close
Sayahna Sayahna
Search

ബന്‍യമിന്‍ മാര്‍ക്സിസ്റ്റ് നിരൂപകനോ?


ബന്‍യമിന്‍ മാര്‍ക്സിസ്റ്റ് നിരൂപകനോ?
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

സാഹിത്യത്തിലും കലയിലും ലെനിന്നോടു ബന്ധപ്പെട്ടു ഒരു പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം വര്‍ഗ്ഗസമരത്തിനു പരമപ്രാധാന്യം കല്പിക്കുന്നു. ഇതു ശരിയല്ലെന്നും കലാസൃഷ്ടികളുടെ സാമൂഹികങ്ങളായ ഉള്‍ക്കാഴ്ചകള്‍ക്കാണ് പ്രാധാന്യം നല്കേണ്ടതെന്നും ചിലര്‍ വാദിക്കാനാരംഭിച്ചു. അവരില്‍ പ്രമുഖന്‍മാരാണ് ലൂക്കാച്ച്, അഡോര്‍നൊ, മര്‍ക്കൂസ്, ബന്‍യമിന്‍ എന്നിവര്‍. പത്തൊന്‍പതാം ശതാബ്ദത്തിലെ ബൂര്‍ഷ്വാ നോവലുകളുടെ മഹത്വം അംഗീകരിച്ചതുകൊണ്ടും സമകാലികങ്ങളായ കലാരൂപങ്ങളെ നിരാകരിച്ചതുകൊണ്ടും ലുക്കാച്ചിനു് അവരുടെ കൂട്ടത്തില്‍നിന്നു മാറി നില്ക്കേണ്ടതായി വന്നു. മറ്റുള്ളവര്‍ തമ്മിലും വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എങ്കിലും ലൂക്കാച്ചിനെപ്പോലെ അവരില്‍ ആര്‍ക്കും ഒറ്റപ്പെടേണ്ടതായി വന്നില്ല. ഗ്രന്ഥകാരന്റെ രാഷ്ട്രീയമായ നിലപാടിനു് ഊന്നല്‍നല്കുന്ന ലെനിസ്റ്റ് പാരമ്പര്യത്തെ അംഗീകരിക്കാതെ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും പാരമ്പര്യത്തെ സ്വീകരിച്ചവരാണ് അഡോര്‍നെയും മര്‍ക്കൂസും ബന്‍യമിനും. ഈ മൂന്നു പേരില്‍ മാര്‍ക്സിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതു് ജര്‍മ്മന്‍–ജൂതനായ വാല്‍റ്റര്‍ ബന്‍യമിനാണെന്നു പലരും പറയുന്നു (Walter Benjamin, 1892–1940). ഈ നിരൂപകന്‍ മാര്‍ക്സിന്റെ തത്ത്വചിന്താപദ്ധതികളോടു സത്യസന്ധത പാലിച്ചുകൊണ്ട് സാഹിത്യത്തേയും കലയേയും വിപ്ളവത്തോട് ബന്ധിപ്പിക്കുന്നുവെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്.

