close
Sayahna Sayahna
Search

പ്രതിഭയുടെ ജ്വാലാഗ്നി


പ്രതിഭയുടെ ജ്വാലാഗ്നി
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

1951-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം പര്‍ലാഗര്‍ക്വിസ്റ്റ് എന്ന സ്വീഡിഷ് നോവലിസ്റ്റിനാണു് നല്‍കപ്പെട്ടതു്. (Par Lager kvist 1891-1974). സാഹിത്യസംസ്കാരത്തിന്റെ വികാസത്തിനുവേണ്ടിയുള്ള ഗ്രന്ഥകാരന്റെ സംഭാവനകളെ സാകല്യാവസ്ഥയില്‍ പരിഗണിച്ചുകൊണ്ടാണു് നോബല്‍സമ്മാനം കൊടുക്കുക. ചിലപ്പോള്‍ ഒറ്റ കൃതിയുടെ നിരതിശയസൗന്ദര്യം കണ്ടു് അതു് നല്‍കാറുണ്ടു്. തോമസ് മന്നിന്റെ ‘ബുഡന്‍ ബ്രോക്ക്സ്’ എന്ന നോവലിനായിരുന്നു സമ്മാനം. കനൂട്ടു് ഹാംസൂണ്‍ എന്ന നോര്‍വീജിയന്‍ നോവലിസ്റ്റിനു് ആ സമ്മാനം കിട്ടിയതു് ‘ഗ്രോത്ത് ഓഫ് ദി സോയില്‍’ എന്ന നോവല്‍ രചിച്ചതിനാണു്. ‘ബറബസ്’ എന്ന നോവലിന്റെ കര്‍ത്താവെന്ന നിലയില്‍ ലാഗര്‍ക്വിസ്റ്റ് സമ്മാനിതനായി. ഉത്കൃഷ്ടമായ ഈ നോവല്‍ ആരംഭിക്കുന്നു:…

അവരങ്ങനെ കുരിശുകളില്‍ കിടന്നുവെന്നും അദ്ദേഹത്തിന്റെ ചുറ്റും ആരെല്ലാം കൂടിനിന്നിരുന്നുവെന്നും ഓരോ ആളിനും അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മേരി, മഗ്ദലന മറിയം, കുരിശെടുത്തുകൊണ്ടുവന്ന സൈറീനിലെ സൈമണ്‍, അദ്ദേഹത്തിന്റെ ‘ശവാവരണം’ കൊണ്ടു് പുതപ്പിച്ച അരമേത്തിയായിലെ ജോസഫ്. എന്നാല്‍ ചരിവിനു് അല്പം താഴെയായി ഏതാണ്ടു് ഒരുവശത്തേക്കു് മാറി, മരിക്കുന്ന മനുഷ്യനില്‍ കണ്ണുറപ്പിച്ചുകൊണ്ടു് ഒരു പുരുഷന്‍ നില്ക്കുന്നുണ്ടായിരുന്നു; ആദ്യത്തെ നിമിഷംതൊട്ടു് അവസാനത്തെ നിമിഷംവരെ അദ്ദേഹത്തിന്റെ മരണവേദന നോക്കിക്കൊണ്ടു്. അയാളുടെ പേരു് ബറബസ്. ഈ ഗ്രന്ഥം അയാളെക്കുറിച്ചാണു്.

