close
Sayahna Sayahna
Search

മൗലികത — ചങ്ങമ്പുഴയിലും വൈലോപ്പിള്ളിയിലും


മൗലികത — ചങ്ങമ്പുഴയിലും വൈലോപ്പിള്ളിയിലും
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

ശ്രീ. അരവിന്ദ്ഘോഷ് ഭൗതികശാസ്ത്രത്തിലെ “എന്‍ട്രപി” (entropy) സിദ്ധാന്തത്തെക്കുറിച്ചു കൂടെയുള്ളവരോടു സംസാരിക്കുകയായിരുന്നു. ഊര്‍ജ്ജത്തിനു നശിക്കാനാവില്ലെങ്കിലും അതു പ്രയോജനമുള്ള രൂപത്തില്‍നിന്നു പ്രയോജനമില്ലാത്ത രൂപത്തിലാവും എന്നാണ് ഈ ശാസ്ത്രീയ സിദ്ധാന്തം. അരവിന്ദ ഘോഷ് ഇതിനോടു യോജിക്കാതെ പറഞ്ഞു: One sun may be losing heat, but another sun may be created and thus perpetual creation go on. ഇതു വായിച്ചുടനെ ഞാന്‍ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ “അംബരമദ്ധ്യം തിളക്കുന്നൊരാദിത്യബിംബവും കെട്ടുപോമെങ്കിലാട്ടെ, അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരു തീക്കട്ടയുണ്ടാക്കും സര്‍ഗ്ഗശക്തി” എന്ന വരികള്‍ ഓര്‍മ്മിച്ചു പോയി. ജി. ശങ്കരക്കുറുപ്പ് അരവിന്ദ ഘോഷിന്റെ ആശയം ചൂഷണം ചെയ്തു എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. ഉത്തരക്ഷണത്തില്‍ ആ തീരുമാനത്തിനു മാറ്റം വന്നു. രണ്ടു പ്രതിഭാശാലികള്‍ ഒരേ ആശയം ആവിഷ്കരിച്ചതാവാം എന്നു ഞാന്‍ കരുതി. ഇപ്പോഴും ആ വിചാരത്തിനു മാറ്റമില്ല. ഇനി ചോരണമാണെന്നു തന്നെ ഉറപ്പിച്ചാലും ആശയത്തിനു പകര്‍പ്പവകാശമുണ്ടോ എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. അതുകൊണ്ട് സാഹിത്യത്തിലെ പരകീയത്വത്തെക്കുറിച്ചു പറയുമ്പോള്‍ വളരെ സൂക്ഷിച്ചേ അതാകാവൂ എന്നു ഞാന്‍ സ്വയം അനുമാനത്തിലെത്തി.

“സാഹിത്യത്തിലെ ചൂഷണത്തെക്കുറിച്ചു പറയരുത്. അതിലൊരര്‍ത്ഥവുമില്ല” എന്ന് എന്‍. ഗോപാലപിള്ള സാര്‍ പലപ്പോഴും എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ട്. പിന്നീട് കീര്‍ക്കെഗോറിന്റെ “Repetition”എന്ന പുസ്തകം വായിച്ചപ്പോള്‍ സാറിന്റെ ഈ മതത്തിനു ഉറപ്പ് ഉണ്ടെന്നു തോന്നുകയും ചെയ്തു. “ഈശ്വരന്‍ തന്നെ ആവര്‍ത്തനത്തിനു തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല… ലോകം നിലനില്ക്കുന്നത് ആവര്‍ത്തനത്താലാണ്.’ എന്ന് അദ്ദേഹം അസന്ദിഗ്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. ആശയങ്ങളുടെയും ബിംബങ്ങളുടെയും പകര്‍ത്തല്‍ സംഭവിക്കാവുന്നതു മാത്രമാണ്. ഇവയെക്കുറിച്ച് രന്ധ്രാന്വേഷികള്‍ അന്വേഷിച്ചു കൊള്ളട്ടെ. ആശയങ്ങളും ബിംബങ്ങളും ചരിത്രത്തിന്റെ മാത്രം വകയാണ്.കവിയെ സംബന്ധിച്ചടുത്തോളം അയാളുടെ വാക്കിനും ഭാവനാത്മകമായ അന്യതയ്ക്കുമാണ് പ്രാധാന്യം. അവിടെയാണ് കവിയുടെ അന്യാദൃശ്യ സ്വഭാവം കാണേണ്ടത് എന്ന അര്‍ത്ഥത്തില്‍ ഒരു നിരൂപകന്‍ പറഞ്ഞതും എന്റെ ഓര്‍മ്മയിലെത്തുന്നു. ഇതൊക്കെ ഒരളവില്‍ ശരിയാണെന്നു സമ്മതിച്ചാലും ഇടതു വശത്ത് ഇംഗ്ലീഷ് പുസ്തകം വച്ച് വലതുവശത്ത് വെള്ളക്കടലാസ്സു വച്ച് അതിലേക്കു മലയാള ലിപികളില്‍ പകര്‍ത്തുന്ന ഏര്‍പ്പാട് ഇല്ലെന്നു പറയാന്‍ വയ്യ. ആ പ്രവൃത്തിയെ ഒരു വിധത്തിലും നീതിമത്കരിക്കാനും വയ്യ. ഷെക്സ്പിയറിന്റെ Romeo and Juliet എന്ന നാടകത്തിലെ ഒരു രംഗം നോക്കുക.

