close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിയൊന്നു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥൻ പുക്കു സുരാലയം.”

ടുത്ത പ്രഭാതമായി. രാവണൻ ലങ്കാധിപനായിരുന്ന കാലങ്ങളിൽ ഉത്തരായനത്തിൽനിന്നു പകർച്ച കൂടാതെ ഗതിചെയ്തുകൊണ്ടിരുന്ന മഹാഭീരു, തമ്പിമാരുടെ ജയകാലത്തു് തന്റെ കിരണങ്ങളെ വേണാട്ടുഭൂമിയിൽ പതിപ്പിക്കുന്നതു് ആ പ്രതാപവാന്മാർക്കു് അഹിതമായേക്കുമെന്നുള്ള ശങ്കമൂലം മേഘങ്ങളാകുന്ന ഛത്രങ്ങളെക്കൊണ്ടു് തന്റെ പ്രഭയെ മറച്ചുകൊണ്ടു് രഥാരോഹണം ചെയ്തിരിക്കുന്നു. പത്തുപന്ത്രണ്ടു മണിക്കൂറിനു് മുമ്പിൽ വിജനപ്രദേശമെന്നു തോന്നപ്പെട്ട രാജധാനിയിൽ കല്പാന്തഭൂകമ്പംപോലെ വലിയൊരു ഘോഷവുമായിരിക്കുന്നു. നഗരത്തിന്റെ നാലുഭാഗങ്ങളിൽനിന്നും ജനങ്ങൾ ഇളകി രാജമന്ദിരത്തിന്റെ പുരോഭാഗത്തുള്ള വീഥിയിലും കഴക്കൂട്ടത്തുപിള്ളയുടെ ഗൃഹത്തിലും കൂടുന്നു. കോപംകൊണ്ടു കലുഷമാകാതുള്ള മുഖം ഒന്നുപോലും ഈ സംഘങ്ങളിൽ കാണ്മാനില്ല. വൃദ്ധനും യുവാവും ബാലനും ഒന്നുപോലെ പുളച്ചു് അവനവന്റെ അഭിപ്രായങ്ങളെ ഭയലേശംകൂടാതെ പരസ്യമായി ഘോഷിക്കുന്നു. സാഹസകൃത്യങ്ങളിൽ ഉൾപ്പെടുന്നതിനു് അരുതാത്തവരായ സ്ത്രീജനങ്ങൾ തങ്ങളുടെ ഗൃഹങ്ങളിലിരുന്നു യുവരാജാവിനെ അവരവർക്കു തൃപ്തിയാകുംവണ്ണം ശപിക്കയും ഭർത്സിക്കയും ചെയ്യുന്നു. കഴക്കൂട്ടത്തുപിള്ളയെ നിഗ്രഹിക്കണമെന്നു് കരുതി യുവരാജാവു് പരിവാരസമേതനായി അദ്ദേഹത്തിന്റെ ഗൃഹത്തിൽ അർദ്ധരാത്രി പ്രവേശിച്ചു എന്നും അദ്ദേഹത്തെ കാണായ്കയാൽ അവിടെ കിടന്നുറങ്ങിയിരുന്ന വേലുക്കുറുപ്പിനെയും പാരദേശികനായ ഒരുവനെയും ചതിയാൽ കൊന്നു എന്നും ഈ കഥയെ കഴക്കൂട്ടത്തുപിള്ളയുടെ ഭൃത്യരിൽ ചിലർ രാമനാമഠത്തിൽപ്പിള്ളയെ ധരിപ്പിച്ചു് എന്നും ഇദ്ദേഹം ഈ സംഗതിയെ തമ്പിയെ ഗ്രഹിപ്പിച്ചിട്ടു് ശങ്കരച്ചാർ എന്നു പറയപ്പെട്ട ഒരുവനോടുകൂടി കഴക്കൂട്ടത്തുപിള്ളയുടെ വീട്ടിലേക്കും പോകുംവഴിയിൽ, ആ സ്ഥലത്തുനിന്നു് മടങ്ങിവരുന്ന യുവരാജാവും ഭടന്മാരും ശങ്കരച്ചാരെ കൊട്ടാരത്തിന്റെ വാതുക്കൽവച്ചു് വെട്ടിക്കൊന്നും എന്നും രാമനാമഠം പ്രാണരക്ഷാർത്ഥം ഓടേണ്ടിവന്നു എന്നും ഈ അക്രമങ്ങൾക്കു പുറമേ തമ്പിയുടെ സേവകപ്രധാനനായ സുന്ദരയ്യനെ കൊല്ലുന്നതിനായി രാജഭടന്മാർ അദ്ദേഹത്തിന്റെ ഭാര്യയുടെ ഗൃഹത്തിൽ കടന്നു എന്നും ഭാഗ്യത്താൽ സുന്ദരയ്യൻ അപ്പോൾ അവിടെ ഇല്ലായിരുന്നു എന്നും തിരുവനന്തപുരത്തുള്ള സ്ത്രീപുരുഷന്മാർ ആബാലവൃദ്ധം അറിഞ്ഞിരിക്കുന്നു. ഈ കഥകൾ കൂടാതെ തിരുമുഖത്തുപിള്ളയുടെ മകൻ അനന്തപത്മനാഭനെ കൊന്ന യക്ഷിയും യുവരാജാവുതന്നെ എന്നുള്ളതിലേക്കു് തിരുമുഖത്തുപിള്ളയ്ക്കു് തെളിവുകിട്ടുകയാൽ അദ്ദേഹം തന്റെ സങ്കടത്തെ മഹാരാജാവിനോടു് അറിയിക്കുന്നതിനായി വരുന്നുണ്ടെന്നും മഹാരാജാവു് ആലസ്യമായി കിടക്കുന്ന തക്കംനോക്കി അദ്ദേഹത്തിന്റെ പുത്രന്മാരെ അമർത്തുന്നതിനായി കിഴക്കൻദിക്കുകളിൽ നിന്നു് ഒരു കുറുപ്പിനെയും പത്തുമുന്നൂറു നായന്മാരെയും യുവരാജാവു് വരുത്തി എന്നും കഴക്കൂട്ടത്തുപിള്ളയുടെ കൈയിൽ കുറുപ്പു് അകപ്പെടുകയും വെങ്ങാനൂർപിള്ളയാൽ നായന്മാർ നെയ്യാറ്റുംകര എന്ന ദിക്കിൽ വച്ചു് യുദ്ധത്തിൽ പരാജിതരാക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നും മറ്റും ഓരോ വർത്തമാനങ്ങളും പരന്നിരിക്കുന്നു. ഈവിധമുള്ള കഠോരവഞ്ചനകൾക്കു് സന്നദ്ധനായ യുവരാജാവിനെ നിഗ്രഹിക്കുന്നതു് രാജ്യക്ഷേമത്തിനു് അത്യാവശ്യമായുള്ള ഒരു ക്രിയയാണെന്നു ചില പൗരന്മാർ അഭിപ്രായപ്പെടുന്നു. തമ്പിമാരെ പട്ടംകെട്ടിക്കണമെന്നു് മറ്റു ചിലരും കിഴക്കൻ നായന്മാർ രാജപാർശ്വത്തിൽ ചേർന്നിരിക്കുന്നതിനു് അവരെ ഒന്നു് പഠിപ്പിക്കണമെന്നു് പിന്നെ ചിലരും രാജവംശത്തെ പാടെ ഒടുക്കണമെന്നു ചിലരും ഇങ്ങനെ ഓരോവിധം ആലോചനകൾ നടക്കുന്നതിനിടയിൽ എട്ടുവീട്ടിൽപിള്ളമാരുടെയും തമ്പിമാരുടെയും സഹായികൾ ജനസംഘങ്ങൾക്കിടയിൽ കടന്നു് അവരിൽ ഉദിച്ചിരിക്കുന്ന കോപത്തെ ഉചിതമായുള്ള ഉപായവാക്കുകൾകൊണ്ടു് വർദ്ധിപ്പിക്കുന്നു. ഏകദേശം എട്ടുനാഴിക പുലർന്നപ്പോഴേക്കു് ജനങ്ങളുടെ ദ്വേഷരോഷങ്ങൾക്കു് അതിരില്ലാതായിരിക്കുന്നു. ഗുണദോഷവിചാരവും സംഗതികളുടെ സൂക്ഷ്മത്തെക്കുറിച്ചു് അന്വേഷണവും താന്താങ്ങൾ ആചരിക്കുന്നതു് എന്താണെന്നുള്ള ജ്ഞാനവും കൂടാതെ, പൗരന്മാർ ആർത്തുഘോഷിച്ചു് കൊട്ടാരത്തിനെ ആക്രമിക്കാനായി അടുക്കുന്നു. രക്തം അണിഞ്ഞു് കിടക്കുന്ന മൂന്നു പ്രേതങ്ങളുടെ ദർശനത്താൽ വിവേകശൂന്യരായിരിക്കുന്ന ജനങ്ങൾ നായകനില്ലാത്ത സൈന്യത്തെപ്പോലെ മദംകൊണ്ടു് പ്രതിക്രിയയ്ക്കായി കൊട്ടാരത്തിന്റെ ബന്ധിക്കപ്പെട്ടിരിക്കുന്ന വാതിലുകൾ തകർത്തു തുടങ്ങുന്നു. ഓരോരുത്തർ വാളും വടിയും കുന്തവും ഏന്തിയും വീശിയും ചുഴറ്റിയും വീര്യം നടിച്ചു മുൻനിരകളിൽ കടക്കുന്നതിനു് തിക്കിത്തിരക്കി അടുക്കുന്നു.

