close
Sayahna Sayahna
Search

മാധുര്യമില്ലാത്ത മരണം


മാധുര്യമില്ലാത്ത മരണം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ജീവിച്ചിരുന്നപ്പോള്‍ നോബല്‍സമ്മാനം നേടത്തക്കവിധത്തില്‍ മഹായശസ്സ് ആര്‍ജ്ജിക്കുക. മരിച്ചപ്പോള്‍ “അദ്ദേഹം ഇപ്പോഴാണോ മരിക്കുന്നത്? നേരത്തെ മരിച്ചില്ലേ”? എന്നു ആളുകള്‍ ചോദിക്കത്തക്കവിധത്തില്‍ കീര്‍ത്തിക്ഷയം സംഭവിച്ചു പോകുക-യഥാക്രമം ഈ മഹാഭാഗ്യത്തിനും ദൗര്‍ഭാഗ്യത്തിനും പാത്രമായിരുന്നു ബല്‍ജിയന്‍ നാടകകര്‍ത്താവ് മോറീസ് മതേര്‍ലങ്ങ്. ആ ജീവിതത്തിന്റെ അന്ത്യത്തിലുണ്ടായ അവഗണന ഇന്നും നിലനില്ക്കുന്നു. പക്ഷേ ഈ അവഗണന മാറി അംഗീകാരം വരുന്ന കാലമുണ്ടാകും. കാരണം ഇരുപതാം ശതാബ്ദത്തിലെ നാടകസാഹിത്യത്തിന് അതുല്യങ്ങളായ കലാശില്പങ്ങള്‍ സമ്മാനിച്ച ഉജ്ജ്വലപ്രതിഭാശാലിയായിരുന്നു മതേര്‍ലങ്ങ് എന്നതുതന്നെ.

ഏതു സാഹിത്യകാരനാണ് അംഗീകാരത്തിന്റെയും അവഗണനയുടെയും കാലഘട്ടങ്ങളില്ലാത്തത്? അലക്സാണ്ടര്‍ പോപ്പ് അവഗണിക്കപ്പെട്ടിരുന്നു, ഇന്ന് അദ്ദേഹത്തിനു പ്രാധാന്യം വന്നിരിക്കുകയാണ്. കാലീല്‍ ജിബ്രാല്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തു അംഗീകരിക്കപ്പെട്ടിട്ടില്ല. ഇന്നാകട്ടെ ആ കവിയുടെ കാവ്യങ്ങള്‍ എല്ലാവര്‍ക്കും സമാദരണീയങ്ങളായിരിക്കുന്നു. രവീന്ദ്രനാഥടാഗോറിനു ഇന്നു കീര്‍ത്തിക്ഷയമാണ്. നാളെ അദ്ദേഹം ആരാധിക്കപ്പെടുമെന്നതില്‍ സംശയമില്ല. ചെക്കോഫ്, സ്റ്റ്രിന്‍ബര്‍യേ, ഹോഫ്‌മാന്‍സ്തല്‍, ഗാര്‍സിയ ലൊര്‍ക ഈ മഹാസാഹിത്യകാരന്മാര്‍ക്കൊക്കെ ആരാധ്യനായിരുന്നു മതേര്‍ലങ്ങ്. അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു പ്രചോദനം നേടിയാണ് അവര്‍ നാടകങ്ങളെഴുതിയത്. അതിനാല്‍ മതേര്‍ലങ്ങ് വീണ്ടും ബഹുമാനിക്കപ്പെടും എന്നു നമുക്കു വിശ്വസിക്കാം.