മുപ്പതു വയസ്സുള്ള ബറബസ് ശക്തന്‍. ചുവന്ന താടിയും കറുത്ത തലമുടിയുമുണ്ടു് അയാള്‍ക്കു്. പുരികങ്ങളും കറുത്തിരിക്കുന്നു. ഒളിക്കാനെന്നപോലെ അഗാധസ്തിതങ്ങളായിരിക്കുന്ന കണ്ണുകള്‍. ഒരു കണ്ണിനു താഴെയായി ആഴമേറിയ പാടുണ്ടു്. അതു് താടിരോമങ്ങളില്‍ അദൃശ്യമായിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യന്റെ ആകാരത്തിനു് എന്തു പ്രാധാന്യമിരിക്കുന്നു? ശിക്ഷയില്‍നിന്നു മോചനം നേടിയ അയാള്‍ ഗോല്‍ഗത്തുയില്‍ എന്തു ചെയ്യുകയാണു്? കുരിശില്‍ക്കിടന്നു പ്രയാസപ്പെട്ടു് ശ്വാസം വലിക്കുന്ന ആ മനുഷ്യനെ കൊട്ടാരത്തിന്റെ മുറ്റത്തുവച്ചു കണ്ട നിമിഷം തൊട്ടു് അദ്ദേഹത്തിലെന്തോ വിചിത്രമായിയുണ്ടെന്നു് ബറബസിനു് തോന്നി. അദ്ദേഹത്തെപ്പോലെ വേറൊരാളിനെ അയാള്‍ കണ്ടിട്ടേയില്ല. ഒരുജ്ജ്വല പ്രകാശം അദ്ദേഹത്തില്‍ പരിവേഷമിട്ടു നില്‍ക്കുന്നുവെന്നു് അയാള്‍ കണ്ടു. അദ്ദേഹം വെറും തടവുകാരനാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനാണെന്നും വിശ്വസിക്കാന്‍ ബറബസിനു കഴിഞ്ഞില്ല. നിരപരാധനാണു് അദ്ദേഹമെന്നു് അയാള്‍ക്കു് തോന്നുകയായി. ഇരുട്ടു്. ആ ഇരുട്ടിലൂടെ കുരിശില്‍ തറയ്ക്കപ്പെട്ട ആളിന്റെ ശബ്ദം ബറബസ് കേട്ടു — എന്റെ ഈശ്വരാ, എന്റെ ഈശ്വരാ അങ്ങ് എന്താണു് എന്നെ ഉപേക്ഷിച്ചതു്? ബറബസ് അതുകേട്ടു് സ്തംഭിച്ചു. നട്ടുച്ചക്കാണു് ആ അന്ധകാരമുണ്ടായതു്. അതു് അയാളെ കൂടുതല്‍ സ്തംഭിപ്പിച്ചു.

ബറബസ് ജറൂസലമില്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ക്കു മുമ്പു തന്നെ പരിചയമുണ്ടായിരുന്ന മുച്ചുണ്ടിയായ ഒരു പെണ്‍കുട്ടിയെ കണ്ടു. അവളോടുകൂടി അയാള്‍ മദ്യശാലയിലെത്തി. അവിടെ ബറബസിന്റെ നീചരായ കൂട്ടുകാരുണ്ടു്. അവരില്‍ ഒരാള്‍, സ്ത്രീ — ബറബസിനു പകരം കുരിശിലേറ്റപ്പെട്ട മനുഷ്യനെക്കുറിച്ചു് സംസാരിക്കാന്‍ തുടങ്ങി. മരിച്ച മനുഷ്യന്‍ ആരായാലെന്തു്? അയാള്‍ മരിച്ചല്ലോ എന്നു് വണ്ണം കൂടിയ ഒരു സ്ത്രീ പറഞ്ഞപ്പോള്‍ ബറബസ് ഞെട്ടുകയായി. അയാളുടെ കണ്ണുകള്‍ അങ്ങുമിങ്ങും വ്യാപരിക്കുന്നുണ്ടു്. മിശിഹയായിരുന്നു കുരിശില്‍ തറയ്ക്കപ്പെട്ടതെന്നു് വേറൊരു സ്ത്രീ പറഞ്ഞപ്പോള്‍ “മിശിഹായോ? ഇല്ല. അദ്ദേഹം മിശിഹയായിരുന്നില്ല.” എന്നാണു് ബറബസ് തന്നോടുതന്നെ പറഞ്ഞതു്. അദ്ദേഹത്തിനു് ദൈവികത്വമൊന്നുമുണ്ടായിരുന്നില്ലെന്നു് സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയാള്‍ക്കു് ആശ്വാസമായി. എങ്കിലും നട്ടുച്ചക്കുണ്ടായ ആ കൂരിരുട്ടു് അവര്‍ കാണാത്തതില്‍ അയാള്‍ക്കു വൈഷമ്യം. മുച്ചുണ്ടി മദ്യശാല വിട്ടുപോയി. ക്ലേശം മറക്കാന്‍ ബറബസ് കണ്ടമാനം കുടിച്ചു.

പിന്നീടു് തന്റെ പ്രായമുള്ള ഒരു ചുവന്ന താടിക്കാരനെ ബറബസ് കണ്ടു. അയാളുടെ തലമുടിയും ചുവപ്പുതന്നെ. ക്രിസ്തുവില്‍ വിശ്വാസമുണ്ടായിരുന്ന അയാള്‍ ബറബസിനോടു് പറഞ്ഞു: “അദ്ദേഹം തിരിച്ചുവരും. തേജസൊക്കെ പ്രത്യക്ഷമാക്കുകയും ചെയ്യും. മരിച്ചവരില്‍നിന്നു് അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കും.”

ബറബസ്
മരിച്ചവരില്‍നിന്നു് ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ? എന്തൊരസംബന്ധം!

ചുവന്ന താടിക്കാരന്‍ തന്റെ ആ വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അവരുടെ ഇനിയുള്ള സംഭാഷണത്തിന്റെ കുറച്ചുഭാഗമെങ്കിലും വായനക്കാര്‍ കേള്‍ക്കേണ്ടതാണു്:

താടിക്കാരന്‍
അത് മഹനീയമായ നിമിഷമായിരിക്കും. ഒരു നൂതനയുഗം ആരംഭിക്കുമെന്നുപോലും അവര്‍ പറയുന്നു. ആഹ്ലാദദായകമായ യുഗം. അപ്പോള്‍ മനുഷ്യപുത്രന്‍ സ്വന്തം രാജ്യം ഭരിക്കും.
ബറബസ്
മനുഷ്യപുത്രനോ?
താടിക്കാരന്‍
അതേ, അങ്ങനെയാണു് അദ്ദേഹം സ്വയം വിളിച്ചതു്.
ബറബസ്
മനുഷ്യപുത്രനോ?
താടിക്കാരന്‍
അതേ അദ്ദേഹം അങ്ങനെ പറഞ്ഞു. ചിലര്‍ വിശ്വസിക്കുന്നു…അല്ല, എനിക്കതു പറയാന്‍ വയ്യ.

ബറബസ് അയാളുടെ അടുക്കലേക്കു നീങ്ങിയിരുന്നു.

ബറബസ്
അവര്‍ എന്തു വിശ്വസിക്കുന്നു?
താടിക്കാരന്‍
അവര്‍ വിശ്വസിക്കുന്നു… അദ്ദേഹം ഈശ്വരന്റെ തന്നെ മകനാണെന്നു്.
ബറബസ്
ഈശ്വരന്റെ മകന്‍!

മുച്ചുണ്ടിയും ബറബസിനോടു് ക്രിസ്തുവിന്റെ മാഹാത്മ്യത്തെക്കുറിച്ചു സംസാരിച്ചു. വിശ്വാസത്തിന്റെ കാര്യത്തില്‍, മഹാത്ഭുതങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ അവള്‍ ചുവന്ന താടിക്കാരനെക്കാള്‍ ഒരു പടികൂടി കടന്നു നില്‍ക്കുകയാണു്. മരിച്ച ദൈവപുത്രന്‍ ഏതു സിദ്ധാന്തം പ്രചരിപ്പിച്ചു എന്നാണു് ബറബസിന്റെ ചോദ്യം, പെണ്‍കുട്ടി മറുപടി നല്കി: “അന്യോന്യം സ്നേഹിക്കു.” അവര്‍ പിരിഞ്ഞു. അവളെ നോക്കിക്കൊണ്ടു് ബറബസ് വളരെ നേരം നിന്നു.

വിശ്വസിക്കുകയോ? കുരിശില്‍ തൂങ്ങിക്കിടന്ന അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതെങ്ങനെ? വളരെ മുന്‍പ് ജീവന്‍ വിട്ടുപോയതാണു് ആ ശരീരം. ഉയിര്‍ത്തെഴുന്നേല്പ് ഇതുവരെയും ഉണ്ടായതുമില്ല. അവരുടെയെല്ലാം ഭാവന മാത്രമാണിതു്. ഇങ്ങനെയൊക്കെ ബറബസ് വിചാരിച്ചു. അയാള്‍ ശവക്കല്ലറയുടെ അടുത്തു പോയിരുന്നു് രാത്രി മുഴുവന്‍ നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല. അടുത്ത ദിവസം കാലത്തു് പ്രവേശനദ്വാരത്തിലെ കല്ല് കാണാതെയായി. ക്രിസ്തുവിന്റെ അനുയായികള്‍ മൃതദേഹം എടുത്തുകൊണ്ടുപോയിരിക്കുമെന്നു് ബറബസ് വിചാരിച്ചു. പെണ്‍കുട്ടി കരുതിയതു് അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റുവെന്നും.

