ്മമായി പരിശോധിക്കും. ഒരു സാമർത്ഥ്യമുള്ള മത്സ്യം കൊളുത്തിൽപ്പെടാതെ ഇരയെ തിന്നിട്ടുണ്ടാകും. അയാൾ വേറൊരു ഇര കൊളുത്തി ചൂണ്ടലിട്ട് വാശിയോടെ ജലപ്പരപ്പിലേക്കു നോക്കി കൂനി ഇരിക്കും.

കണ്ണടച്ചു കിടക്കുകയാണ് രസം. കാരണം, കണ്ണടച്ചാൽ മുത്തുകളുടെ ഒരു സമുദ്രം താഴെക്കൂടി ഒഴുകിപ്പോകുന്നു ണ്ടെന്നു തോന്നും. അതിനു മുകളിൽ പ്രകാശമുള്ള ചെറിയ വസ്തുക്കൾ വട്ടമിടും, കൊയ്ത്തു കഴിഞ്ഞ നെൽ വയലുകൾക്കു മീതെ ഒരു വേനൽ പ്രഭാതത്തിൽ പറന്നു ചുറ്റുന്ന പരുന്തുകൾ പോലെ.

അലങ്കോലപ്പെട്ടു കിടക്കുന്ന മനസ്സിനെ ക്രമത്തിലാക്കി വിചാരത്തിന്റെ നൂലുകളെ പിൻതുടരാൻ ഞാൻ ശ്രമിച്ചു. നൂലിഴകൾ ചിന്തയുടേതായിരുന്നോ? അതോ, ഒരനുഭൂതിയുടെയോ? ദുഃഖത്തിൽ കുഴഞ്ഞ ഒരു നിസ്സഹായതാബോധ മായിരുന്നു, അത്. ഞാൻ അടുത്തറിയുന്ന ആരോ മരിക്കാൻ പോകുന്നു! എനിക്ക് സംശയമുണ്ടായിരുന്നില്ല. കുട്ടി ക്കാലം മുതൽ പനിയായി കിടക്കുമ്പോഴെല്ലാം ഞാൻ അറിയുന്ന ഒരാൾ മരിച്ചിട്ടുണ്ട്. അതൊരു സങ്കടകരമായ യാഥാർത്ഥ്യമായിരുന്നു. ഞാൻ അതിനെപ്പറ്റി ആലോചിക്കാൻ ഇഷ്ടപ്പെട്ടില്ല.

സമയം എത്രയായിട്ടുണ്ടാകും? കുറച്ചു ദിവസങ്ങളായി ഞാൻ സമയഭേദമില്ലാത്ത ഒരു ലോകത്തായിരുന്നു. കണ്ണു തുറന്നു കിടക്കുകയായിരുന്നെങ്കിലും കാര്യമായൊന്നും കണ്ടിരുന്നില്ല. കൂട്ടുകാരൻ രാവിലെ ഓഫീസിൽ പോകുന്നതു ഞാൻ അറിയാറില്ല. വാലിയക്കാരൻ പയ്യൻ മാത്രം ഇടയ്ക്കിടയ്ക്കു കിടക്കയ്ക്കരികെ വരികയും പോവുകയും ചെയ്യും. ഒന്നുകിൽ മരുന്നു തരാനോ, അല്ലെങ്കിൽ ഒരു ഗ്ലാസ്സിൽ പാൽ കൊണ്ടുവന്ന് എന്റെ തല അല്പ മുയർത്തി വായിൽ ഒഴിച്ചുതരാനോ വേണ്ടി. അവന്റെ വരവുകൾക്കിടയ്ക്കുള്ള സമയം ഒരു മിനിറ്റോ ഒരു മണിക്കൂറോ ഒരു യുഗമോ തന്നെയാകാം. സമയം, ചുമരിന്റെ മൂലയിലെ വേട്ടാളൻകൂടു പോലെ നിശ്ചലമായിരുന്നു. ഡോക്ടറുടെ സന്ദർശനം എപ്പോഴാണെന്ന് അറിയില്ല. അയാൾ വന്നു കൈ പിടിക്കുന്നത് അറിയുന്നുണ്ട്. എന്തൊക്കെയോ ചോദിക്കാറുണ്ട്. ഞാൻ മറുപടി പറഞ്ഞിരുന്നോ?