മാര്‍ക്സിന്റെ സിദ്ധാന്തമനുസരിച്ച് സമുദായത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ്. അപ്പോള്‍ സമുദായത്തിന്റെ ഉല്‍പാദകശക്തികള്‍ക്കു ഭംഗിയായി പ്രാതിനിധ്യം വഹിക്കുന്ന കാലഘട്ടത്തേക്കു മാത്രമേ ഒരു വര്‍ഗ്ഗത്തിനു ഭരിക്കാനാവൂ. അത് പ്രയോജനശൂന്യമാകുമ്പോള്‍ അതിനെ നശിപ്പിക്കുകയും മറ്റൊരു വര്‍ഗ്ഗത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോള്‍ ഒരുകാലത്ത് വര്‍ഗ്ഗരഹിതമായ സമുദായം ആവിര്‍ഭവിക്കും. ബൂര്‍ഷ്വാവര്‍ഗ്ഗം ഫ്യൂഡല്‍ വര്‍ഗ്ഗത്തെ നശിപ്പിച്ചു. ബൂഷ്വാ വര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗം അതിനെ നശിപ്പിക്കും. മാര്‍ക്സിന്റെ ഈ സിദ്ധാന്തത്തെ സാങ്കേതിക പദങ്ങളുപയോഗിച്ചും വിവരിക്കാം. ടെറി ഈഗിള്‍ ടണ്‍ എന്ന സ്ട്രക്ചറലിസ്റ്റ് മാര്‍ക്സിസ്റ്റിനെ അവലംബിച്ചു കൊണ്ട് അതു നിര്‍വഹിക്കട്ടെ.ഉല്‍പാദകശക്തികളും ഉല്‍പാദകബന്ധങ്ങളും തമ്മിലിടയുമ്പോള്‍ വിപ്ളവത്തിനുള്ള കളം ഒരുക്കപ്പെടുകയായി. ഫ്യുഡലിസത്തിന്റെ സാമൂഹികബന്ധങ്ങള്‍ ക്യാപിറ്റലിസത്തിന്റെ ഉല്‍പാദകശക്തികളുടെ വികാസത്തിനു തടസ്സം സൃഷ്ടിച്ചപ്പോള്‍ അവ (ഫ്യുഡലിസത്തിന്റെ സാമൂഹികബന്ധങ്ങള്‍) തകര്‍ക്കപ്പെട്ടു. ക്യാപിറ്റലസത്തിന്റെ സാമൂഹികബന്ധങ്ങളെ സോഷ്യലിസം തകര്‍ക്കാതിരിക്കില്ല. മാര്‍ക്സിന്റെ ഈ സിദ്ധാന്തത്തെ കലയിലേക്കും സാഹിത്യത്തിലേക്കും സംക്രമിപ്പിച്ച ചിന്തകനാണ് ബന്‍യമിന്‍. കലയുടെ മണ്ഡലത്തിലും സാമൂഹികബന്ധങ്ങളും ഉല്‍പാദകശക്തികളും ഉണ്ടെന്നു് അദ്ദേഹം പറഞ്ഞു. കല ഉല്‍പാദിപ്പിക്കുന്നവനും അനുവാചകരും തമ്മിലാണ് സാമൂഹിക ബന്ധങ്ങളുള്ളതു്. കലോല്‍പാദനത്തിന്റെ ടെക്നിക്കുകള്‍ ഉല്‍പാദക ശക്തിവിശേഷങ്ങളുടെ ഒരു ഭാഗമത്രെ. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യുമ്പോള്‍ അയാള്‍ പുതിയ സാമൂഹികബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ബന്‍യമിന്റെ മതം. ഈ മതവും അതിന്റെ വിശദീകരണങ്ങളും അദ്ദേഹത്തിന്റെ The Author as Producer എന്ന പ്രബന്ധത്തില്‍ അടങ്ങിയിരിക്കുന്നു. ബന്‍യമിന്റെ കാലംവരെയും മാര്‍ക്സിസ്റ്റുകാര്‍ ചോദിച്ചിരുന്നതു് What is the attitude of a work to the relations of production of its time? — കൃതിയുടെ കാലത്തെ ഉല്‍പാദകബന്ധങ്ങളോട് അതിനുള്ള