close
Sayahna Sayahna
Search

മാലാഖമാർ ബ്രാസിയർ ധരിക്കാറുണ്ടോ?


മാലാഖമാർ ബ്രാസിയർ ധരിക്കാറുണ്ടോ?
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

ഇബ്സന്റെ “പ്രേതങ്ങള്‍” എന്ന നാടകത്തിലേക്കു ഞാന്‍ പ്രിയപ്പെട്ട വായനക്കാരെ സാദരം ആനയിക്കുകയാണ്. വിവാഹിതയായ ഹെല്ലന്‍ ഭര്‍ത്താവ് അലീങ്ങിനോടുള്ള ജീവിതം ദുസ്സഹമാണെന്നു കണ്ട് അവള്‍ സ്നേഹിച്ചിരുന്ന ഒരു പാതിരിയുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഭാര്യയുടെ കടപ്പാടുകള്‍ അനുസ്മരിപ്പിച്ച് അവളെ വീണ്ടും അലീങ്ങിന്റെ വീട്ടിലേക്ക് അയച്ചത് ആ പാതിരിതന്നെയാണ്. അലീങ്ങ് സ്ത്രീ വിഷയകമായി ദൗര്‍ബല്യമുണ്ടായിരുന്ന ആളാണ്. ഒരു ദിവസം അകത്തെ മുറിയില്‍ നിന്നു പരിചാരികയുടെ ശബ്ദം. “ക്യാപ്റ്റന്‍ അലീങ്, എന്നെ വിടൂ, നിങ്ങള്‍ക്കു ലജ്ജയില്ലേ?” ആ ബന്ധത്തിനു ഫലമുണ്ടായി. പരിചാരിക പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഭര്‍ത്താവാണ് പരിചാരികയില്‍ സന്തത്യുല്‍പാദനം നടത്തിയതെന്ന് ആളുകളെ അറിയിക്കാതിരിക്കാന്‍വേണ്ടി, വേറൊരുത്തനാണ് അതിനു കാരണക്കാരന്‍ എന്നുപറഞ്ഞ് ഹെലന്‍ ആ പെണ്‍കുട്ടിയെ — റെജിനയെ — സ്വന്തം വീട്ടില്‍ വളര്‍ത്തിക്കൊണ്ടുവന്നു. അച്ഛന്റെ അസാന്മാര്‍ഗ്ഗിക ജീവിതം സ്വന്തം മകന്‍ — ഒസ്‌വെള്‍ഡ് — അറിയാതിരിക്കാന്‍ വേണ്ടി ഹെലന്‍ അവനെ പാരീസില്‍ അയച്ചു വിദ്യാഭ്യാസത്തിനായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ക്യാപ്റ്റന്‍ അലീങ്ങിന്റെ സ്മരണയെ നിലനിറുത്താന്‍ വേണ്ടി ഒരു മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മകന്‍ അമ്മയുടെ അടുത്തെത്തി. എത്തിയ ദിവസം അകത്തെ മുറിയില്‍നിന്നു ശബ്ദം: “ഒ സ്‌വെ‌ള്‍ഡ്, എന്നെ വിടൂ നിങ്ങള്‍ക്കു ലജ്ജയില്ലേ.” ഇതാണ് പ്രേതങ്ങളുടെ ശബ്ദം. റെജീന ഒസ്‌വെള്‍ഡിന്റെ സഹോദരിയാണല്ലോ.അതറിഞ്ഞ റെജീന ആ ഭവനം വിട്ടുപോയി. ഒസ്‌വെള്‍ഡ് സിഫിലിസോടുകൂടി വീട്ടില്‍ എത്തിയിരിക്കുകയാണ്. സാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്ന ഒസ്‌വെള്‍ഡിന് അതുവരേണ്ട ഒരു കാര്യവുമില്ല. അസാന്മാര്‍ഗ്ഗിക ജീവിതം നയിച്ച അലീങ്ങിന്റെ സിഫിലിസ് തനിക്കു പാരമ്പര്യമെന്ന നിലയില്‍ കിട്ടിയിരിക്കുകയാണ് എന്ന വസ്തുത അയാള്‍ക്ക് അറിഞ്ഞുകൂടാ.അച്ഛന്‍ സദാചാരവിരുദ്ധമായ ജീവിതം നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അമ്മ മകനോടു പറഞ്ഞ മറുപടി ‘ഇല്ല’ എന്നാണ്. പാരീസില്‍ വച്ച് ഒസ്‌വെള്‍ഡ് ശാരീരികമായി തളരുകയായിരുന്നു. അയാളുടെ തലച്ചോറ് ദുര്‍ബലമാകുകയായിരുന്നു. ഇനി അതുണ്ടാവുകയാണെങ്കില്‍ മോര്‍ഫിയ കഴിച്ച് ആത്മഹത്യ ചെയ്യുകയേ മാര്‍ഗ്ഗമുള്ളു. രോഗത്തിന്റെ ആക്രമണമുണ്ടാകുമ്പോള്‍ അമ്മ അതു തനിക്കു തരണമെന്നാണ് മകന്റെ അപേക്ഷ. സംഭവിക്കേണ്ടതു സംഭവിച്ചു.സൂര്യന്‍ ഉദിച്ചുയരുകയാകയാണ്. അതു നോക്കിക്കൊണ്ടിരുന്ന ഒസ്‌വെള്‍ഡ് പെട്ടെന്നു പറഞ്ഞു “Mother, give me the sun, the sun.” “No, no, no! Yes, Yes! No, No!” എന്നുപറയുമ്പോള്‍ നാടകത്തില്‍ യവനിക വീഴുന്നു. അച്ഛന്റെ പാപം മകനില്‍ വന്നു ചേരുന്നു എന്ന തത്ത്വമാവിഷ്കരിക്കുകയാണ് ഇബ്സന്‍.