1911-ല്‍ നോബല്‍ സമ്മാനം നേടിയ ഈ നാടകകര്‍ത്താവിന്റെ മാസ്റ്റര്‍പീസാണ് ”The Intruder” എന്ന നാടകം. മതേർലിങിന്റെ മാസ്റ്റർപീസ് -പ്രകൃഷ്ടകൃതി- മാത്രമല്ല അത്. പ്രതിരൂപാത്മങ്ങളായ “നിശ്ചല” നാടകങ്ങളില്‍ അദ്വിതീയസ്ഥാനം ഈ ഏകാങ്കനാടകം നേടിയിരിക്കുന്നു.അതു വായിക്കുമ്പോള്‍ മരണത്തിന്റെ ആഗമനം കണ്ടു നാം ഞെട്ടുന്നു. നാടകത്തിന്റെ കലാഭംഗി കണ്ട് അത്ഭുതപ്പെടുന്നു. ഈ നാടകം രചിച്ച മതേര്‍ലങ്ങ് എങ്ങനെ അവഗണിക്കപ്പെടുന്നുവെന്ന് ആലോചിച്ച് നാം വിഷാദമഗ്നരാകുന്നു.

മുത്തച്ഛന്‍, അച്ഛന്‍, അമ്മാവന്‍, മൂന്നുപെണ്‍മക്കള്‍, കന്യാസ്ത്രീ, പരിചാരിക ഇങ്ങനെ എട്ടു കഥാപാത്രങ്ങളുണ്ട് ഈ നാടകത്തില്‍. യവനിക ഉയരുമ്പോള്‍ അവ്യക്തപ്രകാശം മാത്രമുള്ള ഒരു മുറിയാണ് പ്രേക്ഷകര്‍ കാണുന്നത്. ഒരു മൂലയില്‍ ഉയരം കൂടിയ ഒരു ഡച്ച് ക്ലോക്ക്. നിഗൂഡതയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. തുടക്കം നോക്കുക:

മൂന്നു പെൺമക്കള്‍
ഇവിടെ വരൂ മുത്തച്ഛാ. വിളിക്കിനുതാഴെ ഇരിക്കൂ.
മുത്തച്ഛന്‍
ഇവിടെ നല്ല പ്രകാശമില്ല.
അച്ഛന്‍
നമുക്കു മട്ടുപ്പാവിലേക്കു പോകാമോ? അതോ ഈ മുറിയില്‍തന്നെ ഇരിക്കാമോ?
അമ്മാവന്‍
ഇവിടെയിരിക്കുന്നതല്ലേ നല്ലത്? ഈ ആഴ്ച മുഴുവന്‍ മഴ പെയ്യുകയായിരുന്നു. എല്ലാ രാത്രിയും ഈര്‍പ്പവും തണുപ്പും.
മൂത്തമകള്‍
എന്നിട്ടും നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു.
അമ്മാവന്‍
ഓ നക്ഷത്രങ്ങള്‍- അതു പരിഗണിക്കാനില്ല.
മുത്തച്ഛന്‍
ഇവിടിരിക്കുന്നതാണ് നല്ലത്. എന്തു സംഭവിക്കുമെന്ന് ആര്‍ക്കറിയാം?
അച്ഛന്‍
നമുക്ക് ഇനി വിഷമിക്കാനേയില്ല. ആപത്തൊഴിഞ്ഞൂ. അവള്‍ രക്ഷപ്പെട്ടു.

അവള്‍ എന്നു പറഞ്ഞത് മുത്തച്ഛന്റെ മകളെ ഉദ്ദേശിച്ചാണ്. എല്ലാവരെയും പേടിപ്പിച്ച പ്രസവമായിരുന്നു അവളുടേത്. ഇപ്പോള്‍ പേടി ഒഴിഞ്ഞിരിക്കുന്നു. എങ്കിലും അമ്മാവന്‍ പറയുന്നു. “വീട്ടില്‍ രോഗം വന്നുകയറിയാല്‍ കുടുംബത്തില്‍ ഒരന്യന്‍ വന്നു കയറി എന്നുവേണം കരുതാന്‍.” അദ്ദേഹത്തിന് ഉത്കണ്ഠ പെറ്റുകിടക്കുന്ന സ്ത്രീയെക്കുറിച്ചല്ല. അവളുടെ കുഞ്ഞിനെക്കുറിച്ചാണ്.

