close
Sayahna Sayahna
Search

പൊക്കിൾക്കൊടി


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വെളിച്ചം പിറക്കുംമുൻപ്
വായുവിൽ കുളിയ്ക്കുംമുൻപ്
ഒറ്റമരത്തിന്റെ കെട്ടിൽ,
ജൈവായനങ്ങൾ പിണഞ്ഞുകിടന്നു.

ഗർഭപാത്രത്തിലേയ്ക്കോടുന്ന
ഒരുപറ്റം വേരുകൾ.
ആർത്തവക്കിടങ്ങു മീതെ,
ലംബവളർച്ചയെന്ന മാമൂലു തകർത്ത്,
തിരശ്ചീനവും വക്രവുമായ വളർച്ചകളെ
ഉൾച്ചേർത്തുകൊണ്ട്,
മരം ഒരു പാലമാകുന്നു.

പിന്നീട്,
പുഴയുടെയും കരയുടെയും
ഭോഗമൂർച്ഛയിൽപിറന്ന പുതുതുരുത്തിനെ
കരയോട് ചേർക്കുന്ന
ആകാശത്തിലേയ്ക്ക് ചിറക് വിരിയ്ക്കുന്ന
പുഷ്പകവിമാനമാകുന്നു.

ചിലപ്പോൾ അൻപത്തിയാറുദിവസം,
ചിലപ്പോൾ പത്തുമാസം,
അവിരാമമായ കയറ്റിറക്കങ്ങളിലൂടെ
അന്ന-സന്ദേശങ്ങളും,
ജനിതകപിരിയേണികളും.

കാലാവധിയ്ക്കൊടുവിൽ
ഓപ്പറേഷൻ തിയറ്ററിനകത്ത്
കത്തിമുനയിൽ ഒറ്റമാരം കൊല്ലപ്പെടുന്നു.

പാലം തകരുന്നു.
വിമാനച്ചിറകൊടിയുന്നു.
കയറേണി പൊട്ടുന്നു.
തുരുത്തുകൾ ആകാശങ്ങളിലേയ്ക്ക്
നിർബാധം പറന്നകലുന്നു.
അമ്മക്കരകളും അച്ഛൻപുഴകളും
നിലയ്ക്കാത്ത കണ്ണീരൊഴുക്കുകളാകുന്നു.