close
Sayahna Sayahna
Search

പശ്ചാത്തലം


പശ്ചാത്തലം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

1989 മെയ് 10 ബുധന്‍. ഞാന്‍ ഇന്ന് പുറത്തെങ്ങും പോയില്ല. അമ്പലപ്പുഴ ഗ്രാമക്കൂട്ടപ്രദേശത്തിലെ അറുപതു വീടുകളുടെ പരിചയപത്രം കിട്ടിയിരുന്നത്, ഇനം തിരിക്കാമെന്നു കരുതി കടലാസ്സുകെട്ടുകളുമായി രാവിലെ പടിഞ്ഞാറെ കുടിലില്‍ പ്രവേശിച്ചു. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ക്യാമ്പുകാലത്ത് എടുത്തതാണീ വിവരങ്ങള്‍. ഒരാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ജോലിക്കു നീക്കം കിട്ടുമായിരുന്നു. ഒറ്റയ്ക്കു ചെയ്യാവുന്ന ജോലിയല്ലിത്. 14 വര്‍ഷം ദര്‍ശനം കഞ്ഞിപ്പാടത്തുനിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും സഹകരിച്ചു ജോലി ചെയ്യുവാന്‍ ഒരു യുവാവിനെ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല! എന്തായിരിക്കാം ഇതിനു കാരണം? ഞാന്‍ ചിന്താകുലനായിരിക്കെ ശാന്തിനി ഓടിവന്ന് പറഞ്ഞു: “അച്ഛനെ അന്വേഷിച്ച് രണ്ടുമൂന്നു പേര്‍ വന്നിരിക്കുന്നു. ഒരു താടിക്കാരനും ഉണ്ട്.” പേനയും കണ്ണടയും ഡസ്‌കിന്മേല്‍ വച്ചിട്ട് ഞാന്‍ എഴുന്നേറ്റ് ദര്‍ശനം ആഫീസിന്റെ അടുത്തെത്തി. മൂന്നു പേര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടു നില്‍ക്കുന്നു. ആരേയും അറിയുന്നതായി തോന്നിയില്ല. ഞാന്‍ നടന്നു ചെല്ലുന്നതു കണ്ടപ്പോള്‍ താടിക്കാരന്‍ രണ്ടു കൈയും ഉയര്‍ത്തി അടുത്തുവന്ന് എന്നെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: “സര്‍ ഞങ്ങളെ ആരെയും അറിയാനിടയില്ല. എന്നാല്‍ ഞങ്ങള്‍ അറിയും.” അവര്‍ വളരെ അടുത്തവരായി എനിക്കു തോന്നി. എങ്കിലും ഒരു പിടിയും കിട്ടുന്നില്ല. “നാം എവിടെ വച്ചാണ് കണ്ടുമുട്ടിയിട്ടുള്ളത്?” ഞാന്‍ ചോദിച്ചു. “ഇല്ല സര്‍, നാം ഇതാ ഇവിടെവച്ച് ആദ്യമായി കാണുകയാണ്.” “വേണ്ട സമയമെടുത്ത് നമുക്ക് പരിചയപ്പെടാം. ഞങ്ങള്‍ക്കൊരു ധിറുതിയുമില്ല.” താടിക്കാരന്റെ തോള്‍സഞ്ചി അരക്കെട്ടിനു താഴെവരെ നീണ്ടുകിടന്നു. മറ്റു രണ്ടുപേരുടെ കൈയിലും ഓരോ ബാഗ്. എല്ലാം ഷെഡ്ഢിലെ കട്ടിലില്‍ വച്ചു. “കുളി കഴിഞ്ഞുവോ? നമുക്കു വേണമെങ്കില്‍ ആറ്റില്‍ പോയി കുളിക്കാം. പമ്പ അടുത്താണ്.” അവര്‍ സമ്മതിച്ചു. ഞങ്ങള്‍ നാലുപേരും ആറ്റുകടവില്‍ പോയി സുഖമായി കുളിച്ചുവന്നപ്പോഴേയ്ക്കും രാധമ്മ അവലു നനച്ചതും, കഞ്ഞിയും തയ്യാറാക്കിയിട്ട്, “ഇവര്‍ കഞ്ഞി കഴിക്കുമോ?” എന്ന് എന്നോടന്വേഷിച്ചു. ഞാനവരോട് ചോദിച്ചു. “ഇവിടെ ഉള്ളത് എന്തോ അത് ഞങ്ങള്‍ക്ക് ധാരാളം മതി. ഞങ്ങള്‍ക്കുവേണ്ടി പ്രത്യേകം ഒന്നും തയ്യാറാക്കേണ്ട” അവര്‍ പറഞ്ഞു. അവര്‍ അങ്ങനെ പറയുമെന്ന് എനിക്ക് ഇത്രയും സമയത്തിനുള്ളില്‍ നടന്ന സംഭാഷണത്തില്‍നിന്നും തോന്നിയിരുന്നു. ആറ്റുകടവില്‍ താമസിക്കുന്ന കൊച്ചമ്മയുമായി അവര്‍ എത്രവേഗം പരിചയപ്പെട്ടു. അനന്യഭാവന സാക്ഷാത്കരിച്ചവരാണിവര്‍. എന്നെനിക്കു മനസ്സിലായി. അവര്‍ ബസ്സിലാണു വന്നത്. നടുവട്ടത്തുകാരാണ്. കൂടുതല്‍ ചോദിക്കുന്ന സ്വഭാവം എനിക്കില്ല. ഇവിടം പരിചയമായ കഥ അവര്‍ ഇതിനിടെ പറഞ്ഞു. ഇവിടെ ഇതിനുമുമ്പ് വന്നിട്ടുള്ള വിമന്റെ ആത്മസുഹൃത്താണ് താടിക്കാരന്‍ നവന്‍.