സ്വന്തം ശക്തി ഉപയോഗിക്കാത്ത മനുഷ്യപുത്രനെക്കുറിച്ചു് ബറബസിനു് സംശയമുണ്ടായെങ്കിലും അയാള്‍ക്കു് മാനസാന്തരം സംഭവിച്ചു തുടങ്ങി. ജറുസലമിലെ അധമജീവിതം വെറുത്ത അയാള്‍ വൈഷയിക ജീവിതം പാടെ വെറുത്തു. ക്രിസ്തുവില്‍ വിശ്വസിച്ച മുച്ചുണ്ടിപ്പേണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലാന്‍ ദൈവപുത്രന്റെ വിരോധികള്‍ വിധിച്ചു. വധത്തിനു വേണ്ടിയുള്ള കുഴിയില്‍ അവളെ ഇറക്കിനിര്‍ത്തി. അന്ധനായ ഒരുത്തനാണു് ആദ്യത്തെ കല്ലെറിഞ്ഞതു്. അതു് ലക്ഷ്യത്തില്‍ കൊണ്ടില്ല. അപ്പോള്‍ ഒരുത്തന്‍ മുന്നോട്ടുവന്നു. യൂദനായിരുന്നു

അയാളെന്നതു വ്യക്തം. അന്ധന്റെ കൈക്കുപിടിച്ചു് ആ യൂദന്‍ അയാള്‍ക്കുവേണ്ടി ഉന്നംനോക്കി. കല്ല് അപ്പോഴും ലക്ഷ്യത്തില്‍കൊള്ളാതെ പാഞ്ഞു. തുടര്‍ന്നു് ഒരുത്തന്‍ വന്നു് മൂര്‍ച്ചയുള്ള കല്ലെടുത്തു് എറിഞ്ഞു. അതോടുകൂടി കല്ലേറുതന്നെ. ബറബസു് മുന്നോട്ടേയ്ക്കുചെന്നു് കുഴിയിലേയ്ക്കു നോക്കിയപ്പോള്‍ പെണ്‍കുട്ടി ഒന്നോ രണ്ടോ അടി മുന്നോട്ടുവച്ച് വിടര്‍ന്ന കൈകളോടുകൂടി — അദ്ദേഹം വന്നു! അദ്ദേഹം വന്നു! ഞാന്‍ അദ്ദേഹത്തെ കാണുന്നു! ഞാന്‍ അദ്ദേഹത്തെ കാണുന്നു! എന്നു പറഞ്ഞ് മറിഞ്ഞുവീഴുന്നതാണ് കണ്ടതു്. പെണ്‍കുട്ടി മരിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ നേര്‍ക്കു് ആദ്യത്തെ കല്ലെറിഞ്ഞ ആളിനെ ബറബസ് കുത്തിക്കൊന്നു. ഇരുട്ടുവീണപ്പോള്‍ അയാള്‍ കുഴിയുടെ അടുത്തെത്തി. അതിലിറങ്ങി കീറിമുറിഞ്ഞ മൃതദേഹമെടുത്തു. അതുംകൊണ്ടു് അയാള്‍ അനേകം മണിക്കൂര്‍ നടക്കുകയായി. ഒടുവില്‍ അവളുടെ കുഞ്ഞിനെ അടക്കംചെയ്ത ശവക്കുഴിയില്‍ ആ മൃതശരീരം കൊണ്ടുവച്ചു. കുഞ്ഞു് ബറബസിനു് മുച്ചുണ്ടിപ്പെണ്‍കുട്ടിയില്‍ ജനിച്ചതായിരുന്നു.

കുറെ ദിവസം കഴിഞ്ഞു് ബറബസ് ജറൂസലം വിട്ടുപോയി. തന്റെ പഴയ കൂട്ടുകാരായ തസ്കരസംഘത്തോടു് അയാള്‍ ചേര്‍ന്നു. പണ്ടു് അതിന്റെ നേതാവിനെ വധിച്ചു് പുതിയ നേതാവായിത്തീര്‍ന്ന ആളായിരുന്നു ബറബസ്. അങ്ങിനെയാണു് കണ്ണിനുതാഴെ അയാള്‍ക്കു് മുറിവുണ്ടായതു്. തസ്കരസംഘത്തോടു് ചേരാന്‍ മാനസാന്തരം വന്ന ബറബസിനു കഴിഞ്ഞില്ല. പിന്നെയും കുറെക്കാലം അയാള്‍ അലഞ്ഞുനടന്നു. റോമാക്കാര്‍ക്ക് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബറബസിനു സഹാക്ക് എന്നൊരു ക്രിസ്ത്യാനി സുഹൃത്തായിത്തീര്‍ന്നു. സഹാക്കിനെ റോമാക്കാര്‍ കുരിശില്‍ത്തറച്ചു കൊല്ലുന്ന കാഴ്ച ബറബസിനു കാണേണ്ടതായി വന്നു.