ഭാവമെന്താണ്? — എന്നത്രേ. The Author as Producer എന്ന പ്രബന്ധത്തിന്റെ അഞ്ചാമത്തെ ഖണ്ഡിക നോക്കുക. ഈ ചോദ്യത്തിനുപകരം ബന്‍യമിന്‍ ചോദിക്കുന്നത് What is its position in them? — കൃതിയുടെ കാലത്തെ ഉല്‍പാദകബന്ധങ്ങളില്‍ അതിനുള്ള സ്ഥാനമെന്ത്? — എന്നാണു്. ബന്‍യാമിന്റെ ഈ ചോദ്യം കലയുടെയും സാഹിത്യത്തിന്റെയും ടെക്നിക്കിനെ സംബന്ധിച്ചുള്ളതാണ്. ടെക്നിക്കല്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ളവകലയുണ്ടാകുന്നത്. നിലവിലിരിക്കുന്ന ഉപാധികളിലൂടെ വിപ്ളവസന്ദേശം കടത്തിവിടുന്നതുകൊണ്ട് പ്രയോജനമില്ല. ഉപാധികളില്‍ത്തന്നെ പരിവര്‍ത്തനം വരുത്തണം. ഇതിനുള്ള ഒരു ഉദാഹരണം വര്‍ത്തമാനപ്പത്രം തന്നെ. വായനക്കാരന്‍ ബുഭുക്ഷയോടെ പത്രത്തോടു ബന്ധപ്പെടുന്നു. ഈ ആർത്തിയെ ചൂഷണം ചെയ്യുന്ന പ്രസാധകര്‍ പുതിയ കോളങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. അങ്ങനെ വായനക്കാര്‍ പ്രസാധകരുടെ പങ്കാളികളായി ഉയര്‍ത്തപ്പെടുന്നു. “ബൂര്‍ഷ്വാ പ്രസ്സില്‍’ എഴുത്തുകാരനും ബഹുജനവുമായി അകല്‍ച്ചയുമുണ്ട്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്‍ച്ച കുറഞ്ഞു കുറഞ്ഞു വരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനാകാന്‍ സന്നദ്ധനാകുന്നു. അങ്ങനെ എഴുത്തുകാരനും കവിയും പണ്ഡിതനും സാധാരണക്കാരനും ഗ്രന്ഥകാരനും വായനക്കാരനും തമ്മിലുള്ള വ്യത്യാസങ്ങള്‍ അന്തര്‍ദ്ധാനം ചെയ്യുന്നു.

[For by the press, at any rate by the Soviet Russian Press, one recognizes that the mighty process of recasting which I spoke of earlier not only affects the conventional distinction between genres, between writer and poet, between scholar and popularizer, but also revises even the distinction between author and and reader.]

സംഗീതത്തിലേക്കു വരൂ. യേശുദാസ് പാട്ടുകച്ചേരി നടത്തുന്നു. ഏതെങ്കിലും ഹാളിലിരുന്നു് അദ്ദേഹം പാടുമ്പോള്‍ അതൊരു “യുണീക്കാ”യ സംഭവമായി പരിണമിക്കുന്നു.എന്നാല്‍ ഗ്രാമഫോണ്‍ റെക്കാര്‍ഡുകളില്‍ക്കൂടി ആ പാട്ടുകച്ചേരി തന്നെ പില്ക്കാലത്തു് നാട്ടിന്റെ നാനാഭാഗങ്ങളിലും എത്തുമ്പോള്‍ ആദ്യത്തെ പാട്ടുകച്ചേരിയുടെ അനാദൃശസ്വഭാവം (unique quality) ഇല്ലാതാവുന്നില്ലേ? 