വേലുക്കുറുപ്പു് മുതലായ മൂന്നുപേരുടെയും മൃതി എങ്ങനെ സംഭവിച്ചു എന്നും ആനന്തത്തിന്റെ ഭവനത്തിൽ നടന്ന മോഷണത്തിന്റെ ഹേതു എന്താണെന്നും ചോരന്മാർ ആരെന്നും സ്പഷ്ടമാണല്ലൊ. കഴക്കൂട്ടത്തുപിള്ളയുടെ ഭവനത്തിലുണ്ടായ സംഭവങ്ങൾ യുവരാജാവിന്റെമേൽ ചുമത്തി ജനങ്ങളുടെ സ്നേഹത്തെ നഷ്ടമാക്കണമെന്നു്, ആ സ്ഥലത്തു വെച്ചുണ്ടായ ഒടുവിലത്തെ ആലോചനയിൽ സുന്ദരയ്യൻ അഭിപ്രായപ്പെട്ടതായിരുന്നു. മാങ്കോയിക്കൽകുറുപ്പിനെയും ഭ്രാന്തനെയും ചെമ്പകശ്ശേരിയിലേക്കു് കൊണ്ടുപോകുന്ന വഴിക്കു് കൊട്ടാരത്തിന്റെ വാതുക്കൽ ഒരു പ്രേതം കാണുകയാൽ രാമനാമഠം മുമ്പായവർ ആരുടെ ശവമെന്നു പരിശോധനചെയ്തു. മരിച്ച ആളെ അദ്ദേഹത്തിനു് നല്ല പരിചയം ഉണ്ടായിരുന്നതുകൊണ്ടും പ്രേതം കൊട്ടാരത്തിന്റെ ഗോപുരത്തിനു് സമീപത്തുകിടന്നിരുന്നതിനാലും രാജപക്ഷക്കാർ കൊന്നതുതന്നെ എന്നു തീർച്ചയാക്കി അതിനെയും ഗൃഹത്തിലുണ്ടായ മോഷണവർത്തമാനത്തെ ആ സ്ത്രീതന്നെ തന്റെ ഭർത്താവിനോടു് അക്കഥ അറിയിക്കാൻ പുറപ്പെടുന്ന മാർഗ്ഗത്തിൽ പരത്തിയതായിരുന്നു.

യുവരാജാവും സേവകജനങ്ങളും പൗരന്മാർ ഇളകുന്നു എന്നുള്ള വർത്തമാനം ധരിച്ച ഉടനെതന്നെ കൊട്ടാരത്തിന്റെ വാതിലുകൾ ബന്ധിച്ചു് ആലോചന തുടങ്ങി. ആർപ്പും വിളികളും മുഴക്കുംതോറും അവരുടെ സംഭ്രമവും വർദ്ധിച്ചു. യുവരാജാവും അടുത്ത സേവകന്മാരും രാത്രിയിൽ വേഷപ്രച്ഛന്നരായി സഞ്ചരിച്ച കഥ കൊട്ടാരത്തിലുള്ളവർ ഗ്രഹിച്ചിരുന്നതിനാൽ ഈ സഞ്ചാരത്തിനിടയിൽ പൗരന്മാർക്കു് കോപത്തെ ഉണ്ടാക്കുന്നതായ എന്തോ ക്രിയ യുവരാജാവു് നടത്തീട്ടുണ്ടെന്നു് സർവ്വാധി മുമ്പായതായ ജനങ്ങൾക്കു് ശങ്കയുണ്ടായി. മഹാരാജാവിന്റെ ആലസ്യസ്ഥിതി അറിഞ്ഞു് കിളിമാനൂർ മുതലായ സ്ഥലങ്ങളിൽനിന്നു് വന്നിട്ടുള്ള രാജബന്ധുക്കളും വലിയ പരുങ്ങലിലായി. യുവരാജാവിന്റെ അപേക്ഷാനുസാരമായി താൻ ചേർത്തു്, നാരായണയ്യൻ എന്ന രാജഭൃത്യന്റെ അധീനത്തിലാക്കി സമുഗ്രതീരമാർഗ്ഗമായി വരുന്നതിനു് ചട്ടംകെട്ടീട്ടുള്ള നായന്മാർ വന്നുചേർന്നെങ്കിലോ എന്നു് കിളിമാനൂർനിന്നു്, ശങ്കരച്ചാരുടെ മരണശേഷം, ആ രാത്രിയിൽത്തന്നെ വന്നെത്തിയിട്ടുള്ള കേരളവർമ്മകോയിത്തമ്പുരാൻ പ്രാർത്ഥന തുടങ്ങി. ഇദ്ദേഹത്തിന്റെ ഭാവം കണ്ടു് പുഞ്ചിരിയോടുകൂടി വീരനായ യുവരാജാവു് ഇപ്രകാരം അരുളിച്ചെയ്തു: “രണ്ടാമതു് ഒരു ബലികൂടി ആലോചിക്കുന്നോ? അതിനു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ജ്യേഷ്ഠൻ ജീവനെ ഉപേക്ഷിച്ചു് അപ്പനെയുംമറ്റും രക്ഷിച്ചതിന്റെ കടം വഴിപോലെ തീർന്നിട്ടില്ല.”

കിളിമാനൂർ കോയിത്തമ്പുരാൻ: “ഹേയ്! അതൊന്നുമല്ല ആലോചിക്കുന്നതു്. നാരായണയ്യൻ വന്നെങ്കിലോ എന്നു വിചാരിക്കയാണു്. ഈ അസുരക്കൂട്ടത്തിൽ ഒരുവനാൽ എന്താകും?”