ഇതെല്ലാം പനി കൂടിയപ്പോഴാണ്. അതിനുമുമ്പു സുഖമായിരുന്നു. കട്ടിലിന്നു നേർക്കുള്ള ജാലകത്തിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടേ കിടക്കാം. പനിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഒന്നും ചെയ്യാതെ വെറുതെ കിടക്കാ മല്ലൊ. നേരിയ, സുഖകരമായ വേദന ദേഹത്തെ തഴുകുന്നുവെന്നേ തോന്നൂ.

ആദ്യമെല്ലാം ഞാൻ ജാലകത്തിന്നടുത്തു പോയി ഇരിക്കാറുണ്ട്. അപ്പോഴാണ് ചൂണ്ടലിടുന്ന കിഴവനെ കണ്ടത്. നടാടെ കാണുകയായിരുന്നെങ്കിലും, അയാൾ ഒരു ജീവിതകാലം മുഴുവൻ ചൂണ്ടലുമായി അവിടെ, എന്റെ മുമ്പിൽ ഇരിക്കുകയായിരുന്നെന്നു തോന്നി. അങ്ങനെ നോക്കിയിരിക്കുന്നതിൽ ഒരു രസമുണ്ട്. രാവിലെ മുതൽ വൈകു ന്നേരംവരെ ഇരുന്നാലും ഒരൊറ്റ മത്സ്യം പോലും അയാളുടെ ചൂണ്ടലിൽ പെട്ടിരുന്നില്ല. അങ്ങനെ നോക്കി നോക്കി ക്ഷീണിക്കുമ്പോൾ ഞാൻ കർട്ടൻ ഉയർത്തി വെച്ചു കട്ടിലിൽ വന്നു കിടന്ന് അയാൾ ചൂണ്ടലിടുന്നതു തന്നെ വീണ്ടും ശ്രദ്ധിക്കും. ഒരു ദിവസത്തിന്നുള്ളിൽ എനിക്ക് അയാളോട് ഒരു നൂറ്റാണ്ടു കാലത്തെ പരിചയമുണ്ടെന്നു തോന്നി.

ഒരു കാൽപ്പെരുമാറ്റം. ചിന്തകൾ വീണ്ടും താളം തെറ്റി. ഒരു കൈ സാവധാനത്തിൽ നെറ്റിമേൽ പതിഞ്ഞു.

പനി കുറഞ്ഞിട്ടുണ്ടല്ലോ.’

കൂട്ടുകാരനാണ്. ഉണ്ട്, കുറഞ്ഞിട്ടുണ്ട്. ഞാൻ ചുറ്റും നോക്കി. പനി കുറഞ്ഞിട്ടുണ്ടല്ലോ.’കൂട്ടുകാരന്റെ ശബ്ദം ഒരു മാന്ത്രികവിദ്യ പോലെ എന്റെ മനസ്സിൽ ചില പരിവർത്തനങ്ങൾ ഉണ്ടാക്കി. ശരിയാണ്, എനിക്കു ഭേദമായിട്ടുണ്ട്. ചുറ്റിലുമുള്ള സാധനങ്ങളെല്ലാം വ്യക്തമായി കാണാം. നീല നിറത്തിലുള്ള ചുമർ. അതിന്റെ അരുകിൽ അലമാരി. അടുത്തായി നീല വിരിയിട്ട മേശ. കസേല. മേശമേലുള്ള പുസ്തകങ്ങൾ. ഞാൻ കൂട്ടുകാരനെ നോക്കി. സാധാരണ മട്ടു തന്നെ. അയാൾ ധരിച്ചിരുന്ന ഷർട്ടിന്റെ നിറവും പാന്റിന്റെ ഫാഷനും എനിക്കു തിരിച്ചറിയാം. അയാൾ മേശയ്ക്ക ടുത്തു പോയി എന്റെ മരുന്നുകുപ്പി പരിശോധിക്കുകയാണ്. അതിൽ ചുവന്ന മിക്‌സ്ചർ പകുതിയോളം ഉണ്ട്. അയാൾ വീണ്ടും കട്ടിലിന്നരുകിൽ വന്നു.

