close
Sayahna Sayahna
Search

Difference between revisions of "വിഷയപ്രവേശനം"


(Created page with "നവന്‍: സര്‍ പുതിയൊരു ലോകത്തെപ്പറ്റി ഭാവന ചെയ്യാറുണ്ടല്ലൊ. ഞാന്‍...")
(No difference)

Revision as of 11:04, 22 May 2014

നവന്‍: സര്‍ പുതിയൊരു ലോകത്തെപ്പറ്റി ഭാവന ചെയ്യാറുണ്ടല്ലൊ.

ഞാന്‍: ഉണ്ട്.

നവന്‍: അത് യാഥാര്‍ത്ഥ്യബോധത്തോടുകൂടിയാണോ അതോ സ്വപ്നമെന്ന നിലയ്ക്കാണോ?

ഞാന്‍: യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു വസ്തുത എന്ന നിലയ്ക്കാണ് ഞാന്‍ ഭാവന ചെയ്യാറുള്ളത്. ജീര്‍ണിച്ചുപോയ വീടിന്റെ സ്ഥാനത്ത് പുതിയ ഒരു വീട് വയ്ക്കുന്നതിനു മുമ്പ് ആ വീട് ഭാവന ചെയ്യണമല്ലൊ. അതുപോലെ.

നവന്‍: സാറിന്റെ ഭാവനയിലുള്ള ആ ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിശദമായി അറിയണമെന്നുണ്ട്. ഞങ്ങളെ ഒരു പഠനഗ്രൂപ്പായി കണക്കാക്കി മനസ്സിലുള്ള ചിത്രത്തിന്റെ പൂര്‍ണരൂപം കാണിച്ചുതരണം.

ഞാന്‍: നമുക്കു പരസ്പരം ആശയവിനിമയമാകാം. നിങ്ങള്‍ക്കു നവലോകത്തെപ്പറ്റി സങ്കല്പമുണ്ടോ?

നവന്‍: ഉണ്ട്. ഞങ്ങള്‍ അതേപ്പറ്റി കൂട്ടായി ചിന്തിക്കുകയും അടിയന്തിരാവശ്യം എന്ന ബോധത്തോടെ പല വേദികളിലും സംസാരിക്കുകയും ചെയ്യാറുണ്ട്. രാജു നല്ലൊരു ചിത്രകാരനാണ്. രാജുവിന്റെ ചിത്രങ്ങളുടെ കാന്‍വാസ് പുതിയ ലോകമാണ്.

കേശു: ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഷയമാണിത്. എന്റെ സഞ്ചാരം ഈ ലക്ഷ്യത്തിനുവേണ്ടിയാണ്.

നവന്‍: കേശു സഞ്ചാരിയാണു സാര്‍. വളരെ അപൂര്‍വമായി മാത്രമേ ഞങ്ങള്‍ കൂടിക്കാണാറുള്ളൂ. കത്തുമുഖേന നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കും. സോഷ്യലിസ്റ്റുരാഷ്ട്രങ്ങളില്‍ വീണ്ടും ഒരു പര്യടനം കഴിഞ്ഞ് ഏപ്രില്‍ ആദ്യമാണ് കേശു മടങ്ങിയെത്തിയത്.

കേശു: ഓരോ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും ഞാന്‍ വിമനെ നേരില്‍കാണാറുണ്ട്. ഇത്തവണ കണ്ടപ്പോള്‍ അമ്പലപ്പുഴയിലെ ക്യാമ്പിനെപ്പറ്റി വിമന്‍ പറയുകയുണ്ടായി. “നവസമൂഹരചന” എന്ന വിഷയത്തെക്കുറിച്ചായിരുന്നു പത്തുദിവസവും ചര്‍ച്ച നടന്നത് എന്നറിഞ്ഞപ്പോള്‍ എന്നില്‍ അടക്കാനാവാത്ത കൗതുകം ഉണര്‍ന്നു. ഞങ്ങള്‍ അതേപ്പറ്റിതന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചിരുന്നതും. അതുകൊണ്ട് തന്നെയാണ് ഞാനും ഒന്നിച്ചുപോന്നത്.

ഞാന്‍: വിമനെ കണ്ടിട്ട് കുറേനാളായി. എന്തെ നിങ്ങളുടെ കൂടെ വരാതിരുന്നത്.

നവന്‍: വിമന്റെ സ്വഭാവം ഒന്നു പ്രത്യേകമാണ്. ഞങ്ങള്‍ കഞ്ഞിപ്പാടത്തു പോയിട്ടില്ലെന്നും ഒന്നിച്ചുവരണമെന്നും നിര്‍ബന്ധിച്ചു. “എനിക്കിപ്പോള്‍ തിരക്കില്ലാത്തതുകൊണ്ട് ഞാന്‍ വരുന്നില്ല” എന്നാണ് മറുപടി പറഞ്ഞത്.

ഞാന്‍ ചിരിച്ചു!

രാജു: സാര്‍ എന്താണു ചിരിക്കുന്നത്?

ഞാന്‍: തിരക്കില്ലാത്തതുകൊണ്ട് വരുന്നില്ലെന്നല്ലേ വിമന്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം ഓര്‍ത്താണ് ചിരിച്ചത്.

കേശു: വിമന്‍ വെറുതെയൊന്നും പറയാറില്ല.

ഞാന്‍: അതേ. അതുതന്നെ ഞാനും പറഞ്ഞത്. വിമന്റെ നിലപാട് വ്യക്തമാണ്. ഇവിടെവന്ന് പുതിയ ലോകത്തെപ്പറ്റി ഇപ്പോള്‍ ഒന്നും തിരക്കേണ്ട ആവശ്യം വിമനില്ല. വേറെ പണി ഉണ്ടെന്നര്‍ത്ഥം.

രാജു: അന്വേഷണത്വര വിമനു നഷ്ടപ്പെട്ടുവെന്നാണോ സാര്‍ സൂചിപ്പിക്കുന്നത്?

ഞാന്‍: ഒരിക്കലുമല്ല. വിമനിപ്പോള്‍ രൂപഭാവങ്ങളെപ്പറ്റിയല്ല, സാക്ഷാത്കാരത്തെപ്പറ്റിയാവണം അന്വേഷിക്കുന്നത്.