ബറബസ് റോമിലെത്തി. ഒരു ദിവസം റോംനഗരം തീ പിടിക്കുന്നതു് അയാള്‍ കണ്ടു. ക്രിസ്തു തിരിച്ചു് ഭൂമിയിലെത്തിയെന്നും അദ്ദേഹം ശത്രുക്കളായ റോമാക്കാരെ നശിപ്പിക്കുകയാണെന്നും കരുതിയ ബറബസ് ഒരു കൊള്ളിയെടുത്തു് കണ്ടതെല്ലാം അഗ്നിക്കിരയാക്കി. ക്രിസ്ത്യാനികളെയും മിശിഹായെയും താന്‍ സഹായിക്കുകയാണെന്നാണു് അയാള്‍ വിചാരിച്ചതു്. പക്ഷേ സീസര്‍ തന്നെയായിരുന്നു തീ വച്ചതെന്നു് ബറബസ് പിന്നീടേ അറിഞ്ഞുള്ളു. മറ്റു ക്രിസ്ത്യാനികളുടെ കൂടെ ബറബസ് ജയിലില്‍ കിടന്നു. ക്രിസ്ത്യാനികളെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി. ബറബസിനെ ഒറ്റയ്ക്കാണു് വധസ്ഥലത്തേക്കു കൊണ്ടുപോയതു്. ക്രിസ്ത്യാനികളെല്ലാം കുരിശില്‍ക്കിടന്നു മരിച്ചു. ബറബസ് മാത്രം മരിക്കാതെ കിടക്കുന്നു. താന്‍ പേടിച്ചിരുന്ന മരണം വന്നെത്തുന്നുവെന്നു കണ്ടപ്പോള്‍ ബറബസ് അന്ധകാരത്തിലേയ്ക്കു പറഞ്ഞു: “നിനക്കായി ഞാന്‍ എന്റെ ആത്മാവു് സമര്‍പ്പിക്കുന്നു.” അതോടുകൂടി അയാള്‍ അന്ത്യശ്വാസം വലിച്ചു.