1979 മാര്‍ച്ച് 24-ആം തീയതി തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍ രാത്രി ഒന്‍പതര മണിക്കു തുടങ്ങിയ പാട്ടുകച്ചേരിയുടെ മെഴുകിലാക്കിയ രൂപം പിന്നീടു് ഏതു സ്ഥലത്തും ഏതു കാലത്തും ഏതു സമയത്തും ലഭിക്കുന്നതാണ്. ഇരുപത്തിയഞ്ചു രൂപയുടെ ടിക്കറ്റെടുത്തു് ടൗണ്‍ ഹാളില്‍ കടന്നുകൂടാന്‍ വയ്യാത്ത പാവപ്പെട്ട തൊഴിലാളി ഒരു ചായക്കടയുടെ മുമ്പില്‍ നിന്നു അതേ ഗാനാലാപം കേള്‍ക്കുന്നു.സിനിമയെ സംബന്ധിച്ചും ഫോട്ടോഗ്രാഫിയെ സംബന്ധിച്ചും ഇതുതന്നെയാണു പറയാനുള്ളതു്. ശ്രീ ചിത്രാ ആര്‍ട് ഗാലറിയില്‍ച്ചെന്നു രവിവര്‍മ്മയുടെ ചിത്രം കാണേണ്ടതില്ല. അതിന്റെ ഫോട്ടോ കണ്ടാല്‍മതി. ഈ മാറ്റം ഉല്‍പാദനത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ വന്ന പരിവര്‍ത്തനത്തിന്റെ ഫലമാണു്. അതാകട്ടെ, ഉല്പാദകന്റെ പങ്കാളികളായി ദ്രഷ്ടാവിനെയും അനുവാചകനെയും മാറ്റിക്കളയുന്നു. കലോല്‍പ്പാദനത്തിന്റെ ശക്തികളെ കലാകാരന്‍ പരിവര്‍ത്തനം ചെയ്യുന്നതു് ഇങ്ങനെയാണു്. വര്‍ഗ്ഗവിഭജനം നിലവിലുള്ള സമുദായത്തില്‍ ഹസ്തസാദ്ധ്യമായ കര്‍മ്മത്തിനും (manual labour) മാനസികമായ കര്‍മ്മത്തിനും (mental labour) തമ്മില്‍ വിഭജനം കല്‍പിച്ചിട്ടുണ്ട്. കലയ്ക്കും ശാസ്ത്രത്തിനും തമ്മിൽ വിഭജനം കല്പിച്ചിട്ടുണ്ട്. ഈ വിഭജനം വ്യക്തമാക്കിത്തരുന്ന മതിലുകളെ തട്ടിയെറിയാമെന്നു് മനുഷ്യര്‍ മനസ്സിലാക്കുന്നതു് ടെക്നിക്കില്‍ വരുത്തുന്ന ഈ വിപ്ളവത്തിലൂടെയാണു്. ഈ സങ്കല്പങ്ങളിലെല്ലാം ബന്‍യമിന്‍ മാര്‍ക്സിനോട് ചേര്‍ന്നു് നില്ക്കുകയല്ല; ഒരു പടികൂടി മുന്നോട്ടു കയറി നില്ക്കുകയാണെന്നു് അഭിപ്രായമുണ്ട്. പ്രതിപാദ്യവിഷയത്തിന്റെ പുരോഗമനാത്മകതയല്ല ബന്‍യമിനു പ്രധാനം; ടെക്നിക്കിന്റെ പുരോഗമനാത്മകതയാണു്.

ബന്‍യമിന്റെ ഒരേയൊരു കൂട്ടുകാരന്‍ “എപിക് തീയറ്റര്‍” എന്ന നാടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ബ്രഹ്റ്റായിരുന്നു. അഭിനേതാക്കളും പ്രേക്ഷകരും നാടകത്തില്‍നിന്നും നാടകാവതരണത്തില്‍നിന്നും വിമര്‍ശനാത്മകമായ വിയുക്തത പുലര്‍ത്തണമെന്നു് ബ്രഹ്റ്റ് അഭിപ്രായപ്പെട്ടു. തങ്ങള്‍ കാണുന്നതു് നാടകമാണെന്നു് പ്രേക്ഷകര്‍ക്ക് തോന്നണം. കഥാപാത്രങ്ങളായി ദ്രഷ്ടാക്കള്‍ താദാത്മ്യം പ്രാപിക്കുന്നതിനെ തടയേണ്ടതാണു്. അതുപോലെ അഭിനേതാക്കള്‍ തങ്ങള്‍ അഭിനയിക്കുന്ന ഭാഗങ്ങളില്‍നിന്നും മാറിനില്ക്കണം. ഈ തത്വങ്ങള്‍ ബൂര്‍ഷ്വാനാടക സിദ്ധാന്തങ്ങള്‍ക്ക് കടകവിരുദ്ധങ്ങളായി വര്‍ത്തിക്കുന്നു. അഭിനേതാക്കള്‍ കഥാപാത്രങ്ങളുമായും പ്രേക്ഷകര്‍ അഭിനേതാക്കളുമായും താദാത്മ്യം പ്രാപിക്കണമെന്നാണു് ബൂര്‍ഷ്വാനാടക സിദ്ധാന്തം. ഈ വ്യാമോഹം (illusionism) ഒരു തരം എസ്ക്കേപ്പിസമാണെന്നു് ബ്രഹ്റ്റ് കരുതി.അപ്പോള്‍ പ്രേക്ഷകര്‍ ചിന്തിക്കുന്നതേയില്ല. നാടകവേദിയുമായി അകല്‍ച്ചയുണ്ടാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിന്തിക്കാനുള്ള സന്ദര്‍ഭമുണ്ടാകുന്നു. ബൂര്‍ഷ്വാനാടകവേദിയിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളായി മാറുന്നു.എപിക് തീയറ്ററിലെ അഭിനേതാക്കള്‍ തങ്ങള്‍ അഭിനേതാക്കളാണെന്നുതന്നെ ദ്രഷ്ടാക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊണ്ട് കഥാപാത്രങ്ങളെ അവര്‍ക്ക് (ദ്രഷ്ടാക്കള്‍ക്ക്) കാണിച്ചുകൊടുക്കുന്നു. സോവിയറ്റ് വൃത്താന്തപത്രങ്ങളില്‍ എഴുത്തുകാരും വായനക്കാരും തുല്യപങ്കാളികളായതുപോലെ ബ്രഹ്റ്റിന്റെ എപിക് തീയറ്ററില്‍ പ്രൊഡ്യൂസറും അഭിനേതാക്കളും ദ്രഷ്ടാക്കളും തുല്യസഹകാരികളായി മാറുന്നുവെന്നു് ബന്‍യമിന്‍ ചൂണ്ടിക്കാണിച്ചു.

വ്യക്തിയില്‍നിന്നോ വസ്തുവില്‍നിന്നോ ഉത്ഭവിക്കുന്നതും ആ വ്യക്തിയുടെയോ വസ്തുവിന്റെയോ ചുറ്റും വ്യാപിക്കുന്നതുമായ അന്തരീക്ഷത്തെ ഇംഗ്ലീഷില്‍ “ഔറേ” (aura) എന്നുപറയുന്നു. കലാസൃഷ്ടികളെക്കുറിച്ചു പറയുമ്പോള്‍ ബന്‍യമിന്‍ പലപ്പോഴും ഉപയോഗിക്കാറുള്ള വാക്കാണിതു്. കലാസൃഷ്ടിയുടെ സവിശേഷതയാര്‍ന്ന ഈ അന്തരീക്ഷം അല്ലെങ്കില്‍ മണ്ഡലം അതിന്റെ യാന്ത്രികമായ പുനരാവിഷ്കരണത്തില്‍ (mechanical reproduction) ഇല്ലാതാവുന്നു എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. രവിവര്‍മ്മയുടെ ഏതെങ്കിലും ചിത്രമൊന്നു സങ്കല്‍പ്പിക്കൂ. കാലില്‍ ദര്‍ഭമുന കൊണ്ടെന്നു് നടിക്കുന്ന ശകുന്തളയുടെ ചിത്രം തന്നെയാവട്ടെ. ആര്‍ട്ട് ഗാലറിയില്‍ ഇരിക്കുന്ന ആ ചിത്രം നമ്മള്‍ തെല്ലകലെനിന്നു് നോക്കുമ്പോള്‍ അതിന്റെ “ഔറേ” നമുക്കനുഭവപ്പെടുന്നു. ആ ചിത്രത്തിന്റെ ഫോട്ടോ എടുത്തു് പലര്‍ക്കും വിതരണംചെയ്തുവെന്നു കരുതു.