close
Sayahna Sayahna
Search

വില്വാദ്രിയിലെ ആല്‍മരം


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വില്വാദ്രിയിലെ ആല്‍മരം

പാറകള്‍ക്കിടയിലോ
തിരിവിലോ എവിടെയോനിന്ന്
ആല്‍മരത്തിന്റെ വേര്
എന്നോട് പറയുന്നു.
ഇവിടെ പാറകളുടെ
ഇരുളും മൂകതയും മാത്രം.
ജലം തിരഞ്ഞേ ഞാന്‍ പോകുന്നു.
അവിടെ കാററും വെളിച്ചവും
ഇലത്തിളക്കങ്ങളും
എങ്ങനെ…?
പാറകള്‍ക്കുമേല്‍
വെയില്‍തടാകം.
ചെമ്പടയില്‍
ആലിലയിളക്കങ്ങള്‍.
രാമാന്തികത്തും
നീ ജലമേകുന്ന
സ്വപ്നശാഖികളുടെ
മര്‍മ്മരങ്ങളിലും
ഒരു മഹാകവി.
നാഴികദൂരെ
നിളാമണല്‍ത്തരികളെ പുല്‍കി
മറ്റൊരു മഹാകവി.
വിണ്ണിന്റെ മണ്ണിലും
അമര്‍ന്നു കിടപ്പവര്‍
അപ്പുറം നടനലോകങ്ങളുടെ
കൂടിയാട്ടച്ചാക്യാര്‍
അതിനുമപ്പുറം
ലക്ഷ്മിയും മര്‍മ്മരവും തുളളി
തുലാവര്‍ഷക്കാററുപോലെ
ഒരക്ഷരസഞ്ചാരി.
ഇപ്പോളിതാ കുളിച്ച്
പടികള്‍ കയറിവരുന്നത്
മദ്ദളത്തിന്റെ വാദനശുദ്ധി.
ഭൂതകാലക്കളിയരങ്ങില്‍
നിന്ന് മലയാളസംഗീതം
പരന്ന് നോക്കുമ്പോള്‍
വെയില്‍ദൃശ്യങ്ങളുടെ
മഹാജീവിതം.
അടരുന്ന പാറകള്‍പോലെ
പതിക്കുന്നതും
പൂവ് പോലെ ഉദിക്കുന്നതും
വേയില്‍മഴനിലാമേളനങ്ങള്‍
നിറയുന്നതും.
വേരുകള്‍ പിന്നെയും പറയുന്നു.
ഇവിടെ
ഇരുട്ട്, തണുപ്പ്, നിശ്ശബ്ദത
സൂര്യരഹിതമായ കാലം.
പിന്നെ തേങ്ങിയമര്‍ന്ന്
വര്‍ഷങ്ങളുടെ സമയവീര്യചത്തില്‍
ജ്വലിച്ച് വേരുകള്‍ പറയുന്നു.
‘ഒരു നാള്‍ പാറകളെ
കെട്ടിവരിഞ്ഞ് പിളര്‍ത്തി മറിച്ച്
‍ഞാന്‍ വെളിപ്പെടുകതന്നെ ചെയ്യും.’
പിന്നെ,
തെളിഞ്ഞൊരു ശാന്തസ്ഥായിയില്‍
വേരുകള്‍ മന്ത്രിച്ചു,
ഇല്ല.
ആ വെളിച്ചപ്പെടല്‍ പാടില്ല.
അത് ഇലത്തിളക്കങ്ങളുടെ
ഇല്ലായ്മയാണ്.
കവിവചനങ്ങളുടെ മരണമാണ്.
ആട്ടപ്പകര്‍ച്ചകളുടെ അസ്തമയം.
താളങ്ങളുടെയും ചിരിയുടെയും
നിദ്ര.
മുഴങ്ങാത്ത വാദ്യവാദനം
ഇടറി മുറിയുന്ന ആലാപനം.
ജീവിതത്തിലേക്ക്
അടര്‍ന്നു മറിയുന്ന പാറക്കെട്ടുകള്‍
ഞാനിനിയും ഈ പാറക്കെട്ടുകളില്‍
ജലം തേടി പോകുകതന്നെയാണ്.
പാറകളിലൂടെ ഊറിവരുന്ന
ജീവിതം ഞാന്‍ കുടിക്കുന്നു.
എന്റെ പകര്‍ന്നാട്ടങ്ങളല്ലോ
ഇലകളും വചനങ്ങളും
ആട്ടവും താളവുമെല്ലാം.
വേരുകളെന്നോട് ചേദിച്ചു
‘സ്നേഹിതാ നീ
പകര്‍ന്നാടുന്നതെവിടെയാണ്…?’
എന്റെ പകര്‍ന്നാട്ടങ്ങളുടെ
മായക്കാഴ്ചകളില്‍ നടുങ്ങി
‍ഞാന്‍ വേരുകളിലേക്ക്
തല ചായ്ക്കുന്നു.