Juliet:

Will you be gone? It is not yet near day;
It was the nightingale, and not the lark
That pierc’d the fearful hollow of thine ear;
Nightly she sings on yond
pomegranate-tree
Believe me, love it was the nightingale

Romeo:

It was lark, the herald of the morn
No nightingale: look, love, what envious streaks
Do lace — the severing clouds
in yonder east;
Night’s candles are burnt out,
and jocund day
Stands tiptoe on the misty mountain tops
I must be gone and live, or stay die

Juliet:

Yond light is not day-light,
I know it. I:

It is some meteor that the
sun exhales,
To be to thee this night
a torch bearer

Act III Scene (v)

ഇതിനോട് ചങ്ങമ്പുഴയുടെ രമണനിലെ, താഴെച്ചേര്‍ക്കുന്ന വരികള്‍ തട്ടിച്ചു നോക്കാം:

രമണന്‍

അങ്ങതാ,
കോഴികൂകിത്തുടങ്ങി!
പോകുന്നു ഞാ-
നിങ്ങിനി നില്ക്കാന്‍ മേല-
വെളുക്കാറായീനേരം.
ചന്ദ്രിക: അതു പാതിരാക്കോഴിയാണ്.
പേടിക്കാനില്ല
പുതുപൂനിലാവസ്തമിച്ചിട്ടില്ലിതുവരെ.

രമണന്‍

ഒന്നു നീ കിഴക്കോട്ടു നോക്കുക.
ദൂരെക്കാണും
കുന്നിന്റെ പിന്നില്‍ ശോണച്ഛായകള്‍
പൊടിച്ചല്ലോ

ചന്ദ്രിക

ചെങ്കനല്‍ നക്ഷത്രത്തില്‍
തങ്കരശ്മികള്‍ തട്ടി,
ത്തങ്കിയതാണാ വര്‍ണ്ണസങ്കരം
കിഴക്കെല്ലാം.

രമണന്‍

അല്ലല്ല പുലര്‍കാല
കന്യകതന്‍ കാശ്മീരാങ്കി
തോല്ലസല്‍ പദപദ്മസംഗമ
ദ്യുതിയത്രേ.

ഇവിടെ വാക്കുകള്‍ ചങ്ങമ്പുഴയുടേതാണെങ്കിലും അവയ്ക്കു ഭഷാന്തരീകരണ സ്വഭാവമല്ലാതെ വേറെന്തുണ്ട്. ഭാവനാത്മകമായ അനന്യത ഇവിടെ ദൃശ്യമാണോ? പൂര്‍വ കവികളും സമകാലികരും വിഭിന്നരല്ല എന്നു സാഹിത്യ ചൂഷണത്തെ നീതിമത്കരിച്ചു ചിലര്‍ പറയുന്നതിനോടു നമുക്കിവിടെ യോജിക്കാന്‍ പറ്റുമോ? ഇങ്ങനെ തര്‍ജ്ജമ ചെയ്യാന്‍ തുടങ്ങിയാല്‍ മൗലികത എന്നൊരു ഗുണമുണ്ടെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ?

ഷെക്സ്പിയറിന്റെ Twelfth Night എന്ന നാടകത്തിലെ ഒരു ഭാഗം കൂടി ഉദ്ധരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

Come away, come away death,
And in sad cypress let me be laid
Fly away, fly away breath;
I am slain by a fair cruel maid.
My shroud of white, stuck all with yew,
O. prepare it!
My part of death, no one so true
Did share it.