ഫോട്ടോയില്‍ ഒറിജിനല്‍ ചിത്രത്തിലുള്ള സവിശേഷമായ അന്തരീക്ഷം അല്ലെങ്കില്‍ “ഔറേ” ഇല്ല. സാംസ്കാരിക പൈതൃകം നല്കിയ ഒരു മൂല്യം ഒറിജിനലിനുണ്ട്. ഛായാഗ്രഹണം അതില്ലാതെയാക്കുന്നു. അങ്ങനെ ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നു. യന്ത്രം കൊണ്ടുള്ള ഈ പുനരുല്‍പ്പാദനം കലാസൃഷ്ടിയുടെ അനാദൃശ്യ സ്വഭാവം നശിപ്പിക്കുന്നു. അപ്പോള്‍ സ്ഥലത്തെ സംബന്ധിച്ച അകല്‍ച്ച ഇല്ലാതാകുന്നു.കലാസൃഷ്ടി കൂടുതല്‍ മാനുഷികതയോടെ ദ്രഷ്ടാക്കളുടെ അടുത്തെത്തുന്നു. ഇതാണ് യന്ത്രംവരുത്തിയ വിപ്ലവം (Illuminations എന്ന ഗ്രന്ഥത്തിലെ The work of art in the Age of Mechanical Reproduction പ്രബന്ധം നോക്കുക. Illiuminations, Walter Benjamin collins, Fontana Books, Page 2191). ഫാസ്സിസമാണു് കലയിലെ പാരമ്പര്യത്തേയും മറ്റും ഉയര്‍ത്തിക്കാണിക്കുന്നതു്. യന്ത്രംകൊണ്ടുള്ള പുനരുല്‍പ്പാദനം ആ പാരമ്പര്യത്തെ തകര്‍ത്ത് കലയ്ക്ക് സമഷ്ടിഗതമായ രൂപം നല്കുന്നു. ഈ സങ്കല്പത്തില്‍ ബന്‍യമിനും ബ്രഹ്റ്റും യോജിക്കുന്നു. മുകളില്‍പ്പറഞ്ഞ പ്രബന്ധത്തില്‍ മാത്രമല്ല ഈ ചിന്താഗതിക്ക് ബന്‍യമിന്‍ ആവിഷ്കാരം നല്‍കിയിട്ടുള്ളതു്. അദ്ദേഹത്തിന്റെ Illuminations എന്ന ഗ്രന്ഥത്തില്‍ വേറെയും രണ്ടു പ്രബന്ധങ്ങളുണ്ട്. “ഔറേ”യുടെ തകര്‍ച്ചയെ കാണിക്കുന്നതായി. The Story teller (1936), On some motifs in Baudelaire എന്നാണു് ആ ഉപന്യാസങ്ങളുടെ തലക്കെട്ടുകള്‍. “ഔറേ” യുള്ള കലാസൃഷ്ടികള്‍ ഏകാഗ്രതയും താദാത്മ്യവും അനുവാചകനു് ഉളവാക്കുന്നു. അങ്ങനെ കലാസൃഷ്ടികളില്‍ വിലയംകൊണ്ട് അനുവാചകന്റെ വ്യക്തിത്വം ഇല്ലാതാകുന്നു. ഇതിന്റെ ഫലം ജാഡ്യമാണു്. ഇതു് ഒഴിവാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുത്പത്തി (mehanical reproduction) സഹായിക്കുന്നു. അനുവാചകനും കലാസൃഷ്ടിയും തമ്മിലുള്ള അകല്‍ച്ച അങ്ങനെ ഇല്ലാതാകുന്നു. കലാസൃഷ്ടികള്‍ ബഹുജനത്തോടു അടുക്കുന്നു. അവ അവരുടേതായിത്തീരുന്നു. ഇത്രയുമെഴുതിയതുകൊണ്ട് ബന്‍യമിന്‍ യന്ത്രത്താലുള്ള പ്രത്യുല്‍പ്പാദനത്തെ മാത്രമേ കാണുന്നുള്ളൂവെന്നു കരുതരുതു്. സാമ്പത്തികവും സാമൂഹികവും ആയ പ്രവണതകളും കലാസൃഷ്ടികളുടെ അന്യാദൃശ സ്വഭാവത്തെയും സവിശേഷമായ അന്തരീക്ഷത്തെയും (ഔറേ) നശിപ്പിക്കുമെന്നും ബന്‍യമിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു് ബന്‍യമിന്‍ മാര്‍ക്സിന്റെ സിദ്ധാന്തങ്ങളോട് അടുത്തു നില്ക്കുന്നുവെന്നു പറഞ്ഞു. രണ്ടാമതു് അദ്ദേഹം അടുത്തു നില്ക്കുകയല്ല ഒരു പടികൂടി മുന്നോട്ടു കയരി നില്ക്കുന്നുവെന്നുപറഞ്ഞു. ഉല്‍പാദകശക്തികളും ഉല്‍പാദകബന്ധങ്ങളും തമ്മിലിടയുമ്പോള്‍ വിപ്ലവമുണ്ടാകുന്നു എന്ന മാര്‍ക്സിയന്‍ സിദ്ധാന്തം കലയില്‍ സംക്രമിപ്പിച്ചതു കൊണ്ടാണു് ബന്‍യമിന്‍ മാര്‍ക്സിനോട് അടുത്തുനില്ക്കുന്നുവെന്നു് ചിലര്‍ പറഞ്ഞതു്. അവിടെനിന്നും അദ്ദേഹം വളരെ മുന്നോട്ടു പോയി. പാരമ്പര്യത്തിന്റെ തകര്‍ച്ചയും ‘ഔറേ’യുടെ നാശവും മറ്റും യാന്ത്രികമായ പ്രത്യുല്‍പാദനമെന്ന പ്രക്രിയയിലൂടെ വിശദീകരിച്ചല്ലോ. അപ്പോള്‍ മാര്‍ക്സില്‍നിന്നു് അദ്ദേഹം മുന്നോട്ടു പോയി എന്നുപറയാനും അവര്‍ നിർബദ്ധരായി. പക്ഷേ ഈ മുന്നോട്ടുള്ള പോക്ക് എത്രകണ്ടു ശരിയാണു്?

താജ്‌മഹല്‍ സുന്ദരമാണെന്നും അസുന്ദരമാണെന്നും വാദങ്ങളുണ്ടു്. അത് സുന്ദരമാണെന്നിരിക്കട്ടെ. ആ ശവകുടീരം കാണുന്നയാളിന് കലയോടു ബന്ധപ്പെട്ട അനുഭൂതി ഉണ്ടാകുന്നു. ആ അനുഭൂതിതന്നെയാണോ അതിന്റെ ഫോട്ടോ കണ്ടാല്‍ ഉളവാകുന്നത്? ബന്‍യമിന്റെ സിദ്ധാന്തം ക്യാമറ ദ്രഷ്ടാവിന്റെ സംവേദനങ്ങള്‍ക്കു രൂപാന്തരീകരണം വരുത്തുന്നു എന്നാണു്. 1980-ല്‍ തിരുവനന്തപുരത്തിരുന്നു് താജ്‌മഹലിന്റെ ഫോട്ടോ കാണുന്ന ആളിന് സ്ഥലം മാറിക്കിട്ടി. കാലവും മാറി. താജ്മഹലിന്റെ “ഔറേ”യും ഇല്ലാതായി. പക്ഷേ, ആ ശവകുടീരത്തിന്റെ ദര്‍ശനമുളവാക്കുന്ന കലാപരമായ അനുഭൂതി ഫോട്ടോയുടെ ദര്‍ശനംഉളവാക്കുകയില്ല. രണ്ടും രണ്ടനുഭൂതികളാണു്. ഛായാഗ്രഹണം കലയല്ലാത്ത സ്ഥിതിക്ക് അതിന്റെ ഫലമായ ഫോട്ടോ കലാത്മകമായ അനുഭൂതി ഉളവാക്കുകയേയില്ല. കലയ്ക്ക് ടെക്നോളജിയുടെ അടിസ്ഥാനം ബന്‍യമിന്‍ നല്കിയതിന്റെ തകരാറാണിത്. ചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഘടകം സാങ്കേതിക ശക്തികളാണെന്ന വിചാരം — ടെക്നിക്കൽ ഫോഴ്സസ് ആണെന്ന വിചാരം — മാര്‍ക്സിസത്തിനു യോജിച്ചതല്ല. മാര്‍ക്സിന്റെ സിദ്ധാന്തങ്ങളോടു യോജിക്കൂ. യോജിക്കാതിരിക്കൂ. എന്തായാലും അവ യുക്തിയെ ഹനിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. ബന്‍യമിന്റെ സിദ്ധാന്തങ്ങളുടെ സ്ഥിതി അതല്ല. അപ്പോള്‍ അദ്ദേഹത്തെ മാര്‍ക്സിന്റെ അനുയായി എന്ന മട്ടില്‍ ചിലര്‍ അവതരിപ്പിച്ചത് ശരിയോ?