അമ്മാവന്‍ കുഞ്ഞിന്റെ അച്ഛനോട് 
(അച്ഛന്‍ എന്ന കഥാപാത്രം) പറയുകയാണ്
നിങ്ങളുടെ ഭാര്യയെക്കുറിച്ചുള്ളതിനെക്കാള്‍ വൈഷമ്യം എനിക്ക് ആ കൊച്ചു കുഞ്ഞിനെക്കുറിച്ചുണ്ട്. അവന്‍ ജനിച്ചിട്ട് പല ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അനക്കമേയില്ല. ഒരു തവണപോലും ഇതുവരെ കരഞ്ഞതുമില്ല. മെഴുകുപാവയെപ്പോലെയിരിക്കുന്നു അവന്‍. കുഞ്ഞു പൊട്ടനും ഊമയുമായിരിക്കുമെന്നാണ് മുത്തച്ഛന്റെ അഭ്യൂഹം. ‘കസിന്‍സ്’ തമ്മിലുള്ള വിവാഹം ആ ദുരന്തം വരുത്തും.

അവരെല്ലാം അമ്മാവന്റെ മൂത്ത സഹോദരിയെ കാത്തിരിക്കുകയാണ്. ഒരു കോൺവെന്റിലെ ‘മദര്‍ സുപ്പീരിയര്‍’ ആണവര്‍. ഇനിയുള്ള സംഭാഷണം കേള്‍ക്കൂ. മരണത്തിന്റെ ആഗമനം സൂചിപ്പിക്കുകയാണ് മതേര്‍ലങ്ങ്.

അച്ഛന്‍
(മൂത്തമകളോട്) ആരും വരുന്നില്ലേ?
മൂത്തമകള്‍
ഇല്ലച്ഛാ.
അച്ഛന്‍
പാതയില്‍? നിനക്കു പാത കാണാമോ?
മകള്‍
കാണാം. നിലാവുണ്ട്. സൈപ്രസ് വനം വരെ എനിക്കു നടപ്പാത കാണാം.
മുത്തച്ഛന്‍
എന്നിട്ടു നീ ആരെയും കാണുന്നില്ലേ?
മകള്‍
ആരൂമില്ല, മുത്തച്ഛാ.
അമ്മാവന്‍
പുറത്തെങ്ങനെ?
മകള്‍
മനോഹരം. രാപ്പാടികള്‍ പാടുന്നതു കേള്‍ക്കുന്നില്ലേ?
അമ്മാവന്‍
അതേ, അതേ.
മകള്‍
നടപ്പാതയില്‍ ചെറിയ കാറ്റ് ഉയരുന്നു.
മുത്തച്ഛന്‍
നടപ്പാതയില്‍ ചെറിയ കാറ്റോ?
മകള്‍
അതേ മരങ്ങള്‍ ചെറുതായി വിറയ്ക്കുകയാണ്.

രാപ്പാടികള്‍ പാടുന്നത് മുത്തച്ഛന്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല. പൂന്തോട്ടത്തില്‍ ആരോ വന്നുവെന്നാണ് മകള്‍ക്കു തോന്നുന്നത്. പക്ഷേ ആരെയും അവള്‍ക്കു കാണാനും വയ്യ. ആരോ ഉദ്യാനത്തിലെത്തിയിട്ടുണ്ട്. ഇല്ലെങ്കില്‍ രാപ്പാടികള്‍ പാട്ട് നിര്‍ത്തുമായിരുന്നില്ലല്ലോ. അരയന്നങ്ങള്‍ പേടിച്ചതുകൊണ്ട് ആരോ കുളത്തിനരികെക്കൂടെ പോകുന്നുണ്ടെന്നു കരുതാം. കുളത്തിലെ എല്ലാ മത്സ്യങ്ങളും അടിത്തട്ടിലേക്കു പോയിയെന്നു വേറൊരു മകള്‍ക്കു തോന്നുന്നു. അരയന്നങ്ങള്‍ പേടിച്ചിരിക്കുന്നു. അമ്മാവന്റെ സഹോദരിയായിരിക്കും അവരെ പേടിപ്പിച്ചത്. അദ്ദേഹം ഉറക്കെ വിളിച്ചു: ‘ചേച്ചീ! ചേച്ചീ! അതു ചേച്ചിയാണോ?’..ആരുമില്ല. ശബ്ദം തീരെയില്ല. മരണത്തിന്റെ നിശ്ശബ്ദത. വാതിലടച്ചു തണുപ്പ് ഇല്ലാതാക്കാനും പറ്റുന്നില്ല. ആശാരിയെക്കൊണ്ടുവന്നു കേടുകള്‍ തീര്‍ത്താലേ വാതിലടയ്ക്കാന്‍ സാധിക്കൂ. പെട്ടന്ന് ഒരു ശബ്ദം പുറത്തുനിന്നു കേട്ടു. അരിവാള്‍ തേച്ച് മൂര്‍ച്ചകൂട്ടുന്ന ശബ്ദം. എല്ലാവരും ഞെട്ടി.