ആ മാന്ത്രികശക്തി കുറച്ചു നേരത്തേക്കു മാത്രമേ നിലനിന്നുള്ളൂ. സാവധാനത്തിൽ അടുത്തുള്ള വസ്തുക്കൾ മാഞ്ഞു തുടങ്ങി. മേശ, അലമാരി, തട്ടിൽ തൂങ്ങുന്ന പങ്ക എല്ലാം മാഞ്ഞ് അപ്രത്യക്ഷമായി. നീലച്ചുമരുകൾ നാലു ഭാഗത്തും കൂറ്റൻ മതിലുകൾപോലെ നിലകൊണ്ടു. ക്രമേണ അവയും അലിഞ്ഞു തുടങ്ങി. പിന്നെ മുൻപിൽ കിടക്കുന്നത് ഒരു മരുഭൂമിയാണ്. നീണ്ടുകിടക്കുന്ന മണലിൽ വെയിൽ ഓളം വെട്ടുന്ന മരുഭൂമി. കൂട്ടുകാരൻ അകന്നക ന്നു പോയി, മണലുകൾക്കപ്പുറത്തു ചക്രവാളത്തിൽ അപ്രത്യക്ഷനായി. മണൽ മാത്രം, അനന്തതയിലേക്കു തള്ളി നില്ക്കുന്ന വിശാലത മാത്രം.

വീണ്ടും ഉണർന്നത്, വാലിയക്കാരൻ പയ്യൻ വിളിക്കുന്നതു കേട്ടാണ്: ബാബു സാർ, മരുന്നു കഴിക്കേണ്ടേ? തളർന്ന മിഴികൾ തുറന്നപ്പോൾ, കേശവൻ ഔൺസ് ഗ്ലാസ്സിൽ മരുന്നുമായി നില്ക്കുന്നു. മരുന്നു കഴിക്കുമ്പോൾ യാദൃച്ഛിക മായി ജാലകത്തിലേക്കു നോക്കി. അസാധാരണമായി ഒന്നുമില്ല. പക്ഷേ, തൂക്കിയിട്ടിരുന്ന കർട്ടൻ നിഗൂഢമായ ഒന്നിനെ മറയ്ക്കുകയാണെന്നു പെട്ടെന്നു തോന്നി. എന്താണ് ആ തോന്നലിന്നു കാരണം? പുറമെ വെയിൽ ഓളം വെട്ടുകയായിരുന്നു. അതിന്റെ അല മുറിയിലേക്ക് അടിച്ചു കയറി മുറിയാകെ ഒരു പ്രത്യേക പരിവേഷത്തിൽ തുടി ച്ചു. പക്ഷേ, ആ കർട്ടൻ! എന്താണതിന്നു പിന്നിലെ രഹസ്യം?

കുളത്തിന്റെ കരയിൽ ചൂണ്ടലിടുന്ന കിഴവനെ ഞാൻ ഓർത്തു. ജാലകത്തിന്റെ തിരശ്ശീല നീക്കിയാൽ അയാളെ കാണാൻ കഴിയും. ആ കിഴവനെ കാണാൻ ഉല്ക്കടമായ ഒരു ആഗ്രഹം എനിക്കുണ്ടായി. അയാളും ഞാനും തമ്മിൽ അത്ഭുതകരമായ വിധത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എനിക്കു തോന്നി. കേശവനോടു പറഞ്ഞാൽ അവൻ കർട്ടൻ തുറന്നിടും. എനിക്ക് ആ കിഴവനെ കാണുകയും ചെയ്യാം. പക്ഷേ, ഭയം കൊണ്ട് എനിക്കതു കഴിഞ്ഞില്ല. ആ കിഴവനെ അവിടെ കാണില്ലെന്ന ഭയം എന്നെ പിടികൂടിയിരുന്നു. അയാൾ മരിച്ചിട്ടുണ്ടാകുമെന്ന ഒരു ഭ്രാന്തൻ ചിന്ത എനിക്കു ണ്ടായി. ഞാൻ പനിയായി കിടക്കുമ്പോഴെല്ലാം ആരെങ്കിലും ഒരാൾ മരിച്ചിട്ടുണ്ട്.

മനസ്സിലുയർന്ന കൊടുങ്കാറ്റു കുറേക്കാലമായി അടച്ചിട്ടിരുന്ന പല കവാടങ്ങളേയും തുറന്നിട്ടു. അതിലൂടെ ഒരു തുരുമ്പു പോലെ ഞാൻ പറന്നു പോവുകയാണ്. യുഗങ്ങൾക്കപ്പുറത്താണെന്നു തോന്നി. എത്തിച്ചേരുന്നത്, നെൽവയലുകളിലേക്കു തുറന്നിടുന്ന ജാലകമുള്ള ഒരു മുറിയാണ്. കട്ടിലിൽ പനിപിടിച്ചു കിടക്കുന്നത് എട്ടു വയസ്സായ ഒരു ആൺകുട്ടിയാണ്. അന്നാണ് ഭ്രാന്തു പിടിപ്പിക്കുന്ന ആ അനുഭൂതിയുടെ ആരംഭം.

