close
Sayahna Sayahna
Search

പ്രേമവും കോളറയും


പ്രേമവും കോളറയും
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മനോരഥങ്ങളിലെ യാത്രക്കാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1990
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 83 (ആദ്യ പതിപ്പ്)

Externallinkicon.gif മനോരഥങ്ങളിലെ യാത്രക്കാർ

ഒരു വലിയ സംഭവത്തിന്റെ ഫലമായി ജനനം കൊള്ളുന്ന കാലയളവിനെ അല്ലെങ്കില്‍ യുഗത്തെ ഇംഗ്ലീഷില്‍ ‘ഈപ്പൊക്’ (Epoch) എന്നു വിളിക്കുന്നു. ആ സംഭവത്തെ യുഗനിര്‍മ്മാണ സംഭവമായി ബഹുജനം കരുതിപ്പോരുന്നു. റഷ്യന്‍ മഹാകവി ബോറിസ് പസ്തര്‍നാക്കിന്റെ ‘ഡോക്ടര്‍ ഷിവാഗോ’ എന്ന നോവലിന്റെ ആവിര്‍ഭാവം സാഹിത്യത്തിന്റെ മണ്ഡലത്തില്‍ ഒരു നവീനയുഗം സൃഷ്ടിച്ചു. അതിനാലാണ് അതിനെ യുഗനിര്‍മ്മാണ നോവലായി നിരൂപകര്‍ കണ്ടതു്. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റായ മാര്‍കേസിന്റെ ‘വണ്‍ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ എന്ന നോവല്‍ സവിശേഷതയാര്‍ന്ന ഒരു കാലയളവിന്റെ ജനനത്തിനു കാരണമായി. അതുകൊണ്ടുതന്നെയാണ് മാര്‍കേസിനു നോബല്‍സമ്മാനം നല്‍കിയതും. അദ്ദേഹത്തിന്റെ പുതിയ നോവലായ ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ’ (ഇംഗ്ലീഷ് പ്രസാധനം 1988) വേറൊരു യുഗനിര്‍മ്മാണനോവലാണെന്നു് ഞാന്‍ വിചാരിക്കുന്നു.

നമുക്കു നോവലിന്റെ കഥയിലേക്കു ചെല്ലാം.

തെക്കേ അമേരിക്കയിലെ കരീബിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള ഒരു പട്ടണത്തിലാണു കഥയാരംഭിക്കുന്നതു്. അവിടത്തെ പ്രശസ്തനായ ഡോക്ടറാണ് ഊര്‍വിനോ. അയാളുടെ ഭാര്യ ഫെര്‍മിന. ഒരുദിവസം അവരുടെ വീട്ടിലെ തത്ത പറന്നുപൊയ്ക്കളഞ്ഞു. അതു് ഒരു മരത്തിലിരിക്കുന്നതുകണ്ട ഡോക്ടര്‍ അഗ്നിശമനക്കാരെ വിളിച്ച് അതിന്റെ നേര്‍ക്കു വെള്ളം അടിച്ചു നോക്കി. തത്ത അവിടെനിന്നു പറന്നു രക്ഷപ്പെട്ടു. ഇനി അതിനെ കിട്ടാനിടയില്ലെന്നു വിചാരിച്ചു ഡോക്ടര്‍ വായനയില്‍ മുഴുകിയപ്പോള്‍ തത്തയുടെ ശബ്ദം അടുത്തു കേട്ടു. അദ്ദേഹം ചെന്നുനോക്കിയപ്പോള്‍ തത്ത ഒരു മാവിന്റെ താഴത്തെ കൊമ്പിലിരിക്കുന്നതു കണ്ടു.

“You scoundrel” he shouted (എടാ തെമ്മാടി, അദ്ദേഹം ആക്രോശിച്ചു.)

തത്ത അതേ ശബ്ദത്തില്‍ മറുപടി പറഞ്ഞു:

“You’re even more of a Scoundrel, Doctor” (ഡോക്ടര്‍, നിങ്ങള്‍ അതിലും വലിയൊരു തെമ്മാടിയാണ്.)