അമ്മാവന്‍-എന്താണത്?
മകള്‍
എനിക്കു സൂക്ഷ്‌മമായി അറിഞ്ഞുകൂടാ. തോട്ടക്കാരനായിരിക്കും. കെട്ടിടത്തിന്റെ നിഴലിലാണ് അയാള്‍. എനിക്കു കണ്ടുകൂടാ.
അച്ഛന്‍
പൂന്തോട്ടക്കാരന്‍ പുല്ലറുക്കാന്‍ പോകുകയാണ്.
അമ്മാവന്‍
രാത്രിയാണോ അയാള്‍ പുല്ലറുക്കുന്നത്?

എണ്‍പതു വയസ്സുണ്ട് മുത്തച്ഛന്. തീക്ഷ്ണമായ പ്രകാശം കാണാമെന്നതൊഴിച്ചാല്‍ അദ്ദേഹം അന്ധനാണ്. മൂന്നു ദിവസമായി മുത്തച്ഛന്‍ ഉറങ്ങിയിട്ട്. അദ്ദേഹം ഉറക്കമായി. പെട്ടന്ന് അദ്ദേഹം ഉണര്‍ന്നു. എന്തോ അവിടെ സംഭവിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ സംശയം. ഇരുട്ടിലാണ് മുത്തച്ഛന്‍. തനിക്ക് അല്പമകലെ നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല. ശ്വാസമടക്കി അവരെല്ലാം എന്താണ് സംസാരിക്കുന്നത്?


മുത്തച്ഛന്‍
നിങ്ങള്‍ ആരെയോ മുറിക്കകത്ത് കൊണ്ടുവന്നിരിക്കുകയല്ലേ?
അച്ഛന്‍
ആരും വന്നിട്ടില്ല.
മുത്തച്ഛന്‍
നിങ്ങളുടെ സഹോദരിയോ, അതോ പാതിരിയോ? എന്നെ ചതിക്കാന്‍ ശ്രമിക്കരുത്. മോളെ, ആരാണ് വന്നത്?
മകള്‍
ആരുമില്ല മുത്തച്ഛാ.

മുത്തച്ഛന്, പ്രസവം കഴിഞ്ഞു കിടക്കുന്ന മകളെ കാണണമെന്ന് ആഗ്രഹം. അവള്‍ മരിക്കുമെന്ന തെറ്റിദ്ധാരണ മാറട്ടെയെന്നു കരുതി അവര്‍ അതിന് അനുവദിച്ചു. പക്ഷേ വൃദ്ധന് അങ്ങോട്ടു പോകാന്‍ പേടി.“ആ ശബ്ദം കേള്‍പ്പിച്ചതാര്?” എന്നായി മുത്തച്ഛന്‍.

മൂത്തമകള്‍
വിളക്കിലെ ദീപം ചലനം കൊള്ളുകയാണ് മുത്തച്ഛാ.