തളർന്ന കണ്ണുകളോടെ നെൽവയലുകളിലേക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഉഷ്ണിച്ച മസ്തിഷ്‌കം ആ കുട്ടിയെ വേറൊരു ലോകത്തെത്തിച്ചു. ചുറ്റും അനന്തമായ ശൂന്യാകാശമാണ്. അതിൽ ഭീമാകാരന്മാരായ തേജോ ഗോളങ്ങൾ കറങ്ങുന്നു. ഗോളങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്നതു നേരിയ മിനുസമുള്ള ഒരു പ്രകാശരേഖയാണ്. ഗോളങ്ങൾ നിശ്ചിത പന്ഥാവിൽ സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാം ഭദ്രം. ആശ്വാസത്തിന്റെ കണികകൾ അടങ്ങി യൊതുങ്ങുമ്പോഴേക്ക്, പ്രകാശരേഖകൾ വലിഞ്ഞു മുറുകി, പൊട്ടിത്തകരുന്നു. ഭീമാകാര ഗോളങ്ങൾ ലക്ഷ്യമില്ലാതെ ഭീഷണിയോടെ അലയുന്നു. നിസ്സഹായതാബോധത്തോടെ ഞെട്ടിത്തെറിക്കുമ്പോൾ കാണുക ജാലകത്തിന്നപ്പുറ ത്തു കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന മഞ്ഞ വയലുകളാണ്. അതിനു മീതെ ശുഭ്ര മേഘങ്ങൾ പാറിക്കളിക്കുന്ന നീലാകാശം. അതിൽ പറന്നു വട്ടം കറങ്ങുന്ന പരുന്തുകളും.

അന്നാണ് മുത്തശ്ശി മരിച്ചത്!

പിന്നീട്, പനിയായിക്കിടക്കുമ്പോഴെല്ലാം, അതാവർത്തിച്ചു. ഭീമാകാരന്മാരായ ഗോളങ്ങളെ ബന്ധിച്ചു നിയന്ത്രി ക്കുന്ന പ്രകാശരേഖ പൊട്ടിച്ചിതറുമ്പോഴെല്ലാം ആരെങ്കിലും മരിച്ചിട്ടുണ്ട്. വല്യച്ഛൻ, വല്യമ്മാവൻ, പിന്നെ കൊച്ച നുജൻ ഇവരെല്ലാം.

അന്നത്തെ ചെറിയ കുട്ടി ഇന്നും അതേ നിസ്സഹായതാബോധത്തോടെ പനിയുമായി കിടക്കുകയാണ്. ഇന്ന്, ഒരു കിഴവനാണു മരിക്കാൻ പോകുന്നത്, അല്ലെങ്കിൽ മരിച്ചിട്ടുള്ളത്. കിഴവൻ മരിച്ചുവോ എന്നറിയാൻ ജാലകത്തിന്റെ കർട്ടൻ ഒന്നു പൊക്കുകയേ വേണ്ടു. അതറിഞ്ഞാൽ സമാധാനമായി ഇരിക്കാമല്ലൊ. പക്ഷേ, അതിനു ധൈര്യം വരുന്നില്ല. അനങ്ങാതെ കിടന്നു. ദേഹത്തിൽ നേരിയ, സുഖകരമായ വേദന പുളയുകയാണ്. എത്രനേരം അങ്ങനെ കിടന്നുവെന്നറിയില്ല. മുത്തുകളുടെ കടലിന്നു മുകളിൽ സമയം ഒരു പരുന്തിന്റെ രൂപമെടുത്തു പറന്നു: വൈകുന്നേര മാവുകയും ചെയ്തു. ഒരർദ്ധബോധാവസ്ഥയിൽ അതറിയുന്നുണ്ട്. വാതില്ക്കൽ ഒരു മുട്ട്. പാൽക്കാരന്റെ പാത്രങ്ങളുടെ കലമ്പൽ, കേശവൻ വാതിൽ തുറക്കുന്ന ശബ്ദം. നേരം വൈകിയതിനുള്ള ശകാരങ്ങൾ. ഹിന്ദിയിൽ ക്ഷമാപണങ്ങൾ. പുറത്തു കുട്ടികളുടെ ബഹളം. എവിടെനിന്നോ ഒരു റേഡിയോവിന്റെ ശബ്ദവീചികൾ. അകലെ ഒരു കാറിന്റെ ശബ്ദം. ഈ ശബ്ദങ്ങളെല്ലാം ഒരു താളക്രമത്തിൽ അനുസ്യൂതമായി കാതിൽ വന്നടിക്കുകയാണ്. ഞാൻ കണ്ണു തുറക്കാതെ കിടന്നു. പക്ഷേ, പുറത്തു വെളിച്ചം കുറഞ്ഞു വരികയാണെന്നു വ്യക്തമായിരുന്നു. അടുത്ത മുറിയി ൽ ആരോ ലൈറ്റിട്ടു. ആരോ സംസാരിക്കുന്നു. കൂട്ടുകാരനായിരിക്കും.