യുവരാജാവു്
“ഒരാളാൽ സാദ്ധ്യമാകുന്നതു് എത്രത്തോളമുണ്ടെന്നു് ആ കുടുംബത്തിൽനിന്നു് ബോദ്ധ്യമാക്കിയല്ലൊ.”
കിളിമാനൂർ കോയിത്തമ്പുരാൻ
“അത്ര ധൈര്യം ശേഷിച്ചവർക്കുണ്ടോ?”
യുവരാജാവു്
“ഉണ്ടാകുമെന്നാണു തോന്നുന്നതു്. സ്നേഹം ഉള്ളാളുകൾക്കു് ബന്ധുക്കളുടെ ആപത്തിൽ സാക്ഷാലുള്ളതിൽ സഹസ്രഗുണം ധൈര്യമുണ്ടാകും. ഇല്ലെന്നു ശങ്കിക്കേണ്ട. കണ്ടില്ലേ രാമയ്യന്റെ ഭാവം പകർന്നിരിക്കുന്നതു്? പരമേശ്വരന്റെ നാട്യം കണ്ടാൽ ഏകദേശം ഒരു വലലനോടടുക്കും. എന്താ പരമേശ്വരാ, വാതിലടച്ചു് മുതുവൃദ്ധകളെപ്പോലെ കുത്തിയിരുന്നാൽ കാര്യം ഊർദ്ധം. പുറപ്പെടാമോ? ഒരു കൈ നോക്കരുതോ?”
പരമേശ്വരൻപിള്ള
“നോക്കിയാൽ കൈ ഒന്നല്ല, പത്തുരണ്ടായിരം കാണാം. പക്ഷേ അടിയൻ കൂടിയില്ല. ഇന്നലത്തെ എഴുത്തിനെ ഇത്ര വേഗം കല്പിച്ചു മറന്നോ?”
യുവരാജാവു്
“ഇവിടെ ഈ സ്ഥിതിയിൽ എത്രനേരം നിൽക്കണമെന്നാണു് നിന്റെ അഭിപ്രായം?”
പരമേശ്വരൻപിള്ള
“വെളിയിൽ കേൾക്കുന്ന തിളപ്പെല്ലാം ഒരു ചരടിന്റെ തിരിപ്പാണു്. ഈ ചാട്ടമെല്ലാം വയറ്റിൽ കാറ്റു തട്ടുമ്പോൾ ഒതുങ്ങും. ചരടു തിരിപ്പും അപ്പോൾ ഉതകൂല്ല.”
യുവരാജാവു്
“വിശന്നു തുടങ്ങുമ്പോൾ പോകുന്ന ആളുകൾ എന്നു് വിചാരിക്കുന്നതു് മഹാ അബദ്ധം. എന്താ, രാമയ്യൻ മിണ്ടാതെ നിൽക്കുന്നതു?”
രാമയ്യൻ
“കല്പിച്ചു് പുറത്തു് എഴുന്നള്ളിക്കൂടാ.”
കിളിമാനൂർ കോയിത്തമ്പുരാൻ
“എന്നുതന്നെയാണു് എന്റെ അഭിപ്രാറയവും.”
യുവരാജാവു്
“ജനങ്ങൾക്കുള്ള സങ്കടം, അമ്മാവനു് ആലസ്യമായിരിക്കുന്ന സ്ഥിതിക്കു്, ഞാൻതന്നെ അല്ലേ കേൾക്കേണ്ടതു്?”
കിളിമാനൂർ കോയിത്തമ്പുരാൻ
“അതത്ര ആവശ്യമില്ല. ന്യായമായ വിധത്തിൽ വരുമ്പോളല്ലെ സങ്കടം കേൾക്കേണ്ടൂ?”
യുവരാജാവു്
“അങ്ങനെയല്ല, കേട്ടിട്ടില്ലേ? ലഹള മുഴുത്തു വരുന്നു. അമ്മാവനു കുറച്ചു സുഖമായി വരുന്നുണ്ടു്. ഈ കഥ കേട്ടാൽ സുഖക്കേടു് വർദ്ധിച്ചേക്കും.”
പരമേശ്വരൻപിള്ള
“കാര്യം കേൾക്കാൻ ചെന്നാൽ അവർ പച്ചയോടെ തിന്നും.”
കിളിമാനൂർ കോയിത്തമ്പുരാൻ
“പരമേശ്വരൻ പറയുന്നതു് ശരിയാണു്. ഇവിടുത്തോടു് ഈയാളുകൾക്കു് കുറച്ചധികം ദ്വേഷമുണ്ടു്. വിശേഷിച്ചും എന്നെ കാണുമ്പോൾ അതു് വർദ്ധിക്കും.”
യുവരാജാവു്
“അവിടുന്നു് ഇവിടെ തന്നെ നിന്നാൽ മതി.”
കിളിമാനൂർ കോയിത്തമ്പുരാൻ
“അതെനിക്കും സമ്മതമാവണമല്ലൊ?”
യുവരാജാവു്
“എന്തു കളിയാണിത്! ഈ ലഹളയ്ക്കു് എങ്ങനെയാണു് ഒരൊതുക്കം? ജനങ്ങൾക്കു് എന്നോടു ദ്വേഷമാണെങ്കിൽ ഈ സ്ഥാനം ഞാൻ ഉപേക്ഷിച്ചേക്കം. തമ്പിമാർതന്നെ വാഴട്ടെ. അങ്ങനെയെങ്കിലും രാജ്യത്തു് സമാധാനമുണ്ടാവട്ടെ.”
കിളിമാനൂർ കോയിത്തമ്പുരാൻ
“പശുവിനെ വളർത്താൻ വ്യാഘ്രമാണല്ലേ നല്ലതു്? ഭംഗിയായ അഭിപ്രായം! അപ്പന്റെ ഈ അഭിപ്രായം അവിടേക്കു ലേശം ചേരുന്നില്ല.”
പരമേശ്വരൻപിള്ള
“സിദ്ധാന്തം! സിദ്ധാന്തം! തമ്പുരാനാണെന്നുവച്ചു് നല്ല ആളുകളുടെ വാക്കു് കേൾക്കരുതോ? അല്ലേ, അവസ്ഥ കുറഞ്ഞുപോകുമെന്നോ?”

