close
Sayahna Sayahna
Search

പ്രഭാതത്തിൽ ചൊല്ലേണ്ട പ്രാർത്ഥന


റിൽക്കെ

റിൽക്കെ-08
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212
Egon Schiele (1890–1918): Herbstsonne und Bäume (1912) (Courtesy: Wikimedia).

പണിയെടുക്കേണ്ട നാളുകളിൽ നിങ്ങളുടെ കടമകളിലേക്കു സന്തോഷത്തോടെയുണരുക, നിങ്ങൾക്കു കഴിയുമെങ്കിൽ. കഴിയുന്നില്ലെന്നാണെങ്കിൽ, എന്താണു് നിങ്ങൾക്കു തടസ്സമാകുന്നതെന്നു പറയൂ. കനത്തതെന്തെങ്കിലും, ദുഷ്കരമായതെന്തെങ്കിലും നിങ്ങളുടെ വഴി മുടക്കുന്നുണ്ടോ? കനത്തതും ദുഷ്കരവുമായതിനോടു നിങ്ങൾക്കുള്ള വിരോധത്തിനു കാരണമെന്താണെന്നു പറയൂ. നിങ്ങളെയതു കൊല്ലുമെന്നോ? അതു ശരി, അപ്പോൾ അതു് ശക്തവും തടുക്കരുതാത്തതുമാണു്, അത്രയും നിങ്ങൾക്കറിയാം. എളുപ്പമായതിനെക്കുറിച്ചു നിങ്ങൾക്കെന്തറിയാമെന്നുകൂടി പറയൂ. ഒന്നുമില്ല? എളുപ്പമായതിനെക്കുറിച്ചു് നമുക്കു് ഒരോർമ്മയുമില്ല. എങ്കിൽ, തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, നിങ്ങൾ ശരിക്കും തിരഞ്ഞെടുക്കുക ദുഷ്കരമായതല്ലേ? നിങ്ങളുടെ സ്നേഹങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്നതിനാൽ അതിനോടുള്ള ബന്ധുത്വം നിങ്ങൾക്കറിയാവുന്നതല്ലേ? അതല്ലേ, യഥാർത്ഥത്തിൽ നിങ്ങളുടെ വസതി?

അതിനെ തിരഞ്ഞെടുക്കുമ്പോൾ പ്രകൃതിയോടു പൊരുത്തപ്പെടുകയുമല്ലേ നിങ്ങൾ? വിത്തിനു മണ്ണിൽ കിടക്കുകയല്ലേ പ്രിയം? ദേശാടനക്കിളികൾക്കു വഴി ദുഷ്കരമല്ലേ, കാട്ടുമൃഗങ്ങൾ സ്വയം പ്രതിരോധിക്കുകയുമല്ലേ?

നോക്കൂ: എളുപ്പമുള്ളതു്, പ്രയാസമുള്ളതു് ആ വകയൊന്നുമില്ല. ദുഷ്കരമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അതു് ജീവിതം തന്നെയാണു്. നിങ്ങൾക്കു ജീവിക്കണമെന്നുണ്ടു്, ഇല്ലേ? അപ്പോൾ, ദുഷ്കരമായതിനെ കടമ എന്നു വിളിച്ചാൽ അതു തെറ്റാണു്. അതിജീവനത്തിനുള്ള വാസന നിങ്ങളെ അതിലേക്കു തള്ളിവിടുകയാണു്. എങ്കിൽ നിങ്ങളുടെ കടമ എന്നു പറയുന്നതെന്താണ്? ദുഷ്കരമായതിനെ സ്നേഹിക്കുക — അതാണു് നിങ്ങളുടെ കടമ. ആ ഭാരം നിങ്ങൾ ചുമക്കുന്നു എന്നു പറഞ്ഞാൽ അതു വേണ്ടവിധമായിട്ടില്ല; നിങ്ങളതിനെ തൊട്ടിലാട്ടണം, പാടിയുറക്കണം, അതിനാവശ്യം വരുമ്പോൾ നിങ്ങൾ വിളിപ്പുറത്തുണ്ടാവണം, അതിനേതു നിമിഷവും നിങ്ങളെ ആവശ്യം വന്നുവെന്നും വരാം.

സഹായിക്കാൻ നിങ്ങൾ എപ്പോഴും തയാറായിരിക്കണം, അതിനോടു സൗമ്യമായും ദയവോടെയും പെരുമാറണം, ഒരു കുഞ്ഞിനെയെന്നപോലെ ആ ദുഷ്കരകൃത്യത്തെ നിങ്ങൾ ലാളന കൊണ്ടു മൂടണം; നിങ്ങളില്ലാതെ അതിനു ജീവിക്കാൻ പറ്റില്ലെന്നു വരട്ടെ, നിങ്ങളാണു് അതിനാശ്രയമെന്നു വരട്ടെ.