ഇപ്പോള്‍ വേറൊരു ആഫ്രിക്കന്‍ നാടകത്തെക്കുറിച്ചു എഴുതാന്‍ എനിക്കു കൗതുകം. ക്ലാര്‍ക്ക് എഴുതിയ Song of a Goat എന്നതാണ് നാടകം. രണ്ടു സഹോദരന്മാരും മൂത്തയാളിന്റെ ഭാര്യയുമാണ് നാടകത്തിലെ കഥാപാത്രങ്ങ്ള്‍. ചേട്ടന്റെ ഭാര്യ പ്രസവിക്കുന്നില്ല. കുറ്റക്കാരന്‍ അയാള്‍ തന്നെയാണെന്നു ഡോക്ടര്‍ കണ്ടുപിടിച്ചു. ധ്വജഭംഗമാണ് (impotence) അയാളുടെ രോഗം. അതു മനസ്സിലാക്കിയ ചേട്ടന്‍ ദാമ്പത്യത്തോടു ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഷ്ഠിക്കാന്‍ അനുജനോട് ആവശ്യപ്പെട്ടു. പക്ഷേ ഭാര്യ അതില്‍ പ്രതിഷേധിക്കുകയാണ് ചെയ്തത്. എന്നാലും ആദ്യം പറഞ്ഞതുപോലെ സംഭവിക്കേണ്ടത് ഇവിടെയും സംഭവിച്ചു.

സ്ത്രീ ഭര്‍ത്താവിന്റെ അനുജനെ വശീകരിച്ചു. ഗര്‍ഭിണിയായി. അഗമ്യഗമനം നടത്തുമ്പോള്‍ ഒരാടിനെ ബലികൊടുക്കണം. അതു നടന്നില്ലെന്നു മനസ്സിലാക്കിയ ചേട്ടന്‍ അനുജനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അതു കണ്ടു ഞെട്ടി അവള്‍ക്കു ഗര്‍ഭച്ഛിദ്രമുണ്ടായി. അനുജന്‍ ആത്മഹത്യ ചെയ്തു. ചേട്ടന്‍ കടലില്‍ ച്ചാടി മരിച്ചു.

സിഫിലിസ് പാരമ്പര്യമനുസരിച്ച് വരുന്ന രോഗമല്ല; അത് ഇന്നു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതുമാണ്. അതുപോലെ ധ്വജഭംഗത്തിനും ഇന്നു ചികിത്സയുണ്ട്. അതും ഭേദമാകും. സത്യമിതായതുകൊണ്ട് ഇബ്സന്റെയും ക്ലാര്‍ക്കിന്റെയും നാടകങ്ങളിലെ ദുരന്ത തീക്ഷ്ണത വളരെക്കുറഞ്ഞു പോകുന്നുവെന്നാണ് സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ വൊള സോയിന്‍കയുടെ അഭിപ്രായം. വേറെ സാഹിത്യനിരൂപകരും ഇതുതന്നെ പറഞ്ഞിട്ടുണ്ട്.