ബന്‍യമിന്‍ 1892-ല്‍ ബര്‍ലിനില്‍ ജനിച്ചു. നിരൂപകന്‍, പ്രബന്ധകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായി. ഏര്‍ണ്ണസ്റ്റ് ബ്ലോക്കാണ് (Ernst Bloch 1885-1977) അദ്ദേഹത്തെ മാര്‍ക്സിസത്തിലേക്കു നയിച്ചത്. നാത്സികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ബന്‍യമിൻ 1933-ല്‍ പാരിസിലേക്കു പലായനം ചെയ്തു. ഫ്രാന്‍സ് നാത്സികള്‍ കൈവശപ്പെടുത്തിയപ്പോള്‍ അദ്ദേഹം സ്പെയിനിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചു. 1940 സെപ്തംബര്‍ 26-ആം തീയതി ആയിരുന്നു ഇത്. താന്‍ രഹസ്യപ്പോലീസിന്റെ കൈയിലകപ്പെടുമെന്നു കണ്ട ബന്‍യമിന്‍ ഫ്രാങ്കോ-സ്പാനിഷ് അതിര്‍ത്തിയില്‍ വച്ച് ആത്മഹത്യ ചെയ്തു. നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ ആ പ്രതിഭാശാലി ഈ ലോകം വിട്ടുപോയി. ഹിറ്റ്ലര്‍ ഉപദ്രവിച്ചില്ലെങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരിക്കാൻ പാടില്ലായ്കയില്ല. എന്തെല്ലാം മഹനീയങ്ങളായ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ നിന്നു നമുക്ക് ലഭിച്ചേനേ. ബന്‍യമിന്റെ ആത്മഹത്യ ഇന്നും ഖേദമുളവാക്കുന്നു. എങ്കിലും സത്യദര്‍ശന കൗതുകം നമ്മള്‍ ഉപേക്ഷിച്ചു കളയരുതല്ലോ.

ബന്‍യമിന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ചരിത്രപരമായ ഭൗതിക വാദത്തിന്റെ ഉദ്ഘോഷകനാണ് താനെന്ന് അദ്ദേഹം ഭാവിച്ചെങ്കിലും സംസ്കാരത്തെക്കുറിച്ചും കലയെക്കുറിച്ചും രൂപവത്ക്കരിച്ചു വച്ചിരുന്ന സിദ്ധാന്തം അദ്ദേഹം അതിനോട് (ചരിത്രപരമായ ഭൗതികവാദത്തോട്) ഒട്ടിച്ചുവച്ചതെയുള്ളു. ആ സിദ്ധാന്തം മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളോട് ബന്ധപ്പെട്ടതാണെന്ന് ചിലര്‍ പറയുമെങ്കിലും ക്ളാസിക്കല്‍ മാര്‍ക്സിസ്റ്റുകള്‍ അത് അംഗീകരിച്ചു തരില്ല. മാര്‍ക്സിസം എന്ന മഹാ പ്രവാഹത്തിന്നെതിരെ സഞ്ചരിക്കാന്‍ വേണ്ടി ഒരു കൊച്ചു വള്ളത്തില്‍ കയറിയിരുന്നു് തുഴയെടുത്ത ഒരാളായി ക്ളാസിക്കൻ മാര്‍ക്സിസ്റ്റുകള്‍ ബന്‍യമിനെ കണ്ടാല്‍ നമ്മള്‍ അതിലെന്തിന് അത്ഭുതപ്പെടണം?