ഡോക്ടര്‍ മരത്തില്‍ ഏണിചാരി കയറി. ഏണി സ്ഥാനംതെറ്റി നിലംപതിച്ചു. അതോടൊപ്പം ഡോക്ടറും. അങ്ങനെ പെന്റികോസ്റ്റ് ഞായറാഴ്ച വൈകുന്നേരം നാലുകഴിഞ്ഞ് ഏഴുമിനിറ്റായപ്പോള്‍ അദ്ദേഹം ഇഹലോകവാസം അവസാനിപ്പിച്ചു. മഹാശയസ്കനും ബഹുജന സമ്മതനുമായ ഡോക്ടറുടെ മരണത്തില്‍ മഹാദുഃഖത്തിന്റെ പെരുവെള്ളപ്പാച്ചില്‍തന്നെയുണ്ടായി. മരണമന്വേഷിച്ചുവന്നവരുടെ കൂട്ടത്തില്‍ കരീബിയന്‍ റിവര്‍ കമ്പനിയുടെ പ്രസിഡന്റായ ഫ്ളോറന്റീനോയുമുണ്ടായിരുന്നു. 76 വയസ്സായ അയാള്‍ എഴുപത്തിരണ്ടുവയസ്സായ ഫെര്‍മിന വിധവയോടു പറഞ്ഞു:

“Fermina, I have waited for this opportunity for more than half a century, to repeat to you once again my vow of eternal fidelity and everlasting love.” (ഫെര്‍മിന, എന്റെ എല്ലാക്കാലത്തേക്കുമുള്ള സ്നേഹവും ശാശ്വതമായ വിശ്വാസ്യതയും ഒന്നുകൂടി ഭവതിയോട് ആവര്‍ത്തിക്കുന്നതിനുവേണ്ടി അര ശതാബ്ദത്തിലധികം കാലമായി ഞാന്‍ ഈ സന്ദര്‍ഭത്തിനു കാത്തിരിക്കുകയായിരുന്നു.)

അന്തസ്സോടുകൂടി ദേഷ്യമടക്കിക്കൊണ്ടു ഫെർമിന പറഞ്ഞു: “Get out of here. And don’t show your face again for the years of life that are left to you.” (ഇവിടെനിന്നു കടന്നു പോകൂ. ഇനി നിങ്ങള്‍ ജീവിച്ചിരിക്കുന്ന ശേഷം സംവത്സരങ്ങളത്രയും നിങ്ങളുടെ മുഖം ഇവിടെ കാണാന്‍ ഇടവരരുതു്.)

ഫെർമിന ഗേറ്റു തുറന്നു കൊടുത്തു അയാള്‍ക്കായി.

ഇവിടെവച്ചു മാര്‍കേസ് ഭൂതകാലത്തേക്കു തിരിയുകയാണ്. ഫെർമിന സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുന്ന കാലം. പോസ്റ്റല്‍ ഏജന്‍സിയിലെ ജോലിക്കാരനായ ഫ്ളോറന്റീനോ ഒരു ടെലിഗ്രാമുംകൊണ്ട് അവളുടെ വീട്ടിലേക്കു ചെന്നു. അവളെ കണ്ടു. ഉല്‍ക്കടമായ പ്രേമത്തില്‍ വീഴുകയും ചെയ്തു. എഴുപതു പുറമുള്ള പ്രേമലേഖനമാണ് അയാള്‍ അവള്‍ക്കെഴുതിയതു്. അതു് അവള്‍ വാങ്ങുകയില്ല. പ്രേമലേഖനത്തിന്റെ കനംകൊണ്ട് ആ രഹസ്യം അയാള്‍ക്ക് ഒളിച്ചുവയ്ക്കാനും വയ്യ. ഒടുവില്‍ അവളതു സ്വീകരിച്ചു.