പരമേശ്വരൻപിള്ളയുടെ ഹാസ്യമായുള്ള ഈ വാക്കുകൾ കേട്ടു് അരുണമായ നേത്രങ്ങളോടുകൂടി അയാളെ ഒന്നു നോക്കീട്ടു്, യുവരാജാവു് ചിന്താഗ്രസ്തനായും ബുദ്ധിക്ഷയത്തോടും വ്യസനത്തോടും നിന്നു. ഈ സ്ഥിതിയിൽനിന്നു് കൊട്ടാരത്തിന്റെ മുകളിൽ പതിച്ച കല്ലുകളാൽ ഉണർത്തപ്പെട്ടു്, യാതൊരു ആലോചനയും കൂടാതെ തന്റെ ഖഡ്ഗത്തെ ധരിച്ചുകൊണ്ടു് മുന്നോട്ടു നടകൊണ്ടു. രാജസംബന്ധികളായ ജനങ്ങൾ മുന്നിൽ കടന്നു് കരങ്ങളെ പരത്തി യുവരാജാവിന്റെ മാർഗ്ഗത്തെ തടുത്തു. പരമേശ്വരൻപിള്ള വാവിട്ടു കരഞ്ഞു. രാമയ്യൻ ‘സ്വാമി’ എന്നു് അതിവിനയത്തോടുകൂടി ദീനനായി ഒന്നുവിളിച്ചു. യുവരാജാവു് തിരിഞ്ഞു് ബ്രാഹ്മണന്റെ മുഖത്തു നോക്കിയപ്പോൾ തന്റെ അഭിപ്രായങ്ങളെ വാക്കുകളാൽ ഗ്രഹിപ്പിക്കാൻ കഴിയാതെ ഗദ്ഗദത്തോടുകൂടി കവിൾത്തടങ്ങളെയും അധരോഷ്ഠങ്ങളെയും ചലിപ്പിക്കുന്നതു് കാണുകയാൽ രാമയ്യനോടു് യുവരാജാവു് ഇങ്ങനെ അരുളിച്ചെയ്തു: “പരമേശ്വരന്റെ ജ്യേഷ്ഠനാണു് താൻ. വീരനെന്നു ഞാൻ വിചാരിച്ചിരുന്നു. (പരമേശ്വരൻപിള്ളയോടു്) മതി മതി, ഇവിടെ ആരും മരിച്ചിട്ടില്ല. (മറ്റുള്ളവരോടു് ഗൗരവത്തോടുകൂടി) ചില കൃത്രിമക്കാർക്കു മാത്രമേ എന്നോടു ദ്വേഷമുള്ളൂ എന്നു ഞാൻ വിചാരിച്ചിരുന്നു. ഇപ്പോൾ നാട്ടാരുടെ മനസ്സും അറിയുന്നതിനു് സംഗതി ആയി. ഇനി എന്താണു് ആലോചിപ്പാനുള്ളതു്? രണ്ടാലൊന്നു് തീർച്ച വരട്ടെ.”

പരമേശ്വരൻപിള്ള
(കരഞ്ഞുകൊണ്ടു്) “രണ്ടുംകെട്ട ഈ പ്രവൃത്തി അവിവേകമല്ലെന്നു വല്ലോരു കേട്ടാൽ പറയുമോ? പത്മനാഭ! നീയും കണ്ടോണ്ടിരിക്കുന്നല്ലോ ഈ പാപികളുടെ ചാട്ടമെല്ലാം.”
യുവരാജാവു്
“ഒന്നുകിൽ വാതിൽ തുറപ്പിക്കണം. അല്ലെങ്കിൽ ഞാൻ അങ്ങോട്ടുണ്ടു്. ഒളിച്ചുനടന്നു് കഴിച്ചുകൂട്ടിയതുമതി. ഇനി ആ വൃത്തി കഴികയില്ല.”
രാമയ്യൻ
(കുറച്ചു് ആലോചിച്ചിട്ടു്) “സ്വാമി, വാതിൽ തുറക്കാം. കല്പിച്ചു് അങ്ങോട്ടു് എഴുന്നള്ളണ്ട.”

ഈ വാക്കുകളോടുകൂടി രാമയ്യൻ യുവരാജാവിന്റെ മുമ്പിൽനിന്നു് ക്ഷണത്തിൽ മറഞ്ഞു. ഇദ്ദേഹം എന്തനുഷ്ഠിക്കാൻ ഭാവിക്കുന്നു എന്നുള്ളതിനെക്കുറിച്ചു് അറിവാൻ കഴിവില്ലാതെ മറ്റുള്ളവർ ആ സ്ഥലത്തുതന്നെ ഓരോ മനോരാജ്യങ്ങളോടുകൂടി നിന്നു. രാജനിലയനത്തിന്റെ പ്രധാനവാതിലിനെ ബലേന തുറക്കുന്നതിനു് ഒരുമ്പെട്ട മൃഗപ്രായന്മാരായ പൗരന്മാരുടെ ശ്രമം അധികം സാഹസം കൂടാതെ സാധിച്ചു. സാക്ഷകളും കുറ്റികളും പൊട്ടി വാതിൽ പുറകോട്ടു വീണപ്പോൾ, നൂറ്റാണ്ടു ശ്രമംചെയ്തു് ഏറ്റവും ശ്ലാഘനീയമായുള്ള ഒരു ജയം നേടിയതുപോലെ സന്തോഷം കൊണ്ടു് മദാന്ധന്മാരായി, വാതിലിന്റെ പതനാരവത്തെത്തുടർന്നു് നഗരത്തിലെങ്ങും മാറ്റൊലിക്കൊള്ളുമാറു്, പൗരന്മാർ ഏകോപിച്ചു് ഒന്നു് ആർത്തു ഘോഷിച്ചു. ചിറ ഭേദിച്ച ജലം തള്ളി പ്രവഹികൂമ്പോലെ ജനങ്ങൾ തിക്കിഞെരുക്കി അകത്തോട്ടു് കടന്നു തുടങ്ങി. പെരുവഴിയിൽ പരന്നുനിന്നിരുന്ന ജനസംഘത്തിനു് പാടേ മുന്നോട്ടു് ഒരു ചലനവും ഉണ്ടായി. എന്നാൽ അകത്തോട്ടു് ആദ്യം കടന്ന ശുരന്മാർ എന്തു കാരണത്താലോ പൊടുന്നനവെ നിന്നു. ആയുധങ്ങളെ പുറകിൽ ഒളിച്ചുകൊണ്ടു് അത്യാദരവോടുകൂടി വന്ദിച്ചു. ഇതുകണ്ടു് പിൻതുടർന്നവർ സംഭ്രമത്തോടുകൂടി പിൻവാങ്ങി. മുന്നോട്ടുള്ള വേഗം കുറഞ്ഞു്, മുന്നുള്ളവരാൽ തടുക്കപ്പെട്ട ജനതതികൾ നിലയിലായി. ചിലർ പാദാംഗുഷ്ഠങ്ങളെ ഊന്നിപ്പൊങ്ങി മുന്നോട്ടു നോക്കി, മുമ്പിലുള്ളവർ പിൻതിരിയുന്നതിനെ കണ്ടിട്ടു്, ഓടിത്തുടങ്ങി. കാരണം അറിയാതെ മറ്റുള്ളവരും പേടിച്ചതുപോലെ പാഞ്ഞു്, തങ്ങൾതങ്ങൾക്കുള്ള ഗൃഹത്തിലെത്തി. മുമ്പിൽ അകപ്പെട്ട അഞ്ചെട്ടു് ആളുകൾമാത്രം ആ സ്ഥലത്തു ശേഷിച്ചു.