സൂര്യനില്ലാത്ത സ്വീഡനില്‍ പ്രചോദനത്തിന്റെ അഗ്നിജ്വാല കണ്ടെത്തിയ കലാകാരനാണു് പര്‍ ലാഗര്‍ ക്വിസ്റ്റ്. സ്വീഡിഷ് അക്കാഡമിയുടെ സെക്രട്ടറി നോബല്‍ സമ്മാനം നല്‍കുന്ന വേളയില്‍ പറയുകയുണ്ടായി, സൂര്യനില്ലാത്ത സ്വീഡന്‍ ഉത്തരധ്രുവത്തോടും അടുത്ത ആ രാജ്യം മാത്രമല്ല, ആദ്ധ്യാത്മികത്വത്തിന്റെ ശോഭ നശിച്ചു് താമസപ്രധാനമായിബ്ഭവിച്ച രാജ്യംകൂടിയാണ്. 1950-ലാണു് ലാഗർ ക്വിസ്റ്റ് ‘ബറബസ്’ പ്രസിദ്ധപ്പെടുത്തിയതു്. 1945-ല്‍ രണ്ടാം ലോകമഹായുദ്ധം തീര്‍ത്തെങ്കിലും അശാന്തിയുടെ കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഭയവും അവിശ്വാസവും ഓരോ മനുഷ്യനെയും ആവരണം ചെയ്തിരിക്കുന്നു. ഇതു് സ്വീഡനിലെ സ്ഥിതി മാത്രമായിരുന്നില്ല. ലോകമെമ്പാടും അന്ധകാരം. അപ്പോള്‍ ആസ്തികതയുടെ ആവശ്യകത ഊന്നിപ്പറയേണ്ടതാണെന്നു ലാഗര്‍ ക്വിസ്റ്റിനു തോന്നി. അതിന്റെ ഫലമാണു് ‘ബറബസ്’ എന്ന നോവല്‍. ‘ബറബസി’നു മുന്‍പു് 1944-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ The Dwarf എന്ന നോവലിലും ‘ബറബസി’നുശേഷം 1956-ല്‍ പ്രസിദ്ധപ്പെടുത്തിയ The Sibyl എന്ന നോവലിലും ഈ ആസ്തികത തന്നെയാണു് ലാഗര്‍ ക്വിസ്റ്റ് പ്രതിപാദനം ചെയ്തിട്ടുള്ളതു്. ആസ്തികത എന്നതിനേക്കാള്‍ ആസ്തികതയ്ക്കുള്ള അന്വേഷണം എന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം മനുഷ്യനില്‍ അവിശ്വാസവും വിശ്വാസവും സങ്കലനം ചെയ്തിരിക്കുന്നു എന്നതാണു്. അവിശ്വാസമുള്ള അവൻ വിശ്വാസത്തെ എപ്പോഴും തേടിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ അവന്‍ വിശ്വാസത്തില്‍ ചെന്നുചേര്‍ന്നുവെന്നുവരാം. പലപ്പോഴും അവിശ്വാസത്തിന്റേയും വിശ്വാസത്തിന്റെയും സംഘട്ടനത്തോടുംകൂടി തന്നെ ഈ ലോകം വിട്ടു പോകുന്നു. ‘ബറബസി’ന്റെ അവസാനം കാണുന്ന ഇംഗ്ലീഷ് വാക്യം തന്നെ എടുത്തെഴുതട്ടെ ‘When he felt ceate approaching, that which he had always been so afraid of, he said out into the darkness, as though he were speaking to it: To thec I deliver up my soul” നിനക്കായി ഞാന്‍ എന്റെ ആത്മാവിനെ വിട്ടുതരുന്നു. ക്രിസ്തുവിനോടാകാം ഈ വാക്യം അല്ലെങ്കില്‍ അന്ധകാരത്തോടാവാം. അന്ധകാരത്തോടാണെങ്കിലും അവിശ്വാസത്തോടാണെങ്കിലും ആധ്യാത്മികതയുടെ സൗരഭ്യം ഈ കലാശില്പം പ്രസരിക്കുന്നു. അതിനാല്‍ നോവലിന്റെ ഈ സന്നിഗ്ദ്ധത വിശ്വാസത്തിന്റെ അസന്ദിഗ്ദ്ധസ്വഭാവത്തിലേയ്ക്കു് വായനക്കാരനെ നയിച്ചു് അയാള്‍ക്കു് മാനസികമായ ഔന്നത്യം ജനിപ്പിക്കുന്നുവെന്നാണു് എന്റെ വിചാരം.

നോവല്‍ വായിക്കൂ. ഈ സംഘട്ടനം ഏതു സന്ദര്‍ഭത്തിലും ദൃശ്യമാകും.