പക്ഷേ മറുപടി കിട്ടാതെയായപ്പോള്‍ ഫ്ളോറന്റീനോയ്ക്ക് വയറിളക്കമുണ്ടായി. ഛര്‍ദ്ദിയും അതിന്റെകൂടെ. നാഡിയുടെ മിടിപ്പു മന്ദഗതിയില്‍. മരിക്കാന്‍ പോകുന്നവന്റെ വിയര്‍ക്കല്‍. ചുരുക്കത്തില്‍ പ്രേമത്തിന്റെ ലക്ഷണങ്ങള്‍ കോളറയുടെ ലക്ഷണങ്ങള്‍പോലെ കാണപ്പെട്ടു. അങ്ങനെയിരിക്കെ അയാള്‍ക്ക് അവളുടെ മറുപടി കിട്ടി. എന്തൊരാഹ്ലാദം! അയാള്‍ കത്തുവായിക്കും, റോസാപ്പൂക്കള്‍ തിന്നും. കൂടുതല്‍ വായിക്കുന്തോറും കൂടുതല്‍ റോസാപ്പൂക്കള്‍ തിന്നുകയായി. അര്‍ദ്ധരാത്രിയോട് അടുത്ത

പ്പോള്‍ ഏറെപ്പൂക്കള്‍ അയാള്‍ തിന്നുതീര്‍ത്തു. അതോടൊപ്പം പാരായണവും. ഒടുവില്‍ അമ്മ വന്നു പശുക്കുട്ടിയുടെ തലപിടിച്ചു വയ്ക്കുമ്പോലെ അയാളുടെ തലപിടിച്ചുവച്ച് ഒരു ഡോസ് ആവണക്കെണ്ണ വായില്‍ ഒഴിച്ചുകൊടുത്തു.

പാമോയില്‍ വിളക്കുകളില്‍നിന്നുവരുന്ന പുക ഉള്‍ക്കൊണ്ട് ശരീരം വിഷമയമാക്കി ഫ്ളോറിന്റീനോ എല്ലാ രാത്രിയും പ്രേമലേഖനങ്ങള്‍ എഴുതി. അയാളുടെ ആരോഗ്യസ്ഥിതി കണ്ട് അമ്മയ്ക്കു പേടിയായി. ചിലപ്പോള്‍ അയാള്‍ ഒട്ടും ഉറങ്ങില്ല. പ്രേമം ഇങ്ങനെ കോളറപോലെ ആയപ്പോള്‍ ഒരുദിവസം ഫെർമിന സ്വന്തം ജീവിതത്തില്‍നിന്നു് അയാളെ തുടച്ചുമാറ്റിക്കളഞ്ഞു. അവള്‍ ഒരെഴുത്ത് അയാള്‍ക്കു കൊടുത്തയച്ചു:

“ഇന്നു ഞാന്‍ നിങ്ങളെ കണ്ടപ്പോള്‍ നമ്മള്‍ക്കിടയില്‍ ഉള്ളതു വ്യാമോഹം മാത്രമാണെന്നു് എനിക്കു മനസ്സിലായി.”

എഴുത്തു കൊണ്ടുചെന്ന പരിചാരിക അയാളുടെ എഴുത്തുകളും കമ്പിസന്ദേശങ്ങളും എല്ലാം തിരിച്ചുകൊടുത്തു. താന്‍ കൊടുത്ത എഴുത്തുകളും സമ്മാനങ്ങളും തിരിച്ചുനല്‍കണമെന്നു ഫെർമിന അയാളോടു പരിചാരികവഴി ആവശ്യപ്പെടുകയും ചെയ്തു. അവരുടെ പരസ്പര സന്ദര്‍ശനങ്ങള്‍ അതോടെ അവസാനിച്ചു. പിന്നീട് അമ്പത്തൊന്നു വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും കഴിഞ്ഞതിനുശേഷമാണ് അയാള്‍ വിശ്വസ്തതയും പ്രേമവും പ്രഖ്യാപിച്ചുകൊണ്ടു ഫെർമിന എന്ന വിധവയുടെ മുമ്പിലെത്തിയതു്.