വീണ്ടും നെറ്റിമേൽ ആരോ സ്പർശിച്ചു. ഒരു പിറുപിറുപ്പ്. അകന്നു പോകുന്ന ഷൂസിന്റെ ശബ്ദം. പിന്നെ മുത്തു കളുടെ ഒരു സമുദ്രം താഴെ നീങ്ങിപ്പോകുന്നു. അതിനു മുകളിൽ പ്രകാശമുള്ള ചെറിയ വസ്തുക്കൾ വട്ടം ചുറ്റുന്നു. പരുന്തുകൾ. പരുന്തുകൾ സമയമാണ്. അവ ചിറകു വിരിച്ചു പറക്കുമ്പോൾ...

പ്രഭാതം, ആശ്വാസത്തിന്റെ കൈവിളക്കുമേന്തി വന്ന് എന്നെ വിളിച്ചുണർത്തി. ഇപ്പോൾ എല്ലാം വ്യക്തമാണ്; ഒരു മഴ മാറി വെയിലുദിച്ച പോലെ. ഒരാഴ്ചയായി മൂടൽ മഞ്ഞു പോലെ മനസ്സിനെ പൊതിഞ്ഞിരുന്ന അവ്യക്തത തീരെ വിട്ടുപോയി. നിസ്സഹായതാബോധം കഴിഞ്ഞു പോയ ഒരു പേക്കിനാവിന്റെ ഓർമ്മ പോലെ ദുർബ്ബലമായി മാത്രം അവശേഷിച്ചു.

ഞരമ്പുകൾ തളർന്നിരുന്നെങ്കിലും, എനിക്ക് എഴുന്നേല്ക്കാം. കുറേശ്ശേ നടക്കാം. കൂട്ടുകാരൻ അടുത്ത മുറിയിൽ ഇരുന്നു ഷേവു ചെയ്യുകയാണ്. കേശവൻ അടുക്കളയിൽ ചായ കൂട്ടുന്നു. എല്ലാം വ്യക്തമാണ്: ഭദ്രവും. കണ്ണാടിയിൽ നിന്നു മുഖമുയർത്താതെ കൂട്ടുകാരൻ ചോദിച്ചു.

‘പനി എങ്ങനെയുണ്ട്, ബാബു?’

ഭേദണ്ട്, ഞാൻ പറഞ്ഞു. എന്റെ സ്വരത്തിലെ ആഹ്ലാദം ശ്രദ്ധിച്ചിട്ടായിരിക്കണം, അയാൾ പെട്ടെന്നു തിരിഞ്ഞു നോക്കി, ആശ്ചര്യത്തോടെ പറഞ്ഞു:

‘ബാബു ആൾ ഉഷാറായിരിക്കുന്നല്ലോ!’