‘My god my god why hast thou forsaken me?’ എന്ന ദൈവപുത്രന്റെ വാക്കുകള്‍ കേട്ടു് ബറബസ് ഞെട്ടുന്നു. യേശുവിന്റെ മാതാവു് നിശബ്ദപ്രതിഷേധം സൂചിപ്പിച്ചുകൊണ്ടു് ബറബസിനെ നോക്കിയതും അയാളെ അസ്വസ്ഥനാക്കുന്നു. ആ അസ്വസ്ഥത മറക്കാനാണു് അയാള്‍ കുടിച്ചു കുടിച്ച് ലക്കില്ലാത്തവനാകുന്നതു്. ശവക്കുഴിയില്‍ ചെന്നിരുന്നു് രാത്രി മുഴുവന്‍ മഹാദ്ഭുതം കാണാന്‍ യത്നിക്കുന്ന ബറബസ് തികഞ്ഞ അവിശ്വാസിയാണെന്നു് ആരു പറയും? നോവലില്‍ വണ്ണം കൂടിയ ഒരു സ്ത്രീ കഥാപാത്രമുണ്ടല്ലോ. ക്രിസ്തുവിന്റെ ആത്മാവു് ബറബസിനെ ബാധിച്ചിരിക്കുന്നു എന്നു് അവള്‍ക്കു തോന്നുന്നു. മുച്ചുണ്ടിപെണ്‍കുട്ടിയുടെ നേര്‍ക്കു് ആദ്യത്തെ കല്ലെറിഞ്ഞവനെ കൊല്ലുന്ന ആ തസ്ക്കരപ്രമാണി വിശ്വാസിയല്ലെന്ന് എങ്ങനെ പറയാനാണു്. “നീ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക” എന്നു് ഉപദേശിച്ച മഹാത്മാവിന്റെ കാലടിപാടുകളെ പിന്തുടര്‍ന്നവനാണു് ബറബസ് എന്നതിനും നോവലില്‍ തെളിവുകളുണ്ടു്. അയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൈയിലെടുത്തു് എത്രയെത്ര മണിക്കൂര്‍ നേരമാണു് അലഞ്ഞുതിരിഞ്ഞതു്. ഇതു സ്നേഹത്തിന്റെ പ്രചോദനത്താലത്രേ. സംശയമില്ല. തസ്കരസംഘത്തില്‍നിന്നു് ഒളിച്ചോടുന്ന ബറബസ് സ്നേഹത്തിന്റെ ദിവ്യസന്ദേശം നല്‍കിയ യേശുവിന്റെ ശിഷ്യന്‍ തന്നെ. പക്ഷേ അടുത്ത ‘ഘട്ട’ത്തില്‍ അയാള്‍ അവിശ്വാസത്തിലേക്കു വീഴുന്നു. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും കൈവെടിയുകയില്ലെന്നു പറഞ്ഞ സഹാക്കിനെ റോമാക്കാര്‍ കൊല്ലുകയാണു്. ബറബസാകട്ടെ ജീവിച്ചിരിക്കാന്‍ വേണ്ടി താന്‍ വിശ്വാസിയല്ലെന്നു വ്യക്തമാക്കുന്നു. സഹാക്കു് കുരിശില്‍ കിടന്ന് പിടച്ചു മരിച്ചപ്പോള്‍ അത്ഭുതമൊന്നും ഉണ്ടായില്ല. അപ്പോള്‍ അവിശ്വാസത്തിനു ദൃഢീകരണം സംഭവിക്കുന്നു. ഉത്തരക്ഷണത്തില്‍ അതും മാറുന്നു. റോം നഗരം തീപിടിച്ചപ്പോള്‍ അതു യേശുഭഗവാന്റെ കോപത്താലാണെന്നു ധരിച്ച ബറബസ് വിശ്വാസിയായി മാറുകയും തന്നാല്‍ കഴിയുന്നിടത്തോളം പട്ടണം തീവച്ചു നശിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ സന്ദേശം സ്നേഹം മാത്രമാണെന്നു പിന്നീടു മനസ്സിലാക്കുമ്പോള്‍ തന്റെ പ്രവൃത്തി നീതിമത്കരിക്കാന്‍ കഴിയാത്തതാണെന്നു് അയാള്‍ക്കു തോന്നുന്നു. ഈ സംഘട്ടനവും സന്ദിഗ്ദ്ധതയും കലാപരമായി ആവിഷ്കരിച്ചിരിക്കുന്നു, ലാഗര്‍ക്വിസ്റ്റ്. അതുകൊണ്ടാണു് കലാസൗന്ദര്യത്തിനു കിരീടം വയ്ക്കുന്ന അവസാനത്തെ വാക്യം സന്ദിഗ്ദ്ധതകൊണ്ട് നമ്മെ ആഹ്ലാദത്തിന്റെ അഗാധഹ്രദത്തിലേയ്ക്കു് എറിയുന്നതു്.

“ഇരുട്ടിനകത്തേക്ക് അയാള്‍ പറഞ്ഞു; അതിനോടു് സംസാരിക്കുന്ന മട്ടില്‍ — നിനക്കായി ഞാന്‍ എന്റെ ആത്മാവിനെ അര്‍പ്പിക്കുന്നു”. Supreme poetic utterance — ശ്രേഷ്ഠമായ കാവ്യഭാഷണമായി ഞാനീ വാക്യത്തെ കരുതുന്നു. ബറബസ് എന്ന കഥാപാത്രത്തിന്റെ ഈ സംഘട്ടനവും അന്വേഷണവും അയാളുടേതു മാത്രമല്ല. ഏതു മതക്കാരന്റേയും സംഘട്ടനവും അന്വേഷണവുമത്രേ.