ഫ്ളോറന്റീനോയുമായുള്ള ബന്ധം അവസാനിപ്പിച്ച ഫെർമിന ഡോക്ടര്‍ ഊര്‍വിനോയെ വിവാഹം കഴിച്ചു. 28 വയസ്സുള്ള അയാളെ ഏതു തരുണിയാണു കൊതിക്കാത്തതു്? അയാളുടെ അച്ഛന്‍ മാര്‍കോ ഒറീലിയോ ഊര്‍വിനോ നാട്ടിലെ കോളറ ഒഴുവാക്കാന്‍വേണ്ടി പരിശ്രമിച്ചു വിജയം നേടിയ ആളായിരുന്നു. മകനും ചികിത്സാവൈദഗ്ദ്ധ്യംകൊൻട് യശസ്സാര്‍ജ്ജിച്ചു. അങ്ങനെയിരിയ്ക്കുമ്പോൾ ഫെർമിനയ്ക്ക് അസുഖം. ഡോക്ടര്‍ ഊര്‍വിനോ അവളെ പരിശോധിക്കാനെത്തി. കൊതിപ്പിക്കുന്ന ആ ശരീരം അയാള്‍ കണ്ടു. ഇതിനെത്തുടര്‍ന്നു ഡോക്ടര്‍ രോഗിണിയോ അവളുടെ ആളുകളോ ആവശ്യപ്പെടാതെ അവളെ പരിശോധിക്കാനെത്തി. അങ്ങനെയുള്ള സന്ദര്‍ശനങ്ങള്‍ അവരുടെ വിവാഹത്തില്‍ കലാശിച്ചു.

ഫ്ളോറന്റീനോയുടെ സ്ഥിതി എന്താണ്?

ഫെര്‍മിനയാല്‍ നിരാകരിക്കപ്പെട്ടെങ്കിലും അയാള്‍ അവളെ വിസ്മരിച്ചില്ല. എന്നെങ്കിലും തന്റെ പ്രേമം സാഫല്യത്തിലെത്തുമെന്നു കരുതിക്കൊണ്ട് ആധ്യാത്മിക വിശുദ്ധി പരിപാലിച്ച് അയാള്‍ ജീവിച്ചു. സ്ത്രീകളുടെ സാമീപ്യ സമ്പര്‍ക്കങ്ങള്‍ ഫ്ളോറന്റീനോ ഒഴിവാക്കിയെന്നു് ഇതിനര്‍ത്ഥമില്ല. ഒരിക്കല്‍ ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഒരുത്തി അയാളെ ബലാല്‍സംഗം ചെയ്തു. പക്ഷേ തികച്ചും ഭൗമമായ ആ വികാരത്തിനുപോലും ഫെർമിനിയോടു തോന്നിയ വ്യാമോഹാധിഷ്ഠിതമായ പ്രേമത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഇത്തരം ബന്ധങ്ങളെക്കുറിച്ച് അയാള്‍ എഴുതിയതു് ഇരുപത്തഞ്ചു നോട്ട് ബുക്കുകള്‍ നിറയുന്ന മട്ടിലും.

കാലംകഴിഞ്ഞു. ഫ്ളോറന്റീനോ കത്തുകള്‍ പ്രവഹിപ്പിച്ചു ഫെര്‍മിനയുടെ സമീപത്തേക്ക്. ഒരുദിവസം ടെലെഫോണ്‍ ഡയറിയില്‍ അവളുടെ പേരുകണ്ട അയാള്‍ അവളെ വിളിച്ചു. ‘ഹലോ.’ ഫെര്‍മിനയുടെ ശബ്ദം.

മറുപടി പറയാതെ അയാള്‍ റിസീവര്‍ താഴെവച്ചു. പക്ഷേ അനഭിഗമ്യമായ ആ ശബ്ദത്തില്‍ അനഭിഗമ്യമായ ആ ശബ്ദത്തിന്റെ അനന്തമായ വിദൂരത അയാളുടെ മനക്കരുത്തിനു ദൗര്‍ബല്യമുണ്ടാക്കി. കാലംകഴിഞ്ഞതോടെ ഫെര്‍മിനയ്ക്കു മാറ്റമുണ്ടായി, അയാളുടെ കത്തുകള്‍ അവള്‍ക്കു താല്‍പര്യജനകങ്ങളായി. ഭര്‍ത്താവിനെ സംബന്ധിച്ച വിശുദ്ധ സ്മരണ അവളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമുളവാക്കിയില്ല. ഫ്ളോറന്റീനോയെ അവള്‍ കണ്ടു. അവര്‍ മാനസികമായി അടുത്തു. ഡോക്ടര്‍ കയറിയ മാവ് അവള്‍ മുറിപ്പിച്ചു. അതിന്റെ കുറ്റിപോലും അവശേഷിച്ചില്ല. തത്തയെ മ്യൂസിയത്തിലേക്കു കൊടുത്തയച്ചു. ഭര്‍ത്താവിന്റെ ഉടുപ്പുകള്‍ തീയിലേക്കു് എടുത്തിട്ടപ്പോള്‍ അവളുടെ കൈ വിറച്ചില്ല. ഫെര്‍മിനയെ കണ്ടതിനുശേഷം വീട്ടിലെത്തിയ ഫ്ളോറന്‍ടീനയോടു കുതിരവണ്ടിക്കാരന്‍ പറഞ്ഞു: “Be careful, Don Floro, that looks like cholera” (സൂക്ഷിക്കു ഡോണ്‍ ഫ്ളോറോ, ഇത് കോളറപോലെ തോന്നുന്നു.)