ഞാന്‍ അദ്ദേഹത്തിന്റെ വെള്ളത്താടി ശ്രദ്ധിച്ചു. നല്ലതുപോലെ കറുത്ത പുതിയ രോമങ്ങള്‍ വെള്ളത്താടിയുടെ മുന്നില്‍ വളര്‍ന്നു നീണ്ടുവരുന്നതാരും ശ്രദ്ധിച്ചുപോകും. ഷര്‍ട്ടിന്റെ കൈക്കുള്ളില്‍, കൂടെയുള്ള ഓരോരുത്തര്‍ക്കും വേണമെങ്കില്‍ കയറിക്കിടക്കാം.

കഞ്ഞികുടി കഴിഞ്ഞ് ഞങ്ങള്‍ മുന്‍വശത്തെ ഹാളിലേക്കു വന്നു. അവര്‍ ഭിത്തിയിലെ ചിത്രങ്ങള്‍ സൂക്ഷിച്ചു നോക്കുന്നു. വലതുകൈയില്‍ ഉടലോളം വലിപ്പമുള്ള നീരുവന്ന് ഭാരംകൊണ്ട് വലത്തോട്ട് ചാഞ്ഞിരിക്കുന്ന എന്റെ അച്ഛന്റെ എണ്ണ ഛായാചിത്രം സൂക്ഷിച്ചു നോക്കിയിട്ട് അവര്‍ ചോദിച്ചു: “ഇതെന്താണിത്? ആരാണിത്?” ഞാന്‍ പറഞ്ഞു: “എന്റെ അച്ഛന്റെ ചിത്രമാണത്. വലതുകൈക്ക് അസാധാരണമായ ഒരു നീരുവന്നു. എ.ഡി 1900-ആമാണ്ട്. മദ്രാസില്‍ കൊണ്ടുചെന്ന് വലതു കൈ മുറിച്ചുകളയേണ്ടിവന്നു. പിന്നീടാണ് അച്ഛന്‍ ക്ഷേത്രവും മറ്റും പണി കഴിപ്പിച്ചത്. ബാല്യത്തില്‍ പരമദരിദ്രനായിരുന്നു. പ്രതിബന്ധങ്ങളെ മുറിച്ചു മുന്നേറാന്‍ പ്രത്യേക സാമര്‍ത്ഥ്യമുള്ള ആളായിരുന്നു.” കിഴക്കെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ഒരു പ്ലാന്‍ കേശുവിന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. “എന്താണിത്?” കൗതുകത്തോടെ മൂന്നുപേരും അതു നോക്കി. ഞാന്‍ പറഞ്ഞു: “വായിച്ചുനോക്കൂ. അതില്‍ എഴുതിയിട്ടുണ്ടല്ലോ?” “ഓഹോ! ഇതാണല്ലേ, അമ്പലപ്പുഴയിലെ ഗ്രാമക്കൂട്ടപ്രദേശം.” ഞങ്ങള്‍ പടിഞ്ഞാറുവശത്തുള്ള കുടിലിലേക്ക് നടക്കുമ്പോള്‍ കോവല്‍ പടര്‍ന്നുകിടക്കുന്നതു കാട്ടിക്കൊടുത്തിട്ട് ഞാന്‍ ചോദിച്ചു: “കോവയ്ക്ക പച്ചയ്ക്ക് തിന്നുനോക്കിയിട്ടുണ്ടോ? നോക്കൂ!” ഞങ്ങള്‍ ഇളത്ത കായ്കള്‍ പറിച്ചു ചവച്ചുതിന്നു. “എന്തു നല്ല രസമായിരിക്കുന്നു!” അവര്‍ പറഞ്ഞു. കുടിലില്‍ കട്ടിലിലും രണ്ടു കസേരകളിലുമായി ഞങ്ങള്‍ ഇരുന്നപ്പോള്‍ സന്തോഷകരമായ ഒരു കൂടിക്കാഴ്ച എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എനിക്കു തോന്നിയതേയില്ല.

നവന്‍ സംവാദത്തിനു തുടക്കമിട്ടു.