എണ്ണ തീര്‍ന്നു ദീപം കെട്ടു. ഇരുട്ട് എല്ലായിടത്തും. പ്രസവമുറിയില്‍ മാത്രം ദീപമെരിയുന്നുണ്ട്. വല്ലാത്ത നിശ്ശബ്ദത. അര്‍ദ്ധരാത്രി മാലാഖ നടക്കുന്നോ? മുത്തച്ഛനു തണുത്തു. മൂന്നു പെണ്‍മക്കളും അന്യോന്യം ചുംബിച്ചു. ‘എന്താണ് ആ ശബ്ദം. എന്നായി വൃദ്ധന്‍. മറുപടി കിട്ടിയപ്പോള്‍ വീണ്ടും ചോദ്യം:“എന്താണ് ഞാനിപ്പോള്‍ കേള്‍ക്കുന്നത്?” അതു പെണ്‍കുട്ടികള്‍ പരസ്പരം കരതലങ്ങള്‍ ഗ്രഹിച്ചതിന്റെ ശബ്ദമാണ്. “പിന്നീടും ശബ്ദം കേള്‍ക്കുന്നെന്നോ?“ആര്‍ക്കുമറിഞ്ഞുകൂടാ. ഒരു പക്ഷേ പെണ്‍മക്കള്‍ ലേശം ഞെട്ടുന്നുണ്ടായിരിക്കണം.

മുത്തച്ഛന്‍
(അസാധാരണമായ ഭയത്തോടെ) ആരാ എഴുന്നേറ്റത്?

അമ്മാവന്‍: ആരുമില്ല.

അച്ഛന്‍
ഞാന്‍ എഴുന്നേറ്റില്ല.
മൂന്നു പെണ്‍മക്കളും
ഞാനുമില്ല, ഞാനുമില്ല, ഞാനുമില്ല.
അമ്മാവന്‍
വിളക്കു കത്തിക്കൂ.

പൊടുന്നനെ ഒരു കരച്ചില്‍. അതുവരെ കരയാത്ത കുഞ്ഞു കരയുകയാണ്. അമ്മാവന്‍ “വിളക്ക്, വിളക്ക്” എന്നു വിളിക്കുകയാണ്. ഈ സമയത്ത് പ്രസവമുറിയില്‍ കനത്ത കാല്പെരുമാറ്റം. പിന്നീട് മഹാനിദ്രയോടു ബന്ധപ്പെട്ട നിശബ്ദത. ഭയകമ്പിതരയായി അവരെല്ലാം ശ്രദ്ധിച്ചിരിക്കുമ്പോള്‍

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച കന്യാസ്ത്രീ അവിടെയെത്തി കുരിശടയാളം കാണിച്ച് പ്രസവിച്ചുകിടന്ന സ്ത്രീയുടെ മരണം അറിയിക്കുന്നു. അവര്‍ മരണം നടന്ന മുറിയിലേക്കു പോകുമ്പോള്‍ അന്ധനായ മുത്തച്ഛന്‍ എഴുന്നേറ്റ് തപ്പിത്തടഞ്ഞു ചോദിക്കുന്നു. “നിങ്ങള്‍ എവിടെ പോകുന്നു? നിങ്ങള്‍ എവിടെ പോകുന്നു? അവരെല്ലാം എന്നെ തനിച്ചാക്കിയിട്ട് പോയ്ക്കളഞ്ഞല്ലോ.”നാടകം അവസാനിച്ചു.