യുവരാജാവിന്റെ സന്നിധിയിൽനിന്നു പുറപ്പെട്ട രാമയ്യൻ രോഗാതുരനായിക്കിടക്കുന്ന മഹാരാജാവിന്റെ മുമ്പിൽ എത്തി, പുരവാസികളുടെ ലഹളകളെയും യുവരാജാവിന്റെ നിശ്ചയത്തെയും സംബന്ധിച്ചുള്ള സംഗതികൾ സകലതും അറിയിച്ചു. മഹാരാജാവു് തന്റെ ഭാഗിനേയനെക്കുറിച്ചുള്ള അതിവാത്സല്യം ഹേതുവാൽ തനിക്കുള്ള ക്ഷീണാധിക്യത്തെ സാരമാക്കാതെ എഴുന്നേറ്റു്, രാമയ്യന്റെയുംമറ്റും സഹായത്തോടുകൂടി നടന്നു്, ജനങ്ങൾ അകത്തോട്ടു് കടന്ന സന്ധിയിൽ ആ സ്ഥലത്തു് എത്തി. ശോഷിച്ചു് അസ്ഥിമാത്രം ശേഷിച്ചിരിക്കുന്ന മഹാരാജാവിനെ കണ്ടപ്പോൾ പൗരപ്രധാനന്മാർക്കു് തങ്ങളൂടെ പ്രവൃത്തിയുടെ ഗൗരവത്തെക്കുറിച്ചു് ഉണർച്ചയുണ്ടായി. നാടുവാഴിയെക്കുറിച്ചു് തങ്ങൾക്കു് സഹജമായുള്ള ഭക്തിമൂലം അവർ ആയുധങ്ങളെ മറച്ചുകൊണ്ടു് ആചാരാനുസാരമായി മുഖം കാണിച്ചു് ലജ്ജയോടും വ്യസനത്തോടും മുഖം താഴ്ത്തിനിന്നു. അരനിമിഷംകൊണ്ടു് കൊട്ടാരത്തിനകം അഞ്ചെട്ടു് പൗരന്മാർ നില്ക്കുന്നവരെ ഒഴിച്ചു് പൂർവ്വസ്ഥിതിയിലായി. അവർ പശ്ചാത്താപത്തോടും ഭയത്തോടും നില്ക്കുന്നതിനെ കണ്ടു്, ക്ഷീണത്താൽ പരവശനായ മഹാരാജാവു് പൊയ്ക്കൊള്ളുന്നതിനു് ആംഗ്യംകൊണ്ടു്, അനുകമ്പയോടുകൂടി, അവരോടു് ആജ്ഞാപിച്ചു. അനന്തരം തന്നെ താങ്ങിക്കൊണ്ടു നില്ക്കുന്ന രാമയ്യന്റെ മുഖത്തുനോക്കി “അപ്പനു മന്ത്രി താൻതന്നെ. മേൽക്കുമേൽ ശ്രേയസ്സുണ്ടാകും. സാധുക്കൾ എന്റെ കുട്ടികൾ! അവർക്കു് ഒരാശ്രയവും ഇല്ല. രാമയ്യൻ കുറച്ചൊക്കെ ക്ഷമിക്കണം–അസ്തമനം ആയോ?–താൻ പൊയ്ക്കളഞ്ഞോ?–ആരാ നിലവിളിക്കുന്നതു്? പത്മനാഭ! അപ്പനെവിടെ?” ഇത്രയും പറഞ്ഞു് ബോധക്ഷയത്തോടുകൂടി, വാവലുകൾ പറക്കുംപോലെ ജനസംഘം മടങ്ങി ഓടുന്ന ധ്വനി കേട്ടു്, അപ്പോൾ ആ സ്ഥലത്തു് വന്നുചേർന്ന യുവരാജാവിന്റെ കരങ്ങളിൽ പതിച്ചു.

ഈ ദിനാരംഭത്തിൽ ആദിത്യദേവൻ അപ്രത്യക്ഷമായിരുന്നു എന്നു പ്രസ്താവിക്ക ഉണ്ടായല്ലോ. അന്നു് ആദിത്യപ്രവേശം കേവലം അനാവശ്യമായിരുന്നു. എന്തുകൊണ്ടെന്നാൽ തമ്പിയുടെയും സുന്ദരയ്യന്റെയും ആനനപ്രസാദംകൊണ്ടുതന്നെ സകലലോകങ്ങളും ശോഭിക്കുമായിരുന്നു. ഇവർ രണ്ടുപേരും സന്തോഷാംബുധിയിൽ നിമഗ്നന്മാരായി, മഹാജളന്മാരായി തീർന്നിരിക്കുന്നു. നഗരവാസികൾ ഇളകിത്തുടങ്ങിയപ്പോൾ തമ്പി നവമായ ചില നടനസമ്പ്രദായങ്ങളും സുന്ദരയ്യൻ വർണ്ണങ്ങളും നിർമ്മിച്ചുതുടങ്ങി. പൗരന്മാരുടെ ലഹള വളർന്നപ്പോൾ തമ്പി പരമഭ്രാന്തനായിട്ടു് നടനങ്ങൾക്കിടയിൽ പൊടിക്കൈകളായി സുന്ദരയ്യനെ മാന്തുക, തല്ലുക മുതലായ പ്രേമസൂചകങ്ങളായ ക്രിയകൾകൊണ്ടു് സമ്മാനങ്ങളും ആരംഭിച്ചു. എന്നാൽ ഈ ഉത്സാഹങ്ങൾക്കു് ഒരു പ്രതിബന്ധം അല്പനേരത്തേക്കു് നേരിട്ടു. സുഭദ്രയുടെ ദൂതനായ പപ്പു ആ മഹാരംഗത്തിൽ പ്രവേശിച്ചു് അവന്റെ ദീനപ്രലാപങ്ങളും ചടങ്ങുകളുംകൊണ്ടു് തമ്പിയുടെ ഉന്മേഷത്തെ, വജ്രായുധത്താൽ ഇന്ദ്രൻ വിന്ധ്യനെ എന്നപോലെ, പക്ഷച്ഛേദനം ചെയ്തു ശരിയായ നിലയിലാക്കി. സുഭദ്ര മരിച്ചു് എന്നുള്ള വ്യാജമായ വൃത്താന്തംകേട്ടു് സത്യമെന്നുള്ള വിശ്വാസത്തോടുകൂടി തമ്പി കയർത്തും വ്യസനിച്ചും സുന്ദരയ്യന്റെ മുഖത്തു് നോക്കുന്നതിനിടയിൽ ബ്രാഹ്മണൻ പപ്പുവിനെ കണ്ഠത്തിനു് പിടിച്ചു് പുറത്താക്കി വാതിലും ബന്ധിച്ചു.

തമ്പി
“നിർദ്ദയനായ താൻ ബ്രാഹ്മണവംശത്തിൽ ജനിച്ചതു് അത്യാശ്ചര്യം! താൻമൂലമാണു് ആ സ്ത്രീക്കു മഹാദുഃഖമുണ്ടായതു്. തന്റെ ആഗ്രഹസിദ്ധിക്കു് ഉൾപ്പെടാത്ത അവളുടെ ഭർത്താവിനെ വ്യാജങ്ങൾ ധരിപ്പിച്ചു. അതുകൊണ്ടു് മതിയാകാഞ്ഞിട്ടു് എന്നെക്കൊണ്ടു് അവൾക്കു് ഒരെഴുത്തു് എഴുതി വാങ്ങി അയാളുടെ കൈയിലാക്കി, അയാളെ ഓടിക്കുകയും ചെയ്തു. പരമ ദുഷ്ടനായ താൻ ആ മഹാസാധുവിനെ ഇപ്പോൾ വിഷംകൊടുത്തു് കൊല്ലുകയും ചെയ്തു. എന്നിട്ടു്, ആ കഥ കേട്ടിട്ടു്, ലേശം കൂസലുമില്ല–”
സുന്ദരയ്യൻ
“വിഷത്തെക്കൊടുത്തതു് നാന്താൻ. ഒമ്മൂടെ ഉത്തരവെ നാൻ കേൾക്കത്താനേ വേണം.”
തമ്പി
“രാക്ഷസ! എന്റെ ഉത്തരവോ? നിന്റെ ഉപദേശമെന്നു പറ.”
സുന്ദരയ്യൻ
“എന്നമോ ആഹട്ടും. ഒമ്മുടെ ക്ഷേമത്തുക്കാകത്താനെ ശെയ്തതു്.”
തമ്പി
“ഒന്നുമല്ല. എനിക്കു് ആ പാവത്തിന്റെ മരണംകൊണ്ടു് ഒരു ലാഭവുമില്ല. കഷ്ടം! നാരായണ! ഈ ദുരിതം എവിടെക്കൊണ്ടുവെയ്ക്കും? വിചാരിക്കുന്തോറും സഹിക്കുന്നില്ല.”