ഭാവനാത്മവും കലാപരവുമായ അനുഭവവും യഥാര്‍ത്ഥമായ അനുഭവവും ഒന്നാണെന്ന സങ്കല്പത്തില്‍ നിന്നുണ്ടാകുന്ന തെറ്റിദ്ധാരണയാണ് ഈ മതത്തിന് ആസ്പദം. യഥാര്‍ത്ഥമായ അനുഭവം സിഫിലിസിനും ധ്വജഭംഗത്തിനും ചികിത്സയുണ്ട് എന്നതാണ്.അതിനെ അംഗീകരിക്കാതെ നാടകകര്‍ത്താക്കന്മാര്‍ തങ്ങളുടെ ബോധമണ്ഡലത്തില്‍ അനുഭവങ്ങളെ വൈകാരികതീക്ഷ്ണതയോടെ സംക്രമിപ്പിക്കുകയും അവയെ ഭാവനാത്മകമാക്കി മാറ്റുകയും ചെയ്യുമ്പോള്‍ യുക്ത്യധിഷ്ഠിതമായ ചികിത്സയും മറ്റും പരിഗണനാര്‍ഹങ്ങളാവുന്നില്ല. രണ്ടു രോഗങ്ങള്‍ക്കും ചികിത്സയില്ലെന്ന വിശ്വാസത്തോടുകൂടിയാണ് ഇബ്സനും ക്ലാര്‍ക്കും നാടകങ്ങള്‍ രചിച്ചത് എന്നു വാദിച്ചാലും ഇവിടെ സ്ഫുടീകരിച്ച ആശയം അസത്യമായി വരുന്നില്ല.

ഇന്നത്തെ വായനക്കാരന് സിഫിലിസും ധ്വജഭംഗവും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളാണെന്ന് അറിയാം. അത് യുക്തികൊണ്ട് പരീക്ഷണം കൊണ്ട് ആരോ കണ്ടുപിടിച്ച വസ്തുതയാണ്. ആ വസ്തുതയെ പരിഗണിക്കാതെ രണ്ടു നാടകകര്‍ത്താക്കന്മാര്‍ നാടകത്തിന്റെ അടിസ്ഥാനതത്ത്വമായ സംഘട്ടനത്തെ ആവിഷ്കരിക്കുന്നതിനുവേണ്ടി തങ്ങള്‍ക്കു സത്യമെന്നു തോന്നുന്നതിന്റെ ചിത്രങ്ങള്‍ വരയ്ക്കുകയാണ്. അത് സത്യത്തിന്റെ തോന്നലുളവാക്കുന്നു. ആ തോന്നല്‍ സ്വപ്നസദൃശ്യമാണ്. അതില്‍ വിലയം കൊള്ളുന്ന സഹൃദയന് ശാസ്ത്രസത്യവും വിശ്വാസവും ആസ്വാദനത്തിനു പ്രതിബന്ധം സൃഷ്ടിക്കില്ല. സ്പഷ്ടതയില്ലാത്ത ഈ തത്ത്വങ്ങളെ ഉപേക്ഷിച്ച് പച്ചയായിപ്പറയട്ടെ കലാസൃഷ്ടി ഉള്‍ക്കൊള്ളുന്ന വിശ്വാസം ആസ്വാദനത്തിനു വിഘാതമുളവാക്കുന്നില്ല. മിസ്റ്റിസിസം ഈശ്വരവിശ്വാസമുള്‍ക്കൊള്ളുന്നു. റ്റാഗോറിന്റെ ‘ഗീതാഞ്ജലി’ മിസ്റ്റിക് കാവ്യമാണ്. നിരീശ്വരന്‍ സഹൃദയനാണെങ്കില്‍ അയാള്‍ക്ക് ആ കാവ്യം ആസ്വാദ്യമായിബ്ഭവിക്കും. നെറുദയുടെ വിപ്ലവകാവ്യങ്ങള്‍ ബൂര്‍ഷ്വാസിയില്‍പെട്ടവരെയും ആഹ്ലാദിപ്പിക്കും. ഫാസ്സിസത്തെ പ്രകീര്‍ത്തിച്ചോ നിന്ദിച്ചോ ഒരെഴുത്തുകാരന്‍ കാവ്യമെഴുതിയെന്നു വിചാരിക്കുക. ഫാസ്സിസത്തെ നിന്ദിക്കുന്ന സഹൃദയന്‍ ആ തത്വചിന്തയെ വാഴ്ത്തുന്ന രചന കലാത്മകമാണെങ്കില്‍ അതില്‍ രസിക്കും. എസ്‌റെ പൗണ്ടിന്റെ കാവ്യങ്ങള്‍ ഇംഗ്ലീഷറിയാവുന്നവര്‍ വായിച്ചാഹ്ലാദിക്കുന്നത് അക്കാരണത്താലാണ്. ഫാസിസത്തെ നിന്ദിക്കുന്ന കാവ്യം രസോത്പാദകമാണെങ്കില്‍ ഫാസ്സിറ്റായ സഹൃദയന്‍ അതിനെ നെഞ്ചേറ്റി ലാളിച്ചതുതന്നെ. സി.വി. രാമന്‍ പിള്ളയുടെ രാജഭക്തിപരങ്ങളായ നോവലുകള്‍ പ്രജാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്നത്തെ വായനക്കാര്‍ക്ക് ഇഷ്ടമാണെന്നു കൂടി ഓര്‍മ്മിച്ചാലും.