ആശ്വാസത്തിന്റെ രശ്മികൾ മനസ്സിൽ ഉറച്ചു ശക്തിയായിത്തീർന്നു. എന്റെ പനി മാറിയിരിക്കുന്നു. ഇനി ഒന്നും പേടിക്കാനില്ല. ഞാൻ തിരിച്ചു മുറിയിലേക്കു പോയി. കിടക്ക, എന്റെ മനസ്സുപോലെ കുഴഞ്ഞുമറിഞ്ഞിരുന്നു. ജാലകത്തിന്റെ പാതിയടഞ്ഞു കിടന്ന പാളികൾ തുറന്നു പുറത്തേ ക്കു നോക്കി. പുറമെ കട്ടിയുള്ള മഞ്ഞായിരുന്നു. അത് ആകാശത്തെ നേരിയ ചാരനിറമാക്കിയിരുന്നു. താഴെ കെട്ടിടങ്ങളുടെ ആകാശരേഖ വ്യക്തമായിരുന്നില്ല. കുളക്കരയിലതാ ഒരു രൂപം ഇരിക്കുന്നു. മീൻ പിടിക്കുന്ന കിഴവൻ തന്നെയാണത്. നരച്ച തലമുടി കൂടുതൽ വെളു ത്തിട്ടുണ്ടെന്നു തോന്നി. കൂനിക്കൂടി ഇരിക്കുന്നതു കൊണ്ടു മുഖം കാണാൻ കഴിഞ്ഞില്ല. മഞ്ഞിലൂടെ ഊളിയിട്ടുവന്ന സൂര്യരശ്മികൾ ആ രൂപത്തിന്നു ചുറ്റും ഒരു പ്രത്യേക പരിവേഷം ഉണ്ടാക്കി.

ഞാൻ സാവധാനത്തിൽ കിടക്കയിൽ വന്നിരുന്നു. അപ്പോൾ, ഒന്നും സംഭവിച്ചിട്ടില്ല! എനിക്കു ക്ഷീണമുണ്ട്. പക്ഷേ, പനി വിട്ടിട്ടില്ലെന്നു തോന്നുന്നു. ദേഹത്തിൽ വീണ്ടും വേദന വന്നു കളിക്കുന്നുണ്ട്. പനി ഏറിയേക്കാം. ഇനിയും, അവ്യക്ത ദൃശ്യങ്ങളും പേസ്വപ്നങ്ങളും മടങ്ങി വന്നേക്കാം. ഞാൻ കിടന്നു.

അങ്ങനെ കുറച്ചു സമയം കിടന്നിട്ടുണ്ടാവണം, കേശവന്റെ ശബ്ദം കേട്ടു:

ബാബുസാർ, ചായ വേണോ? സാറിന്റെ പനിയെല്ലാം മാറിയില്ലേ?’

ഉം — ഞാൻ മൂളി. പനിയെല്ലാം മാറിയെന്നു നടിക്കുന്നതാണ് അഭിമാനമെന്നു തോന്നി. അലസമായി ചായ ചുണ്ടോടടുപ്പിച്ചു.

പിന്നെ, സാർ അറിഞ്ഞോ? കേശവൻ തുടർന്നു: ഈ കൊളത്തിന്റെ കരയില് മീൻ പിടിക്കണ കെളവനില്ലെ? ആ താടിക്കാരൻ? അയാള് ഇന്നലെ ചത്തു. ഉച്ചയ്ക്കാണ്. വെയിലത്തിരുന്നു ബോധംകെട്ടു വീണു. വീട്ടിലേക്കെടുത്ത പ്പോഴത്തിനു മരിച്ചിരിക്കുന്നു. ഹൃദയസ്തംഭനാത്രെ!...

മനസ്സിൽ അടങ്ങിക്കിടന്ന കൊടുങ്കാറ്റു വീണ്ടും ഉണർന്നു ചീറിയടിക്കാൻ തുടങ്ങി. കേശവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേട്ടില്ല. കാറ്റിന്റെ ഇരമ്പം മാത്രം. ഗ്ലാസ്സു താഴെ വെച്ചു ജാലകത്തിന്നടുത്തേക്കു നടന്നു. മഞ്ഞിന്റെ കനം കുറച്ചുകൊണ്ട് വെയിൽ കുറച്ചുകൂടി മൂത്തിട്ടുണ്ട്. കുളത്തിന്റെ ഇടത്തെ കര ശൂന്യമായി രുന്നു. കിഴവൻ ഇരിക്കുന്നതായി കണ്ട സ്ഥലത്ത് വെറും പുല്ലുകൾ, ഉയരമുള്ള പുല്ലുകൾ, കാറ്റത്ത് ആടിക്കളിച്ചു. അപ്പോൾ ഞാൻ കണ്ടത്?

കുളത്തിന്നു മുകളിൽ ഒരേ ഉയരത്തിലുള്ള മഞ്ഞക്കെട്ടിടങ്ങളാണ്. അതിനും മുകളിൽ തെളിഞ്ഞു വരുന്ന ആകാശം. ആകാശത്തിൽ വിദൂരതയിൽ പറന്നു കളിക്കുന്ന പക്ഷികൾ! അവ പരുന്തുകളാണോ?