കുലടയും കൃത്രിമിയുമായ ഒരു സ്ത്രീയുടെ മരണത്തെക്കുറിച്ചു് ക്ലേശിക്കരുതെന്നും മഹാരാജാവായാൽ തനിക്കു് ഇഷ്ടമുള്ള സ്ത്രീകളോടുകൂടി രമിക്കാമെന്നും മറ്റും പറഞ്ഞു് തമ്പിയുടെ കോപശോകങ്ങളെ നീക്കുന്നതിനു് സുന്ദരയ്യൻ ശ്രമിച്ചു.

തമ്പി
“ദ്രോഹീ, അവൾ മരിച്ചതെങ്ങനെയെന്നു് കുടമൺപിള്ള മുതൽപേർ അറിയുമ്പോൾ നമ്മുടെ തലയിൽ തീ കോരി ഇടുമല്ലോ.”
സുന്ദരയ്യൻ
“അനന്തപത്മനാഭൻ ശെത്തതു് എപ്പടി? ആരാവതു ശൊല്ലട്ടും. ശുന്തരത്തുടെ തിരുക്കെല്ലാം ഇന്തിരനുക്കും തെരിയവരാതു്. പോച്ചൊല്ലും. ഒളറതിരും.”

ഈ വാക്കുകൾ കേട്ടിട്ടും സമാധാനപ്പെടാതെ തമ്പി, ‘മഹാപാപി’ എന്നു മന്ത്രിച്ചുകൊണ്ടു് ഉഴലുന്നതിനിടയിൽ പുറത്തുനിന്നു് ഒരുവൻ വാതിലിൽ മുട്ടുകയാൽ തമ്പിയുടെ കണ്ണിൽ പെരുകി നിന്നിരുന്ന അശ്രുക്കളെ തന്റെ വസ്ത്രത്താൽ സുന്ദരയ്യൻ തുടച്ചിട്ടു് വാതിൽ തുറന്നു. തമ്പിയുടെ പരിചാരകന്മാരിൽ ഒരുവൻ “സാമീടെ വീട്ടിൽ കള്ളന്മാർ കടന്നു് എല്ലാം കൊണ്ടുപോയിപോലും” എന്നു സുന്ദരയ്യനോടു് പറഞ്ഞു. തമ്പി ചെമ്പകശ്ശേരിയിൽ താമസിച്ച രാത്രിയിൽ തമ്പിയുടെ അറപ്പുരയിലേക്കുള്ള രണ്ടാം പ്രവേശനം കഴിഞ്ഞു് ബുദ്ധി കുഴങ്ങി നിദ്രയ്ക്കാരംഭിച്ചതിന്റെ ശേഷം, താൻ ആരും ഗ്രഹിക്കാതെ മോഷ്ടിച്ചു്, തന്നോടുകൂടി പാർത്തിരുന്നവനും അന്നു് ആ ഗൃഹത്തിൽ ഒരു കോണിൽ എത്തിക്കൊള്ളുന്നതിനു് ഏർപ്പാടുചെയ്തിരുന്നവനും ആയ മരിച്ചുപോയ കോടാങ്കിയുടെ കൈവശം കൊടുത്തയച്ച ആഭരണങ്ങളും, ഈ വിധത്തിൽ താൻ ആർജ്ജിച്ചിട്ടുള്ള മറ്റു ദ്രവ്യങ്ങളും തസ്കരന്മാർ കൊണ്ടുപോയി എന്നു നിശ്ചയമാകയാൽ സുന്ദരയ്യന്റെ ശരീരം വിയർത്തു് ബ്രാഹ്മണൻ പരക്കെ നോക്കിത്തുടങ്ങി. അയാളുടെ ഭാവഭേദം കണ്ടു്, വ്യസനാക്രാന്തനായി നിന്നിരുന്ന തമ്പി ആശ്ചര്യത്തോടുകൂടി “എന്തിനെടോ പരിഭ്രമിക്കുന്നതു്? വല്ല പഴന്തുണികളോ പഴഞ്ചോറോ കൊണ്ടുപോയിരിക്കും. പോട്ടെ. തനിക്കു് ഞാനിരിക്കുന്നില്ലേ?” എന്നു പറഞ്ഞു.

സുന്ദരയ്യൻ
(യാതൊരു സംശയവും ആലോചനയ്ക്കു വേണ്ട താമസവും കൂടാതെ) “അങ്കത്തെ, കെട്ടിതു കാര്യം. ഇളയരാശാവുക്കു് കാലക്കുട്ടിയുടെ കട്ടിക്കാറത്തനം തെരിയവന്തുട്ടിതു്. ഇതുവും അവർ ശെയ്യിച്ചതുതാൻ. സന്ദേഹമെന്ന?”

സുന്ദരയ്യന്റെ ഭാവഭേദത്തിനു കാരണമായി പറഞ്ഞ അഭിപ്രായം കേട്ടു്, തമ്പി ശരിവച്ചു. എന്നു മാത്രമല്ല, ബ്രാഹ്മണന്റെ ബുദ്ധിസാമർത്ഥ്യത്തെക്കുറിച്ചു് അതിശയിക്കയും ചെയ്തു. തന്റെ സേവകനു് നേരിട്ട വ്യസനം നിസ്സാരമായിട്ടുള്ളതാണെങ്കിലും അതിനെക്കുറിച്ചു് വേണ്ട അന്വേഷണം താൻതന്നെ ചെയ്യുന്നതു് ഉചിതമാണെന്നുള്ള വിചാരത്തോടുകൂടി “ആരാണെടാ ഈ വർത്തമാനം കൊണ്ടന്നതു്?” എന്നു തന്റെ ഭൃത്യനോടു തമ്പി ചോദ്യം ചെയ്തു.

ഭൃത്യൻ
“സാമീടെ ഭാര്യതന്നെ.”
തമ്പി
ആഹാ! ഇങ്ങുവരാൻ പറ. സുന്ദരത്തിന്റെ മേനകയെ ഒന്നു കാണട്ടെ, ക്ഷണം വിളിക്കു്.”

തമ്പിയുടെ ഉത്തരവിൻ പ്രകാരം ഭൃത്യൻ ആനന്തത്തിനെ തമ്പിയുടെ മുന്നിൽ ഉന്തിത്തള്ളി പ്രവേശിപ്പിച്ചു. തമ്പിയെ കണ്ടപ്പോൾ ആനന്തം അതിശയമായി ലജ്ജ അഭിനയിച്ചു.