ആ ഒരവസ്ഥയിലേക്കു് അതിനെ നിങ്ങളെത്തിച്ചാൽ പിന്നെ മറ്റൊരാൾ വന്നു് അതിനെ നിങ്ങളുടെ കൈയിൽ നിന്നു വാങ്ങുന്നതു് നിങ്ങൾക്കിഷ്ടമാകാതെവരും.

അത്രത്തോളം നിങ്ങളെത്തുന്നതു് സ്നേഹത്തിലൂടെയുമാണു്. സ്നേഹിക്കുക എന്നതു് ദുഷ്കരമാണു്. ഒരാൾ നിങ്ങളെ സ്നേഹിക്കാൻ ക്ഷണിക്കുമ്പോൾ വളരെ വലിയൊരു ദൗത്യമാണു് അയാൾ നിങ്ങളെ ഏല്പിക്കുന്നതു്; എന്നുവച്ചു് അതു് അസാദ്ധ്യമാണെന്നുമല്ല. എന്തെന്നാൽ, മറ്റൊരാളെ സ്നേഹിക്കാനല്ല അയാൾ നിങ്ങളെ ക്ഷണിക്കുന്നതു്, അതു് തുടക്കക്കാർക്കു പറഞ്ഞിട്ടുള്ളതല്ല; ദൈവത്തെ സ്നേഹിക്കാനുമല്ല ആവശ്യപ്പെടുന്നതു്, മനഃപാകം വന്നവർക്കേ അതു കഴിയൂ. അയാൾ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതു് നിങ്ങൾക്കു ദുഷ്കരമായതിലേക്കാണു്, നിങ്ങൾക്കേറ്റവും ആവശ്യമുള്ളതിലേക്കും ഒപ്പം സാഫല്യം നല്കുന്നതിലേക്കുമാണു്. നോക്കൂ, എളുപ്പമുള്ളതിനു് നിങ്ങളിൽ നിന്നൊന്നും വേണ്ട; എന്നാൽ ദുഷ്കരമായതു് നിങ്ങളെ കാത്തുനില്ക്കുന്നു; നിങ്ങളിലുള്ള ഒരു കരുത്തും അതിനാവശ്യമില്ലാത്തതായിട്ടുണ്ടാവില്ല; നിങ്ങളുടെ ജീവിതം എത്ര ദീർഘിച്ചാലും അതിൽ ഒരു നാളു പോലും എളുപ്പമുള്ളതിനു (അതിനു നിങ്ങളുടെ കരുത്തിനെ പുച്ഛവുമാണു്) മാറ്റിവയ്ക്കാനുണ്ടാവില്ല.

നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേക്കിറങ്ങി ദുഷ്കരമായതിനെ അവിടെ പണിതെടുക്കുക. കടലിന്റെ ഏറ്റിറക്കങ്ങൾക്കൊപ്പം ഭേദപ്പെടുന്ന കരയാണു നിങ്ങളെങ്കിൽ നിങ്ങൾക്കുള്ളിൽ അതൊരു വീടാകട്ടെ. നിങ്ങൾ ഒരു നക്ഷത്രവുമല്ലെന്നോർക്കുക, നിങ്ങൾക്കൊരു യാത്രാപഥമില്ലെന്നും.   നിങ്ങൾ നിങ്ങളിലടങ്ങിയ ഒരു ലോകമായിരിക്കണം; ആ ദുഷ്കരമായ കാര്യം നിങ്ങളുടെ കേന്ദ്രബിന്ദുവിലുമുണ്ടാവണം, നിങ്ങളെ അതിലേക്കു വലിച്ചെടുത്തുകൊണ്ടു്. പിന്നെയൊരുനാൾ, അതിന്റെ ഭാരവും അതിന്റെ ഗുരുത്വാകർഷണവും നിങ്ങൾക്കുമപ്പുറത്തുള്ളതുകളിൽ അതിന്റെ സ്വാധീനം ചെലുത്തും, ഒരു വിധിയിൽ, ഒരു വ്യക്തിയിൽ, ദൈവത്തിൽ. പിന്നെ, എല്ലാം സജ്ജമാവുമ്പോൾ, നിങ്ങളുടെയാ ദുഷ്കരമായ കാര്യത്തിലേക്കു ദൈവം കടന്നുവരും. അവനും നിങ്ങൾക്കും തമ്മിൽ കാണാൻ അതല്ലാതെ മറ്റൊരിടമുള്ളതായി നിങ്ങൾക്കറിയാമോ?

(1905)