പ്രേമമാകുന്ന കോളറ കൊൻടു നടന്ന ഫ്ളോറന്റീനോയുടെ പല്ലുകള്‍ കൊഴിഞ്ഞു, തലമുടിയാകെ പോയി. ഫെര്‍മിന കപ്പലില്‍ കയറി ഒരു യാത്രപോകാന്‍ തീരുമാനിച്ചു. കൂടെ ഫ്ളോറന്റീനോയുമുണ്ടു്. അയാള്‍ അവളുടെ കവിളില്‍ ഉമ്മവെയ്ക്കാന്‍ ഭാവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “Not now, I smell like an old women.” (ഇപ്പോള്‍ വേണ്ട. എനിക്കു കിഴവിയുടെ നാറ്റമുണ്ട്.)

മറ്റുള്ളവര്‍ കപ്പലില്‍ കയറാതിരിക്കാന്‍ വേണ്ടി അവര്‍ കോളറയെ സൂചിപ്പിക്കുന്ന കൊടി അതില്‍ പറപ്പിച്ചു. ആ ഒറ്റക്കാരണംകൊണ്ടു പട്ടണത്തിലെ അധികാരികള്‍ യാനപാത്രം തുറമുഖത്തടുക്കാന്‍ സമ്മതിക്കില്ല. അവര്‍ക്ക് ഏകമാര്‍ഗം തിരിച്ചുപോകുകയെന്നതാണ്. അപ്പോള്‍ ക്യാപ്റ്റന്‍ ചോദിച്ചു: “എത്രകാലം ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യും?” ഫ്ളോറന്റീനോയുടെ മറുപടി: “എല്ലാക്കാലത്തേക്കും” എന്നായിരുന്നു. നോവല്‍ അവസാനിച്ചു.

മാര്‍കേസിന്റെ മറ്റു നോവലുകളില്‍നിന്നു് ഇതു തികച്ചും വിഭിന്നമാണ് എന്നതു് ആദ്യമേ പറയേണ്ട കാര്യമാണ്. ഫാന്റസിയും മാജിക്കും (മാന്ത്രികത്വവും) കൊണ്ടു മെനഞ്ഞെടുത്ത നോവലാണല്ലോ “വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്.” അന്തരീക്ഷത്തില്‍നിന്നു വീഴുന്ന മഞ്ഞപ്പൂക്കള്‍ മാക്കോണ്ടയില്‍ പരവതാനി വിരിക്കുന്നു. ഒരു പാതിരി ഉയര്‍ന്നുയര്‍ന്നു പോകുന്നു. ഈ അത്ഭുതസംഭവങ്ങളീല്‍ ഒന്നുപോലും ഈ പുതിയ നോവലിലില്ല.

‘ജീവിതത്തെക്കാള്‍ വലുതു്’ എന്നു് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ ഓരോ കഥാപാത്രത്തെക്കുറിച്ചും ഓരോ സംഭവത്തെക്കുറിച്ചും പറയാം. നോവലിസ്റ്റിന്റെ ജീവിതാഭിവീക്ഷണം സ്ഥൂലീകരിക്കപ്പെട്ടതായി ആ നോവലില്‍ കാണുന്നു. നൂതന നോവലിലാകട്ടെ യാഥാതഥ്യത്തിന്റെ തലമേയുള്ളു. വിരളമായി ചില സംഭവങ്ങള്‍ യാഥാതഥ്യത്തിന്റെ വരമ്പുലംഘിച്ച് മറുകണ്ടം ചാടുന്നുണ്ടാവാം. അവ നോവല്‍ സൃഷ്ടിക്കുന്ന യാഥാതഥ്യത്തിന്റെ മണ്ഡലത്തിനു് അപകര്‍ഷം വരുത്തുന്നില്ല. ഇതു മറ്റു പല നോവലുകളിലും–മാര്‍കേസിന്റേതല്ലാത്ത പല നോവലുകളിലും–കാണുന്നില്ലേ? ആ സ്ഥിതിക്കു് ഇതിനെ വാഴ്ത്താനെന്തിരിക്കുന്നു എന്ന ചോദ്യമുൻടാകാം.