തമ്പി
“അ– ആരാണു മോഷ്ടിച്ചതു്? എപ്പോൾ? എങ്ങനെ? നടന്നതെല്ലാം പറയാം. ഭയപ്പെടേണ്ട” എന്നു ഗാംഭീര്യത്തെ വിടാതെ കരുണയോടുകൂടി പറഞ്ഞു.
ആനന്തം
(ശിരസ്സുകൊണ്ടും മറ്റും അനേകവൃത്തങ്ങളെ ആകാശത്തിൽ വരച്ചുകൊണ്ടു്) “പിന്നെ ഒണ്ടല്ലോ–(അധരം ഉണങ്ങിപ്പോകയാൽ നാവു കൊണ്ടു നനച്ചിട്ടു്) രാത്രി, പിന്നേ–ഇന്നലേ ഒറങ്ങുമ്പം പിന്നെ–”
സുന്ദരയ്യൻ
(കോപത്തോടുകൂടി) “പൈത്യാറിആട്ടം ഒളറാവടിക്കു കാര്യത്തെ ശട്ടെന്നു് ശൊല്ലടെ.”
ആനന്തം
(സംഭ്രമത്തോടുകൂടി) “എന്തരു പറയണതു് സാമീ? അങ്ങത്തെ അമ്മേലെ–”

സുന്ദരയ്യൻ മോഷ്ടിച്ച ആഭരണങ്ങൾ തമ്പിയുടെ മരിച്ചുപോയ മാതാവിനു് മഹാരാജാവിനാൽ ദത്തമായിട്ടുള്ളതുകളാണെന്നും അതുകളെ കോടാങ്കിക്കു് തമ്പി സമ്മാനിച്ചു എന്നും ആനന്തത്തെ ഗ്രഹിപ്പിച്ചിരുന്നതിനാൽ വിലയേറിയതായ ആവക മുതലുകളും കളവുപോയെന്നു് അതുകളുടെ ഉല്പത്തിയെ സൂചിപ്പിച്ചു് പറഞ്ഞുതുടങ്ങിയ വാക്കുകൾ മുഴുവൻ ആകുന്നതിനു മുമ്പിൽ, സുന്ദരയ്യൻ തന്റെ ഭാര്യയെ വലിച്ചിഴച്ചു പുറത്തുകൊണ്ടാക്കീട്ടു്, ജ്വലിക്കുന്ന കോപരസത്തോടുകൂടി അകത്തു് മടങ്ങിച്ചെന്നു് “പേച്ചികൾകിട്ടെ പേശിനാക്കാൽ ഇപ്പടിത്താൻ. സ്ഥാനേ സ്ഥിതസ്യഹ”–അ–കോപപ്പെടാതും–അങ്കത്തയുടെ അവസ്ഥയുടെ മാഹാത്മ്യത്തെ തെരിയാമൽ തായാരെപ്പത്തി എപ്പടിയും പേശറതുക്കു് അവളെ നാൻ വിടുവനാ? അങ്കത്തയുടെ ‘അമ്മ’യാം! ഹൂ! ‘അമ്മച്ചി’ എന്നാക്കുമേ അങ്കത്തെപ്പോലും ഉത്തരവാകറതു് എന്നു്, തന്റെ വാസ്തവമായ ഉദ്ദേശ്യത്തെ മറച്ചു് പറഞ്ഞു. തമ്പിയുടെ പ്രീതിക്കായിട്ടാണു് ആനന്തം ആഭരണങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചു് സൂചിപ്പിച്ചതു്. സുന്ദരയ്യന്റെ ഈ സമ്പാദ്യത്തിന്റെ മാർഗ്ഗം തമ്പി അറിഞ്ഞിട്ടില്ലെന്നു് അവൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല.ആനന്തത്തിന്റെ വാക്കുകൾ പൂർത്തിയായാൽ ആഭരണങ്ങളെ സംബന്ധിച്ചു് തമ്പി ചോദ്യം തുടങ്ങുമെന്നുള്ള ഭയത്തോടുകൂടിയാണു് സുന്ദരയ്യൻ ആ സ്ത്രീയെ ബലേന പുറത്താക്കിയതു്. സുന്ദരയ്യന്റെ നിഷ്കരുണത്വത്തെക്കണ്ട് തമ്പിക്കു് കുറച്ചു് നീരസം തോന്നിയെങ്കിലും അയാളുടെ സമാധാനം കേട്ടു് അസാമാന്യമായുള്ള സന്തോഷത്തോടുകൂടി സുന്ദരയ്യന്റെ മുതുകിൽ തടകീട്ടു് തന്റെ കർണങ്ങളിൽ കിടന്നിരുന്ന രണ്ടു് വജ്രകുണ്ഡലങ്ങളെ അഴിച്ചു് ബ്രാഹ്മണനു് സമ്മാനിച്ചു.പിന്നീടു് ഇങ്ങനെ പറയുകയും ചെയ്തു: “പോയി സംഗതിയെല്ലാം ചോദിക്കൂ, പെണ്ണുങ്ങളെന്നു് അണുദയവില്ലാത്ത അന്തകൻ. പോകൂ. ഛേ! അവൾ വ്യസനിക്കുമെടോ. ചെന്നു് സമാധാനപ്പെടുത്തൂ.” ഈ വാക്കുകൾ കേട്ടു് സുന്ദരയ്യൻ തന്റെ ഭാര്യയുടെ സമീപത്തേക്കു പോയി. കുറച്ചുനേരം കഴിഞ്ഞു് അകത്തുചെന്നപ്പോൾ അദ്ദേഹത്തിന്റെ സന്തോഷമെല്ലാം മങ്ങിയിരുന്നു.

തമ്പി
(സംഭ്രമത്തോടുകൂടി) “എന്താണെടോ? വസ്തുത വേഗം പറയൂ. എന്താണു വ്യസനം?”
സുന്ദരയ്യൻ
“അങ്കത്തേ, അവൾ ശാകലെ.”
തമ്പി
“എവളെടോ?”
സുന്ദരയ്യൻ
“അന്ത ചെമ്പകം.”
തമ്പി
“സത്യമോ?”
സുന്ദരയ്യൻ
“നിജം താൻ–പതറാതും.”
തമ്പി
“പത്മനാഭാ! ഇനി സന്തോഷിക്കാം. എടോ, അവൾ നമ്മോടു് ഒന്നും പിഴച്ചിട്ടില്ല. അവളെ കൊന്നു എന്നു് വന്നാൽ ഈ ജന്മത്തു് സുഖമുണ്ടാവൂല്ല.”
സുന്ദരയ്യൻ
“ശാകലെ അബ്ബാ ശാകലെ. തൂൺ പോലെ ഇരുക്കാൾ.”
തമ്പി
“എന്നാൽ താനിത്ര പരിഭ്രമിക്കുന്നതിനു് സംഗതി എന്തു്?”

തമ്പിയുടെ ചോദ്യത്തിനുത്തരമായി, മരിച്ചു് എന്നു് തമ്പിയെ ഗ്രഹിപ്പിക്കാൻ ഒരാളെ അയച്ചതുകൊണ്ടു് ആ സ്ത്രീ വിഷത്തിന്റെ സംഗതി അറിഞ്ഞിരിക്കുന്നതായി ഊഹിക്കേണ്ടതാണെന്നും മരിച്ചിട്ടില്ലെന്നു് തന്റെ ഭാര്യ പറയുന്നു എന്നും മോഷണക്കാര്യത്തെ കേട്ടിട്ടു് സുഭദ്ര ആനന്തത്തിനോടു് എല്ലാറ്റിനും നിവൃത്തിയുണ്ടാക്കാമെന്നു പറഞ്ഞു എന്നും, ആകപ്പാടെ സുഭദ്രയെ മേലിൽ പേടിക്കേണ്ടിയിരിക്കുന്നു എന്നും സുന്ദരയ്യൻ പറഞ്ഞു. ഈ വാക്കുകൾ കേട്ടു് തമ്പിയുടെ ഉള്ളിലും സംഗതിയെല്ലാം പ്രകാശിച്ചു എങ്കിലും അദ്ദേഹം മറുപടി പറഞ്ഞതു് ഇങ്ങനെ ആയിരുന്നു: “എങ്ങനെ ആയാലും വേണ്ടതില്ല. അവൾ ജീവിച്ചിരിക്കട്ടെ. സുന്ദരം, തന്റെ ശീലം നമുക്കു നല്ല പരിചയമാണു്. ഇനി അവൾക്കു് ദുർമൃതിക്കു സംഗതി വരികയാണെങ്കിൽ കുറ്റക്കാരൻ താനാണു്. അങ്ങനെ വന്നാൽ താനും ഞാനും ഒന്നിച്ചല്ല; മനസ്സിലായോ?”

