close
Sayahna Sayahna
Search

Difference between revisions of "പ്രവര്‍ത്തനത്തിലേക്ക്"


(Created page with "ഞാന്‍: വീടുകളില്‍ ചെന്ന് മുഖാമുഖം കണ്ട് അടുത്തിരുന്നു സംസാരിക്ക...")
(No difference)

Revision as of 11:09, 22 May 2014

ഞാന്‍: വീടുകളില്‍ ചെന്ന് മുഖാമുഖം കണ്ട് അടുത്തിരുന്നു സംസാരിക്കണം. ഓരോ വ്യക്തിക്കും ലോകത്തോടാകെയുള്ള ബന്ധുത്വവും ഉത്തരവാദിത്വവും പറഞ്ഞു ശരിക്കും ബോധ്യപ്പെടുത്തിക്കൊടുക്കണം. വേണ്ടത്ര സമയം എടുക്കണം. അയല്‍ക്കാരുമായി ബന്ധപ്പെട്ട് സമൂഹജീവിതം തുടങ്ങുകയാണ് രക്ഷാമാര്‍ഗം എന്നൊരു ബോധം സ്ത്രീപുരുഷന്മാരിലും, കുട്ടികളിലും ഉയര്‍ന്നുവരണം. തൊഴില്‍ തരാം, കലാപരിപാടികള്‍ കാണിക്കാം, വീടുവച്ചുതരാം, സ്ത്രീധനം കൊടുക്കരുത് എന്നൊന്നും ഇപ്പോള്‍ പറയരുത്. സ്വകാര്യപരതയുടെ നാക്കുനീട്ടാന്‍ ഇടവരുത്തുന്നതായ യാതൊന്നും പറയരുത്. വെറുപ്പിന്റെ ഫണം വിടര്‍ത്താനും ഇടവരുത്തരുത്. പുതിയൊരു ലോക സമൂഹത്തിലേക്ക് — ഉയര്‍ന്ന ഒരു മാനസിക ഭൂമികയിലേക്ക് — ഉയരാനുള്ള പ്രേരണ തന്നെ കൊടുക്കണം. ഇന്നുള്ള വ്യവസ്ഥയെ കലക്കുകയും ചെയ്യരുത്. അടുത്തടുത്ത വീടുകളില്‍ വിടാതെ കയറി സംസാരിക്കണം. ഒരു പ്രദേശം തിരഞ്ഞെടുത്ത് അവിടെയുള്ള എല്ലാ വീടുകളുമായും ബന്ധപ്പെടണം. ഒരു സമൂഹജീവിതത്തിനു തക്ക ചലനശേഷി ഉണ്ടാക്കാന്‍ പറ്റിയ വിസ്തൃതിയുള്ള പ്രദേശമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒരു മുന്നൂറു വീട് ഒരു പരീക്ഷണശാലയായി കരുതാം എന്നു തോന്നുന്നു. ഉത്സാഹമോ, ആവേശമോ ആദ്യം ഉണര്‍ത്തരുത്. ചിന്തിപ്പിക്കണം. ഒന്നിച്ചുജീവിക്കുന്നതിനുള്ള പ്രേരണ വളര്‍ത്തണം. നാം അന്യോന്യം വേണ്ടപ്പെട്ടവരാണ്, നമുക്കൊന്നിച്ചേ പുരോഗമിക്കാന്‍ പറ്റൂ എന്ന ബോധം വളര്‍ത്തി, പരസ്പരം ആര്‍ദ്രതയുണര്‍ത്തി, കണ്ണി ചേര്‍ക്കാനുള്ള വിനീതമായ ഒരു ശ്രമം തുടര്‍ന്നു നടത്തണം. ഉത്സാഹം അതില്‍നിന്നുണ്ടായിക്കൊള്ളും. ഒന്നിച്ചുകൂടാന്‍പോലും ആദ്യഘട്ടത്തില്‍ ആവശ്യപ്പെടരുത്. ഒന്നിച്ചുകൂടല്‍ ഈ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകേണ്ടതാണ്. ഒരിടത്ത് ഇതു സംഭവിച്ചാല്‍ അതു പടരും എന്നാശിക്കാം.

നവ: ഈ പരീക്ഷണത്തോടു പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍ ഈ സമീപനം മതിയാകുമോ എന്ന് സംശയമുണ്ട്.

ഞാന്‍: ആ സംശയം എനിക്കുമുണ്ട്. പുതുതായി നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ?