close
Sayahna Sayahna
Search

വിജയൻ, റ്റോമസ്‌മാൻ, കമ്യൂ


വിജയൻ, റ്റോമസ്‌മാൻ, കമ്യൂ
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

പള്ളിയിലെ ശ്മശാനത്തിലേക്കുള്ളപാത ചരലുവിരിച്ചതാണ്. അതിന് സമാന്തരമായി രാജവീഥി. അതില്‍ വാഹനങ്ങളോടുന്നുണ്ട്. രാജവീഥിക്കും നടപ്പാതക്കും ഇടയിലായി ഉണങ്ങിയ വീതികുറഞ്ഞ ചാലാണ്. അതില്‍ പുല്ലുകളും പൂക്കളും. പാതയിലൂടെ പ്രായം കൂടിയ ഒരുത്തന്‍ കറുത്തവടിയൂന്നി നടന്നു പോകുന്നു. കുനിഞ്ഞ തല; കറുത്ത വസ്ത്രങ്ങള്‍. പ്രിയപ്പെട്ടവരുടെ ശവക്കുഴികള്‍ കാണാനാണ് അയാളുടെ പോക്ക്. ചുക്കിച്ചുളിഞ്ഞ കഴുത്തില്‍നിന്ന് തള്ളിനില്ക്കുന്ന തൊണ്ടമുഴ. അതുള്ള ആ മനുഷ്യന്‍ ചിലപ്പോള്‍ തലയുയര്‍ത്തിനോക്കും. ശവപ്പറമ്പിലേക്ക് ഇനി എത്ര ദൂരമുണ്ടെന്ന് അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ അയാളുടെ മുഖം നമുക്കു കാണാം. കണ്ടുകഴിഞ്ഞാല്‍ ആ മുഖം പിന്നീടൊരിക്കലും നമ്മള്‍ മറക്കില്ല. ആ പാവത്തിനെ സ്നേഹിക്കുന്നവരായി ആരുമില്ല. ഭാര്യ മരിച്ചു; ബന്ധുക്കള്‍ മരിച്ചു. മുഴുക്കുടിയനായതുകൊണ്ട് ജോലിയും നഷ്ടപ്പെട്ടു അയാള്‍ക്ക്.

അയാള്‍ അങ്ങനെ നടക്കുമ്പോള്‍ ആരെയും വകവയ്ക്കാത്ത ഒരു ചെറുപ്പക്കാരന്‍ സൈക്കിളില്‍ വരുന്നു. പട്ടണത്തില്‍നിന്നാണ് ആ യുവാവിന്റെ വരവ്. വില കുറഞ്ഞ സൈക്കിള്‍. അതിന്റെ പെഡലുകളില്‍ സൂര്യൻ പ്രതിഫലിച്ചു. നീല മിന്നല്പിണരുകള്‍ പോലെയാണ് അയാളുടെ കണ്ണുകള്‍. മണിനാദം കേള്‍പ്പിച്ചുകൊണ്ട് ജീവിതമെന്നപോലെ തന്നെ അയാള്‍ വരികയാണ്. ഹുറ, ഹുറ, പക്ഷേ പ്രായം കൂടിയ മനുഷ്യന്‍ ഒരിഞ്ചുപോലും മാറിയില്ല. ‘ജീവിതം’ അയാളെ ദേഷ്യത്തോടെ നോക്കിയിട്ടു കടന്നുപോയി. അപ്പോള്‍ വൃദ്ധന്‍ ഉറക്കെപ്പറഞ്ഞു “നമ്പര്‍ ഒന്‍പതിനായിരത്തിഴെയുന്നൂറ്റിയേഴ്”. ‘ജീവിതം’ അതുകേട്ടു തിരിഞ്ഞുനോക്കിച്ചോദിച്ചു: “എന്തു പറഞ്ഞു?”

അയാള്‍: “നമ്പര്‍ ഒന്‍പതിനായിരത്തിയെഴുന്നൂറ്റിയേഴ്. ഞാന്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുകയാണ്.”

“നിങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുന്നോ? പതുക്കെ സൈക്കളോടിച്ചുകൊണ്ട് യുവാവിന്റെ ചോദ്യം. “തീര്‍ച്ചയായും” വൃദ്ധന്റെ മറുപടി. പൊതുനിരത്തിലൂടെ മാത്രമേ സൈക്കിളോടിക്കാവൂ. ശവപ്പറമ്പിലേക്കുള്ള നടപ്പാതയില്‍ അതരുത്. “ഇഷ്ടംപോലെ ചെയ്യൂ” എന്നു പറഞ്ഞ് യുവാവ് സൈക്കളില്‍ കയറി. വൃദ്ധന് തീരെ സഹിച്ചില്ല. അയാള്‍ സീറ്റിന്റെ പിറകിലുള്ള ചെറിയ തോല്‍പോക്കറ്റില്‍ പിടികൂടി. സൈക്കിൾ നിന്നു; അത് ചരിഞ്ഞു വീണു. ‘ജീവിതം’, അക്രമാസക്തനായി. അത് വൃദ്ധനെ നെഞ്ചില്‍പിടിച്ചൊരു തള്ളുകൊടുത്തു. ജീവിതം കുറെ ശകാരങ്ങള്‍ കൂടി ചൊരിഞ്ഞിട്ട് സൈക്കിളില്‍ കയറിപ്പോവുകയും ചെയ്തു. അച്ചടിക്കാന്‍ വയ്യാത്ത അസഭ്യപദങ്ങള്‍ വര്‍ഷിച്ചുകൊണ്ട് കിഴവന്‍ അയാളുടെ പിറകെ ഓടി. വായില്‍ നുരയും പതയും. ഇത്രയും വളരെ കുസ്തിത പദങ്ങള്‍ അയാളുടെ വായില്‍ നിന്ന് എങ്ങനെ വന്നു. ഓടിയോടി അയാള്‍ തകര്‍ന്നു വീണു. ആളുകള്‍ ചുറ്റും ഓടികൂടി. ‘എടാ മണ്ടാ പൊയ്ക്കോ’ എന്നാണ് അയാള്‍ ഒടുവിലായി പറഞ്ഞത്. ഇപ്പോള്‍ പാവം ഒരു കറുത്ത കൂന മാത്രം. കുറച്ചു സമയം കഴിഞ്ഞു. ഒരു ആംബുലന്‍സ് വണ്ടി അവിടെയെത്തി. അതില്‍ നിന്ന് സെട്രച്ചര്‍ എടുത്ത് വണ്ടിയില്‍ വന്ന രണ്ടു ചെറുപ്പക്കാര്‍ വൃദ്ധനെ അതിലെടുത്ത് കിടത്തിയിട്ട് അവര്‍ വണ്ടിക്കകത്തേക്ക് അയാളെ ഉന്തിയിട്ടു: അടുപ്പിനകത്തേക്ക് റൊട്ടിക്കഷണം ഇടുന്നതുപോലെ. എന്നിട്ട് അവര്‍ വണ്ടിയോടിച്ചു പോയി.

നോബല്‍ സമ്മാനം നേടിയ ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ്മാന്‍ എഴുതിയ The Way to The Church എന്ന ചേതോഹരമായ ചെറുകഥയുടെ ചുരുക്കമാണിത്.ഇത് ചേതോഹരമായി തോന്നുന്നില്ലെങ്കില്‍ അതിനുഹേതു സംക്ഷേപിക്കല്‍ എന്ന എന്റെ കലാവാസനതന്നെയാണ്. ചെറുകഥയെന്നതു കഥാകാരന്‍ എന്തെല്ലാം പറയുന്നുവോ അതിന്റെയെല്ലാം സാകാല്യാവസ്ഥയാണ്. അതില്‍ നിന്ന് ഒരു വാക്കുമാറിയാല്‍ ചെറുകഥയുടെ ഘടനതകരും; മനോഹരമായ സൗധത്തില്‍ നിന്ന് ഒരു കല്ലുവലിച്ചിളക്കിയാല്‍ ആ സൗധം തകരുന്നതുപോലെ. അതിരിക്കട്ടെ ശാസ്ത്രകാരന്മാര്‍ പ്രപഞ്ചം വികസിക്കുന്നുവെന്നു പറയുന്നു. അതുപോലെ കഥാപാരായണത്തില്‍ നമ്മുടെ മനസ്സ് അനുനിമിഷം വികാസം കൊള്ളാന്‍ എന്തേ കാരണം? റ്റോമാസ്മാന്‍ എന്ന പ്രതിഭാശാലിയുടെ മനസ്സാകുന്ന വിശാലാന്തരീക്ഷത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഈ മിന്നല്പിണര്‍ നമ്മുടെ മനസ്സിനെ പ്രകാശപൂര്‍ണ്ണമാക്കുന്നതെങ്ങനെ? ഒന്നേയുള്ളു ഉത്തരം. സമുന്നതനായ ആ കലാകാരന്റെ ഹ്യൂമനിസം തന്നെയാണ് മയൂഖമാലകള്‍ പ്രസരിപ്പിക്കുന്നത്. ജീവിതത്തിന്റെ പ്രതീകമായ ആ ചെറുപ്പക്കാരന്‍ — ജീവിതം തന്നെയായ ആ യുവാവ് — ടയര്‍ കൊണ്ട് ചരലുകള്‍ ഞെരിച്ചു ശബ്ദം കേള്‍പ്പിച്ചെത്തുമ്പോള്‍ അന്ധങ്ങളായ ജന്‍മവാസനകള്‍ക്ക് വഴങ്ങി ജീവിതം കെടുത്തിക്കളഞ്ഞ ഒരു കിഴവന്‍ — നിശ്ചേതനത്വം — അയാള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. പക്ഷേ പരിണാമോത്സുകമായ ജീവിതമുണ്ടോ അതിനു വഴങ്ങുന്നു. നിശ്ചേതനത്വത്തെ തട്ടിത്തകര്‍ത്തുകൊണ്ട് അത് മുന്നോട്ടു പോകുന്നു. ശിക്ഷിക്കുമെന്നോ അതിപീഡനം നടത്തുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ടോ പ്രയോജനമില്ല. ലക്ഷ്യത്തിലെത്തിയിട്ടേ അത് നില്ക്കുകയുള്ളൂ. ജീവിതത്തിന്റെ ഈ ആകര്‍ഷകത്വവും ചൈതന്യവും കഥാകാരന്‍ മറ്റൊരു വിധത്തിലും ധ്വനിപ്പിക്കുന്നുണ്ട്. നടപ്പാതയ്ക്കുസമാന്തരമായ രാജവീഥിയിലൂടെ ഒരു വണ്ടിപോകുന്നു. വണ്ടിക്കാരന്‍ കാലു തൂക്കിയിട്ട് മൂളിപ്പാട്ടു പാടുകയാണ്. വണ്ടിയുടെ പിറകുവശത്തിരുന്ന് ഒരു മഞ്ഞപ്പട്ടി മോന്ത നീട്ടിയിരുന്ന് അതു പിന്നിട്ട വഴിയിലെ വായു ഉള്ളിലേക്കു വലിച്ചെടുക്കുന്നു: നിര്‍ഗമിപ്പിക്കുന്നു. മറ്റൊരു വണ്ടിയിലെ വണ്ടിക്കാരന്‍ ഉറക്കം തൂങ്ങിക്കൊണ്ടാണ് ഇരിപ്പ്. അതില്‍ പട്ടിയില്ല. അതുകൊണ്ട് കാഴ്ചക്കാര്‍ക്ക് വിശേഷിച്ചൊരു താത്പര്യവും അതിനെ സംബന്ധിച്ചില്ല. ഇവിടെ ജീവിതത്തേയും നിശ്ചേതനത്വത്തേയുമാണ് കഥാകാരന്‍ അഭിവ്യജ്ഞിപ്പിക്കുക. ആ ചെറുപ്പക്കാരന്റെ ഭാവിജീവിതം ഇരുണ്ടതോ പ്രകാശപൂര്‍ണ്ണമോ? അത് ആപത്തുനിറഞ്ഞതോ ഒരാപത്തുമില്ലാത്തതോ? അതിലൊന്നും കഥാകാരനു താത്പര്യമില്ല. ഭാവനയെ ദൂരദര്‍ശിയെന്നപോലെ ഭാവിയിലേക്കു നീട്ടിക്കൊണ്ടു വസ്തുതകള്‍ കാണാനോ കാണിച്ചു തരാനോ റ്റോമാസ്മാനിനു കൗതുകമില്ല. തിളച്ചുമറിയുന്ന ജീവിതമാണ് അദ്ദേഹത്തിനു താത്പര്യജനകം. കഥാകാരനോടൊരുമിച്ച് ഹുറ, ഹുറ എന്നു നമ്മളും പറയുന്നു.

വൃദ്ധനെ കഥാകാരന്‍ നിന്ദിക്കുന്നില്ല. കുടിച്ചു കുടിച്ചു എല്ലാം നശിപ്പിച്ച അയാള്‍ വിഭാര്യനാണെങ്കിലും ബന്ധുരഹിതനാനെങ്കിലും സ്നേഹ സമ്പന്നനാണ്. അതുകൊണ്ടാണല്ലോ അയാള്‍ തനിക്കു പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങള്‍ കാണാന്‍ പോകുന്നത്. എന്നാല്‍ ഒരു വ്യത്യാസം. വൃദ്ധന്‍ ജീവിക്കുന്നത് ഭൂതകാലത്തില്‍; യുവാവ് വര്‍ത്തമാനകാലത്തിലും. പഴയ തലമുറ കഴിഞ്ഞ കാലത്തിന്റെ സ്മരണകളെ താലോലിക്കുമ്പോള്‍ പുതിയ തലമുറ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ സമാശ്ലേഷിക്കുന്നു. അതിനെ നേരിടുന്ന പ്രതിബന്ധസാഹസങ്ങളെ തട്ടിത്തകര്‍ക്കുന്നു. രണ്ടു തലമുറകളേയും നമ്മള്‍ അംഗീകരിക്കുന്നു. യുവാവിന്റെ സ്വച്ഛന്ദചാരിത്വം കണ്ടു നമുക്കു വല്ലായ്മ ഇല്ല. വൃദ്ധന്റെ കോപത്തിലും അങ്ങനെ തന്നെ. അയാള്‍ വീഴുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ അങ്കുരിക്കുക്കതേയുള്ളു നമുക്ക്. ഇങ്ങനെ എല്ലാവിധത്തിലും റ്റോമാസ്മാന്‍ ജീവിതത്തെ ദൃഡീകരിക്കുന്നു. ദൃഡീകരണം വായനക്കാര്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം കാണിച്ചുകൊടുക്കുന്നു. മഴ നനഞ്ഞ് കാറ്റടിയേറ്റ് കൂനികൂടി വിറച്ചുനില്ക്കുന്ന പനിനീര്‍ച്ചെടിയില്‍ മിന്നല്പിണര്‍ വന്നു വീഴുമ്പോള്‍ അതു താത്കാലികമായി ശോഭിക്കുന്നതുപോലെ നമ്മുടെ ജീവിതവും ശോഭിക്കുന്നു. സാഹിത്യസൃഷ്ടികള്‍ ഇങ്ങനെ ജീവിതത്തെ ‘അഫേം’ (affirm) ചെയ്യണം. ദൃഡീകരിക്കണം എന്നാണ് എന്റെ പക്ഷം.