അതിനുള്ള ഉത്തരം മാര്‍കേസിന്റെ ആഖ്യാനപാടവം വേറെയാര്‍ക്കുമില്ല എന്നതാണ്. ഡോക്ടര്‍ ഊര്‍വിനോയുടെയും ഫെർമിനയുടെയും പ്രഥമരാത്രി മാര്‍കേസ് വര്‍ണിക്കുന്നത് ഒന്നു വായിച്ചുനോക്കൂ. ശൃംഗാരവര്‍ണ്ണനങ്ങള്‍ എടുത്തെഴുതാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഉദ്ധരിക്കാനുള്ള എന്റെ അഭിലാഷത്തെ ഞാന്‍ നിയന്ത്രിക്കുന്നു. ലോകസാഹിത്യത്തില്‍ വളരെ വിരളമായേ ഇത്തരം വര്‍ണ്ണനകള്‍ കാണു എന്നു മാത്രം ഞാന്‍ പറയട്ടെ. ഈ വര്‍ണ്ണന മാര്‍കേസിന്റെ അസാധാരണമായ സര്‍ഗ്ഗാത്മകത്വത്തിന്റെയും ആഖ്യാനത്തോടു ബന്ധപ്പെട്ട ഊര്‍ജ്ജത്തിന്റെയും സന്തതിയാണെന്നും എഴുതട്ടെ.

പ്രേമത്തെക്കുറിച്ചു തികച്ചും മൗലികമയ സങ്കല്പം പുലര്‍ത്തുന്ന അന്യാദൃശമായ നോവലാണ് “കോളറയുടെ കാലത്തെ പ്രേമം.”മാര്‍കേസിനു മുന്‍പു ഫ്രഞ്ചു നോവലിസ്റ്റായ പ്രൂസ്താണ് പ്രേമത്തെക്കുറിച്ച് ഒരു നൂതനാഭിവീക്ഷണം ആവിഷ്കരിച്ചതു്. മനുഷ്യരില്‍ അഭിലാഷവും വേദനയുമുണ്ട്. ഈ രണ്ടു വികാരങ്ങള്‍ക്കും ചെന്നുപതിക്കത്തക്കവിധം നമ്മള്‍ വ്യക്തികളെ അന്വേഷിച്ചു നടക്കുന്നു എന്നാണ് പ്രൂസ്തിന്റെ സങ്കല്പം. സുന്ദരിയെ കൻടു മനുഷ്യന്‍ പ്രേമത്തില്‍ വീഴുകയല്ല. സ്വന്തം അഭിലാഷത്തിനു പറ്റിയ ഒരു സ്ത്രീയെ അവന്‍ അന്വേഷിക്കുന്നു, കണ്ടെത്തുന്നു എന്നാണ് പ്രൂസ്തിന്റെ മതം. പ്രൂസ്തിന്റെ നോവലിനെ നായകന്‍ മാറിമാറി അഭിലാഷത്തെ തരുണികളില്‍ വീഴ്ത്തുന്നതു് അദ്ദേഹം അസാധാരണമായ വൈദഗ്ദ്ധ്യത്തോടെ ചിത്രീകരിക്കുന്നുണ്ട്.