മരണഭയമാണ് ഏറ്റവും വലിയ ഭയം. അതുകൊണ്ടു മഹാന്മാരായ കലാകാരന്മാര്‍ മരണത്തെക്കുറിച്ച് പ്രതിപാദനം നിര്‍വഹിക്കാതിരുന്നിട്ടില്ല. പക്ഷേ ചുരുക്കം പേര്‍ക്കു മാത്രമേ അതിന്റെ ഭീകരതയും അതിനോടു ബന്ധപ്പെട്ട അനുഭൂതികളും അനുവാചകര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടുളൂ. ടോള്‍സ്റ്റോയുടെ War and peace എന്ന നോവലില്‍ ഒരു പ്രഭു മരിക്കുന്നതിന്റെ വര്‍ണ്ണനയുണ്ട്. മര്‍സല്‍ പ്രൂസിന്റെ “കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍” എന്ന നോവലില്‍ പ്രസിദ്ധനായ ഒരു നോവലിസ്റ്റിന്റെ മരണം വര്‍ണ്ണിച്ചിട്ടുണ്ട്. വിഭിന്നങ്ങളായ കലാസങ്കേതങ്ങളാണ് രണ്ടുപേരും അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടും നിസ്തുലങ്ങളത്രേ. ആ കലാകാരന്‍മാരുടെ വാക്കുകളിലൂടെ നമ്മള്‍ മരണത്തെ മുന്നില്‍ കാണുന്നു.