ജീവിതത്തിനു ദൃഡീകരണം നല്കാത്തതൊന്നും സാഹിത്യസൃഷ്ടിയല്ല എന്നു ഇതെഴുതുന്ന ആളിന് വിചാരമില്ല. അവ സാഹിത്യസൃഷ്ടികളായിരിക്കും. പലപ്പോഴും മനോഹരങ്ങളുമായിരിക്കും. ഒരു ഉദാഹരണം. ഒ.വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസ” മെന്ന നോവല്‍ സി. വി. രാമന്‍പിള്ളയുടെ ‘ധര്‍മ്മരാജാ’ യും ‘രാമരാജബഹദൂറും’ മലയാള നോവല്‍ സാഹിത്യത്തില്‍ ഒരു നൂതനയുഗം ഉദ്ഘാടനം ചെയ്തതുപൊലെ, വിജയന്റെ നോവലും ഒരു നൂതനയുഗത്തിന്റെ ആവിര്‍ഭാവത്തിന് ഹേതുവായി ഭവിച്ചു. എന്തുകൊണ്ടാണ് അത് മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം “യുഗനിര്‍മ്മാണ നോവലാ”യത്? ദര്‍ശനത്തേയും (തത്ത്വചിന്ത എന്നര്‍ത്ഥത്തില്‍) സാഹിത്യത്തേയും കൂട്ടിയിണക്കിയ ആദ്യത്തെ മലയാള നോവലാണത്. അനുഭവങ്ങളില്‍നിന്നാണ് ചിന്തയുണ്ടാകുന്നത്. ആ അനുഭവങ്ങളെ വാങ്മയചിത്രങ്ങളായി ആവിഷ്കരിക്കുമ്പോള്‍ ചിന്തകളിലേക്കു നമ്മള്‍ ആനയിക്കപ്പെടും. ഈ ദാര്‍ശനികചിന്തകള്‍ കേവലസ്വഭാവമാവാഹിച്ച മട്ടിലല്ല, മൂര്‍ത്തസ്വഭാവത്തോടെ പ്രത്യക്ഷങ്ങളാകുന്നു വിജയന്റെ നോവലില്‍. മലയാള സാഹിത്യത്തിലെ ഒരു നവീനസംഭവമായിരുന്നു ഇത്. അതിനാല്‍ അദ്ദേഹത്തിന്റെ നോവല്‍ പ്രഖ്യാതമായി. ഈ തത്ത്വചിന്തയുടെ സ്വഭാവം വിശദീകരണമര്‍ഹിക്കാത്തവിധം പ്രശസ്തമാണ്. താന്‍ എക്സിസ്റ്റെന്‍ഷ്യലിസ്റ്റല്ല എന്നു വിജയന്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എക്സിറ്റെന്‍ഷ്യലിസത്തിന്റെ തത്ത്വചിന്ത തന്നെയാണ് അദ്ദേഹത്തിന്റെ നോവലിലുള്ളത്. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ, അന്യവത്കരണം, മരണം ജനിപ്പിക്കുന്ന മഹാശൂന്യത ഇവയെല്ലാം ആകര്‍ഷകമായി പ്രതിപാദിക്കപ്പെടുന്നു. കഥാനായകനായ രവി ഏകാധ്യാപക വിദ്യാലയം നടത്തുന്നു. ആവോളം ചാരായം കുടിക്കുന്നു. അടുത്തെത്തിയവരും അല്ലാത്തവരുമായ സ്ത്രീകളുടെ ചാരിത്രം അപഹരിക്കുന്നു. ജീവിതം വ്യര്‍ത്ഥമാണെന്നു പരോക്ഷമായി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ സ്വാഭാവിക മരണത്തില്‍ പൊതിഞ്ഞ ആത്മഹത്യ നടത്തുന്നു. ജീവിതം ഇങ്ങനെയെല്ലാമാണെന്നും നോവലിസ്റ്റ് കരുതുന്നുണ്ടാവാം. ഇവിടെയൂള്ള വൈരുദ്ധ്യത്തിന് എങ്ങനെ സമാധാനം പറയുമെന്ന് അറിയാന്‍ പാടില്ല. ജീവിതം നിഷ്പ്രയോജനവും മുല്യരഹിതവും മരണത്തെ സമാശ്ലേഷിക്കുന്നതുകൊണ്ട് അര്‍ത്ഥരഹിതവുമാണെങ്കില്‍ രവി എന്തിനു വ്യഭിചാരം നല്കുന്ന ആഹ്ലാദത്തില്‍ തത്പരനായി? ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കൂട്ടാന്‍ ശ്രമിച്ചു? രവിയുടെ ജീവിത തത്ത്വചിന്തതന്നെയാണ് വിജയനുമുള്ളതെങ്കില്‍ അദേഹം നോവലെഴുതിയത് എന്തിന്? കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത ചതുരമുള്ള കവര്‍ പേജ് ആദ്യത്തെ പതിപ്പിന് ഉണ്ടായിരുന്നു. നാഷണല്‍ ബുക്ക്സ്റ്റാള്‍ പ്രസിദ്ധപ്പെടുത്തിയ രണ്ടാമത്തെപതിപ്പിന്റെ വിഭിന്നമായ കവര്‍പേജ് കണ്ട് ഹിതമല്ലാത്ത മട്ടില്‍ അദ്ദേഹം എന്തിന് എന്നോടു സംസാരിച്ചു? ഏതെങ്കിലും ഒരു തരത്തിലുള്ള താത്പര്യം കൂടാതെ ഈ ലോകത്തു ജീവിക്കാനൊക്കുകയില്ലെന്ന് അസ്തിത്വവാദികള്‍ അറിയണം. അവരുടെ ആചാര്യനായ കമ്യൂവിന്റെ Outsider എന്ന നോവലിലെ പ്രധാന കഥാപാത്രം അയാളോടുസംസാരിക്കാന്‍ വന്ന പാതിരിയുടെ കോളറില്‍ കേറിപ്പിടിക്കുന്നു. ‘അന്യനും’ ദേഷ്യമുണ്ടന്നല്ലേ ഇത് തെളിയിക്കുന്നത്! Nothing matters എന്നാണ് അയാളുടെ ചിന്ത. അങ്ങനെ ഇന്നുവരെ ആരും ജീവിച്ചിട്ടില്ല. ജീവിക്കാന്‍ പോകുന്നുമില്ല. കമ്യൂവും വിജയനും ബക്കറും യെനസ്കോയും ഷെനയും പിന്‍റ്റും ഇമ്മട്ടില്‍ വൈരുദ്ധ്യങ്ങള്‍ ജീവിതത്തിലും സാഹിത്യകൃതികളിലും പ്രകടിപ്പിച്ചുകൊണ്ട് ജീവിതത്തെ നിഷേധിക്കുന്നു. ഈ നിഷേധം കലാത്മകമായിട്ടാണ് നിര്‍വഹിക്കുന്നതെന്ന് ഒന്നുകൂടി പറയട്ടെ. എങ്കിലും അത് നമ്മുടെ ജീവിതാഭിനിവേശത്തെ കെടുത്തി ജാഡ്യത്തിലേക്ക് എറിയുന്നു. അനലസമായ കര്‍മ്മപദ്ധതിക്കു പകരം അത് ആലസ്യത്തിന്റെ നീര്‍ക്കയം നമുക്ക് കാണിച്ചുതരുന്നു. അതില്‍ വീണുനമ്മള്‍ ശ്വാസംമുട്ടുകയാണ്. റ്റോമാസ്മാനിനെപ്പോലെ ജീവിതത്തിന് ദൃഢീകരണം നല്കുന്ന സാഹിത്യകാരന്‍ നമുക്ക് ഈ ലോകത്തു കഴിഞ്ഞുകൂടുന്നതിനു പ്രോത്സാഹനം നല്കുന്നു: നിഷേധത്തിന്റെശബ്ദം ഉയര്‍ത്തുന്നവര്‍ നമ്മെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു. സാഹിത്യകാരന്‍മാര്‍ വസ്തുക്കളേയും വസ്തുതകളേയും എങ്ങനെ നോക്കുന്നു എന്നു നമ്മള്‍ അറിയേണ്ടതുണ്ട്.സി. വി. രാമന്‍പിള്ളയും ചന്തുമേനോനും വിശ്വസാഹിത്യത്തിന്റെ പശ്ചാതലത്തില്‍ സുപ്രധാനരല്ല. എങ്കിലും അവരുടെ ജീവിതവീക്ഷണം പ്രകാശപൂര്‍ണ്ണമാണ്. വിരസവും അന്ധകാരപൂര്‍ണ്ണവുമായ എന്റെ ജീവിതത്തില്‍ അവരുടെ കൃതികള്‍ പ്രകാശം വീഴ്ത്തുന്നു. ജീവിതത്തിന് ദൃഢീകരണം നല്കാതെ നിഷേധാത്മകത്തിന്റെ ശബ്ദമുയര്‍ത്തുന്ന നവീന കൃതികള്‍ തന്റെ ചുറ്റുമുള്ള തമസ്സിനെ കൂടുതല്‍ തമോമയമാക്കുന്നു.