Not a flower, not a flower sweet,

On my black coffin let there
be strown
Not a friend, not a friend greet
My poor corpse, where my bones
shall be thrown
A thousand thousand sighs to save
Lay me, O, where

Sad true lover never find my grave
To weep there
(Act II, 4)

ഇനി ചങ്ങമ്പുഴയുടെ വരികളാവട്ടെ:

“അല്ലെങ്കില്‍ വേണ്ട; ഞാനെന്നുമെന്നു
ആലംബമില്ലാത്തൊരെന്നെയോര്‍ത്ത
ന്നാരുമൊരാളും കരഞ്ഞിടേണ്ട
എന്നന്ത്യവിശ്രമരംഗമാരും
പൊന്നലര്‍കൊണ്ടു പൊതിഞ്ഞിടേണ്ട!
മാനവപാദസമ്പര്‍ക്കമറ്റ
കാനനാന്തത്തിങ്കല്‍ വല്ലിടത്തും
തിങ്ങിടും പച്ചപ്പടര്‍പ്പിനുള്ളില്‍
നിങ്ങളെന്‍ കല്ലറ തീര്‍ക്കുമെങ്കില്‍
പോരും!മലിനമാമീയുലകില്‍
ചാരിതാര്‍ത്ഥ്യമില്ലെനിക്കുവേറെ!
ഞാനുമെന്‍ മൂക പ്രണയവുമൊ
ത്താവനാന്തത്തിലടിഞ്ഞുകൊള്ളാം”

Repetition makes a person happy where as recollection makes him unhappy എന്നു കീര്‍ക്കെഗോര്‍ പറഞ്ഞത് ശരിയല്ലെന്നു തോന്നുന്നു. ചങ്ങമ്പുഴയുടെ ആവര്‍ത്തനം സഹൃദയന് ആഹ്ലാദജനകമല്ല. സ്ഥാലീപുലാക ന്യായമമനുസരിച്ച് ഇത്രയും മതി. ഇനി വേറൊരു കവിയിലേക്കു പോകാം.

‘ഔപചാരികമായി’ മഹാകവിയെന്നു വിശേഷിപ്പിക്കുപ്പെടുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്‍ പൂര്‍വ കവികളുടെ കാവ്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ തല്‍പരനാണ്. അവരുടെ ബാല്യകാല കവിതകള്‍ പോലും അദ്ദേഹത്തിന് “സ്വീകരണീയങ്ങളും ആദരണീയങ്ങളും’ മാണ്. ടെനീസണ്‍ എന്ന ഇംഗ്ലീഷ് കവിയുടെ Recollections of Arabian Nights എന്ന കാവ്യം വായിച്ചപ്പോള്‍ കേരളീയ കവി, കീര്‍ക്കെഗോറിന്റെ Repetition എന്ന മഹനീയമായ ആശയത്തില്‍ അഭിരമിച്ചു. “ആയിരത്തൊന്നു രാവുകള്‍” എന്ന മനോജ്ഞമായ കാവ്യം. സദൃശ്യങ്ങളായ ചില വരികള്‍ എടുത്തു കാണിക്കാനേ എനിക്കു കൗതുകമുള്ളു.

1) A night my shallop, rustling thro’
The low and bloomed foliage drove
The fragrant glistering deeps
and clove
The cirton-shadow in the blue.

അതിന്റെ വിളി കേട്ടോരോ
കാലഘട്ടം കടന്നു ഞാന്‍
പൂകിനേന്‍ മാതളം പൂക്കും
പുരിതന്‍ മുഖ്യപാതയില്‍
2) Gold glittering thro’
lamplight dim
മങ്ങുന്നു മണിമച്ചിങ്കല്‍
മണം ചിന്തും വിളക്കുകള്‍
3) The living airs of middle night
Dies round the bulbul as he sang
മുല്ലപ്പൂമണമുള്‍ക്കൊണ്ടു
മൂര്‍ച്ഛിപ്പൂ മന്ദമാരുതന്‍

മാഘ മഹാകാവ്യത്തിലെ പഞ്ചമസര്‍ഗ്ഗത്തില്‍ മത്തേഭങ്ങളെ വര്‍ണ്ണിക്കുന്ന ഭാഗവും വൈലോപ്പിള്ളിയുടെ “സഹ്യന്റെ മകനും” താരതമ്യപ്പെടുത്തി ഭാവനാത്മകമായ അനന്യത എത്രയുണ്ടെന്നു മനസ്സിലാക്കാന്‍ പ്രിയപ്പെട്ട വായനക്കാരോട് അപേക്ഷിച്ചുകൊണ്ട് ഞാന്‍ ഈ ചിന്ത ഇവിടെ അവസാനിപ്പിക്കട്ടെ. മകന്റെ കുട്ടിക്കാലത്ത് അവന്റെ അച്ഛന്‍ പറഞ്ഞു കൊടുത്ത കഥ ആ മകന്‍ അച്ഛനാവുമ്പോള്‍ സ്വന്തം മകനു പറഞ്ഞു കൊടുക്കുന്നു. അവന്‍ പ്രായമെത്തുമ്പോള്‍ സ്വന്തം മകനെ അതു പറഞ്ഞു കേള്‍പ്പിക്കുന്നു. അങ്ങനെ അനവരതമായ പ്രവര്‍ത്തനം ഈ ലോകത്തു നടക്കുന്നു. പൂര്‍വികന്മാരില്‍ നിന്നു കിട്ടിയത് കവികള്‍ ഉപയോഗിക്കാതിരിക്കുന്നതെന്തിന്? ചുമ്മാ ഉപയോഗിക്കട്ടെ. കീര്‍ക്കെഗോര്‍ സഹായത്തിനുണ്ട്.