ഈ രണ്ടുപേരെയും അതിശയിക്കുന്ന ജര്‍മ്മന്‍ നോവലിസ്റ്റായ ഹെര്‍മ്മന്‍ ബ്രോക്ക്. അദ്ദേഹത്തിന്റെ The Death of vergil എന്ന നോവല്‍ ഈ ശതാബ്ദത്തിലെ മഹനീയങ്ങളായ കലാസൃഷ്ടികളില്‍പ്പെട്ടിരിക്കുന്നു. ഗ്രീസില്‍ നിന്ന് ഇറ്റലിയിലെ ബ്രിന്‍ഡീസി പട്ടണത്തിലെത്തിയ മഹാകവി വെര്‍ജില്‍ മരിക്കുന്നതു വര്‍ണ്ണിക്കുന്ന ഈ നോവലില്‍ മരണം നമുക്ക് അഭിമുഖീഭവിച്ചു നില്ക്കുന്നു. ഭീതിദമായ ആ മരണത്തെ മാത്രമല്ല നമ്മള്‍ ദര്‍ശിക്കുന്നത്. മരിച്ചുകഴിഞ്ഞാലുള്ള അനുഭവങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനാവില്ലല്ലോ. എന്നാല്‍ അസാധ്യമായ ആ കൃത്യം ബ്രോക്ക് വിസ്മയാവഹമായ രീതിയില്‍ അനുഷ്ഠിച്ചിരിക്കുന്നു. ഈ ജര്‍മ്മന്‍ നോവലിസ്റ്റിനെ സമീപിക്കാന്‍ മതേര്‍ലങ്ങിനു കഴിഞ്ഞിട്ടില്ല എന്നതു സത്യം തന്നെ. എങ്കിലും മറ്റാര്‍ക്കും കഴിയാത്തമട്ടില്‍ ഒരു ചെറിയ ക്യാന്‍വാസില്‍ അദ്ദേഹം മരണത്തെ ആലേഖനം ചെയ്തിരിക്കുന്നു. ഈ ഏകാങ്കനാടകത്തില്‍ കഥാപാത്രങ്ങള്‍ക്കു വ്യക്തിത്വമില്ല. ബാഹ്യസംഭവങ്ങളോട് അവര്‍ക്കുള്ള പ്രതികരണങ്ങള്‍ മാത്രം സ്ഫുടീകരിച്ച് മതേര്‍ലങ്ങ് അന്തരീക്ഷം സൃഷ്ടിക്കുന്നു. അത് ഭയജകമാണുതാനും. അജ്ഞാതവും ആജ്ഞേയവുമായ ശക്തിവിശേഷം ചിലരില്‍ ആഘാതമേല്പിക്കുന്നതെങ്ങനെയെന്ന് ചിത്രീകരിക്കാനാണ് നാടകകര്‍ത്താവിന്റെ യത്നം. ആ യന്തം വിജയഭാസുരമാവുകയും ചെയ്യുന്നു. എന്താണ് ബാഹ്യസംഭവങ്ങള്‍? എന്റെ കഥാസംഗ്രഹം ഉപേക്ഷിച്ചിട്ട് നാടകം തന്നെ വായിക്കൂ. മരണാന്തര വിഷാദം വ്യക്തമാക്കാന്‍ വേണ്ടി പാശ്ചാത്യദേശങ്ങളിലല്‍ ആളുകള്‍ ധരിക്കുന്ന ഒരുതരം കനംകുറഞ്ഞ തുണിക്കു സൈപ്രസ്സ് എന്നു പറയാറുണ്ട്. സൈപ്രസ്സ് വനത്തിന്റെ ദര്‍ശനത്തിലൂടെ നാടക കര്‍ത്താവ് മരണത്തെ അഭിവ്യഞ്ജിപ്പിക്കുന്നു. ആ വനത്തില്‍നിന്നായിരിക്കാം മരണം യാത്രയാരംഭിക്കുന്നത്. അത് പാതയിലൂടെ നടന്നു നടന്നു വരുമ്പോള്‍ രാപ്പാടികള്‍ പാട്ടു നിറുത്തുന്നു. അരയന്നങ്ങള്‍ പേടിക്കുന്നു. കാറ്റൊന്നു ഇളക്കിയിട്ടു നിശ്ചലമാകുന്നു. ഈര്‍പ്പം കൊണ്ടിട്ടാണെങ്കിലും വാതിലിന്റെ കതകുകള്‍ ചേരുന്നില്ല. ഏതോ കാലൊച്ച കേള്‍ക്കുന്നു. ഈ ബാഹ്യസംഭവങ്ങള്‍ക്കുള്ള ആന്തരമായ അര്‍ത്ഥം ഒരാളേ അറിയുന്നുള്ളൂ. മുത്തച്ഛന് ഒരു സംശയവുമില്ല. അദ്ദേഹം ധീരമായ കാല്‍വയ്പോടെ അടുത്തടുത്തു വരുന്ന മരണത്തെ വ്യക്തമായി കാണുന്നു. മുത്തച്ഛനൊഴിച്ചുള്ള കഥാപാത്രങ്ങള്‍ക്കു ബാഹ്യപ്രകൃതി നിയത സ്വഭാവമുള്ളതാണ്. അവര്‍ക്കു അരിവാളു തേക്കുന്ന ശബ്ദം പൂന്തോട്ടക്കാരന്‍ ഉണ്ടാക്കുന്ന ശബ്ദം മാത്രമാണ്. രാപ്പാടികള്‍ പാട്ടു നിര്‍ത്തിയത് അവ പാടിക്കഴിഞ്ഞതുകൊണ്ടു മാത്രമാണ്. മുത്തച്ഛന്‍ പ്രകൃതിയില്‍ അനിയതത്വം മാത്രമേ കാണുന്നുള്ളൂ. ഓരോ നിമിഷവും ആഞ്ഞാഞ്ഞുവരുന്ന മരണമാണ് പ്രകൃതിക്ക് ആ അനിയതത്വം വരുത്തുന്നതെന്ന് അദ്ദേഹം ഗ്രഹിക്കുന്നു. ആ അപ്രതിരോദ്ധ്യ ശക്തിയെ-മരണത്തെ-അതിന്റെ എല്ലാ ഭയങ്കരതകളോടും ചിത്രീകരിച്ചിരിക്കുന്നു എന്നതിലാണ് ഈ നാടകത്തിന്റെ മഹനീയതയിരിക്കുന്നത്.