മാര്‍കേസിന്റെ പ്രേമസങ്കല്പം പ്രൂസ്തിന്റെ പ്രേമസങ്കല്പത്തെക്കാള്‍ വിശ്വാസജനകമാണ്. ഫ്ളോറന്റീനോയുടെ യൗവനകാലത്തെ പ്രേമം ഫെർമിനയ്ക്ക് ആദരണീയമല്ല. അയാള്‍ പ്രേമപരവശനാകുമ്പോള്‍ റോസാപ്പൂ തിന്നുന്നു. ഓ ഡ കലോന്‍ കുടിക്കുന്നു. റോസാപ്പൂ ഏറെ തിന്നപ്പോള്‍ അയാള്‍ക്ക് അമ്മ ആവണക്കെണ്ണ കൊടുത്തല്ലോ. കൊടുത്തില്ലെങ്കില്‍ ദഹനക്കേടുണ്ടാകും, രോഗം വരും. രോഗം വരുത്തുന്ന പ്രേമം സ്വീകാര്യമല്ല ഫെര്‍മിനയ്ക്ക്. ആ പ്രേമം വിഷൂചികപോലെയാണ്. വിഷൂചിക പിടിച്ചവനായി ഫ്ളോറന്റീനോയെ കൻട അവള്‍ അയാളെ ഉപേക്ഷിച്ചു ഡോക്ടര്‍ ഊര്‍വിനോയെ വിവാഹം കഴിക്കുന്നു.

നാട്ടില്‍ കൂടെക്കൂടെയുണ്ടാകുന്ന കോളറപോലെയാണ് ചെറുപ്പക്കാരുടെ പ്രേമമെന്ന കോളറ. ചെറുപ്പകാലത്തു ഫ്ളോറന്റീനായ്ക്കുണ്ടായ ആ ഉദ്കട വികാരം–പ്രേമം–ഒരു താല്‍ക്കാലികസത്യമല്ലേ എന്ന സംശയമുണ്ടാകാം ഇവിടെ. അതു താല്‍ക്കാലികസത്യംതന്നെ. പക്ഷേ വിശുദ്ധമായ പ്രേമമല്ല എന്നാണ് മാര്‍കേസിന്റെ മതം. യൗവനകാലത്തെ ഏതു തീക്ഷ്ണവികാരവും വിഷൂചികപോലെയാണ്. സൂക്ഷിക്കൂ എന്നാണു മാര്‍കേസ് നമ്മോടു പറയുന്നതു്.

എഴുപതു വയസ്സു കഴിഞ്ഞ ഫ്ളോറന്റീനോയും ഫെര്‍മിനയും കപ്പലില്‍ കയറിക്കഴിയുമ്പോള്‍, അയാളുടെ ഷര്‍ട്ടില്‍ അവള്‍ ബട്ടന്‍ തയ്ച്ചുചേര്‍ക്കുമ്പോള്‍ പ്രേമമെന്ന വിഷൂചികയ്ക്കു മാറ്റം വരുന്നു. ചുവന്ന റോസാപ്പൂക്കള്‍ക്കു പകരമായി മഞ്ഞ റോസാപ്പൂക്കള്‍ അയാള്‍ അവള്‍ക്കു നല്‍കുമ്പോള്‍ പ്രേമത്തിന്റെ സ്വഭാവവും മാറുന്നു. അതുവരെ–യാനപാത്രത്തില്‍ കയറുന്നതുവരെ–പുഷ്പസൗരഭ്യം ഇഷ്ടപ്പെടാതിരുന്ന ഫെർമിന അതു് ഇഷ്ടപ്പെട്ടുതുടങ്ങുന്നു. പ്രേമത്തില്‍ പെട്ടിരിക്കുമ്പോള്‍ പുഷ്പത്തിന്റെ പരിമളത്തില്‍ ആമജ്ജനം ചെയ്യുന്നവന്‍ ക്രമേണ ആത്മനാശനം നടത്തുകയാണ്. ഫെര്‍മിനയ്ക്ക് ഇനി ആ ആത്മനാശനം വേണ്ട.വിഷൂചികയുടെ സ്വഭാവം മാറിയ പ്രേമത്തെ സമുദായം അംഗീകരിക്കില്ല. അതുകൊണ്ട് ആ സമുദായത്തെ അകറ്റിനിറുത്താന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളു. കപ്പലിനെ ‘ക്വറന്റീനില്‍’ ആക്കുക (രോഗം പകരാതിരിക്കാന്‍ വിലക്കു കല്പിക്കുക) കോളറയെ സൂചിപ്പിക്കുന്ന കൊടിതൂക്കി അതില്‍. അതോടെ അതിനു് ഒരു തുറമുഖത്തും അടുക്കാന്‍ വയ്യ. വയ്യെങ്കില്‍ത്തന്നെയെന്തു്? പ്രേമം സാക്ഷാത്കരിച്ചുകൊണ്ടു വൃദ്ധകാമുകന്മാര്‍ എല്ലാക്കാലത്തേക്കുമായി അതില്‍ കഴിഞ്ഞുകൊള്ളും.