ജെമൈക്കയിലെ പേരുകേട്ട എഴുത്തുകാരിയാണ് ഒലീവ് സീനിയര്‍. അവരുടെ “Do Angels Wear Brassieres?” എന്ന ചെറുകഥ പ്രഖ്യാതമത്രേ. വീട്ടില്‍ എത്തിയ ഒരു പാതിരിയോടു പതിനൊന്നു വയസ്സായ ഒരു പെണ്‍കുട്ടി പലതും ചോദിച്ചു. ബൈബിളില്‍ ഏതു മൃഗമാണ് മാലാഖയെകണ്ടത്? ഉദ്യാനത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനുശേഷം ആദാമും ഔവ്വയും എന്തു ചെയ്തു? ബൈബിളിലെ ഏറ്റവും ചെറിയ ആറുകാലി ഏതാണ്? ഇങ്ങനെ പല ചോദ്യങ്ങളും. ഒടുവില്‍ പാതിരിയേയും വീട്ടുകാരെയും ഞെട്ടിക്കുന്ന ചോദ്യം ഉണ്ടായി. “മാലാഖകള്‍ ബ്രാ ധരിക്കുമോ?” പാതിരി മറുപടി പറയാതെ പോയി. പെണ്‍കുട്ടിയുടെ അമ്മയും അവരുടെ ചേച്ചിയും ആ ചോദ്യം കേട്ടു നിലവിളിച്ചു. കാലം തെല്ലുകഴിഞ്ഞു. അവള്‍ ഒരുത്തന്റെ കുതിരയുടെ പുറത്തുകയറി വീട്ടിലേക്കു വരികയാണ്. അവള്‍ അയാളോടു ചോദിച്ചു — “മാലാഖകള്‍ ബ്രാ ധരിക്കുമോ? ” അയാളുടെ മറുപടി: “സ്ത്രീ മാലാഖകള്‍ക്കേ അതിന്റെ ആവശ്യമുള്ളു.” ഈ ഉത്തരം കേള്‍ക്കുന്നതിനുവേണ്ടിയാണ് അവള്‍ അത്രയും കാലം കാത്തിരുന്നത്.

നര്‍മ്മബോധമാണ് കഥയെഴുത്തുകാരിക്കുള്ളതെങ്കിലും മതത്തിനു നേരേയുള്ള ഒരാക്ഷേപശരം കൂടി അവര്‍ പ്രയോഗിക്കുന്നുണ്ട്. ഈ ശരം വിശുദ്ധനായ ക്രിസ്ത്യാനിയെ– അയാള്‍ സഹൃദയനാണെങ്കില്‍– ക്ഷതപ്പെടുത്തുകയില്ല. മതവിശ്വാസത്തിന് ഇത് എതിരാണ്. പ്ക്ഷേ കഥയെഴുതിയ വ്യക്തി അതു പരിഗണിക്കാതെ ഒരു സംഭവം കരുതിക്കൂട്ടി സൃഷ്ടിച്ച് യാഥാതഥ്യത്തിന്റെ തോന്നല്‍ ഉളവാക്കുകയാണ്. അത് കലയുടേതു മാത്രമായ വിശ്വാസ്യത ഉളവാക്കുന്നു. കലാസൃഷ്ടിയില്‍ നമ്മള്‍ അത്രമാത്രമേ നോക്കേണ്ടതുള്ളു. ഇല്ലെങ്കില്‍ ക്രിസ്ത്യാനിക്ക് എങ്ങനെയാണ് രാമായണം വായിച്ചു രസിക്കാന്‍ കഴിയുക? ഹിന്ദുവെങ്ങനെയാണ് ബൈബിള്‍ വായിച്ചു രസിക്കുക?