പത്തൊന്‍പതാം ശതാബ്ദത്തിന്റെ അന്ത്യത്തില്‍ ചില ബ്രട്ടീഷ് കലാകാരന്മാരും ഫ്രഞ്ച് കലാകാരന്മാരും കൃത്രിമവും അനിയതവും ആയ വസ്തുക്കളെ ആവിഷ്കരിക്കാന്‍ ശ്രമിച്ചു. നിരൂപകര്‍ അവരെ ജീര്‍ണ്ണവാദികള്‍ (Decadents) എന്നു വിളിക്കുകയുണ്ടായി. തികച്ചും അധിക്ഷേപാര്‍ഹമായ പദമാണ് അതെന്നു കരുതാന്‍ വയ്യ. എന്നാലും അധിക്ഷേപത്തിന്റെ ഒരു നേരിയ ശബ്ദം അതിലുൻടുതാനും.ഫ്രഞ്ച് നോവലിസ്റ്റ് വീസ്‌മാൻസ് (J. K. Huysmans) ‘ഡിക്കേഡന്റ്’ ആണെന്നാണ് നിരൂപകരുടെ മതം. ഫ്രഞ്ച് കവി ലോത്രേമോങ്ങ് (Lautreamont, 1864–1870) ‘ഡിക്കേഡന്റ്’ തന്നെ. വീസ് മാന്‍സിന്റെ നോവലിലും ലോത്രേമോങ്ങിന്റെ കാവ്യങ്ങളിലും അനിയതത്വവും അതിനോടു ബന്ധപ്പെട്ട മരണപ്രകീര്‍ത്തനവും ഉള്ളതുകൊണ്ട് ചിലര്‍ മതേര്‍ലങ്ങിനെയും ഡിക്കേഡന്റായി കാണുന്നു. ശരിയാണ് അതെന്നു തോന്നുന്നില്ല. ഡിക്കേഡന്റുകള്‍ രത്നഖചിതമായ ആഭരണം പോലെയാണ് മരണം ചിത്രീകരിച്ചത്. മതേര്‍ലങ്ങിന്റെ ചിത്രീകരണത്തില്‍ അന്യൂനതയില്ല. നമ്മുടെയെല്ലാം ജീവിതത്തില്‍ മരണത്തിന്റെ സാന്നിദ്ധ്യമുണ്ടല്ലോ. ആ സാന്നിദ്ധ്യത്തെയാണ് അദ്ദേഹം കുറഞ്ഞ വാക്കുകള്‍കൊണ്ട്, നിശ്ശബ്ദതകൊണ്ട് ആവിഷ്കരിക്കുന്നത്. അവിടെ സ്ഥൂലീകരണമില്ല, അത്യുക്തിയില്ല. It had death’s head with a crown of Roses, above a woman’s torso of mother-of pearl whiteness. Below, a shroud speckled with gold dots forms a sort of tail; and the whole body undulates like a gigantic worm standing up എന്നു ഫ്ളോബറിന്റെ മട്ടില്‍ മരണത്തിന് ആഭരണം ചാര്‍ത്തുന്നില്ല മതേര്‍ലങ്ങ്.

ഒരിടനാഴിയില്‍ പകുതി തുറന്നുവച്ച വാതില്‍ ചിത്രീകരിച്ച് നിത്യതയുടെ ബോധമുളവാക്കാമെന്ന് മതേര്‍ലങ്ങ് പറഞ്ഞിട്ടുണ്ട്. ആയുധങ്ങളുടെ ശബ്ദത്തിലും ചോരയുടെ പ്രവാഹത്തിലും മാത്രമേ ട്രാജഡിയുള്ളു എന്നു കരുതാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ബഹിര്‍ഭാഗസ്ഥമായ ക്രിയാംശം നാടകത്തിന് അനുപേക്ഷണീയമാണ് എന്ന മതവും അദ്ദേഹം സ്വീകരിക്കുന്നില്ല. ബാഹ്യചലനങ്ങളില്ലാതെ ‘നിശ്ചല’ നാടകം രചിച്ച് (Static drama)നാടകീയത ഉളവാക്കാമെന്നു തെളിയിച്ച മഹാസാഹിത്യകാരനാണ് മതേര്‍ലങ്ങ്. അദ്ദേഹത്തിന്റെ The Intruder – ആഗന്തുകന്‍ – ഉത്കൃഷ്ടമായ ‘നിശ്ചല’ നാടകമത്രെ.