മാര്‍കേസിനു പ്രിയപ്പെട്ട ഒരാശയം ഈ നോവലിലും ആവിര്‍ഭവിക്കുന്നുണ്ട്. “ഏകാന്തതയുടെ നൂറുവര്‍ഷങ്ങ”ളില്‍ ഓര്‍മ്മയ്ക്കു നാശം വരാതിരിക്കാന്‍വേണ്ടി ബ്രഷില്‍ മഷിമുക്കി ഓരോ വസ്തുവിലും അതിന്റെ പേര്‍ എഴുതുന്നതായി പ്രസ്താവമുന്റ്. മേശ, കസേര, ചുവര്‍ ഇങ്ങനെ ഓരോന്നിലും പേര് എഴുതുന്നു. പശുവിനെ പിടിച്ച് “ഇതു പശുവാണ്. എന്നും കാലത്തു് ഇവളെ കറക്കണം. കാപ്പിയില്‍ ചേര്‍ക്കാനായി പാലു തിളപ്പിക്കണം.” എന്നു് അതിന്റെ പുറത്ത് എഴുതുന്നു. കാലം കഴിയുമ്പോള്‍ പശുവിനെ ആളുകള്‍ മറക്കും. അപ്പോള്‍ എഴുത്തുമാത്രം അവശേഷിക്കും.

ഈ ആശയത്തിനു വ്യാപകത്വം നല്‍കൂ. ഇരുപതു ശതാബ്ദങ്ങള്‍ക്കു മുമ്പ് ക്ഷോഭജനകമായ ഒരു സംഭവം ഉണ്ടായിയെന്നു വിചാരിക്കൂ. അതു ലിപികളാല്‍ അക്കാലത്തു് രേഖപ്പെടുത്തിയെന്നും കരുതു. ഇന്നു് ആ രേഖ കാണുമ്പോള്‍ പഴയ സംഭവത്തോടു ബന്ധപ്പെട്ട ഒരു ക്ഷോഭവും നമുക്കുണ്ടാകുന്നില്ല. രേഖ വെറും രേഖാമാത്രം. സ്ത്രീകളോടു സാമീപ്യസമ്പര്‍ക്കങ്ങള്‍ പുലര്‍ത്തിയ ഫ്ളോറന്‍റീനോ ഇരുപത്തഞ്ചു നോട്ട് ബുക്കുകളില്‍ അവ രേഖപ്പെടുത്തിവച്ചു. യാനപാത്രത്തില്‍ വൃദ്ധയോടൊരുമിച്ചു സഞ്ചരിക്കുമ്പോള്‍ ആ നോട്ടുബുക്ക് അയാള്‍ വീണ്ടും വായിച്ചുനോക്കിയാല്‍ ഒരു വികാരവും അയാള്‍ക്കുണ്ടാവുകയില്ല. അവ ആദ്യം പറഞ്ഞപോലെ രേഖകള്‍ മാത്രം. നഷ്ടപ്പെടുന്ന സ്മൃതികളെ നിലനിര്‍ത്താന്‍ മാത്രമേ ഭാഷ പ്രയോജനപ്പെടൂ എന്നാണ് മാര്‍കേസിന്റെ മതം.

അചഞ്ചല ധൈര്യമാര്‍ന്ന പ്രേമമാണ് യാനപാത്രത്തിനകത്തു്. അതിനു അജയ്യമായ ശക്തിവിശേഷമുണ്ട്. സര്‍ഗ്ഗാത്മകത്വത്തിന്റെ അചഞ്ചല ധൈര്യവും ശക്തിവിശേഷവും മാര്‍കേസിന്റെ ഈ പുതിയ നോവലിനെ അനുഗ്രഹിച്ചിരിക്കുന്നു.