സുന്ദരയ്യൻ
“അങ്കത്തയുടെ മനം എപ്പടിയോ അപ്പടിയേ നേക്കും.”
തമ്പി
“അങ്ങനെ പറയൂ. ആ കോടാങ്കിയെ അനാവശ്യമായിട്ടു് ഇന്നലെ വരുത്തി കാലനു് കൊടുത്തുവല്ലോ. അതു് എന്താവശ്യത്തിനായിരുന്നു?”

വേലുക്കുറുപ്പിന്റെ ബന്ധമോചനത്തെക്കുറിച്ചു് തനിക്കു് അറിവില്ലാതിരുന്നതിനാൽ, യുവരാജാവിനെ വധിക്കേണ്ട ഭാരം രാമനാമഠം ഏൽക്കാത്ത പക്ഷത്തിൽ അതിലേക്കു് നിയോഗിക്കാനായി അയാളെ വരുത്തിയതാണെന്നും, ഗൂഢമായി യുവരാജാവിനെ നിഗ്രഹിക്കണമെന്നു് ധൃതിപ്പെട്ട തമ്പിയുടെ അതിമോഹത്തെത്തന്നെ ആ വിഷയത്തിൽ കുറ്റപ്പെടുത്തേണ്ടതാണെന്നും സുന്ദരയ്യൻ പറഞ്ഞു. ഓരോ സ്ഥലങ്ങളിൽ നിന്നു് മാങ്കോയിക്കൽകുറുപ്പിനെപ്പോലെ ഉള്ളവർ യുവരാജാവിനെ സഹായിക്കാനായി വന്നുകൂടുന്നതിനും സുഭദ്രയുടെ നേർക്കു് ആലോചിച്ചിരുന്ന കൃത്യം പുറത്താകുന്നതിനും മുമ്പിലും വൃഥാ വലിയ യുദ്ധങ്ങൾകൂടാതെയും തന്റെ ആഗ്രഹസിദ്ധിക്കു് വഴി താൻ അനുവദിക്കമാത്രം ചെയ്തതു് ബ്രാഹ്മണന്റെ വാക്കിനെ അനുസരിച്ചാണെന്നു് തമ്പി വാദിച്ചു.

ഈ തർക്കം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ രാമനാമഠത്തിൽപ്പിള്ള തമ്പിയെ കാണ്മാൻ എത്തി.

തമ്പി
“എന്താണു പുറത്തു നടക്കുന്നതു്?”
രാമനാമഠം
“എല്ലാം ഇപ്പോൾ ശരിയാകും. കൊട്ടാത്തിന്റെ വാതിൽ തകർത്തുതുടങ്ങിയിരിക്കുന്നു.”
തമ്പി
(അല്പം ആലോചനയോടുകൂടി) “അച്ഛൻതിരുമേനി അറിഞ്ഞാൽ പോരാത്തതാണു്.”
രാമനാമഠം
“നാം അറിഞ്ഞിട്ടുള്ള സംഗതി അല്ലല്ലോ.”
തമ്പി
“ശരി, ശരി. ഇപ്പോൾ കഥ കഴിയുമോ?”
രാമനാമഠം
“സംശയമില്ല. ഇല്ലെങ്കിലും ഇനി ഞാൻ തന്നെ കഴിക്കാം. കേൾവി ഉണ്ടാകയില്ലെന്നു് തീർച്ചയായി. ജനങ്ങൾ നമ്മോടു തന്നെ ചേരും.”
തമ്പി
“എന്തായാലും തിരുമുഖം വരുന്നതിനു് മുമ്പിൽ എല്ലാം നടക്കണം.”
രാമനാമഠം
“എട്ടുവീടർക്കൊക്കെ ഈ കൊലപാതകങ്ങളെക്കുറിച്ചു് ഞാൻ കുറി അയച്ചിട്ടുണ്ടു്. ഇന്നു രാത്രി തന്നെ എല്ലാം തീരുമാനിക്കാം.”
തമ്പി
“കൊള്ളാം! ചാന്നാനെ വീട്ടിൽ കടത്തുകയില്ലെന്നു ചെമ്പകശ്ശേരിക്കാർ തർക്കിച്ചുകൊണ്ടില്ലയോ?”
രാമനാമഠം
“തർക്കിച്ചു. മാർത്താണ്ഡൻ പിള്ള അതിനെ ഒരു വിധത്തിൽ പറഞ്ഞു് ഒതുക്കി. അവൻ ചാന്നാനല്ലെന്നാണു് എന്റെ ഊഹം.”
തമ്പി
“എന്നു തന്നെ ആണു് എന്റെ വിചാരവും.”
സുന്ദരയ്യൻ
“നാൻ അപ്പഴേ ശൊല്ലിയല്ലോ.”
തമ്പി
“പ്രേതങ്ങളെ എന്തു ചെയ്തു?”
രാമനാമഠം
“എടുത്തു ദഹിപ്പിക്കാൻ ശട്ടം കെട്ടി.”
തമ്പി
“എന്തായി എന്നറിയുന്നില്ല. അതാ ഒരു ലഹള–

ആളുകൾ ഓടുന്ന ശബ്ദമാണു്. കഥ കഴിഞ്ഞു. നിങ്ങളുടെ ദയ–”

രാമനാമഠം
“അങ്ങുന്നേ, മലയാളികളുടെ ബുദ്ധി മഹാമോശം. എന്റെ മിടുക്കെന്നു വിചാരിക്കേണ്ട.

ഇതാ നില്ക്കുന്നു. കൊടുക്കണം വീരശങ്ങല പതിനായിരം. യുക്തികളെല്ലാം ഇവിടുന്നു കിട്ടിയതാണു്.–എന്തു ധൃതിയിൽ ആളുകൾ ഓടുന്നു!”

തമ്പി
“ആരവിടെ?” ഒരു പരിചാരകൻ അകത്തു പ്രവേശിച്ചവനോടു് “ആളുകൾ ഓടുന്നതെന്തിനു്?”
പരിചാരകൻ
“ചോദിച്ചിട്ടു് ആർക്കും അറിയാൻ പാടില്ല.”
തമ്പി
“പോയി അന്വേഷിച്ചു് വാ.”

അരനാഴിക കഴിഞ്ഞപ്പോൾ ചുള്ളിയിൽ മാർത്താണ്ഡൻപിള്ള കുടുമ അഴിച്ചു് പുറകോട്ടിട്ടും തമ്പിയുടെ പട്ടക്കാരൻ ഒരുവൻ തലക്കെട്ടു് കൈയിൽ ധരിച്ചും ഓടി ക്ഷീണിച്ചു് അകത്തു് പ്രവേശിച്ചു. മഹാരാജാവു് നാടു് നീങ്ങിയിരിക്കുന്നു. കൊട്ടാരത്തിനകത്തു് തുടങ്ങിയ മുറവിളി തമ്പിയുടെ വലിയ നാലുകെട്ടിലും കേൾക്കാറായി.