യുക്തിയുള്ള മനുഷ്യന്‍ ലോകത്തോട് അനുരഞ്ജിക്കുന്നു. യുകതിയില്ലാത്ത മനുഷ്യന്‍ ലോകത്തെ തനിക്കു യോജിച്ച വിധത്തില്‍ മെരുക്കിയെടുക്കുന്നു. അപ്പോള്‍ എല്ലാ പുരോഗതിയും യുക്തിയുമില്ലാത്ത മനുഷ്യനെ ആശ്രയിച്ചിരിക്കുന്നുവെന്നു ബര്‍ണാര്‍ഡ്‌ ഷാ പറഞ്ഞിട്ടുണ്ട്. ലോകത്തോട് അനുരജ്ഞനം നടത്തുമ്പോഴാണ് കീര്‍ക്കെഗോറിന്റെ ആവര്‍ത്തനം. ലോകത്തെ തനിക്കു യോജിച്ച വിധത്തില്‍ മെരുക്കിയെടുക്കുമ്പോഴാണ് മൗലികത — ഒറിജിനാലിറ്റി — ഉണ്ടാവുക. നോബല്‍ സമ്മാനം നേടിയ പീറ്റര്‍ മെഡമാര്‍ മൗലികത എന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ ഫലമായി മക്‌ബത്തിന്റെ കൈകളിലാകെ രക്തം. ഈ ‘വൃത്തികെട്ട തെളിവു’ കഴുകിക്കളയൂ എന്നു ലേഡി മക്‌ബത്ത് അയാളോടു പറഞ്ഞു. പക്ഷേ അന്നത്തെ സ്കോട്ടിഷ് ദുര്‍ഗഹര്‍മ്മ്യങ്ങളില്‍ പൈപ്പ് വെള്ളമില്ല. വാഷ് ബെയ്സിനും പാത്രങ്ങളില്‍ വച്ച വെള്ളവും മാത്രമേയുള്ളു. മക്‌ബത്ത് അവയെല്ലാം ചുവപ്പിച്ചിരിക്കും. എന്നിട്ടും ചോര കഴുകിക്കളയാനാവുന്നില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു This my hand would rather the multitudinous seas incarnadine. സമുദ്രങ്ങളിലെല്ലാം കൈകഴുകിയാലും അവയെ താന്‍ അരുണാഭമാക്കുകയേയുള്ളു എന്നു മക്ബത്ത് വിചാരിക്കുകയാണ്. Multitudinous seas എന്നു ഷെക്സ്പിയര്‍ മുന്‍പ് പ്രയോഗിച്ചിട്ടില്ല. incarnadine — ചുവപ്പിക്കുക — എന്നും അദ്ദേഹം ഇതിനു മുന്‍പ് പ്രയോഗിച്ചിട്ടില്ല. വെറെ ആരുടെ കാവ്യത്തിലും ഇതു കാണുകയില്ല. ഇതാണ് ഒറിജിനാലിറ്റി — മൗലികത — എന്നു മെഡവാര്‍ പറയുന്നു.

പൂര്‍വ്വവിജ്ഞാനമില്ലാതെ അന്യാദൃശ്യമായ രീതിയില്‍ ആവിഷ്കരണം നടത്തുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. അങ്ങനെയുള്ളവര്‍ എത്രപേരുണ്ട് നമുക്ക്? ഇത്രയും പറഞ്ഞുകൊണ്ട് മറ്റാരും എടുക്കാത്ത വിഷയങ്ങളെ സ്വീകരിക്കാവൂ എന്ന് ഞാന്‍ പറയുന്നില്ല. ആശയങ്ങളുടേയും ബിംബങ്ങളുടേയും സങ്കലനവും വീണ്ടുമുള്ള സങ്കലനവും കൊണ്ട് പുതുമ സൃഷ്ടിക്കുന്നതാണ് കലാകാരന്റെ കര്‍ത്തവ്യം. അതിനു കഴിവുള്ളവര്‍ക്കു കീര്‍ക്കെഗോറിന്റെ “ആവര്‍ത്തന”മെന്ന ആശയം അവലംബമായിത്തീരേണ്ടതില്ല.